ഈസ്റ്റര്‍ ആചരണത്തിലെ ചില അടയാളങ്ങളും പ്രതീകങ്ങളും

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

‘തിരുനാളുകളുടെ തിരുനാള്‍’ എന്നാണ് ഉയിര്‍പ്പുതിരുനാള്‍ അറിയപ്പെടുന്നത്. യേശു മരണത്തിന്റെമേല്‍ വിജയം വരിച്ച് നമുക്ക് നിത്യജീവന്‍ നല്‍കിയതിന്റെ അനുസ്മരണദിനം കൂടിയാണ് ഈസ്റ്റര്‍. ലോകത്തെല്ലായിടത്തും വിവിധ ആഘോഷങ്ങളോടുകൂടി ആചരിക്കപ്പെടുന്ന ഒരു തിരുനാളുമാണിത്. ക്രിസ്തുമതത്തിനു പുറത്തും ക്രിസ്തീയസ്വാധീനമില്ലാത്ത സംസ്‌കാരങ്ങളിലും ഈസ്റ്ററുമായി ബന്ധപ്പെട്ട പല അനുഷ്ഠാനങ്ങളും നടത്തപ്പെടാറുണ്ട്. ഈസ്റ്റര്‍ എന്ന പേരിന്റെ ഉത്ഭവം, ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്ന വിധം, ഈ തിരുനാളുമായി ബന്ധപ്പെട്ട വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങളുടെ ഉത്ഭവവും അവയുടെ അര്‍ഥവുമൊക്കെ ചുരുക്കമായി വിവരിക്കുകയെന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

ഈസ്റ്റര്‍ എന്ന പേരിന്റെ ഉത്ഭവം

വിശുദ്ധ ഗ്രന്ഥത്തില്‍ ഒരിടത്തും ഈസ്റ്റര്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളതായി കാണുന്നില്ല. ‘പുനരുത്ഥാനം’ എന്ന വാക്കും ‘ഈസ്റ്റര്‍’ എന്ന വാക്കും ഭാഷാപരമായി ബന്ധമൊന്നുമില്ല. അഞ്ചാം നൂറ്റാണ്ടു മുതല്‍ ഏഴാം നൂറ്റാണ്ടു വരെ ഇംഗ്ലണ്ടിലേക്കു കുടിയേറിയ ജര്‍മ്മന്‍കാരായ സാക്‌സന്‍ വംശജരുടെ (Anglo – Saxson) ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് ജന്മമെടുത്തതാണ് ഈസ്റ്റര്‍ എന്ന ഇംഗ്ലീഷ് പദം. അവരുടെ ‘ഓസ്‌ട്രേ’ (Eostre) എന്ന വസന്തകാലദേവതയുടെ പേരില്‍ നിന്നാണ് ഈസ്റ്റര്‍ വരുന്നത്. ഗ്രീക്ക്, അറമായ, ലത്തീന്‍ ഭാഷകളില്‍ യേശുവിന്റെ പുനരുത്ഥാനത്തെ സൂചിപ്പിക്കാനായി ‘പാസ്‌ക’ (Pascha) എന്ന പദമാണ് ഉപയോഗിച്ചിരുന്നത്. അതുതന്നെയും ഹീബ്രുവില്‍ നിന്നും കടമെടുത്തതായിരുന്നു. മിക്ക ഓര്‍ത്തഡോക്‌സ് സഭകളില്‍ ഇന്നും ‘പാസ്‌ക’ എന്ന പദം തന്നെയാണ് യേശുവിന്റെ പുനരുത്ഥാനരഹസ്യങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നത്. വസന്തകാലത്ത് ആഘോഷിക്കപ്പെടുന്ന ഒരു തിരുനാളെന്ന നിലയില്‍, യേശുവിന്റെ മരണത്തില്‍ നിന്നും ജീവനിലേക്കുള്ള ‘ഉദയ’ത്തെ കാണിക്കുന്ന പദമെന്ന നിലയില്‍, ‘ഈസ്റ്റര്‍’ പെട്ടെന്നുതന്നെ ഒരു പ്രശസ്ത പദമായിത്തീര്‍ന്നു.

