ജൂ മിൻ എന്ന ഉത്തര കൊറിയൻ ക്രിസ്ത്യാനിയുടെ ജീവിതം

ഉത്തര കൊറിയയിൽ ഒരാൾ ക്രിസ്ത്യാനിയായി ജീവിക്കേണ്ടിവരുന്നത് ജീവൻപോലും പണയം വച്ചുകൊണ്ടാണ്. അത്തരമൊരു സാഹചര്യത്തിൽ ഭയപ്പെട്ട് ക്രിസ്ത്യാനികളായി ഒളിച്ചുജീവിക്കുന്ന അനേകരെ ശക്തിപ്പെടുത്താനും പ്രതീക്ഷ നിലനിർത്താനും ദൈവം തിരഞ്ഞെടുത്ത വ്യക്തിയാണ് ജൂ മിൻ. സ്വന്തം ജീവനെക്കാളും ക്രിസ്തുവിനെ സ്നേഹിക്കുന്ന ജൂ മിന്നിന്റെ വിശ്വാസജീവിതം വായിച്ചറിയാം.

ഉത്തര കൊറിയയിലാണ് ജൂ മിൻ ജനിച്ചുവളർന്നത്. അക്കാലത്ത് കിം ഇൽ-സുങ്ങിന്റെ നേതൃത്വത്തിലുള്ള ഉത്തര കൊറിയൻ സർക്കാർ ആയിരുന്നു ഉണ്ടായിരുന്നത്. ജോലിയും ഭക്ഷണവും വസ്ത്രവും പാർപ്പിടവും നൽകിയ മാതാപിതാക്കളോടൊപ്പം അവളുടെ കുട്ടിക്കാലം കടന്നുപോയി. ദാരിദ്ര്യം ഉണ്ടെങ്കിലും അവർ അതിജീവിച്ചു.

ജൂ മിൻ തന്റെ സ്‌കൂളിൽ നിന്നും അച്ചടക്കം പഠിച്ചു. അന്ന് അവൾ ലോകത്തിലെ ഏറ്റവും വലിയ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാഗമായിരുന്നു. ഉത്തര കൊറിയൻ സമൂഹത്തെ മുഴുവൻ നിയന്ത്രിക്കുന്ന സ്വാശ്രയത്വത്തിന്റെ (ജൂചെ) തത്വശാസ്ത്രം അവൾ പഠിച്ചു. ഉത്തര കൊറിയയുടെ സ്ഥാപകനായ കിം ഇൽ-സുങ്ങിന്റെ ചൂഷണങ്ങളെക്കുറിച്ച് അവൾ മനസ്സിലാക്കി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മഹാനായ നേതാവ് ജാപ്പനീസ് ആക്രമണകാരികളെ എങ്ങനെ പരാജയപ്പെടുത്തി ഉത്തര കൊറിയയുടെ ആധുനികരാഷ്ട്രം സൃഷ്ടിക്കാൻ സഹായിച്ചു എന്നതിനെക്കുറിച്ചുള്ള നിർദേശങ്ങൾ കേട്ടു. അവളുടെ സഹപാഠികളെപ്പോലെ ജൂ മിൻ ഉത്തര കൊറിയയുടെ നേതാക്കളെ ദൈവസമാനമായി കണക്കാക്കി.

തന്റെ രാഷ്ട്രം ദുഷ്ടന്മാരായി കണക്കാക്കുന്നവരെക്കുറിച്ചും അവൾ കേട്ടു: “ബൈബിളിൽ നിന്നും മിഷനറിമാരിൽ നിന്നും അകന്നുനിൽക്കാൻ എന്നോട് പറഞ്ഞിരുന്നു. മിഷനറിമാർ ആടുകളായി നടിക്കുന്ന ചെന്നായ്ക്കളെപ്പോലെയാണെന്ന് അവർ പറഞ്ഞു” – അവൾ ഓർക്കുന്നു. അവളുടെ പാഠപുസ്തകങ്ങൾ മിഷനറിമാരെക്കുറിച്ചുള്ള ഭീകരമായ കഥകളാൽ നിറഞ്ഞിരുന്നു. രഹസ്യമായി അമേരിക്കൻ ചാരന്മാരായിരുന്ന മിഷനറിമാരുടെ കഥകളും കുട്ടികളെ തട്ടിക്കൊണ്ടുപോയി അടിമകളായി വിൽക്കാൻ അവരുടെ രാജ്യത്തേക്ക് അയച്ചു എന്നും അവൾ പാഠപുസ്തകങ്ങളിൽ പഠിച്ചു.

