തോമാശ്ലീഹ ഭാരതത്തിന്റെ ഉജ്വലദീപം

‘തമസോമാ ജ്യോതിർഗമയാ’ ഇരുളിൽനിന്ന് പ്രകാശത്തിലേക്കു നയിക്കണമേ എന്ന ഋഷിമാരുടെ പ്രാർഥനയ്ക്ക് ഉത്തരമെന്നോണം ക്രിസ്തുശിഷ്യൻ മാർതോമാ ശ്ലീഹാ ക്രിസ്തുവിന്റെ സാന്ത്വനപ്രകാശവുമായി കടലും കരയും കടന്ന് ഭാരതമണ്ണിലെത്തി ക്രിസ്തുവിന്റെ പ്രകാശം പകർന്നു.

ജൂലൈ മൂന്നിന് ദുക്റാന തിരുനാൾ ആഘോഷിക്കുമ്പോൾ നമ്മുടെ ഹൃദയം ജ്വലിക്കുകയും വദനങ്ങൾ പ്രകാശിക്കുകയും ചെയ്യട്ടെ. ദൈവത്തിന്റെ അനന്തപരിപാലനയിൽ ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിലൊരാളും ഉത്ഥിതനായ ക്രിസ്തുവിന്റെ വിശ്വാസം ഏറ്റുപറഞ്ഞ് ആരാധിച്ച് ‘എന്റെ കർത്താവും എന്റെ ദൈവവും’ എന്ന് ഉദ്‌ഘോഷിച്ച തോമാശ്ലീഹാ ഇന്ത്യയിൽ സുവിശേഷം അറിയിച്ചത് വലിയ ഭാഗ്യമാണ്.

കേരളത്തിൽ തോമാശ്ലീഹാ വന്നുവെന്നും സുവിശേഷം പ്രസംഗിക്കുകയും രക്തസാക്ഷിയായി മരിച്ചുവെന്നതിനും ഏറ്റവും വലിയ തെളിവ് അദ്ദേഹം സ്ഥാപിച്ച ഏഴു ദൈവാലയങ്ങളും വിശ്വാസത്തിലടിയുറച്ച ഒരു ക്രൈസ്തവസമൂഹവും ഇവിടെയുണ്ടായിരുന്നു എന്നതു മാത്രമാണ്. തോമാശ്ലീഹ സ്ഥാപിച്ച പള്ളികൾ പാലയൂർ, കൊടുങ്ങല്ലൂർ, കോട്ടക്കടവ് (പറവൂർ), കോക്കമംഗലം, നിരണം, കൊല്ലം, നിലയ്ക്കൽ (ചായൽ) എന്നിവയാണ്. ഏഴു പള്ളികൾ എന്നുപറയുമ്പോൾ ഏഴു ക്രൈസ്തവസമൂഹങ്ങൾ എന്ന് അർഥമുണ്ട്. തോമാശ്ലീഹയുടെ ഭാരതമിഷൻ പ്രവർത്തനത്തിന്റെ മറ്റൊരു പ്രധാന തെളിവാണ് മൈലാപ്പമൂരിലുള്ള കബറിടം.

