വിശുദ്ധ ലൂക്കാ സുവിശേഷകൻ

ബൈബിളിലെ നാല് സുവിശേഷകന്മാരിൽ ഒരാളായും അപ്പസ്തോല പ്രവർത്തനങ്ങൾ എഴുതിയ ആളായും പൗലോസ് ശ്ലീഹായുടെ സന്തതസഹചാരിയായും നല്ലൊരു ഡോക്ടർ ആയുമൊക്കെ നമുക്ക് വി. ലൂക്കായെ അറിയാം. വി. ലൂക്കാ  സിറിയയിലെ അന്ത്യോക്യയിൽ ഒരു വിജാതീയ കുടുംബത്തിൽ ജനിച്ചെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈശോയെ നേരിട്ട് കണ്ടിട്ടില്ലാത്തവനും സുവിശേഷകന്മാരിൽ യഹൂദനല്ലാത്ത ഒരേയൊരാളുമായിരുന്നു വി. ലൂക്കാ.

പൗലോസ് ശ്ലീഹായുടെ ഒപ്പം യാത്ര ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളും സുവിശേഷപ്രഘോഷണവും അതിന്റെ എല്ലാ സമ്പന്നതയിലും മഹത്വത്തിലും വി. ലൂക്കാ ഉൾക്കൊണ്ടു. അപ്പസ്തോല പ്രവർത്തനങ്ങളിൽ വി. പൗലോസിന്റെ രണ്ടാം മിഷൻ യാത്രയിൽ വി. ലൂക്കാ സാവധാനം തന്നെത്തന്നെ അവതരിപ്പിക്കുന്നു. മൂന്നാമതൊരാളുടെ വിവരണം എന്ന നിലയിൽ നിന്ന് 16:10 -ൽ എത്തുമ്പോൾ പൊടുന്നനെ ‘ഞങ്ങൾ’ എന്നായി മാറുന്നതു മുതൽ വി. ലൂക്കാ, പൗലോസ് അപ്പസ്തോലനെ അനുധാവനം ചെയ്യുന്നതായി നമ്മൾ മനസ്സിലാക്കുന്നു.

പൗലോസ് അപ്പസ്തോലന്റെ അദ്ധ്വാനങ്ങളിലും ക്ഷീണത്തിലും അപകടങ്ങളിലും സഹനത്തിലും കാരാഗൃഹവാസത്തിലുമൊക്കെ പങ്കുചേരുക എന്ന വലിയ ഭാഗ്യം ലൂക്കാ സുവിശേഷകനു ലഭിച്ചു. ലേഖനങ്ങളിൽ പലയിടത്തും പൗലോസ് ശ്ലീഹാ പ്രിയപ്പെട്ട ഭിഷഗ്വരനായും കൂട്ടുതടവുകാരനായുമൊക്കെ വി. ലൂക്കായെ എടുത്തുപറയുന്നുണ്ട്. അവസാനകാലത്ത്, തടവിലാക്കപ്പെട്ട പൗലോസ് ശ്ലീഹായെ ഓരോരുത്തരായി ഉപേക്ഷിച്ചു പോയപ്പോൾ ‘ലൂക്കാ മാത്രം എന്റെ ഒപ്പം ഉണ്ട്’ എന്ന് തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനത്തിൽ കാണാം.

വി. ലൂക്കായുടെ സുവിശേഷത്തിന് അപരനാമങ്ങൾ നിരവധി. ‘പൗലോസിന്റെ സുവിശേഷം’ എന്ന പേരുണ്ട് അതിന്. അപ്പസ്തോലന്റെ മിഷൻ യാത്രകളിൽ കൂടെയുണ്ടായത് വി. ലൂക്കായെ, വി. പൗലോസിന്റെ പ്രബോധനങ്ങളെ സ്വാംശീകരിക്കാൻ വളരെ സഹായിച്ചു. പൗലോസ് അപ്പസ്തോലന്റെ കോറിന്തോസുകാർക്കുള്ള ഒന്നാം ലേഖനത്തിലെ വിശുദ്ധ കുർബാനസ്ഥാപനവുമായി ബന്ധപ്പെട്ട ഭാഗങ്ങളും ഉയിർത്തെഴുന്നേറ്റ യേശു പത്രോസിനു പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങളുമെല്ലാം വി. ലൂക്കയുടെ സുവിശേഷത്തിലെ വിവരണത്തിനോട് സാമ്യമുള്ളതാണ്.

പരിശുദ്ധ അമ്മയുടെ സുവിശേഷം എന്നും വി. ലൂക്കയുടെ സുവിശേഷം വിളിക്കപ്പെടുന്നു. മംഗളവാർത്ത, എലിസബത്തിനെ സന്ദർശിക്കുന്നത്, സ്നാപകയോഹന്നാന്റെ ജനനം, യേശുവിന്റെ ജനനം, കാഴ്ചവയ്പ്പ്, 12 വയസ്സുള്ളപ്പോഴുള്ള ദേവാലയസന്ദർശനം ഇവയൊക്കെ എഴുതാൻ വേണ്ടി ദൃക്‌സാക്ഷികളായി വി. ലൂക്ക സമീപിച്ചവരിൽ പരിശുദ്ധ അമ്മ ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്.

