മാർ തോമസ് തറയിൽ പിതാവിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം: ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി

ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിനെതിരെ സോഷ്യൽ മീഡിയായിലൂടെ സുനിൽ മാത്യു, എൽസി പി. വി. എന്നിവർ നടത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. അഭിവന്ദ്യ പിതാവിന്റെ സ്ഥാനാരോഹണം അടുത്തിരിക്കുന്ന വേളയിൽ, തുടർച്ചയായ വീഡിയോകളിലൂടെ സുനിൽ മാത്യു എന്നയാൾ പിതാവിനെതിരെ വ്യക്തിഹത്യ നടത്തുന്നത് ദുരുദ്ദേശപരമാണ്.

സാമൂഹിക സൗഹാർദം ലക്ഷ്യംവച്ച് മാർ തോമസ് തറയിൽ ബിലിവേഴ്സ് ചർച്ചിൽ അടുത്തയിടെ നടത്തിയ സന്ദർശനത്തെ ദുർവ്യാഖ്യാനിക്കുകയും വിശ്വാസികളെയും പൊതുസമൂഹത്തെയും തെറ്റിധരിപ്പിക്കുകയും ചെയ്യുന്ന നിരുത്തരവാദപരമായ നടപടികളാണ് സുനിലിന്റെയും സഭയിലെ തന്നെ ചില വിമതരുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിനു പുറമെയാണ് എൽസി പി. വി. എന്ന സ്ത്രീയെ അവതരിപ്പിച്ചുകൊണ്ട് സുനിൽ, മാർ തോമസ് തറയിൽ പിതാവിനെതിരെ വ്യാജമായി സാമ്പത്തികാരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തുള്ള ലൂർദ് മാതാ കെയർ, മദർ തെരേസാ ഹോം എന്നീ സ്ഥാപനങ്ങൾക്ക് ഡോ. ശാന്താ മാധവൻ നൽകിയ സംഭാവനകളെപ്പറ്റിയും അതിന് അനുബന്ധമായി അവരുടെ ആശ്രിതയായിരുന്ന എൽസി പി. വി. യുടെ സംരക്ഷണം ഏറ്റെടുത്തതിനെപ്പറ്റിയും ലൂർദ് മാതാ ചാരിറ്റബിൾ കെയർ ട്രസ്റ്റ് തന്നെ നൽകുന്ന വിശദീകരണം അനുബന്ധമായി ചേർക്കുന്നു.

ഡോ. ശാന്താ മാധവനിൽ നിന്നോ എൽസി പി. വി. യിൽ നിന്നോ മാർ തോമസ്  തറയിൽ പിതാവ് യാതൊരു സംഭാവനയും കൈപ്പറ്റിയിട്ടില്ല. ഈ ട്രസ്റ്റ് 2008 മുതൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നു; പിതാവ് 2017 ൽ മാത്രമാണ് സഹായമെത്രാനായി നിയമിതനായത്. തറയിൽ പിതാവ് ഈ സംരംഭത്തിന്റെ ട്രസ്റ്റിയോ, നടത്തിപ്പുകാരനോ, ബോർഡ് മെമ്പറോ അല്ലാതിരിക്കെ അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നിയമവിരുദ്ധവും കുറ്റകരവുമാണ്. 

നിജസ്ഥിതി അന്വേഷിക്കാതെ മതസാമുദായിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ആശ്യാസമായ പ്രവണതയല്ല. സുനിൽ മാത്യു എന്നയാളിന്റെ നികൃഷ്ടമായ മാധ്യമപ്രവർത്തനത്തിനെതിരെ ചങ്ങനാശേരി അതിരൂപത രൂക്ഷമായ അമർഷം അറിയിക്കുന്നു. ഈ വാർത്തകൾ ഉടൻതന്നെ പിൻവലിച്ച് ക്ഷമാപണം നടത്താത്തപക്ഷം അതിരൂപത ഉചിതമായ നിയമനടപടികളിലേക്ക് കടക്കുന്നതായിരിക്കും.

ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് –  ജാഗ്രതാസമിതിക്കുവേണ്ടി

അഡ്വ. ജോജി ചിറയിൽ, പി. ആർ. ഒ.
ഫാ. ജയിംസ് കൊക്കാവയലിൽ, ഡയറക്ടർ

2024 ഒക്ടോബർ 19, 20 തീയതികളിൽ ചാനൽ i2i പ്രസിദ്ധീകരിച്ച വാർത്തയെ സംബന്ധിച്ചുള്ള ലൂർദ് മാതാ കെയറിന്റെ വിശദീകരണക്കുറിപ്പ്

തിരുവനന്തപുരത്ത് മെഡിക്കൽ കോളജിനുസമീപം പി. ടി. ചാക്കോ നഗറിൽ ചങ്ങനാശേരി അതിരൂപതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ലൂർദ് മാതാ കെയർ ചാരിറ്റബിൾ ട്രസ്റ്റ് 2008ൽ രജിസ്റ്റർ ചെയ്ത‌ിട്ടുള്ളതാണ് (രജി. നം. 1V/128/2008). ഈ ട്രസ്റ്റിനുകീഴിൽ ഇന്ന് പ്രധാനമായും രണ്ട് കാരുണ്യസ്ഥാപനങ്ങളാണ് ഉള്ളത്. പി. ടി. ചാക്കോ നഗറിലുള്ള ലൂർദ് മാതാ കാൻസർ കെയർ ഹോം 2016 മുതലും രണ്ടാമത്തേത് 2019 ൽ ആരംഭിച്ച നെടുമങ്ങാട് മദർ തെരേസാ ഓൾഡേജ് ഹോമും ആണ്.

തിരുവനന്തപുരത്ത് RCC യിലും ഇതര ആശുപത്രികളിലുമായി ചികിത്സയ്‌ക്കെത്തുന്ന തീർത്തും പാവപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരുമായി ഒരു വയസ്സു മുതൽ വൃദ്ധരായവർവരെ 120 ൽപരം വിവിധ മതസ്ഥരാണ് ലൂർദ് മാതാ കെയറിൽ താമസിച്ച് ചികിത്സ നേടിവരുന്നത്. ഇവർക്ക് ഇക്കാലയളവിലുള്ള ഭക്ഷണം, താമസം, ഏറ്റവും പാവപ്പെട്ടവർക്ക് ഗതാഗതസൗകര്യം ഉൾപ്പെടെ പൂർണ്ണമായും സൗജന്യമായാണ് നൽകുന്നത്. രണ്ടു ഭവനങ്ങളിലും രോഗികളും ശുശ്രൂഷകരും സ്റ്റാഫ് അംഗങ്ങളും ഒരേ ഭക്ഷണമാണ് കഴിക്കുന്നത്. ഇതിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ വസ്‌തുതാവിരുദ്ധമാണ്. രോഗികൾ ഏറെയും കിടപ്പാടം പോലും വിറ്റും കടം വാങ്ങിയും ചികിത്സയ്‌ക്കെത്തിയവരാണ്. പണമില്ലാത്തതിനാൽ ഇപ്രകാരമുള്ള രോഗികൾക്ക് ചികിത്സയ്ക്കു വേണ്ടുന്നത്ര പണം സന്നദ്ധരായ ഉദാരമതികൾവഴി രോഗികൾക്ക് നേരിട്ടുലഭിക്കുന്ന വിധത്തിൽ അവരെ സഹായിക്കാനാണ് ഇന്നുവരെയും ഈ സ്ഥാപനം ശ്രദ്ധിച്ചിട്ടുള്ളത്. ഇതിനോടകം ഇവിടെ താമസിച്ച് ചികിത്സനേടി മടങ്ങിയ നൂറുകണക്കിനാളുകൾക്ക് ഇക്കാര്യത്തെക്കുറിച്ച് അനുഭവസാക്ഷ്യങ്ങൾ പറയാനുണ്ടാകും.

