തീക്ഷ്ണമതികളായ രണ്ട് വിശുദ്ധരുടെ ഓർമ്മ: വി. പത്രോസും പൗലോസും നമ്മെ പഠിപ്പിക്കുന്നത്

    എ.ഡി. 258 കാലഘട്ടത്തിൽ തന്നെ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ഒന്നിച്ച് ആഘോഷിക്കുന്ന ഒരു പാരമ്പര്യം സഭയിൽ ഉണ്ടായിരുന്നു. റോമിലെ വി. പത്രോസിന്റെ ബസിലിക്കയുടെ മുമ്പിലായി വി. പത്രോസിന്റെയും പൗലോസിന്റെയും വലിയ രണ്ടു ശിൽപങ്ങൾ കാണാം. ഇതിൽ പത്രോസിന്റെ കൈയ്യിൽ താക്കോലും പൗലോസിന്റെ കയ്യിൽ ഒരു വാളും ഉണ്ട്.

    “സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നിനക്ക് ഞാൻ തരും” (മത്തായി 16:19) എന്ന് യേശു പത്രോസിനോടു പറയുന്നു. ഇത് ശിഷ്യസമൂഹത്തിന് നേതൃത്വം നൽകിക്കൊണ്ട് സഭയെ നയിക്കുന്നതിനുള്ള നിയോഗമാണ്. “ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ എടുക്കുക” (എഫേ. 6:17) എന്ന പൗലോസ് ശ്ലീഹായുടെ ഉപദേശം അക്ഷരംപ്രതി സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയതിന്റെ പ്രതീകമാണ് വാളും കൈയ്യിലേന്തി നിൽക്കുന്ന ശ്ലീഹായുടെ ചിത്രം.

    വി. പത്രോസിന്റെ ജീവിതം

    ശിമയോൻ എന്നു പേരുള്ള പത്രോസ് ഗലീലിയിലെ ഒരു മത്സ്യത്തൊഴിലാളിയായിരുന്നു. കർത്താവായ യേശുവിനെ അദ്ദേഹത്തിന്റെ സഹോദരൻ അന്ത്രയോസാണ് പരിചയപ്പെടുത്തിയത്. യേശു അദ്ദേഹത്തിന് ‘പാറ’ എന്ന് അർഥമുള്ള പത്രോസ് എന്ന പേര് നൽകി. കർത്താവിന്റെ ധീരനായ ഒരു ശിഷ്യനായിരുന്നു പത്രോസ്. യേശു ‘ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ’ ആണെന്ന് ആദ്യമായി തിരിച്ചറിഞ്ഞവനും മരണം വരെ ദൈവത്തോടുള്ള വിശ്വസ്തത കാത്തുസൂക്ഷിച്ചവനുമായിരുന്നു പത്രോസ്. കുരിശുമരണത്തിന്റെ സമയത്ത് മൂന്നു വട്ടം ക്രിസ്തുവിനെ പത്രോസ് തള്ളിപ്പറഞ്ഞു. എങ്കിലും മനസ്തപിച്ച് കൂടുതൽ തീക്ഷ്ണതയോടെ അദ്ദേഹം തിരിച്ചുവന്നു.

    മാനുഷികമായ നിരവധി ബലഹീനതകൾ ഉണ്ടായിരുന്നെങ്കിലും ദൈവത്തിന്റെ സഭയെ നയിക്കാൻ ക്രിസ്തു തിരഞ്ഞെടുത്തത് പത്രോസിനെ ആയിരുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനും സ്വർഗ്ഗാരോഹണത്തിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. അതിനുശേഷം സഭയുടെ തലവൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ആദിമസഭയുടെ വളർച്ചയ്ക്ക് നെടുംതൂണായിരുന്നു. സഭയിലെ ആദ്യത്തെ മാർപാപ്പയായി ദൈവം തിരഞ്ഞെടുത്തത് കുറവുകളും ബലഹീനതകളും ഏറെയുള്ളവനും എന്നാൽ, അത് തിരുത്താൻ തയ്യാറായവനുമായ പത്രോസിനെ ആയിരുന്നു.

