കൈത്താക്കാലത്തിന്റെ ആത്മീയത

സഭാംഗങ്ങളില്‍ വളര്‍ന്നുവരേണ്ട ദൈവീകപുണ്യങ്ങളും മാനുഷികഗുണങ്ങളും എന്തൊക്കെയാണെന്ന് ഈ കാലഘട്ടം നമ്മെ നിരന്തരം അനുസ്മരിപ്പിക്കുന്നു; ഒപ്പം പ്രേഷിതപ്രവര്‍ത്തനത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭാതരു വളര്‍ന്നു പന്തലിച്ചുനില്‍ക്കുന്നതിനെയും ഓര്‍മ്മപ്പെടുത്തുന്നു.

ക്രിസ്തുരഹസ്യം സഭാരഹസ്യവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. സഭയുടെ ശിരസായ ക്രിസ്തുവും മിശിഹായുടെ ശരീരമായ സഭയും മിശിഹാരഹസ്യത്തിന്റെ വേര്‍പെടുത്താനാവാത്ത ഘടകങ്ങളാണെന്ന് നമ്മുടെ ആരാധനക്രമ പഞ്ചാംഗത്തിന്റെ സംവിധാനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഉയിര്‍പ്പുകാലം വരെ മിശിഹായില്‍ കേന്ദ്രീകൃതമായ രഹസ്യങ്ങളാണ് ധ്യാനവിഷയമാക്കുന്നതെങ്കില്‍ ശ്ലീഹാക്കാലം മുതലുള്ള നാളുകള്‍ മിശിഹായുടെ ശരീരമായ സഭയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. സഭ രൂപപ്പെടുന്നതും സഭയിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ വെളിപ്പെടുത്തുന്നതുമാണ് ശ്ലീഹാക്കാലഘട്ടമെങ്കില്‍ ശ്ലീഹന്മാരുടെയും അവരുടെ പിന്‍ഗാമികളുടെയും പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ഫലമായി സഭ വളര്‍ന്ന് ഫലം ചൂടിനില്‍ക്കുന്നതിനെയാണ് കൈത്താക്കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

സഭ നൂറ്റാണ്ടുകളിലൂടെ പുറപ്പെടുവിച്ച വിശിഷ്ടഫലങ്ങളാണ് അവളുടെ വിശ്വസ്ത സന്താനങ്ങളായ രക്തസാക്ഷികളും പുണ്യാത്മാക്കളും. കര്‍ത്താവിന്റെ പ്രത്യാഗമനത്തെ നോക്കിപ്പാര്‍ക്കാന്‍ നമ്മെ ആഹ്വാനം ചെയ്യുന്ന ഏലിയാ-സ്ലീവാ-മൂശക്കാലത്തെ മുന്നില്‍ക്കണ്ട് അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും ചൈതന്യം പുലര്‍ത്താന്‍ സഭ തന്റെ മക്കളെ ഇക്കാലഘട്ടത്തില്‍ പ്രേരിപ്പിക്കുന്നു. വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും സദ്ഫലങ്ങള്‍കൊണ്ട് സഭയെ അലംകൃതമാക്കാന്‍ നാം ശ്രമിക്കേണ്ട ഒരു കാലമാണിത്.

ശ്ലീഹാക്കാലം കഴിഞ്ഞുള്ള ഏഴ് ആഴ്ചകളാണ് കൈത്താക്കാലം. സഭയുടെ വളര്‍ച്ചയാണ് ഈ കാലഘട്ടത്തിലെ മുഖ്യപ്രമേയം. സഭയെക്കുറിച്ചു ചിന്തിക്കുന്നതിനും സഭയ്ക്കുവേണ്ടി പ്രാർഥിക്കുന്നതിനും നമ്മുടെ ആരാധനക്രമവത്സരത്തില്‍ പ്രത്യേകമായി മാറ്റിവച്ചിരിക്കുന്ന രണ്ടുകാലഘട്ടങ്ങളില്‍ ഒന്നാണിത്; മറ്റൊന്ന് പള്ളിക്കൂദാശ കാലഘട്ടമാണ്. സഭാംഗങ്ങളില്‍ പ്രത്യേകം ഫലമണിയേണ്ട സുകൃതങ്ങളെ ഒന്നാം ഞായറാഴ്ചയിലെ സപ്രാ തന്നെ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നു. അത് ഇപ്രകാരമാണ്:

”നന്മ നിറഞ്ഞൊരു പാതയിലൂടെ
സത്യത്തില്‍ തെരുവീഥിയിലൂടെ
ക്ഷമ, വിനയാദി തടങ്ങളിലൂടെ
വിശ്വാസത്തിന്‍ സരണിയിലൂടെ
സ്‌നേഹത്തിന്‍ ചുവടടികളിലൂടെ
പായുക നീ നിന്‍ ലക്ഷ്യം നേടാന്‍”

സഭാംഗങ്ങളില്‍ വളര്‍ന്നുവരേണ്ട ദൈവീകപുണ്യങ്ങളും മാനുഷികഗുണങ്ങളും എന്തൊക്കെയാണെന്ന് ഈ കാലഘട്ടം നമ്മെ നിരന്തരം അനുസ്മരിപ്പിക്കുന്നു; ഒപ്പം പ്രേഷിതപ്രവര്‍ത്തനത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭാതരു വളര്‍ന്നു പന്തലിച്ചുനില്‍ക്കുന്നതിനെയും ഓര്‍മ്മപ്പെടുത്തുന്നു.