ചികിത്സാസഹായങ്ങൾ നൽകുന്നതു കൂടാതെ, കാൻസർ കെയർ ഹോമിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കു മാത്രം പ്രതിമാസം ഏറ്റവും ചുരുങ്ങിയത് ആറു ലക്ഷം രൂപയോളം ചെലവു വരുന്നുണ്ട്.

നെടുമങ്ങാടിനു സമീപം കൊല്ലങ്കാവിൽ സ്ഥിതിചെയ്യുന്ന മദർ തെരേസാ ഓൾഡേജ് ഹോമാണ് ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ സ്ഥാപനം. തെരുവിലലയുന്നവർ, ഉപേക്ഷിക്കപ്പെട്ടവർ, ഭവനങ്ങളിൽ സംരക്ഷിക്കാൻ നിവൃത്തിയില്ലാത്തവർ തുടങ്ങിയ ഗണത്തിൽവരുന്ന പ്രായമായ 24 സ്ത്രീകളാണ് ഇവിടുത്തെ അന്തേവാസികൾ; ഇവരിൽ കിടപ്പുരോഗികളുമുണ്ട്. ഇവിടുത്തെ അമ്മമാരുടെ ചികിത്സയ്ക്കും ദൈനംദിന ചെലവുകൾക്കുമായി പ്രതിമാസം രണ്ടുലക്ഷം രൂപയോളം രൂപ ചെലവു വരുന്നുണ്ട്.

ഈ രണ്ടു സ്ഥാപനത്തെയും അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിനെയും അപകീർത്തിപ്പെടുത്താനുള്ള 19.25 മിനിട്ട് ദൈർഘ്യമുള്ള വസ്‌തുതാവിരുദ്ധമായ വീഡിയോ നിർഭാഗ്യകരമെന്നേ പറയാനുള്ളൂ.

വീഡിയോയുടെ പ്രസക്തഭാഗങ്ങളെക്കുറിച്ച്

1 . ഡോ. ശാന്താ മാധവൻ എന്ന വലിയ മനുഷ്യസ്നേഹിയായ ഡോക്ടർ 2014 ൽ പി. റ്റി.  ചാക്കോ നഗറിൽ പണി ആരംഭിച്ച കാൻസർ കെയർ ഹോമിന്റെയും 2018 ൽ പണി ആരംഭിച്ച മദർ തെരേസാ ഓൾഡേജ് ഹോമിന്റെയും നിർമണത്തിന് വലിയ സംഭാവന നൽകിയിട്ടുണ്ട്. ഡോ. ശാന്താ മാധവനിൽനിന്നും 2014 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ വിവിധ സമയങ്ങളിലായി ബാങ്ക് മുഖേന ഒരു കോടി അറുപത്തിയേഴ് ലക്ഷം രൂപയോളം ട്രസ്റ്റ് സ്വീകരിച്ചിട്ടുണ്ട് പല സമയങ്ങളിലായി നൽകിയ മുഴുവൻ സംഭാവനകളുടെയും രേഖകൾ ലൂർദ് മാതാ കെയർ സൂക്ഷിക്കുന്നുണ്ട്. യാതൊരു വ്യവസ്ഥകളും ഈ സംഭാവന നൽകുമ്പോൾ ഡോക്ടർ രേഖാമൂലം നൽകുകയോ, ട്രസ്റ്റിനോട് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.

2. 2018 ൽ ഡോ. ശാന്താ മാധവൻ അന്തരിച്ചതിനെത്തുടർന്ന് ഡോക്ടറിന്റെ ശുശ്രൂഷക മാത്രമായിരുന്ന അവിവാഹിതയായ എൽസി പി. വി. എന്ന പരാതിക്കാരി അന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് രംഗത്തുവരാൻ തുടങ്ങി. എൽസിയിൽ നിന്നും 2015 മുതൽ 2019 വരെ പണമായോ, ചെക്കായോ ലൂർദ് മാതാ കെയർ സ്വീകരിച്ചിരിക്കുന്നത് 10,97,000 രൂപ മാത്രമാണ്. സംഭാവനകൾ, ചെക്കായും പണമായും സ്വീകരിച്ചതിന് കൃത്യമായ രേഖകളുണ്ട്. ഈ സംഭാവനകൾ പരാതിക്കാരി വ്യവസ്ഥകളില്ലാതെ നൽകിയിട്ടുള്ളതാണ്. പ്രസ്‌തുത കാലയളവിൽ രണ്ടു സ്ഥാപനങ്ങളുടെയും നിർമണത്തിനും വളർച്ചയ്ക്കും അഹോരാത്രം കഷ്ടപ്പെട്ട വൈദികനാണ് പരാതിക്കാരി അപകീർത്തിപ്പെടുത്തുന്ന ബഹു. മാളിയേക്കൽ റോണിയച്ചൻ. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ തികച്ചും വസ്‌തുതാവിരുദ്ധമാണ്.

