സെവില്ലിലെ വി. ഇസിദോർ: വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും നിറകുടം

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ആമുഖം

‘പുരാതന ലോകത്തെ അവസാന പണ്ഡിതൻ’, ‘ദൈവത്തിന്റെ ഗ്രന്ഥശാല സൂക്ഷിപ്പുകാരൻ’ എന്നൊക്കെ ചരിത്രം ചാലിച്ചുനൽകിയ ആദരങ്ങൾ ഏറ്റുവാങ്ങിയ വി. ഇസിദോർ ‘ഇരുണ്ടയുഗം’ എന്നറിയപ്പെടുന്ന ഒരു കാലഘട്ടത്തിൽ അജ്ഞതയുടെ അന്ധകാരത്തെ തന്റെ വിജ്ഞാനപ്രകാശത്താൽ പ്രശോഭിപ്പിച്ചവനാണ്. പ്രപഞ്ചോൽപത്തി മുതൽ താൻ ജീവിച്ചിരുന്ന കാലഘട്ടം വരെയുള്ള എല്ലാ അറിവിനെയും സംഗ്രഹിക്കാൻ പരിശ്രമിച്ചവൻ എന്ന നിലയിൽ അദ്ദേഹം കൈവരിച്ച വിജയത്തിന്റെ അടയാളം കൂടിയായിരുന്നു, നാം ജീവിച്ചിരിക്കുന്ന ഈ യുഗത്തിലെ ഏറ്റം വലിയ കണ്ടുപിടുത്തങ്ങളിലൊന്നായ ഇന്റർനെറ്റിന്റെ മധ്യസ്ഥനായി അദ്ദേഹത്തെ സഭ തിരഞ്ഞെടുത്തത്. ചുരുങ്ങിയ ശതമാനം ജനത്തിനു മാത്രം എഴുത്തും വായനയും വശമായിരുന്ന ഒരു കാലഘട്ടത്തിൽ എല്ലാം അറിയാൻ ശ്രമിക്കുകയും അത് തന്റെ സഹജീവികളുമായി പങ്കുവയ്ക്കുകയും ചെയ്ത പണ്ഡിതനാണ് അദ്ദേഹം.

സഭയുടെ നേതൃസ്ഥാനം അലങ്കരിച്ചുകൊണ്ട് ഒരു രാജ്യത്തെതന്നെ സത്യവിശ്വാസത്തിൽ നിലനിർത്തുന്നതിനു നിസ്തുലമായ സംഭാവന നൽകിയ വിശുദ്ധരുടെ കുടുംബമാണ് വി. ഇസിദോറിന്റെത്. സ്പെയിനിലെ സെവില്ലിലെ ആർച്ചുബിഷപ്പായിരുന്ന വി. ഇസിദോറിന്റെ ഒരു സഹോദരൻ ആർച്ചുബിഷപ്പും മറ്റൊരാൾ ബിഷപ്പും ഏകസഹോദരി മഠാധിപതിയും ആയിരുന്നു. പുരാതന സ്പാനിഷ്-റോമൻ സംസ്കാരത്തെ ബാർബേറിയൻ അധിനിവേശത്തിൽനിന്നും സംരക്ഷിക്കുകയും അപരിഷ്കൃത ജീവിതരീതികൾ പിന്തുടർന്നിരുന്ന പല ഭരണാധികാരികളെയും ക്രിസ്തീയവിശ്വാസത്തിന്റെ വെളിച്ചത്തിൽ നവീകരിക്കുകയും ചെയ്ത അസാധാരണ പ്രതിഭയും പണ്ഡിതനുമായിരുന്നു വി. ഇസിദോർ. സഭയിലെ ഈ അസാമാന്യ വ്യക്തിത്വത്തെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും അടുത്തറിയുന്നത് ഭൗതീക വിജ്ഞാനത്തെ ദൈവമഹത്വത്തിനും മനുഷ്യനന്മയ്ക്കും ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നമ്മെയും പഠിപ്പിക്കും.

ജനനം, ബാല്യം, വിദ്യാഭ്യാസം

വി. ഇസിദോറിന്റെ ജീവചരിത്രം സമകാലീനർ ആരും തന്നെ എഴുതിയിട്ടില്ലാത്തതിനാൽ ജനിച്ച വർഷത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ബാല്യകാലത്തെക്കുറിച്ചും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. സ്പെയിനിലെ കാർത്തജേന എന്ന തുറമുഖ നഗരത്തിലാണ് എ ഡി 560 ൽ ഇസിദോർ ജനിച്ചത്. ഐബീരിയ പ്രദേശത്ത് മെഡിറ്ററേനിയൻ കടലിനോടു ചേർന്നുകിടക്കുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണിത്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് സെവേറിയൻ എന്നും അമ്മയുടെ പേര് തെയദോറ എന്നും ആയിരുന്നു. സ്പാനിഷ്-റോമൻ പ്രഭുകുടുംബത്തിൽ ഉൾപ്പെട്ടിരുന്ന ഇവരുടെ കുടുംബങ്ങൾ കത്തോലിക്കാ വിശ്വാസത്തെ പാവനമായി കരുതി വിശ്വാസതീക്ഷ്ണതയിലും വിശുദ്ധിയിലും ജീവിക്കാൻ ശ്രമിച്ചവരായിരുന്നു. തങ്ങളുടെ സ്വാധീനത്താൽ ആര്യൻ വംശജരായിരുന്ന വിസിഗോത് രാജാക്കന്മാരെ സത്യവിശ്വാസത്തിലേക്കു കൊണ്ടുവരുന്നതിന് ഇവരുടെ കുടുംബങ്ങൾ നിർണ്ണായകപങ്കു വഹിച്ചിട്ടുണ്ട്. പിന്നീട് വി. ഇസിദോറും സഹോദരന്മാരും ഈ ദൗത്യം തുടരുകയും ചെയ്തു.

മാതാപിതാക്കൾ ഇസിദോറിന്റെ ചെറുപ്പകാലത്ത് മരിച്ചുപോയതിനാൽ മൂത്ത സഹോദരനായ ലിയാണ്ടർ തന്റെ മൂന്നു സഹോദരങ്ങളുടെയും വളർച്ചയിലും വിദ്യാഭ്യാസത്തിലും നിർണ്ണായക സ്വാധീനം ചെലുത്തി. സെവില്ലിലെ കത്തീഡ്രൽ സ്‌കൂളിലാണ് ഇസിദോർ തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. അക്കാലത്ത്  ഈ പ്രദേശത്തെ ഏറ്റം പ്രശസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്. ആർച്ചുബിഷപ്പ് ലിയാണ്ടർ ഉൾപ്പെടെയുള്ളവർ ഈ സ്‌കൂളിലെ അധ്യാപകരായി സേവനം ചെയ്തിരുന്നു. കാര്യങ്ങൾ വളരെ വേഗം ഗ്രഹിക്കാനും അപഗ്രഥിക്കാനും കഴിവുള്ള ഒരു വിദ്യാർഥിയായിരുന്നു ഇസിദോർ. അദ്ദേഹത്തിന്റെ ഭാഷാപ്രാവീണ്യം എല്ലാവരെയും അദ്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. അങ്ങനെ ക്ലാസ്സിക്കൽ ലത്തീൻ, ഗ്രീക്ക്, ഹീബ്രു ഭാഷകൾ അദ്ദേഹം സ്വായത്തമാക്കി.

റോമൻ സംവിധാനങ്ങളോട് വിപ്രതിപത്തി വച്ചുപുലർത്തിയിരുന്ന ഗോത്തിക്ക് വംശജർ രണ്ടു നൂറ്റാണ്ടോളം ഐബീരിയൻ പ്രദേശങ്ങളിൽ ഭരണം നടത്തിയത് പുരാതന വിദ്യാഭ്യാസ രീതികളെ പ്രതികൂലമായി ബാധിച്ചു. പിന്നീടുവന്ന വിസിഗോത്സ് വംശജർ റോമൻ സംസ്ക്കാരത്തോടും അതിന്റെ ഉന്നത ചിന്താരീതികളോടും വളരെയധികം അനുഭാവം പുലർത്തിയിരുന്നു. പക്ഷെ ഇക്കൂട്ടർ ആര്യൻ വിശ്വാസികളും സത്യവിശ്വാസത്തെ അനുധാവനം ചെയ്തിരുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകറ്റിനിർത്താൻ ശ്രമിച്ചവരുമായിരുന്നു.