ഇക്കൊല്ലത്തെ കൈത്താക്കാലത്തില്‍ വരുന്ന രണ്ടു പ്രധാനപ്പെട്ട തിരുനാളുകള്‍ ഈശോയുടെ രൂപാന്തരീകരണത്തിരുനാളും (ആഗസ്റ്റ് 6) മാതാവിന്റെ സ്വര്‍ഗാരോപണത്തിരുനാളുമാണ് (ആഗസ്റ്റ് 15). പൗരസ്ത്യസഭകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒന്നാണ് രൂപാന്തരീകരണത്തിരുനാള്‍. ഉപവാസത്തിന്റെയും നോമ്പിന്റെയും അകമ്പടിയോടെ പൗരസ്ത്യര്‍ ആഘോഷിക്കുന്ന ഒരു തിരുനാളാണ് സ്വര്‍ഗാരോപണത്തിരുനാള്‍. ഈശോയെ പിതാവ് ഈ ഭൂമിയില്‍ മഹത്വപ്പെടുത്തുന്ന ഒരു ദിനവും മാതാവിനെ ദൈവം മഹത്വപ്പെടുത്തിയ മറ്റൊരു ദിനവുമാണിവ. രണ്ടിന്റെയും പൊതുചൈതന്യം:

”സുതനാം നാഥന്‍ തന്നരികെ
വിണ്ണിന്‍ വാഴുമംബികയേ
മക്കളെ നീ നാകം ചേര്‍ക്കണമെ”
എന്ന ആഗ്രഹവും പ്രാര്‍ഥനയുമാണ്.

കൈത്താക്കാലത്തു നിറഞ്ഞുനില്‍ക്കുന്ന പ്രധാന ആധ്യാത്മികചിന്തകള്‍ ഈ കാലത്തെ പ്രാര്‍ഥനകളില്‍നിന്നും താഴെപ്പറയുംവിധം സംഗ്രഹിക്കാം.

ഉയിര്‍പ്പുതിരുനാളിനും മിശിഹായുടെ രണ്ടാമത്തെ വരവിനെ അനുസ്മരിക്കുന്ന ഏലിയാ-സ്ലീവാ-മൂശക്കാലഘട്ടത്തിനും ഇടയ്ക്കുള്ള സമയമായതിനാല്‍ കര്‍ത്താവിന്റെ രണ്ടാമത്തെ വരവിന് പ്രാര്‍ഥനകളിലൂടെ വിശ്വാസികളെ ഒരുക്കുന്നു. അവസാന വിധിയെക്കുറിച്ചുള്ള ചിന്തകള്‍ ഇക്കാലഘട്ടത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ കര്‍ത്താവിന്റെ കരുണ യാചിച്ചുകൊണ്ടുള്ള പ്രാര്‍ഥനകളുമുണ്ട്.

വിശ്വാസവും പ്രാര്‍ഥനയും ആധ്യാത്മികവളര്‍ച്ചയ്ക്കുള്ള ഉപാധികളാണെന്ന് പ്രാര്‍ഥനകള്‍ നമ്മെ അനുസ്മരിപ്പിക്കുന്നു. ദൈവത്തിന്റെ സൃഷ്ടികള്‍ ‘ഞങ്ങള്‍ക്കരുളിടും അടയാളങ്ങ’ളാണ്. പ്രപഞ്ചം ദൈവത്തെ വെളിപ്പെടുത്തുന്നു. ‘സൃഷ്ടാവായ അങ്ങയെ കണ്ടെത്തി സ്തുതിക്കാനുള്ള ദൃശ്യ അടയാളങ്ങളായി സൃഷ്ടവസ്തുക്കളെ സ്ഥാപിച്ചിരിക്കുന്ന ദൈവമേ’ എന്ന് കൈത്താക്കാലത്തില്‍ പ്രാർഥിക്കുമ്പോള്‍ പ്രപഞ്ചം ദൈവത്തിലെത്താനുള്ള മാര്‍ഗമായി കാണണമെന്നാണ് നമ്മെ ഓര്‍മ്മപ്പെടുത്തുക.

കൈത്താക്കാല വെള്ളിയാഴ്ചകള്‍ അപ്പസ്‌തോലന്മാരുടെയും രക്തസാക്ഷികളുടെയും ഓര്‍മ്മ ആചരിക്കാന്‍ മാറ്റിവച്ചിരിക്കുന്നു. രക്തസാക്ഷികളുടെ ധീരതയും അവരുടെ മരണവുമാണ് സഭയുടെ എക്കാലത്തെയും കരുത്തും ചൈതന്യവും.

ഫാ. കുരിയാക്കോസ് മൂഞ്ഞേലി MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.