മൈലാപ്പൂരിലെ ചിന്നമലയിലാണ് തോമാശ്ലീഹാ കുന്തത്താൽ കുത്തപ്പെട്ട് രക്തസാക്ഷിയായി മരിച്ചത്. ബ്രാഹ്മണർ തോമാശ്ലീഹായെ വിഗ്രഹാരാധനയ്ക്കു  നിർബന്ധിക്കുകയും എന്നാൽ ശ്ലീഹ അതിനു വഴങ്ങാതെ അടുത്തുള്ള ഒരു പാറയിലേക്ക് ഓടിപ്പോവുകയും ഒരു കുരിശ് മാറോടു ചേർത്തുപിടിച്ച് പ്രാർഥിക്കുകയും ചെയ്തു. അപ്പോഴാണ് ഒരു കൊലയാളി ശ്ലീഹയെ കുന്തം കൊണ്ടു കുത്തിയത്. ശ്ലീഹ രക്തം വാർന്ന് പിടഞ്ഞുമരിച്ചു. 72 ജൂലൈ മൂന്നിനാണ് സംഭവം നടന്നത്. ‘തോമായുടെ പ്രവർത്തനങ്ങൾ’ എന്ന പുസ്തകത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: “എല്ലാ സഹോദരന്മാരും വിലപിച്ചു. അവർ വെണ്മയേറിയ വസ്ത്രങ്ങൾ കൊണ്ടുവന്ന് മൃതദേഹം പൊതിഞ്ഞ ഒരു രാജകീയ കബറിടത്തിൽ സംസ്‌കരിച്ചു. അതോടൊപ്പം ശ്ലീഹായുടെ രക്തം നനഞ്ഞ അൽപം മണ്ണും കുത്താൻ ഉപയോഗിച്ച കുന്തത്തിന്റെ ഒരു ഭാഗവും ഒരു മൺകുടത്തിലാക്കി കല്ലറയിൽ നിക്ഷേപിക്കുകയും ചെയ്തു.” കല്ലറയ്ക്കുസമീപം അത്ഭുതകരമായ ഒരു ദീപം എപ്പോഴും കത്തിക്കൊണ്ടിരുന്നതായി കണ്ടുവെന്ന് തിയഡോർ രാജാവ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എ. ഡി. 1293-ൽ മാർക്കോപോളോ എന്ന സഞ്ചാരി അവിടുത്തെ കല്ലറ സന്ദർശിച്ചു. മൂന്നാം നൂറ്റാണ്ടായപ്പോൾ മൈലാപ്പൂർ പ്രദേശത്ത് സമുദായസംഘർഷങ്ങൾ ഉണ്ടായതിനെത്തുടർന്ന് അവിടുത്തെ ക്രൈസ്തവർ സുരക്ഷിതസ്ഥാനങ്ങളായ പടിഞ്ഞാറേ തീരത്തേക്ക് പലായനം ചെയ്തു. തോമാശ്ലീഹായുടെ ഭൗതീകാവശിഷ്ടങ്ങൾ എദേസായിലേക്കു മാറ്റിസ്ഥാപിച്ചു. എദേസാ പട്ടണത്തിന്റെ വക്താവ് മാർ അപ്രേം ഇങ്ങനെ പ്രഖ്യാപിച്ചു: “തോമാശ്ലീഹായുടെ തിരുശേഷിപ്പുകൾ ഇന്ത്യയിൽനിന്ന് ഇവിടെ കൊണ്ടുവന്നിരിക്കുന്നു. ഈ അമൂല്യനിധി എദേസാ പട്ടണത്തെ ധന്യമാക്കുന്നു. ഇന്ത്യയിലെന്നപോലെ എദേസായിലും തോമായുടെ അത്ഭുതങ്ങൾ പ്രവർത്തിക്കട്ടെ.” പൗരസ്ത്യ സഭാപിതാവും വേദപാരംഗതനും സുറിയാനി പണ്ഡിതനുമായിരുന്ന മാർ അപ്രേം തോമാശ്ലീഹായെ പ്രകീർത്തിച്ച് കവിതകൾ എഴുതിയിട്ടുണ്ട്.

അടയാളങ്ങളും അത്ഭുതങ്ങളും

ഒത്തിരിയേറെ അത്ഭുതങ്ങൾ തോമാശ്ലീഹായുടെ അനുഗ്രഹസാന്നിധ്യം കൊണ്ട് നടന്നിട്ടുണ്ട്. ഏതാനും അത്ഭുതങ്ങൾ ഇവിടെ കുറിക്കട്ടെ.

സ്വർഗത്തിൽ ഭവനം പണിയുന്നു

ഗുണ്ടഫർ രാജാവ് തന്റെ രാജകുമാരനുവേണ്ടി മനോഹരമായ ഒരു കൊട്ടാരം പണിയാൻ തീരുമാനിച്ചു. ഒരു നല്ല ശില്പിയെ കൊണ്ടുവരാൻ ഹബ്ബാൻ എന്ന ദൂതനെ അയച്ചു. ഹബ്ബാൻ ശില്പിയെ അന്വേഷിച്ച് പാലസ്തീനായിലെത്തി. ദൈവനിയോഗം പോലെ തോമായെ കണ്ടുമുട്ടി കാര്യങ്ങൾ സംസാരിച്ചു. കൊട്ടാരം പണിയാമെന്ന് തോമാ സമ്മതിച്ചു. തോമായുടെ പ്രവർത്തനങ്ങളും വാക്കുകളും ഹബ്ബാനെ ഗാഢമായി സ്പർശിച്ചു. തോമാ ഇന്ത്യയിലെത്തിയപ്പോൾ രാജകീയമായ സ്വീകരണമാണ് ലഭിച്ചത്. കൊട്ടാരത്തിന്റെ പ്ലാൻ തയ്യാറാക്കി പണിയാനുള്ള പണം രാജാവിൽനിന്നു വാങ്ങി തോമാ പുറത്തേക്കിറങ്ങി.

