പാവങ്ങളുടെ ആവശ്യങ്ങളിൽ അവരെ ആത്മീയമായും ഭൗതികമായും സഹായിക്കാൻ ദൈവം അയയ്ക്കുന്ന ദൂതന്മാരാണ് മിഷനറിമാർ. ഇത്തരത്തിൽ ‘പാവങ്ങളുടെ മിഷനറിമാർ’ എന്നറിയപ്പെടുന്ന ഒബ്ലേറ്റ് മിഷനറിമാരിൽ ഒരാളായ വിൻസെൻസോ ബോർഡോ എന്ന പുരോഹിതൻ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിലെ പാവങ്ങളുടെ വിശപ്പകറ്റുന്ന ‘ഷെഫ് പ്രീസ്റ്റ്’ ആയ കഥ വായിക്കാം.
ഇറ്റാലിയൻ ഒബ്ലേറ്റ് മിഷനറി പുരോഹിതൻ വിൻസെൻസോ ബോർഡോ മൂന്ന് പതിറ്റാണ്ട് മുമ്പാണ് ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിൽ മിഷൻപ്രവർത്തനത്തിനായി എത്തിയത്. അധികനാൾ കഴിയുന്നതിനുമുമ്പുതന്നെ ദരിദ്രരും ഭവനരഹിതരുമായ നിരവധി ആളുകൾക്ക് ഓരോ ദിവസവും വേണ്ടത്ര ഭക്ഷണം ലഭിക്കുന്നില്ല എന്ന സത്യം അദ്ദേഹത്തിനു മനസ്സിലായി.
1998 -ൽ, അദ്ദേഹം വന്ന് അഞ്ചുവർഷങ്ങൾക്കുശേഷം, സിയോളിന്റെ പ്രാന്തപ്രദേശത്തുള്ള സിയോങ്-നാമിൽ പാവപ്പെട്ടവർക്ക് സൗജന്യഭക്ഷണം നൽകുന്നതിനായി ‘അന്നാസ് ഹൗസ്’ എന്ന പേരിൽ ഒരു സൂപ്പ് കിച്ചൻ അദ്ദേഹം സ്ഥാപിച്ചു. എന്നാൽ ഭക്ഷണത്തിൽമാത്രം ‘അന്നാസ് ഹൗസ്’ അദ്ദേഹം ഒതുക്കിനിർത്തിയില്ല; വിവിധ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നതിയുള്ള ഒരു സൗജന്യ മെഡിക്കൽ സെന്ററായും ഇത് പ്രവർത്തിച്ചുപോന്നു.
കഴിഞ്ഞ 25 വർഷത്തിനിടയിൽ, ‘അന്നാസ് ഹൗസ്’ മൂന്ന് ദശലക്ഷത്തിലധികം ഭക്ഷണപൊതികൾ വിതരണം ചെയ്യുകയും, ആയിരക്കണക്കിന് പാവപ്പെട്ട ആളുകൾക്ക് ചികിത്സാസഹായം നൽകുകയും ചെയ്തിട്ടുണ്ട്. അന്നാസ് ഹൗസിന്റെ സിൽവർ ജൂബിലി വർഷം, ദരിദ്രരുടെ സേവനത്തിൽ കൂടുതൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൊറിയൻ ജനതയെ ബോധവൽക്കരിക്കുന്നതിനുള്ള അവസരമായി ഉപയോഗിക്കാനാണ് ഈ വൈദികന്റെ ആഗ്രഹം.
മിഷനറി പ്രവർത്തനത്തിന്റെ തുടക്കംമുതൽ, ബോർഡോ തന്റെ ദൗത്യത്തെ ‘കരുണയുടെ പ്രവൃത്തി’ ആയി കണക്കാക്കുകയും ഭക്ഷണപ്പൊതികൾക്കപ്പുറം തന്റെ സേവനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്തു. വൈദ്യസഹായം, വിദ്യാഭ്യാസം, പാർപ്പിടം എന്നീ സഹായങ്ങൾ അതിൽ ഉൾപ്പെടുന്നു. 50% സർക്കാർ സബ്‌സിഡിയിലും 50% സൗജന്യ സംഭാവനകളിൽനിന്നുമാണ് ബോർഡോ തന്റെ പ്രവർത്തനങ്ങൾക്കുള്ള ചെലവ് കണ്ടെത്തുന്നത്.
21,000 -ഓളം മെഡിക്കൽ സർവീസുകൾ, ഏകദേശം 1,000 -ഓളം ദന്തചികിത്സകൾ, 6,000 -ഓളം സൈക്യാട്രിക് കൺസൾട്ടേഷനുകളും ചികിത്സകളും, 700 -ഓളം നിയമസഹായങ്ങൾ എന്നിവ ഇതുവരെ അന്നാസ് ഹൗസ് ലഭ്യമാക്കിയിട്ടുണ്ട്; ദരിദ്രർക്കിടയിലെ ശുചിത്വവൽക്കരണവും വസ്ത്രങ്ങളുടെ വിതരണവും മിഷന്റെ ഭാഗംതന്നെ.
ദക്ഷിണ കൊറിയ പോലുള്ള ഒരു വികസിതരാജ്യത്തുപോലും നിരവധി ദരിദ്രർ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ ജീവിക്കുന്നു. സമ്പന്നമായ ഈ നഗരത്തിന്റെ തെരുവുകളിൽ താമസിക്കുന്ന ആളുകൾ അവഗണിക്കപ്പെടുകയാണ്. ഇതുപോലൊരു വികസിതരാജ്യത്തേക്ക് ഒബ്ലേറ്റ് മിഷനറിമാർ വരാൻ കാരണംതന്നെ അവർ ‘പാവങ്ങളുടെ മിഷനറിമാർ’ എന്ന് സ്വയം കരുതുന്നതുകൊണ്ടാണ്. ഏഷ്യയിലെ സാമ്പത്തികശക്തിയാണെങ്കിലും, ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റിലെ (ഒ.ഇ.സി.ഡി) മറ്റ് അംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ദക്ഷിണ കൊറിയയിൽ ഇപ്പോഴും ദാരിദ്ര്യമുണ്ടെന്നാണ് ബോർഡോയുടെ അഭിപ്രായം.