മൂന്ന് ബിഷപ്പുമാരും ഒരു മഠാധിപതിയും

വി. ഇസിദോറിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിന് അദ്ദേഹത്തിന്റെ സഹോദരങ്ങളുടെ ജീവിതത്തെക്കുറിച്ചും അൽപം അറിയേണ്ടതാണ്. സഭാചരിത്രത്തിലെ തന്നെ ഒരു അസാധാരണ കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. ഇസിദോറിനു മുൻപ് സെവില്ലിലെ ആർച്ചുബിഷപ്പായിരുന്ന വി. ലിയാണ്ടർ, അസ്തീജി രൂപതയുടെ ബിഷപ്പായിരുന്ന കാർത്തജേനയിലെ വി. ഫുൾജന്തിയൂസ്, 40 മഠങ്ങളുടെയും ആയിരത്തോളം സിസ്റ്റേഴ്സിന്റെയും അവരുടെ അനുബന്ധ പ്രവർത്തനങ്ങളുടെയും ചുമതലയുണ്ടായിരുന്ന കാർത്തജേനയിലെ വി. ഫ്ലോറന്തീന എന്നിവരായിരുന്നു ഈ സഹോദരങ്ങൾ.

സെവില്ലിലെ വി. ലിയാണ്ടർ (534-600): എ ഡി 534 ൽ സ്പെയിനിലെ കാർത്തജേന നഗരത്തിലാണ് ലിയാണ്ടർ ജനിച്ചത്. എ ഡി 576 ൽ ബെനെഡിക്റ്റീൻ സന്യാസം ആശ്ലേഷിച്ച ലിയാണ്ടർ 579 ൽ സെവില്ലിലെ ആർച്ചുബിഷപ്പായി നിയമിതനായി. വിസിഗോത് രാജാക്കന്മാരായിരുന്ന ഹെർമൻഗിൽഡ്, റിക്കാറെഡ് എന്നിവരെ കത്തോലിക്കാ വിശ്വാസത്തിലേക്കു കൊണ്ടുവന്നത് ഇദ്ദേഹമാണ്. ലിയാണ്ടർ സ്ഥാപിച്ച കത്തീഡ്രൽ സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഉന്നതനിലവാരം കൈവരിക്കുകയും രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും അനേകർ പഠനത്തിനായി ഇവിടേക്കു വരികയും ചെയ്തു. സ്പെയിനിലെ ഐബീരിയൻ പ്രദേശത്തുള്ള അനേകം രാജാക്കന്മാരെയും പ്രഭുക്കന്മാരെയും സത്യവിശ്വാസത്തിലേക്ക് ആനയിക്കുന്നതിനും അദ്ദേഹത്തിനു സാധിച്ചു. ഒരേസമയം കറകളഞ്ഞ രാജ്യസ്നേഹിയും അതേസമയം സത്യവിശ്വാസ സംരക്ഷകനുമായിരുന്നു ലിയാണ്ടർ. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ആര്യൻ വിശ്വാസിയായ ലിയുവിജിൾഡ് രാജാവ് ലിയാണ്ടറിനെ പുറത്താക്കുകയും ബിഷപ്പായി അധികം കഴിയുന്നതിനു മുൻപ് ബൈസാന്റിയത്തിൽ 579 മുതൽ 582 വരെ പ്രവാസത്തിൽ കഴിയുകയും ചെയ്തു. ഇക്കാലയളവിലാണ് ആര്യനിസത്തെ എതിർക്കുന്ന കൃതികൾ രചിക്കുന്നതും ഭാവി മാർപാപ്പ മഹാനായ വി. ഗ്രിഗറിയുമായി സൗഹൃദത്തിലാകുന്നതും (പെലാജിയൂസ് രണ്ടാമൻ മാർപാപ്പയുടെ പ്രതിനിധിയായി ഗ്രിഗറി കോൺസ്റ്റാന്റിനോപ്പിളിൽ ഇക്കാലത്ത് സേവനമനുഷ്ഠിക്കുകയായിരുന്നു). നിഖ്യാ വിശ്വാസപ്രമാണം സ്പെയിനിലെ ദൈവാലയങ്ങളിൽ ഏറ്റുപറയാനും ഇത് ഭവനങ്ങളിൽ ചൊല്ലാനും ആരംഭിച്ചതും വി. ലിയാണ്ടറാണ്. കൂടാതെ ഒന്നാം സെവിൽ സിനഡ് വിളിച്ചുകൂട്ടി ആര്യനിസത്തെ ശക്തിയുക്തം എതിർക്കുന്ന നിയമങ്ങൾ പാസാക്കുകയും തന്റെ രൂപതകളിൽ നടപ്പാക്കുകയും ചെയ്തു. നവംബർ 13 ന് അദ്ദേഹത്തിന്റെ തിരുനാൾ സഭ കൊണ്ടാടുന്നു.

കാർത്തജേനയിലെ വി. ഫുൾജന്തിയൂസ്: ഫുൾജന്തിയൂസിന്റെ ജനനത്തീയതി നമുക്ക് ലഭ്യമല്ല. തന്റെ സഹോദരങ്ങളെപ്പോലെ ദൈവീകജോലികൾക്കായി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വി. ലിയാണ്ടർ തന്റെ ‘ലിബെല്ലൂസ്‌’ എന്ന ഗ്രന്ഥത്തിൽ സഹോദരനെ തങ്ങളുടെ സ്വദേശത്തേക്ക് തിരികെ അയച്ചതിൽ ദുഃഖിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ കാരണം സഹോദരൻ അവിടെ നേരിടാൻപോകുന്ന ചില വെല്ലുവിളികളെക്കുറിച്ചു ലിയാണ്ടറിന് അറിവുണ്ടായിരുന്നു എന്നതാണ്. എ ഡി 590 നു ശേഷമാണ് സെവിൽ അതിരൂപതയുടെ സാമന്ത രൂപതയായ അസ്തിജിയുടെ (എസീജ) ബിഷപ്പായി ഫുൾജന്തിയൂസ് നിയമിതനായത്. ഇസിദോർ വിളിച്ചുകൂട്ടിയ രണ്ടാം സെവിൽ കൗൺസിലിൽവച്ച് കൊർദോബായിലെ ബിഷപ്പുമായി ഫുൾജന്തിയൂസിന്റെ അസ്തീജി രൂപതയ്ക്കുണ്ടായ തർക്കം പരിഹരിക്കപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ സിനഡിൽ ഫുൾജന്തിയൂസും സംബന്ധിച്ചതായി രേഖകൾ സാക്ഷിക്കുന്നു. എ ഡി 633 നു മുൻപായി അദ്ദേഹം മരിച്ചിരിക്കാനാണ് സാധ്യത. കാരണം ഈ സമയത്ത് അവിടെ മറ്റൊരു ബിഷപ്പ് അധികാരത്തിൽ വന്നതായി ചില ചരിത്രരേഖകളിൽ കാണുന്നു. വി. ഫുൾജന്തിയൂസിന്റെ തിരുനാൾ ജനുവരി 14 ന് സഭ കൊണ്ടാടുന്നു.