പല കാരണങ്ങളാല്‍ ഈസ്റ്റര്‍ ആഘോഷിച്ചിരുന്ന സമയം യേശുവിന്റെ ഉത്ഥാനത്തിന്റെ എല്ലാ അര്‍ഥതലങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു. പൂക്കള്‍ വിരിയുകയും മരങ്ങളും ചെടികളും പുതിയ ഇതളുകള്‍ വിടര്‍ത്തി ജീവന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്ന ‘പുഷ്പകാലം’ കൂടിയായിരുന്നു അത്. സൂര്യന്‍ വേണ്ടത്ര വെളിച്ചം തരാതെ മറഞ്ഞിരിക്കുന്ന ശീതകാലത്തില്‍ നിന്നും പ്രതീക്ഷയുടെയും പ്രത്യാശയുടെയും പുതുജീവന്റെയും പ്രകാശരശ്മികള്‍ വീശിക്കൊണ്ട് ‘നല്ല കാലം’ വരുന്ന സമയവുമാണ് ഈസ്റ്റര്‍ സമയം. നമ്മുടെ കര്‍ത്താവിന്റെ ഉയിര്‍പ്പുതിരുനാളായ ഈസ്റ്ററില്‍ ഈ അര്‍ഥങ്ങളെല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു.

ഈസ്റ്റര്‍ തീയതി

ക്രിസ്തുമസില്‍ നിന്നും വ്യത്യസ്തമായി ഈസ്റ്റര്‍ ദിനം ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീയതി നിശ്ചയിക്കുന്നത്? എന്തുകൊണ്ടാണ് ചില ഓര്‍ത്തഡോക്സ് സഭകള്‍ മറ്റു ക്രിസ്തീയവിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി വേറൊരു ദിവസം ഈസ്റ്റര്‍ ആഘോഷിക്കുന്നത്? പലരും മിക്കപ്പോഴും ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇവിടെ ചുരുക്കി വിവരിക്കാന്‍ ഉദ്ദേശിക്കുന്നത്.

ലോകത്തിലെ മിക്കവാറും എല്ലാ മതങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും അവരുടേതായ കലണ്ടറുകളുണ്ട്. എന്നാല്‍ എല്ലാവരും അംഗീകരിക്കുന്ന, ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന കലണ്ടറാണ് ഗ്രിഗോറിയന്‍ കലണ്ടര്‍. ഇതിനെ അടിസ്ഥാനമാക്കിയാണ് നാം ഈസ്റ്ററും മറ്റു തിരുനാളുകളും ആഘോഷിക്കുന്നത്. 1582-ല്‍ ഗ്രിഗറി 13-ാമന്‍ മാര്‍പാപ്പ അന്ന് ഏറ്റവും പ്രചാരത്തിലിരുന്ന ജൂലിയന്‍ കലണ്ടറില്‍ വലിയ ചില മാറ്റങ്ങള്‍ വരുത്തി. പിന്നീട് ചരിത്രത്തില്‍ ഈ കലണ്ടര്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജൂലിയസ് സീസര്‍ ബി.സി. 46-ല്‍ നടപ്പാക്കിയ കാലഗണനാരീതിയാണ് ജൂലിയന്‍ കലണ്ടര്‍ എന്നറിയപ്പെടുന്നത്. ഗ്രിഗറി മാര്‍പാപ്പ ഈ കലണ്ടറില്‍ വരുത്തിയ  മാറ്റങ്ങളില്‍ പ്രധാനം ഈസ്റ്റര്‍ ദിനം കണക്കാക്കുന്ന രീതിയാണ്. ഈസ്റ്റര്‍  ആചരണത്തെ സംബന്ധിച്ച് സഭയില്‍ ആദ്യമായുണ്ടായ ഒരു പൊതുനിര്‍ദേശം എ.ഡി. 325-ലെ നിഖ്യ സുന്നഹദോസിലുണ്ട്. ക്രിസ്ത്യാനി കളെല്ലാവരും, എല്ലായിടത്തും ഈസ്റ്റര്‍ ഒരേദിവസം ആചരിക്കണമെന്നതായിരുന്നു ആ നിര്‍ദേശം. ഗ്രിഗോറിയന്‍ കലണ്ടറിലെ മാറ്റത്തിന്റെ പ്രധാന ഉദ്ദേശം ആദിമസഭയിലെ ഈസ്റ്റര്‍ ആഘോഷസമയം തിരികെ കൊണ്ടുവരിക എന്നുകൂടിയായിരുന്നു.

