

ആമുഖം
അധികാരദുര്‍വിനിയോഗവും ധാര്‍മ്മിക അധഃപതനവും അര്‍ബുദംപോലെ സഭാഗാത്രത്തെ ആഴത്തില്‍ ഗ്രസിച്ചിരുന്ന രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യനൂറ്റാണ്ടില്‍ അതിനെ തിരുത്തുന്നതിനും നേര്‍വഴിക്കു നയിക്കുന്നതിനും അവതരിച്ച പുണ്യപുരുഷനായിരുന്നു വി. പീറ്റര്‍ ഡാമിയന്‍. തന്റെ ജീവിതവും തൂലികയും സഭയുടെ വിശുദ്ധീകരണത്തിനായി ഈ വേദപാരംഗതന്‍ മാറ്റിവച്ചതിന്റെ പരിണിതഫലമായി പാപത്തിന്റെയും അജ്ഞതയുടെയും അന്ധകാരം സഭയുടെ പല മേഖലകളില്‍നിന്നും അകന്നുപോവുകയും വിശുദ്ധിയുടെയും വിജ്ഞാനത്തിന്റെയും പ്രകാശകിരണങ്ങള്‍ പ്രസരിക്കപ്പെടുകയും ചെയ്തു. ഇക്കാലഘട്ടത്തിലെ സഭയും സമൂഹവും തമ്മിലുള്ള ബന്ധവും, പുരോഹിതരും വിശ്വാസികളും തമ്മിലുള്ള ബന്ധവും, സഭാനവീകരണത്തിലുള്ള ആശ്രമങ്ങളുടെ സ്വാധീനവുമൊക്കെ പീറ്റര്‍ ഡാമിയന്റെ രചനകളിലൂടെയാണ് നമുക്കു ലഭിച്ചിരിക്കുന്നത്.
അധികാരസ്ഥാനങ്ങളില്‍ നിന്നകന്ന് എപ്പോഴും ദൈവത്തില്‍ ലയിച്ചുകഴിയാനാഗ്രഹിച്ച ഈ സന്യാസിവര്യന്‍, സാഹചര്യത്തിന്റെ അനിവാര്യതയാല്‍ ബിഷപ്പായും കര്‍ദിനാളായും മാര്‍പാപ്പയുടെ പ്രതിനിധിയായും സേവനംചെയ്യുകയും തന്റെ പൗരോഹിത്യശുശ്രൂഷയിലൂടെ സഭയെ നവീകരിക്കുകയും ചെയ്തു. സന്യാസവും പൗരോഹിത്യവും മാത്രമല്ല, ക്രിസ്തീയജീവിതം തന്നെ അദ്ദേഹത്തെ സംബന്ധിച്ച് ക്രിസ്തുവില്‍ നവീകരിക്കപ്പെട്ട സൃഷ്ടിയുടെ ഭൂമിയിലെ മഹനീയമാതൃകകളാണ്. അധികാരത്തോടും ഭൗതിക സുഖസൗകര്യങ്ങളോടുമുള്ള ആസക്തിയില്‍ അടിപ്പെടാതെ ക്രിസ്തുവിന്റെ കുരിശില്‍നിന്ന് ഉത്ഭവിക്കുന്ന ദൈവിക കൃപാവരങ്ങളാല്‍ നവീകരിക്കപ്പെടുന്ന സഭയെ അദ്ദേഹം സ്വപ്നംകണ്ടു. അങ്ങനെ അക്കാലത്തെ പല തെറ്റായ സങ്കല്പങ്ങളെയും കളങ്കിതജീവിതങ്ങളെയും തിരുത്തുന്നതിന് അദ്ദേഹത്തിനു കഴിഞ്ഞു. ബിഷപ്പ് എന്നാല്‍ സേവനത്തിനുള്ള ആത്യന്തികവിളിയാണെന്നും ഏകാന്തജീവിതത്തിലിരുന്നു പ്രാർഥിക്കുന്ന സന്യാസി സഭയെ വിശുദ്ധിയില്‍ പരിപാലിക്കാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം പഠിപ്പിച്ചു. ദൈവം ചെയ്യാനാഗ്രഹിച്ച കാര്യങ്ങള്‍ അങ്ങനെ വി. പീറ്റര്‍ ഡാമിയനിലൂടെ അനേകര്‍ക്ക് വെളിവാക്കപ്പെട്ടു. സഭയുടെ ആത്മീയപ്രതിസന്ധിഘട്ടങ്ങളിലെല്ലാം ആശ്രയിക്കാവുന്നതും മാതൃകയാക്കാവുന്നതുമായ സന്യാസവര്യനാണ് വി. പീറ്റര്‍ ഡാമിയന്‍.
ജനനം, ബാല്യം, വിദ്യാഭ്യാസം
രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യശതകത്തില്‍ എ.ഡി 1007-ല്‍ ഇറ്റലിയിലെ പ്രസിദ്ധമായ റെവെന്ന നഗരത്തിലാണ് പീറ്റര്‍ ജനിച്ചത്. ഇദ്ദേഹത്തിന്റേത് ഒരു പ്രഭുകുടുംബമായിരുന്നെങ്കിലും കടുത്ത ദാരിദ്ര്യത്തിലാണ് അദ്ദേഹം വളര്‍ന്നത്. വീട്ടില്‍ പുതിയൊരംഗത്തിന്റെ ആഗമനം തങ്ങളുടെ ദുരിതങ്ങള്‍ വര്‍ധിപ്പിക്കുമെന്ന മൂത്ത സഹോദരന്റെ അസ്വാഭാവികപ്രതികരണം വി. പീറ്ററിന്റെ സഹായിയും ജീവചരിത്രകാരനുമായ ലോദിയിലെ ബിഷപ്പ് ജോണിലൂടെ പില്‍ക്കാല തലമുറയ്ക്ക് ലഭ്യമായിട്ടുണ്ട്. “അദ്ദേഹത്തിന്റെ അമ്മ ധാരാളം കുട്ടികള്‍ക്കു ജന്മംനല്‍കി ക്ഷീണിതയായിരുന്നു. ഇങ്ങനെ ഈ ഭവനം അനേകം അനന്തരവകാശികളെക്കൊണ്ടു നിറഞ്ഞപ്പോള്‍, അവള്‍ തന്റെ അവസാനപുത്രനു ജന്മംനല്‍കി. തദവസരത്തില്‍ അവളുടെ പ്രായപൂര്‍ത്തിയായ ഒരു മകന്‍ ഇപ്രകാരം പറഞ്ഞു: “പ്രിയപ്പെട്ടവരേ, നമ്മള്‍ എവിടെയെത്തി എന്നുനോക്കൂ. ഇപ്പോള്‍ തന്നെ ഇവിടെയുള്ളവര്‍ക്ക് ജീവിക്കാന്‍ സ്ഥലമില്ല. അവകാശികളുടെ അംഗസംഖ്യ ഇങ്ങനെ പെരുകുന്നത് നമ്മുടെ അനന്തരാവകാശത്തിന് പ്രശ്‌നമുണ്ടാക്കുമല്ലോ.” ഇതുകേട്ട് അവരുടെ അമ്മ കോപിക്കുകയും ഒരു സ്ത്രീയുടെ ദേഷ്യത്തോടെ കൈകള്‍ കൂട്ടിപ്പിടിച്ച്, ഞാന്‍ ഈ ലോകത്തില്‍ ഇനിയും ജീവിക്കാന്‍ യോഗ്യയല്ലെന്നു പ്രഖ്യാപിക്കുകയുംചെയ്തു. തുടര്‍ന്ന് അവനെ (ഡാമിയന്‍) മുലയൂട്ടുന്നതു നിര്‍ത്തുകയും തന്റെ ദുര്‍വിധിയോര്‍ത്ത് സങ്കടപ്പെടുകയും ചെയ്തു. ജീവിക്കാന്‍ പരിശീലിക്കുന്നതിനുമുന്‍പ് സ്വന്തംകാര്യം നോക്കാന്‍ അവനെ വിടുകയും അവന് അവകാശപ്പെട്ട അമ്മയുടെ മാറിടം നിഷേധിക്കുകയും ചെയ്തു” (John of Lodi, Vita Petri Damiani, 1, PL 144:115B-C).