കാർത്തജേനയിലെ വി. ഫ്ലോറന്റീന: ഒരു കുടുംബത്തിലെ ബിഷപ്പുമാരായ മൂന്നു സഹോദരന്മാരുടെ ഏക സഹോദരിയാണ് വി. ഫ്ലോറന്റീന. ആയിരത്തോളം വരുന്ന, നാൽപതിലധികം മഠങ്ങളിൽ അധിവസിച്ചിരുന്ന സന്യാസിനികളുടെ മഠാധ്യക്ഷയായിരുന്നു ഇവർ. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചുപോയതിനാൽ മൂത്ത സഹോദരൻ ലിയാണ്ടറിന്റെ സംരക്ഷണത്തിലാണ് ഫ്ലോറന്റീന വളർന്നത്. സന്യാസജീവിതം തിരഞ്ഞെടുത്ത ആ സഹോദരന്റെ മാതൃക പിന്തുടർന്നുകൊണ്ട് ക്രിസ്തീയസന്യാസത്തെ അവളും ആശ്ലേഷിച്ചു. ഫ്ലോറന്റീനയുടെ മഹനീയ മാതൃകയിലും ജീവിതരീതിയിലും ആകൃഷ്ടരായി ഈ പ്രദേശത്തുള്ള അനേകം സ്ത്രീകൾ സന്യാസിനിമാരായിത്തീർന്നു. അങ്ങനെ ഫ്ലോറന്റീനയുടെ നേതൃത്വത്തിൽ വലിയൊരു സന്യാസിനീ സമൂഹം രൂപപ്പെട്ടു. ബിഷപ്പുമാരായ സഹോദരന്മാരുടെ സഹായം കൂടി ആയപ്പോൾ ഈ സമൂഹം വളരെ വേഗം വളർന്നു. സഹോദരൻ ഫുൾജന്തിയൂസ് ബിഷപ്പായിരുന്ന അസ്തീജി രൂപതയായിരുന്നു ഈ സന്യാസാശ്രമത്തിന്റെ കേന്ദ്രം. മൂത്ത സഹോദരൻ ആർച്ചുബിഷപ്പ് ലിയാണ്ടർ ആണ് ഈ സമൂഹത്തിന്റെ നിയമാവലി തയ്യാറാക്കിയത്. ലോകവ്യാപാരങ്ങളിൽ നിന്നും അകന്നു നിന്നുകൊണ്ട് വിശുദ്ധ ഗ്രന്ഥപഠനത്തിലും പരസ്പര സ്നേഹത്തിലും വളർന്ന്  ഒരു സമൂഹമായി ജീവിച്ചുകൊണ്ട് വിശുദ്ധി പ്രാപിക്കാനുതകുന്ന നിയമങ്ങളായിരുന്നു ഇവരുടേത്. തന്റെ വിശുദ്ധരായ സഹോദരന്മാരുടെ മാർഗനിർദേശത്തിൽ ജീവിച്ചു ഫ്ലോറന്റീനയും വിശുദ്ധയായിത്തീർന്നു. എ ഡി 612 ൽ അന്തരിച്ച വി. ഫ്ലോറന്റീനയുടെ തിരുനാൾ ജൂൺ 20 ന് സഭ കൊണ്ടാടുന്നു.

സെവില്ലിലെ ആർച്ചുബിഷപ്പ് 

ആധുനിക സ്പെയിനിലെ സ്വയംഭരണാധികാരമുള്ള ആന്തലൂസിയ പ്രദേശത്തെ ഏറ്റം വലിയ നഗരമാണ് സെവിൽ. ഐബീരിയൻ ഉപദ്വീപ്‌ പ്രദേശത്തുള്ള ഈ പട്ടണം സ്പെയിനിലെ നാലാമത്തെ വലിയ നഗരവുമാണ്. മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ സെവിൽ അതിരൂപതയിൽ ഇന്നുള്ള ഇരുപതു ലക്ഷത്തോളം വരുന്ന ജനങ്ങളിൽ തൊണ്ണൂറ്റിയെട്ടു ശതമാനവും കത്തോലിക്കരാണ്. എട്ടാം നൂറ്റാണ്ടു മുതൽ പതിനൊന്നാം നൂറ്റാണ്ട് വരെ ഈ പ്രദേശം മുസ്ലീം ഭരണത്തിൻ കീഴിലായിരുന്നുവെങ്കിലും സ്പെയിൻ ജനത തങ്ങളുടെ ക്രിസ്തീയവിശ്വാസം വീണ്ടെടുക്കുന്നതിൽ വിജയിച്ചുവെന്ന് പിന്നീടുള്ള ചരിത്രം വ്യക്തമാക്കുന്നു (പതിനാലാം നൂറ്റാണ്ട് വരെ ഈ പ്രദേശങ്ങളിൽ മുസ്ലീം സ്വാധീനം ശക്തമായി നിലനിന്നിരുന്നു). മുഹമ്മദ് നബിയുടെ (571-632) സമകാലീനന്‍ കൂടി ആയിരുന്ന വി. ഇസിദോറാണ് ഈ പ്രദേശത്തെ ക്രിസ്തീയവിശ്വാസത്തിന്റെ ഏറ്റം വലിയ പ്രചോദനമായി കരുതപ്പെടുന്നത്. അദ്ദേഹത്തിൽ നിന്നും പകർന്നുനൽകപ്പെട്ട പൈതൃകത്തിന്റെ ശക്തിയാൽ കത്തോലിക്കാ വിശ്വാസത്തെ ആന്തലൂസിയ പ്രദേശങ്ങളിലൊക്കെ പുനഃപ്രതിഷ്ഠിക്കുന്നതിൽ വിജയിച്ചുവെന്നതിന് ചരിത്രം സാക്ഷി.

വി. ഇസിദോറിന്റെ മൂത്ത സഹോദരനും സെവില്ലിലെ ആർച്ചുബിഷപ്പുമായിരുന്ന വി. ലിയാണ്ടർ എ ഡി 600 ലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമിയായി ഇസിദോർ നിയമിക്കപ്പെട്ടു. ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലിയാണ്ടർ ബെനഡിക്‌റ്റീൻ സന്യാസി ആയിരുന്നു. എന്നാൽ സഹോദരൻ ഇസിദോർ സന്യാസി ആയിരുന്നു എന്നതിന് ചരിത്രരേഖകളില്ല. എന്നിരുന്നാലും സന്യാസ സമാനജീവിതം നയിക്കുകയും തന്റെ രൂപതയിലെ സന്യാസികളോട് പിതൃവാത്സല്യത്തോടെ പെരുമാറുകയും ചെയ്ത അദ്ദേഹത്തിന്റെ ആദ്യ പ്രവർത്തി രൂപതയിലെ സന്യാസിമാരുടെ സംരക്ഷണം ഉറപ്പാക്കുന്ന ചില നിയമങ്ങൾ നടപ്പിൽ വരുത്തുക ആയിരുന്നു. എ ഡി 619 ൽ ആശ്രമങ്ങൾ ദുരുപയോഗിക്കുകയോ, സന്യാസത്തെ അവഹേളിക്കുകയോ ചെയ്യുന്ന വിശ്വാസി സ്വാഭാവികമായും സഭയിൽ നിന്നും പുറത്താക്കപ്പെടുമെന്നും ഇസിദോർ പ്രഖ്യാപിച്ചു.

സെവിൽ രൂപതയിലെ ജനങ്ങളുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനത്തിന് റോമൻ സംസ്കാരവും ഇപ്പോൾ അവിടെ പ്രബലമായിരിക്കുന്ന ബാർബേറിയൻ സംസ്കാരവും തമ്മിലുള്ള സമഗ്രമായ സമുന്യയം അനിവാര്യമാണെന്ന് ഇസിദോർ തിരിച്ചറിഞ്ഞു. തന്റെ കൈവശമുള്ള എല്ലാ ഉപാധികളും ഇത്തരത്തിലുള്ള ഒരു ഐക്യം സംജാതമാക്കുന്നതിനായി അദ്ദേഹം ഉപയോഗിച്ചു. ആര്യനിസം ഇക്കാലത്തും ഈ പ്രദേശങ്ങളിൽ പ്രബലമായിരുന്നത് പരിപൂർണ്ണമായും പരാജയപ്പെടുന്നത് ഇസിദോറിന്റെ പരിശ്രമത്താലാണ്. അതുപോലെ തന്റെ രൂപതയെ വലിയ ആത്മീയ അച്ചടക്കത്തിൽ രൂപപ്പെടുത്തുന്നതിന് സമഗ്രമായ ചില പദ്ധതികൾ അദ്ദേഹം നടപ്പിൽവരുത്തി. വിദ്യാഭ്യാസം എന്ന മാർഗമുപയോഗിച്ച് ബാർബേറിയൻ സംസ്കാരത്തെ പരിവർത്തനപ്പെടുത്തുന്നതിനും അദ്ദേഹം ഇക്കാലങ്ങളിൽ അശ്രാന്തപരിശ്രമം നടത്തി. ഇസിദോറിന്റെ കൂർമ്മബുദ്ധിയും ഔല്‍സുക്യവും സെവില്ലിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ ശക്തമായി സ്വാധീനിച്ചു. അരിസ്റ്റോട്ടിലിന്റെ മാർഗങ്ങൾ അദ്ദേഹം വ്യാപകമായി ഉപയോഗിക്കുകയും ഇത് ശാസ്ത്രീയ കാഴ്ചപ്പാടോടെ വിദ്യഭ്യാസത്തെ സമീപിക്കുന്നതിനു സഹായിക്കുകയും ചെയ്തു. മൂന്ന് പ്രധാനപ്പെട്ട പ്രാദേശിക കൗൺസിലുകൾ ഇസിദോറിന്റെ നേതൃത്വത്തിൽ നടത്തപ്പെടുകയും അങ്ങനെ സഭ നേരിട്ട വെല്ലുവിളികളെ ധീരമായും ദൈവശാസ്ത്രപരമായും പരിഹരിക്കുകയും ചെയ്തു.