എന്തുകൊണ്ടാണ് ഈസ്റ്റര്‍ ദിനം എല്ലാ വര്‍ഷവും മാറിവരുന്നത്? മാര്‍ച്ചുമാസത്തിലെ ആദ്യത്തെ അമാവാസിക്കു (full moon) ശേഷം വരുന്നതോ, ആദ്യത്തെ തുല്യദിനരാത്രികാലത്തിനു (രാവിനും പകലിനും ഒരേ ദൈര്‍ഘ്യം equinox) ശേഷം വരുന്നതോ ആയ ഞായറാഴ്ചയാണ് ഈസ്റ്റര്‍ ഞായര്‍. അങ്ങനെ കണക്കാക്കുമ്പോള്‍ മാര്‍ച്ച് 22-നും ഏപ്രില്‍ 26-നും ഇടയ്ക്കുള്ള ഒരു ഞായറാഴ്ചയായിരിക്കും ഈസ്റ്റര്‍. ജൂലിയന്‍ കലണ്ടര്‍ ഉപയോഗിക്കുന്ന ഓര്‍ത്തഡോക്‌സ് സഭകളില്‍ ഇത് ഏപ്രില്‍ 3-നും മെയ് 10-നും ഇടയിലുള്ള ഒരു ഞായറാഴ്ച ആയിരിക്കും ഈസ്റ്ററിന്റെ  തീയതിക്കനുസൃതമായി ഓശാന, പെസഹാ, ദുഃഖവെള്ളി, സ്വര്‍ഗാരോഹണം, പെന്തക്കുസ്താ തിരുനാളുകളും ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കും.  പാശ്ചാത്യരാജ്യങ്ങളിലെ കാലങ്ങളുടെ വ്യതിയാനമനുസരിച്ച് ഈ സമയം ഈസ്റ്റര്‍ തിരുനാളിന്റെ അർഥം ഏറ്റം പ്രകടമാകുന്ന സമയമാണ്. ഈസ്റ്റര്‍ ആരംഭിക്കുന്നതു മുതല്‍ രാത്രി കുറയുകയും പകലിന്റെ ദൈര്‍ഘ്യം കൂടുകയും ചെയ്യും. ഈസ്റ്റര്‍ അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്കും മരണത്തില്‍ നിന്നും  ജീവനിലേക്കുമുള്ള മാറ്റമാണെന്ന സന്ദേശവും നമുക്കു നല്കുന്നു.

1997-ല്‍ ആഗോളസഭാ കൂട്ടായ്മ (World council of Churches) എല്ലാ ക്രിസ്തീയസഭകളും ഒരേ ദിവസം ഈസ്റ്റര്‍ ആചരിക്കണമെന്ന് ആവശ്യപ്പെടുകയും അതിനുവേണ്ടുന്ന ചില പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതുപോലെ തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍ത്തഡോക്സ് സഭാതലവന്മാരുമായുള്ള കൂടിക്കാഴ്ചകളിലും രണ്ടു കൂട്ടര്‍ക്കും സ്വീകാര്യമായ ഒരു ഈസ്റ്റര്‍ ദിവസം കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നതായുള്ള വാര്‍ത്തകളുമുണ്ടായിരുന്നു. പക്ഷേ, പ്രായോഗികമായി മേല്പറഞ്ഞ കാര്യങ്ങളിലൊന്നും ഇതുവരെയും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

ചില ഈസ്റ്റർ ആചാരങ്ങൾ 

ഈസ്റ്റർ മുട്ടകള്‍: ചായം തേച്ച ഈസ്റ്റര്‍ മുട്ടകള്‍ വിതരണം ചെയ്യുന്നത് ഈസ്റ്റര്‍ ആചാരങ്ങളുടെ ഭാഗമായിട്ടാണ്. ജര്‍മ്മനിയിലാണ് ഇത് ആദ്യമായി തുടങ്ങിയതെന്നു പറയപ്പെടുന്നു. ക്രിസ്തീയസംസ്കാരം രുഢമൂലമാക്കുന്നതിനു മുന്‍പുതന്നെ യൂറോപ്പിലും പേര്‍ഷ്യയിലും മറ്റും ഇത്തരത്തിലുള്ള ആചാരങ്ങള്‍ നിലനിന്നിരുന്നു. മുട്ട ഫലസമൃദ്ധിയുടെയും ജീവന്റെയും പുനര്‍ജന്മത്തിന്റെയും പ്രതീകമായിട്ടാണ് കണക്കാക്കിയിരുന്നത്. പേര്‍ഷ്യന്‍ സംസ്കാരത്തില്‍ മുട്ട ചായമടിച്ചു  പ്രദര്‍ശിപ്പിക്കുന്നത്, വസന്തത്തിന്റെ വരവിനെ അറിയിക്കുന്ന ആഘോഷത്തിന്റെ ഭാഗമായിരുന്നു. ഇറാനിയന്‍ സംസ്കാരത്തില്‍ പുഷ്പകാലത്തെ വരവേല്‍ക്കുന്ന സമയത്ത് അമ്മമാര്‍ തന്റെ ഓരോ കുട്ടിക്കുംവേണ്ടി ഓരോ മുട്ട കഴിച്ചിരുന്നു.

