19-ാം നൂറ്റാണ്ടിലെ കേരളസമൂഹജീവിതത്തെ അടിമുടി സ്വാധീനിച്ച് ചൈതന്യധന്യമാക്കി കടന്നുപോയ പുണ്യാത്മാവാണ് കൈനകരിക്കാരന്‍ കുര്യാക്കോസ് ഏലിയാസ് (1805-1871). ഭൗതികവും ആധ്യാത്മികവുമായ തലങ്ങളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ കാലാതിശായിയായി നിലകൊള്ളുന്നു. അത്ഭുതാദരങ്ങളോടെ മാത്രമേ അവയെ ഇന്ന് നോക്കിക്കാണാനാവൂ.
ചാവറയച്ചന് വളരെ ശ്രദ്ധാര്‍ഹമായ പല അഭിധാനങ്ങളും നാം ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. സമുദായോദ്ധാരകന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ സംരഭകന്‍, മുദ്രാലയ പ്രേക്ഷിതന്‍, സന്യാസ സഭകളുടെ (സി.എം.ഐ., സി.എം.സി.) സ്ഥാപകന്‍, വൈദികപരിശീലനത്തിലും ജീവിതത്തിലും കാലാനുസൃത നവോന്മേഷം പകര്‍ന്നവന്‍, ചാവരുളിലൂടെ കുടുംബചട്ടം നല്‍കിയ കുടുംബപ്രേക്ഷിതന്‍ അങ്ങനെ നീളുന്നു ആ ധന്യജീവിതത്തിന്റെ സംഭാവനകള്‍.
ചാവറപ്പിതാവിന്റെ നേട്ടങ്ങളെ, ഭൗതികമെന്നോ, ആധ്യാത്മികമെന്നോ ഉള്ള ചട്ടക്കൂട്ടിലൊതുക്കുക ശരിയല്ല. കാരണം, അദ്ദേഹത്തിന്റെ ഭൗതികനേട്ടങ്ങളിലെല്ലാം ആധ്യാത്മികതയുടെ പരിവേഷമുണ്ട്. ആത്മീയസംഭാവനകള്‍ ഈലോക യാഥാര്‍ഥ്യങ്ങളുടെനേരെ കണ്ണടയ്ക്കലല്ല; തിരസ്‌ക്കരണമല്ല. അവ പരസ്പരപൂരകങ്ങളാണ്.
ഒരു കാര്യം വ്യക്തമാണ് എല്ലാത്തിനുമുപരി ചാവറപ്പിതാവ് ഒരു ദൈവികമനുഷ്യനായിരുന്നു. അതാണ് അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പ്രചോദകശക്തി. ആ പുണ്യപിതാവിന്റെ പേരുതന്നെ അതു വെളിവാക്കുന്നുണ്ട്. ‘കുര്യാക്കോസ്’ എന്ന പേര് ഗ്രീക്കു ഭാഷയില്‍ ‘കിറിയാക്കേ’ എന്ന പദത്തില്‍നിന്ന് നിഷ്പദിച്ചതാണ്. ”ദൈവത്തിന്റേത്’ എന്നർഥം. ദൈവത്തിന്റേതായിരുന്നതുകൊണ്ട്, ദൈവികമനുഷ്യനായിരുന്നതുകൊണ്ടാണ് ചാവറയച്ചന് വന്‍കാര്യങ്ങള്‍ ചെയ്യാനായത് എന്നുചുരുക്കം. ചാവറ ആധ്യാത്മികതയുടെ തനിമയിലേക്ക് കുര്യാക്കോസ് എന്ന പേരുതന്നെ വിരല്‍ചൂണ്ടുന്നു എന്നുസാരം.
എന്താണീ ആധ്യാത്മികത?