നാട്ടിലെ പാവപ്പെട്ടവരുടെ ദാരിദ്ര്യവും ദുഃഖവും കണ്ട് അലിവുതോന്നി പണമെല്ലാം പാവപ്പെട്ടവർക്കു ദാനമായി കൊടുത്തു. മാസങ്ങൾ കഴിഞ്ഞപ്പോൾ രാജാവ് പണി കാണാൻ എഴുന്നള്ളി. എന്ത് അതിശയം, യാതൊരു പണിയും ചെയ്തിട്ടില്ല. രാജാവ് കുപിതനായി തോമായെ കാരാഗൃഹത്തിലടച്ചു. താമസംവിനാ, പെട്ടെന്ന് രാജകുമാരൻ കാലം ചെയ്തു. ഒരു ദർശനത്തിൽ രാജകുമാരൻ രാജാവിനെ അറിയിച്ചു, തോമായെ പരീക്ഷിക്കരുത്. തോമായുടെ കാരുണ്യപ്രവർത്തികൾ ദൈവം അംഗീകരിച്ചു. സ്വർഗത്തിൽ ഒരു മനോഹരകൊട്ടാരം എനിക്കായി നിർമ്മിച്ചിട്ടുണ്ട്. രാജാവ് മനസലിഞ്ഞ് തോമായെ കുറ്റവിമുക്തനാക്കി. ഈ ലോകത്തിൽ അനാവശ്യമായ കൊട്ടാരങ്ങളും മാളികകളും പണിയുന്നതിനേക്കാളും നല്ലതാണ് കാരുണ്യപ്രവർത്തികൾ ചെയ്ത് സ്വർഗത്തിൽ എന്നേക്കുമായി ഒരു ഭവനം ലഭിക്കുന്നത്.

മൈലാപ്പൂരിൽ ഒരു ദൈവാലയം പണിതപ്പോൾ ദൈവിക ഇടപെടൽ ഉണ്ടായതാണ് മറ്റൊരു അത്ഭുതം. ക്രിസ്ത്യാനികൾക്ക് മൈലാപ്പൂരിൽ ഒരു ആരാധനാലയം പണിയാൻ തോമാശ്ലീഹാ ആഗ്രഹിച്ചു. എന്നാൽ, അവിടുത്തെ രാജാവും ബ്രാഹ്മണപുരോഹിതരും അതിനു സമ്മതിച്ചില്ല. അപ്പോൾ ഒരു അസാധാരണ സംഭവമുണ്ടായി. പട്ടണത്തിൽനിന്ന് പത്തു മൈൽ അകലെ കടൽത്തീരത്ത് ഒരു വലിയ തടി വന്നുകിടക്കുന്നു. രാജാവ് ആ തടി കൊട്ടാരത്തിലെ ചില പണികൾക്ക് ഉപയോഗിക്കാൻ ആഗ്രഹിച്ചു. ശക്തരായ കുറെയാളുകളെ ആ തടി കൊണ്ടുവരാനായി അയച്ചു. പക്ഷേ, ആ തടി അനക്കാൻപോലും അവർക്കു കഴിഞ്ഞില്ല. വീണ്ടും കൂടുതൽ ആളുകളെയും ആനയെയും വിട്ടു. പക്ഷേ, തടി അനങ്ങുന്നില്ല. തോമാശ്ലീഹാ ധൈര്യപൂർവം മുന്നോട്ടുവന്ന് ചക്രവർത്തിയെ ഉണർത്തിച്ചു. ക്രിസ്ത്യാനികൾക്ക് ദൈവാലയം പണിയാൻ അനുവദിക്കുക. എങ്കിൽ ഞാൻ തനിയെ ആ തടി കൊണ്ടുവരാം. തോമായുടെ ആവശ്യം അനുവദിച്ചു. തോമാശ്ലീഹ കടൽത്തീരത്തെത്തി. വലിയ ജനക്കൂട്ടവും അവിടെ കൂടി. തോമ പ്രാർഥിച്ച് കുരിശടയാളം വരച്ച് അരയിൽ കെട്ടിയിരുന്ന ചരടിന്റെ ഒരറ്റം തടിയുടെ ഒരറ്റത്തു കെട്ടി നിഷ്പ്രയാസം തടി വലിച്ചുകൊണ്ടു വന്നു. തോമാ അവിടെ ഒരു കുരിശു നാട്ടി. മനോഹരമായ ദൈവാലയം പണിതു (തോമാശ്ലീഹാ, ഫാ. പോൾ പാറേക്കാട്ടിൽ എറണാകുളം).

