ലാളിത്യത്തിന്റെ പ്രതീകമായാണ് വി. കൊച്ചുത്രേസ്യ അറിയപ്പെടുന്നത്. എല്ലാവർക്കും എന്നും പ്രിയപ്പെട്ട വിശുദ്ധയായിരുന്നു കൊച്ചുത്രേസ്യാ. ലളിതമായ ജീവിതമായിരുന്നു അവൾ നയിച്ചിരുന്നത്. അവളുടെ ആത്മാവിന് അവിശ്വസനീയമായ സഹനശക്തി ഉണ്ടായിരുന്നു. നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു അവള്‍. ഇവയൊക്കെയാണ് അവളെ എല്ലാവരുടെയും പ്രിയപ്പെട്ട വിശുദ്ധയാക്കിയത്.
വി. കൊച്ചുത്രേസ്യായുടെ ജ്ഞാനവും സ്നേഹവും നമ്മുടെ ജീവിതത്തിലും പ്രവൃത്തികമാക്കാന്‍ അവള്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്ക് സഹായകമാകും.
1. “ത്യാഗം ചെയ്യാനുള്ള ചെറിയ അവസരങ്ങൾപോലും പാഴാക്കരുത്. പുഞ്ചിരിയോടെ എല്ലാവരെയും നോക്കുക. എല്ലാവരോടും ദയകാണിക്കുക. ശരികൾമാത്രം ചെയ്യുക. സ്‌നേഹത്തിനുവേണ്ടി എല്ലാം ചെയ്യുക.”
വി. കൊച്ചുത്രേസ്യാ അക്കാലത്തെ, ആരും കാണാതെപോയ ഒരു നിധിയായിരുന്നു. അവള്‍ എല്ലാം ചെയ്തിരുന്നത് സ്നേഹത്തോടെയായിരുന്നു. ചെറിയ പുഞ്ചിരികൊണ്ട് നമുക്ക് മറ്റുള്ളവരെ ഏറെ സന്തോഷിപ്പിക്കാന്‍ കഴിയും.
2. “നമ്മുടെ പ്രവൃത്തികളുടെ മഹത്വം അളക്കേണ്ടത് അത് എത്രമാത്രം സ്നേഹത്തോടെ ചെയ്യുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ്. നമ്മൾ ചെയ്യുന്നതെല്ലാം വലുതാക്കിക്കാണിക്കാന്‍ നാം ശ്രമിക്കുന്നു. നമ്മൾ ചെയ്യുന്നതെല്ലാം മറ്റുള്ളവർ കാണണമെന്ന് ആഗ്രഹിക്കുന്നു. സ്‌നേഹത്തോടെയല്ല നമ്മളതു ചെയ്യുന്നതെങ്കിൽ നമ്മുടെ അധ്വാനവും പ്രവര്‍ത്തികളുടെ വലിപ്പവും തികച്ചും അപ്രസക്തമാണെന്ന് വി. കൊച്ചുത്രേസ്യാ ഓർമ്മിപ്പിക്കുന്നു.
3. “എല്ലാ പ്രവർത്തികളിലും സ്‌നേഹം ഉൾക്കൊള്ളിക്കുക. ആ സ്‌നേഹം എല്ലാമായിരിക്കും. ശാശ്വതമായിരിക്കും. എല്ലാ സമയവും എല്ലായിടത്തും അത് സ്വീകരിക്കപ്പെടും.”
സ്നേഹമായിരിക്കണം നമ്മുടെ ലക്ഷ്യം, മുഖ്യ ആകര്‍ഷണകേന്ദ്രം. നമ്മുടെ ശ്വാസത്തിനും ജീവിതത്തിനുമുള്ള കാരണം സ്നേഹമായിരിക്കണം. ദൈവം നമ്മുടെ ജീവിതത്തിന്റെ നടുവിൽത്തന്നെ ആണെങ്കിൽ, സ്നേഹത്തെ തിരഞ്ഞെടുക്കുന്നതിലൂടെ അവനെ അനുകരിക്കാനും ബഹുമാനിക്കാനും നാം ആത്മാർഥമായി പരിശ്രമിക്കും. സ്നേഹം എല്ലാ ജോലിയുടെയും കാതലായ ഭാഗമായിരിക്കണം. ഓരോ ദിവസവും നമ്മൾ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും സ്നേഹത്തിന്റെ പ്രചോദനം ആവശ്യമാണെന്ന് വി. കൊച്ചുത്രേസ്യാ പറയുന്നു.
4. “സ്‌നേഹത്തിൽ ജീവിക്കുക, എല്ലായിടത്തും സ്നേഹത്തെ പ്രസരിപ്പിക്കുക. അപ്പോള്‍ മറ്റുള്ളവരുടെ ഹൃദയത്തിൽ സന്തോഷവും സമാധാനവും വിതയ്ക്കാന്‍ നമുക്ക് സാധിക്കും.”
വി. കൊച്ചുത്രേസ്യാ ഭൂമിയിൽ ദൈവവുമായി തികഞ്ഞ ഐക്യം നേടിയിരുന്നു. സ്നേഹത്തിന്റെ അനന്തതയെ നാം തിരിച്ചറിയുകയും അത് എല്ലാവരിലേക്കും പ്രതിഫലിപ്പിക്കുകയും ചെയ്യുക. എല്ലാവരുടെയും ഹൃദയത്തില്‍ സന്തോഷവും സമാധാനവും വിതയ്ക്കുന്ന ‘പുഷ്പം’ പോലെ ആവുക.