ലൗകികവും അലൗകികവുമായ യാഥാര്‍ഥ്യങ്ങളുടെ വിശ്വാസത്തിന്റെ ഉള്‍ക്കാഴ്ചയുടെ വെളിച്ചത്തില്‍ നോക്കിക്കാണുകയും വിലയിരുത്തുകയും ചെയ്യുക. അതാണ് ആധ്യാത്മികത (Spirituality) എന്നുപറയാം. അങ്ങനെ ഒരു മതാത്മകതദര്‍ശനത്തിലാണ് ആധ്യാത്മികത മുളയെടുത്ത് വളര്‍ന്നുപുഷ്പിക്കുക. ഈശ്വര-മനുഷ്യബന്ധമാണ് ആധ്യാത്മികത എന്നുചുരുക്കം.
അനുദിനജീവിതത്തില്‍ ദൈവിക ആഭിമുഖ്യം പുലര്‍ത്തുക, ദൈവസ്വരം ശ്രവിച്ച് പ്രവര്‍ത്തിക്കുക, എല്ലായിടത്തും എല്ലാ കാര്യങ്ങളിലും ഈശ്വരസാന്നിധ്യം കണ്ടെത്തുക, പ്രാര്‍ഥനാചൈതന്യപൂര്‍ണ്ണമായ ജീവിതശൈലി പുണരുക – ഇതെല്ലാമാണ് ആധ്യാത്മികത ഉന്നംവയ്ക്കുന്നത്.
ലോകമതങ്ങളിലെല്ലാമുണ്ട് അവയുടെ തനതായ ആധ്യാത്മികത. ഹൈന്ദവദര്‍ശനത്തിലെ വേദാന്തം, തെയോസോഫി (Theosophy), അന്ത്രപോസൊഫി (Anthroposophy), ഇസ്ലാമിലെ സൂഫിസം, ജിഹാദ് തുടങ്ങിയവയെ ഇവിടെ അനുസ്മരിക്കാം.
ക്രിസ്തുമതത്തില്‍ പലരൂപഭാവങ്ങളില്‍ ആദ്ധ്യാത്മികത മുളയെടുത്ത് വളര്‍ന്ന് വികസ്വരമായിട്ടുണ്ട്.
Ignatian Spirituality (ഈശോസഭാസ്ഥാപകനായ വി. ഇഗ്നേഷ്യസ് ലെയോളയുടെ ദര്‍ശനത്തില്‍ അധിഷ്ഠിതം).
Franciscan Spirituality (വി. ഫ്രാന്‍സിസ് അസ്സീസിയുടെ വിനയാന്വിതവും ലളിതവുമായ ജീവിതദര്‍ശനത്തിലധിഷ്ഠിതം).
Carmelite Spirituality (കര്‍മ്മല മലയിലെ ഏലിയ പ്രവാചകനിൽ ആരംഭിച്ച് വി. യോഹന്നാന്‍ ക്രൂസ്, ആവിലായിലെ വി. ത്രേസ്യാ തുടങ്ങിയവരുടെ അനുധ്യാനവും കര്‍മ്മസന്നദ്ധതയും സമഞ്ജസമായി മേളിപ്പിച്ചിരുന്ന ജീവിതശൈലി).
ലിസ്യുവിലെ ചെറുപുഷ്പത്തിന്റെ Spiritual Childhood – ഒരു പിഞ്ചുശിശുവിനെപ്പോലെ സര്‍വവും തമ്പുരാനിലര്‍പ്പിച്ച് അവിടുത്തെ നോക്കിപ്പാര്‍ത്തിരിക്കുന്ന അവസ്ഥ. കര്‍മ്മല ആധ്യാത്മികതയുടെ മറ്റൊരു മുഖമാണിവിടെ തെളിയുക.
