നിരീശ്വരവാദിയെ കർത്താവ് വശീകരിച്ചപ്പോൾ: മെക്സിക്കൻ പുരോഹിതന്റെ ജീവിതസാക്ഷ്യം

മെക്സിക്കൻ വംശജനായ ഒരു വൈദികനാണ് ജുവാൻ മാനുവൽ ഗുട്ടിറസ്. ഇപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലോസ് ആഞ്ചലസ് അതിരൂപതയിൽ സേവനം ചെയ്യുന്നു. മുൻപ് നിരീശ്വരവാദിയായി സ്വയം പ്രഖ്യാപിച്ച അദ്ദേഹം ഇന്ന് ഒരു പുരോഹിതനാണ്. അദ്ദേഹത്തിന്റെ ജീവിതത്തിന് വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാറ്റിയുമായി ബന്ധമുണ്ട്. തുടർന്ന് വായിക്കുക.

“ഞാൻ എന്നെത്തന്നെ നിരീശ്വരവാദിയായി പ്രഖ്യാപിച്ചു”

“എന്റെ കുടുംബം കത്തോലിക്കാ വിശ്വാസത്തിലൂന്നിയതായിരുന്നു. മാമോദീസാ, കുമ്പസാരം, ആദ്യ കുർബാന സ്വീകരണം തുടങ്ങിയ കൂദാശകളെല്ലാം ഞാൻ സ്വീകരിച്ചിരുന്നെങ്കിലും പതിനാലാം വയസ്സ് മുതൽ വിശ്വാസത്തിൽനിന്നും ഞാൻ അകലാൻ തുടങ്ങി. ദൈവമില്ലെന്നും ചില തത്വചിന്തകർ പറയുന്നതുപോലെ, മനുഷ്യരെ നിയന്ത്രിക്കാൻ ആളുകൾ ഉപയോഗിക്കുന്ന ഒരു മരുന്ന് പോലെയുള്ള ഒരു മനുഷ്യകണ്ടുപിടുത്തമാണെന്നും ഞാൻ വിശ്വസിക്കാൻ ആരംഭിച്ചു. ഞാൻ പള്ളിയിൽനിന്ന് പിരിഞ്ഞു. വർഷങ്ങളോളം വിശുദ്ധ കുർബാനയ്ക്ക് പോയില്ല. ദൈവത്തിൽ വിശ്വസിക്കാത്ത ഒരു നിരീശ്വരവാദിയാണെന്ന് ഞാൻ സ്വയം പ്രഖ്യാപിച്ചു” – അദ്ദേഹം പറഞ്ഞുതുടങ്ങി.

ഫാ. ജുവാന് രണ്ട് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തിയിരുന്നു. മെക്സിക്കോ സിറ്റിയുടെ വടക്കുകിഴക്കുള്ള ടെക്‌സ്‌കോക്കോയിലാണ് അമ്മ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ പിതാവ് നെബ്രാസ്കയിലെ (യുണൈറ്റഡ് സ്റ്റേറ്റ്സ്) ഒമാഹയിലേക്ക് താമസം മാറ്റി. പത്തൊമ്പതാമത്തെ വയസ്സിൽ ജുവാൻ തന്റെ പിതാവിനൊപ്പം ജീവിക്കാൻ തീരുമാനിച്ചു. അങ്ങനെ, ദൈവത്തിന്റെ കരുതലിലൂടെ ആരോ എന്നെയും ഒരു ധ്യാനത്തിന് ക്ഷണിച്ചു. എനിക്ക് പോകാൻ ആഗ്രഹമില്ലായിരുന്നു. പക്ഷേ, ഞാൻ പോയി. അവിടെയാണ് എന്റെ തിരിച്ചുവരവിന്റെ ആരംഭം. അവിടം മുതൽ ഞാൻ എന്റെ വിശ്വാസജീവിതത്തിലേക്ക് മടങ്ങാൻ ആരംഭിച്ചു.