‘ജീവിതം ദൈനംദിന പോരാട്ടമായിരുന്നു’

1990 കളുടെ മധ്യത്തിൽ, ഉത്തര കൊറിയ വലിയ ക്ഷാമത്തിലൂടെ കടന്നുപോയി. ഭക്ഷണത്തിന്റെയും അടിസ്ഥാനവസ്തുക്കളുടെയും അഭാവം മൂലം മൂന്ന് ദശലക്ഷം ആളുകൾ വരെ മരിച്ചുവെന്ന് കണക്കാക്കപ്പെടുന്നു. ജൂ മിന്നും അവളുടെ കുടുംബവും ഈ യാഥാർഥ്യം നേരിട്ട് അനുഭവിച്ചു. അവർ ഭക്ഷണം കണ്ടെത്താൻ പാടുപെട്ടു. ഒന്നും കഴിക്കാതെ വിശപ്പടക്കുന്നത് നിത്യസംഭവമായി മാറി.

അമ്മ മരിച്ചപ്പോൾ ജൂ മിന്നിന്റെ കാര്യങ്ങൾ കൂടുതൽ വഷളായി. അച്ഛന്റെ പെരുമാറ്റം പുതിയതും അപകടകരവുമായ സാഹചര്യത്തിലേക്ക് അവളെ തള്ളിവിട്ടു. അവളുടെ അച്ഛൻ ഒരു തികഞ്ഞ മദ്യപാനിയായിമാറി. ഒടുവിൽ അവളുടെ പിതാവ് അവളോട് കുടുംബം പുലർത്തണമെന്ന് ആവശ്യപ്പെട്ടു. അതിനു വേണ്ടിയായിരുന്നു അവൾ പലായനം ചെയ്ത്, അതിർത്തി പട്രോളിംഗിനെ മറികടന്ന് നദിക്കരയിൽ അവളെത്തിയത്.

അപകടകരമായ ഒരു ലക്ഷ്യസ്ഥാനവും സുരക്ഷിതമായ സ്ഥലവും

ഭക്ഷണവും വരുമാനവും തേടി അതിർത്തി കടന്നെത്തിയ പതിനായിരക്കണക്കിന് ഉത്തര കൊറിയക്കാരിൽ ഒരാളായിരുന്നു ജൂ മിൻ. ഉത്തര കൊറിയക്കാർ അവരുടെ രാജ്യം വിടുന്നത് നിയമവിരുദ്ധമാണ്. എന്നാൽ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ സമയത്ത് ഉത്തര കൊറിയൻ അധികാരികൾ അത്തരം ക്രോസിംഗുകൾ നടത്താൻ അനുവദിക്കാറുണ്ട്. ഒരു മൗനസമ്മതമെന്നോണം പ്രതിസന്ധിഘട്ടങ്ങളിൽ അതിർത്തി കടക്കുന്നതിന് മറ്റു സമയങ്ങളിൽ ഉള്ളതുപോലെ കനത്തകാവൽ ഏർപ്പെടുത്തുമായിരുന്നില്ല.