ചാവറ ആധ്യാത്മികതയുടെ മുഖമുദ്രകള്‍
ചാവറ ആധ്യാത്മികത ബഹുസ്വരതയാര്‍ന്നതാണ്. ആബാനുഭവം, അരൂപിയുടെ നിറവ്, പരിശുദ്ധ കുര്‍ബാനകേന്ദ്രീകൃതം, മരിയോന്മുഖത്വം, ആത്മാനുതാപജന്യം, ആശ്രമസിദ്ധിപരം, സഭാത്മകത്വം തുടങ്ങിയ ഒട്ടെറെ ദര്‍ശനങ്ങളുടെ സമഞ്ജസമ്മേളനം ചാവറ ആധ്യാത്മികതയെ സമ്പന്നമാക്കി ചെയ്യുന്നുണ്ട്.
ആബാനുഭവം: ദൈവപിതാവിനെ ‘ആബാ’ – പിതാവേ എന്നാണ് ഈശോ വിളിക്കുക. അങ്ങനെ വിളിക്കാന്‍ ഈശോ നമ്മെയും പഠിപ്പിച്ചു. ചാവറ ആധ്യാത്മികതയുടെ മൂലക്കല്ല് ആ ‘ആബാനുഭവ’മാണ്. ‘ആബാ’ (പച്ചമലയാളത്തില്‍ അപ്പാ എന്നര്‍ഥം) എന്നാണ് ചാവറയച്ചനും ദൈവത്തെ വിളിക്കുക. അപ്പാ… അപ്പാ … എന്ന് എത്രവിളിച്ചാലും ചാവറയച്ചനു മതിവരില്ല. അദ്ദേഹത്തിന്റെ കൃതികളില്‍ പ്രത്യേകിച്ച് ധ്യാനസല്ലാപങ്ങളിലും ആത്മാനുതാപത്തിലും ഈ ‘ആബാനുഭവ’ത്തിന്റെ അനുരണനങ്ങള്‍ ആവോളമുണ്ട്. ചില ഉദാഹരണങ്ങള്‍ ഇതാ…
“എന്റെ അപ്പാ, ഈ പേരുകൊണ്ടല്ലാതെ നിന്നെ എനിക്ക് വിളിപ്പാന്‍ എന്റെ ഹൃദയം സമ്മതിക്കുന്നില്ല” (സമ്പൂര്‍ണ്ണകൃതികള്‍ Vol. 3, 16-17).
“ഇതാ, എന്റെ അപ്പന്റെ പക്കലോട്ട് ഞാന്‍ പുറപ്പെടുന്നു. ആ എത്രനാളായി ഞാന്‍ എന്റെ അപ്പന്റെ തിരുമുഖം കണ്ടിട്ട്” (Ibib p.16).
“ആ പ്രിയമുള്ള അപ്പാ, നീ എഴുന്നള്ളിയിരിക്കുന്ന ഈ കസേരയുടെ പിറകില്‍ അടിയന്‍ മുട്ടുകുത്തിയിരിക്കുന്നു” (Ibib p.18).
“അയ്യോ എന്റെ അപ്പാ, നിന്റെ തിരുമുഖം എത്രയും അഴകുള്ളത്. സൃഷ്ടിക്കപ്പെട്ട സകല മുഖങ്ങളില്‍ അഴകുള്ളത്” (Ibib p.19).
“ആ എന്റെ പ്രിയമുള്ള അപ്പാ, ഇതിനെ ഞാന്‍ വിചാരിച്ച് ഭയന്ന് ലജ്ജിച്ച് നിന്റെ തൃപ്പാദത്തുങ്കല്‍ അണവാന്‍ ശങ്കിക്കുന്നു” (Ibib p.27).
””മമപിതാവ് നീയേ, ഭാഗ്യവുമെനിക്ക് നീമംഗലം നീയെന്നിയേ മറ്റെന്തുഗുണം നാഥാ” (സമ്പൂര്‍ണ്ണകൃതികള്‍ Vol. 2, p.10).
“എന്റെ അപ്പന്‍ എത്രയും അനുഗ്രഹമുള്ളവനും പട്ടാങ്ങയായ ഉപവിയും താന്‍ സ്‌നേഹം എന്നത്രേ തന്റെ നാമവും ആകുന്നു. ഇതിനാലെ നാം ഭയപ്പെടുകയും വേണ്ട” (സമ്പൂര്‍ണ്ണകൃതികള്‍, Vol. 3, p.17).