    പത്രോസ് ശ്ലീഹ തന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ റോമിലായിരുന്നു ചിലവഴിച്ചത്. ക്രിസ്ത്യാനികൾക്കെതിരായ പീഡനത്തിന്റെ കാലഘട്ടത്തിൽ സഭയെ ധീരമായി നയിക്കുകയും ഒടുവിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. അദ്ദേഹത്തെ തലകീഴായി കുരിശിൽ തറച്ചാണ് കൊലപ്പെടുത്തിയത്. കാരണം, തന്റെ നാഥൻ മരിച്ചതുപോലെ മരിക്കുവാൻ താൻ യോഗ്യനല്ലെന്ന അദ്ദേഹത്തിന്റെ അഭ്യർഥനപ്രകാരമാണ് ഇപ്രകാരം കൊല്ലപ്പെട്ടത്. അദ്ദേഹത്തെ വത്തിക്കാൻ കുന്നിൽ അടക്കം ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അദ്ദേഹത്തിന്റെ ശവകുടീരത്തിനു മുകളിലാണ് നിർമ്മിച്ചിരിക്കുന്നത്.

    വിജാതീയരുടെ അപ്പസ്തോലനായ വി. പൗലോസ്

    ‘വിജാതീയരുടെ അപ്പസ്തോലൻ’ എന്നറിയപ്പെട്ടിരുന്ന വ്യക്തിയാണ് വി. പൗലോസ് ശ്ലീഹ. ഈശോയുടെ ശിഷ്യഗണത്തിലെ അംഗമല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രേഷിതതീക്ഷ്ണതയും വിശ്വാസത്തിനു വേണ്ടിയുള്ള ധീരോചിതമായ പ്രവർത്തികളും അപ്പസ്തോലൻ എന്ന പേരിന് അദ്ദേഹത്തെ യോഗ്യനാക്കിത്തീർത്തു. അദ്ദേഹത്തിന്റെ കത്തുകൾ പുതിയനിയമ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവയിൽ നിന്നും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും വിശ്വാസതീക്ഷ്ണതയെക്കുറിച്ചും ആദ്യകാല സഭയുടെ വിശ്വാസത്തെക്കുറിച്ചും നാം കൂടുതൽ മനസിലാക്കുന്നു.

    പൗലോസ് എന്ന പേര് സ്വീകരിക്കുന്നതിനു മുമ്പ്, ജറുസലേമിലെ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന ഒരു യഹൂദ ഫരിസേയനായിരുന്നു സാവൂൾ എന്ന പൗലോസ്. വി. എസ്തപ്പാനോസിന്റെ രക്തസാക്ഷിത്വത്തിന്റെ സമയത്ത് സാവൂളും സന്നിഹിതനായിരുന്നെന്ന് തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. ക്രിസ്തീയസമൂഹത്തെ ഉപദ്രവിക്കാനായി ദമസ്‌കസിലേക്കുള്ള യാത്രാമദ്ധ്യേയാണ് സാവൂളിന്റെ മാനസാന്തരം നടന്നത്. കുതിരപ്പുറത്ത് സഞ്ചരിക്കുമ്പോൾ പെട്ടെന്ന് ആകാശത്ത് നിന്ന് ഒരു വലിയ വെളിച്ചം അവന്റെമേൽ പതിച്ചു. അന്ധനായി അദ്ദേഹം കുതിരപ്പുറത്തു നിന്നു താഴെ വീണു. “സാവൂൾ, സാവൂൾ, നീ എന്നെ ഉപദ്രവിക്കുന്നത് എന്തുകൊണ്ട്?” എന്നൊരു ശബ്ദം അവൻ കേട്ടു. “കർത്താവേ, നീ ആരാണ്?” സാവൂൾ ചോദിച്ചു. “നീ പീഡിപ്പിക്കുന്ന നസ്രായനായ ക്രിസ്തുവാണ് ഞാൻ.”

