തൊട്ടെതെല്ലാം പൊന്നാക്കാനുള്ള സിദ്ധി ചാവറയച്ചനുണ്ടായിരുന്നു. അദ്ദേഹം കൈവച്ച മേഖലകളെല്ലാം പരിശോധിച്ചാല്‍ അതു മനസ്സിലാകും. എഴുത്തച്ചനെയും ചെറുശ്ശേരിയെയുംപോലെ ഭക്തിരസം ഉള്‍ക്കൊണ്ട് കവിതാരാമത്തില്‍ ലയിച്ചിരുന്ന മനസ്സായിരുന്നു ചാവറയുടേത്. പണത്തിനോ, പ്രശസ്തിക്കോ വേണ്ടിയായിരുന്നില്ല അദ്ദേഹം കാവ്യസൃഷ്ടി നിര്‍വഹിച്ചത്. തന്നിലുണ്ടായിരുന്ന വിശുദ്ധിയുടെ ആവിഷ്‌ക്കാരം അക്ഷരങ്ങളിലായപ്പോള്‍ കവിതയായി, ഖണ്ഡകാവ്യമായി, നാടകമായി നിര്‍ഗളിക്കുകയായിരുന്നു. ഇതിലൂടെ സഹജീവികളുടെ ആത്മീയപുരോഗതിയും വിശുദ്ധിയുമാണ് ചാവറയച്ചന്‍ ഉന്നംവച്ചത്.
ബഹുമുഖപ്രതിഭയായിരുന്ന അദ്ദേഹം സഭയ്ക്കും സമൂഹത്തിനുമായി ഒട്ടനവധി പദ്ധതികള്‍ വിഭാവനംചെയ്ത് നടപ്പില്‍വരുത്തി. അതിനിടയില്‍ കണ്ടെത്തിയ ചുരുങ്ങിയസമയം മാത്രമേ കാവ്യോപാസനയ്ക്കായി മാറ്റിവയ്ക്കാന്‍ സാധ്യതയുള്ളൂ. വിരചിതമായ കൃതികളിലെല്ലാം ചാവറയച്ചന്റെ കാവ്യസിദ്ധി വളരെ മഹത്തരമാണ്.
ചാവറയച്ചന്‍ കവിത എഴുതുന്ന കാലത്തിനു മുമ്പുതന്നെ അര്‍ണോസ് പാതിരിയുടെ കൃതികള്‍ ക്രൈസ്തവരുടെ ഇടയില്‍ പ്രചരിച്ചിരുന്നു. ആയതിനാല്‍ അദ്ദേഹത്തെ ഏറ്റവുംകൂടുതല്‍ സ്വാധീനിച്ചത് അര്‍ണോസ് പാതിരിയുടെ കൃതികളാണെന്നുവേണം അനുമാനിക്കാന്‍. ആത്മാനുതാപം, അനസ്താസ്യായുടെ രക്തസാക്ഷ്യം, മരണവീട്ടില്‍ പാടുന്നതിനുള്ള പാന എന്നീ കാവ്യങ്ങളും നല്ല അപ്പന്റെ ചാവരുള്‍, ധ്യാനസല്ലാപം, ധ്യാനക്കുറിപ്പുകള്‍, കത്തുകള്‍, നാളാഗമം തുടങ്ങിയ ഗദ്യരചനകളുമാണ് അദ്ദേഹത്തിന്റെ കൃതികള്‍.
ആത്മാനുതാപം
ദൈവം തനിക്കുനല്‍കിയ അനുഗ്രഹങ്ങള്‍ക്ക് പ്രതിനന്ദിയായി തന്റെ ജീവിതംകൊണ്ട് അവിടുത്തെ ഇഷ്ടംമാത്രം നിറവേറ്റാന്‍ കഴിയാതെപോയതിലുള്ള അനുതാപമാണ് കൃതിയുടെ ഉള്ളടക്കം. സ്വജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ യേശുവിന്റെ ജീവിതവും പ്രബോധനങ്ങളും ആദിമസഭയുടെ ആരംഭവും വളര്‍ച്ചയും ആഖ്യാനംചെയ്യുകയാണ് കവി.
‘ചരടില്‍ കൊരുത്ത ബൈബിള്‍’ എന്ന് ജപമാലയെ വിശേഷിപ്പിച്ച ചാവറയച്ചന്‍, ഉത്തമ മരിയഭക്തനും ജപമാലപ്രചാരകനുമായിരുന്നു എന്നുപറയേണ്ടതില്ലല്ലോ. ആത്മാനുതാപത്തിന്റെ ഉള്‍തലങ്ങളിലെ ഭാവങ്ങളില്‍ അത്യാഗാധമായ വിശ്വാസത്തിന്റെയും ഭക്തിയുടെയും സമര്‍പ്പണസന്നദ്ധതയുടെയും ആഴവും പരപ്പും ഒരേപോലെ സമഞ്ചസമായി സമ്മേളിച്ചിരിക്കുന്നു. തനിക്ക് മനുഷ്യജന്മംനല്‍കിയ മഹാകാരുണ്യത്തിനുമുന്നില്‍ കവി വിനയാന്വിതനാകുന്നു. ശൈശവ-ബാല-കൗമാരകാലങ്ങളില്‍ ദൈവം വര്‍ഷിച്ച നന്മകളെ സ്തുതിക്കുന്നു. ആഴമായ ആത്മീയജ്ഞാനമുണ്ടായിരുന്ന ചാവറയച്ചന്‍ നിത്യസത്യങ്ങളെയും നശ്വരതെയും തിരുച്ചറിയുകയാണ് ഇവിടെ.
