വേദപാരംഗതനായ വി. ഗ്രിഗറി നസ്യാൻസൻ

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ആമുഖം

സാർവത്രിക സഭാചരിത്രത്തിലെ നിർണ്ണായകമായ ഒരു കാലഘട്ടത്തിൽ സഭയുടെ ദൈവശാസ്ത്ര ചിന്തകൾക്ക് ദിശാബോധം നൽകിയ സഭാപിതാവാണ് കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസായിരുന്ന ‘ദൈവശാസ്ത്രജ്ഞനായ വി. ഗ്രിഗറി’. സഭാപിതാക്കന്മാരിൽ അഗ്രഗണ്യനായ വി. ഗ്രിഗറി നസ്യാൻസൻ ക്രിസ്തീയ ആശയങ്ങൾ സ്വാതന്ത്ര്യത്തോടെ പൊതുവേദികളിൽ പങ്കുവയ്ക്കാൻ സഭയ്ക്ക് ലഭ്യമായ ചരിത്രത്തിലെ ആദ്യാവസരങ്ങൾ ശരിയായി വിനിയോഗിച്ചു. നലംതികഞ്ഞ വാഗ്മി, സര്‍ഗവൈഭവമുള്ള കവി, നിഷ്ണാതനായ ദൈവശാസ്ത്രജ്ഞൻ എന്നീ നിലകളിലെല്ലാം പ്രശോഭിച്ച പ്രതിഭയാണ് അദ്ദേഹം. സന്യാസജീവിതചര്യയിൽ മാത്രം സഞ്ചരിക്കാൻ അഭിലഷിച്ച ഗ്രിഗറിക്ക് സാഹചര്യം അനിവാര്യമാക്കിയ ആത്മീയ അധികാരസ്ഥാനങ്ങൾ ദൈവസേവനത്തിനുള്ള മാർഗം മാത്രമായിരുന്നു.

സഭയിലെ രണ്ടാം സാർവത്രിക കൗൺസിലായ ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് അധ്യക്ഷസ്ഥാനം വിട്ടൊഴിഞ്ഞ് തന്റെ അവസാന നാളുകൾ ഏകാന്തമായി പ്രാർഥനയിലും ധ്യാനത്തിലും അദ്ദേഹം ചിലവഴിച്ചു. മഹാനായ ബസേലിയോസിന്റെയും ‘മതത്യാഗിയായ’ ജൂലിയൻ ചക്രവർത്തിയുടെയും സതീര്‍ഥ്യനായിരുന്ന ഗ്രിഗറിക്ക് യവനചിന്തകളിലും സാഹിത്യത്തിലും ആഴമായ അറിവുണ്ടായിരുന്നു. ഈ പാണ്ഡിത്യം മൂലം ക്രിസ്തീയവിശ്വാസം ഗ്രീക്ക് ചിന്തയുടെ മാതൃകയിൽ വ്യാഖ്യാനിച്ച് വലിയൊരു ജനവിഭാഗത്തെ അദ്ദേഹം ദൈവാഭിമുഖ്യത്തിലേക്ക് ആനയിച്ചു.

‘ത്രിത്വത്തിന്റെ ദൈവശാസ്ത്രജ്ഞൻ’ എന്നറിയപ്പെടുന്ന ഗ്രിഗറി ബൈസന്റീൻ സഭാ സാഹിത്യചരിത്രത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ പണ്ഡിതനാണ്. മഹാനായ വി. ബസേലിയോസ്, അദ്ദേഹത്തിന്റെ സഹോദരൻ നിസായിലെ വി. ഗ്രിഗോറിയോസ്, വി. ഗ്രിഗറി നസ്യാൻസൻ എന്നിവർ സംയുക്തമായി ‘കപ്പഡോസിയൻ പിതാക്കന്മാർ’ എന്ന പേരിലാണ് സഭയിൽ അറിയപ്പെടുന്നത്. ക്രിസ്തീയവിശ്വാസത്തിലെ അതുല്യപ്രതിഭയായ വി. ഗ്രിഗറി നസ്യാൻസനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത് നമ്മുടെ ദൈവസ്നേഹത്തെയും വിശ്വാസജീവിതത്തെയും പരിപോഷിപ്പിക്കും.

ജനനം, ബാല്യം, വിദ്യാഭ്യാസം

റോമൻ സാമ്രാജ്യത്തിലെ കപ്പഡോസിയ പ്രവിശ്യയിൽ നസ്യാൻസസ് പട്ടണത്തിനടുത്തുള്ള അരിയാൻസൂസ് എന്ന ഗ്രാമത്തിൽ എ. ഡി. 329 ലാണ് വി. ഗ്രിഗറി ജനിച്ചത്. അടിമത്വത്തിനും ദുർനടപ്പിനും റോമൻ സാമ്രാജ്യത്തിൽ കുപ്രസിദ്ധി നേടിയ പട്ടണമായിരുന്നു നാലാം നൂറ്റാണ്ടിലെ കപ്പഡോസിയ. അതിനാൽ സാംസ്‌കാരിക ഉന്നതിയിലെന്ന് അഭിമാനിച്ചിരുന്ന റോമൻ സാമ്രാജ്യത്തിലെ മറ്റു നഗരങ്ങളിൽനിന്നുള്ള ജനങ്ങൾ ഇവിടുത്തുകാരെ അവമതിപ്പോടെയാണ് കണ്ടിരുന്നത്. ഈ അവജ്ഞയിൽ നിന്നുണ്ടായ പ്രയോഗമാണ് “ഒരു വിഷപ്പാമ്പ് കപ്പഡോസിയക്കാരനെ ദംശിച്ചപ്പോൾ അത് മരിച്ചുപോയി” എന്നത്. എന്നാൽ ക്രിസ്തീയവിശ്വാസത്തിന്റെ ആധിപത്യത്തോടെ ഈ പ്രദേശത്തിന്റെ പേരുദോഷത്തിനും സാവധാനം ശാപമോക്ഷം ലഭിച്ചു.

വി. ഗ്രിഗറിയുടെ മാതാപിതാക്കളായ മുതിർന്ന ഗ്രിഗറിയും (St. Gregory the Elder), നോന്നയും സമ്പന്ന കുടുംബത്തിൽനിന്നുള്ള ഗ്രീക്ക് വംശജർ ആയിരുന്നു. ഹിപ്സിത്താരിയൻ ദേവനെ ആരാധിച്ചിരുന്ന ഗ്രിഗറി നോന്നയുടെ പരിശ്രമഫലമായി എ. ഡി. 325 ൽ ക്രിസ്തീയവിശ്വാസം സ്വീകരിച്ചു. പിന്നീട് 328 ൽ അദ്ദേഹം നസ്യാൻസസ്‌ രൂപതയുടെ ബിഷപ്പായിത്തീരുകയും ചെയ്തു.

ഗ്രിഗറിയും സഹോദരൻ സെസാറിയൂസും തങ്ങളുടെ അമ്മാവൻ ആംഫിലോക്കിയോസിന്റെ ഭവനത്തിൽ താമസിച്ചുകൊണ്ടാണ് അവരുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത്. പഠനത്തിൽ സമർഥനായ ഗ്രിഗറിയെ മാതാപിതാക്കൾ നസ്യാൻസസ്, സേസറിയ, അലക്‌സാൻഡ്രിയ, ആതൻസ് എന്നീ നഗരങ്ങളിലേക്ക് പല കാലഘട്ടങ്ങളിലായി അയച്ചു പഠിപ്പിച്ചു. എ. ഡി. 348 ഗ്രിഗറിയും സഹോദരൻ സെസാറിയോസും അലക്‌സാൻഡ്രിയ നഗരത്തിൽ ശാസ്ത്രപഠനത്തിനായി പോയി. അധികം താമസിയാതെ സഹോദരനെ ഇവിടെ പഠനം തുടരാൻ പ്രേരിപ്പിച്ചുകൊണ്ട് ഗ്രിഗറി ആതൻസിലേക്കു യാത്രയായി.

