ഭീതിയൊഴിയാതെ ഹമാസിന്റെ ആക്രമണത്തില്‍നിന്നും രക്ഷപെട്ട ഇസ്രയേൽ യുവതി

“ആ യാത്രയില്‍ റോഡിന്റെ വശങ്ങളിൽ മരിച്ചവരും പരിക്കേറ്റവരുമായ നിരവധി ആളുകളെ  കണ്ടു. അതില്‍ ഒരു രംഗം മനസ്സില്‍നിന്നും മായുന്നില്ല. സംഗീതോത്സവത്തിൽ പങ്കെടുത്ത ഒരാള്‍ ഒരു വാനിനുപുറത്ത് വെടിയേറ്റു മരിച്ചുകിടക്കുന്നു”ഹമാസിന്റെ ആക്രമണത്തില്‍നിന്നും രക്ഷപെട്ട, ടാൽ ഗിബ്ലി എന്ന യുവതി സി.എൻ.എന്നിനോടു പങ്കുവച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. തുടര്‍ന്നു വായിക്കുക… 

“രാവിലെ ഏകദേശം 6.30 -ഓടെയാണ് റോക്കറ്റുകളുടെ ശബ്ദം കേട്ടത്” – ടാൽ ഗിബ്ലി എന്ന യുവതി സി.എൻ.എന്നിനോട് പറയാന്‍ ആരംഭിച്ചു. അതിന് മുപ്പതുമിനിറ്റിനുശേഷമാണ്, ഇസ്രായേലി സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്തിയ അവള്‍ക്കും മറ്റ് നൂറുകണക്കിന് ആളുകള്‍ക്കുംനേരേ ഗാസ തീവ്രവാദികൾ വെടിയുതിർക്കാന്‍ ആരംഭിച്ചത്. അവരില്‍നിന്നും രക്ഷപെടാന്‍ എല്ലാവരും പലയിടത്തേക്കും ചിതറിയോടി.

ശനിയാഴ്ച രാവിലെ ഇസ്രായേലിലെ വിവിധ സ്ഥലങ്ങളില്‍ ഹമാസ് തീവ്രവാദികള്‍ നടത്തിയ ഭീകരക്രമണങ്ങളില്‍ ഒന്നുമാത്രമായിരുന്നു ഇത്. സംഗീതോത്സവത്തിൽ പങ്കെടുത്ത നിരവധി പേരെ തോക്കുധാരികൾ അവിടെവച്ചുതന്നെ കൊലപ്പെടുത്തി; പലരെയും ബന്ദികളാക്കി. അവരെ ബന്ദികളാക്കി കൊണ്ടുപോകുന്നത് സോഷ്യൽ മീഡിയ വീഡിയോകളിൽ കാണാം.

“ഗാസ-ഇസ്രായേൽ അതിർത്തിക്കടുത്തുള്ള ഒരു ഗ്രാമീണ കൃഷിയിടത്തിലായിരുന്നു സംഗീതോത്സവം. എന്നാൽ നേരംപുലർന്നപ്പോൾ, സൈറണുകളുടെ മുഴക്കം കേട്ടു. തൊട്ടുപിന്നാലെ റോക്കറ്റുകളും പതിക്കാനും തുടങ്ങി” – ഗിബ്ലി സിഎൻഎന്നിനോടു പറഞ്ഞു. “ഞങ്ങൾ തുറസ്സായ സ്ഥലത്തായതിനാൽ ഞങ്ങൾക്ക് ഒളിക്കാൻപോലും ഒരു സ്ഥലമില്ലായിരുന്നു” – അവൾ കൂട്ടിച്ചേർത്തു. “എല്ലാവരും പരിഭ്രാന്തരായി, ഓരോരുത്തരും തങ്ങളുടെ സാധനങ്ങൾ എടുക്കാൻതുടങ്ങി.” ഈ സമയത്ത് ഗിബ്ലി എടുത്ത വീഡിയോയില്‍, രക്ഷപെടാന്‍ ശ്രമിക്കുന്ന ആളുകളെയും ദൂരെനിന്നുള്ള സ്ഫോടനശബ്ദങ്ങളും കേള്‍ക്കാം.