പീറ്റര്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ മാതാപിതാക്കള്‍ മരിച്ചുപോയതിനാല്‍ സഹോദരങ്ങളാണ് അദ്ദേഹത്തെ വളര്‍ത്തിയത്. മൂത്ത സഹോദരന്‍ അദ്ദേഹത്തെ വേണ്ടരീതിയില്‍ ശ്രദ്ധിക്കാതിരിക്കുകയും മിക്കപ്പോഴും ഒരു ജോലിക്കാരനായികരുതി കാര്‍ക്കശ്യത്തോടെ പെരുമാറുകയുംചെയ്തു. എന്നാല്‍ മറ്റൊരു സഹോദരന്‍ ഡാമിയന്‍, ഇദ്ദേഹത്തെ കരുതലോടെ പരിപാലിച്ചു നല്ല വിദ്യാഭ്യാസം നല്‍കി. ആ സഹോദരനോടുള്ള സ്‌നേഹം പ്രകടമാക്കുന്നതിന് പീറ്റര്‍ അദ്ദേഹത്തിന്റെ നാമം തന്റെ പേരിനോടുചേര്‍ത്ത് പീറ്റര്‍ ഡാമിയന്‍ എന്ന പേര് സ്വീകരിച്ചു. തന്റെ മൂത്ത ഒരു സഹോദരിയും ഒരു അമ്മയെപ്പോലെ പരിപാലിച്ചു എന്ന് വി. പീറ്റര്‍ ഡാമിയന്‍ എഴുതിയിട്ടുണ്ട്.
പീറ്ററിന്റെ ജീവിതത്തില്‍ ചെറുപ്പത്തിലുണ്ടായ ചില സംഭവങ്ങള്‍ ജീവചരിത്രകാരന്‍ ഇപ്രകാരം വിവരിക്കുന്നു. ഒരിക്കല്‍ നടന്നുപോകുന്ന വഴിയില്‍ക്കിടന്ന് അദ്ദേഹത്തിന് ഒരു നാണയം കിട്ടി. അറിയാതെ കിട്ടിയ ഈ പ്രത്യേക ‘നിധി’ എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹം ഒരുപാട് ആലോചിച്ചു. അവസാനം തന്റെ മാതാപിതാക്കള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനായി ഈ പണം ദൈവാലയത്തില്‍ സമര്‍പ്പിച്ചു. ചെറുപ്രായത്തില്‍തന്നെ പ്രാര്‍ഥനയിലും ധ്യാനത്തിലും അദ്ദേഹം ധാരാളം സമയം ചെലവഴിച്ചിരുന്നു. സ്വയനിഗ്രഹം പരിശീലിക്കുന്നതിനും ആത്മനിയന്ത്രണം പാലിക്കുന്നതിനും അദ്ദേഹം ഒരു രോമക്കുപ്പായം ധരിച്ചിരുന്നു. ഒരിക്കല്‍ വിഷയാസക്തിയാല്‍ അദ്ദേഹം വളരെയധികം ക്ലേശിക്കപ്പെട്ടു. ഇതിനെ പ്രതിരോധിക്കുന്നതിനായി പീറ്റര്‍ തണുത്ത വെള്ളത്തില്‍ തന്റെ ശരീരം മുഴുവന്‍ മുക്കി മണിക്കൂറുകള്‍ നില്‍ക്കുകയും അതിനുശേഷം ആ രാത്രി സങ്കീര്‍ത്തനപാരായണത്തില്‍ ചെലവഴിക്കുകയും ചെയ്തുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
പീറ്റര്‍ പഠനത്തില്‍ അതിസമര്‍ഥനായിരുന്നു. കാര്യങ്ങള്‍ പെട്ടെന്നു ഗ്രഹിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അസാധ്യകഴിവില്‍ അധ്യാപകര്‍ മതിപ്പ് പ്രകടിപ്പിച്ചിരുന്നു. റേവന്നയിലും പിന്നീട് ഫയന്‍സയിലും അവസാനം പാര്‍മ്മ സര്‍വകാലശാലയിലും തത്വശാസ്ത്രം, ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം അഭ്യസിച്ചു. ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ത്തന്നെ അദ്ദേഹം ആ പ്രദേശത്തെ അറിയപ്പെടുന്ന ഒരു പ്രാസംഗികനായി മാറിയിരുന്നു.
സന്യാസജീവിതം
ഇറ്റലിയിലെ അക്കാലത്തെ പ്രസിദ്ധമായ ചില സര്‍വകലാശാലകളില്‍ ഉന്നതവിദ്യാഭ്യാസം നേടിയതുവഴി ചെറുപ്രായത്തില്‍ത്തന്നെ ലൗകികനേട്ടങ്ങളുടെ വാതിലുകള്‍ പീറ്റര്‍ ഡാമിയന്റെ മുന്‍പില്‍ തുറന്നിരുന്നു. എന്നാല്‍ തന്റെ ജീവിതലക്ഷ്യം സന്യാസത്തെ പുല്‍കി ദൈവത്തെ അടുത്തറിയുന്നതിനും അറിയിക്കുന്നതിനുമാണെന്ന് അദ്ദേഹം തിരിച്ചറിയുകയും എ.ഡി. 1035-ല്‍ ആശ്രമജീവിതത്തിനായി ഇറങ്ങിത്തിരിക്കുകയും ചെയ്തു.
വി. റൊമുവാള്‍ഡ് സ്ഥാപിച്ച കമല്‍ദോളേസെ സന്യാസ സമൂഹത്തിലാണ് പീറ്റര്‍ ഡാമിയന്‍ തന്റെ ദൈവവിളി സാക്ഷാത്ക്കരിച്ചത്. മധ്യഇറ്റലിയിലെ അരേസ്സോ നഗരത്തിനടുത്തുള്ള കമല്‍ദോളി പര്‍വതത്തിലുണ്ടായിരുന്ന ആശ്രമത്തിന്റെ പേരില്‍നിന്നാണ് ഈ സന്യാസ സമൂഹത്തിന് ഈ നാമം ലഭിച്ചത്. കമല്‍ദോളേസെ സന്യാസാശ്രമത്തിലെ അംഗമായിരുന്നെങ്കിലും ബെനഡിക്റ്റീന്‍ ആശ്രമനിയങ്ങളോട് പീറ്ററിന് വലിയ ഇഷ്ടമായിരുന്നു (ഇക്കാരണത്താല്‍ അദ്ദേഹം ബെനഡിക്റ്റീന്‍ സന്യാസി ആയിരുന്നു എന്ന് ചിന്തിക്കുന്നവരുമുണ്ട്). ഗൂബിയോ രൂപതയിലെ മോണ്ടെകാത്രിയ പര്‍വതത്തിലുള്ള ഫോന്തേ ആവല്ലാനയിലെ ആശ്രമത്തിലായിരിക്കുമ്പോള്‍ കഠിനമായ തപശ്ചര്യകളനുഷ്ഠിച്ച പീറ്ററിന് ഏകാഗ്രത നഷ്ടപ്പെടുകയും ഉറക്കമില്ലായ്മയെത്തുടര്‍ന്ന് രോഗിയാവുകയും ചെയ്തു. ഈ പ്രശ്‌നങ്ങളില്‍നിന്നും വിമുക്തനാകുന്നതിന് അദ്ദേഹത്തിന് കുറേനാളത്തേക്ക് വിശ്രമിക്കേണ്ടതായുംവന്നു.
സാവധാനം ആരോഗ്യം വീണ്ടെടുത്ത പീറ്റര്‍ അടുത്ത രണ്ടുമൂന്നു വര്‍ഷക്കാലം ചെറുപ്പക്കാരായ സന്യാസികളുടെ പരിശീലനപ്രക്രിയയില്‍ സഹായിയായി. ഇറ്റലിയിലെ അക്കാലത്തെ ഏകാന്തസന്യാസജീവിതത്തിന്റെ വലിയ പ്രചാരകനും കാമല്‍ദോളോസെ സന്യാസ സമൂഹത്തിന്റെ സ്ഥാപകനുമായിരുന്ന റൊമുവാള്‍ഡിന്റെ ജീവചരിത്രം പീറ്റര്‍ എഴുതുകയും ഇത് പെട്ടെന്നുതന്നെ പ്രചുരപ്രചാരം നേടുകയും ചെയ്തു. മാത്രമല്ല, വി. റൊമുവാള്‍ഡിന്റെ മരണത്തിന്റെ പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം എഴുതപ്പെട്ട ജീവചരിത്രം അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ആധികാരികരേഖയായി ഇന്ന് കരുതപ്പെടുന്നു. ഈ കൃതി അനേകം സന്യാസാശ്രമങ്ങള്‍ക്ക് തങ്ങളുടെ നിയമങ്ങള്‍ എഴുതുന്നതിനും നവീകരിക്കുന്നതിനും സഹായകമായിട്ടുണ്ട്. ഈ രചനയിലൂടെ തന്റെ പിന്നീടുള്ള സന്യാസ നവീകരണപ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നതിനും പീറ്റര്‍ ഡാമിയനു സാധിച്ചു.