രണ്ടാം സെവിൽ കൗൺസിൽ (618)

ആർച്ചുബിഷപ്പ് ഇസിദോർ വിളിച്ചുചേർത്ത ആദ്യത്തെ സിനഡാണ് രണ്ടാം സെവിൽ കൗൺസിൽ എന്ന പേരിൽ അറിയപ്പെടുന്നത്. ബയെത്തിക്ക പ്രവിശ്യയിൽ വച്ചാണ് ഇത് കൂടുന്നത്. ഇതിനു മുൻപ് 592 ൽ വി. ലിയാണ്ടറിന്റെ നേതൃത്വത്തിൽ സമാനമായ ഒരു സഭാസിനഡ് ഇവിടെവച്ച് കൂടിയിരുന്നു. വിസിഗോത്ത് രാജാവായ സിസിബത്ത് ബയെത്തിക്ക തന്റെ രാജ്യത്തോടു കൂട്ടിച്ചേർത്ത കാലത്താണ് രണ്ടാം സെവിൽ കൗൺസിൽ നടക്കുന്നത്. ഈ ഭൂഭാഗങ്ങൾ നേരത്തെ ബൈസന്റീൻ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന സ്പെയിൻ പ്രോവിൻസിന്റേതായിരുന്നു. പുതിയ സംഭവവികാസങ്ങൾ കാരണം ഈ പ്രദേശത്തു നിന്നുള്ള ബിഷപ്പുമാർക്കും സിനഡിൽ സംബന്ധിക്കുന്നതിന് സാധിച്ചു.

ഇസിദോറിനെ കൂടാതെ സാമന്തരൂപതകളിൽ നിന്നുമായി ഏഴ് ബിഷപ്പുമാർ കൂടി ഈ സിനഡിൽ സംബന്ധിച്ചു. 13 അധ്യായങ്ങളിലായി കൗൺസിലിന്റെ തീരുമാനങ്ങൾ പിൽക്കാല തലമുറയ്ക്ക് ലഭ്യമായിട്ടുണ്ട്. യുദ്ധകാലഘട്ടത്തിൽ മലാഗ രൂപതയിലെ ദൈവാലങ്ങളും സ്ഥലങ്ങളും അതിർത്തി രൂപതയിലെ ബിഷപ്പുമാർ കൈയേറിയെന്ന് അവിടുത്തെ ബിഷപ്പ് തെയോഡുൾഫൂസ് പരാതിപ്പെട്ടു. ഇത് തിരികെ നൽകണമെന്ന് സിനഡിൽ തീരുമാനമെടുത്തു. വിവാഹിതരായ ചിലരുടെ പട്ടങ്ങൾ അസാധുവാക്കുകയും ഒരു പുരോഹിതനെയും രണ്ടു ഡീക്കന്മാരെയും സാധുവായ രീതിയിലല്ല പട്ടങ്ങൾ സ്വീകരിച്ചത് എന്ന കാരണത്താൽ ആ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കുകയും ചെയ്തു. കൊർദോബ രൂപതയിലെ ബിഷപ്പ് ചില വൈദികർക്ക് പള്ളികൾ കൂദാശ ചെയ്യാനും അൾത്താരകൾ സ്ഥാപിക്കാനും അനുവാദം കൊടുത്തത് തെറ്റാണെന്നു വിധിക്കുകയും ഭാവിയിൽ ഇത്തരം സംഭങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ബെറ്റിക്ക പ്രവിശ്യയിൽ സ്ഥാപിച്ച ആശ്രമങ്ങൾ നിയമാനുസൃതമെന്നു വിധിക്കുകയും അവിടുത്തെ ബിഷപ്പ് അതേറ്റെടുത്താൽ സഭയ്‌ക്കു പുറത്താകുമെന്നും വിധിച്ചു.

ഇതുകൂടാതെ കൗൺസിൽ ചർച്ച ചെയ്ത പ്രധാന വിഷയങ്ങളിൽ ചിലത് രൂപതയുടെ അധികാരങ്ങൾ, നിയമപരമല്ലാത്ത പട്ടങ്ങൾ, അനീതിപരമായ വൈദിക പുറത്താക്കലുകൾ, രൂപതകൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ, ഇത് പരിഹരിക്കുന്നതിന് ഉപയോഗിച്ചിരുന്ന നിയമങ്ങൾ എന്നിവയാണ്. ഈ കൗൺസിലിൽ സംബന്ധിച്ചവരുടെ പട്ടികയിൽ അച്ചെഫാലിയിൽ നിന്നുള്ള ബിഷപ്പ് ഗ്രിഗറി, സിസിക്ലൂസ്, സുഅനില എന്നീ രാജപ്രധിനിധികൾ എന്നിവരുമുണ്ടായിരുന്നു. ഏഴാം നൂറ്റാണ്ടിൽ ഐബീരിയൻ-ആഫ്രിക്കൻ സിനഡുകളുടെ തീരുമാനങ്ങൾ ഈ പ്രദേശത്തെ ഭാഷയിൽ ക്രോഡീകരിക്കാനുള്ള പരിശ്രമങ്ങൾക്കും ഈ സിനഡ് തുടക്കം കുറിച്ചു.

മൂന്നാം സെവിൽ കൗൺസിൽ (622/624)

ഈ കൗൺസിലിന്റെ രേഖകൾ പിന്നീട് നഷ്ടപ്പെട്ടുപോയതിനാൽ മറ്റു പലരും ഇതിനെക്കുറിച്ച് എഴുതിയതിൽ നിന്നും പിന്നീടുണ്ടായ കൗൺസിലുകളിൽ ഇതിലെ നിയമങ്ങളെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നതിൽ നിന്നുമാണ് പിൽക്കാല തലമുറയ്ക്ക് പല ചരിത്രവിവരണങ്ങളും ലഭ്യമായിട്ടുള്ളത്. എ ഡി 622 ലോ, 624 ലോ സെവില്ലിൽ വച്ച് ഇത് നടത്തപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. വി. ഇസിദോറിന്റെ നേതൃത്വത്തിലാണ് ഇത് നടത്തപ്പെട്ടത്. അസ്തീജി രൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതായിരുന്നു ഈ കൗൺസിലിന്റെ പ്രധാന ലക്ഷ്യം. നിർബന്ധിതമായി ക്രിസ്തുമതത്തിലേക്ക് യഹൂദന്മാരെ ചേർക്കുന്നു എന്ന പരാതിയും ഇവിടെ ചർച്ച ചെയ്യപ്പെട്ടു. ശരിയായ മാർഗത്തിലൂടെയല്ലാതെ മാമ്മോദീസ നൽകിയ യഹൂദ കുട്ടികളെക്കുറിച്ചും ഈ കൗൺസിലിൽ ചില നിയമങ്ങൾ നിർമ്മിക്കപ്പെട്ടു. അസ്തീജി രൂപതയുടെ ബിഷപ്പായിരുന്ന മാർട്ടിയാനൂസിനെക്കുറിച്ചുണ്ടായ ഒരു പരാതിയിൽ ഈ കൗൺസിലിൽ ചർച്ച ചെയ്തു തീരുമാനമെടുത്തു. തന്റെയും രാജാവിന്റെയും ഭാവിയെക്കുറിച്ച് അറിയുന്നതിന് ജോതിഷിയുടെ അടുത്ത് പോയെന്നതായിരുന്നു ആരോപണം. എന്നാൽ പിന്നീട് ഇത് തെറ്റാണെന്ന് തെളിയുകയും സിനഡ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

നാലാം ടൊളീഡോ കൗൺസിൽ (633)

വിസിഗോത്സ് രാജാവായിരുന്ന സീസെനാന്ദ് എ ഡി 633 ൽ ടൊളീഡോയിലെ വി. ലെയോകാദിയ ദൈവാലയത്തിൽ വച്ച് വിളിച്ചുചേർത്ത കൗൺസിലാണിത്. വാർധക്യത്തിലായിരുന്നെങ്കിലും ഇതിന്റെ അധ്യക്ഷനായിരുന്നത് ആർച്ചുബിഷപ്പ് വി. ഇസിദോർ ആയിരുന്നു. സീസെനാന്ദ് രാജാവിന്റെ ഭരണത്തിൻകീഴിലായിരുന്ന സ്പെയിനിലെയും ഗൗളിലെ (ഇന്നത്തെ ഫ്രാൻസ്) ചില പ്രദേശങ്ങളിലെയും 66 ബിഷപ്പുമാർ സംബന്ധിച്ച ഈ സിനഡ് 75 പുതിയ നിയമങ്ങൾ നടപ്പിൽവരുത്തി.

