സുവിശേഷത്തിലെ, നീതിമാനായ മാർ യൗസേപ്പിനെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം രേഖപ്പെടുത്തുന്നു: “പിതൃഹൃദയത്തോടെ അദ്ദേഹം ഈശോയെ സ്നേഹിച്ചു. മിശിഹായുമായുള്ള ബന്ധത്തിൽ പിതാവായ ദൈവത്തിന്റെ, ഭൂമിയിലെ നിഴലായിരുന്നു യൗസേപ്പ്. അദ്ദേഹം ഈശോയെ പരിപാലിച്ചു, സംരക്ഷിച്ചു, ഒരിക്കലും തനിച്ചാക്കിയില്ല.” തന്റെ സ്വർഗീയമധ്യസ്ഥനായ മാർ യൗസേപ്പിൽ വിളങ്ങിയിരുന്ന ഈ ആത്മീയ ഗുണവിശേഷം മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ ജീവിതചര്യയിലും നിലപാടുകളിലും നമുക്കു കാണാൻ സാധിക്കും.
ദൈവഹിതത്താൽ ഭരമേൽപിക്കപ്പെട്ട തന്റെ അതിരൂപതയിലെ വിശ്വാസസമൂഹത്തിലെ മുഴുവൻ ആളുകളെയും പിതൃഹൃദയത്തോടെ സ്നേഹിച്ച അജപാലകനാണ് അഭിവന്ദ്യ പെരുന്തോട്ടം മാർ ജോസഫ് മെത്രാപ്പോലീത്ത. വന്ദ്യരായ പൂർവപിതാക്കന്മാർ അടിത്തറ പാകിയ സഭാത്മകബോധ്യങ്ങളിലും ദിശ കാട്ടിയ മാർഗത്തിലും പിതാവ് ചങ്ങനാശേരി അതിരൂപതയെ അചഞ്ചലമായി നിലനിർത്തി. മാർ യൗസേപ്പ് ഈശോയെ എന്നതുപോലെ പിതാവ് നമ്മുടെ അതിരൂപതയെ പരിപാലിച്ചു; സംരക്ഷിച്ചു. പിതൃഹൃദയത്തോടെ ചങ്ങനാശേരി അതിരൂപതയെയും നമ്മെ ഓരോരുത്തരെയും സ്നേഹിക്കുന്ന അഭിവന്ദ്യ പിതാവിനെപ്രതി, സ്വർഗത്തിലും ഭൂമിയിലുമുള്ള സകല പിതൃത്വങ്ങൾക്കും നാമകാരണമായ സ്വർഗീയപിതാവിനു നന്ദി.
അപ്പന്റെ സാന്നിധ്യം മക്കൾക്ക് സ്നേഹവും സ്വാതന്ത്ര്യവും പകരുന്നു. അഭിവന്ദ്യ പെരുന്തോട്ടം പിതാവിനെ സന്ദർശിക്കുമ്പോഴും പിതാവ് നമ്മെ കാണാൻവരുമ്പോഴും ഔപചാരികതയുടെ മുന്നൊരുക്കങ്ങൾ ആവശ്യമില്ലാത്തയത്ര ഒരു അടുപ്പം നമുക്ക് എപ്പോഴും അനുഭവപ്പെടാറുണ്ട്. പിതാവ് എങ്ങനെ പെരുമാറുമെന്നോ, എങ്ങനെ അദ്ദേഹത്തെ സ്വീകരിക്കണമെന്നോ ഉള്ള ആശങ്കകൾക്ക് ഒരിക്കലും ഇടനൽകാത്തവിധമാണ് പിതാവിന്റെ പെരുമാറ്റശൈലി. സ്ഥാനഭേദമോ, പ്രായഭേദമോ ഇല്ലാതെ ആർക്കും സ്വാതന്ത്ര്യത്തോടെയും സ്നേഹത്തോടെയും തന്നോട് ഇടപെടാൻ അദ്ദേഹം നമുക്ക് അവസരമൊരുക്കി. ഔപചാരികതകളുടെ നിർബന്ധങ്ങളോ, അധികാരത്തിന്റെ ഉയരമോ കാട്ടാതെ സ്നേഹത്തിന്റെ കരുതലും എളിമയുടെ ലാളിത്യവും അതിന്റെ സ്വാഭാവികതയിൽ നാം പിതാവിൽ തെളിഞ്ഞുകണ്ടു.