പക്ഷെ, ഉത്തര കൊറിയയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഉത്തര കൊറിയക്കാർ അതിർത്തിരേഖയിലൂടെ നുഴഞ്ഞുകയറുന്നത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ അവർ പലപ്പോഴും നാട്ടിലേക്കു മടങ്ങാൻ നിർബന്ധിതരാകും. അവിടെ അവർക്ക് അറസ്റ്റും ജയിൽവാസവും നേരിടേണ്ടിവരും. അവർ ക്രിസ്ത്യാനികളെ കണ്ടെത്തിയാൽ സ്ഥിതി അതിലും മോശമാണ്. പിടിക്കപ്പെട്ട ഉത്തര കൊറിയക്കാരോട് അവർ ക്രിസ്ത്യാനികളെ കണ്ടുമുട്ടിയിട്ടുണ്ടോ എന്ന് നേരിട്ട് ചോദിക്കും. അവർ യേശുവിനെക്കുറിച്ച് കേട്ടതായി കണ്ടെത്തിയാൽ അവരുടെ ശിക്ഷ കഠിനമായിരിക്കും. അതായിരുന്നു അവസ്ഥ.

ജൂ മിൻ അതിർത്തി കടന്നപ്പോൾ എന്ത് ചെയ്യണമെന്ന് അവൾക്കറിയില്ലായിരുന്നു. പിന്നീട് സഹായിക്കാമെന്ന് പറഞ്ഞ ഒരാളെ അവൾ കണ്ടു. ആ വ്യക്തി ഓപ്പൺ ഡോർസ് ഫീൽഡ് വർക്കറായിരുന്നു. അവൻ അവളെ സുരക്ഷിതമായ ഒരു വീട്ടിലേക്കു കൊണ്ടുപോയി. അവിടെ അവൾക്ക് ഭക്ഷണം നൽകുകയും നദി കടക്കുമ്പോൾ സംഭവിച്ച ഭീതികളിൽ നിന്ന് മോചിതയാകാനും സഹായിച്ചു. പിന്നീട് അവൾ അതേ യാത്ര നടത്തിയ മറ്റ് ഉത്തര കൊറിയൻ അഭയാർഥികളെയും കണ്ടുമുട്ടി. ഒടുവിൽ, അവളുടെ കുടുംബത്തെ സഹായിക്കാൻവേണ്ടി ഒരു ജോലിയും അവൾ കണ്ടെത്തി.

പക്ഷേ, അതു മാത്രമായിരുന്നില്ല അവിടെ സംഭവിച്ചത്. “സുരക്ഷിതഭവനത്തിൽ ആയിരിക്കുമ്പോൾ ഞാൻ ആദ്യമായി സുവിശേഷം കേട്ടു. ഞാൻ യേശുവിനെക്കുറിച്ച് കേൾക്കാൻ തുടങ്ങി” –  ജൂ മിൻ ഓർക്കുന്നു. ആദ്യം ക്രിസ്തുവിശ്വാസവുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാൻ അവൾ ആഗ്രഹിച്ചില്ല. തന്നെ പിടികൂടി ഉത്തര കൊറിയയിലേക്ക് തിരിച്ചയച്ചാൽ, താൻ ക്രിസ്ത്യാനികളുമായി കൂടിക്കാഴ്ച നടത്തിയതായി കണ്ടെത്തിയാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അവൾക്കറിയാമായിരുന്നു.