ആ ഒരു സംഭവത്തിലൂടെ വിശ്വാസത്തിൽ ആഴപ്പെടാൻ ജുവാൻ ആഗ്രഹിച്ചു. ക്രിസ്തുവിനെക്കുറിച്ചും സഭയുടെ ചരിത്രത്തെക്കുറിച്ചുമെല്ലാം അവൻ പഠിക്കാൻ ആരംഭിച്ചു. “വിശ്വാസപരമല്ലാത്ത ധാരാളം ചരിത്രപരമായ തെളിവുകൾ നമുക്ക് ലഭ്യമായിട്ടുണ്ട്. അത് ക്രിസ്‌തുവിൽ വിശ്വസിക്കാൻ കൂടുതൽ കാരണം നമുക്ക് നൽകുന്നു. കത്തോലിക്കനായി തുടരാൻ എന്നെ ബോധ്യപ്പെടുത്തിയത് വിശുദ്ധ കുർബാനയിൽ യേശു ഉണ്ടെന്നുള്ള യാഥാർഥ്യമാണ്. അത് ദിവ്യകാരുണ്യ അദ്ഭുതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെപോലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആ തെളിവുകളെല്ലാം ഞാൻ കണ്ടെത്താൻ തുടങ്ങിയപ്പോൾ, വിശ്വാസത്തിനും മതത്തിനുമെതിരായ എന്റെ എതിർപ്പുകളെല്ലാം ഒന്നിനുപുറകെ ഒന്നായി വീണുടഞ്ഞു” – ഫാ. ജുവാൻ പറഞ്ഞു.

വൈദിക ദൈവവിളിയിലേക്ക്

2013 ൽ ലോസ് ആഞ്ചലസ് അതിരൂപതയുടെ ജുവാൻ ഡീഗോ ഫോർമേഷൻ ഹൗസിൽ 26 വയസ്സുള്ളപ്പോൾ ഫാ. ഗുട്ടിറസ് പൗരോഹിത്യത്തിനായുള്ള പരിശീലനം ആരംഭിച്ചു. 2017 ൽ ബിരുദം നേടിയ അദ്ദേഹം സഹപാഠികളോടൊപ്പം പിന്നീട് അവരുടെ വൈദികപരിശീലനം തുടരുന്നതിനായി സെന്റ് ജോൺസ് സെമിനാരിയിലേക്കു പോയി.

“ഇത് കർത്താവുമായുള്ള വളരെ നീണ്ട പോരാട്ടമായിരുന്നു. കാരണം, എന്നെക്കുറിച്ച് എനിക്ക് നല്ല പദ്ധതികളുണ്ടായിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. എന്നെ പരിചയമുള്ള വൈദികർ, ഇടവകയിലെ ആളുകൾ, ഞാൻ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പോകുന്ന പള്ളിയിലെ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ തുടങ്ങിയവരെല്ലാം എന്നോട് ഒരു വൈദികാർഥിയാകുന്നതിനെക്കുറിച്ചു ചോദിക്കാൻ തുടങ്ങി. ഒടുവിൽ പ്രാർഥനയിൽപോലും കർത്താവ് പൗരോഹിത്യത്തിന് ഒരു വിളി സംബന്ധിച്ച പ്രേരണകൾ നൽകാൻ തുടങ്ങി. അങ്ങനെ, വളരെക്കാലം അവനോട് യുദ്ധം ചെയ്തതിനുശേഷം, ‘കർത്താവേ, നീ എന്നെ വശീകരിച്ചു’ എന്ന് ജെറമിയ പറഞ്ഞതുപോലെ, ഞാൻ അവനെ എന്നെത്തന്നെ വശീകരിക്കാൻ അനുവദിച്ചു” – ഫാ. ജുവാൻ പങ്കുവച്ചു.

ചൂട്, പരിശുദ്ധാത്മാവ്, പിയർ ജോർജിയോ ഫ്രസാറ്റിയുടെ അദ്ഭുതം

2017 ഒക്‌ടോബറിൽ, മറ്റ് സെമിനാരികൾക്കൊപ്പം ബാസ്‌ക്കറ്റ്‌ ബോൾ കളിക്കുന്നതിനിടയിൽ കണങ്കാലിന് പരിക്കേറ്റു. ഒക്ടോബർ 31 ന് പരിക്കേറ്റ ജുവാൻ സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്നിന് തനിക്ക് സൗഖ്യം നൽകാൻ നൊവേനയിലൂടെ പ്രാർഥിച്ചു.

“ഞാൻ പിയർ ജോർജിയോ ഫ്രാസാറ്റിയോടുള്ള നൊവേന ആരംഭിച്ചു. നൊവേന തുടങ്ങി കുറച്ച് ദിവസങ്ങൾക്കുശേഷം ഞാൻ സെമിനാരി ചാപ്പലിൽ പ്രാർഥിക്കാൻ പോയി. ഞാൻ തനിച്ചായിരുന്നു. മറ്റാരുമില്ല. ഞാൻ പ്രാർഥിക്കാൻ മുട്ടുകുത്തി. ഞാൻ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ മുറിവിന്റെ ഭാഗത്ത് എനിക്ക് ചൂട് അനുഭവപ്പെടാൻ തുടങ്ങി. ആദ്യം ഞാൻ കരുതിയത് തീപിടുത്തം ഉണ്ടായെന്നാണ്. പക്ഷേ, ഞാൻ പരിശോധിച്ചപ്പോൾ തീയുടെ ലക്ഷണമില്ല, പുകയുടെ മണവുമില്ല. എന്റെ മുറിവിന്റെ ഭാഗത്ത് ചൂട് അനുഭവപ്പെടുന്നത് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി” – പുരോഹിതൻ തുടർന്നു.