അത് കാരുണ്യത്തിന്റെ സുവിശേഷമാണ്

വി. ലൂക്കയുടെ സുവിശേഷത്തിൽ മാത്രമാണ് നല്ല സമറായന്റെയും ധൂർത്തപുത്രന്റെയും കാണാതായ നാണയത്തിന്റെയുമൊക്കെ ഉപമ നമ്മൾ കാണുന്നത്. കുരിശിൽ മരിക്കുന്ന സമയത്തു പോലും നല്ല കള്ളനോട് കാരുണ്യം കാണിക്കുന്നവനായി ഈശോയെ വി. ലൂക്കാ തന്റെ സുവിശേഷത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

അത് പാവങ്ങളുടെ സുവിശേഷമാണ്

‘ചെറിയവർ’ കൂടുതൽ അംഗീകരിക്കപ്പെടുന്നു. ശിമെയോനും അന്നയും മിശിഹായെ സ്വാഗതം ചെയ്യാൻ ദൈവാലയത്തിൽ കാത്തുനിൽക്കുന്നു. ധനവാനേക്കാളും ദരിദ്രനായ ലാസറിന് പരിഗണന ലഭിക്കുന്നു. യേശു തന്റെ ദൗത്യം ആരംഭിക്കുമ്പോൾ നസറത്തിൽ സിനഗോഗിൽ വച്ച് ഏശയ്യായുടെ പുസ്തകത്തിൽ നിന്ന് വായിച്ചുകൊണ്ടു തുടങ്ങുന്നു, “കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.”

അത് പ്രാർത്ഥനയുടെയും പരിശുദ്ധാത്മാവിന്റെയും സുവിശേഷം എന്ന് അറിയപ്പെടുന്നു. ലൂക്കായുടെ സുവിശേഷത്തിന്റെ കുറച്ചു പേജുകൾ മറിക്കുമ്പോൾ തന്നെ കാണാൻ പറ്റും, പരിശുദ്ധാത്മാവിനെപ്പറ്റി കൂടെക്കൂടെ പറയുന്നത്. യേശു ഓരോ പ്രധാനപ്പെട്ട കാര്യത്തിന് മുൻപും പ്രാർത്ഥിക്കുന്നതായി നമ്മൾ കാണുന്നു. ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിനു മുൻപ് പ്രാർത്ഥിക്കുന്നു. ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതിനു മുൻപ് പ്രാർത്ഥിക്കുന്നു. പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോഴാണ് താബോർ മലയിലെ രൂപാന്തരീകരണം നടക്കുന്നതും. വിധവയ്ക്ക് നീതി നടത്തിക്കൊടുക്കുന്ന ന്യായാധിപന്റെ ഉപമയിലൂടെ ഭഗ്നാശരാവാതെ എപ്പോഴും പ്രാർത്ഥിക്കണമെന്നു പഠിപ്പിച്ചു.

അത് സാർവ്വത്രികരക്ഷയുടെ സുവിശേഷമാണ്. “സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണുകയും ചെയ്യും” (ലൂക്കാ 3:6) “കിഴക്കു നിന്നും പടിഞ്ഞാറ് നിന്നും വടക്കു നിന്നും തെക്കു നിന്നും ജനങ്ങൾ വന്നു ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും” (ലൂക്കാ 13:29). മത്തായിയുടെ സുവിശേഷത്തിലെ വംശാവലി യഹൂദജനതയുടെ പിതാവായ അബ്രാഹമില്‍ ചെന്നവസാനിക്കുമ്പോള്‍ ലൂക്കായുടെ സുവിശേഷത്തിൽ അത്, മുഴുവന്‍ മനുഷ്യവര്‍ഗ്ഗത്തിന്റേയും ആദിപിതാവായ ആദം വരെ നീളുന്നു.

മറ്റു സുവിശേഷകന്മാർ പറയാത്ത സംഭവങ്ങളും സംഭാഷണങ്ങളും ഉപമകളും വി. ലൂക്കായുടെ സുവിശേഷത്തിൽ കാണാം. ഈശോയുടെ ജനനത്തെക്കുറിച്ചും മംഗളവാർത്തയെക്കുറിച്ചും എലിസബത്തിനെ സന്ദർശിക്കുന്നതുമെല്ലാം കൂടുതൽ വിവരിച്ചിരിക്കുന്നു. സക്കേവൂസിനെപ്പറ്റിയും എമ്മാവൂസ് ശിഷ്യന്മാരെപ്പറ്റിയുമൊന്നും വേറെ സുവിശേഷങ്ങളിൽ കാണുന്നില്ല.