ഈസ്റ്റര്‍ മുട്ടകളെ ചിലപ്പോഴൊക്കെ പെസഹാമുട്ടകള്‍ എന്നും വിളിക്കാറുണ്ട്. മുട്ടത്തോടു പോലെയുള്ള ആവരണത്തില്‍ മിഠായി നിറച്ചുനല്‍കുന്നതും ചോക്കലേറ്റുകൊണ്ട് മുട്ടയുണ്ടാക്കി നല്കുന്നതും ഇന്ന് പതിവായിട്ടുണ്ട്. 1878 മുതല്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസില്‍ ‘ഈസ്റ്റര്‍ മുട്ട കണ്ടുപിടിക്കുന്ന’ കളിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം കുട്ടികള്‍ എത്തിച്ചേരാറുണ്ട്. മധ്യകാലയുഗത്തിലെ യൂറോപ്യന്‍ പള്ളികളില്‍ ഇത്തരത്തിലുള്ള കളികള്‍ നിലനിന്നിരുന്നു. പള്ളിയിലെ രാത്രിയിലെ ആരാധനയ്ക്കുശേഷം അവിടെ കൂടിയിട്ടുള്ള കുട്ടികളുടെ ഇടയിലേക്ക് പുഴുങ്ങിയ മുട്ട എറിയുകയും അവര്‍ അത് പരസ്പരം കൈമാറി രാത്രി 12 മണി അടിക്കുമ്പോള്‍ ആരുടെ കൈയ്യില്‍ അതെത്തുന്നുവോ ആ കുട്ടിക്ക് അതു സമ്മാനമായി നല്‍കുകയും ചെയ്യും.

മുട്ട ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായത് നേരത്തേ പറഞ്ഞതുപോലെ  ജീവന്റെയും പുനര്‍ജന്മത്തിന്റെയും പ്രതീകം എന്ന നിലയിലാണ്. അതുകൊണ്ട്  യേശുവിന്റെ പുനരുത്ഥാനത്തിന്റെയും യേശുവില്‍ ലഭിക്കുന്ന പുതുജീവന്റെയും അടയാളമായി ഇതിനെ കണക്കാക്കാം. പല ഓര്‍ത്തഡോക്‌സ് സഭകളിലും മുട്ട ചായം തേച്ച് ഉപയോഗിക്കുന്ന പാരമ്പര്യവും ഉണ്ടായിരുന്നു. യേശു കുരിശില്‍ ചിന്തിയ രക്തത്തിന്റെ പ്രതീകമായിരുന്നു അത്. പിന്നീട് ഈ പാരമ്പര്യം യൂറോപ്പിലെ കത്തോലിക്കാ പ്രൊട്ടസ്റ്റന്റ് സഭകളില്‍ എത്തിച്ചേര്‍ന്നു.

ഓര്‍ത്തഡോക്സ് നോമ്പാചരണത്തിന്റെ ഭാഗമാണ് മത്സ്യവും മാംസവും മുട്ടയും നോമ്പുകാലത്തു വര്‍ജിക്കുകയെന്നത്. നോമ്പിന്റെ അവസാനം ധാരാളം മുട്ട ബാക്കിവരുന്നതിനാല്‍ അതു കൂടുതലായി കഴിക്കുകയെന്ന രീതിയും ഉണ്ടായിരുന്നു. ഇതുകൂടാതെ, പല പ്രാചീനസംസ്കാരങ്ങളിലും മൃതസംസ്കാര സമയത്ത് പുനര്‍ജന്മത്തിന്റെ പ്രതീകമായി മൃതശരീരത്തോടൊപ്പം മുട്ടയും വച്ച് അടയ്ക്കുന്ന രീതി പ്രചാരത്തിലിരുന്നു.