ഉപരിപഠനത്തിനായി ആതൻസിലേക്ക് കപ്പലിൽ യാത്ര ചെയ്യുമ്പോഴുണ്ടായ ഒരു സംഭവം ഗ്രിഗറിയുടെ ജീവിതത്തെ മാറ്റിമറിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കടൽക്ഷോഭത്തിൽപെട്ട് കപ്പൽ നശിക്കുമെന്നു തോന്നിയപ്പോൾ ഗ്രിഗറി ദൈവത്തോട് വലിയൊരു പ്രതിജ്ഞ ചെയ്തു. താൻ മരണവക്രത്തിൽനിന്നും രക്ഷപെടുന്നപക്ഷം തന്റെ ജീവിതം പൂർണ്ണമായും ദൈവീകസേവനങ്ങൾക്കായ് ഉപയോഗിക്കും എന്നതായിരുന്നു പ്രതിജ്ഞ.

ആതൻസിൽവച്ചാണ് വി. ബസേലിയോസിനെയും ഭാവിചക്രവർത്തി ഫ്‌ളാവിയൂസ് ക്ലവിഡിയൂസ് ജൂലിയാനൂസിനെയും അദ്ദേഹം കണ്ടുമുട്ടിയത്. ഗ്രീക്ക് സാഹിത്യം, തത്വശാസ്ത്രം, പ്രഭാഷണകല എന്നീ മേഖലകളിൽ ഗ്രിഗറി ഇവിടെവച്ച് വലിയ പ്രാവീണ്യം നേടി.

വിശുദ്ധരുടെ കുടുംബം

വി. ഗ്രിഗറി നസ്യാൻസന്റെ ജീവിതത്തെ അടുത്തറിയുന്നതിന് അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളത് ആരൊക്കെയാണെന്ന് മനസ്സിലാക്കുന്നത് സഹായിക്കും. മഹാനായ വി. ബസേലിയോസിന്റേതുപോലെ സഭയുടെ ഔദ്യോഗിക വിശുദ്ധഗണത്തിൽ ഉൾപ്പെട്ടിരിക്കുന്ന അനേക വിശുദ്ധർക്ക് ജന്മം നല്കിയ പാവനമായ ഒരു കുടുംബമാണ് ഗ്രിഗറിയുടേതും. അദ്ദേഹത്തിന്റെ മാതാവ് വി. നോന്ന മാതൃത്വത്തിന്റെയും പരിശുദ്ധിയുടെയും നിറകുടമായിരുന്നു. തന്റെ ഭർത്താവിനെ പ്രാചീന മതവിശ്വാസത്തിൽനിന്നും ക്രിസ്തീയവിശ്വാസത്തിലേക്കു കൊണ്ടുവരികയും അദ്ദേഹം പിന്നീട് നസ്യാൻസസിലെ ബിഷപ്പായിത്തീരുകയും ചെയ്തു. ഗ്രിഗറിയുടെ സഹോദരൻ വി. സെസാരിയൂസ് ചക്രവർത്തിയുടെ ഡോക്ടറായിരുന്നു. ജൂലിയന്റെ ക്രിസ്തീയവിരുദ്ധത പ്രകടമായപ്പോൾ തന്റെ സഹോദരൻ പീഡിപ്പിക്കപ്പെടുമെന്ന ചിന്ത ഗ്രിഗറിക്കുണ്ടായിരുന്നു. അദ്ദേഹം എ. ഡി. 368 ൽ ബിഥീനിയ പ്രവിശ്യയുടെ ധനപരിപാലന ചുമതലക്കാരനായി സേവനം അനുഷ്ടിച്ചു. ഇവരുടെ ഒരു സഹോദരി വി. ജോർജീനയെ ‘കുടുംബജീവിതത്തിന്റെ മഹനീയ മാതൃക’ എന്നാണ് ഗ്രിഗറി വിശേഷിപ്പിച്ചിരിക്കുന്നത്.

വി. ഗ്രിഗറി തന്റെ മാതാപിതാക്കളെ പഴയനിയമത്തിലെ അബ്രഹാമിനോടും സാറായോടുമാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. തന്റെ മാതാവ് എന്തു ചെയ്താലും അതിൽ ഒരു പൂർണ്ണ സമർപ്പണം കണ്ടെത്താൻ സാധിക്കുമെന്ന് ഗ്രിഗറി എഴുതിയിട്ടുണ്ട്. പ്രാർഥിക്കുമ്പോൾ അവൾ ജീവിതത്തിൽ ഇതു മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളൂ എന്ന് തോന്നുമായിരുന്നു. അതുപോലെതന്നെ ഭവനത്തിലെ ദൈനംദിന ജോലികളിൽ വ്യാപൃതയാവുമ്പോൾ മറ്റൊന്നിനെക്കുറിച്ചും അവൾ ചിന്തിച്ചിരുന്നില്ല. വളരെ ചെറുപ്പത്തിൽതന്നെ അമ്മയുടെ കരം പിടിച്ച് ദൈവാലയത്തിലെത്തി മുട്ടുകുത്തി കരം കൂപ്പി പ്രാർഥിച്ചിരുന്ന ഗ്രിഗറി മറ്റുള്ളവർക്ക് ആനന്ദകാഴ്‌ച ആയിരുന്നു.

ഗ്രിഗറിയുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു സ്വപ്നം അദ്ദേഹത്തിന്റെ യൗവനത്തിൽ ഉണ്ടായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചാരിത്രശുദ്ധിയും ആത്മസംയമനവുമാകുന്ന പുണ്യങ്ങൾ ഗ്രിഗറിയെ പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള ആഴമായ അറിവിലേക്ക് ആനയിക്കുന്നതായിരുന്നു ഈ സ്വപ്നത്തിന്റെ ഉള്ളടക്കം. ഇത് നിത്യബ്രഹ്മചര്യമെന്ന ആശയത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നു. പിന്നീട് സന്യാസം ആഗ്രഹിച്ചപ്പോൾ തന്റെ വൃതങ്ങൾ ലംഘിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് അഭികാമ്യമെന്ന് അദ്ദേഹം കരുതിയിരുന്നു.

തന്റെ മാതാപിതാക്കന്മാരുടെ പുണ്യജീവിതത്തെ പ്രശംസിച്ചുകൊണ്ട് ഗ്രിഗറി എഴുതുന്നു: “ആരെങ്കിലും ഭൂമിയുടെ അതിർത്തിയിൽനിന്നും, മനുഷ്യകുലം മുഴുവനിൽനിന്നും, ഏറ്റം മാതൃകാപരമായ വിവാഹജീവിതം അതാണെന്ന് ചൂണ്ടിക്കാട്ടിയാലും തന്റെ മാതാപിതാക്കളുടേത് അതിനെക്കാൾ മനപ്പൊരുത്തമുള്ളതായിരിക്കും. ഒരു പുരുഷനിലും സ്ത്രീയിലുമുള്ള ഏറ്റം വലിയ നന്മകൾ ഗ്രിഗറിയുടെയും നോന്നയുടെയും വിവാഹജീവിതത്തിൽ സംഗമിച്ചിരിക്കുന്നത് ശരീരങ്ങളുടേതിനെക്കാൾ സുകൃതങ്ങളുടെ സംയോജനമാണ്. അവരിലെ കൃപകൾ മറ്റുള്ളരുടേതിലും മഹത്തരമെങ്കിങ്കിലും ഇവർക്ക് പരസ്പരം മത്സരിക്കുന്നതിന് സാധിക്കുമായിരുന്നില്ല.”

പൗരോഹിത്യശുശ്രൂഷ

പത്തു വർഷത്തോളം നീണ്ടുനിന്ന ഉപരിപഠനത്തിനുശേഷം മുപ്പതാമത്തെ വയസ്സിൽ ഗ്രിഗറി ആതൻസിൽനിന്നും സ്വദേശത്തേക്കു തിരിച്ചു. കോൺസ്റ്റാന്റിനോപ്പിളിൽവച്ച് ചക്രവർത്തിയുടെ കൊട്ടാരത്തിൽ ഉദ്യോഗം നേടിയ സഹോദരൻ സെസാറിയോസിനെ കണ്ടുമുട്ടുകയും അദ്ദേഹത്തോടൊപ്പം വീട്ടിലെത്തുകയും ചെയ്തു. പഠനം പൂർത്തീകരിച്ച് വീട്ടിൽ തിരികെയെത്തിയ ഗ്രിഗറിയുടെ മനസ്സിൽ സന്യാസചിന്തകളായിരുന്നു. തന്റെ സുഹൃത്തായ ബസേലിയോസ് ഈ സമയത്ത് സന്യാസവഴി തിരഞ്ഞെടുക്കുകയും അദ്ദേഹത്തോടൊപ്പം അനുയാത്ര ചെയ്യാൻ ഗ്രിഗറിയെ ക്ഷണിക്കുകയും ചെയ്തു.

