കൈയിൽ ചലിക്കുന്ന ജപമാലയുമായി രാത്രിയുടെ യാമങ്ങളിലും പകലിന്റെ നീണ്ട മണിക്കൂറുകളിലും പ്രാർഥിച്ചിരുന്ന എവുപ്രാസ്യമ്മ സമര്‍പ്പിതജീവിതം നയിക്കുന്നവര്‍ക്കും എല്ലാ വിശ്വാസികള്‍ക്കും വലിയൊരു മാതൃകയാണ്, മധ്യസ്ഥയാണ്. ‘സഞ്ചരിക്കുന്ന സക്രാരിയായി’ ദിവ്യകാരുണ്യനാഥനെ ദിവ്യനാഥയോടൊത്ത് ആരാധിക്കാനും അവിടത്തോട് സ്‌നേഹസല്ലാപം നടത്തുന്നതും പരിശുദ്ധയ്ക്ക് ഒരു ഹരമായിരുന്നു. നിസാരമായ ഒരു ഉപകാരമെങ്കിലും ചെയ്തുകൊടുത്തിരുന്നവരോട് സന്തോഷത്തോടെ അവള്‍ പറയും, “മരിച്ചാലും മറക്കില്ലാട്ടോ.”
വി. എവുപ്രാസ്യയില്‍ വിളങ്ങിയിരുന്ന മൂന്ന് പ്രധാന ഗുണങ്ങൾ നമുക്ക് പരിചിന്തനം നടത്താം
1. ‘ദൈവത്തോട് ഒന്നായിത്തീരുക’ എന്നത് എവുപ്രാസ്യമ്മയുടെ ആഗ്രഹവും ജീവിതലക്ഷ്യവുമായിരുന്നു. സമര്‍പ്പിതജീവിതത്തിലേക്കുള്ള തന്റെ വിളി ദിവ്യമണവാളനോടുള്ള സ്‌നേഹത്തില്‍ അനുദിനം വളരുകയും ആഴപ്പെടുകയും അവിടുത്തെ ഭാഗധേയങ്ങളില്‍ പങ്കുപറ്റി ഒന്നായിത്തീരുകയുമായിരുന്നു. മനസ്സിനെ അവിടുത്തെ തിരുമനസ്സിനോട് സ്ഥിരമായും തികഞ്ഞ സന്തോഷത്തോടുംകൂടെ പൊരുത്തപ്പെട്ടും ഐക്യപ്പെട്ടും തീര്‍ക്കുന്നതില്‍ അമ്മ ബദ്ധശ്രദ്ധയായിരുന്നു. പന്ത്രണ്ട് വയസ്സു മുതല്‍ ഇടയ്ക്കിടെ ഉരുവിടാറുള്ള ‘ദൈവമേ, അങ്ങേ ഇഷ്ടം എന്നില്‍ നിറവേറട്ടെ’ എന്ന സുകൃതജപം ജീവിതകാലം മുഴുവന്‍ അവള്‍ക്ക് ഒരു മന്ത്രമായിരുന്നു.
പരിശുദ്ധ അമ്മയോടുള്ള അവളുടെ ആത്മബന്ധം നിരവധി പ്രാവശ്യം ജപമാല ചൊല്ലുന്നതിനു കാരണമായി. ‘ദൈവജനനിയായ അമലോത്ഭവ കന്യാസ്ത്രീ മറിയത്തെ ത്രിലോകരാജ്ഞിയായി വാഴ്ത്തിസ്തുതിക്കുന്നു’ എന്ന സുകൃതജപം ഉരുവിട്ടുകൊണ്ട് എവുപ്രാസ്യമ്മ ഒല്ലൂര്‍ അമലോത്ഭവമാതാവിന്റെ മഠം കപ്പേളയില്‍ ഒരു മൂലയിലിരുന്നു ദിവ്യകാരുണ്യനാഥനെയും പരിശുദ്ധ അമ്മയെയും ഇടമുറിയാതെ നോക്കിയിരുന്ന പതിവ് ഏവര്‍ക്കും സുപരിചിതമാണ്.