എ.ഡി 1037-ല്‍ റെവെന്നായിലെ ആര്‍ച്ചുബിഷപ്പായിരുന്ന ജെബെയാര്‍ദോ ആണ് പീറ്റര്‍ ഡാമിയനു പൗരോഹിത്യപട്ടം നല്‍കിയത്. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം 1043-ല്‍ ഫോന്തേ അവെല്ലാനയിലെ ആശ്രമ സുപ്പീരിയറായി അദ്ദേഹം നിയമിക്കപ്പെട്ടു. ജീവിതയാത്രയില്‍ അനേകം ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ടിവന്നെങ്കിലും 1072-ല്‍ തന്റെ സ്വര്‍ഗസമ്മാനത്തിനായി യാത്രയാകുന്നതുവരെ അദ്ദേഹം ഈ സ്ഥാനത്തു തുടരുകയും ചെയ്തു. അവെല്ലാനയിലെ ആശ്രമത്തിന്റെ സമീപത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പീറ്റര്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചു. സന്യാസപൗരോഹിത്യനവീകരണത്തിന് അദ്ദേഹം വലിയ ഊന്നല്‍ നല്‍കി. അദ്ദേഹം സ്വന്തം ജീവിതത്തില്‍ നടപ്പിലാക്കിയ ചില പരിത്യാഗപ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധമായിത്തീരുകയും മോണ്ടെ കസ്സിനോ പോലെയുള്ള ആശ്രമങ്ങള്‍ ഇദ്ദേഹത്തെ അനുകരിക്കുകയും ചെയ്തു. എന്നാല്‍ ‘സ്വയം പ്രഹരിക്കുന്ന’ അനുഷ്ഠാനങ്ങള്‍ക്ക് പലഭാഗത്തുനിന്നും എതിര്‍പ്പുകളുണ്ടായി. അതുപോലെതന്നെ, തന്റെ ആശ്രമത്തിലെ വലിയ തീഷ്ണത കാണിച്ച സന്യാസികളെ പീറ്ററിന് നിയന്ത്രിക്കേണ്ടതായുംവന്നിട്ടുണ്ട്.
ആശ്രമങ്ങളില്‍ ഉച്ചമയക്കം എന്ന സമ്പ്രദായം നടപ്പാക്കിയതും വി. പീറ്റര്‍ ഡാമിയനാണ്. രാത്രിയിലെ പ്രാര്‍ഥനകള്‍ക്കും ഉച്ചയ്ക്കുമുന്‍പുള്ള അധ്വാനത്തിന്റെ ക്ഷീണത്തിനും ഒരു ആശ്വാസമെന്ന നിലയിലാണ് ഇത് നടപ്പാക്കിയത്. അത് ഉച്ചകഴിഞ്ഞുള്ള ജോലിയെയും പ്രാര്‍ഥനാനുഷ്ഠാനങ്ങളെയും മെച്ചമായി ചെയ്യുന്നതിന് സഹായിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
ആശ്രമപരിഷ്‌ക്കര്‍ത്താവ്
പീറ്റര്‍ ഡാമിയന്റെ ആത്മീയവീക്ഷണം അദ്ദേഹത്തിന്റെ ആശ്രമജീവിതചിന്തകളിലും പരിഷ്‌ക്കരണത്തിലും കണ്ടെത്താന്‍ സാധിക്കും. പീറ്ററിനെ സംബന്ധിച്ച് ദൈവദര്‍ശനത്തിനായി പരിശ്രമിക്കുക എന്നതാണ് മനുഷ്യന്റെ ഈ ലോകത്തിലെ ജീവിതലക്ഷ്യം. ഇതിനെയാണ് ധ്യാനം എന്ന് അദ്ദേഹം വിളിക്കുന്നത്. വിശുദ്ധര്‍ തങ്ങളുടെ മനനംവഴി ദൈവത്തെ കണ്ടെത്തുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ ഒരു ആശ്രമാധിപന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടതുള്ളതുകൊണ്ട് പലപ്പോഴും ധ്യാനവും പ്രാര്‍ഥനയും ഏകാഗ്രമല്ലാതാകുന്നുവെന്നും അദ്ദേഹത്തിന് പരിഭവമുണ്ടായിരുന്നു. ഈ ലോകജീവിതത്തിലെ ധ്യാനത്തിലൂടെയുള്ള ദൈവദര്‍ശനത്തെ കടലില്‍ ജീവിക്കുന്ന ഒരു പറക്കുംമത്സ്യത്തോടാണ് അദ്ദേഹം ഉപമിച്ചിരിക്കുന്നത്. പെട്ടെന്ന് വായുവില്‍ പറന്നുപൊങ്ങുന്ന മത്സ്യം വീണ്ടും വെള്ളത്തിലേക്കു തിരികെയെത്തുന്നു. ധ്യാനത്തിലായിരിക്കുന്ന വ്യക്തിയുടെ ആത്മാവ് പുണ്യങ്ങളാല്‍ സ്വര്‍ഗത്തിലേക്ക് ഉയരുന്നു. എന്നാല്‍ അനുദിനജീവിതത്തിലെ ആകുലതകളില്‍ ആടിയുലയുമ്പോള്‍ വീണ്ടും നാം സാധാരണക്കാരായായി മാറുന്നു. അനുതാപവും ആത്മീയപരിചിന്തനവും പാപമോചനത്തിന് അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഇതിന്റെ ആത്യന്തികലക്ഷ്യം ഉന്നത ഉള്‍ക്കാഴ്ച ലഭിക്കുക എന്നതാണ്. ദൈവത്തിന്റെ യഥാര്‍ഥ ദര്‍ശനസൗഭാഗ്യം ലഭിച്ചവര്‍ മാനുഷികപരീക്ഷണങ്ങളില്‍ അകപ്പെടാതെ തങ്ങളെത്തന്നെ സംരക്ഷിക്കും.
പീറ്റര്‍ ഡാമിയന്‍ ഫോന്തേ അവെല്ലാനയിലെ ആശ്രമത്തിന്റെ സമീപപ്രദേശങ്ങളിലെല്ലാം സന്യാസഭവനങ്ങള്‍ തുടങ്ങി. ഈ ആശ്രമങ്ങളില്‍ ബെനഡിക്റ്റീന്‍ നിയമങ്ങള്‍ അനുസരിച്ചുള്ള ഒരു ജീവിതരീതിക്കും അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നു. ഏകാന്തതയിലും ധ്യാനത്തിലും കഴിയുന്നതിന് പരിശീലനം ലഭിക്കുന്നതിനുള്ള ഒരു സ്ഥലമാണ് പീറ്റര്‍ ഡാമിയനെ സംബന്ധിച്ച് ആശ്രമം. ഫോന്തേ ആവെല്ലാനയില്‍ പ്രധാന ദൈവാലയത്തോടു ചേര്‍ന്നുള്ള ചെറിയ കുടിലുകളില്‍ ഒന്നും രണ്ടും പേരായി താമസിക്കുന്ന രീതിയെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. എന്നാല്‍ പ്രാര്‍ഥനകള്‍ക്കായി അവര്‍ ആശ്രമത്തില്‍ ഒരുമിച്ചുകൂടുകയും ചെയ്തിരുന്നു. കൂടുതല്‍ നിഷ്ഠയോടെ ജീവിക്കണമെന്ന് ആഗ്രഹിച്ചവര്‍ക്ക് ഒറ്റയ്ക്ക് ഒരു കുടിലില്‍ ജീവിച്ച് അവിടെത്തന്നെ പ്രാർഥിച്ച് ആശ്രമജീവിതം നയിക്കുന്നതിനുള്ള സാധ്യതയും ഉണ്ടായിരുന്നു. ഞായറാഴ്ചയും പ്രധാന തിരുനാള്‍ദിനങ്ങളിലും പ്രാര്‍ഥനയ്ക്കായി അവര്‍ ഒരുമിച്ചുകൂടിയിരുന്നു.