തോമാശ്ലീഹാ മലയാറ്റൂരിൽ

മലയാറ്റൂർ തീർഥാടനവും ഭക്തജനപ്രവാഹവും രോഗശാന്തികളും നമുക്ക് എത്രയോ സുപരിചിതമാണ്. തോമാശ്ലീഹാ മലയാറ്റൂർ വന്നതിനെക്കുറിച്ചുള്ള ചരിത്രം ഇങ്ങനെയാണ്. തോമാ സുവിശേഷം പ്രസംഗിച്ച് ക്ഷീണിതനായി മലയാറ്റൂരെത്തി. അപ്പോൾ അവിടുത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ വലിയ ജനക്കൂട്ടത്തെ കണ്ടു. കുറച്ചുപേർ തോമായെ കാണാൻ വന്നപ്പോൾ അവരോട് സുവിശേഷം പ്രസംഗിച്ചു. എന്നാൽ, അവർ തോമായെ അപമാനിച്ചു പറഞ്ഞയച്ചു. തോമാ ഗുരുവിനെപ്രതി അപമാനങ്ങൾ സഹിക്കാൻ തയ്യാറായി മലയിൽ കയറി, ഏകാന്തതയിൽ രാത്രിമുഴുവൻ പ്രാർഥിച്ചു. അവിടെ പാറയിൽ ഒരു കുരിശ് വരച്ച് സാഷ്ടാംഗം വീണ് ചുംബിച്ചു പ്രാർഥിച്ചു. അപ്പോൾ ആ കുരിശിൽനിന്ന് രക്തം പൊടിഞ്ഞു. യേശുവിന്റെ തിരുമുറിവിൽ തൊട്ട വിരൽകൊണ്ട് വീണ്ടും കുരിശടയാളം വരച്ചു. പ്രാർഥിച്ച് പരവശനായി തളർന്നുവീണപ്പോൾ പരിശുദ്ധ അമ്മ അവിടെ പ്രത്യക്ഷപ്പെട്ട് വിളിച്ചുണർത്തുകയും എന്താ ഇത്ര ദുഃഖപരവശനായി ഇരിക്കുന്നതെന്നു ചോദിക്കുകയും ചെയ്തു. തോമാ പറഞ്ഞു: “ദിവ്യമാതാവേ, ഈ ജനങ്ങൾ എന്റെ സന്ദേശം കേൾക്കുന്നില്ല. അവരാരും തന്നെ ക്രിസ്തീയസത്യങ്ങൾ അനുസരിക്കുന്നില്ല.”

ഇതിനു മറുപടിയായി പരിശുദ്ധ അമ്മ പറഞ്ഞു: “നാളെത്തന്നെ നീ പോയി ക്രിസ്തീയസത്യങ്ങൾ പ്രസംഗിക്കുക. എന്റെ ദിവ്യകുമാരൻവഴി അവർ നിന്റെ ഉപദേശം കേൾക്കുകയും ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്യും. ഈ സ്ഥലം പിന്നീട് ക്രിസ്ത്യാനികളുടെ വണക്കത്തിനുള്ള സ്ഥലമാകും.” തോമായ്ക്ക് വിശപ്പടക്കാൻ പ്രത്യേക ഭക്ഷണവും മാതാവ് കൊടുത്തു. പിറ്റേദിവസം തോമ ജനങ്ങളോടു പ്രസംഗിക്കുകയും അനേകായിരങ്ങൾ മാനസാന്തരപ്പെടുകയും ചെയ്തു. തോമാ പിന്നീട് പല തവണ മലയിൽവന്നു പ്രാർഥിച്ചിരുന്നു. ദാഹിച്ചപ്പോൾ കൈയിലുണ്ടായിരുന്ന വടികൊണ്ട് പാറയിലടിച്ച് വെള്ളം വരികയും ചെയ്തു.

