![Sulaymaniyah-Monastery-in-Iraq](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/Sulaymaniyah-Monastery-in-Iraq.jpg?resize=696%2C435&ssl=1)
ഇറാക്കിലെ സുലൈമാനിയാ മൊണാസ്ട്രിയുടെ തലവനാണ് ഫാ. ജെൻസ് പെറ്റ് സോൾഡ്. ക്രിസ്റ്റ്യൻ – മുസ്ലീം സംഭാഷണങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു മൊണാസ്ട്രിയാണ് ഇത്. അഭയാർഥികൾക്കുവേണ്ട സേവനങ്ങൾ ചെയ്തുകൊടുക്കുന്നതും ചെറിയ സമൂഹമായ തദ്ദേശീയരായ ക്രൈസ്തവരുടെ ആത്മീയ അവശ്യങ്ങൾ നിർവഹിക്കുന്നതും ഈ മൊണാസ്ട്രിയാണ്. തുടർന്നു വായിക്കുക.
ഫാ. ജെൻസ് പെറ്റ്സോൾഡ്
അവിശ്വാസിയും അതേസമയം ആത്മീയാന്വേഷകനുമായിരുന്നു ജെൻസ് പെറ്റ്സോൾഡ് എന്ന സിറ്റ്സ്വർലണ്ടുകാരൻ. 1990 കളുടെ മധ്യത്തിൽ, സെൻ ബുദ്ധിസം പഠിക്കാനായി ഈസ്റ്റ് ഏഷ്യയിലേക്കുള്ള യാത്രമധ്യേ സിറിയയിൽ അദ്ദേഹം കുറച്ചുകാലം തങ്ങി. അവിടെ ആറാം നൂറ്റാണ്ട് മുതലുണ്ടായിരുന്ന മാർ മൂസ മൊണാസ്ട്രി വീണ്ടും തുറന്നത് ആയിടയ്ക്കായിരുന്നു. അവിടെ നടക്കുന്ന മതാന്തരസംവാദങ്ങളെക്കുറിച്ച് ജെൻസ് കേട്ടു.
മാർ മൂസ മൊണാസ്ട്രി സന്ദർശിച്ച ജെൻസ് അതിന്റെ തലവനായ പൗളോ ഡാൾ ഒഗ്ലിയോ എന്ന ജെസ്യൂട്ട് വൈദികന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. മറ്റു മതത്തിൽപെട്ടവരെ ചെറുതായിക്കാണാതെ അവരുമായി സംവാദം സാധ്യമാണ് എന്ന പുതിയ ഉൾകാഴ്ച അദ്ദേഹത്തിനുണ്ടായി.
മാർ മൂസ മൊണാസ്ട്രിയിൽ കുറച്ചുകാലം തങ്ങിയ ജെൻസ്, മാമ്മോദീസ സ്വീകരിക്കാൻ തീരുമാനിച്ചു. 1996 ന്റെ അവസാനത്തിൽ അദ്ദേഹം മാർ മൂസ മൊണാസ്ട്രിയിൽ അംഗമായിച്ചേർന്നു. 2010 വരെ അവിടെ സേവനമനുഷ്ഠിച്ച ജെൻസ്, കിർക്കുക്കിലെ കാൽഡിയൻ ആർച്ചുബിഷപ്പ് ആയ ലൂയിസ് റാഫേൽ സാക്കോയുടെ ആവശ്യപ്രകാരം ഇറാക്കിൽ ഒരു മൊണാസ്ട്രി തുടങ്ങാൻ നിയുക്തനായി.
അങ്ങനെ അദ്ദേഹം ഇറാഖിലെത്തി പ്രവർത്തനങ്ങളാരംഭിച്ചു. ഇപ്പോൾ ഉത്തര ഇറാക്കിലെ കുർദിഷ് റീജിയണിലെ സുലൈമാനിയിലെ മൊണാസ്ട്രിയുടെ തലവനാണ് അദ്ദേഹം. അതുപോലെതന്നെ കൽദായ കത്തോലിക്ക സഭയിൽനിന്നും പൗരോഹിത്യം സ്വീകരിച്ച ഒരു വൈദികനുമാണ്.
സുലൈമാനിയയിലെ മൊണാസ്ട്രി
സിറിയയിലെ മാർ മൂസ മൊണാസ്ട്രിയിൽ നിന്നുള്ള മറ്റൊരു അംഗത്തോടൊപ്പം ആറ് മുഴുവൻസമയ ജോലിക്കാരും ആ സുലൈമാനിയയിലെ മൊണാസ്ട്രിയിലുണ്ട്. പലതരം പ്രൊജക്ടുകൾക്ക് നേതൃത്വം നൽകുന്നത് അവരാണ്. അറബികളെ കുർദിഷ് ഭാഷയും, കുർദുകളെ അറബിയും ഇരുകൂട്ടരെയും ഇംഗ്ലീഷും ഇവിടെ പഠിപ്പിക്കുന്നു. കൂടാതെ, അവിടെയുള്ള തദ്ദേശീയരായ വിശ്വാസികൾക്ക് ആവശ്യമായ ആത്മീയശുശ്രൂഷകളും ചെയ്യുന്നത് ഈ മൊണാസ്ട്രിയാണ്.
സിറിയയിലെ മാർ മൂസ മൊണാസ്ട്രിയിലെപോലെ തന്നെ ഇവിടെയും മതാന്തരസംവാദത്തിനും ക്ലാസ്സുകൾക്കും പ്രാധാന്യം നൽകുന്നുണ്ട്. ഒരു വർഷം 2000 മുതൽ 3000 വരെ ആളുകൾ ഇവിടെ സന്ദർശിക്കാറുണ്ട് എന്ന് ഫാ. ജെൻസ് പറയുന്നു.