പകർച്ചവ്യാധികളെയും രോഗത്തെയും നേരിട്ട വി. കൊച്ചുത്രേസ്യായുടെ വലിയ മാതൃക

രോഗത്തെയും മരണത്തെയും എങ്ങനെ നേരിടാമെന്നു ‘കൊച്ചുകാര്യങ്ങളുടെ മധ്യസ്ഥ’ എന്നറിയപ്പെടുന്ന ലിസ്യൂവിലെ വി. കൊച്ചുത്രേസ്യാ നമുക്ക് കാണിച്ചുതരുന്നുണ്ട്. 1890 -കളിൽ റഷ്യൻ ഫ്ലൂ പടർന്നുപിടിച്ച സമയത്ത് ആ മഹാമാരിയെ നേരിട്ടതിന്റെ അനുഭവസാക്ഷ്യം വിശുദ്ധയുടെ പുസ്തകമായ ‘ദ സ്റ്റോറി ഓഫ് എ സോൾ’ ൽ ഹ്രസ്വമായി രേഖപ്പെടുത്തിയിട്ടുണ്ട്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബർഗിൽ ഈ പകർച്ചവ്യാധി കണ്ടെത്തിയെങ്കിലും വെറും നാലുമാസംകൊണ്ട് ലോകമെമ്പാടും പടർന്നുപിടിച്ചു. 25 ദശലക്ഷം ആളുകളെ ബാധിക്കുകയും പത്തുലക്ഷത്തോളംപേർ മരണമടയുകയും ചെയ്തു.

1888 ഏപ്രിൽ മാസം ഒൻപതിനാണ് കൊച്ചുത്രേസ്യാ കർമ്മലീത്ത മഠത്തിൽ ചേരുന്നത്. പിന്നീട് നാലുവർഷത്തിനുശേഷം അവളുടെ പത്തൊൻപതാം വയസ്സിലാണ് ഫ്ലൂ പടർന്നുപിടിക്കുന്നത്. ലിസ്യൂവിലെ അവരുടെ മഠത്തിൽ തെരേസയടക്കം മൂന്നുപേർക്കൊഴികെ എല്ലാ സന്യാസിനിമാർക്കും രോഗം പടർന്നുപിടിച്ചു. തങ്ങളുടെ ഭവനത്തിലെ എല്ലാ ഉത്തരവാദിത്വങ്ങളും ചെയ്യുന്നതിനോടൊപ്പം രോഗാവസ്ഥയിലായിരുന്നവരെ ശുശ്രൂഷിക്കുകയും ചെയ്തു. എന്നാൽ മഠത്തിലെ നാല് സന്യസിനികൾ മരണത്തിനുകീഴടങ്ങി. അവരെ മറവുചെയ്യുന്നതിനുവേണ്ടിയുള്ള എല്ലാ ഉത്തരവാദിത്വങ്ങളും അവൾ നിർവഹിച്ചു.

ഒരു നൂറ്റാണ്ടിനുശേഷം സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന നമുക്ക് അവൾ ഒരു വലിയമാതൃകയാണ് നൽകിയത്. നിലവിലെ പ്രതിസന്ധികൾ നേരിടുന്നതിനായി അവൾ സ്വീകരിച്ച മാർഗങ്ങൾ ‘ദ സ്റ്റോറി ഓഫ് എ സോൾ’ എന്ന പുസ്തകത്തിൽനിന്ന് വി. കൊച്ചുത്രേസ്യായുടെ വാക്കുകളിലൂടെ….

“1891 അവസാനത്തോടെ കമ്മ്യൂണിറ്റിയിൽ ഫ്ലൂ പടർന്നുപിടിച്ചു. ഞാനും മറ്റുരണ്ട് സഹോദരിമാരും മാത്രമേ ഈ രോഗം വരാത്തവരായി മഠത്തിലുണ്ടായിരുന്നുള്ളൂ. ദുഃഖത്തിന്റെ ആ ദിനങ്ങളെക്കുറിച്ച് സങ്കല്പിക്കാൻപോലും സാധിക്കുന്നില്ല. സ്വയം ഒന്നും ചെയ്യാൻ സാധിക്കാതിരുന്ന മൂന്നുപേരാണ് ആ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ രോഗാവസ്ഥയിലായിരുന്നവരെ ശുശ്രൂഷിച്ചത്. മരണം ഞങ്ങൾക്കുചുറ്റുമുണ്ടായിരുന്നു. ഒരു സഹോദരി അന്ത്യശ്വാസംവലിച്ച നിമിഷംതന്നെ മറ്റൊരാളുടെ മരണത്തിനുകൂടി ഞങ്ങൾ സാക്ഷികളായി. ഇതിനിടയിൽ അവരെ മറവുചെയ്യേണ്ട ഉത്തരവാദിത്വംകൂടി ഞാൻ ചെയ്തു. ഈ ശൂന്യതകൾക്കിടയിലും എനിക്ക് ദൈവത്തിന്റെ കരസ്പർശം അനുഭവപ്പെട്ടു. അവന്റെ ഹൃദയം നമ്മെ നിരീക്ഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞങ്ങളുടെ സഹോദരിമാർ ഒരു സന്ദേഹവുമില്ലാതെ സ്വർഗീയജീവിതത്തിനുവേണ്ടി ഈ ലോകജീവിതം ഉപേക്ഷിച്ചു. മരണമടഞ്ഞെങ്കിൽകൂടിയും അവർ സുഖകരമായ ഒരു ഉറക്കം ആസ്വദിക്കുന്നതായിട്ടേ എനിക്ക് തോന്നിയുള്ളൂ. ദീർഘവും പ്രയാസകരവുമായ ഈ ആഴ്ചകളിൽ എനിക്ക് എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കുചേരാൻ സാധിച്ചു. ദിവ്യകാരുണ്യത്തോട് ഒപ്പമായിരിക്കുമ്പോൾ എനിക്ക് വളരെ ആശ്വാസമായിരുന്നു. എത്ര മാധുര്യമുള്ളതായിരുന്നുവെന്നോ ആ നിമിഷങ്ങൾ. എന്നാലും കുറേ കാലത്തേക്ക് അവിടുന്ന് എന്നെ ഒന്നും ചെയ്യാൻ ശക്തിയില്ലാതിരുന്ന ഒരു കൊച്ചുകുഞ്ഞിനെയെന്നവണ്ണം പരിപാലിച്ചു.”

ആ ഭയാനകമായ സാഹചര്യത്തിൽ വളരെ പ്രായം കുറഞ്ഞതെങ്കിലും മികച്ച രീതിയിൽ സേവനംചെയ്യാൻ കൊച്ചുത്രേസ്യയ്ക്ക് സാധിച്ചു. അവളുടെ വിശ്വാസവും സത്യപ്രവർത്തികളും അവളുടെ ശാരീരികാപരമായ ദുർബലതകളുടെയും മുകളിലായിരുന്നു. പ്രതിസന്ധിഘട്ടത്തിൽ നിസ്വാർഥമായി സേവനം ചെയ്ത അവൾക്കായി ദൈവം പിന്നീട് അഞ്ചുവർഷങ്ങൾക്കുശേഷം സ്വർഗകവാടങ്ങൾ തുറന്നിട്ടു.

സുനീഷ നടവയല്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.