അരൂപിനിറവ്: ആധ്യാത്മികതയുടെ പ്രചോദനശക്തി അരൂപിയുടെ നിമന്ത്രണമാണ്. ചാവറ ആധ്യാത്മികതയുടെ ചാലകശക്തിയും പരിശുദ്ധാരൂപി തന്നെ. എല്ലാം നവീകരിക്കുകയും ചൈതന്യമാക്കുകയും ചെയ്യുന്നത് അരൂപിയുടെ ആഗമനമാണ്. ആദിയില്‍ ആകെ അരൂപവും അശാന്തവുമായിരുന്ന പ്രപഞ്ചത്തെ അരൂപിയുടെ ആഗമനം ആകെ മാറ്റി മറിച്ചു. അപ്പോള്‍ ചൂസ്-ല്‍ നിന്നും കൊസ്‌മൊസ് രൂപമെടുത്തു. (സൃഷ്ടി) മനുഷ്യാവതാരത്തിലും സഭാവ്യാപന പ്രേഷിതപ്രവര്‍ത്തനങ്ങളിലുമെല്ലാം അരൂപിയാണ് പ്രവര്‍ത്തനനിരതമായിരുന്നത്.
ചാവറ ആധ്യാത്മികതയും പരിശുദ്ധാരൂപിയുടെ നിവേശനഫലമാണ്. ചാവറപ്പിതാവ് അരൂപിയുടെ പ്രചോദനമനുസരിച്ച് ജീവിച്ചവനാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ‘അരൂപി നിറഞ്ഞവന്‍’ എന്നോ ‘അരൂപിയുടെ കൈയ്യൊപ്പുള്ള മനുഷ്യന്‍’ എന്നോ ഒക്കെ വിളിക്കുന്നതും.
ദിവ്യകാരുണ്യഭക്തികേന്ദ്രീകൃതം: ചാവറ ആധ്യാത്മികത പരിശുദ്ധ കുര്‍ബാന കേന്ദ്രീകൃതവുമായിരുന്നു. ചാവറയച്ചന്റെ പിന്‍ഗാമി പോരൂക്കര കുര്യാക്കോസ് ഏലീശാ അച്ചന്റെ നിരീക്ഷണം ഇവിടെ സ്മരണീയമാണ്.
“ഇദ്ദേഹത്തിന്റെ ജീവിതകാലം മുഴുവനിലും ശുദ്ധകുര്‍ബാനയുടെ മേലുള്ള ഭക്തി ശോഭിച്ച് വിളങ്ങിയിരുന്നു. കുര്‍ബാന ചൊല്ലുന്ന നേരത്തില്‍ മഹാസൂക്ഷ്മവും ഭക്തിയും അടക്കവുമായി എത്രയും ഉയരപ്പെട്ട ഈ കൂദാശയുടെ നേരേ എത്രയും വണക്കവും വിശ്വാസവും ഉണ്ടായിരുന്നുവെന്ന് കാണുന്നവര്‍ക്കൊക്കെയും ബോധ്യമായ കാര്യമായിരുന്നു. ക്രമം പോലുള്ള വിസീത്തയല്ലാതെ ദിവസവും ഏറിയനേരം ശുദ്ധകുര്‍ബാനയുടെ തിരുമുമ്പാകെ മുട്ടുകുത്തി എത്രയും എരിവോടുകൂടെ നമസ്‌കരിച്ചുവന്നിരുന്നു” (സ്ഥാപകപിതാക്കന്മാര്‍, p. 38).
ആത്മാനുതാപത്തില്‍ ചാവറയച്ചനെഴുതുന്നു:
“എന്നുടെ സ്‌നേഹം നീയേ, ഭാഗ്യവുമെനിക്കു നീ
നിന്നിലല്ലാതെ ഞാനുമെങ്ങനെ ജീവിക്കുന്നു.