സഭാനവീകരണത്തിലേക്ക്
ഒരു സന്യാസാശ്രമത്തിന്റെ ആവൃതിക്കുള്ളിലെ ചുവരിനുള്ളില്‍ ആരുമറിയാതെ പ്രാര്‍ഥനയിലും ധ്യാനത്തിലും മാത്രമായി ജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന പീറ്റര്‍ ഡാമിയന്‍, സഭയുടെ പൊതുവായ വളര്‍ച്ചയിലും വളരെയധികം ശ്രദ്ധാലുവായിരുന്നു. സഭയുടെ വലിയൊരു പ്രതിസന്ധിഘട്ടത്തില്‍ അധികാരികളോടുചേര്‍ന്ന് സഭയെ നവീകരിക്കാനും വിശുദ്ധീകരിക്കാനും അദ്ദേഹം പരിശ്രമിച്ചു. യൂറോപ്പിലാകമാനമുണ്ടായ രാഷ്ട്രീയ അസ്ഥിരത, സഭയുടെ പ്രമാണങ്ങളെക്കുറിച്ചുള്ള അജ്ഞത സൃഷ്ടിക്കുകയും പുരോഹിതരുടെ ആത്മീയഗുണനിലവാരം വളരെയധികം കുറഞ്ഞുപോവുകയും ചെയ്തു. ഈ സമയത്താണ് ഗ്രിഗറി ആറാമന്‍ മാര്‍പാപ്പയ്ക്ക് സഭയുടെ നന്മയെക്കരുതി ദുഷ്‌കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പീറ്റര്‍ ഡാമിയന്‍ കത്തുകളെഴുതിയത്.
ഹെൻറി മൂന്നാമന്‍ ചക്രവര്‍ത്തിക്കും അദ്ദേഹം കത്തുകളെഴുതി. അദ്ദേഹത്തിന്റെ കിരീടധാരണ സമയത്തും പിന്നീട് ലാറ്ററന്‍ ബസിലിക്കയില്‍ നടന്ന സിനഡിലും പീറ്റര്‍ ഡാമിയന്‍ സംബന്ധിക്കുകയും കൈക്കൂലി കൊടുത്ത് സഭയില്‍ സ്ഥാനമാനങ്ങള്‍ നേടുന്നതിനെതിരായ നിയമങ്ങള്‍ പാസാക്കുന്നതിനു മുന്‍കൈയ്യെടുക്കുകയും ചെയ്തു. എന്നാല്‍ സിനഡിന്റെ ആദ്യ സെഷനുകളില്‍ സംബന്ധിച്ചതിനുശേഷം വളരെവേഗം തന്റെ ആശ്രമത്തിലെ ഏകാന്തതയിലേക്ക് അദ്ദേഹം തിരികെപ്പോയി. ഇക്കാലയളവിലും അദ്ദേഹം അന്ന് നിലവിലിരുന്ന ചില ദൈവശാസ്ത്ര-അച്ചടക്കവിഷയങ്ങള്‍ സംബന്ധിച്ച് തുറന്ന കത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി.
ഇന്ന് പൗരോഹിത്യപരിശീലനത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് നീണ്ട വര്‍ഷങ്ങളിലെ തത്വശാസ്ത്രപഠനം. ദൈവശാസ്ത്രപഠനത്തെ സഹായിക്കാനും മനുഷ്യചിന്തയെ കൂടുതല്‍ സമഗ്രമാക്കാനും ലക്ഷ്യംവച്ചുള്ളതാണ് ഈ പഠനം. എന്നാല്‍ സഭയുടെ പല കോണിലും തത്വശാസ്ത്രപഠനത്തോട് എതിര്‍പ്പുണ്ടായിരുന്നു. ഇത്തരത്തിലുള്ള ചിന്ത വച്ചുപുലര്‍ത്തിയിരുന്ന വിശുദ്ധനാണ് പീറ്റര്‍ ഡാമിയന്‍. അദ്ദേഹത്തിന്റെ ചിന്തയില്‍ യേശു തത്വജ്ഞാനികളെയല്ല തന്റെ ശിഷ്യന്മാരാകാന്‍ വിളിച്ചിരിക്കുന്നത്. തത്വശാസ്ത്രം രക്ഷപ്രാപിക്കുന്നതിന് അനിവാര്യവുമല്ലാത്തതിനാല്‍ സന്യാസികള്‍ തത്വശാസ്ത്രം പഠിക്കേണ്ടുന്നതില്ല എന്നും അദ്ദേഹം വാദിച്ചു. തത്വശാസ്ത്രം ദൈവശാസ്ത്രത്തെ സേവിക്കാനുള്ള ഉപാധിയാണ് എന്ന ആശയം തോമസ് അക്വീനാസിന്റേതായി പ്രസിദ്ധമായിത്തീര്‍ന്നതാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ ആശയത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളാണ് വി. പീറ്റര്‍ ഡാമിയന്‍. ഒരു വീട്ടുജോലിക്കാരി തന്റെ യജമാനത്തിയെ സേവിക്കുന്നതുപോലെ, തത്വശാസ്ത്രം ദൈവശാസ്ത്രത്തെ സേവിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. തത്വശാസ്ത്രത്തോട് അദ്ദേഹത്തിന് വിപ്രതിപത്തി ഉണ്ടായത് തര്‍ക്കശാസ്ത്ര പഠനത്തോടെയാണ്. ഒരു വാദത്തിന്റെ യുക്തിസാധുത മാത്രമാണ് ഇവിടെ പ്രധാനം. അല്ലാതെ യാഥാര്‍ഥ്യത്തിന്റെ സ്വഭാവമല്ല എന്നതായിരുന്നു അതിന്റെ കാരണം.
ബിഷപ്പ്, കര്‍ദിനാള്‍
മോണ്ടെ കസിനോ ആശ്രമത്തിലെ ആബട്ടായിരുന്ന ഫെഡറിക്ക്, സ്റ്റീഫന്‍ ഒന്‍പതാമന്‍ എന്ന നാമം സ്വീകരിച്ച് മാര്‍പാപ്പ ആയിത്തീര്‍ന്നു. എ.ഡി 1057-ല്‍ അദ്ദേഹം പീറ്റര്‍ ഡാമിയനെ ഒരു കര്‍ദിനാളാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ പദവി തന്റെ സന്യാസജീവിതത്തോട് ചേര്‍ന്നുപോകുന്നതല്ല എന്ന കാരണംപറഞ്ഞ് അദ്ദേഹം നിരസിച്ചു. തന്റെ ആശ്രമത്തിലും പ്രാസംഗികന്‍ എന്ന ജോലിയിലും സംതൃപ്തനായിരുന്ന അദ്ദേഹം ഒരു കര്‍ദിനാളിന്റെ പദവി തനിക്ക് ആവശ്യമില്ല എന്ന് മാര്‍പാപ്പയെ അറിയിച്ചു. പീറ്റര്‍ ഡാമിയന്റെ എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് മാര്‍പാപ്പ അദ്ദേഹത്തെ 1057-ല്‍ കര്‍ദിനാളും ഓസ്തിയ രൂപതയുടെ ബിഷപ്പുമായി പ്രഖ്യാപിച്ചു. അധികം താമസിയാതെ ഗുബ്ബിയോ രൂപതയുടെ അഡ്മിനസ്റ്റ്‌റേറ്ററായും അദ്ദേഹത്തെ നിയമിച്ചു. തന്റെ പുതിയ ദൗത്യത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്ന പീറ്റര്‍ ഡാമിയന്‍, തന്റെ സഹോദരകര്‍ദിനാളന്മാര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചു ബോധ്യപ്പെടുത്താനായി ഒരു കത്തയച്ചു. അതില്‍ മാതൃകകൊണ്ട് പ്രശോഭിക്കുന്നവരായിത്തീരാന്‍ അവരെ അദ്ദേഹം ഉപദേശിച്ചു. എന്നാല്‍ നാലുമാസത്തിനുള്ളില്‍ മാര്‍പാപ്പ കാലംചെയ്തത് സഭയില്‍ നൂതനപ്രശ്‌നങ്ങളുടെ ഉദയത്തിനു കാരണമായിത്തീരുന്നു. പീറ്റര്‍ ഡാമിയന്‍ ഈ സമയത്ത് ഫൊന്തേ ആവല്ലാനയിലുള്ള തന്റെ ആശ്രമത്തിലേക്ക് തിരികെപ്പോവുകയാണുണ്ടായത്.