ദൈവശാസ്ത്രപരവും ആരാധനാപരവുമായ നിരവധി തീരുമാനങ്ങളെടുത്ത ഒരു പ്രാദേശിക സിനഡ് കൂടിയായിരുന്നു ഇത്. തങ്ങളുടെ പ്രവിശ്യകളിൽ ഒരേ രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുക, ഈസ്റ്റർ ഒരേ ദിവസം ആചരിക്കുക, ദൈവവചനത്തിലും സഭാനിയമങ്ങളിലും വൈദികർക്ക് അറിവുണ്ടായിരിക്കുന്നതിനു പദ്ധതികൾ ആവിഷ്‌ക്കരിക്കുക, എന്നിവ അവയിൽ ചില തീരുമാനങ്ങളാണ്. വൈദികരുടെ നിയമനത്തിന് ബിഷപ്പിന്റെ ഔദ്യോഗിക എഴുത്തു വേണമെന്നും കൂദാശകളും പ്രാർഥനകളും അനുഷ്ഠിക്കുന്നതിനെക്കുറിച്ചു കൃത്യമായി വൈദികർ ബിഷപ്പിനു സമയാസമയങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്നും നിഷ്ക്കർഷിച്ചു.

ഭരണപരമായ നിരവധി നിയമങ്ങളും ഇവിടെ രൂപപ്പെട്ടു. മതപരിവർത്തനം നടത്തിയ യഹൂദന്മാർ തങ്ങളുടെ ക്രിസ്തീയവിശ്വാസം ഉപേക്ഷിച്ചതിനെക്കുറിച്ചും ഇവിടെ ചർച്ച ചെയ്തു അത് കൈകാര്യം ചെയ്യാനുതകുന്ന നിയമങ്ങൾ നടപ്പിൽവരുത്തി. യഹൂദരെ നിർബന്ധിച്ചു മതം മാറ്റുന്നത് വിലക്കുകയും എന്നാൽ നേരത്തേ അങ്ങനെ ക്രിസ്തീയവിശ്വാസത്തിലേക്ക് വന്നവർ വിശുദ്ധ കൂദാശകൾ സ്വീകരിക്കുന്നതിനാൽ അവർ ക്രിസ്‌ത്യാനികളാണെന്നും വിശദീകരിച്ചു.

രാജാവിനും രാജാവിന്റെ അഭിപ്രായങ്ങൾക്കും പ്രാധാന്യം നൽകിയ ഈ സിനഡിൽ സഭ സ്വതന്ത്രമായി തീരുമാനമെടുക്കുകയും ചെയ്തുവെന്ന് കൗൺസിൽ രേഖകൾ സൂചിപ്പിക്കുന്നു. എല്ലാ രൂപതകളും വൈദിക പരിശീലനത്തിനായി കത്തീഡ്രലുള്ള നഗരങ്ങളിൽ നിർബന്ധമായും സെമിനാരികൾ തുടങ്ങണമെന്ന് നിഷ്ക്കർഷിച്ചു. ഇത് വി. ഇസിദോർ സെവിൽ അതിരൂപതയിൽ തുടങ്ങിയതിന്റെ മാതൃകയിൽ ചെയ്യാമെന്നും നിർദേശിച്ചു. ബാർബേറിയൻ സംസ്കാരത്തെ ചെറുക്കുന്നതിനായി എല്ലായിടത്തും വിദ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടാകണമെന്നും ഗ്രീക്ക്, ഹീബ്രു തുടങ്ങിയ ഭാഷകളുടെ പഠനത്തിനു പുറമെ നവീകരണ വിഷയങ്ങളും പഠിപ്പിക്കണമെന്നും നിർദേശിച്ചു. നിയമം, മെഡിസിൻ തുടങ്ങിയ വിഷയങ്ങളുടെ പഠനവും ഈ സിനഡ് പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഈ കൗൺസിൽ വഴി രാജ്യത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന ഉത്തരവാദിത്വം രാജാവ് ബിഷപ്പുമാരെ ഏല്പിക്കുന്നു.

മരണം

മരണം തന്നെ മാടിവിളിക്കാൻ കാത്തുനിൽക്കുന്നുവെന്ന് മനസ്സിലാക്കിയ ഇസിദോർ തന്റെ സ്വർഗയാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി. അതിന്റെ ആദ്യപടിയായി കുടുംബപരമായി ലഭിച്ച വസ്തുവകകൾ തന്റെ രൂപതയിലെ പാവങ്ങൾക്കായി വിതരണം ചെയ്തു. വി. ഇസിദോറിന്റെ അഭ്യർഥന മാനിച്ച് അദ്ദേഹത്തെ വി. വിൻസെന്റിന്റെ നാമത്തിലുള്ള ദൈവാലയത്തിൽ എത്തിക്കുകയും അവിടെ വച്ച് അനുതാപത്തിന്റെ അടയാളമായി പുരോഹിതർ അദ്ദേഹത്തിന്റെ നെറ്റിയിൽ ചാരം പൂശുകയും ചെയ്തു. ദൈവത്തിന്റെ കാരുണ്യത്തിനായി അദ്ദേഹം യാചിച്ചുകൊണ്ട് തനിക്കുവേണ്ടി അപ്രകാരം ചെയ്യാൻ ദൈവജനത്തോടു അഭ്യർഥിച്ചു. ദുഃഖിതരായിരുന്നെങ്കിലും തങ്ങളുടെ തീക്ഷ്ണമതിയായ അജപാലകന്റെ സ്വർഗപ്രവേശനത്തിനായി ദൈവജനമെല്ലാം പ്രാർഥിച്ചു. തന്റെ വസ്തുക്കളിൽ എന്തെങ്കിലും ഇനിയും ബാക്കിയായി അവശേഷിക്കുന്നെങ്കിൽ അതും പാവങ്ങൾക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം ഇത്തരുണത്തിൽ ആഗ്രഹം പ്രകടിപ്പിച്ചു. ബിഷപ്പിന്റെ ഭവനത്തിൽ വച്ച് എ ഡി 636 ഏപ്രിൽ നാലിന് വി. ഇസിദോർ അന്തരിച്ചു. ഏതാണ്ട് 32 വർഷക്കാലം സെവിൽ അതിരൂപതയ്ക്ക് ശക്തമായ ആത്മീയനേതൃത്വം നൽകിയ വിശുദ്ധനായ ബിഷപ്പായിരുന്നു അദ്ദേഹം.