3. കോവിഡ് സമയത്ത് റോണിയച്ചൻ സ്ഥലം മാറിപ്പോവുകയും പിന്നീട് ചുമതലയേറ്റ ഡയറക്ടർ മുതൽ അഭിവന്ദ്യ പിതാക്കന്മാർ, ബഹു. റോണിയച്ചൻ, വൈദികർ, സന്യസ്‌തർ, ബോർഡംഗങ്ങൾ, കാരുണ്യശുശ്രൂഷകളിൽ നിസ്വാർഥമതികളായി പ്രവർത്തിക്കുന്നവർ, എന്തിനേറെ പാവപ്പെട്ട രോഗികളെക്കുറിച്ചും അവരുടെ കൂട്ടിരിപ്പുകാരെക്കുറിച്ചു പോലും 2020 ഡിസംബർ ആദ്യവാരം മുതൽ നേരിട്ടെത്തിയും ഫോൺ മുഖേനയും സാധ്യമായ എല്ലാ വഴികളുമുപയോഗിച്ച് പരാതിക്കാരി മാനസികമായി പീഡിപ്പിക്കുകകയും ആക്ഷേപങ്ങൾ നടത്തിവരികയുമാണ്.

4. ലൂർദ് മാതാ കെയറിന് ഡോ. ശാന്താ മാധവനോടുള്ള വലിയ ബഹുമാനത്തെപ്രതി പരാതിക്കാരിക്ക് ഓൾഡേജ് ഹോമിൽ മരണംവരെയും താമസിക്കാൻ സൗകര്യമുള്ള ആ സ്ഥാപനത്തിലെ ഏറ്റവും നല്ല ബാത്ത് അറ്റാച്ച്ഡ് മുറിയും നൽകിയിട്ടുള്ളതാണ്.

5. എൽസി പി. വി. യുടെ ആരോഗ്യസംരക്ഷണത്തിനായി 2022 മുതൽ 5 ലക്ഷം രൂപായുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തുകൊടുത്തിട്ടുള്ളതുമാണ്. ഇതിന്റെ പ്രീമിയം ലൂർദ് മാതാ കെയർ മുടങ്ങാതെ അടച്ചുവരുന്നു.