താൻ സുഖപ്പെടാൻ സാധ്യതയുണ്ടെന്ന് താൻ വിശ്വസിസിച്ചിരുന്നില്ലെന്നു അദ്ദേഹം പറയുന്നു: “ദൈവത്തിന് അത് ചെയ്യാനുള്ള ശക്തിയില്ലാത്തതുകൊണ്ടല്ല, മറിച്ച് അങ്ങനെയുള്ള കാര്യത്തിൽ വിശ്വാസം എനിക്കില്ലെന്ന് ഞാൻ കരുതിയതുകൊണ്ട് അത് എന്നെ ആഴത്തിൽ സ്വാധീനിച്ചു. എന്നെ കരയിപ്പിക്കുകയും ചെയ്തു. അന്നത്തെ പ്രാർഥന കഴിഞ്ഞപ്പോൾ ഞാൻ എന്റെ സാധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.”

മുകളിൽ നിന്നും ആരോ നിങ്ങളെ പരിപാലിക്കുന്നു

പരിക്ക് പറ്റിയതിനാൽ ഫാ. ജുവാൻ ഒരു കണങ്കാൽ ബ്രേസ്ലെറ്റ് ധരിച്ചിരുന്നു. എന്നാൽ ചാപ്പലിലെ സംഭവത്തിനുശേഷം അത് ധരിക്കുന്നത് നിർത്തി. നൊവേന കഴിഞ്ഞ് ആറു ദിവസത്തിനുശേഷം നവംബർ 15 ന് അദ്ദേഹം തന്നെ ഓപ്പറേഷൻ ചെയ്യാൻ പോകുന്ന സർജനെ കാണാൻ പോയി. സർജൻ മുറിവിന്റെ ചിത്രങ്ങൾ നോക്കി. പരിക്ക് പരിശോധിക്കുന്ന ടെസ്റ്റ് നടത്തി. പക്ഷേ ഒന്നും കണ്ടെത്തിയില്ല.

ശസ്ത്രക്രിയയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു. “എന്തുകൊണ്ടാണെന്ന് ഞാൻ അദേഹത്തോടു ചോദിച്ചു. പൊട്ടലുള്ള സ്ഥലത്ത് വിരൽകൊണ്ട് തൊടാൻ കഴിയണം. പക്ഷേ, ഡോക്ടർക്ക് അതിനു കഴിഞ്ഞില്ല. ഞാൻ ഒരു സെമിനാരിക്കാരനാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നതിനാൽ ‘നിങ്ങളെ പരിപാലിക്കുന്ന ഒരാൾ അവിടെ ഉണ്ടായിരിക്കണം’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞതായി ഞാൻ ഓർക്കുന്നു.

“അദ്ദേഹം അത് പറഞ്ഞപ്പോൾ എന്റെ ശരീരമാകെ ഒരു കുളിർ പടർന്നതുപോലെ എനിക്ക് തോന്നി. കാരണം ആ നിമിഷം ചാപ്പലിൽ എന്റെ മുറിവിന്റെ ഭാഗത്ത് ചൂട് അനുഭവപ്പെട്ട സംഭവം ഞാൻ ഓർത്തു; അതോടൊപ്പം വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാറ്റിയോടുള്ള നൊവേനയും. സാധാരണഗതിയിൽ ഇത്തരത്തിലുള്ള പരിക്കുകൾ സ്വയം സുഖപ്പെടില്ല. കൂടാതെ, ക്രമേണ അത് കൂടുതൽ വഷളാകാനുള്ള സാധ്യതയുമാണുള്ളത്.

ഞാൻ വീണ്ടും സെമിനാരിയിലേക്കു പോയി. “ഇത് എനിക്ക് വളരെയധികം സന്തോഷം നൽകി. എന്നാൽ, അതേ സമയം ഞാൻ എന്നിലേക്ക് ശ്രദ്ധ ആകർഷിക്കാൻ ആഗ്രഹിച്ചില്ല. അതിനാൽ ഞാൻ അത് കഴിയുന്നത്ര രഹസ്യമായി സൂക്ഷിക്കാൻ ശ്രമിച്ചു.” വാസ്‌തവത്തിൽ, അത് തന്റെ കുടുംബത്തോട് പോലും ചർച്ച ചെയ്തിട്ടില്ല. വളരെ കുറച്ച് ആളുകളുമായി മാത്രം പങ്കുവച്ചു.