അംഗീകാരം – വിശുദ്ധൻ, വേദപാരംഗതൻ

വി. മാക്സിമസ് ദ കൺഫസ്സർ എന്ന പ്രശസ്ത പൗരസ്ത്യ ദൈവശാസ്ത്രഞ്ജന്റെ സമകാലീനനായിരുന്ന ഇസിദോർ പുരാതന ക്രിസ്തീയ തത്വജ്ഞരിൽ അവസാന കണ്ണിയായി കരുത്തപ്പെടുന്നയാളാണ്. മധ്യകാലയുഗത്തിലെ വിദ്യാഭ്യാസമേഖലയിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ പണ്ഡിതരിൽ ഒരാളുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന സരഗോസയിലെ വി. ബ്രൗലിയോയുടെ അഭിപ്രായത്തിൽ പുരാതന സ്പാനിഷ് സംസ്ക്കാരത്തെ ബാർബറിസത്തിൽ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടി ദൈവം വഴിനടത്തികൊണ്ടുവന്ന ദൈവീകമനുഷ്യനാണ് ഇസിദോർ. 653 ലെ എട്ടാം ടൊളിഡോ കൗൺസിലും 688 ലെ പതിനഞ്ചാം ടൊളിഡോ കൗൺസിലും ഇസിഡോറിനെ പ്രശംസിച്ചുകൊണ്ട്  ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “അസാധാരണ വേദപാരംഗതൻ, കത്തോലിക്കാ സഭയുടെ ഏറ്റം പുതിയ അലങ്കാരം, അടുത്ത കാലത്തെ ഏറ്റം പണ്ഡിതനായ മനുഷ്യൻ, എല്ലായ്‌പ്പോഴും ആദരവോടു കൂടി അനുസ്മരിക്കപ്പെടുന്ന, ഇസിദോർ.” സഭ വിശുദ്ധരെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപുള്ള കാലഘട്ടത്തിൽ ജനങ്ങൾ വി. ഇസിദോറിന്റെ മരണത്തോടെ അദ്ദേഹത്തെ വിശുദ്ധനായി കരുതി പ്രാർഥിച്ചിരുന്നു. ഏപ്രിൽ നാലിനാണ് അദ്ദേഹത്തിന്റെ തിരുനാൾ നാം ആഘോഷിക്കുന്നത്. 1722 ഏപ്രിൽ 25 ന് ബെനഡിക്റ്റ് പതിനാലാമൻ മാർപാപ്പ വി. ഇസിദോറിനെ സഭയിലെ വേദപാരംഗതനായി പ്രഖ്യാപിച്ചു.

ഇസിഡോറിനെ സെവില്ലിലാണ് കബറടക്കിയത്. എട്ടാം നൂറ്റാണ്ടിൽ അറബികൾ ഈ പ്രദേശം കീഴടക്കിയപ്പോൾ ഇവിടെ ജീവിച്ച മൊസറാബികളുടെ (ഇസ്ലാം മതം സ്വീകരിക്കാതെ ഇസ്ലാം ഭരണത്തിൻ കീഴിൽ അറബിസംസ്കാരം ഉൾക്കൊണ്ടു ജീവിച്ച ക്രിസ്ത്യാനികൾ) പ്രധാന തീർഥാടനകേന്ദ്രമായിരുന്നു വി. ഇസിദോറിന്റെ കബറിടം. പതിനൊന്നാം നൂറ്റാണ്ടോടെ വീണ്ടും ക്രിസ്ത്യാനികൾ ഇവിടെ ശക്തി പ്രാപിക്കുകയും വി. ഇസിദോറിന്റെ തിരുശേഷിപ്പുകൾ സ്പാനിഷ് ചക്രവർത്തി ഫെർഡിനാന്റ് ഒന്നാമൻ വീണ്ടെടുക്കുകയും ചെയ്തു. അൽ മുത്താതീദ് എന്ന കത്തോലിക്കാ കവി അദ്ദേഹത്തിന്റെ ശവക്കല്ലറയിൽ ഇപ്രകാരം ആലേഖനം ചെയ്തു: “അഭിവന്ദ്യ ഇസിദോർ, അങ്ങ് ഇപ്പോൾ ഇവിടുന്ന് യാത്ര പറയുന്നു. എന്നാൽ അങ്ങയുടെ പ്രശസ്തി എന്റേതുകൂടി ആയിരുന്നു.” ഫെർഡിനാന്റ് രാജാവ് ലയോണിൽ പുതിയതായി നിർമ്മിച്ച സാൻ ഇസിദോർ ബസിലിക്കയിലേക്ക് അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ മാറ്റിസ്ഥാപിച്ചു.

പ്രശസ്ത ഇറ്റാലിയൻ കവി ദാന്തേ അലിഗിയേരി തന്റെ ‘ഡിവൈൻ കോമഡി’ എന്ന വിഖ്യാത കൃതിയിൽ സ്വർഗത്തിൽ കാണപ്പെട്ട ദൈവശാസ്ത്രജ്ഞരുടെയും വേദപാരംഗതരുടെയെയും ഗണത്തിൽ വി. ഇസിദോറിനെയും ഉൾപ്പെടുത്തിയിരിക്കുന്നു. സ്പെയിനിലെ സെവില്ല എഫ്സി ഫുട്ബോൾ ക്ലബ് വി. ലിയാണ്ടർ, ഫെർഡിനാൻഡ് മൂന്നാമൻ എന്നിവരോടൊപ്പം വി. ഇസിദോറിന്റെയും ചിത്രം തങ്ങളുടെ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 1997 ൽ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ വി. ഇസിഡോറിനെ ഇന്റർനെറ്റിന്റെ മധ്യസ്ഥനായി പ്രഖ്യാപിച്ചു.

സാഹിത്യസംഭാവനകൾ, കൃതികൾ 

ക്രിസ്തീയവിശ്വാസത്തിൻ കീഴിൽ സ്പെയിനിനെ ഒന്നിപ്പിച്ചത് വി. ഇസിദോർ ആണ്. ആര്യൻ പാഷണ്ഡതയിലെ അപാകതകളെ തുറന്നുകാട്ടി, അതിനെ പിന്താങ്ങിയ രാജാക്കന്മാരെ സത്യവിശ്വാസത്തിലേക്ക് ആനയിച്ചുകൊണ്ട് അദ്ദേഹം ഇത് സാധിതമാക്കി. ലത്തീൻ, ഗ്രീക്ക്, ഹീബ്രു ഭാഷകളിലുണ്ടായിരുന്ന പാണ്ഡിത്യം ധാരാളം ഗ്രന്ഥങ്ങൾ വായിക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചു. സഭാപിതാക്കന്മാരെ കൂടാതെ മാർഷ്യൽ, സിസറോ, പ്ലീനി തുടങ്ങിയ വിജാതീയ എഴുത്തുകാരുടെ രചനകളും അദ്ദേഹം വായിച്ചിരുന്നു. എല്ലാ മേഖലകളിലും അറിവുണ്ടായിരുന്ന ഇസിദോർ ഒരു സഞ്ചരിക്കുന്ന സർവ വിജ്ഞാനകോശമായിരുന്നു. തന്റെ ജനത്തിന്, പ്രത്യേകിച്ചും വൈദികസമൂഹത്തിന് അറിവ് പകർന്നുനൽകുന്നതിനായിരുന്നു അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചത്. പുതിയ ആശയങ്ങളെ അവതരിപ്പിക്കുക എന്നതിനെക്കാൾ അതുവരെ ഉണ്ടായിരുന്ന അറിവുകളെ സംഗ്രഹിക്കുക എന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. വി. ഇസിദോറിന്റെ പ്രധാനപ്പെട്ട കൃതികളിൽ ചിലതിന്റെ സംഗ്രഹമാണ് ചുവടെ കൊടുത്തിരിക്കുന്നത്.