നസ്യാൻസസ്‌ രൂപതയുടെ ബിഷപ്പായിരുന്ന പിതാവിന് മകൻ തന്റെ പാതയിലൂടെ സഞ്ചരിക്കണമെന്ന ആഗ്രഹമായിരുന്നു. ഈ നിർദേശം അദ്ദേഹം മുമ്പോട്ടുവച്ചപ്പോൾ ഗ്രിഗറി ബസേലിയോസിന്റെ ആശ്രമത്തിലേക്ക് ഓടിപ്പോവുകയും അവിടെ കുറേനാൾ സന്യാസിയെപ്പോലെ ജീവിക്കുകയും ചെയ്തു. എ. ഡി. 361 ൽ നാട്ടിലെത്തിയ ഗ്രിഗറി വാർധക്യത്തിലായിരുന്ന പിതാവിന്റെ ആഗ്രഹപ്രകാരം പൗരോഹിത്യം സ്വീകരിച്ചു. കുറേനാൾ പിതാവിനോടുചേർന്ന് അവിടെയുള്ള ക്രിസ്തീയവിശ്വാസികളുടെ ആത്മീയകാര്യങ്ങൾ ശ്രദ്ധിച്ചു. സന്യാസജീവിതം അഭിലഷിച്ച ഗ്രിഗറി ആഗ്രഹിക്കാതെതന്നെ ഇടവക പൗരോഹിത്യശുശ്രൂഷ തിരഞ്ഞെടുത്തു. എന്നാൽ ജീവിതത്തിലുടനീളം ഒരു സന്യാസി ആകണമെന്ന അഭിലാഷം അദ്ദേഹം മനസ്സിൽ സൂക്ഷിക്കുകയും ചെയ്തു. ഈ സമയത്ത് റോമൻ സാമ്രാജ്യത്തിലുടനീളം ഉടലെടുത്ത ദൈവശാസ്ത്രഭിന്നതകൾ നസ്യാൻസസിലെ വിശ്വാസികളുടെ ഇടയിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. മറ്റാരെക്കാളും കൃത്യമായി ദൈവശാസ്ത്ര ഉത്തരങ്ങൾ നൽകാൻ കഴിവുള്ളവൻ എന്ന നിലയിൽ ഗ്രിഗറി ഈ ഭിന്നതകൾ പരിഹരിക്കാനായി തന്റെ കഴിവും സമയവും വിനിയോഗിക്കുകയും ചെയ്തു.

ഈ സമയത്താണ് ആതൻസിൽ ഗ്രിഗറിയുടെയും ബേസിലിന്റെയും സഹപാഠിയായിരുന്ന ജൂലിയൻ ചക്രവർത്തി തന്റെ ക്രിസ്തീയവിശ്വാസം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. ചക്രവർത്തിയുടെ ഈ പ്രവർത്തിയുടെ പ്രത്യാഘാതം തിരിച്ചറിഞ്ഞ ഗ്രിഗറി ‘ജൂലിയനെതിരായ നിരൂപണങ്ങൾ’ (Invectives Against Julian) എന്ന രചന നടത്തുന്നത്. ക്രിസ്തീയവിശ്വാസം സ്നേഹവും ക്ഷമയും കൈമുതലാക്കി ജൂലിയനെപ്പോലെയുള്ള അപക്വമതികളായ ഭരണാധികാരികളുടെമേൽ വിജയം വരിക്കുമെന്ന് ഈ ഗ്രന്ഥത്തിൽ അദ്ദേഹം സമർഥിച്ചു. ‘തെയോസിസ്’ (ദൈവീകരണം) എന്ന് ഗ്രിഗറി ഈ രചനയിൽ പറയുന്ന ഒരു പ്രക്രിയയിലൂടെ ദൈവവുമായി മനുഷ്യൻ പ്രാപിക്കുന്ന ആത്മീയവും ഗഹനവുമായ ഉന്നതി മറ്റെല്ലാത്തിനെയും കാലക്രമത്തിൽ മറികടക്കും. തന്നെ വിമർശിച്ച ഗ്രിഗറിയെയും മറ്റു ക്രിസ്തീയചിന്തകരെയും കുറ്റവിചാരണ ചെയ്യാൻ ജൂലിയൻ ചക്രവർത്തി തീരുമാനിച്ചു. എന്നാൽ അധികം താമസിയാതെ പേർഷ്യക്കാരുമായുള്ള യുദ്ധത്തിൽ ജൂലിയന് അകാലമരണം ഉണ്ടായതിനാൽ ചക്രവർത്തിയുടെ അഭിലാഷം നടപ്പിലായില്ല എന്നുമാത്രമല്ല അദ്ദേഹത്തിന്റെ പിൻഗാമിയായി എത്തിയ ജോവിയൻ ചക്രവർത്തി പീഡനം അവസാനിപ്പിക്കുകയും ക്രിസ്തീയവിശ്വാസത്തിൽ ജീവിക്കുകയും ചെയ്തു.

അടുത്ത ഏതാനും വർഷങ്ങൾ ആര്യൻ പാഷണ്ഡതയ്ക്കെതിരായുള്ള നിരന്തര സമരത്തിനായി ഗ്രിഗറി തന്റെ സമയം ചിലവഴിച്ചു. ബസേലിയോസിനോടും സേസറിയായിലെ ബിഷപ്പായിരുന്ന എവുസേബിയസിനോടും ചേർന്ന് അദ്ദേഹം ഈ യുദ്ധം നയിച്ചു. തത്ഫലമായി പ്രസിദ്ധരായ ആര്യൻ പണ്ഡിതന്മാർ നസ്യാൻസസിൽ എത്തുകയും നിഖ്യാ വിശ്വാസപ്രമാണം അനുധാവനം ചെയ്തവരുമായി സംവാദത്തിൽ ഏർപ്പെടുകയും ചെയ്തു. വാലൻസ് ചക്രവർത്തിയുടെ പ്രതിനിധികൾ മധ്യസ്ഥത വഹിച്ച ഈ സംവാദങ്ങളിൽ ഗ്രിഗറിയും ബസേലിയോസും വിജയികളായി മാറുന്നു. സന്യാസജീവിതം അഭിലഷിച്ച ഗ്രിഗറിയുടെ ആഗ്രഹങ്ങൾക്ക് പൂർണ്ണ വിരാമം ഇട്ടുകൊണ്ട് സഭാനേതൃത്വത്തിലേക്ക് വരുന്നതിന് ഈ സംഭവങ്ങൾ വഴിയൊരുക്കി.

രൂപതാഭരണവും ചില ദുഃഖങ്ങളും

വാലെൻസ് ചക്രവർത്തി കപ്പഡോഷ്യ പ്രോവിൻസ് ഭരണപരമായ കാര്യങ്ങൾക്കായി വിഭജിച്ചപ്പോൾ ട്യാനയിലെ ബിഷപ്പ് അന്തിമൂസ് ഈ അവസരം മുതലെടുത്തുകൊണ്ട് കപ്പഡോഷ്യൻ ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചു. രാഷ്ട്രീയതീരുമാനങ്ങൾക്കനുസരിച്ച് സഭയിൽ മാറ്റങ്ങളുണ്ടാക്കുന്നത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ബസേലിയോസ് തിരിച്ചറിഞ്ഞു. ഇതിനെ പ്രതിരോധിക്കുന്നതിനായി ഗ്രിഗറിയെ സാസിമ എന്ന പുതിയൊരു രൂപത സ്ഥാപിച്ചുകൊണ്ട് അവിടുത്തെ ബിഷപ്പായും സഹോദരൻ ഗ്രിഗറിയെ നീസാ രൂപതയുടെ ബിഷപ്പായും ബസേലിയോസ് വാഴിച്ചു. പലവിധ കാരണങ്ങളാൽ ഗ്രിഗറിക്ക് ഈ സ്ഥാനത്തോട് താൽപര്യമില്ലായിരുന്നു. മനസ്സില്ലാമനസ്സോടെയാണ് അദ്ദേഹം ബിഷപ്പായതും പുതിയ രൂപതയുടെ ഭരണം ഏറ്റെടുത്തതും. തന്റെ പിതാവും ബസേലിയോസും കൂടി തനിക്ക് സമ്മാനിച്ച ഒരു കുരിശായിരുന്നു ഇതെന്ന് ഗ്രിഗറി പിന്നീട് ഇതിനെക്കുറിച്ച് എഴുതി.