ഇന്നുകാണുന്ന പച്ചപ്പുല്ലതു നാളെത്തന്നെ
മന്ദിച്ചു വളരുന്നു വാടുന്നു സൂര്യോഷ്ണത്താല്‍
മെച്ചമായ് കണ്ടീടുന്ന പുഷ്പങ്ങള്‍ ബഹുവിധം
ഇച്ഛയായതിനുള്ള ശോഭവും സുഗന്ധവും
എത്രയും ക്ഷണം കൊണ്ടു മാറിപോയ് വീണിടുന്നു
ചിത്രമായതിനുള്ളൊരഴകുമൊക്കെപ്പോകും.
മരണവീട്ടില്‍ പാടുന്ന പാന
അര്‍ണോസ് പാതിരിയുടെ പാനയുടെ രീതിയില്‍ അദ്ദേഹം ക്രിസ്തീയകുടുംബങ്ങളെ ഭക്തിയില്‍ ലയിപ്പിച്ച് നിത്യസത്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാന്‍ ശ്രമിക്കുകയാണ്. ക്രൈസ്തവ വിശ്വാസമനുസരിച്ച്, മരണത്തെ എങ്ങനെ സമീപിക്കണം, ആത്മാവിന് മോക്ഷംലഭിക്കാന്‍ എന്തെല്ലാം ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ച് ബോധ്യപ്പെട്ടുത്തുകയാണിവിടെ. മനുഷ്യന്‍ തന്റെ ആത്മസുഹൃത്തുക്കളായി ലോകം, ശരീരം അഭിമാനം എന്നിവയെ കാണുന്നു. എന്നാല്‍ ഇവയൊന്നും യഥാര്‍ഥ സുഹൃത്തുക്കളല്ല. കാരണം, ഇവയെല്ലാം മരണത്തോളമേ നിലനില്‍ക്കൂ എന്നും, മരണത്തിനപ്പുറം നില്‍ക്കുന്ന സുഹൃത്ത് സത്കര്‍മ്മങ്ങളാണ് എന്നും ബോധ്യപ്പെടുത്തുന്നു.
സൽപ്പേര് വിലയേറിയ സുഗന്ധതൈലത്തെക്കാളും നല്ലതാണ്. മരണവീട്ടിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതാണ് വീടുകളിലെ മറ്റാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനേക്കാള്‍ നല്ലത്. കാരണം അത് മനുഷ്യഹൃദയങ്ങളെ കൂടുതല്‍ സ്പര്‍ശിക്കുമെന്ന് അദ്ദേഹം പറയുന്നു.
അനസ്താസ്യായുടെ രക്തസാക്ഷ്യം
വഞ്ചിപ്പാട്ടു വൃത്തത്തിലാണ് രചന. മൂന്നാം നൂറ്റാണ്ടില്‍ റോമ ചക്രവര്‍ത്തി വലേരിയന്റെ കാലത്ത് സത്യദൈവത്തെ ആരാധിക്കരുതെന്ന കല്പന ലംഘിച്ചതിന് അതിദാരുണമായി കൊലചെയ്യപ്പെട്ട അനസ്താസ്യ എന്ന പെണ്‍കുട്ടിയുടെ ഉജ്വലമായ രക്തസാക്ഷിത്വത്തിന്റെ ആവിഷ്‌കാരം. പീഡനങ്ങള്‍ ഒന്നൊന്നായി ഏറ്റുവാങ്ങുന്നതിനിടയില്‍ അവള്‍ക്കിത്തിരി വെള്ളംകൊടുത്തതിന്റെപേരില്‍ വധിക്കപ്പെട്ട സിറിലോസ് എന്ന യുവാവിന്റെ വധവും ഇതില്‍ ഉപാഖ്യാനമായി ചേര്‍ത്തിട്ടുണ്ട്.
ചാവറപ്പിതാവ് ഗദ്യരചനയും നടത്തിയിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ ജീവചരിത്രം എന്ന് വിശേഷിപ്പിക്കാവുന്ന കൃതി, അദ്ദേഹം തന്റെ ഗുരുവായ പാലയ്ക്കല്‍ തോമാ മല്പാന്റെ ജീവചരിത്രം എഴുതിയതാണ്. തന്റെ സ്വന്തം ഇടവകക്കാര്‍ക്കായി എഴുതിയ ചാവരുള്‍ വളരെ അമൂല്യമാണ്. അദ്ദേഹം എഴുതിയ നാളാഗമങ്ങള്‍ അന്നത്തെ ഗദ്യസാഹിത്യത്തിന്റെ നേര്‍രേഖയാണ്. ചാവറയച്ചന്റെ ഇടയനാടകങ്ങള്‍ മലയാളത്തിലെ ആദ്യത്തെ നാടകങ്ങളായി പരിഗണിക്കപ്പെടേണ്ടതാണ്. ചാവറയച്ചന്റെ കവിതകളും, സാഹിത്യസംഭാവനകളും പുനര്‍വായനയ്ക്ക് വിഷയമാക്കേണ്ടതും സമൂഹമധ്യത്തിലും സാഹിത്യലോകത്തിലും പുനഃപ്രതിഷ്ഠ ലഭിക്കേണ്ടതുമാണ് എന്നതില്‍ സംശയമില്ല.
ഫാ. തോമസ് ചൂളപ്പറമ്പില്‍ CMI