    അതിനു ശേഷം സാവൂൾ ദമാസ്ക്കസിലേക്ക് തിരികെ പോയി അവിടെ വച്ച് സ്നാനമേറ്റു. പൗലോസ് എന്ന പേര് സ്വീകരിച്ച അദ്ദേഹം പിന്നീടുള്ള തന്റെ ജീവിതകാലം മുഴുവൻ വിജാതീയരുടെ ഇടയിൽ സുവിശേഷം പ്രസംഗിച്ചു. തന്റെ സുവിശേഷവേലയ്ക്കിടെ നിരന്തരമായി വലിയ പീഡനങ്ങളിലൂടെ അദ്ദേഹം കടന്നുപോയി. പൗലോസിനെ ജയിലിലടച്ച് റോമിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ശിരഛേദം ചെയ്യപ്പെട്ടു.

    എ.ഡി. 395-ൽ ഹിപ്പോയിലെ വി. അഗസ്റ്റിൻ ഒരു പ്രസംഗത്തിൽ വി. പത്രോസിനെക്കുറിച്ചും വി. പൗലോസിനെക്കുറിച്ചും പറഞ്ഞത് ഇപ്രകാരമാണ്: “ഈ രണ്ട് അപ്പസ്തോലന്മാരുടെയും തിരുനാൾ നാം ഒരു ദിവസമാണ് ആഘോഷിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള അനുഭവങ്ങളും പീഡനങ്ങളുമാണ് അവർക്ക് ഏൽക്കേണ്ടിവന്നതെങ്കിലും അവർ ഒന്നായിരുന്നു. രണ്ടു പേരും രക്തസാക്ഷികളായി. രക്തസാക്ഷികളായ ഈ അപ്പസ്തോലന്മാരുടെ രക്തത്താൽ വിശുദ്ധമായ ഈ ദിനം നമുക്കും വിശുദ്ധമായി ആചരിക്കാം. അവർ വിശ്വസിച്ച കാര്യങ്ങൾ, അവരുടെ ജീവിതം, അദ്ധ്വാനം, കഷ്ടപ്പാടുകൾ, പ്രസംഗം, വിശ്വാസത്തിന്റെ ഏറ്റുപറച്ചിൽ എന്നിവ നമുക്ക് ജീവിതത്തിൽ സ്വീകരിക്കാം.”

    ഈ രണ്ട് അപ്പസ്തോലന്മാരും വിശ്വാസത്തിന്റെ വലിയ മാതൃകയാണ് നമുക്ക് നൽകുന്നത്. വിശ്വാസം ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ തീക്ഷ്ണമതികളായ ഈ വിശുദ്ധർ നമുക്ക് മാതൃകയും പ്രചോദനവുമാണ്. ഈ വിശുദ്ധരുടെ മാധ്യസ്ഥം നമുക്ക് യാചിക്കാം.

    വി. പത്രോസ് – പൗലോസ് ശ്ലീഹന്മാരോടുള്ള പ്രാർഥന

    അനന്തപരിപാലകനായ ദൈവമേ, പത്രോസ് – പൗലോസ് ശ്ലീഹന്മാരെ ഞങ്ങൾക്ക് മാതൃകയും മധ്യസ്ഥരുമായി നൽകിയ അനന്തകാരുണ്യത്തിന് ഞങ്ങൾ നന്ദി പറയുന്നു. വിശ്വാസജീവിതത്തിന്റെ കത്തിജ്വലിക്കുന്ന മാതൃകകളായ ഈ വിശുദ്ധരെ അനുകരിക്കുവാൻ ഞങ്ങൾക്ക് ശക്തി തരണമേ. ഇവരുടെ മാധ്യസ്ഥം വഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർഥനകൾ സ്വീകരിക്കേണമേ. ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പ്രതീക്ഷകളും അങ്ങു സഫലമാക്കണമേ. ഈശോയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ച ഈ വിശുദ്ധരെപ്പോലെ ജീവിതം അർപ്പിക്കുവാൻ കരുത്തേകണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ  എന്നേയ്ക്കും, ആമ്മേൻ.

    സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.