5. “കാരുണ്യമാണ് എന്റെ മാർഗനിർദേശി. അതിന്റെ വെളിച്ചത്തിൽ ഞാൻ നേരായ പാതയിലൂടെ നടക്കുന്നു. എന്റെ ആദർശമാണ് ഞാൻ എഴുതുന്നത്: സ്നേഹത്തിൽ ജീവിക്കുക.”
ഈ ആധുനികവും സുന്ദരവുമായ ലോകത്തിൽ ജീവിക്കുമ്പോള്‍ എങ്ങനെയാണ് വി. കൊച്ചുത്രേസ്യാ, തന്റെ ചെറിയ ജീവിതത്തിൽ നിസ്വാർഥവും ത്യാഗപരവുമായ വഴിയിൽ ജീവിച്ചതെന്ന് നമ്മൾ ചിന്തിച്ചേക്കാം. പക്ഷേ, ഏറ്റവും പ്രാധാന്യമേറിയ കാര്യങ്ങളിൽ എങ്ങനെ നിലകൊള്ളണമെന്ന് വി. കൊച്ചുത്രേസ്യായ്ക്ക് നന്നായി അറിയാമായിരുന്നു. അവളുടെ വിശ്വാസം അവളുടെ ദീപസ്‌തംഭം ആയിരുന്നു.
6. “നമുക്ക് സ്‌നേഹിക്കാം. കാരണം, അത് നമ്മുടെ ഹൃദയങ്ങൾക്കായി നിർമ്മിക്കപ്പെട്ടിരിക്കുന്നു.”
സ്നേഹം വികാരത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. ഭാവനാലോകത്തിന്റെ സൃഷ്ടിയുമല്ല. ഇത് കാമവികാരവുമല്ല. ദൈവത്തിന്റെ പ്രതിബിംബമാണ് സ്നേഹം. ഒരു വികാരത്തേക്കാൾ സേവനത്തിനുള്ള ഉത്തേജനമാണ് യഥാര്‍ഥസ്നേഹം നമ്മില്‍ നിറയ്ക്കുന്നത്.
7. “സ്നേഹത്തിന് എല്ലാം സാധിക്കും. സ്നേഹമുണ്ടെങ്കില്‍ ജോലിയില്‍ അസാധാരണമായ കാര്യങ്ങൾ എളുപ്പത്തിലാകും.”
എല്ലാ കാര്യങ്ങളും സ്നേഹത്തോടെ ചെയ്യുമ്പോള്‍ ഏതു വലിയ ജോലിയും സന്തോഷത്തോടെയും എളുപ്പത്തിലും ചെയ്യാന്‍ നമുക്ക് കഴിയും.
8. “സ്‌നേഹമില്ലായ്മ ഏറ്റവും സമർഥാനായവനെപ്പോലും ഒന്നുമില്ലാത്തവനാക്കും.” എന്തൊക്കെ നേടിയാലും സ്നേഹമില്ലെങ്കില്‍ നമ്മുടെ ജീവിതം അര്‍ഥശൂന്യമാണ്.
9. “ഞാൻ ജീവികളിൽ ഏറ്റവും ചെറിയ ആളാണ്. എന്റെ യോഗ്യതയില്ലായ്മ ഞാൻ തിരിച്ചറിയുന്നു. പക്ഷേ, ദൈവത്തെ കുലീനമായും ഉദാരമായും സ്‌നേഹിക്കാൻ എനിക്കറിയാം.”
വി. കൊച്ചുത്രേസ്യാ കരുണയുടെ പ്രതീകമാണ്. സ്‌നേഹത്തിന് ഒരിക്കലും ഒരു പിശുക്കന്റെ ഹൃദയത്തിൽ ജീവിക്കാനാവില്ല. സ്വാർഥതയോടെ നമ്മുടെ സമയവും പണവും വസ്തുവകകളും പൂഴ്ത്തിവയ്ക്കാൻ നാമെല്ലാവരും പോരാടുന്നു. സ്‌നേഹത്തിന്റെ ഹൃദയമുള്ളവൻ ശ്രേഷ്ഠജീവിതം നയിക്കുന്നവനാണ്.
10. “മറ്റൊരാളുടെ സ്നേഹത്തിന് കണക്ക് വയ്ക്കരുത്.” യഥാർഥസ്നേഹം നിരുപാധികമാണ്. പക്ഷേ, മറ്റുള്ളവരുടെ അംഗീകാരത്തിനുവേണ്ടിയാണ് നമ്മള്‍ പലപ്പോഴും പലരെയും സനേഹിക്കുന്നത്. നമ്മൾ സ്നേഹിക്കുമ്പോള്‍, വിശേഷിച്ചും നാം ദൈവത്തെ സ്നേഹിക്കുമ്പോള്‍ നമ്മൾ ഒന്നും പ്രതീക്ഷിക്കരുത്. സ്‌നേഹം സൗജന്യമായ സമ്മാനമാണ്. പണംകൊണ്ട് അത് അളക്കരുത്.
വി. കൊച്ചുത്രേസ്യായെപ്പോലെ നമ്മൾ ജീവിച്ചാല്‍, നമ്മുടെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടാകും. ദൈവസ്നേഹത്താല്‍ നിറയുന്ന വ്യക്തികളില്‍ വരുന്ന മാറ്റമാണ് അത്. ഇന്നുമുതൽ കൊച്ചുത്രേസ്യായുടെ ജീവിതമാതൃകയെ പിഞ്ചെന്ന് നമുക്കും വിശുദ്ധിയുടെ പടവുകള്‍ ചവിട്ടിത്തുടങ്ങാം.