“എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളെ സഹായിക്കാത്തത്?” കണ്ണീരോടെ സുഡാനിൽ നിന്നും ഒരമ്മയുടെ ചോദ്യം

“യുദ്ധം തുടങ്ങിയ സമയം. ഒരു ദിവസം ആയുധധാരികളായ രണ്ടു പുരുഷൻമാർ എന്റെ വീട്ടിലെത്തി. അവർ പതിനേഴും പത്തും വയസുള്ള എന്റെ കുട്ടികളെ ഉപദ്രവിക്കാനൊരുങ്ങി. ഞാൻ പെൺകുട്ടികളോട് എന്റെ പിന്നിൽ നിൽക്കാൻ പറഞ്ഞു. ഞാൻ ആർഎസ്എഫിനോട് പറഞ്ഞു നിങ്ങൾക്ക് ആരെയെങ്കിലും ബലാത്സംഗം ചെയ്യാൻ മതിയെങ്കിൽ എന്നെ ചെയ്തോളു. എന്റെ കുട്ടികളെ ഉപദ്രപിക്കരുത്. അപ്പോൾ അവർ എന്നെ അടിച്ചു, എന്റെ വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെട്ടു. പെട്ടെന്ന് കുട്ടികളോട് രക്ഷപെടാൻ ഞാൻ പറഞ്ഞു. അവർ മറ്റു കുട്ടികളെയുമെടുത്ത് വേലിചാടി രക്ഷപെട്ടു. അവരുടെ ക്രൂരത ഞാൻ ഏറ്റുവാങ്ങി. എന്റെ മക്കളെ രക്ഷപെടുത്താനായി…” ഈ വാക്കുകൾ പറയുമ്പോൾ സുഡാനിൽ നിന്നുള്ള മറിയത്തിന്റെ ( പേരു യഥാർഥമല്ല) കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. മക്കളെ രക്ഷപെടുത്താനായി എങ്കിലും അന്ന് ഏറ്റുവാങ്ങിയ ആ അതിക്രമത്തിന്റെ ഭീകരതകൾ ഇന്നും അവളെ വേട്ടയാടുകയാണ്.

ഇത് മറിയത്തിന്റെ മാത്രം അനുഭവമല്ല. പെണ്മക്കളുള്ള സുഡാനിലെ ഓരോ അമ്മമാരുടെയും അനുഭവമായി മാറുകയാണ് ഇന്ന്. യുദ്ധം ആരംഭിച്ചത് മുതൽ സ്ത്രീകൾക്ക് മേലുള്ള ലൈംഗിക പീഡനം ഒരു യുദ്ധ തന്ത്രമാക്കി മാറ്റിയ സുഡാനിലെ അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ ക്രൂരതകൾക്ക് മുന്നിൽ നിസഹായരായി മാറുകയാണ് സ്ത്രീകളും പെൺകുട്ടികളും. പലപ്പോഴും മക്കൾക്ക് മുന്നിൽ വച്ച് പീഡനത്തിനിരക്കുന്ന അമ്മമാരും അമ്മമാരുടെ മുന്നിൽ വച്ച് അതിക്രമങ്ങൾക്കു ഇരയാകുന്ന പെൺകുട്ടികളും യുദ്ധമുഖത്തെ രക്തസാക്ഷികളായി മാറുന്നു.

ഒരു നേരത്തെ അന്നത്തിനായി മൈലുകൾ നടന്നെത്തുന്ന സ്ത്രീകൾ

നൈൽ നദിക്ക് കുറുകെയുള്ള ഒംദുർമാൻ എന്ന ഇരട്ട നഗരത്തെ സൈന്യം നിയന്ത്രിക്കുമ്പോൾ, സംഘട്ടനത്തിന്റെ തുടക്കത്തിൽ തന്നെ തലസ്ഥാനമായ കാർട്ടൂമിന്റെ ഭൂരിഭാഗവും ആർഎസ്എഫ് പിടിച്ചെടുത്തിരുന്നു. എന്നാൽ ആളുകൾക്ക് ഇരുവശങ്ങൾക്കുമിടയിൽ കടന്നുപോകാൻ കഴിയുന്ന സ്ഥലങ്ങൾ ഇപ്പോഴും ഉണ്ട്. ഈ സ്ഥലങ്ങളിൽ നാലു മണിക്കൂറുകളോളം തുടർച്ചയായി മരുഭൂമിയിലൂടെ നടന്ന് ഭക്ഷണ സാധനങ്ങൾ വാങ്ങാൻ വരുന്ന സ്ത്രീകൾ ഉണ്ട്. ആർഎസ്എഫിന്റെ നിയന്ത്രണത്തിലുള്ള ദാർ എസ് സലാമിൽ നിന്നുള്ള സ്ത്രീകളാണ് കിലോമീറ്ററുകൾ താണ്ടി ഇവിടെ ഭക്ഷണം വാങ്ങാൻ എത്തുന്നത്. ഭക്ഷണ സാധനങ്ങൾക്ക് ഇവിടെ വിലക്കുറവാണ് എന്നതാണ് ഈ വലിയ സാഹസത്തിനു അവരെ പ്രേരിപ്പിക്കുന്നത്. “ഞങ്ങളുടെ കുട്ടികളെ പോറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നതിനാലാണ് ഞങ്ങൾ ഈ ബുദ്ധിമുട്ട് സഹിക്കുന്നത്. ഞങ്ങൾക്ക് വിശക്കുന്നു, ഞങ്ങൾക്ക് ഭക്ഷണം വേണം,” ഒരു സ്ത്രീ പറഞ്ഞു.