മിലാനിലെ ദൗത്യം
മിലാനിലെ സഭ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന കാലഘട്ടമായിരുന്നു ഇത്. രണ്ടുതരം തിന്മകളാണ് ഇവിടുത്തെ സഭയെ നശിപ്പിച്ചുകൊണ്ടിരുന്നത്. ഒന്നാമത്തേത് ‘സൈമണി’യും രണ്ടാമത്തേത് ‘നിക്കോളായിസ’വും. സഭയിലെ സ്ഥാനമാനങ്ങളും പട്ടങ്ങളും കൈക്കൂലിയിലൂടെ വാങ്ങുന്നതിനെയും വില്‍ക്കുന്നതിനെയുമാണ് സൈമണി എന്ന് വിളിക്കുന്നത്. വി. ഗ്രന്ഥത്തില്‍ അപ്പസ്‌തോലന്മാരുടെ കൈവയ്പ്പുവഴി പരിശുദ്ധാത്മാവിന്റെ അഭിഷേകം സംഭവിക്കുന്നതുകണ്ടപ്പോള്‍ ഈ വരം തനിക്കും ലഭിക്കുന്നതിനായി സൈമണ്‍ മാഗുസ് എന്നയാള്‍ പണം നല്‍കുന്നു (അപ്പ. പ്രവ. 8:18). പണം കൊടുത്ത് ദൈവികകൃപകള്‍ വാങ്ങാനുള്ള സൈമണ്‍ മാഗുസിന്റെ കുടിലതന്ത്രം പരാജയപ്പെട്ടെങ്കിലും ‘സൈമണി’ എന്ന വാക്ക് തന്റെ പേരില്‍ അറിയപ്പെടുന്നു എന്ന് അഭിമാനിക്കാം!
‘നിക്കോളായിസം’ ആദിമനൂറ്റാണ്ടിലെ സഭ തള്ളിപ്പറഞ്ഞ ഒരു തിന്മയാണ്. നിക്കോളാസ് എന്ന ഒരു ഡീക്കന്‍ വ്യക്തികേന്ദ്രീകൃത വിശ്വാസത്തിനും ദൈവബന്ധത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് സഭയിലെ അധികാരത്തെ നിഷേധിച്ചയാളാണ്. സെവില്ലിലെ വി. ഇസിദോറിന്റെ അഭിപ്രായത്തില്‍, നിക്കോളായിസ് തന്റെ സുന്ദരിയായ ഭാര്യയെ പാപത്തിലേക്കു തള്ളിവിട്ടുകൊണ്ട് മറ്റുള്ളവരുടെകൂടെ ജീവിക്കാന്‍ അനുവദിച്ച ആളാണ്. പിന്നീട് ഇവര്‍ സഭയില്‍നിന്നും വേര്‍പെട്ട ഒരു ‘സെക്റ്റായി’ അറിയപ്പെട്ടു. വെളിപാടുപുസ്തകത്തില്‍ എഫേസൂസിലെ സഭയ്ക്കുള്ള കത്തില്‍ രണ്ടുപ്രാവശ്യം ഇവരുടെ പേര് എടുത്തുപറയുന്നുണ്ട് “നിക്കൊളാവൂസ് പക്ഷക്കാരുടെ ചെയ്തികള്‍ നീ വെറുക്കുന്നു. അവ ഞാനും വെറുക്കുന്നു.” (വെളി. 2: 6,15).
മിലാന്‍ പ്രദേശങ്ങളിലെ പല ബിഷപ്പുമാരും വൈദികരും ഇക്കാലയളവില്‍ സൈമണി വഴി ഉന്നതസ്ഥാനങ്ങള്‍ കരസ്ഥമാക്കി. അവരില്‍ മിക്കവരും നിക്കോളായിസ് രീതിയില്‍ വെപ്പാട്ടിമാരെ കൂടെത്താമസിപ്പിക്കുകയും ചെയ്തിരുന്നു. ഈ തിന്മയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനു ‘പത്താറിയ’ എന്ന ഒരു സംഘടന നിലവില്‍വന്നു. ഇറ്റലിയിലെ ലൂക്കാ രൂപതയുടെ ബിഷപ്പായിരുന്ന ബാജിയോയിലെ ആന്‍സലെം (പിന്നീട് അലക്സാണ്ടര്‍ രണ്ടാമന്‍ മാര്‍പാപ്പ) ഡീക്കനായിരുന്ന വി. അരിയാള്‍ഡോ എന്നിവരായിരുന്നു ഈ പ്രസ്ഥാനത്തിന് നേതൃത്വംനല്‍കിയത്. (പിന്നീട് വി. അരിയാള്‍ഡോയും, അത്മായനായിരുന്ന വി. എര്‍ലെംബാള്‍ഡും സഭാനവീകരണത്തിന്റെപേരില്‍ രക്തസാക്ഷിത്വം വഹിക്കേണ്ടിവന്നു).
ഈ തിന്മകളെ നേരിടുന്നതിനും മിലാന്‍ പ്രദേശങ്ങളിലെ സഭയില്‍ മാറ്റംകൊണ്ടുവരുന്നതിനും എ.ഡി. 1059-ല്‍ നിക്കോളാസ് രണ്ടാമന്‍ മാര്‍പാപ്പ തന്റെ പ്രതിനിധിയായി പീറ്റര്‍ ഡാമിയനെ മിലാനിലേക്കു അയച്ചു. വി. പീറ്റര്‍ ഡാമിയന്റെ ദൗത്യം ആ സഭയെ വലിയ പ്രതിസന്ധിയിലേക്കു നീങ്ങുന്നതില്‍നിന്നും രക്ഷിച്ചു. ഒരു സ്ഥാനമാനങ്ങളും സ്ഥാനക്കയറ്റവും വിലകൊടുത്തു വാങ്ങുകയോ, വില്‍ക്കുകയോ ചെയ്യുകയില്ലെന്ന് മിലാനിലെ ആര്‍ച്ചുബിഷപ്പിനെയും അദ്ദേഹത്തിന്റെ വൈദികരെയുംകൊണ്ട് അദ്ദേഹം പ്രതിജ്ഞയെടുപ്പിച്ചു. കൂടാതെ, ഇക്കാര്യത്തില്‍ തെറ്റുചെയ്തവര്‍ക്ക് തെറ്റിന്റെ കാഠിന്യത്തിനനുസരിച്ചുള്ള ശിക്ഷനല്‍കണമെന്നും അദ്ദേഹം നിലപാടെടുത്തു. റോമന്‍ കൂരിയായില്‍ ഉണ്ടായിരുന്ന ചില ഉന്നതാധികാരികള്‍ വി. പീറ്റര്‍ ഡാമിയന്റെ ചില തീരുമാനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം അവരുടെ സമ്മര്‍ദത്തിനുവഴങ്ങാന്‍ തയ്യാറായിരുന്നില്ല.
പ്രശ്‌നപരിഹാരകന്‍
‘മാര്‍പാപ്പമാരുടെ ഉപദേശകന്‍’ എന്നപേരില്‍ പീറ്റര്‍ ഡാമിയന്‍ അറിയപ്പെട്ടിരുന്നു. തന്റെ ആത്മീയ-ധാര്‍മ്മികശക്തിയാല്‍ അവരെ ഉപദേശിക്കാനും തിരുത്താനും അദ്ദേഹത്തിനു സാധിച്ചിരുന്നു. അതുപോലെതന്നെ അവര്‍ ഏല്പിച്ച വലിയ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള കഴിവും പ്രാപ്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിന്റ നന്ദിപ്രകടനം മാത്രമായിരുന്നു അദ്ദേഹത്തിന്റെ എതിര്‍പ്പ് അവഗണിച്ചും ബിഷപ്പായും കര്‍ദിനാളായും അദ്ദേഹത്തെ മാര്‍പാപ്പ തിരഞ്ഞെടുത്തത്.
നിക്കോളാസ് രണ്ടാമന്‍ മാര്‍പാപ്പ കാലംചെയ്തപ്പോള്‍ വീണ്ടും ചില പ്രശ്‌നങ്ങള്‍ സഭയില്‍ ഉടലെടുത്തു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മാര്‍പാപ്പ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും വി. പീറ്റര്‍ ഡാമിയന്‍ വലിയ പങ്കുവഹിച്ചു. അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് ഒരു കത്ത് പ്രസിദ്ധീകരിക്കുകയും അത് മാര്‍പാപ്പ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. അങ്ങനെ മിലാനിലെ സഭയില്‍ പരിവര്‍ത്തനം കൊണ്ടുവരുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച ബിഷപ്പ് ആന്‍സലെം അലക്സാണ്ടര്‍ രണ്ടാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ മാര്‍പാപ്പ തിരഞ്ഞെടുപ്പാണ് സഭാചരിത്രത്തില്‍ കര്‍ദിനാളന്മാര്‍ മാത്രമായി നടത്തുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ്. ഇതുവഴിയായി രാജാക്കന്മാരുടെയും റോമിലെ പ്രഭുക്കന്മാരുടെയും പുരോഹിതരുടെയും ജനങ്ങളുടെയും മാര്‍പാപ്പ തിരഞ്ഞെടുപ്പിലെ സ്വാധീനം ഇല്ലാതായി. ഈ വിഭാഗം പീറ്റര്‍ ഡാമിയനെ ശത്രു പക്ഷത്തു നിര്‍ത്തിയെങ്കിലും അവരുടെയൊന്നും ഭീഷണിക്ക് അദ്ദേഹം വഴങ്ങിയില്ല.