ശ്വാസവുമെനിക്കു നീ, യാവനപാനീയം നീയേ” (സമ്പൂര്‍ണ്ണകൃതികള്‍ Vol. 2, p. 143-145).
ദിവ്യകാരുണ്യം ചാവറദൃഷ്ടിയില്‍ മനുഷ്യജീവിതം നിലനിര്‍ത്താനാവശ്യമായ ശ്വാസം, യാവന, പാനീയം അതാണ്.
ഈ ദിവ്യകാരുണ്യഭക്തി പ്രച്യുമയാണ് പരിശുദ്ധ കുര്‍ബാന പരസ്യമായി എഴുന്നെള്ളിച്ചുവച്ച് നാല്പതുമണി ആരാധന നടത്തുന്ന പതിവ് തുടങ്ങുന്നതിന് പ്രചോദനമേകിയത്. 1866 -ല്‍ ആദ്യം കൂനമ്മാവിലും പിന്നീട് 1867 -ല്‍ വാഴക്കുളത്തും മാന്നാനത്തും 1868 -ല്‍ എല്‍ത്തുരുത്തിലും ഈ ഭക്തിമുറ തുടങ്ങി. തുടര്‍ന്ന് പല ഇടവകകളിലേക്കും അത് വ്യാപിക്കുകയുംചെയ്തു.
മരിയോന്മുഖത്വം: ചാവറ ആധ്യാത്മികതയുടെ മറ്റൊരു സമ്പന്നതലമാണ് മരിയോന്മുഖത. “ഈശോയുടെ അമ്മ, ദൈവമാതാവ്, എന്റെ അമ്മ” എന്നാണ് ചാവറ ദര്‍ശനം. കേരളംകണ്ട ഏറ്റവും വലിയ മരിയഭക്തനാണ് ചാവറയച്ചന്‍ (cfr ഇതാ ചാവറയച്ചന്‍, ഡോ. ജെ.എസ്. തേക്കുങ്കല്‍ സി.എം.ഐ., p. 82-90).
പുത്രനിര്‍വിശേഷവുമായൊരു സ്‌നേഹാദരവും വിശ്വാസവും മാതാവിനോടുണ്ടായിരുന്നു ചാവറയ്ക്ക്. ഈശോതന്നെ കുരിശിലെ പരമയാഗവേദിയില്‍വച്ച് സ്വന്തം അമ്മയെ നമുക്കും അമ്മയായി ഏല്പിച്ചുതന്നു (യോഹ. 19:26-27). അങ്ങനെ ദൈവമാതാവ് ഈശോയുടെ അമ്മ നമ്മുടെയും അമ്മയാണ്. ഈ അമ്മയ്ക്കുമുണ്ട് മറ്റെല്ലാ അമ്മമാര്‍ക്കും നൈസര്‍ഗികമായുള്ള പോലൊരു ‘അമ്മക്കണ്ണ്.’ അതാണ് കാനായിലെ കല്യാണവേളയില്‍ നാം കാണുക. വീഞ്ഞു തീര്‍ന്ന് ആകെ അലങ്കോലമാകുമായിരുന്ന ആ രംഗത്ത് മറിയത്തിന്റെ അമ്മക്കണ്ണ് സാഹചര്യത്തിന്റെ ദുരവസ്ഥ കണ്ടറിഞ്ഞു. മകനെക്കൊണ്ട് അത്ഭുതം പ്രവര്‍ത്തിപ്പിക്കുന്നു – വെള്ളം വീഞ്ഞായി മാറി.
മാതാവിന്റെ മധ്യസ്ഥതയിലുള്ള ആഴമായ വിശ്വാസം ചാവറയ്ക്കുണ്ട്. മാതാവിന്റെ സഹായം തേടിയവരാരും നിരാശരായിട്ടില്ല എന്ന വി. ബര്‍ണാര്‍ദിന്റെ ബോധ്യമായിരുന്നു ചാവറയച്ചന്റേതും.