എന്നാൽ ദാർ എസ് സലാമിൽ പുരുഷന്മാർ ഇന്ന് പുറത്തിറങ്ങുന്നില്ല. കാരണം ആർഎസ്എഫ് പോരാളികൾ അവരെ മർദിക്കുകയും അവർ സമ്പാദിച്ച പണം കൈക്കലാക്കുകയും തടങ്കലിൽ വയ്ക്കുകയും മോചിപ്പിക്കാനുള്ള പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഇക്കാരണത്താൽ സ്ത്രീകൾ പുറത്തുപോയി ഭക്ഷണം തേടുകയും പുരുഷന്മാർ വീട്ടിലിരിക്കുകയുമാണ് ചെയ്യുന്നത്.

നിസ്സഹായതയുടെ പ്രതിരൂപമായവർ

സ്ത്രീകൾ ഭക്ഷണത്തിനും മറ്റുമായി പുറത്തു പോകുമ്പോൾ അവർ പുരുഷന്മാരേക്കാൾ സുരക്ഷിതരാണോ എന്ന ചോദ്യം ഉയരുന്നു. എന്നാൽ ഈ ചോദ്യത്തിന് പല അമ്മമാരും ഉത്തരം നൽകിയത് പൊട്ടിക്കരഞ്ഞുകൊണ്ടാണ് എന്ന് ബിബിസി വെളിപ്പെടുത്തുന്നു. സ്ത്രീകളിൽ പലരും ലൈംഗികമായ ദുരുപയോഗങ്ങൾക്കു ഇരയായവരാണ്. പക്ഷേ അവർ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. സംസാരിച്ചിട്ടും പരാതിപ്പെട്ടിട്ടും ഒരു കാര്യവുമില്ല എന്ന് അവർക്കു പൂർണ്ണമായും ബോധ്യമായി. ഇനി അവരിൽ അവശേഷിക്കുന്നത് ഒരു തരം നിസഹായത മാത്രമാണ്.

ഈ മാർക്കറ്റിൽ നിന്ന് വൈകി തിരിച്ചെത്തിയാൽ, ആർഎസ്എഫ് അവരെ അവരുടെ കസ്റ്റഡിയിൽ മൂന്നോ നാലോ ദിവസം വയ്ക്കും. ഈ സമയം അവർ അനുഭവിക്കുന്ന ചൂഷണങ്ങൾ അതിക്രൂരമാണ്. മറ്റു ചിലപ്പോൾ പെൺകുട്ടികളെ തെരുവിൽ നിന്നും കടത്തും. “നിങ്ങളുടെ ലോകത്ത്, നിങ്ങളുടെ കുട്ടി പുറത്തു പോയാൽ, നിങ്ങൾ അവളെ ഉപേക്ഷിക്കുമോ? അവളെ അന്വേഷിക്കാൻ പോകില്ലേ? എന്നാൽ ഞങ്ങളുടെ സ്ഥലത്തെ രീതികൾ ക്രൂരമാണ്. ഞങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? ഒന്നും ഞങ്ങളുടെ കയ്യിലല്ല, ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. ലോകം എവിടെയാണ്? എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളെ സഹായിക്കാത്തത്?” വേദനയോടെ പൊട്ടിക്കരയുന്ന ഒരു അമ്മയുടെ കണ്ണുനീർ അവിടെ കൂടി നിന്ന അനേകം കണ്ണുകളിലേയ്ക്കും പടർന്നു. പിന്നീട് അതൊരു കൂട്ടക്കരച്ചിലായി മാറി.

ഈ നിലവിളി എന്ന് നിലയ്ക്കും. ആര് ഉത്തരം നൽകും? നാളുകളായി സുഡാനിൽ തുടരുന്ന യുദ്ധം അവശേഷിപ്പിക്കുന്നത് അനവധി ചോദ്യങ്ങളാണ്. ഉത്തരമില്ലാത്ത കണ്ണുനീരുകളാണ്… തുടക്കത്തിൽ ഉണ്ടായിരുന്ന പ്രതീക്ഷകളെല്ലാം അവസാനിച്ചു. എല്ലാ കണ്ണുകളിലും നിറയുന്നത് ഒരു മരവിപ്പ് മാത്രം.

മരിയ ജോസ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.