‘ആരംഭശാസ്ത്രം’ (Etymologiae): നൂറുകണക്കിന് ഗ്രന്ഥങ്ങളിൽ ഉൾക്കൊണ്ടിരുന്ന പുരാതന അറിവിന്റെ സംഗ്രഹമാണിത്. മധ്യകാലയുഗത്തിലെ പ്രധാനപ്പെട്ട പാഠപുസ്‌തങ്ങളിലൊന്നായിയുരുന്നു ഈ സർവ വിജ്ഞാനകോശം. സരഗോസയിലെ ബിഷപ്പായ ബ്രൗലിയോയുടെ നിർദേശമനുസരിച്ച് എഴുതിയ ഗ്രന്ഥസമാഹാരമാണിത്. ചില വാക്കുകൾക്ക് വിവിധ തരത്തിലുള്ള വിവരണങ്ങൾ നൽകപ്പെട്ട് അർഥതലങ്ങൾ മാറിപ്പോയപ്പോൾ അതൊക്കെ കൃത്യതയോടെ വിവരിച്ചുനൽകിയത് ഇസിദോറിന്റെ ഈ കൃതിയിലൂടെയാണ്. പാശ്ചാത്യലോകത്ത്, പ്രത്യേകിച്ചും ലത്തീൻ ഭാഷയ്ക്ക് സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളിൽ ഒരു സഹസ്രാബ്ദത്തോളം ബൈബിൾ കഴിഞ്ഞാൽ സ്വാധീനമുള്ള ഗ്രന്ഥമായിരുന്നു വി. ഇസിദോറിന്റെ സർവ വിജ്ഞാനകോശം. അനേകായിരം വാക്കുകളുടെ ഉൽപത്തി, വ്യാകരണം, പ്രഭാഷണകല, ഗണിതം, ക്ഷേത്രഗണിതം, സംഗീതം, വാനശാസ്ത്രം, വൈദ്യശാസ്ത്രം, നിയമം, കത്തോലിക്കാ സഭ, പാഷണ്ഡ വിഭാഗങ്ങൾ, തത്വശാസ്ത്രം, ഭാഷകൾ, നഗരങ്ങൾ, മനുഷ്യൻ, മൃഗങ്ങൾ, ലോകം, ഭൂമിശാസ്ത്രം, വഴികൾ, കൃഷി, യുദ്ധം, കപ്പലുകൾ, വസ്ത്രങ്ങൾ, ഭക്ഷണങ്ങൾ, ഉപകരണങ്ങൾ കല്ലുകൾ, ലോഹങ്ങൾ, യുദ്ധങ്ങൾ തുടങ്ങി അന്ന് അറിവുണ്ടായിരുന്ന എല്ലാ വിഷയങ്ങളും ഈ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നു. ചരിത്രത്തിൽ പിന്നീട് വന്ന, ദാന്തേയും ചൗസറും പോലുള്ള എഴുത്തുകാർ ഈ ഗ്രന്ഥം തങ്ങളുടെ കൃതികളിൽ ഉദ്ധരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി ഇതിന്റെ ധാരാളം പതിപ്പുകൾ വിവിധ കാലങ്ങളിലായി പുറത്തിറങ്ങിയിട്ടുണ്ട്. 20 വാല്യങ്ങളിലായി 448 അധ്യായങ്ങളാണ് ഈ ഗ്രന്ഥസമാഹാരത്തിലുള്ളത്. ഇസിദോർ ഇത് രൂപപ്പെടുത്തിയില്ലായിരുന്നെങ്കിൽ പുരാതനമായ പല അറിവുകളും പിൽക്കാല തലമുറയ്ക്ക് നഷ്ടപ്പെട്ടുപോകുമായിരുന്നു എന്ന് പണ്ഡിതലോകം വിശ്വസിക്കുന്നു.

സന്യാസ നിയമങ്ങൾ (Regula Monachorum): തന്റെ അതിരൂപതയിലെ സന്യാസികൾക്കായി ഇസിദോർ ഒരു നിയമാവലി എഴുതിയുണ്ടാക്കി. സഹോദരി സി. ഫ്ലോറന്തീനയുടെ അഭ്യർഥന മാനിച്ച് മൂത്തസഹോദരൻ വി. ലിയാണ്ടർ സന്യാസികൾക്കായി ഒരു നിയമസംഹിത നേരത്തെതന്നെ എഴുതിയുണ്ടാക്കിയിരുന്നു. ബിഷപ്പുമാർക്ക് സന്യാസാശ്രമങ്ങളിൽ വലിയ സ്വാധീനമുണ്ടായിരുന്നതിന് ഇസിദോർ മാറ്റങ്ങൾ വരുത്തുന്നു. ബിഷപ്പ് നേരിട്ട് ആശ്രമാധിപനെ നിശ്ചയിക്കുന്നതും സന്യാസിമാരുടെ തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നതുമൊക്കെ അവരുടെ അധികാരാവകാശങ്ങളിലുള്ള കൈകടത്തലായിട്ടാണ് ഇസിദോർ കണ്ടിരുന്നത്.

വി. ഇസിദോറിന്റെ സ്വഭാവവും അധ്യാത്മികതയും വെളിവാക്കുന്ന ഒരു ഗ്രന്ഥം കൂടിയാണിത്. മനുഷ്യസ്വഭാവത്തിന്റെ ആവശ്യങ്ങളും ഇതിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സന്യാസനിയമങ്ങൾ കർക്കശമായിരിക്കുമ്പോഴും കരുണയുടെയും വിവേകത്തിന്റെയും അംശങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരിക്കുന്നു. സന്യാസ്യാർഥിയായി എത്തുന്ന ഏതൊരാളും മൂന്നുമാസത്തോളം ആശ്രമത്തിൽ വരുന്ന പാവങ്ങളെയും അതിഥികളെയും ശുശ്രൂഷിച്ചുകൊണ്ട് ഇത് തന്റെ വിളിയാണെന്ന് ഉറപ്പുവരുത്തുകയും അതിനുശേഷം സന്യാസിയാകാനുള്ള ആഗ്രഹം ഒരു അപേക്ഷയായി എഴുതിനൽകുകയും ചെയ്യണം. ആശ്രമാധിപൻ അർഥിയുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിച്ച് തീരുമാനമെടുക്കണം. പുരാതന ആശ്രമനിയമങ്ങളിൽ ഏറ്റം പ്രായോഗികവും അനുകരണീയവുമായ ഒന്നായിരുന്നു ‘ഇസിദോറിന്റെ നിയമങ്ങൾ’ എന്നുകൂടി അറിയപ്പെട്ടിരുന്ന ഈ സന്യാസ നിയമങ്ങൾ.

‘കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചു യെഹൂദമാരോട്’ (De fide catholica ex Veteri et Novo Testamento, contra Judaeos): തന്റെ സഹോദരി വി. ഫ്ലോറന്റീനയുടെ അഭ്യർഥന മാനിച്ച് എഴുതിയിരിക്കുന്ന ഈ ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നതും അവർക്കു തന്നെയാണ്. മധ്യകാലയുഗത്തിൽ ഏറ്റം അധികം ഉപയോഗത്തിലിരുന്ന ഈ ഗ്രന്ഥം പ്രാദേശിക ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വി. അഗസ്തീനോസിന്റെ ആശയങ്ങളെ അനുധാവനം ചെയ്തുകൊണ്ട് എഴുതപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥത്തിൽ ക്രിസ്തീയലോകത്ത് ജീവിക്കുന്ന യഹൂദന്മാരെക്കുറിച്ചുള്ള ഒരു വിശകലനമാണ്. അഗസ്തീനോസിനെപ്പോലെ ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് വരെ ഇവരുടെ സാന്നിധ്യം അനിവാര്യമാണെന്ന് ഇസിദോറും വാദിക്കുന്നു.

പഴയനിയമത്തിൽ ഉൾക്കൊണ്ടിരിക്കുന്ന മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങളും യേശുവിന്റെ വരവോടെ അത് പൂർത്തീകരിക്കപ്പെട്ടത് എങ്ങനെയെന്നും ഈ ഗ്രന്ഥത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. തന്റ അപഗ്രഥനത്തിന്റെ ഒന്നാം ഭാഗത്ത്  പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയെക്കുറിച്ചും, ലോകത്തെ വിധിക്കാനായുള്ള ക്രിതുവിന്റെ രണ്ടാമത്തെ വരവിനെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്നു. ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗത്ത് യഹൂദന്മാരുടെ അവിശ്വാസം, പുറജാതികളുടെ വിളി, യഹൂദരുടെ സാബത്താചരണം ക്രിസ്തീയവിശ്വാസത്തിന്റെ ഞായറാഴ്ചയായി മാറുന്നതുമൊക്കെയാണ് പ്രതിപാദിച്ചിരിക്കുന്നത്. ഈ ഗ്രന്ഥത്തിൽ ക്രിസ്തീയവിശ്വാസം സ്വീകരിക്കുന്നതിന് യഹൂദരെ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

‘ഗോത്തിക്ക്, വാൻഡൽ, സുവേബി രാജാക്കന്മാരുടെ ചരിത്രം’ (Historia de regibus Gothorum, Vandalorum et Suevorum). എ ഡി 265 മുതൽ 624 സ്പെയിനും അനുബന്ധ പ്രദേശങ്ങളും ഭരിച്ച രാജാക്കന്മാരുടെ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നത്. ആദ്യമായി ‘മാതൃരാജ്യം സ്പെയിൻ’ എന്ന് അഭിസംബോധന ചെയ്തിരിക്കുന്ന പണ്ഡിതൻ കൂടിയാണ് അദ്ദേഹം. ഇസിദോർ തന്നെ എഴുതിയ ഇതിന്റെ രണ്ടു പതിപ്പുകൾ പിൽക്കാല തലമുറയ്ക്ക് ലഭ്യമായിട്ടുണ്ട്. ഈ കൃതി പിന്നീട് ഇംഗ്ലീഷ്, ജർമ്മൻ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.