6. 2024 സെപ്റ്റംബർ രണ്ടിന് എൽസി പി. വി. ഒരു വീഴ്‌ചയെത്തുടർന്ന് പാളയത്തുള്ള ജൂബിലി ഹോസ്‌പിറ്റലിൽ അഡ്‌മിറ്റാവുകയും തുടർന്ന് കാൽമുട്ടിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തിട്ടുള്ളതാണ്. ഈ സമയത്തും എൽസിയെ ആശുപത്രിയിൽ പോയി ട്രസ്റ്റിന്റെ ചെയർമാനും ഡയറക്ടറുമുൾപ്പെടെ രണ്ടു ഭവനങ്ങളിലുമുള്ള വൈദികരും സിസ്റ്റേഴ്സു‌ം സന്ദർശിക്കുകയും ആരോഗ്യവിവരങ്ങൾ തിരക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്ത്‌ 2024 സെപ്റ്റംബർ 9 ന് മേൽപ്പറഞ്ഞ ഇൻഷുറൻസ് വഴി ചികിത്സാചെലവ് ലഭിച്ചിട്ടുണ്ട്. മദർ തെരേസാ ഹോമിലേക്കു കൊണ്ടുപോയി ശുശ്രൂഷിക്കാൻ സിസ്റ്റേഴ്‌സ് സന്നദ്ധത പ്രകടിപ്പിച്ച് ജൂബിലി ആശുപത്രിയിൽ ചെന്നെങ്കിലും സ്റ്റിച്ച് എടുക്കുന്നതുവരെ, ഡോക്ടർ ശാന്താ മാധവൻ വാങ്ങിക്കൊടുത്ത കാര്യവട്ടത്തുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഫ്ളാറ്റിൽ താമസിക്കാനാണ് പരാതിക്കാരി ഇഷ്ടപ്പെട്ടത്. സ്റ്റിച്ച് എടുത്തുകഴിഞ്ഞ് ഓൾഡേജ് ഹോമിലേക്കു പൊയ്ക്കൊള്ളാമെന്നു സമ്മതിച്ചെങ്കിലും പിന്നീട് പോയില്ല. അവിടെയുള്ള മുറിയും അനുബന്ധസൗകര്യങ്ങളും എൽസി പി. വി. തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്; മുറിയുടെ താക്കോലും പരാതിക്കാരിയുടെ കൈയിൽത്തന്നെയാണ്. മരണംവരെയും ഈ മുറിയും അനുബന്ധസൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്നതിന് എൽസിക്ക് പൂർണ്ണസ്വാതന്ത്ര്യമുള്ളതാണ്.

7. ഡോക്ടർ ശാന്താ മാധവന്റെയും ഭർത്താവ് ഡോക്ടർ എ. മാധവന്റെയും ചരമവാർഷികം സമുചിതമായി ആചരിക്കുകയും സെപ്റ്റംബർ 23-ാം തീയതി ശ്രീമതി എൽസി പി. വി. യുടെ ജന്മദിനവും ആഘോഷപൂർവം കൊണ്ടാടുകയും മേല്പറഞ്ഞ സെപ്റ്റംബർ 23, ഒക്ടോബർ 11 എന്നീ തീയതികളിൽ ശ്രീമതി എൽസി പി. വി. ലൂർദ് മാതാ കെയറിലെത്തി രോഗികൾക്കുനൽകിയ സദ്യയിൽ പങ്കുചേരുകയും ചെയതാണ്. കൂടാതെ, സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ഫിസിയോ തെറാപ്പി നടന്ന രണ്ടാഴ്ച്‌ചക്കാലവും കാര്യവട്ടത്തുള്ള ഫ്ളാറ്റിൽ ഉച്ചഭഷണവുമായി പോയി ഉച്ചഭക്ഷണം നൽകിയശേഷം ശ്രീമതി എൽസി പി. വി. യെ ഫ്ളാറ്റിൽനിന്ന് ഫിസിയോ തെറാപ്പിക്കായി കൊണ്ടുപോയതും തിരികെ കൊണ്ടാക്കിയതും ലൂർദ് മാതാ കെയറാണ്. പരാതിക്കാരിയുടെ ന്യായമായ ഒരാവശ്യവും ലൂർദ് മാതാ കെയർ ഇതുവരെ നിഷേധിച്ചിട്ടില്ല.

8. 2019 ൽ ആരംഭിച്ച ഓൾഡേജ് ഹോമിൽ ആദ്യമരണം നടന്നത് 2022 മാർച്ച് 24 നും അവസാന മരണം നടന്നത് 2024 ഒക്ടോബർ 19 നുമാണ്. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള ഈ സ്ഥാപനത്തിൽ നടന്നിട്ടുള്ള എല്ലാ മരണങ്ങളും വാർധക്യസഹജമായ രോഗങ്ങൾ മൂലമുള്ള സ്വാഭാവിക മരണങ്ങളാണ്. ഇക്കാര്യത്തെക്കുറിച്ച് സ്ഥലം പൊലീസ്, ആശുപത്രി അധികൃതർ, മുൻസിപ്പൽ കൗൺസിലർമാർ എന്നിവർക്ക് കൃത്യമായ അറിവുകളുണ്ട് . ഒപ്പം, ഇതേ സംബന്ധിച്ച മതിയായ രേഖകൾ ഓൾഡേജ് ഹോമിൽ സൂക്ഷിച്ചിട്ടുമുണ്ട്.