“മാതാവിന്റെ നാമത്തില്‍ വലവീശിയാറെ പഴുതേ വലിച്ചില്ല” എന്ന സാക്ഷ്യവും നമുക്കുണ്ട് (സമ്പൂര്‍ണ്ണകൃതികള്‍ Vol. 4, p. 81). മറ്റൊറു സാക്ഷ്യമിതാ: “1867 മീനം ഒന്നാം തീയതി സര്‍വേശ്വരന്‍ ഇന്ന് ഏറിയ അനുഗ്രഹം ചെയ്തു. എനക്കും എന്റെ ആത്മഗുരു പെ.ബ.ദല. ഗാദായ മൂപ്പച്ചനും എത്രയും വലിയ ഒരു ദുഃഖം വന്നാറെ നമ്മുടെ കന്യാസ്ത്രീകളെ കൊണ്ട് 3 രാജകന്നി, 3 എത്രയും ദയയുള്ള മാതാവേ എന്ന ജപവും അപേക്ഷിച്ചു. ഫലമോ? ഉടന്‍ ഈയുണ്ടായ മലപോലെ വന്നകാര്യം മാതാവ് പൂപോലെ ആക്കുകയും ചെയ്തു” (സമ്പൂര്‍ണ്ണകൃതികള്‍ Vol. 3, p. 47). ഈ മാതൃഭക്തി പ്രചുരിമയാണ് ചാവറ ആധ്യാത്മികതയെ മകുടമണിയിക്കുന്നത്. മുകളില്‍ സൂചിപ്പിച്ചവയ്‌ക്കെല്ലാം പുറമെ ആത്മാനുതാപബദ്ധത, സഭോന്മുഖത, ആശ്രമസിദ്ധി തുടങ്ങിയവയും ചാവറ ആധ്യാത്മികതയുടെ മറ്റു ചില മുഖമുദ്രകളാണ്.
ആധ്യാത്മികതയും ലൗകികതയും
ആധ്യാത്മികത, ഭൗതികയാഥാര്‍ഥ്യങ്ങളുടെനേരേ കണ്ണടയ്ക്കലാണെന്ന് ധരിച്ചാലത് ശരിയല്ല. ശരിയായ ആധ്യാത്മികത അലൗകികം മാത്രമല്ല, ഇഹലോക യാഥാര്‍ഥ്യങ്ങളെ കണക്കിലെടുക്കുന്നതുമായിരിക്കും, അവയോട് സംവദിക്കുന്നതുമായിരിക്കും. കാരണം, ഭൗതികജീവിതത്തിന്റെ ചുമരില്ലാതെ ആധ്യാത്മികതയുടെ ചിത്രം വരയ്ക്കാനാവില്ല. ലോകോപേക്ഷികളായി, വല്ല വനവാസത്തിനും പോവുക, താപസഭവനം ഉണ്ടാക്കുക, എന്നതായിരുന്നു ചാവറയച്ചനും കൂട്ടുകാരന്‍ കണിയാന്തറ യാക്കോബും താലോലിച്ചുപോന്ന സ്വപ്നം. പക്ഷേ, മൗറേലിയൂസ് സ്തബിലീനി മെത്രാപ്പോലീത്താ അതിന് പുതിയൊരു മാനവും ദിശാബോധവും നല്‍കുകയാണുണ്ടായത്. അല്പം വല്ലതും തിരിയുന്ന നിങ്ങള്‍ ഒന്നുരണ്ടു പേരുള്ളത് മിണ്ടടക്കമായി വല്ലയിടത്തും ഒതുങ്ങിപാര്‍ത്താല്‍ പിന്നെ ലോകരെ പഠിപ്പിക്കാന്‍ ആരെന്നും അങ്ങനെ നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ ഒരു കോവേന്ത വയ്പ്പിന്‍. എന്നാല്‍ എല്ലാവര്‍ക്കും ഉപകാരമുണ്ടല്ലോ (വലേരിയന്‍ മലങ്കര മാതാവിന്റെ ഒരു വീരസന്താനം, p. 48-49).
