“പരിശുദ്ധ കുർബാനയുമേന്തിയുള്ള പലായനത്തിന്റെ ആ രാത്രി”: ഓർമ്മകൾ പുതുക്കി ഫാ. മാർട്ടിൻ ബന്നി

വടക്കൻ ഇറാഖിലെ ചെറുപട്ടണമായ കരംലേഷ് നിവാസികളിൽ ഭീതി നിറയ്ക്കുന്ന ഒരു ഓർമ്മയാണ് 2014-ലെ ആഗസ്റ്റ് ആറാം തീയതി. ബോംബാക്രമണങ്ങളുടെയും നിലവിളികളുടെയും ദുരന്തവാർത്തകളുടെയും ശബ്ദത്താൽ അടയാളപ്പെടുത്തപ്പെട്ട ആ ദിനത്തിൽ, പരിശുദ്ധ കുർബാനയുമേന്തി അതിജീവിച്ച സംഭവം പറയുകയാണ് ഫാ. മാർട്ടിൻ ബന്നി.

“പത്തു വർഷങ്ങൾക്കുമുൻപ് ഞാൻ, കരംലേഷ് ദൈവാലയത്തിലെ വികാരിയായിരുന്ന ബിഷപ്പ് ബൗലോസ് താബെറ്റിനൊപ്പം ഒരു സെമിനാരിക്കാരനായി ശുശ്രൂഷ ചെയ്യുകയായിരുന്നു. ജനങ്ങളെ ആശ്വസിപ്പിക്കാനായി ഞങ്ങൾ നഗരത്തിലൂടെ നടന്നുനീങ്ങവെ രാത്രി പത്തുമണിയോടടുത്താണ്, ക്രിസ്ത്യൻ ഗ്രാമമായ ടെൽകെപ്പെ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പിടിച്ചെടുത്തു എന്ന വാർത്ത അറിയുന്നത്” – ദുരന്തമുഖത്തെ ഓർമ്മകളുമായി ഫാ. ബന്നി തുടർന്നു. “തീവ്രവാദികളുടെ കടന്നാക്രമണത്തിന്റെ വേഗത മനസിലാക്കിയ ആ നിമിഷമാണ് എർബിലിലേക്ക് പലായനം ചെയ്യാനുള്ള ഉത്തരവുണ്ടാകുന്നത്. തീവ്രവാദികൾ അടുത്തുവരുന്നതിന്റെ മുന്നോടിയായി പള്ളിമണി മുഴക്കിക്കൊണ്ട് ദൈവാലയത്തിലെ പ്രധാന രേഖകളും വിശുദ്ധപാത്രങ്ങളും അടുക്കിവച്ചു. രോഗികളെയും പ്രായമായവരെയും ദൈവാലയത്തിന്റെ വാഹനങ്ങളിൽ കൊണ്ടുപോകാമെന്നും ആളുകളെ അറിയിച്ചു.” പൗരോഹിത്യം സ്വീകരിച്ചിട്ടില്ലാതിരുന്നിട്ടുകൂടി സക്രാരിയിലെ കൂദാശചെയ്ത പരിശുദ്ധ കുർബാന കൊണ്ടുപോകാനുള്ള അനുഗ്രഹം ലഭിച്ചത് ഫാ. ബന്നിക്കായിരുന്നു.

ഇസ്രായേൽജനം വാഗ്ദാനപേടകം കൊണ്ടുനടന്ന അനുഭവമായിരുന്നു അതുവഴി അദ്ദേഹത്തിനുണ്ടായത്. പലായനത്തിന്റെ ആ രാത്രിയിൽ വലിയ സുരക്ഷിതത്വവും ആനന്ദവും അദ്ദേഹം അനുഭവിച്ചു. ഭീകരാക്രമണത്തിനുശേഷം കരംലേഷിലേക്കുള്ള തിരിച്ചുവരവിലും ആദ്യം പരിശുദ്ധ കുർബാനയായി മടങ്ങിയെത്തിയതും ഫാ. ബന്നിയായിരുന്നു. “പലായനത്തിലുടനീളവും തിരിച്ചുവരവിലും പരിശുദ്ധ കൂദാശ ഞങ്ങളെ അനുഗമിച്ചു. ഓരോ പട്ടണത്തിലൂടെയും കടന്നുപോകുമ്പോൾ അവിടെയുള്ള വീടുകളെയും ആളുകളെയും ഈ പരിശുദ്ധ കുർബാനയുടെ സാന്നിധ്യത്താൽ അനുഗ്രഹിച്ചു” – ഫാ. ബന്നി അനുസ്മരിച്ചു.

സെമിനാരിക്കാരനിൽനിന്ന് പൗരോഹിത്യത്തിലേക്കുള്ള യാത്രയിൽ പരിശുദ്ധ കുർബാനയും കൈയിലേന്തിയുള്ള ആ പലായനത്തിന്റെ രാത്രി ഫാ. ബന്നിയെ ഏറെ സ്വാധീനിച്ചിരുന്നു. “ദൈവത്തിന്റെ കരം ചെങ്കടൽ മുറിച്ചുകടക്കാൻ ഇസ്രായേൽജനത്തെ സഹായിച്ചതുപോലെ ഞങ്ങളുടെ ജീവിതത്തിലെ പരീക്ഷണങ്ങളിൽ പരിശുദ്ധ കുർബാനയുടെ സാന്നിധ്യം ഞങ്ങളെ താങ്ങിനിർത്തി. ഇറാഖിലെ സഭ യഥാർഥത്തിൽ ജീവനുള്ളതാണ്. ക്രിസ്തു ഞങ്ങളുടെ ഇടയിൽ ജീവിക്കുന്നു; ഞങ്ങളിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു” – പരിശുദ്ധ കുർബാനയുടെ ശക്തി തിരിച്ചറിഞ്ഞുകൊണ്ട് ഫാ. ബന്നി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.