വർഷങ്ങൾക്കുശേഷം തോമാശ്ലീഹാ പ്രാർഥിച്ച മലയാറ്റൂർ മലയിൽ നായാട്ടിനായി വന്നവർ കുരിശാകൃതിയിലുള്ള ഒരു പ്രകാശം കണ്ടു പേടിച്ചു. അത് എന്തെന്നറിയാൻ അവർ അതിൽ കുത്തിനോക്കി. അപ്പോൾ അതിൽനിന്ന് രക്തം വന്നുകൊണ്ടിരുന്നു. അവർ ഭയവിഹ്വലരായിനിൽക്കുമ്പോൾ പാറയിൽ ഒരാളുടെ കാൽപ്പാട് കണ്ടു. കുരിശാകൃതിയിലുള്ള പ്രകാശം കണ്ടതുകൊണ്ട് അവർ അത് ക്രിസ്ത്യാനികളോടു പറഞ്ഞു. ക്രിസ്ത്യാനികൾ വന്ന്, അത് തോമാശ്ലീഹാ പ്രാർഥിച്ച സ്ഥലമാണെന്നു മനസിലാക്കുകയും രക്തം വരുന്നതും പ്രകാശപൂരിതവുമായ കുരിശിനെ വണങ്ങുകയും ചെയ്തു. ധാരാളം മാനസാന്തരങ്ങളും രോഗശാന്തികളും തുടർന്നുകൊണ്ടേയിരുന്നു. മല കയറുമ്പോൾ പൊന്നുംകുരിശു മുത്തപ്പാ, പൊന്മല കയറ്റം എന്നും മലയിറങ്ങുമ്പോൾ പൊന്നുംകുരിശു മുത്തപ്പാ, പൊന്മലയിറക്കം എന്നും ഉരുവിടുന്നു. എന്നും വൻജനാവലി രാത്രി മുഴുവൻ മലയിൽ കയറാനും പ്രാർഥിക്കാനും പോകുന്നത് സന്തോഷപ്രദമാണ്.

നമ്മുടെ പൗരസ്ത്യ സുറിയാനി ആരാധനാക്രമം തോമാശ്ലീഹായുടെ ക്രിസ്ത്വാനുഭവത്തിലൂടെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഈശോയും ശിഷ്യന്മാരും സംസാരിച്ച ഭാഷ ‘അറമായ സിറിയക്ക്’ ആയിരുന്നു. ജറുസലേമിൽ ആരംഭിച്ച സഭ അറമായ സിറിയക്കിൽ ആയിരിക്കുക സ്വാഭാവികമാണല്ലോ. വിവിധ സഭകൾ അവരുടെ പാരമ്പര്യത്തോടു വിശ്വസ്തത പുലർത്തണമെന്നും ഓരോ വ്യക്തിസഭയും അതിന്റെ പാരമ്പര്യങ്ങൾ പൂർണ്ണമായി നിലനിർത്തണമെന്നും തിരുസഭ ആഗ്രഹിക്കുന്നു.

തോമാശ്ലീഹായിൽ നിന്ന് നമുക്ക് ഉൾക്കൊള്ളാനുള്ള പാഠങ്ങൾ

1. എന്റെ കർത്താവും എന്റെ ദൈവവും എന്നുള്ള വിശ്വാസപ്രഖ്യാപനം. ആരാധനാവത്സരങ്ങളിൽ ഈ വാക്കുകൾ ഭക്തിപൂർവം ഉച്ചരിക്കുക. ഉത്ഥിതനായ ഈശോയുടെ തിരുമുറിവുകൾ മനസിൽ കാണുക. കർത്താവിനെ ആത്മനാ ദർശിക്കുക.

2. ‘നമുക്കും അവനോടുകൂടി പോയി മരിക്കാം’ എന്നു പറയാനുള്ള ധൈര്യം നമുക്കു വേണം. പാപത്തെക്കാൾ മരണം എന്നുള്ള ചിന്തയുണ്ടാവണം. ദുഃശീലങ്ങളെയും തഴക്കദോഷങ്ങളെയും മാറ്റിയെടുക്കാനുള്ള നട്ടെല്ല് വേണം. മിശിഹായോടുള്ള സ്‌നേഹത്തെപ്രതി പുണ്യം അഭ്യസിക്കാനുള്ള എല്ലാ തടസങ്ങളെയും സ്‌നേഹത്തിൽ ശുശ്രൂഷ ചെയ്യുമെന്ന തീരുമാനമെടുക്കുക. നമ്മൾ തോമാശ്ലീഹായുടെ മക്കളാണെന്ന് അഭിമാനിക്കണം. തോമായെന്നു കേട്ടാൽ അഭിമാനപൂരിതമാണം അന്തരംഗം.

തിരുനാൾ ആശംസകൾ നേരുന്നു!

ഫാ. സെബാസ്റ്റ്യൻ ഈറ്റോലിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.