ഈസ്റ്റര്‍ മുയലുകള്‍: യൂറോപ്പില്‍ പ്രചാരത്തിലിരുന്ന പല നാടോടിക്കഥകളിലും ഈസ്റ്റര്‍ മുട്ടകള്‍ കുട്ടികള്‍ക്ക് എത്തിക്കുന്നത് ഈസ്റ്റര്‍ മുയലുകളാണ് (Easter bunny). കുട്ടികള്‍ നല്ലവരാണോ എന്നറിയുന്നതിനും ആ അറിവിന്റെ വെളിച്ചത്തില്‍ മുട്ടയും മിഠായികളും അടങ്ങിയ ബാസ്‌ക്കറ്റുകള്‍ അവര്‍ക്കു നല്കുന്നതിനുമായിട്ടാണ്  മുയലുകള്‍ വരുന്നത്.

മുയലുകള്‍ ഈസ്റ്റര്‍ കഥകളുടെ ഭാഗമാകാന്‍ പല കാരണങ്ങളുണ്ട്. മറ്റ് ഈസ്റ്റര്‍ പാരമ്പര്യങ്ങളെപ്പോലെ ഇതിന്റെയും ഉറവിടം ജര്‍മ്മനിയാണ്. 1680-ല്‍ ജോര്‍ജ് ഫ്രാങ്ക് എന്ന എഴുത്തുകാരന്‍ തന്റെ രചനകളില്‍ ഈ കഥകള്‍ അവിടെ നിലനിന്നിരുന്നതായി വിവരിക്കുന്നു. ഈസ്റ്റര്‍ സമയമാകുമ്പോള്‍ മുയലുകള്‍ കുട്ടികള്‍ക്കു കൊടുക്കാനുള്ള ചായം തേച്ച മുട്ടകളും മിഠായികളുമൊക്കെയായി വരുമെന്നും കുട്ടികളുടെ സ്വഭാവരീതിക്കനുസരിച്ച് അവ വിതരണം ചെയ്യുമെന്നും രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീട് യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ഈ ആചാരങ്ങള്‍ പെട്ടെന്ന് പ്രചരിച്ചു.

ജീവന്‍ സമൃദ്ധമായി ലഭിക്കുന്നതിന്റെ പ്രതീകമാണ് മുയലുകള്‍. ചിലയിനം മുയലുകള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ത്തന്നെ വീണ്ടും ഗര്‍ഭം ധരിക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ, യേശുവിന്റെ ഉയിര്‍പ്പില്‍ക്കൂടി ലഭിക്കുന്ന അനന്തമായ ജീവന്റെ അടയാളത്തിന്റെ പ്രതീകമായി മുയലിനെ കണ്ടവരുമുണ്ടാകാം. അക്കാലത്ത് മുയലിനെ ഒരു ദ്വിലിംഗജീവിയായി (hermophrodite) കണ്ടവരും ധാരാളം. അതിനാല്‍ കന്യകാത്വം നഷ്ടപ്പെടാതെ കുട്ടികളെ ജനിപ്പിക്കാന്‍ സാധിക്കുമെന്ന് ചിലരെങ്കിലും തെധരിച്ചിരുന്നു. ജര്‍മ്മനിയിലെ പാദര്‍ബോണ്‍ കത്തീഡ്രലിലും ഫ്രാന്‍സിലെ പ്രസിദ്ധമായ നോട്ടര്‍ഡാം കത്തീഡ്രലിലും മൂന്നു മുയലുകള്‍ ഒരുമിച്ചിരിക്കുന്ന രൂപങ്ങള്‍ ജനലിലും ഭിത്തിയിലും വരച്ചുവച്ചിട്ടുണ്ട്. പരിശുദ്ധ ത്രിത്വത്തെ സൂചിപ്പിക്കാനായിരിക്കാം അവര്‍ ഇപ്രകാരം ചെയ്തത്. ഇങ്ങനെ പലവിധമായ കാരണങ്ങളാല്‍ മുയലുകള്‍ ഈസ്റ്റര്‍ ആഘോഷത്തിന്റെ
ഭാഗമായിത്തീര്‍ന്നു.

കൂടുതല്‍ ഈസ്റ്റർ ആചാരങ്ങള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധങ്ങളായ ധാരാളം ഈസ്റ്റര്‍ ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സ്ഥലപരിമിതി മൂലം അവയെല്ലാം ഇവിടെ വിശദീകരിക്കുക പ്രയാസം.