യൂറോപ്പിലെ സഭയിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അലക്സാണ്ടര്‍ രണ്ടാമന്‍ മാര്‍പാപ്പ പീറ്റര്‍ ഡാമിയന്റെ സഹായം തേടി. 1063-ല്‍ റോമില്‍വച്ചു നടന്ന സിനഡില്‍ പ്രസിദ്ധമായ ക്ലൂണി ആശ്രമവും ഫ്രാന്‍സിലെ മാക്കോണ്‍ രൂപതയിലെ ബിഷപ്പുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥനായി പീറ്റര്‍ ഡാമിയനെ നിയോഗിച്ചു. അദ്ദേഹം ഫ്രാന്‍സിലേക്ക് യാത്രചെയ്യുകയും അവിടെ ഒരു സിനഡ് വിളിച്ചുകൂട്ടി ആശ്രമത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ അവിടുത്തെ രൂപതാബിഷപ്പിനു അധികാരമില്ലെന്ന് വിധിക്കുകയുംചെയ്തു. ഇത് അവിടെ നിലവിലിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിധിയായി പരിണമിച്ചു. ഈ മാതൃകയില്‍ യൂറോപ്പിലെ പല രൂപതകളിലെയും ആശ്രമങ്ങളിലെയും പ്രശ്‌നങ്ങള്‍ പിന്നീട് പരിഹരിക്കപ്പെടും ചെയ്തു.
പീറ്റര്‍ ഡാമിയന്‍ ഫ്രാന്‍സിലായിരുന്ന സമയത്ത് ആന്റി പോപ്പായിരുന്ന കടാലൂസ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും മാര്‍പാപ്പയാകാനുള്ള പരിശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ട് തന്റെ സന്യാസജീവിതത്തിന്റെ ശാന്തത ഇല്ലാതാകുന്നുവെന്ന ചിന്തയാല്‍ 1067-ല്‍ പീറ്റര്‍ ഡാമിയന്‍ തന്റെ ഔദ്യോഗികസ്ഥാനങ്ങള്‍ രാജിവച്ച് ഫോന്തേ അവെല്ലാന എന്ന സ്ഥലത്തെ ആശ്രമത്തിലേക്കു പോവുകയും അവിടെ പ്രാര്‍ഥനയിലും ധ്യാനത്തിലും തന്റെ സമയം ചെലവഴിക്കുകയും ചെയ്തു.
എന്നാല്‍ അലക്സാണ്ടര്‍ മാര്‍പാപ്പ അദ്ദേഹത്തെ റോമിലേക്കു വീണ്ടും വിളിച്ചുവരുത്തുകയും ജര്‍മ്മനിയിലേക്ക് തന്റെ പ്രത്യേക ദൗത്യവുമായി അയയ്ക്കുകയും ചെയ്തു. ഹെൻറി നാലാമന്‍ രാജാവ് തന്റെ ഭാര്യ ബെര്‍ത്തയുമായുള്ള ബന്ധം വിച്ഛേദിച്ച് വേറൊരു വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ പീറ്റര്‍ ഡാമിയന്റെ ഇടപെടല്‍വഴി അദ്ദേഹം തന്റെ തീരുമാനത്തില്‍നിന്നും പിന്മാറുകയും കൂടുതല്‍ ശ്രദ്ധ രാജ്യഭരണത്തിനായി നല്‍കുകയും ചെയ്തു.
മരണം, വിശുദ്ധന്‍, വേദപാരംഗതന്‍
ഒരു ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരികെയെത്തുമ്പോള്‍ മറ്റൊരു ദൗത്യം പീറ്റര്‍ ഡാമിയനെ കാത്തിരിക്കുന്ന അവസ്ഥ അന്ന് റോമില്‍ നിലനിന്നിരുന്നു. റെവെന്ന സഭയിലെ വലിയൊരു പ്രശ്‌നം പരിഹരിക്കുന്നതിനായി മാര്‍പാപ്പ അദ്ദേഹത്തെ അയച്ചു. അവിടുത്തെ ദൈവജനത്തെ സഭയുമായി രമ്യതയില്‍ കൊണ്ടുവരിക എന്നതായിരുന്നു ഈ ദൗത്യം. ഈ ദൗത്യം വിജയകരമായി നിര്‍വഹിച്ച് റോമിലേക്കു വരുന്ന അവസരത്തില്‍ ഫയെന്‍സ എന്ന സ്ഥലത്തുവച്ച് അദ്ദേഹം രോഗബാധിതനാവുകയും സാന്ത മരിയ വേക്കിയ ആശ്രമത്തില്‍ ഒരാഴ്ച കഴിയുകയും ചെയ്തു. ഇവിടെ തന്റെ മരണക്കിടക്കയ്ക്കു സമീപത്തു കൂടിയവരോട് പ്രാർഥിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയും അവര്‍ പ്രാര്‍ഥന ചൊല്ലിക്കൊണ്ടിരുന്ന അവസരത്തില്‍ തന്റെ സ്വര്‍ഗസമ്മാനത്തിനായി 1072 ഫെബ്രുവരി 22-ന് വിശുദ്ധന്‍ യാത്രയാവുകയും ചെയ്തു. അവിടുത്തെ ആശ്രമ സെമിത്തേരിയിലാണ് ആദ്യം പീറ്റര്‍ ഡാമിയനെ അടക്കിയത്.
മരണാനന്തരം വിശ്വാസികള്‍ വി. പീറ്റര്‍ ഡാമിനയനെ വിശുദ്ധനായിക്കണ്ട് അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ പ്രാർഥിക്കാന്‍തുടങ്ങിയിരുന്നു. ലിയോ പന്ത്രണ്ടാമന്‍ മാര്‍പാപ്പ 1828 സെപ്റ്റംബര്‍ 27-ന് അദ്ദേഹത്തെ സഭയിലെ വേദപാരംഗത്താന്മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. ഫെബ്രുവരി 21-ന് സഭ അദ്ദേഹത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം ആറുപ്രാവശ്യം മാറ്റിസ്ഥാപിച്ചിട്ടുണ്ട്. അവസാനം 1898-ല്‍ ഫയെന്‍സയിലെ കത്തീഡ്രല്‍ ദൈവാലയത്തില്‍ വി. പീറ്റര്‍ ഡാമിയന്റെ പേരിലുള്ള ചാപ്പലില്‍ അടക്കംചെയ്തു.
വി. പീറ്റര്‍ ഡാമിയന്റെ സന്യാസജീവിതശൈലി വി. ഫ്രാന്‍സിസ് അസ്സീസിയെ സ്വാധീനിച്ചിട്ടുണ്ട് എന്നു വാദിക്കുന്ന പണ്ഡിതന്മാരുമുണ്ട്. പീറ്റര്‍ ഡാമിയന്‍ വെള്ളിയാഴ്ച ഉപവാസം തന്റെ ആശ്രമങ്ങളിലെല്ലാം നടപ്പാക്കിയത് ക്രിസ്തുവിന്റെ പീഡകളെ അന്നേദിവസം അനുസ്മരിക്കുന്നതിനായിട്ടാണ്. ഇത് വി. ഫ്രാന്‍സിസ് തന്റെ സന്യാസനിയമങ്ങളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ക്രിസ്തുവിന്റെ സഹനങ്ങളെ തങ്ങളുടെ ജീവിതത്തില്‍ പ്രായോഗികമായി അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെ വി. പീറ്റര്‍ ഡാമിയന്‍ അനുധാവനംചെയ്ത പരിത്യാഗപ്രവൃത്തികള്‍ പിന്നീടുവന്ന അനേകം സന്യാസ സമൂഹങ്ങള്‍ അനുകരിച്ചിട്ടുണ്ട്. ക്രിസ്തു തന്റെ ശരീരത്തിലേറ്റ ചമ്മട്ടിയടികള്‍ വലിയ വേദന നിറഞ്ഞതായിരുന്നു. അതിന്റെ അനുകരണം വി. പീറ്റര്‍ ഡാമിയന്‍ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹം അതിന് മാതൃകയാവുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഭക്താഭ്യാസങ്ങളെ ഇന്ന് പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ശാരീരികസഹനങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള കുരിശിന്റെ വഴി, തീർഥാടനങ്ങൾ, ത്യാഗപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ക്രിസ്തീയസുകൃതജീവിതത്തിന്റെ ഭാഗമാണ്. വി. പീറ്റര്‍ ഡാമിയന്റെ ചിന്തയില്‍ കുരിശ് നമ്മുടെ സഹനത്തിന്റെ മാത്രമല്ല വിശ്വാസം, പ്രത്യാശ, ഉപവി എന്നിവയുടെ അടയാളംകൂടിയാണ്. ഭൂമിയില്‍ അടിസ്ഥാനമുള്ള കുരിശിന്റെ താഴ്ഭാഗം നമ്മുടെ വിശ്വാസത്തിന്റെ പ്രതീകമാണ്. കുരിശിന്റെ സ്വര്‍ഗവുമായി ബന്ധിപ്പിക്കുന്ന മുകള്‍ഭാഗം നമ്മുടെ പ്രത്യാശയെ കാണിക്കുന്നു. രണ്ടുവശങ്ങളിലേക്കും നീളുന്ന കുരിശിന്റെ കൈകള്‍ ദൈവസ്‌നേഹത്തിന്റെയും പരസ്‌നേഹത്തിന്റെയും പ്രതീകങ്ങളാണ്.
