

2013 നവംബർ 24 ന് വത്തിക്കാനിൽ വിശ്വാസവർഷത്തിന്റെ സമാപനദിനത്തിൽ ഫ്രാൻസിസ് പാപ്പയുടെ വിശുദ്ധ കുർബാനയിൽ ശുശ്രൂഷിയാകാൻ അവസരം ലഭിച്ച നാലു വൈദികാർഥികളിൽ ഒരാൾ ഒരു മലയാളി ഡീക്കൻ ആയിരുന്നു. പിന്നീട് അദ്ദേഹം വൈദികനായി – മാനന്തവാടി രൂപതയുടെ ചാൻസലർ ആയി ശുശ്രൂഷ ചെയ്യുന്ന ഫാ. അനൂപ് കാളിയാനിയിൽ. പാപ്പയുമായുള്ള കൂടിക്കാഴ്ചയും അനുഭവവും ലൈഫ്ഡേയുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം.
2013 നവംബർ 24 ന് വത്തിക്കാനിൽ വിശ്വാസവർഷത്തിന്റെ സമാപനദിനത്തിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഫ്രാൻസിസ് പാപ്പയുടെ വിശുദ്ധ കുർബാന നടക്കാൻ പോകുന്നു. പാപ്പയുടെ സഹകാർമ്മികരും സഹായികളുമെല്ലാം അദ്ദേഹത്തെ സ്വീകരിക്കാനായി നിൽക്കുകയാണ്. അന്ന് പാപ്പയുടെ കുർബാനയിൽ ശുശ്രൂഷിയാകാൻ അവസരം ലഭിച്ചത് നാല് വൈദികാർഥികൾക്കായിരുന്നു; ആ നാലുപേരിൽ ഒരാൾ ഒരു മലയാളി ഡീക്കൻ ആയിരുന്നു. കൈയിൽ ചെറിയൊരു ആശംസാകാർഡുമായി അന്ന് പാപ്പയെ സ്വീകരിക്കാൻ അദ്ദേഹം ചെന്നു.
“ഞാൻ ഇന്ത്യയിൽ നിന്നാണ്. അടുത്ത വർഷം എന്റെ പട്ടമാണ്. പാപ്പ എനിക്കു വേണ്ടി പ്രാർഥിക്കണം.” കൈ മുത്തിയതിനു ശേഷം ഫ്രാൻസിസ് പാപ്പയോട് ഇത്രയുമൊക്കെ ഞാൻ പറഞ്ഞൊപ്പിച്ചു. പ്രാർഥനയോടെ അദ്ദേഹം എന്റെ നേരെ നോക്കി തലയാട്ടി പുഞ്ചിരിച്ചു.
“പാപ്പയുടെ കുർബാനയ്ക്ക് ശുശ്രൂഷിയായി പങ്കുചേരാൻ അവസരമുണ്ടെന്ന അറിയിപ്പ് ലഭിച്ച അന്നു മുതലുള്ള കാത്തിരിപ്പും പ്രാർഥനയും സന്തോഷവുമായിരുന്നു എനിക്ക്. അദ്ദേഹത്തെ ഏറ്റവുമടുത്ത് ആദ്യമായി കാണുന്നത് അന്നാണ്. സെമിനാരിയിൽ നിന്നും കൂടെയുള്ള ഡീക്കന്മാർ തന്നുവിട്ട ഒരു ആശംസാകത്ത് കൈയിലുണ്ടായിരുന്നു. സന്തോഷം കൊണ്ട് അത് കൊടുക്കാൻ മറന്നുപോയി” – അനൂപ് അച്ചൻ പറഞ്ഞുതുടങ്ങുകയാണ്.
ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ രാജി പ്രഖ്യാപനത്തിനു ശേഷം കോൺക്ലേവ് കൂടിയപ്പോൾ അടുത്ത പാപ്പ ആരായിരിക്കുമെന്നറിയാൻ സിസ്റ്റെയ്ൻ ചാപ്പലിൽ നിന്നും വെളുത്ത പുക ഉയരുന്നതും നോക്കിയിരുന്ന അനേകായിരങ്ങൾക്കിടയിൽ അനൂപച്ചനുമുണ്ടായിരുന്നു. വൈകുന്നേരം ഏഴരയോടു കൂടി അർജന്റീനയിൽ നിന്നുള്ള ജോർജ് ബെർഗോളിയോ ആണ് അടുത്ത മാർപാപ്പ എന്ന അറിയിപ്പ് വന്നപ്പോൾ അദ്ദേഹത്തെ കാണാനുള്ള ആകാംക്ഷയായിരുന്നു പിന്നീട്. പാപ്പ പൊതുസദസ്സിനെ അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹം ആദ്യമായി പറഞ്ഞ വാക്കുകൾ തന്നെ അച്ചന്റെ ഹൃദയത്തിൽ കൊണ്ടു.