ഇതനുസരിച്ചാണ് ലോകോപേക്ഷയേക്കാളും വാച്ചവനവാസത്തേക്കാളും കൂടുതല്‍ ആവശ്യവും ഉപകാരപ്രദവും കര്‍മ്മോത്സുകസന്യാസമാണെന്ന് അവര്‍ കണ്ടറിഞ്ഞത്. ഇത് ഭാരതീയ സന്യാസവീക്ഷണത്തോട്, കര്‍മ്മോത്സുക സന്യാസത്തോട് ഒത്തുപോകുന്നതായിരുന്നുതാനും.
ചാവറയുടെ കുടുംബദര്‍ശനം, വിദ്യാഭ്യാസദര്‍ശനം, സാമൂഹ്യദര്‍ശനം തുടങ്ങിയവയിലെല്ലാം ഇത്തരമൊരു ‘മണ്ണിന്റെ മണമുള്ള’ ആധ്യാത്മികത കണ്ടെത്താനാവൂ. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം ചാവരുളായി ‘കുടുംബചട്ടം’ എഴുതിനല്‍കിയത്. നമ്മുടെ നാട്ടിലെ കുടുംബങ്ങള്‍ക്ക് ഒരു ‘മാഗ്നാകാര്‍ട്ടാ’ ആയി കുടുംബചട്ടത്തെ കാണാനാവും.
വിദ്യാഭ്യാസം മൂല്യാധിഷ്ടിതമായിരിക്കണമെന്നതാണ് ചാവറദര്‍ശനം. പഠിത്വം എന്നാണ് വിദ്യാഭ്യാസത്തെ അദ്ദേഹം വിളിക്കുക. അത് വെറും അക്ഷരാഭ്യാസമോ, ശാസ്ത്രപാഠങ്ങള്‍ ഹൃദിസ്ഥമാക്കലോ അല്ല മറിച്ച് ജ്ഞാനസമ്പാദനമാണ്. ചാവറയുടെ വാക്കുകളിതാ:
‘രണ്ടാമത്തെ വെളിവ്’ പഠിത്വം ആകുന്നു എന്ന് ശുദ്ധമാര്‍ അപ്രേം മല്പാന്‍ പഠിപ്പിച്ചിരുന്നു എന്നു വരുമ്പോള്‍, കണ്ണിന്റെ വെളിവ് കൂടാതെ പരലോകത്തേയും അതില്‍ കൂടിയിരിക്കുന്ന തമ്പുരാനേയും അറിയാന്‍ വശമില്ലാത്തതിനാല്‍, കണ്ണില്ലാത്തവര്‍ കുരുടന്മാരാകുന്നു എന്നതുപോലെ പഠിത്വമില്ലാത്തവര്‍ ജ്ഞാനക്കുരുടന്മാരാകുന്നു (1859 മാര്‍ച്ച് 29-ന് പള്ളികളിലേക്കുള്ള കത്തില്‍ നിന്ന്).
ഈ കാഴ്ചപ്പാടിലാണ് മാന്നാനത്ത് സംസ്‌കൃതപാഠശാല തുടങ്ങിയതും (1846) പള്ളിക്കൊരു പള്ളിക്കൂടം പദ്ധതി ആവിഷ്‌കരിച്ചതും. ഓരോ പള്ളിക്കും ഒരു പള്ളിക്കൂടം വേണമെന്ന സര്‍ക്കുലര്‍ ചാവറയുടെ ദീര്‍ഘവീക്ഷണത്തിനും ക്രാന്തദര്‍ശിത്വത്തിനും മകുടോദാഹരണമാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ ചുറ്റുമുള്ള ജനജീവിതവുമായി സമ്പര്‍ക്കമറ്റ സന്യാസവും ആധ്യാത്മികതയുമായിരുന്നില്ല വി. ചാവറയച്ചന്റേത്.