ഒരു രൂപത ഭരിക്കുന്നതിനെക്കാൾ ധ്യാനാത്മായ ഒരു സന്യാസജീവിതം നയിക്കുന്നതിനാണ് ദൈവം തന്നെ വിളിക്കുന്നത് എന്ന് ഗ്രിഗറി ഒരു കത്ത് വഴി ബസേലിയോസിനെ അറിയിച്ചു. ബസേലിയോസിനോടുള്ള ദേഷ്യം പ്രകടിപ്പിക്കാനായി പരിഹാസാത്മകമായി ഗ്രിഗറി ഇപ്രകാരം എഴുതി: “അമ്പത് കോറെപ്പിസ്കോപ്പാമാരെ ചുറ്റിലും കൊണ്ടുനടക്കുന്നയാൾ എന്നെ ആളില്ലാത്ത ഈ രൂപതയുടെ അധികാരിയായി നിയമിച്ചു.”

എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒരു ജനസംഖ്യ ആയിരുന്നു ഈ രൂപതാ പ്രദേശത്ത് ഉണ്ടായിരുന്നത്. അതിന്റെ പ്രധാന കാരണം ഇവിടുത്തെ ജനങ്ങൾ കച്ചവട ആവശ്യത്തിനുവേണ്ടി മിക്കപ്പോഴും യാത്രയിലായിരുന്നുവെന്നതാണ്. തന്റെ ജനങ്ങളുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കാത്തതിൽ അദ്ദേഹം വലുതായി കുണ്ഠിതപ്പെട്ടിരുന്നു. ബിഷപ്പായി അധിക കാലം കഴിയുന്നതിനു മുൻപ് ഗ്രിഗറി തന്റെ രൂപതയിൽനിന്ന് അവധിയെടുത്ത് ഏകാന്തവാസത്തിനായി കുറേനാളത്തേക്കു പോയി. എന്നാൽ പിതാവിന് വാർധക്യസഹജമായ ബുദ്ധിമുട്ടുകളാൽ രൂപതാഭരണം നടത്തുന്നതിന് പ്രയാസം നേരിട്ടപ്പോൾ ഗ്രിഗറി നസ്യാൻസസിലെത്തി തന്റെ പിതാവിനെ സഹായിച്ചു. പിതാവിന്റെ മരണശേഷം നസ്യാൻസസ് രൂപതയുടെ ഭരണം ഗ്രിഗറി ഏറ്റെടുത്തു.

എന്നാൽ മാതാപിതാക്കന്മാരുടെയും തന്റെ ആത്മസുഹൃത്തായ വി. ബസേലിയോസിന്റെയും മരണം ഗ്രിഗറിക്ക് വലിയ ദുഃഖങ്ങൾ സമ്മാനിച്ചു. ഗ്രിഗറി തന്റെ ഒരു സുഹൃത്തിന് ഇപ്രകാരം എഴുതി. “വാർധക്യം എന്റെ തലയ്ക്കു മീതെയുണ്ട്. എന്റെ സുഹൃത്തുക്കൾ ആത്മാര്‍ഥതയില്ലാത്തവരായി. സഭയ്ക്ക് ഇടയന്മാരില്ല. മഹത്വപൂർണ്ണമായതെല്ലാം നശിക്കുന്നു. തിന്മ അനാവൃതമാവുന്നു. നമ്മുടെ പ്രയാണം രാത്രിയിലാണ്. ദീപസ്‌തംഭങ്ങൾ എല്ലാം മറഞ്ഞുപോയിരിക്കുന്നു. ക്രിസ്തു നിദ്രയിലാണ്…” ഇപ്രകാരം എഴുതിയ ഗ്രിഗറിയെ കാത്തുത്ത് ജീവിതത്തിലെ മഹത്തരവും വെല്ലുവിളികൾ നിറഞ്ഞതുമായ കർമങ്ങൾ കാത്തിരിക്കുന്നുണ്ടായിരുന്നു.

‘ക്രിസ്തീയ ഡമൊസ്തനസ്’

പ്രാചീന ഗ്രീസിലെ പ്രസംഗകലയുടെ പിതാവെന്ന് അറിയപ്പെടുന്ന പണ്ഡിതനാണ് ഡമൊസ്തനസ്. ‘ക്രിസ്തീയ ഡമൊസ്തനസ്’ എന്ന പേര് ഗ്രിഗറിക്ക് ലഭിക്കുന്നതിന് ഇടയാക്കിയത് ആര്യനിസത്തിനെതിരായ അദ്ദേഹത്തിന്റെ ഈടുറ്റ പ്രസംഗങ്ങളാണ്. വാലൻസ് ചക്രവർത്തി ആര്യനിസത്തിന്റെ വലിയ അനുഭാവി ആയിരുന്നു. തത്ഫലമായി കോൺസ്റ്റാന്റിനോപ്പിളിൽ സത്യവിശ്വാസികൾ വളരെയധികം പീഡനങ്ങൾ ഏൽക്കുകയും നാൾക്കുനാൾ അവരുടെ എണ്ണം കുറയുകയും ചെയ്തു. എ. ഡി. 379 ൽ ആർച്ച്ബിഷപ്പ് മെലത്തിയോസും അന്ത്യോഖ്യൻ സുന്നദോസും ഗ്രിഗറിയോട് കോൺസ്റ്റാന്റിനോപ്പിൾ ചെന്ന് ദൈവശാസ്ത്ര സംവാദങ്ങൾ നടത്തുന്നതിന് ആവശ്യപ്പെട്ടു. ഈ ദൗത്യത്തിന്റെ വൈഷമ്യങ്ങളെക്കുറിച്ചു ബോധ്യമുണ്ടായിരുന്ന ഗ്രിഗറി ആദ്യം എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ ദൈവീകരഹസ്യങ്ങൾ മനസ്സിലാക്കുന്നതിലും വിവരിച്ചുകൊടുക്കുന്നതിലും ഗ്രിഗറിക്കുണ്ടായിരുന്ന കഴിവ് കാരണം അവസാനം ഈ വലിയ ദൗത്യം അദ്ദേത്തിന് ഏറ്റെടുക്കേണ്ടിവന്നു. സൗമ്യനായിരുന്ന ഗ്രിഗറിക്ക് കോൺസ്റ്റാന്റിനോപ്പിളിൽ എത്തുമ്പോൾ ബസേലിയോസിന്റെ ധീരതയും ആത്മീയശക്തിയും ആവാഹിച്ചവനെപ്പോലെ പെരുമാറി എന്ന് ചരിത്രം സാക്ഷിക്കുന്നു.

കോൺസ്റ്റാന്റിനോപ്പിളിലെത്തിയ ഗ്രിഗറിക്ക് അദ്ദേഹത്തിന്റെ സഹോദരന്റെ മകൾ തെയഡോഷ്യ താമസിക്കാൻ തന്റെ ഭവനങ്ങളിലൊന്ന് വിട്ടുകൊടുത്തു. ഗ്രിഗറി ഈ ഭവനത്തെ ഒരു ദൈവാലയമാക്കി പരിവർത്തനപ്പെടുത്തി ‘അനസ്താസിയ’ (പുനരുത്ഥാന സ്ഥലം) എന്ന് നാമകരണം ചെയ്തു. നിഖ്യാ വിശ്വാസത്തെ അനുധാവനം ചെയ്തിരുന്നവർ ഈ ഭവനത്തിൽ ഒരുമിച്ചുകൂടാൻ തുടങ്ങി. ഗ്രിഗറിയുടെ പണ്ഡിതോചിത പ്രസംഗങ്ങൾ കേൾക്കാൻ അനേകർ ഇവിടേക്ക് വരാൻ തുടങ്ങി. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആധികാരികത വലുതായിരുന്നു. ഗ്രിഗറി പ്രസംഗിച്ചു: “ഈ യാഥാർഥ്യങ്ങളിലേക്കു നോക്കുക: ക്രിസ്തു ഭൂജാതനായി, പരിശുദ്ധാത്മാവ് അവിടുത്തെ മുന്നോടിയാണ്. ക്രിസ്തു സ്നാനം സ്വീകരിച്ചു, പരിശുദ്ധാത്മാവ്‌ ഇതിനെ സാക്ഷ്യപ്പെടുത്തി. ക്രിസ്തു അദ്ഭുതങ്ങൾ പ്രവർത്തിച്ചു, പരിശുദ്ധാത്മാവ് അവയെ അനുയാത്ര ചെയ്യുന്നു. ക്രിസ്തു ആരോഹണം ചെയ്യുന്നു. പരിശുദ്ധാത്മാവ് അവന്റെ ദൗത്യം ഏറ്റെടുക്കുന്നു. ദൈവത്തിന്റെ ആശയഗതിയുള്ള ഏത് കാര്യമാണ് അവിടുത്തേക്ക് അസാധ്യമായിട്ടുള്ളത്. ദൈവത്തിന് സമുചിതമായിട്ടുള്ള ഏത് സ്ഥാന നാമമാണ് അവിടുത്തേക്ക് അന്യമായിട്ടുള്ളത്. അത്തരം അഭിധാനങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ എനിക്ക് നടുക്കമാണ് എന്നാൽ ദൈവാത്മാവിനെതിരെ കലഹിക്കുന്നവർ അവിടുത്തെ നാമത്തെ ദുഷിക്കുന്നു.”