ദൈവപരിപാലനയാലും അഭിവന്ദ്യ പിതാക്കന്മാരുടെ കരുണാർദ്രമായ അനുഗ്രഹാശിസുകളോടെയും ഉദാരമനസ്‌കരായ സാധാരണ മനുഷ്യരുടെയും സഹായംകൊണ്ടു നടത്തപ്പെടുന്ന കാരുണ്യ ഭവനങ്ങളാണ് നമ്മുടെ ലൂർദ്ദ് മാതാ കെയറും ഓൾഡേജ് ഹോമും. ചങ്ങനാശേരി അതിരൂപതയുടെ കാരുണ്യമുഖമായി ഒരു കലർപ്പുമില്ലാതെ നിസ്വാർഥമായി സേവനം ചെയ്യുന്ന ലൂർദ് മാതാ കെയറിന്റെ രാപ്പകലില്ലാതെയുള്ള ശുശ്രൂഷകൾക്ക് എല്ലാവരുടെയും തുടർന്നുള്ള പിന്തുണ അഭ്യർഥിക്കുന്നു.

9. അഭിവന്ദ്യ തോമസ് തറയിൽ പിതാവ് ഈ ട്രസ്റ്റിന്റെ ബോർഡ് മെമ്പർ അല്ലാത്തതിനാൽ ട്രസ്റ്റിന്റെ ദൈനംദിന കാര്യങ്ങളിലോ, സാമ്പത്തിക ഇടപാടുകളിലോ ഒരിക്കൽപ്പോലും പ്രത്യക്ഷമായോ, പരോക്ഷമായോ ഇടപെട്ടിട്ടില്ല. ഇക്കാരണത്താൽത്തന്നെ പരാതിക്കാരി പിതാവിനെതിരെ ഉന്നയിച്ചിരിക്കുന്ന സാമ്പത്തിക ഇടപാടുമായി അദ്ദേഹത്തിന് യാതൊരു ബന്ധവും ഇല്ലാത്തതാണ്.

10. ഓൾഡ് ഏജ് ഹോമിലെ താമസത്തിനിടയിൽ പരാതിക്കാരിക്ക് സിസ്റ്റേഴ്‌സ് വിഷം കലർന്ന ഭക്ഷണം നൽകി എന്നു പറയുന്നതും റൂം കുത്തിത്തുറന്ന് മോഷണം നടത്തി എന്നു പറയുന്നതും ശുദ്ധ അംസംബന്ധമാണ്.

എൽസി പി. വി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഉന്നയിക്കുന്ന, നീതിക്കു നിരക്കാത്തതായ മുഴുവൻ ആരോപണങ്ങളേയും ലൂർദ് മാതാ കെയർ ട്രസ്റ്റ് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ജാതി-മതവ്യത്യാസമില്ലാതെ പൊതുസമൂഹം വലിയ പ്രതീക്ഷയോടെ കാണുന്ന ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്തയെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുന്നതിനും തലസ്ഥാന നഗരിയിലെ ചങ്ങനാശേരി അതിരൂപതയുടെ കാരുണ്യമുഖമായി പ്രശോഭിച്ചുനിൽക്കുന്ന പ്രസ്ഥാനങ്ങളെ തകർക്കാനുമുള്ള ഗൂഢതന്ത്രങ്ങൾ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. പരാതിക്കാരിയുടെ ഇത്തരത്തിലുള്ള അപരിഷ്കൃതമായ ചെയ്‌തികൾ മനസ്സിലാക്കി പൂർണ്ണജാഗ്രതയോടെ ഈ വിഷയത്തെ സമീപിക്കണമെന്ന് താല്പര്യപ്പെടുന്നു. ഇതുവരെ നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങൾ തുടർന്നും എൽസി പി. വി. ക്ക് നല്കുന്നതായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.