1. ഈസ്റ്റര്‍ ഘോഷയാത്ര യൂറോപ്പിലും സൗത്ത് അമേരിക്കയിലും ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമാണ്. ട്രെയിനില്‍ വിവിധ വേഷങ്ങള്‍ ധരിച്ച്, പാട്ടും
പാടി ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കു പോവുകയും അവിടെയെത്തുമ്പോള്‍ ശൈത്യകാലം മരത്തെയും മഞ്ഞുമനുഷ്യനെയും കത്തിക്കുകയും ചെയ്യുന്ന രീതി യൂറോപ്പില്‍ പലയിടത്തുമുണ്ട്. ബ്രസീലില്‍ സാംബാ നൃത്തവുമായി കിലോമീറ്ററുകള്‍ നടന്നുനീങ്ങുന്ന ഘോഷയാത്ര ഈസ്റ്റര്‍ സമയത്ത്
നടത്താറുണ്ട്.

2. ഈസ്റ്റര്‍ മരമെന്ന പേരില്‍ ചായം തേച്ച മുട്ടത്തോടുകള്‍ കൊണ്ട് അലങ്കരിച്ച ഈസ്റ്റര്‍ മരങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും കാണാവുന്നതാണ്. ഇത് വീടുകളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും പട്ടണങ്ങളിലും ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലെല്ലാം ഇങ്ങനെ മരങ്ങള്‍ അലങ്കരിച്ചു വയ്ക്കാറുണ്ട്.

3. പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, സ്ലോവാക്യ, ഹംഗറി എന്നീ രാജ്യങ്ങളില്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഈസ്റ്റര്‍ സമയങ്ങളില്‍ വെള്ളം തളിച്ച് ‘വിശുദ്ധീകരിക്കാറുണ്ട്.’ അതുപോലെതന്നെ കളറുള്ള റിബണ്‍ കൊണ്ടുണ്ടാക്കിയ വടികൊണ്ട് അവരെ അടിക്കുകയും അങ്ങനെ അവര്‍ കൂടുതല്‍ സുന്ദരിമാരാവുകയും ചെയ്യുമെന്നും വിശ്വസിക്കപ്പെടുന്നു.

4. ഫ്രാന്‍സില്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ ഉയിര്‍പ്പു വരെയുള്ള ദിവസങ്ങളില്‍ പള്ളിമണികള്‍ മുഴങ്ങാറില്ല. എല്ലാ ഗ്രാമങ്ങളിലും പള്ളികളുള്ള രാജ്യമാണ് ഫ്രാന്‍സ്. പള്ളിമണികള്‍ നിശ്ശബ്ദമാകുന്നതെന്തിനെന്നുള്ള കുട്ടികളുടെ ചോദ്യത്തിന് അത് റോമില്‍ മാര്‍പ്പാപ്പയെ കï് അനുഗ്രഹം വാങ്ങാന്‍ പോയിരിക്കുകയാണെന്നാണ് മുതിര്‍ന്നവരുടെ ഉത്തരം. ഈസ്റ്റര്‍ ദിനത്തില്‍ പള്ളിമണി കേള്‍ക്കുമ്പോള്‍ എല്ലാ വരും സന്തോഷിക്കുകയും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്യും. ഇങ്ങനെയുള്ള പാരമ്പര്യങ്ങളും, ആചാരങ്ങളും, അനു ഷ്ഠാനങ്ങളും നമ്മുടെ തിരുനാളാഘോഷങ്ങളെ, സജീവ മാക്കി നിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുï്. ഈസ്റ്റര്‍ ജീവന്റെ വിജയത്തിന്റെ ആഘോഷമാണ്. അതിന്റെ ആന്തരിക അര്‍ത്ഥം നഷ്ടപ്പെടുത്തുന്ന അര്‍ത്ഥശൂന്യങ്ങളായ ആഘോഷങ്ങളെ നാം പ്രോത്സാ ഹിപ്പിക്കരുത്. അര്‍ത്ഥപൂര്‍ണ്ണമായ ഈസ്റ്റര്‍ ആഘോ ഷത്തിലൂടെ ഉത്ഥിതനായ ക്രിസ്തുവിന്റെ സജീവ സാന്നിൗ്യത്തെ നമ്മുടെ ഇടയില്‍ കൂടുതല്‍ വര്‍ത്തമാന മാക്കുന്നതിന് നമുക്കും ശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.