സത്യവിശ്വാസ വിജയം

കോൺസ്റ്റാന്റിനോപ്പിൾ സഭയിലെ പ്രശ്നങ്ങളിൽ മുതലെടുപ്പ് നടത്തിക്കൊണ്ട് ഗ്രിഗറിയുടെ പഴയകാല സുഹൃത്തുക്കളിലൊരാളായ മാക്സിമസ് അലക്‌സാൻഡ്രിയായിലെ ബിഷപ്പ് പീറ്ററിനെ കൂട്ടുപിടിച്ച് തന്നെത്തന്നെ കോൺസ്റ്റാന്റിനോപ്പിളിലെ ആർച്ചുബിഷപ്പായി പ്രഖ്യാപിച്ചു. അധികാരസ്ഥാനങ്ങളിൽ ആകൃഷ്ടനല്ലാതിരുന്ന ഗ്രിഗറി രാജിവയ്ക്കാൻ ഒരുമ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ ഇതിൽനിന്ന് പിന്തിരിപ്പിക്കുകയും മാക്സിമസിനെ പുറത്താക്കുകയും ചെയ്തു. തെയഡോഷ്യസ് ചക്രവർത്തി സത്യവിശ്വാസ സംഹിത സ്വീകരിക്കുകയും മാമോദീസ സ്വീകരിക്കുകയും ചെയ്തത് ഗ്രിഗറിയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നു. പിന്നീട് തിയഡോഷ്യസ് ചക്രവർത്തിയുടെ ശക്തമായ ഇടപെടലാണ് ഗ്രിഗറിയെ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് സ്ഥാനത്തേക്കു കൊണ്ടുവന്നത്.

ഗ്രിഗറിയുടെ കോൺസ്റ്റാന്റിനോപ്പിളിലെ ദൗത്യവിജയം അദ്ദേഹത്തിന് ആര്യൻ വിശ്വാസികളിൽനിന്നുള്ള ഭീഷണിക്കു കാരണമായി. എ. ഡി. 379 ഈസ്റ്റർ ദിനത്തിൽ ആരാധനയുടെ അവസരത്തിൽ ഇവർ ദൈവാലയം ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന ഒരു ബിഷപ്പിനെ വധിക്കുകയും ഗ്രിഗറിയെ പരിക്കേൽപിക്കുകയും ചെയ്തു. എന്നാൽ ഭയപ്പെട്ട് ഓടുന്നവനായിരുന്നില്ല വി. ഗ്രിഗറി. അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയും അസാമാന്യ ബുദ്ധിവൈഭവവും ക്രിസ്തീയപ്രമാണങ്ങളെ ശരിയായ രീതിയിൽ വിശദീകരിക്കാനുള്ള കഴിവും അനേകരെ സത്യവിശ്വാസത്തിലേക്ക് ആനയിച്ചു. ഗ്രിഗറിയുടെ കോൺസ്റ്റാന്റിനോപ്പിളിലെ സാന്നിധ്യം ആര്യൻ വിശ്വാസ സംഹിതയ്ക്ക് വലിയ ക്ഷതമേൽപിച്ചു. വി. അത്തനേഷ്യസ്, വി. ഹിലരി, വി. ബസേലിയോസ് എന്നിവരുടെ രചനകളിലുള്ള അറിവും അദ്ദേഹത്തെ സഹായിക്കാനുണ്ടായിരുന്നു. സത്യവിശ്വാസത്തിന്റെ പ്രകാശം വിശ്വാസസമൂഹത്തിൽ ജ്വലിപ്പിച്ചുനിർത്താൻ അദ്ദേഹത്തിന് അസാമാന്യ കഴിവുണ്ടായിരുന്നു.

ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്

വിശ്വാസപരമായ ഭിന്നതകൾ രാജ്യത്തെ ക്രമസമാധാനപ്രശ്നമായി മാറിയ അവസരത്തിൽ തിയഡോഷ്യസ് ചക്രവർത്തി ഒരു സാർവത്രിക സൂനഹദോസ് വിളിച്ചുകൂട്ടി പരിഹാരം കണ്ടെത്താൻ ആഗ്രഹിച്ചു. വി. ഗ്രിഗറിയുടെ ചിന്തയിൽ ക്രിസ്തീയവിശ്വാസം ഐക്യത്തോടെയും സ്നേഹത്തോടെയും ജീവിക്കേണ്ട ഒരു ദൈവീകസംഹിതയാണ്. അങ്ങനെ സഭയിലും സമൂഹത്തിലും ഒരുമയെന്ന ലക്ഷ്യത്തോടെ എ. ഡി. 381 ൽ രണ്ടാം സാർവത്രിക സൂനഹദോസ് കോൺസ്റ്റാന്റിനോപ്പിളിലെ ഹാഗിയ ഇറേനെ ദൈവാലയത്തിൽവച്ച് കൂടുന്നു (മുസ്ലിം മോസ്‌ക്കാക്കി മാറ്റാത്ത ഇസ്റ്റാംബൂളിലെ ഒരേയൊരു ബൈസന്റീൻ ദൈവാലയമാണ് ഇന്ന് മ്യൂസിയവും സംഗീതശാലയുമായി ഉപയോഗിക്കുന്ന ഈ പഴയ ദൈവാലയം).

150 പൗരസ്ത്യ ബിഷപ്പുമാർ ഈ സൂനഹദോസിൽ സംബന്ധിച്ചതായി ചരിത്രരേഖകൾ സാക്ഷിക്കുന്നു. അന്ത്യോഖ്യയിലെ സഭാധ്യക്ഷനായിരുന്ന മിലിത്തിയൂസ് സൂനഹദോസിന്റെ ആദ്യ സമ്മേളനങ്ങളിൽ അധ്യക്ഷസ്ഥാനം വഹിച്ചു. എന്നാൽ അദ്ദേഹം കൗൺസിൽ നടക്കുമ്പോൾ കാലം ചെയ്യുകയും തുടർന്ന് ഗ്രിഗറി നസ്യാൻസനെ കൗൺസിൽ പിതാക്കന്മാർ അധ്യക്ഷനായി തിരഞ്ഞെടുക്കുകയും ചെയ്തു. പൗരസ്ത്യ – പാശ്ചാത്യസഭകൾ ഐക്യത്തിൽ പോവുക എന്ന ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾക്ക് ഗ്രിഗറി നേതൃത്വം നൽകി. പരിശുദ്ധാത്മാവിന്റെ ദൈവത്വം സംബന്ധിച്ചുള്ള ദൈവശാസ്ത്ര വിശദീകരണം നല്കി ‘നിഖ്യാ-കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം‘ ഇവിടെ അംഗീകരിക്കപ്പെട്ടു.