ദൈവശാസ്ത്ര സംഭാവനകള്‍
വിവിധ വിഷയങ്ങളില്‍ അനേകം രചനകള്‍ വി. പീറ്റര്‍ ഡാമിയന്‍ നടത്തി. അതില്‍ ലേഖനങ്ങള്‍, എഴുത്തുകള്‍, പ്രാര്‍ഥനകള്‍, ആരാധനാസംബന്ധിയായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഗ്രന്ഥങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇക്കലത്തെ ഇറ്റലിയിലെ ആത്മീയ അവസ്ഥ മനസ്സിലാക്കുന്നതിന് ഈ ഗ്രന്ഥങ്ങള്‍ വളരെയധികം സഹായകമായിട്ടുണ്ട്.
‘ദൈവത്തിന്റെ അപരിമേയത്വം’ (De Divina Omnipotentia) എന്ന പ്രധാനകൃതിയില്‍ ദൈവികശക്തി അദ്ദേഹം ചര്‍ച്ചചെയ്യുന്നു. മോണ്ടെ കസ്സിനോയിലെ ബെനഡിക്റ്റീന്‍ ആശ്രമ സുപ്പീരിയര്‍ക്ക് എഴുതിയ ഒരു കത്താണിത്. വി. ജെറോമിന്റെ നിലപാടുകളോട് വിയോജിച്ചുകൊണ്ട് ഭൂതകാലത്തു സംഭവിച്ച കാര്യങ്ങള്‍പോലും ദൈവത്തിനു മാറ്റാന്‍ സാധിക്കുമെന്ന് അദ്ദേഹം വാദിച്ചു. മനുഷ്യനെ സംബന്ധിച്ച് ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം ഉണ്ടെങ്കിലും ദൈവത്തില്‍ ഇതൊക്കെയും അനന്തമായ വര്‍ത്തമാനമാണ്. വൈരുദ്ധ്യനിയമങ്ങള്‍ (law of contradiction) ദൈവത്തിനു ബാധകമല്ല എന്നതാണ് ഇതിന് ഉപോത്ബലകമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
പീറ്റര്‍ ഡാമിയന്റെ ഏറ്റം സ്വീധീനമുള്ള രചനകള്‍ പൗരോഹിത്യവുമായി ബന്ധപ്പെട്ടതാണ്. വൈദികര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നത് സഭയെ ദുര്‍ബലപ്പെടുത്തുന്നതിനെക്കുറിച്ചാണ് അദ്ദേഹം ഈ കൃതികളില്‍ പറഞ്ഞിരിക്കുന്നത്. ‘ലീബര്‍ ഗൊമോര്‍ഹിനൗസ്’ വൈദികരുടെ അച്ചടക്കരാഹിത്യത്തെക്കുറിച്ചും, ‘ലീബര്‍ ഗ്രാത്തിസ്സിമൂസ്’ അധികാരസ്ഥാനത്ത് എത്തുന്നതിനുവേണ്ടി കൈക്കൂലി കൊടുക്കുന്നതിനെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. സൈമണി എന്ന വിപത്ത് അക്കാലത്ത് സഭയിലും സമൂഹത്തിലും വളരെ വ്യാപകമായിരുന്നു. ഇക്കാരണത്താല്‍ അയോഗ്യതയോടെ വൈദിക-മേല്പട്ടസ്ഥാനത്ത് എത്തിയവര്‍ സഭയുടെ ഉന്നമനത്തെക്കാള്‍ തങ്ങളുടെ സ്വാര്‍ഥതാല്പര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യംനല്‍കി. ഇവരില്‍പലരും തങ്ങളുടെ അനുസരണ-ബ്രഹ്മചര്യവ്രതങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയുംചെയ്തു.
എ.ഡി 1050-ല്‍ ‘ലീബര്‍ ഗൊമോര്‍ഹിയാനൂസ്’ എന്ന കത്ത് ലിയോ ഒന്‍പതാമന്‍ മാര്‍പാപ്പയെ അഭിസംബോധന ചെയ്തുകൊണ്ട് പീറ്റര്‍ ഡാമിയന്‍ എഴുതിയതാണ്. ഇതില്‍, കൈക്കൂലി കൊടുത്ത് സഭയിലെ സ്ഥാനമാനങ്ങള്‍ നേടുന്നതിനെ നിശിതമായി വിമര്‍ശിക്കുകയും ഇത് വൈദികജീവിതത്തിന്റെ അന്തസത്തയെ സാരമായി ബാധിക്കുകയും ചെയ്യുന്നുണ്ടെന്ന് എഴുതുകയും ചെയ്തു. ഇങ്ങനെ വൈദികസ്ഥാനങ്ങള്‍ കരസ്തമാക്കിയവരുടെ പട്ടത്തിന്റെ സാധുതയെക്കുറിച്ചുള്ള സംശയങ്ങളും ഇക്കാലയളവിലുണ്ടായി. വൈദികര്‍, അനുസരണവും ആത്മനിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കുന്നതാണ് സഭയെ നശിപ്പിക്കുന്നതിന്റെ പ്രധാനകാരണമെന്ന് അദ്ദേഹം ഈ കൃതിയില്‍ എഴുതുന്നു. ഈ കത്തുകള്‍ വി. പീറ്റര്‍ ഡാമിയന് സഭയില്‍ത്തന്നെ ധാരാളം ശത്രുക്കളെ സൃഷ്ടിച്ചു. എന്നാല്‍ എന്ത് ഉദ്ദേശത്തോടെയാണോ വി. പീറ്റര്‍ ഡാമിയന്‍ ഈ കത്തെഴുതിയത് അത് സാധിച്ചെടുക്കുന്നതിന് സാധിച്ചുവെന്ന് സഭാചരിത്രം സാക്ഷിക്കുന്നു.
‘ലീബര്‍ ഗ്രാത്തിസ്സിമൂസ്’ എന്ന ലേഖനത്തില്‍ കൈക്കൂലി നല്കി അവകാശപ്പെടുത്തിയതാണെങ്കിലും ഇങ്ങനെയുള്ള പട്ടങ്ങള്‍ സാധുതയുള്ളതാണെന്ന് അദ്ദേഹം വാദിച്ചു. അതുപോലെതന്നെ അവര്‍ അനുഷ്ഠിച്ച കൂദാശകളും അവരുടെ ഈ അയോഗ്യതയാല്‍ വിലയില്ലാതാകില്ല എന്നും അദ്ദേഹം എഴുതി. ഇങ്ങനെയുള്ള വിഷയങ്ങള്‍ ഇക്കാലത്ത് വളരെയധികം ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. ദൈവശാസ്ത്രപരമായി പീറ്റര്‍ ഡാമിയന്‍ ശരിയായിരുന്നു എന്ന് ഇക്കാര്യത്തില്‍ പിന്നീടുണ്ടായ സഭാതീരുമാനങ്ങളില്‍നിന്നും നമുക്കു മനസ്സിലാക്കാന്‍ സാധിക്കും.