‘ഇമാലെ’ (Ima’le) എന്ന് ആരോ പറയുന്നത് ഇതിനിടയില്‍ അവള്‍ കേട്ടു. ഭയത്തിന്റെയോ, ഞെട്ടലിന്റെയോ സാഹചര്യത്തില്‍ സാധാരണ ഉപയോഗിക്കുന്ന ഇസ്രായേലിപ്രയോഗമാണ് ആ വാക്ക്. അപ്പോഴേയ്ക്കും കേവലം രണ്ടുമൈലിൽ താഴെമാത്രം അകലെ, ഗാസ തീവ്രവാദികള്‍ ഇസ്രായേലി ടാങ്കുകളെയും സൈനികരെയും ആക്രമിക്കാൻതുടങ്ങിയിരുന്നു. ഇവർ അത് അറിഞ്ഞില്ല എന്നുമാത്രം.

“രക്ഷപെടാനായി കാറുകളിൽ കയറിയെങ്കിലും മുന്നോട്ടുസഞ്ചരിക്കാനായില്ല. റോഡുകള്‍ മുഴുവന്‍ ബ്ലോക്കായിരുന്നു. അപ്പോഴാണ് വെടിയൊച്ചകൾ കേട്ടുതുടങ്ങിയത്” – ഗിബ്ലി പറയുന്നു. തുടര്‍ന്ന്, താനും സുഹൃത്തുക്കളും പരിഭ്രാന്തരായി കാർ ഉപേക്ഷിച്ച് ഓടാൻ തുടങ്ങിയെന്ന് ഗിബ്ലി പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ നൂറുകണക്കിന് ആളുകള്‍ കാറുകളിൽനിന്ന് ഇറങ്ങി ഓടിപ്പോകുന്നതും ഒഴിഞ്ഞ മൈതാനത്തിലൂടെ ഓടുന്നതും പശ്ചാത്തലത്തിൽ വെടിയൊച്ചകൾ മുഴങ്ങുന്നതും കാണാന്‍ സാധിക്കും.

ഗിബ്ലി തുടര്‍ന്നു: “ഞാന്‍ രക്ഷപെടാനായി കാട്ടിലേക്ക് ഓടി, ഒടുവിൽ മറ്റൊരു കാറിൽ കയറി. ആ യാത്രയില്‍ റോഡിന്റെ വശങ്ങളിൽ മരിച്ചവരും പരിക്കേറ്റവരുമായ നിരവധി ആളുകളെ കണ്ടു. അതില്‍ ഒരു രംഗം മനസ്സില്‍നിന്നും മായുന്നില്ല. സംഗീതോത്സവത്തിൽ പങ്കെടുത്ത ഒരാള്‍ ഒരു വാനിനു പുറത്ത് വെടിയേറ്റ് മരിച്ചുകിടക്കുന്നു; മറ്റൊരാൾ വാഹനത്തിന്റെ സീറ്റിൽ മരിച്ചുകിടക്കുന്നു.”

“ഇത് വളരെ ഭയാനകമാണ്. ആ പിശാചുക്കളുടെ കണ്ണില്‍പെടാതിരിക്കാന്‍ എവിടേയ്ക്കാണ് ഡ്രൈവ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു” – ഗിബ്ലി പറഞ്ഞു. “എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. അവർ മണിക്കൂറുകളോളം കാട്ടിൽക്കൂടി വഴിതെറ്റി അലഞ്ഞു; അവരില്‍ ചിലർക്ക് വെടിയേല്ക്കുകയും ചെയ്തിട്ടുണ്ട്.”

സംഗീതോത്സവത്തില്‍ പങ്കെടുത്ത സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ ഗിബ്ലി ഇപ്പോഴും ശ്രമിക്കുന്നു. മറ്റുള്ളവർ രക്ഷപെട്ടോ, തടവിലാക്കപ്പെട്ടോ അതോ കൊല്ലപ്പെട്ടോ എന്ന് തനിക്കറിയില്ലെന്ന് അവൾ പറയുന്നു.

രഞ്ചിന്‍ ജെ. തരകന്‍

കടപ്പാട്: https://edition.cnn.com/2023/10/07/middleeast/israel-gaza-fighting-hamas-attack-music-festival-intl-hnk/index.html

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.