പിയർ ജോർജിയോ ഫ്രാസാറ്റിയുമായി ‘വർണ്ണിക്കാൻ കഴിയാത്ത സൗഹൃദം’

ഫാ. ജുവാൻ നൊവേനയിൽ പ്രാർഥിച്ചത് രോഗശാന്തിക്കുവേണ്ടി ആയിരുന്നില്ല, മറിച്ച് തന്റെ പരിക്കിൽ ദൈവത്തോട് സഹായം ചോദിക്കുകയായിരുന്നു. “എല്ലാ വിശുദ്ധന്മാർക്കും ഇത് ചെയ്യാമെന്ന് ഞാൻ ആദ്യം ചിന്തിച്ചു. സകല വിശുദ്ധരുടെയും തിരുനാൾദിനത്തിൽ അവർക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നി. എന്നാൽ പിന്നീട് എനിക്ക് ഒരു പ്രചോദനം ലഭിച്ചു. എന്തുകൊണ്ട് വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാറ്റിയുടെ നൊവേന നടത്തിക്കൂടാ? ഞാൻ അൽപം ആശ്ചര്യപ്പെട്ടു. പക്ഷേ, ഇത് ഒരു നല്ല ആശയമാണെന്ന് ഞാൻ കരുതി. അതുകൊണ്ടാണ് ഞാൻ വിശുദ്ധനോട് മാധ്യസ്ഥം അപേക്ഷിച്ചത്. അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചാൽ അത് ആർക്കെങ്കിലും റിപ്പോർട്ട് ചെയ്യുമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിയർ ജോർജിയോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് വത്തിക്കാൻ അംഗീകരിക്കുന്ന അത്ഭുതമായി ഇത് മാറുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.”

എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം പങ്കുവച്ച ആളുകളിൽ ഒരാൾ അദ്ദേഹത്തിന്റെ ഒരു പ്രൊഫസറായിരുന്നു. അദ്ദേഹം പിന്നീട് കേസ് വത്തിക്കാനിലേക്ക് കൊണ്ടുപോയി. അവിടെ ഔപചാരിക അന്വേഷണം തുടങ്ങാൻ തീരുമാനിച്ചു. പിയർ ജോർജിയോയുടെ മധ്യസ്ഥതയിലൂടെ ലോകമെമ്പാടുമുള്ള ആളുകൾക്ക് ലഭിച്ച എല്ലാ അദ്ഭുതങ്ങളും കൃപകളും ആസൂത്രണം ചെയ്തത് കർത്താവാണ്. ഇത് അദ്ദേഹത്തിന്റെ വിശുദ്ധ പദവിയിലേക്കു നയിക്കും.

“പർവതങ്ങളിൽ കയറാനും മലകളിൽ കാൽനട യാത്ര നടത്താനും പിയർ ജോർജിയോയ്ക്ക് വളരെ ഇഷ്ടമായിരുന്നു. പിന്നെ എനിക്ക് വളരെയേറെ ഉണ്ടെന്ന് ഞാൻ കരുതിയ ഒരു ഗുണമായിരുന്നില്ല അത്. ഇപ്പോൾ ഞാൻ മലകളിൽ നടക്കാൻ പോകുമ്പോൾ എനിക്കുപോലും അദ്ദേഹത്തോട് അടുപ്പം. നമ്മുടെ ചരിത്രം എഴുതുന്ന കർത്താവിന്റെ കരം എല്ലായിടത്തുമുണ്ട്. കാരണം അടുത്ത വർഷം പിയർ ജോർജിയോയുടെ മരണത്തിന്റെ നൂറാം വാർഷികവും വിശുദ്ധപദവി പ്രഖ്യാപനവും ഒരുമിച്ചുകൊണ്ടാടും. അത് ആശ്ചര്യപ്പെടുത്തുന്ന ദൈവപരിപാലനയിൽനിന്നുള്ള ഒരു സമ്മാനമാണ്. ആ ചടങ്ങിലേക്കു പോകാൻ ഞാൻ പോകാൻ കാത്തിരിക്കുകയാണ്” – ഫാ. ജുവാൻ ഉപസംഹരിച്ചു.

സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.