ഇന്നു സോഷ്യല്‍ വര്‍ക്കിനെക്കുറിച്ചും പാവങ്ങളുടെ പക്ഷംചേരലിനെക്കുറിച്ചുമെല്ലാം സന്യാസ സമൂഹങ്ങളില്‍ ബോധവല്‍ക്കരണപരിപാടികള്‍ക്ക് പഞ്ഞമില്ല. എന്നാല്‍ ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് ചാവറയച്ചന്‍ ഒരു ‘പയനീയര്‍’ ആയിരുന്നുവെന്ന് ഓര്‍ക്കേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍ ആദ്യമായി ആതുരാലയത്തിന്റെ ആശയവുമായി രംഗത്ത് വന്നത് അദ്ദേഹമായിരുന്നു. കൈനകരിയിലെ ‘ഉപവിശാല’യുടെ തുടക്കം അങ്ങനെയായിരുന്നു. കൈനകരിക്കാര്‍ക്ക് അദ്ദേഹം നല്‍കിയ നിര്‍ദേശമിങ്ങനെ:
“നിങ്ങളുടെ കുരിശുപള്ളിയുടെ സമീപത്തായി ചെറുതായിട്ടെങ്കിലും ഒരു ബംഗ്ലാവുപോലെ ഇരുവശവും രണ്ടുമുറിയും ഒരു സാളയുമായി തൈതല്‍ ഇട്ട് മുളകൊണ്ടെങ്കിലും ഒരു കൂടുംവച്ച് ധര്‍മ്മശാല അഥവ ഉപവിശാല എന്ന പേരുംവിളിച്ച് – ആരുപോരുമില്ലാത്തവരെയോ കിളവന്മാരെയോ, വഴിപിച്ചക്കാരായി ദീനംപിടിച്ചവരെയോ, പാര്‍പ്പിച്ച് രക്ഷിക്കത്തക്കവണ്ണം ഉണ്ടാക്കിയാല്‍ ദൈവം സഹായിച്ച് പിന്‍കാലങ്ങളില്‍ ഇത് മലയാളത്തെ ഒന്നാമത്തെ ഉപവിശാല ആയിത്തീരാന്‍ ഇടവരും. തുടക്കത്തില്‍ ഇത് ഭ്രാതാണെന്നും മറ്റുംപറഞ്ഞ് പലരും പരിഹസിക്കും. നിങ്ങള്‍ ഇതു തുടങ്ങിയാല്‍ പ്രയാസംകൂടാതെ നടക്കും. മനുഷ്യര്‍ മനസ്സുവയ്ക്കുന്ന കാര്യം മുക്കാലും നടക്കും. ശേഷം ദൈവവും നിറവേറ്റും” (സമ്പൂര്‍ണ്ണകൃതികള്‍ Vol. 4, p. 162). ദൈവപരിപാലനാവൈഭവത്തിലുള്ള അടിയുറച്ച വിശ്വാസമാണ് ഈ വാക്കുകള്‍ വെളിവാക്കുക. ആരാധനാധിഷ്ഠതവും സഭാത്മകവും ഭൗതികതയെ ഉള്‍ക്കൊള്ളുന്നതുമായ ഒരു ആധ്യാത്മികതയാണ് ചാവറയുടേത്. ഈ ആധ്യാത്മിക ചൈതന്യം കേരളസഭയ്ക്കു പുനര്‍ജനിയായി വര്‍ത്തിച്ചു, പ്രത്യേകിച്ച് അദ്ദേഹം സ്ഥാപിച്ച സി.എം.ഐ., സി.എം.സി. സഭകളിലൂടെ.
ഡോ. ജെ.എസ്. തേക്കുങ്കല്‍ CMI