ഈശോയുടെ ജെറുസലേമിലേക്കുള്ള അവസാന യാത്രയെപ്പറ്റി പറയുന്നത് വി. ലൂക്കയുടെ ദൈവശാസ്ത്രപരമായ കാഴ്ചപ്പാടിന്റെ പ്രത്യേകതയാണ്. രക്ഷാകരചരിത്രത്തിൽ വിശുദ്ധ നഗരത്തെ വലിയ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു. തന്റെ സുവിശേഷം ആരംഭിക്കുന്നതും അവസാനിക്കുന്നതും മാത്രമല്ല, അപ്പസ്തോലർ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതും സുവിശേഷം പ്രസംഗിക്കാൻ ഇറങ്ങുന്നതും എല്ലാം വിശുദ്ധ നഗരത്തിന്റെ പശ്ചാത്തലത്തിലാണ്.

വി. ലൂക്കയുടെ സുവിശേഷം അതിന്റെ കൃത്യതയാലും സൗകുമാര്യത്താലും ലാളിത്യത്താലും സവിശേഷമാർന്നതാണ്. ഏറ്റവും ഉദാത്തമായ രഹസ്യങ്ങൾ പോലും അതിവർണ്ണനയില്ലാതെ മനോഹരമായി വിവരിച്ചിരിക്കുന്നതിൽ ദൈവികത നിറഞ്ഞുനിൽക്കുന്നു. ദൈവം മനുഷ്യനായതിലെ സഹനവും എളിമയും ഉപവിയും ആവശ്യകതയും എല്ലാം വിവരിച്ചിരിക്കുന്ന ഭാഷാശൈലി, അവന്റെ പഠിപ്പിക്കലുകൾ, അവന്റെ ജീവിതത്തെ വരച്ചുകാണിച്ചിരിക്കുന്നത്, ഇതിലെല്ലാമുള്ള ഗംഭീരവും ശ്രേഷ്ഠവുമായ വാചാലത ഏറ്റവും ബുദ്ധിമുട്ടുള്ളതും മനോഹരവുമായ പ്രസംഗങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്നതാണ്.

വി. ലൂക്കയുടെ സുവിശേഷത്തിൽ സ്ത്രീകളുടെ റോളിന് പ്രാധാന്യം കൊടുക്കുന്നതായി കാണാം. മറിയത്തെയും എലിസബത്തിനെയും കുറിച്ചുള്ള വിവരണങ്ങൾ, നായിമിലെ വിധവയുടെമേൽ കാരുണ്യം തോന്നി മകനെ ഉയിർപ്പിക്കുന്നത്, പാപിനിയായ സ്ത്രീ, യേശുവിനെ അനുഗമിച്ച സ്ത്രീകളെക്കുറിച്ചുള്ള പരാമർശം, വിധവയുടെ കാണിക്ക, കൂനുള്ള സ്ത്രീ, കാൽവരിയിലെക്കുള്ള യാത്രയിൽ ആശ്വസിപ്പിക്കാനെത്തുന്ന സ്ത്രീഗണം അങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ.

രക്ഷാകരപദ്ധതി വിജാതീയരെക്കൂടെ  ഉള്‍ക്കൊള്ളുന്നതാകയാല്‍ അവര്‍ക്ക് പ്രത്യേകിച്ചും സ്വീകാര്യമായൊരു വീക്ഷണം അവലംബിക്കുന്നതിലാണ്  സുവിശേഷകന്റെ സവിശേഷശ്രദ്ധ പതിയുന്നത്‌. ലൂക്കയുടെ സുവിശേഷത്തിന്റെ പ്രതീകം കാള അല്ലെങ്കിൽ പശുക്കുട്ടി ആണ്. പരിത്യാഗത്തിന്റെ പ്രതീകമാണത്. യേശുവിനെക്കുറിച്ചുള്ള എഴുത്തിലൂടെ എല്ലാ മനുഷ്യരെയും രക്ഷിക്കാൻ കുരിശിലെ യാഗത്തിലൂടെ അവൻ ചെയ്ത ത്യാഗത്തെ വിശുദ്ധ ലൂക്കാ നമ്മളെ ഓർമ്മിപ്പിക്കുന്നത് കൊണ്ടാണത്. വി. ലൂക്കാ രക്തസാക്ഷിയായാണ് മരിച്ചതെന്നും അല്ല, പ്രായം ചെന്നാണെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. ഗ്രീസില്‍ സുവിശേഷം എഴുതികൊണ്ടിരിക്കെ തന്റെ 84-മത്തെ വയസ്സില്‍ ബോയെട്ടിയ എന്ന സ്ഥലത്തു വച്ച് മരണമടഞ്ഞു എന്ന് പറയുന്നു.

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.