എന്നിട്ടും സുരക്ഷിതമായ ആ ഭവനത്തിൽ അവൾ കണ്ടുമുട്ടിയ ആളുകളിൽ വ്യത്യസ്തമായ എന്തോ അവൾക്ക് അനുഭവപ്പെട്ടു. അവർ അവളുടെ പാഠപുസ്തകങ്ങളിൽ വായിച്ച ക്രൂരരായ പുരോഹിതന്മാരോ, മിഷനറിമാരോ ആയിരുന്നില്ല അവർ എന്ന് മനസ്സിലാക്കി. അവർ ദയയുള്ളവരും സ്നേഹമുള്ളവരുമായിരുന്നു. പകരം ഒന്നും ആവശ്യപ്പെടാതെ അവൾക്ക് സഹായം വാഗ്ദാനം ചെയ്തു. സാവധാനം, യേശുവിനെക്കുറിച്ച് അറിഞ്ഞപ്പോൾ ജൂമിന്റെ ഹൃദയം മയപ്പെടാൻ തുടങ്ങി. “കുട്ടിക്കാലത്ത് ഞാൻ മറ്റു പല രീതിയിലാണ് അറിഞ്ഞിരുന്നതെങ്കിലും ഞാൻ യേശുവിനെ എന്റെ രക്ഷകനായി സ്വീകരിച്ചു. ഞാൻ എല്ലാ ആഴ്‌ചയും ബൈബിൾ പഠനത്തിലും പരിശീലനത്തിലും പങ്കെടുക്കാൻ തുടങ്ങി” –  അവൾ പറയുന്നു.

വർഷങ്ങൾ കടന്നുപോയി

സേഫ് ഹൗസിൽ ഓപ്പൺ ഡോർസ് ഫീൽഡ് വർക്കറുമായും മറ്റുള്ളവരുമായും ജൂ മിൻ പതിവായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവൾ അവളുടെ വിശ്വാസത്തിൽ വളരുകയായിരുന്നു. എന്നാൽ വർഷങ്ങളായി ഈ വിശ്വാസികളുമായി അവൾ സ്ഥിരമായി കണ്ടുമുട്ടുന്നുണ്ടെങ്കിലും അവൾ ഒരിക്കലും തന്റെ പിതാവിനെക്കുറിച്ചോ, ഉത്തര കൊറിയയിൽ ഉപേക്ഷിക്കപ്പെട്ട കുടുംബാഗങ്ങളെക്കുറിച്ചോ പറഞ്ഞിരുന്നില്ല. “ഫീൽഡ് വർക്കറോട് ഞാൻ വളരെക്കാലമായി സംസാരിച്ചിരുന്നു. പക്ഷേ എന്റെ പിതാവിനോടുള്ള എന്റെ വികാരത്തെക്കുറിച്ച് ഞാൻ ഒരിക്കലും പുറത്തുപറഞ്ഞില്ല. പിന്നീട് ഒരു പരിശീലനത്തിനിടെ, ഒടുവിൽ ഞാൻ എല്ലാം തുറന്നുപറഞ്ഞു. ഉള്ളിൽ ഒരുപാട് ദേഷ്യവും വെറുപ്പും ഉള്ളതിനാൽ എനിക്ക് എന്റെ അച്ഛനോട് ക്ഷമിക്കാൻ കഴിയില്ലെന്ന് ഞാൻ സമ്മതിച്ചു.”

ഞങ്ങൾ ബൈബിൾ പ്രബോധനങ്ങളിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ, ക്ഷമ എന്ന ആശയം ഞാൻ കണ്ടെത്തി. അപ്പോഴാണ് ഞാൻ അദ്ദേഹത്തോട് ക്ഷമിക്കാൻ തുടങ്ങണമെന്നറിഞ്ഞത്. ഇതെല്ലാം മനസ്സിലാക്കിയപ്പോൾ, എന്റെ ചുമലിൽനിന്ന് ഒരു ഭാരം ഒഴിഞ്ഞുപോയതുപോലെ എനിക്കുതോന്നി. സമ്മർദവും വേദനയും അനുഭവിക്കുന്നതിനു പകരം എന്റെ പിതാവിനായി പ്രാർഥിക്കാൻ എനിക്ക് ആഗ്രഹം തോന്നി” – ജൂ മിൻ പറയുന്നു.

ജൂമിന്റെ ജീവിതം വീണ്ടും മാറി. യേശുവിലുള്ള അവളുടെ വിശ്വാസം അവൾക്ക് അമൂല്യമായിത്തീർന്നിരുന്നു. ഇത്രയും വർഷങ്ങളായി അവളുടെ ഹൃദയത്തെ തടസ്സപ്പെടുത്തിയ വെറുപ്പിന്റെ ഭാരത്തിൽനിന്ന് അവൾ മോചിതയായി.