സിനഡിൽവച്ച് ഗ്രിഗറിയുടെ നേതൃത്വത്തെ ചില ബിഷപ്പുമാർ ചോദ്യം ചെയ്തു. സഭയിൽ ഇനിയും തർക്കങ്ങൾ ഉണ്ടാകാൻ പാടില്ല എന്ന ലക്ഷ്യത്തോടെ ഗ്രിഗറി കൗൺസിൽ അധ്യക്ഷസ്ഥാനത്തുനിന്നും കോൺസ്റ്റാന്റിനോപ്പിളിലെ സഭയുടെ നേതൃസ്ഥാനത്തുനിന്നും രാജിവച്ചു. തന്റെ രാജി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചു: “എന്റെ ജീവിതം യോനായുടേതിനു തുല്യമാണ്! ഈ കൊടുങ്കാറ്റിന്റെ കാരണക്കാരൻ ഞാനാണ്. എന്നാൽ ഈ കപ്പലിന്റെ രക്ഷയ്ക്കുവേണ്ടി ഞാൻ എന്നെത്തന്നെ അർപ്പിക്കുന്നു. എന്നെ പിടിച്ചു സമുദ്രത്തിലിടുക. ഈ പദവിയിൽ അവരോധിക്കപ്പെട്ടപ്പോൾ ഞാൻ സന്തോഷിച്ചിട്ടില്ല. എന്നാൽ ആനന്ദത്തോടെ ഞാൻ ഇത് ഉപേക്ഷിക്കുന്നു.”

ഗ്രിഗറിയുടെ സ്ഥാനത്യാഗം കൗൺസിൽ പിതാക്കന്മാർക്ക് അപ്രതീക്ഷിത ആഘാതമായിരുന്നു. തങ്ങളുടെ പട്ടണത്തിൽ സത്യവിശ്വാസ സംരക്ഷണത്തിനായി പൊരുതിയ ഗ്രിഗറിയെ ഈ സ്ഥാനത്ത് നിലനിർത്താൻ കോൺസ്റ്റാന്റിനോപ്പിളിലെ സമൂഹവും ആഗ്രഹിച്ചു. അതിനുശേഷം ചക്രവർത്തിയെ അഭിസംബോധന ചെയ്തുകൊണ്ട് ഗ്രിഗറി ഒരു ഹൃദയഹാരിയായ പ്രസംഗം നടത്തി. ചക്രവർത്തിയെ അദ്ദേഹത്തിന്റെ വാക്കുകൾ ആഴത്തിൽ സ്പർശിക്കുകയും ഗ്രിഗറിയുടെ മഹത്തായ സേവനങ്ങളെ മഹത്വപ്പെടുത്തി അദ്ദേഹം സംസാരിക്കുകയും ചെയ്തു. കൗൺസിൽ പിതാക്കന്മാരുടെ അഭ്യർഥന മാനിച്ച് ഒരിക്കൽകൂടി അവരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം സംസാരിച്ചു. ക്രിസ്തീയവിശ്വാസത്തിന്റെ അന്തസത്ത അധികാരത്തിനുവേണ്ടിയുള്ള ആർത്തിയല്ല സ്നേഹവും കരുണയുമാണെന്ന് അദ്ദേഹം അടിവരയിട്ടു സാക്ഷിച്ചു.

വിരമിക്കൽ, മരണം

തന്റെ നാട്ടിൽ തിരികെയെത്തി നസ്യാൻസസ് രൂപതയുടെ ഭരണം ഒരിക്കൽകൂടി അദ്ദേഹം ഏറ്റെടുത്തു. എന്നാൽ ഗ്രിഗറിയുടെ ആരോഗ്യപ്രശ്നങ്ങൾ ഔദ്യോഗിക ദൗത്യനിർവഹണത്തിൽ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. അധികം താമസിയാതെ ബിഷപ്പ് എവ്‌ലാലിയൂസിനെ നസ്യാൻസസിലെ ബിഷപ്പാക്കി കപ്പഡോഷ്യക്കടുത്തുള്ള അരിയാൻസസിൽ തന്റെ കുടുംബസ്വത്തായി ഉണ്ടായിരുന്ന സ്ഥലത്ത് ഏകാന്തവാസത്തിനായി പോകുന്നു. ഇക്കാലയളവിലും അദ്ദേഹം കവിതകൾ രചിക്കുകയും നേരത്തെ എഴുതിയവ മെച്ചപ്പെടുത്തുകയും ചെയ്തു. ഒരു ത്യാഗിവര്യനായ സന്യാസിയുടെ ജീവിതമാണ് ഇവിടെ അദ്ദേഹം നയിച്ചത്. ഇത് ഗ്രിഗറിയെ സംബന്ധിച്ച് ഒരു സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംഷികളും ഈ സമയത്തും അദ്ദേഹത്തെ ഇവിടെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു. ഗ്രിഗറിയുടെ ജീവിതവിശുദ്ധിയെക്കുറിച്ചും പാണ്ഡിത്യത്തെക്കുറിച്ചും കേട്ടറിഞ്ഞ് ചില പ്രമുഖ വ്യക്തികളും ഈ സന്ദർഭത്തിൽ ഇവിടെ എത്തിയിരുന്നു.

ആറുവർഷത്തോളം ശാന്തതയിലും സമാധാനത്തിലും ഇവിടെക്കഴിഞ്ഞ ഗ്രിഗറി എ. ഡി. 390 ജനുവരി മാസത്തിൽ തന്റെ നിത്യസമ്മാനത്തിനായി പോയി. വി. ഗ്രിഗറിയെ അടക്കിയത് നസ്യാൻസസിലെ കത്തീഡ്രൽ ദൈവാലയത്തിലായിരുന്നു. എ. ഡി. 950 ൽ കോൺസ്റ്റാന്റിനോപ്പിളിലെ അപ്പോസ്തോല ദൈവാലയത്തിലേക്ക് ഈ തിരുശേഷിപ്പുകൾ മാറ്റിസ്ഥാപിച്ചു. നാലാം കുരിശുദ്ധസമയത്ത് എ. ഡി. 1204 ൽ ഈ തിരുശേഷിപ്പുകൾ കുരിശുയുദ്ധക്കാർ റോമിലേക്കു കൊണ്ടുപോയി. 2004 നവംബർ 27 ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നിർദേശപ്രകാരം ജോൺ ക്രിസോസ്റ്റത്തിന്റെ തിരുശേഷിപ്പുകളോടൊപ്പം ഗ്രിഗറിയുടെ തിരുശേഷിപ്പുകളുടെ ഒരു ഭാഗം ഈസ്റ്റാംബൂളിൽ കൊണ്ടുവരികയും സെന്റ് ജോർജ് പാത്രിയാർക്കൽ കത്തീഡ്രലിൽ അടക്കം ചെയ്യുകയും ചെയ്തു.

അംഗീകാരം

എ. ഡി. 431 ൽ എഫേസൂസിൽ നെസ്തോറിയൻ പാഷണ്ഡത ചർച്ച ചെയ്യാൻ കൂടിയ കൗൺസിലിൽ പരിശുദ്ധ മറിയത്തിന് നെസ്തോറിയോസിന്റെ ‘ക്രിസ്തോതോക്കോസ്’ (ക്രിസ്തുമാതാവ്) എന്ന അഭിധാനത്തിനു പകരം ‘തെയോതോക്കോസ്’ (ദൈവമാതാവ്) എന്ന ശീര്‍ഷകമാണ് നിഖ്യാ വിശ്വാസപ്രമാണത്തിന്റെ അടിസ്ഥാനത്തിൽ ശരിയായിട്ടുള്ളത് എന്ന് കൗൺസിൽ പിതാക്കന്മാർ തീരുമാനിക്കുന്നത് വി. ഗ്രിഗറിയുടെ രചനകളെക്കൂടി അടിസ്ഥാനമാക്കിയാണ്. ഇത് ഗ്രിഗറിയുടെ ദൈവശാസ്ത്ര ചിന്തകൾക്ക് സഭയുടെ വിശ്വാസം വ്യാഖ്യാനിക്കുന്നതിൽ എത്രമാത്രം പ്രാമാണികത ഉണ്ടായിരുന്നു എന്നതിന്റെ വലിയ തെളിവാണ്. എ. ഡി. 451 ൽ കൽസിഡോണിയായിൽവച്ചു കൂടിയ സഭയിലെ നാലാം സാർവത്രിക സൂനഹദോസിൽ വി. ഗ്രിഗറിക്ക് ‘ദൈവശാസ്ത്രജ്ഞനായ ഗ്രിഗറി’ എന്ന പ്രത്യേക ശീർഷകം നൽകുകയുണ്ടായി.

പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ വി. യോഹന്നാൻ ശ്ലീഹായെയും വി. ഗ്രിഗറിയെയും വി. ശിമയോനെയും (Symeon the New Theologian, 949–1022) മാത്രമേ ഈ പ്രത്യേക നാമം നൽകി ആദരിച്ചിട്ടുള്ളൂ. എ. ഡി. 1568 ൽ പിയൂസ് അഞ്ചാമൻ മാർപാപ്പ വി. ജോൺ ക്രിസോസ്റ്റം, മഹാനായ വി. ബസേലിയോസ്, നസ്യാൻസസിലെ ഗ്രിഗറി, അലക്‌സാൻഡ്രിയായിലെ വി. അത്തനേഷ്യസ് എന്നിവരെ പൗരസ്ത്യസഭയിലെ വലിയ വേദപാരംഗതരായി പ്രഖ്യാപിച്ചു. കത്തോലിക്കാ സഭയിൽ ജനുവരി രണ്ടാം തീയതിയും പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ ജനുവരി ഇരുപത്തിയഞ്ചിനും വി. ഗ്രിഗറി നസ്യാൻസന്റെ തിരുനാൾ ആഘോഷിക്കുന്നു. ഇതുകൂടാതെ ജനുവരി മുപ്പതിന് വി. ജോൺ ക്രിസോസ്റ്റം, മഹാനായ വി. ബസേലിയോസ്, വി. ഗ്രിഗറി നസ്യാൻസൻ എന്നിവരുടെ തിരുന്നാൾ സംയുക്തമായും ആഘോഷിക്കുന്നു.

ദൈവശാസ്ത്ര രചനകൾ

ഗ്രീക്ക് ദൈവശാസ്ത്രജ്ഞരുടെ ഇടയിലെ കവിയാണ് ഗ്രിഗറി നസ്യാൻസൻ. അദ്ദേഹത്തിന്റെ രചനകളിലെല്ലാംതന്നെ കവിത്വം തുളുമ്പുന്ന വാക്കുകളും ശൈലിയും നിഴലിച്ചിരുന്നു. വി. ബസേലിയോസുമായി അദ്ദേഹത്തിനുണ്ടായിരുന്ന സൗഹൃദം വെളിപ്പെടുത്തുന്ന ഒരു കത്തിൽ ഇപ്രകാരം പറയുന്നു: “വായുവിനെക്കാൾ അധികം നിന്നെ ഞാൻ ഉൾകൊള്ളുന്നു. ഞാൻ സജീവമായിരിക്കുന്നത് ശാരീരികമോ, ആത്മീയമോ ആയി നിന്റെ അരികിലായിരിക്കുമ്പോഴാണ്.” ബസേലിയോസിന്റെ മരണശേഷം അദ്ദേഹത്തെക്കുറിച്ചെഴുതിയ ഒരു വർണ്ണനയിൽ ഗ്രിഗറി പറയുന്നത്, “പത്രോസിന്റെ സൂക്ഷ്‌മതയും പൗലോസിന്റെ ചൈതന്യവും ഒത്തുചേർന്നിരിക്കുന്ന യോഹന്നാൻ സ്നാപകനോട് സമനായ വ്യക്തിയാണ് തന്റെ സുഹൃത്തായ ബസേലിയോസ്” എന്നാണ്.

ഗ്രിഗറിയുടെ അനന്തിരവൻ നിക്കോബുലോസ് അദ്ദേഹത്തിന്റെ കൃതികൾ മിക്കവയും നശിച്ചുപോകാതെ സംരക്ഷിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. റ്റിറാനിയൂസ് റുഫീനിയൂസ് എന്ന സന്യാസി ഗ്രിഗറിയുടെ പല കൃതികളും ലത്തീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. ഇത് റോമൻ സാമ്രാജ്യത്തിലെ മിക്ക സ്ഥലങ്ങളിലും എത്തിപ്പെടുകയും ദൈവശാസ്ത്രപഠനങ്ങളെ സ്വാധീനിക്കുകയും ചെയ്തു. സത്യവിശ്വാസത്തിന്റെ സംരക്ഷകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ രചനകൾ വളരെ വിപുലമായി ഉപയോഗിക്കപ്പെട്ടു. ത്രിത്വത്തെക്കുറിച്ചുള്ള ദൈവശാസ്‌ത്ര വിചിന്തനങ്ങൾ സഭയുടെ ആധികാരിക പഠനമായി മാറി. കോപ്റ്റിക്ക് സഭകൾ ഇന്ന് ഉപയോഗിക്കുന്ന ആരാധനക്രമവും വിശുദ്ധ ഗ്രിഗറിയുടെ പേരിലാണ് അറിയപ്പെടുന്നത്.

കാലാതീത ദൈവശാസ്ത്ര രചനകളുടെ കർത്താവാണ് ഗ്രിഗറി. അദ്ദേഹം തന്റെ കാലഘട്ടത്തിന്റെ അജപാലന വെല്ലുവിളികൾക്ക് സത്യവിശ്വാസാധിഷ്ഠിതമായ ഉത്തരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ട കൃതികളാണ് എല്ലാം. അദ്ദേഹത്തിന്റെ കൃതികൾ മുഴുവനായി ഇംഗ്ളീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല. നാല്പത്തിയഞ്ചിലധികം പ്രഭാഷണങ്ങൾ, നൂറോളം കവിതകൾ, ഇരുനൂറ്റമ്പതോളം എഴുത്തുകൾ എന്നിവ നമുക്കിന്ന് ലഭ്യമാണ്. ‘ദേ വീത്ത സുവാ’ എന്നപേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ കവിത ആത്മകഥാപരമായ കൃതിയാണ്.

ഗ്രിഗറിയുടെ ജീവിതത്തെക്കുറിച്ച് അറിയുന്നതിന് പിൽക്കാല തലമുറയ്ക്ക് ലഭ്യമായിട്ടുള്ള ഒരു ആധികാരിക രേഖ കൂടിയാണിത്. സഹനത്തെക്കുറിച്ചും വേദനകളെക്കുറിച്ചുമുള്ള ദൈവീകധ്യാനങ്ങളാണ് ഇവയിൽ പലതും. ഗ്രിഗറിയുടെ പ്രഭാഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി കരുതപ്പെടുന്നതാണ് കോൺസ്റ്റാന്റിനോപ്പിളിൽ നടത്തിയ പത്ത് പ്രസംഗങ്ങൾ. ദൈവീകസത്യങ്ങൾ പ്രത്യേകിച്ചും പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ളവ ഒരു മനുഷ്യബുദ്ധിക്ക് മനസ്സിലാക്കാവുന്ന രഹസ്യങ്ങളുടെ പാരമ്യമാണെന്ന് കരുതപ്പെടുന്നു. ജീവിതത്തിന്റെ പരിശുദ്ധിക്കും ബഹുമാനത്തിനും വലിയ പ്രാധാന്യം കൊടുത്ത പണ്ഡിതനായിരുന്നു ഗ്രിഗറി.

ഒരു നൂറ്റാണ്ടിന്റെ പ്രശ്നങ്ങൾക്ക് ഒറ്റ പ്രസംഗം കൊണ്ട് ഉത്തരം കണ്ടെത്തിയവനായിരുന്നു വി. ഗ്രിഗറി. മാത്രമല്ല, ഒരു സഹസ്രാബ്ദത്തിലധികമായി വലിയ ദൈവശാസ്ത്രജ്ഞന്മാർ ഈ വിശുദ്ധന്റെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ സഭയിൽ ഉടലെടുത്ത പല ദൈവശാസ്ത്രപ്രശ്നങ്ങൾക്കും ഉത്തരം നൽകുകയും ചെയ്തിട്ടുണ്ട്. ത്രിത്വത്തെക്കുറിച്ചുള്ള ഗ്രിഗറിയുടെ ചിന്തകൾ പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധത്തെ ശരിയായി മനസ്സിലാക്കുന്നതിനും നിർവചിക്കുന്നതിനും ദൈവശാസ്ത്രജ്ഞന്മാരെ വളരെയധികം സഹായിച്ചിട്ടുണ്ട്.