‘നിർണ്ണയങ്ങളെക്കുറിച്ചുള്ള മൂന്ന് ഗ്രന്ഥങ്ങൾ’ (Sententiarum libri tres): ഇത് ക്രിസ്തീയ ധാർമ്മികതയുടെയും പ്രമാണങ്ങളുടെയും സംഗ്രഹമാണ്. ഇതിലെ ആശയങ്ങൾക്ക് മഹാനായ ഗ്രിഗറി, വി. അഗസ്തീനോസ് എന്നിവരുടെ ഗ്രന്ഥങ്ങളോടു കടപ്പെട്ടിരിക്കുന്നു. ദൈവസ്വഭാവം, സൃഷ്ടി, തിന്മ തുടങ്ങിയ വിഷയങ്ങൾ ഇസിദോർ ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യുന്നു. ഈ ഗ്രന്ഥത്തിന്റെ സ്വാധീനത്തിലാണ് പിന്നീട് പീറ്റർ ലൊംബാർഡ് തന്റെ പ്രസിദ്ധ കൃതി ‘നിർണ്ണയങ്ങളെക്കുറിച്ചുള്ള ഗ്രന്ഥം’ (Book of Sentences) എഴുതിയിരിക്കുന്നത്.

‘സാര്‍വലൗകിക ചരിത്രം’ (Chronica Maiora): പുരാതന രാഷ്ട്രീയവും മതപരവുമായ ചരിത്രത്തോടൊപ്പം താൻ ജീവിച്ചിരിക്കുന്ന കാലം വരെയുള്ള സ്പെയിനിന്റെ ബൗദ്ധികചരിത്രവും ഈ ഗ്രന്ഥത്തിലൂടെ ഇസിദോർ നമുക്ക് പറഞ്ഞുതരുന്നു. പഴയനിയമ കാലത്തിനു മുൻപുള്ള ചരിത്രം പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ ഗ്രന്ഥം ആരംഭിക്കുന്നത്. അഗസ്തീനോസിന്റെ ‘ദൈവത്തിന്റെ നഗരം’ എന്ന കൃതിയിൽ ഉപയോഗിച്ചിരിക്കുന്ന ലോകത്തിന്റ ആറു വ്യത്യസ്ത കാലഘട്ടങ്ങളെ അതുപോലെ ഇവിടെയും വിവരിച്ചിരിക്കുന്നു.

മുകളിൽ വിവരിച്ചവ കൂടാതെ ത്രിത്വം, സഭയിലെ പ്രാർഥനകൾ, പ്രാപഞ്ചിക ചരിത്രം, ജ്യോതിശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ഗ്രന്ഥങ്ങൾ രചിക്കുകയും അങ്ങനെ താൻ ജീവിച്ച കാലഘട്ടത്തെകുറിച്ച് പിൽക്കാല തലമുറയ്ക്ക് അമൂല്യവുമായ അറിവുകൾ പകർന്നു നൽകുകയും ചെയ്തു.

ഉപസംഹാരം 

‘നമ്മുടെ ഇളയ സഹോദരൻ ഇസിദോറിനെ മറക്കരുത്’ എന്ന് വി. ലിയാണ്ടർ തന്റെ സഹോദരി വി. ഫ്ലോറന്തീന സന്യാസവൃതം സ്വീകരിച്ചപ്പോൾ ഒരു ഉപദേശം കൊടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വാക്കുകൾ പിന്നീട് ഒരു ഭാഷാപ്രയോഗമായി പരിണമിക്കുകയും ചെയ്തു. എന്നാൽ സാർവത്രിക സഭ തന്നെയും ഈ സഹോദരനെ അനശ്വരനാക്കുന്ന അവസ്ഥയിലേക്ക് അദ്ദേഹം വളരുമെന്ന് ഒരുപക്ഷെ അന്ന് ലിയാണ്ടർ ചിന്തിച്ചിട്ടുണ്ടാവില്ല. അറിവിന്റെ മഹാസാഗമായിരുന്നപ്പോഴും തന്നെക്കുറിച്ചും തന്റെ പദ്ധതികളെക്കുറിച്ചും വിവരിക്കുന്നതിന് അക്ഷരക്ഷാമം അനുഭവപ്പെട്ട വിശുദ്ധനായിരുന്നു ഇസിദോർ. എല്ലാം എളിമയോടെ ദൈവത്തിനു സമർപ്പിച്ചുകൊണ്ട്, വ്യത്യസ്തമായ പൂക്കളിൽ നിന്നും മധുശേഖരിക്കുന്ന തേനീച്ചയെപ്പോലെ, സഭാപിതാക്കന്മാരുടെ രചനകളെ സംഗ്രഹിച്ച് മധുരതരമാക്കി ഇസിദോർ അനന്തര തലമുറകൾക്ക് പകർന്നുനൽകി. വി. ഇസിദോർ സിനഡിന്റെ ആരംഭത്തിൽ ചൊല്ലാനായി രൂപകൽപന നൽകിയ ഈ പ്രാർഥന വത്തിക്കാൻ കൗൺസിൽ ഉൾപ്പെടെയുള്ള സമയങ്ങളിൽ സഭ വ്യാപകമായി ഉപയോഗിച്ചിരുന്നു. നമ്മുടെ ആത്മീയസമ്മേളനങ്ങളുടെ ആരംഭത്തിൽ ചൊല്ലാൻ പറ്റിയ ഒരു പ്രാർഥന കൂടിയാണിത്.

“ഓ പരിശുദ്ധാത്മാവേ, അങ്ങയുടെ സന്നിധിയിൽ പ്രത്യേക ലക്ഷ്യത്തോടെ ഒത്തുകൂടിയ ഞങ്ങളുടെ പാപത്തെക്കുറിച്ച് ഞങ്ങൾ ബോധവാന്മാരാണ്. ഇവിടെ ഞങ്ങളോടൊപ്പം ഇപ്പോൾ വസിച്ചുകൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ ആനന്ദത്തോടെ സ്പർശിക്കുക. ഞങ്ങൾ ചെയ്യേണ്ടതും പോകേണ്ടതും സഫലീകരിക്കേണ്ടതുമായ കാര്യങ്ങളാൽ ഞങ്ങളെ പ്രബോധിപ്പിച്ച് അങ്ങയെ പ്രസാദിപ്പിക്കാൻ ഞങ്ങൾക്കു കഴിയട്ടെ. പിതാവായ ദൈവത്തോടും പുത്രനോടും കൂടെ അവാച്യമായ നാമം വഹിക്കുന്ന അവിടുന്ന് ഞങ്ങളുടെ തീരുമാനങ്ങളുടെ ഏക പ്രചോദകനും വഴികാട്ടിയും ആയിരിക്കേണമേ. നീതിയുക്തമായ തീരുമാനങ്ങളെടുക്കുന്നതിന് അതിന്റെ പൂർണ്ണതയായ അവിടുന്ന് ഞങ്ങളെ സഹായിക്കണമേ. അജ്ഞതയാൽ സത്യത്തിൽ നിന്നും അകന്നുപോകുന്നത്തിനോ, അയോഗ്യ ലക്ഷ്യങ്ങളാൽ സത്യപാതയിൽനിന്ന് വ്യതിചലിക്കാനോ, വ്യക്തിതാൽപര്യ പരിഗണനകളാൽ ദുഷിക്കാനോ ഞങ്ങൾക്കിടയാകാതിരിക്കട്ടെ. അങ്ങയുടെ കൃപദാനങ്ങളാൽ ഞങ്ങളെ അങ്ങിലേക്ക് ചേർത്തുവയ്ക്കുക. അതുവഴി സത്യത്തിൽ നിന്ന് വ്യതിചലിക്കാതെ, അങ്ങയുടെ നാമത്തിൽ ഒന്നുചേർന്ന്, വിശ്വാസ ഐക്യത്തിലായിരിക്കാനും ഭാവിയിൽ ഞങ്ങളുടെ സത്കർമ്മങ്ങൾക്ക് ശാശ്വതമായ പ്രതിഫലം പ്രാപിക്കാനും ഞങ്ങൾക്കു കഴിയട്ടെ. ആമ്മേൻ.”

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.