വളരെക്കാലമായി അവൾ മാറ്റിവച്ച തീരുമാനം ഒടുവിൽ നടപ്പിലാക്കാൻ തീരുമാനിച്ചു. അവൾ മാമോദീസ സ്വീകരിക്കാൻ തീരുമാനിച്ചു. പിന്നീട് അവൾ മറ്റൊരു തീരുമാനവും എടുത്തു: അവൾ തന്റെ പിതാവിനോടും കുടുംബത്തോടും യേശുവിനെക്കുറിച്ച് പറയും എന്ന തീരുമാനമായിരുന്നു അത്. എന്നാൽ ദൈവത്തിന് അവൾക്കുവേണ്ടി മറ്റൊരു പദ്ധതിയുണ്ടായിരുന്നു.

വർഷങ്ങളുടെ പരിശീലനത്തിനും ശിഷ്യത്വത്തിനും ശേഷം പരിശുദ്ധാത്മാവിന്റെ പ്രചോദനം ജൂമിൻ അനുഭവിച്ചു. “ദൈവം എന്നോട് പറയുന്നതുപോലെ എനിക്ക് തോന്നി: ‘ഉത്തര കൊറിയയിലേക്കു മടങ്ങുക.’ അവൾ പറയുന്നു. ഞാൻ പഠിച്ചതെല്ലാം എന്റെ മാതൃരാജ്യമായ ഉത്തര കൊറിയയിലെ മറ്റ് രഹസ്യവിശ്വാസികളുമായി പങ്കിടാനുള്ള വിളി എനിക്കുള്ളതാണ് തോന്നി.

“ഞാൻ വീണ്ടും നദി മുറിച്ചുകടക്കാൻ തീരുമാനിച്ചു.”

ഇത്തവണ നദീതീരത്ത് വന്നപ്പോൾ വർഷങ്ങൾക്കു മുമ്പുള്ളതിനെക്കാൾ വലിയ തീരുമാനമാണ് താൻ എടുക്കുന്നതെന്ന് അവൾ മനസ്സിലാക്കി.

ജൂ മിൻ ഇപ്പോൾ ഉത്തര കൊറിയയിൽ താമസിക്കുന്നു. അവിടെ അവർ ഭൂഗർഭ ദൈവാലയത്തിൽ പ്രാർഥനാകൂട്ടായ്മയുടെ നേതാവാണ്. ബൈബിൾ നിയമവിരുദ്ധവും യേശുവിലുള്ള വിശ്വാസം നിഷിദ്ധവും ഭരണകൂടത്തിനു പുറമെ ആരാധന നിയമവിരുദ്ധവുമുള്ള രാജ്യത്ത് ഇവരുടെയെല്ലാം ജീവിതം അപകടത്തിലാണ്.

“ഞാൻ പിടിക്കപ്പെട്ടാൽ, ഒരു ക്രിസ്ത്യാനി ആയിരിക്കുന്നതിന് വലിയ വില നൽകിക്കൊണ്ട് എന്റെ ജീവിതം ഒരു ലേബർ ക്യാമ്പിൽ അവസാനിക്കാം. എന്നിരുന്നാലും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, ഞാൻ എന്റെ ശുശ്രൂഷ തുടരുന്നു. ഉത്തര കൊറിയയിലെ ജനങ്ങൾക്ക് സമാധാനവും പ്രത്യാശയും നൽകാൻ ദൈവത്തിന് കഴിയുമെന്ന് അറിയുന്നു” –  അവൾ പറയുന്നു.

അവൾക്കുവേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം പ്രാർഥിക്കുക എന്നതാണ്. “എനിക്കുവേണ്ടി പ്രാർഥിക്കൂ”- അവൾ അഭ്യർഥിക്കുന്നു.

വിവർത്തനം: സുനിഷ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.