2. ‘ദിവ്യകാരുണ്യത്തിന്റെ ആത്മാവ്’, ‘ചരിക്കുന്ന സക്രാരി’ ‘സക്രാരിയുടെ അയല്‍ക്കാരി’ തുടങ്ങിയ അപരനാമങ്ങളും എവുപ്രാസ്യാമ്മയ്ക്ക് ഉണ്ടായിരുന്നു. ദിവ്യകാരുണ്യനാഥനുമായി ആത്മസല്ലാപം നടത്തുന്ന വേദികളായിരുന്നു ദിവ്യബലിയര്‍പ്പണവും ദിവ്യകാരുണ്യ ആരാധനയും. ‘ശുദ്ധമാന കുര്‍ബാനയെന്ന മഹാഭാഗ്യം’ എന്ന വാക്കുകളിലാണ് പുണ്യവതി ദിവ്യകാരുണ്യരഹസ്യത്തെ പരാമര്‍ശിച്ചിരുന്നത്.
‘കുര്‍ബാന കൈക്കൊണ്ടു കഴിയുമ്പോള്‍ ദൈവത്തിന്റെ വലിയ അനുഗ്രഹങ്ങള്‍ കിട്ടുന്ന മനോഗുണം’ പറഞ്ഞറിയിക്കാനും വിവരിക്കാനും സാധ്യമല്ല എന്ന് വിശുദ്ധയുടെ കത്തുകളില്‍നിന്നു വ്യക്തമാണ്. എങ്കിലും പരിശുദ്ധ അമ്മയോടുകൂടി സ്വര്‍ഗംതന്നെ തന്നില്‍ താണിറങ്ങിവന്ന് വസിക്കുന്ന അനുഭവങ്ങളാണ് അവളില്‍ ഉളവായിരുന്നത്. ദിവ്യകാരുണ്യ സ്വീകരണം ആനന്ദത്തിന്റെ തീവ്രമായ വൈകാരികഭാവങ്ങള്‍ സമ്മാനിക്കുന്ന അസാധാരണമായ നിമിഷങ്ങളായിരുന്നു അവള്‍ക്ക്. ഇത് അവളെ ‘സഞ്ചരിക്കുന്ന സക്രാരിയാക്കി മാറ്റി.’
3. ‘മരിച്ചാലും മറക്കില്ലാട്ടോ’ എന്ന വിശുദ്ധയുടെ വിശിഷ്ടവാക്കുകള്‍ തന്റെ ഹൃദയത്തിലെ നന്ദിയുടെയും പ്രാര്‍ഥനയുടെയും ആവിഷ്‌കാരമായിരുന്നു. സഹോദരങ്ങളിലൂടെ ലഭിക്കുന്ന നന്മകള്‍ മറക്കാതെ നന്ദിനിറഞ്ഞ മനസ്സോടെ തിരുസന്നിധിയില്‍ അവള്‍ ഓര്‍ക്കുമായിരുന്നു. പ്രാര്‍ഥനാവാഗ്ദാനങ്ങള്‍ ലംഘിക്കാതെ അത് മരണശേഷവും ഓര്‍ത്തിരിക്കാം എന്ന വാഗ്ദാനം വിശുദ്ധ പരസ്യമായി നടത്തുമായിരുന്നു. ഈ വാക്കുകളെ സ്മരിച്ചുകൊണ്ടു പ്രാർഥിച്ചപ്പോള്‍ കാലിലെ വ്രണം മാറി എന്ന് ഒരു സഹോദരി സാക്ഷ്യപ്പെടുത്തിട്ടുണ്ട്.
എവുപ്രാസ്യമ്മയുടെ ജീവിതമാതൃകയും മാധ്യസ്ഥശക്തിയും ഇന്ന് നിരവധി വ്യക്തികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. പ്രാര്‍ഥിക്കുന്നവരും കുര്‍ബാനയിലെ ഈശോയുമായുള്ള ഐക്യത്തില്‍ വളരുന്നവരും നന്ദിനിറഞ്ഞ ഹൃദയത്തോടെ ആയിരുന്ന് മറ്റുള്ളവര്‍ക്കായി ആത്മാര്‍ഥമായി പ്രാര്‍ഥിച്ചും ഈ പുണ്യവതിയുടെ തിരുനാള്‍ നമുക്ക് ധന്യമാക്കാം.
ഫാ. ജെയിംസ് മേലേടത്ത്