ദൈവീകരഹസ്യങ്ങൾ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും മറ്റുള്ളവർക്ക് പകർന്നുനൽകാനുള്ള കഴിവിനെ ദൈവീകദാനമായിട്ടാണ് വി. ഗ്രിഗറി കണ്ടിരുന്നത്. അതേക്കുറിച്ച് അദ്ദേഹം തന്നെ എഴുതുന്നു: “ഈ ദാനം ഞാൻ ദൈവത്തിനു സമർപ്പിക്കുന്നു. ഇത് മാത്രമേ എന്റെ നിധിയായി അവശേഷിക്കുന്നുള്ളൂ. മറ്റുള്ളവയെല്ലാം ദൈവാത്മാവിന്റെ പ്രേരണയാൽ ഞാൻ ഉപേക്ഷിച്ചു. എനിക്കുള്ളതെല്ലാം ഈ വിലപിടിപ്പുള്ള നിധി കൈക്കലാക്കാനായി ഞാൻ വിട്ടുകൊടുത്തു. ദൈവവചനത്തിന്റെ ഉപാസകൻ എന്ന നിലയിലാണ് ഞാൻ ഇതിനെ അധീനമാക്കിയത്. അറിഞ്ഞുകൊണ്ട് ഈ സൗഭാഗ്യത്തിന് കുറവ് വരാൻ ഞാൻ അനുവദിക്കില്ല. ഇതിനെ ഞാൻ ആദരിക്കുന്നു, വിലമതിക്കുന്നു. മറ്റുള്ളവർ ലോകത്തിലുള്ള മുഴുവൻ സമ്പാദ്യങ്ങളാൽ ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ഇതിൽ ഞാൻ ആശ്വാസം കണ്ടെത്തുന്നു. ഇത് എന്റ ജീവിതസഖിയും ഉപദേശകനും സുഹൃത്തും എല്ലാറ്റിനുമുപരി എന്റെ സ്വർഗയാത്രയിലെ വഴികാട്ടിയും സഹസന്യാസിയുമാണ്.”

പരിശുദ്ധാത്മാവിനെക്കുറിച്ച് ഇന്ന് നാം വിശ്വസിക്കുന്ന പല ക്രിസ്തീയപ്രബോധനങ്ങളും ശരിയായി നമുക്ക് വിശകലം ചെയ്തുതന്നിരിക്കുന്നത് വി. ഗ്രിഗറിയാണ്. പരിശുദ്ധാത്മാവിന്റെ ത്രിത്വബന്ധത്തെക്കുറിച്ച് ഗ്രിഗറി എഴുതുന്നു: “പരിശുദ്ധാത്മാവ് നിശ്ചയമായും പിതാവിൽനിന്നും വരുന്ന സത്യാത്മാവാണ്. ഇത് പുത്രൻ വന്ന രീതിയിലല്ല, എന്തെന്നാൽ ഉദ്ഭവത്തിലൂടെയല്ല (generation) പ്രഗമനത്തിലൂടെയാണ് (procession), അവിടുന്ന് വരുന്നത്.” പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ പഴയനിയമത്തിൽ ഗുപ്‌തമായ രീതിയിൽ ദർശിക്കുമ്പോൾ പുതിയ നിയമത്തിൽ വളരെ പ്രകടമായി കാണാൻ കഴിയുമെന്നും ഗ്രിഗറി എഴുതുന്നു. ക്രിസ്തുവിന്റെ മനുഷ്യാവതാരം വഴി അവിടുത്തെ ദൈവത്വം നഷ്ടപ്പെടുകയോ, ദൈവീകസ്വഭാവത്തിൽ കുറവ്‌ വരുകയോ ചെയ്യുന്നില്ല. കൂടാതെ, ക്രിസ്തു മനുഷ്യശരീരവും ആത്മാവുമുള്ള പൂർണ്ണമനുഷ്യനുമാണ്.

ഉപസംഹാരം

സഭാപിതാക്കന്മാരിൽ ആധുനിക തലമുറയ്ക്ക് ലഭ്യമായിരുന്ന ഒരേയൊരു പൂർണ്ണമായ വില്‍പത്രം എഴുതിവച്ചിട്ടുള്ളത് വി. ഗ്രിഗറിയാണ്. റോമൻ നിയമത്തിനനുസൃതമായി എഴുതിയിരിക്കുന്ന ഈ വിൽപത്രത്തിൽ കപ്പഡോഷ്യൻ സഭയിലെ മറ്റു ആറു ബിഷപ്പുമാർകൂടി കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഗ്രിഗറിക്ക് കുടുംബപരമായി കിട്ടിയ സ്വത്തിന്റെ സിംഹഭാഗവും നസ്യാൻസസിലെ പാവപ്പെട്ടവരുടെ സംരക്ഷണത്തിനായി അവിടുത്തെ സഭയെ ഏൽപിച്ചു. “ശ്വസിക്കുന്നതിൽ കൂടുതൽ നീ ദൈവത്തെ ഓർക്കണം” എന്ന് തന്റെ ജനത്തെ ഉപദേശിച്ച ഗ്രിഗറിയുടെ ഏറ്റം വലിയ സമ്പാദ്യം ദൈവമായിരുന്നു. എ. ഡി. 380 ൽ കോൺസ്റ്റാന്റിനോപ്പിളിൽ നടത്തിയ ഒരു പ്രസംഗത്തിൽ ഗ്രിഗറി ഇപ്രകാരം പറഞ്ഞു: “നീ നൽകുന്നത് എത്ര ചെറുതാണെങ്കിലും ഒന്നുമില്ലാത്തവന് അത് വലുതാണ്. നമുക്ക് ചെയ്യാവുന്ന സത്കർമങ്ങൾ നാം അനുഷ്ഠിക്കുമ്പോൾ ദൈവതിരുമുമ്പിൽ അതൊരിക്കലും ചെറുതായിരിക്കില്ല.”

വി. ഗ്രിഗറി ദൈവത്തെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയിരിക്കുന്ന ഒരു പ്രാർഥനയോടെ ഈ ചെറിയ വിവരണം അവസാനിപ്പിക്കാം.

സർവശക്തനും ശ്രേഷ്ഠനുമായ ദൈവമേ, ഏതു വചസ്സിനാൽ അങ്ങയെ വർണ്ണിക്കാൻ കഴിയും. ഒരു നാവിനും അങ്ങനെ വിവരിക്കാൻ കഴിയില്ല. ഒരു മനസ്സിനും അവിടുത്തെ രഹസ്യങ്ങൾ പരിശോധിക്കാനാവില്ല. എന്നാൽ എല്ലാ വചനവും അങ്ങിൽ നിന്ന് ആരംഭിക്കുന്നു. എല്ലാ ആലോചനയും അങ്ങിൽനിന്ന് ഉദ്ഭവിക്കുന്നു. സൃഷ്ടി മുഴുവൻ അവിടുത്തെ പ്രഘോഷിക്കുന്നു. സൃഷ്ടവസ്തുക്കളെല്ലാം അവിടുത്തെ വണങ്ങുന്നു. ഓരോ ഇളംകാറ്റും അവിടുത്തേക്ക് പ്രാർഥന അർപ്പിക്കുന്നു. ഓരോ വൃക്ഷവും മർമരശബ്‍ദത്തോടെ അവിടുത്തെ ഗീതങ്ങൾ ആലപിക്കുന്നു. എല്ലാറ്റിനെയും അങ്ങ് നിലനിർത്തുന്നു. അവയെല്ലാം അങ്ങയുടെ ശ്രുതിമധുര കൽപനയാൽ ചലിക്കുന്നു.

ലോകം മുഴുവൻ അങ്ങേക്കായ് കാത്തിരിക്കുന്നു. എല്ലാ മനുഷ്യരും അങ്ങയെ വാഞ്‌ഛിക്കുന്നു. എന്നാലും അവിടുന്ന് അകന്നിരിക്കുന്നു. ഞങ്ങളുടെ ഗ്രഹണശക്തിക്ക് അവിടുന്ന് അതീതനാണ്. നിലനിൽക്കുന്നതിന്റെയെല്ലാം ലക്ഷ്യം അവിടുന്നാണ്. എന്നാൽ അങ്ങയെ അവിടുന്ന് പൂർണ്ണമായി ഞങ്ങൾക്ക് മനസ്സിലാക്കിത്തരുന്നില്ല. നാഥാ, എനിക്ക് അങ്ങയോട് സംവദിക്കണം. എന്ത് നാമത്താലാണ് അങ്ങനെ ഞാൻ അഭിസംബോധന ചെയ്യേണ്ടത്?

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.