“എന്നെ തിരഞ്ഞെടുക്കാൻ ലോകത്തിന്റെ അറ്റം വരെ പോയി” – അർജന്റീന ഒരു അറ്റത്തായതിനാൽ അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു. ആ തുടക്കം തന്നെ സൂചിപ്പിച്ചത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ നർമ്മബോധവും ലാളിത്യവുമാണ്. പിന്നീട് അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു: “ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടിക്കുന്നില്ല. നമ്മളാണ് മടിയന്മാർ.”
പാപ്പയുടെ ഓർമ്മകളിൽ അനൂപച്ചന്റെ ഹൃദയത്തിൽ സ്പർശിച്ചത് ഈ വാക്കുകളാണ്. “ക്ഷമ എന്ന പുണ്യത്തെ ജീവിതത്തിൽ പകർത്തുമ്പോൾ തന്നെ ബാക്കി എല്ലാ നന്മകളും അതിലൂടെ നമ്മിലേക്ക് എത്തിച്ചേരും. അതുകൊണ്ടുതന്നെ ദൈവം ക്ഷമിക്കുന്നതു പോലെ നാം നമ്മോടു തന്നെയും നമുക്കു ചുറ്റുമുള്ളവരോടും ക്ഷമിക്കുമ്പോൾ മറ്റെല്ലാ നന്മകളും നമ്മിലേക്കും മറ്റുള്ളവരിലേക്കും എത്തിച്ചേരും” – അച്ചൻ പറയുന്നു.
പിന്നീട് 2018 ൽ വീണ്ടും റോമിൽ ഉപരിപഠനാർഥം തിരിച്ചെത്തിയ അച്ചൻ, അവർ ലേഡി ഓഫ് ഗ്വാഡലൂപ് ദൈവാലയത്തിന്റെ സഹവൈദികനായി മൂന്നു വർഷക്കാലം സേവനം ചെയ്തു. “ആ കാലയളവിലെല്ലാം പാപ്പയുടെ പൊതുസദസ്സിലും ആഞ്ചലൂസിലുമെല്ലാം പങ്കെടുക്കാൻ പ്രത്യേകം ശ്രമിക്കാറുണ്ടായിരുന്നു. പിന്നീടൊരിക്കൽ ഞങ്ങളുടെ ഇടവകയിലെ അംഗങ്ങൾക്ക് പാപ്പയുടെ വസതിയായ സാന്താ മാർത്തായിൽ അദ്ദേഹത്തിന്റെ കൂടെ പരിശുദ്ധ കുർബാനയിൽ പങ്കുചേരാൻ അവസരം ലഭിച്ചു. അന്നും പാപ്പയെ അടുത്തുകാണാൻ അവസരം ലഭിച്ചു. അദ്ദേഹത്തെ അറിയുന്തോറും നമ്മുടെ ഉള്ളിലെ നന്മയും സ്നേഹവും പതിന്മടങ്ങാകുന്നതു പോലെയാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.
ഒരു വൈദികൻ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എന്റെ ഉള്ളിൽ അദ്ദേഹം നിറച്ച നന്മ വളരെ വലുതാണ്. കൊളോസിയത്തിലെ കുരിശിന്റെ വഴിയിലും വിശുദ്ധപദവി പ്രഖ്യാപനങ്ങളിലും സാധാരണ പൊതുസദസ്സിലും സ്വകാര്യ കൂടിക്കാഴ്ചകളിലുമെല്ലാം അദ്ദേഹം ഒരുപോലെ തന്നെയായിരുന്നു. എവിടെയും ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ഇരുട്ടിലും വെളിച്ചത്തിലുമെല്ലാം അദ്ദേഹം സുവിശേഷം ജീവിച്ചുകാണിച്ച മനുഷ്യനായിരുന്നു.
നേരിട്ടുള്ള കൂടിക്കാഴ്ചകളിലൊക്കെയും അദ്ദേഹം എന്റെ കണ്ണുകളിലേക്കു നോക്കിയായിരുന്നു സംസാരിച്ചതൊക്കെയും. എന്റെ മാത്രമല്ല, അദ്ദേഹം കൂടിക്കാഴ്ച നടത്തുന്ന എല്ലാവരുടെയും കണ്ണിൽ നോക്കിയായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. എന്നാൽ എന്റെ കണ്ണുകളിലേക്കായിരുന്നു പാപ്പ നോക്കിയതെങ്കിലും അത് ചെന്നെത്തിയത് എന്റെ ഹൃദയത്തിലേക്കായിരുന്നു. ഹൃദയങ്ങളെ അറിയുന്നവന്റെ ഏറ്റവും അടുത്ത പിൻഗാമിയായ അദ്ദേഹത്തിനല്ലാതെ മറ്റാർക്കാണ് അതിനു സാധിക്കുക!
സുനിഷ വി എഫ്