സഭാനവീകരണത്തില്‍ പീറ്റര്‍ ഡാമിയനോടു ചേര്‍ന്നുനിന്നവരായിരുന്നു കര്‍ദിനാള്‍ ഹൂബര്‍ട്ടും കര്‍ദിനാള്‍ ഹില്‍ഡേബ്രാന്‍ഡും. ഇവരില്‍ പീറ്റര്‍ ഡാമിയന്റെ മരണശേഷം മാര്‍പാപ്പയായ ഗ്രിഗറി ഏഴാമന്‍ (ഹില്‍ഡേബ്രാന്‍ഡ്) സഭയില്‍ വലിയ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയ വിശുദ്ധനാണ്. പീറ്റര്‍ ഡാമിയന്‍ മരിച്ചതിന്റെ പിറ്റേവര്‍ഷം ലാറ്ററന്‍ ബസിലിക്കയില്‍വച്ച് ഗ്രിഗറി ഏഴാമന്‍ മാര്‍പാപ്പ ഒരു സിനഡ് വിളിച്ചുകൂട്ടി കൈക്കൂലിക്കെതിരെയും വൈദികബ്രഹ്മചര്യത്തെ അനുകൂലിച്ചും മുന്‍പു നടന്ന സിനഡ് തീരുമാനങ്ങള്‍ ഒരിക്കല്‍ക്കൂടി കര്‍ശനമായി നടപ്പാക്കുന്നതിന് വ്യവസ്ഥചെയ്യുകയും ചെയ്തു. കൂടാതെ, ഇനിയും ഇത്തരം തെറ്റുകള്‍ ചെയ്യുന്നവരെ സഭയില്‍നിന്നും പുറത്താക്കുമെന്നും പ്രഖ്യാപിച്ചു. റോമില്‍ പിന്നീട് കൂടിയ ഒരു സിനഡില്‍വച്ച് സൈമണി ഇല്ലാതാക്കാനായി മാര്‍പാപ്പയ്ക്കു മാത്രമേ ബിഷപ്പുമാരെ നിയമിക്കാനും പുറത്താക്കാനും ഒരു രൂപതയില്‍നിന്നും മറ്റൊരു രൂപതയിലേക്ക് സ്ഥലംമാറ്റാനും അധികാരമുണ്ടായിരിക്കൂ എന്ന് തീരുമാനിക്കുകയും ചെയ്തു.
ക്ലൂണി ആശ്രമം സന്ദര്‍ശിച്ചതിനുശേഷം അവിടുത്തെ ആബട്ടിന് പീറ്റര്‍ ഡാമിയന്‍ എഴുതിയ ഹൃദയഹാരിയായ എഴുത്തില്‍നിന്നും ഈ ആശ്രമം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം എത്ര വലുതാണെന്നു നമുക്കു മനസ്സിലാക്കാം. “അങ്ങ് എന്നെ സുരക്ഷിതമായി എന്റെ ഭവനത്തില്‍ തിരികെയെത്തിച്ചു. എന്നാല്‍ അങ്ങയുടെ സ്‌നേഹത്തിന്റെ സംയോജിപ്പാല്‍ വേര്‍പിരിക്കാനാവാത്തവിധം നമ്മള്‍ ഐക്യത്തില്‍ ആയിരിക്കുന്നു. അങ്ങില്‍നിന്നും ശാരീരികമായി എനിക്ക് യാത്രപറയാന്‍ സാധിച്ചെങ്കിലും മാനസികമായും ആത്മീയമായും അവിടുത്തെ സാന്നിധ്യത്തില്‍നിന്നും ഞാന്‍ അകലെയല്ല. നിങ്ങളുടെ ജീവിതരീതിയുടെ ആന്തരികസൗന്ദര്യത്താല്‍ ഞാന്‍ ആവാഹിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ദേവദൂതപരമായ ജീവിതത്തോട് ഞാന്‍ ചേര്‍ന്നുനില്‍ക്കുക്കുകയും നിര്‍മ്മലസ്‌നേഹത്തിന്റെ പ്രലോഭനത്താല്‍ ഞാന്‍ ബന്ധിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. എന്റെ മനസ്സിനും ഹൃദയത്തിനും എല്ലാം മറന്നുകൊണ്ട് ഈ ഓര്‍മ്മകളില്‍ പുനര്‍ജനിക്കാന്‍ സാധിക്കുന്നത് എത്ര സന്തോഷപ്രദമാണ്” (Letter 113, 3:28, De Gallica profectione domni Petri Damiani, PL 145:865-8).
പരമപരിശുദ്ധന്‍ എന്ന് സമകാലീനര്‍പോലും കരുതിയിരുന്ന പീറ്റര്‍ ഡാമിയന്‍, താന്‍ എഴുതിയ കത്തുകളിലെല്ലാം ഒപ്പിട്ടിരുന്നത് ‘പാപിയായ പീറ്റര്‍’, ‘പാപിയായ സന്യാസി പീറ്റര്‍’ എന്നീ പേരുകളിലായിരുന്നു. അദ്ദേഹം തന്റെ ശരീരത്തില്‍ ചാട്ടവാറടിയേറ്റിരുന്നതുപോലെതന്നെ സഭയിലെ തിന്മകള്‍ക്കെതിരെ അതെ കാര്‍ക്കശ്യത്തോടെ തന്റെ തൂലിക ചലിപ്പിച്ചിരുന്നു.
ഉപസംഹാരം
സഭയെ നവീകരിക്കാനും വിശുദ്ധീകരിക്കാനുമായി മാര്‍പാപ്പമാരെയും ചക്രവര്‍ത്തിമാരെയുംവരെ നിയന്ത്രിക്കാന്‍തക്ക ആത്മീയ-ധാര്‍മ്മികശക്തിയുള്ള വിശുദ്ധനായിരുന്നു വി. പീറ്റര്‍ ഡാമിയന്‍. പതിനൊന്നാം നൂറ്റാണ്ടിലെ റോമന്‍ സഭയുടെയും അക്കാലത്തെ സമൂഹത്തിന്റെയും വിശുദ്ധീകരണത്തിലൂടെ സഭയെ മുഴുവന്‍ അദ്ദേഹം പരിവര്‍ത്തനപ്പെടുത്തി. ആദിമസഭയുടെ ആത്മീയപരിശുദ്ധി സഭ എക്കാലത്തും കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിച്ച പരിശുദ്ധനാണ് പീറ്റര്‍ ഡാമിയന്‍. തിന്മയോടു സന്ധിയില്ലാ സമരംചെയ്ത ഈ വിശുദ്ധന്‍, നമ്മെയും നമ്മുടെ ആത്മീയപ്രവര്‍ത്തനങ്ങളെയും പ്രചോദിപ്പിക്കേണ്ടതാണ്. നമ്മുടെ ജീവിതവും പ്രവര്‍ത്തനങ്ങളും മാതൃകാപരമായിരിക്കണമെന്നും അങ്ങനെ ദൈവരാജ്യം നിരന്തരം സഭയിലൂടെ പ്രഘോഷിക്കുന്നവരാകണമെന്നും വി. പീറ്റര്‍ ഡാമിയന്‍ ഇന്ന് നമ്മോട് ആഹ്വാനംചെയ്യുകയും ചെയ്യുന്നു.
വി. പീറ്റര്‍ ഡാമിയനോടുള്ള മധ്യസ്ഥപ്രാര്‍ഥന
ദൈവമായ കര്‍ത്താവേ, അങ്ങ് വി. പീറ്റര്‍ ഡാമിയനെ വിശുദ്ധിയുടെ മാതൃകയായി ഞങ്ങള്‍ക്കു നല്കിയല്ലോ. അങ്ങയെ സ്‌നേഹിക്കുന്നതിനും സഭയെ സേവിക്കുന്നതിനും ഞങ്ങളെയും അനുഗ്രഹിക്കുക.
വി. പീറ്റര്‍ ഡാമിയന്‍, അങ്ങയുടെ കാലത്ത് സഭ പലവിധ പ്രശ്‌നങ്ങളില്‍പെട്ടുഴലുന്നത് അങ്ങ് ദര്‍ശിച്ചു. ഈ തെറ്റുകളെ തിരുത്തുന്നതിന് അങ്ങേയ്ക്കു സാധ്യമായതെല്ലാം അങ്ങ് ചെയ്തു. അങ്ങ് തീക്ഷ്ണതയോടെ സന്യാസിയുടെയും വൈദികന്റെയും ദൗത്യത്തെക്കുറിച്ച് എഴുതുകയും അവരുടെ വിളിയോട് വിശ്വസ്തരായിരിക്കാന്‍ ആഹ്വാനംചെയ്യുകയും ചെയ്തു. സൈമണി എന്ന തിന്മയ്ക്കെതിരെ പോരാടി സഭയ്ക്കായി വലിയ നന്മകള്‍ അങ്ങ് ചെയ്തു.
സഭയെ വിശ്വസ്തതയോടെ സേവിക്കുന്നതിന് എനിക്ക് സാധിക്കുന്നതിനായി എനിക്കായി അങ്ങ് അപേക്ഷിക്കുക. ദൈവത്തെ സേവിക്കുന്നതില്‍ ഒരിക്കലും എനിക്ക് മടുപ്പുതോന്നാതിരിക്കാന്‍ എനിക്കുവേണ്ടി അങ്ങ് മാധ്യസ്ഥം വഹിക്കണമേ, ആമ്മേന്‍.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