കുടുംബത്തിന്റെ അന്തസ്സും ലഭിച്ച പിതൃഭാഗധേയങ്ങളും നഷ്ടപ്പെടുത്താതെയും അന്യാധീനപ്പെടാതെയും വിവേകത്തോടെ പരിപാലിക്കുകയും ശ്രദ്ധാപൂർവം തലമുറകൾക്കു കൈമാറുകയും ചെയ്യുന്നവനാണ് നല്ല അപ്പൻ. പെരുന്തോട്ടം മെത്രാപ്പോലീത്ത സഭയുടെ, പ്രത്യേകമായി സഭയുടെ പ്രാദേശികപതിപ്പായ നമ്മുടെ അതിരൂപതാ കുടുംബത്തിന്റെ അന്തസ്സിനും അതിന്റെ പൈതൃകങ്ങൾക്കും നല്ലൊരു കാവൽക്കാരനായിരുന്നു. ആ ചുമതലയിൽ ഒട്ടും കുറവ് വരാതിരിക്കാൻ പിതാവ് ജാഗ്രത പാലിച്ചു. ഒരു മേൽപ്പട്ടക്കാരന്റെ ചുമതല, തനിക്ക് ഏൽപിക്കപ്പെട്ടിരിക്കുന്ന ജനത്തിന്റെ വിശ്വാസവും അതിന്റെ ആഘോഷമായ പരിശുദ്ധ ആരാധനക്രമവും ആരാധനക്രമത്തിന് അനുസൃതമായ ജീവിതക്രമവും പാലിക്കാൻ അവരെ നിരന്തരം പരിശീലിപ്പിക്കുക എന്നതാണ്. ഇക്കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തിയ ഒരു അജപാലകനാണ് നമ്മുടെ പിതാവ് എന്ന് ആർക്കും പറയാൻ കഴിയും.
മാതൃസഭയുടെ വിശ്വാസബോധ്യങ്ങളെ എന്നും അദ്ദേഹം ഉയർത്തിപ്പിടിച്ചു. എവിടെയെങ്കിലും അതിന് ഇളക്കം തട്ടുന്നുണ്ടെന്നു തോന്നിയപ്പോഴൊക്കെ പ്രവാചകതീക്ഷ്ണതയോടെ തിരുത്തി. നമ്മുടെ സഭയുടെ ആരാധനക്രമത്തിന്റെ പുനരുദ്ധാരണത്തിലും അതിന്റെ ശരിയായ പരികർമത്തിലും തദനുസൃതമായ ജീവിതക്രമപാലനത്തിലും അദ്ദേഹം എന്നും നമുക്ക് മാർഗദീപമാണ്. വാക്കുകളിലൂടെ എന്നതിനെക്കാൾ താപസതുല്യമായ ജീവിതചര്യയിലൂടെയാണ് അദ്ദേഹം നമുക്ക് വഴികാട്ടി ആകുന്നത്.
കുടുംബാംഗങ്ങളെ ചേർത്തുപിടിച്ചു സംരക്ഷിക്കുന്ന സ്നേഹമാണ് അപ്പൻ. ഒരു പിതാവിന്റെ വാത്സല്യത്തോടെയും ജാഗ്രതയോടെയും അതിരൂപതാ കുടുംബത്തെ ഒരുമിപ്പിച്ചുനിർത്താൻ പിതാവ് എപ്പോഴും ശ്രദ്ധിച്ചു. അതിരൂപതയുടെ സുപ്രധാന സമ്മേളനവേദികളിലെല്ലാം ‘അതിരൂപതയിൽ നാം ഒരു കുടുംബം’ എന്ന് എപ്പോഴും വളരെ ഹൃദ്യമായി പറയാറുള്ള പിതാവ്, ആ വാക്കുകളുടെ ചൈതന്യം ഏവർക്കും അനുഭവവേദ്യമാകുംവിധം അതിരൂപതയിലെ വൈദികരുടെയും സമർപ്പിതരുടെയും അൽമായരുടെയും ഒരുമിച്ചുള്ള അജപാലനശുശ്രൂഷകളെ എന്നും പ്രോൽസാഹിപ്പിച്ചു. ഒരുമിച്ചുള്ള യാത്രയിൽ അവഗണിക്കപ്പെടാനും പിന്നിലായിപ്പോകാനും സാധ്യതയുള്ളവരെ, അടുത്തും അകലെയുമുള്ളവരെ, പ്രത്യേകം ശ്രദ്ധിച്ചു. കൂടെ നടന്നുകൊണ്ട്, ഒരുമിച്ചുനടക്കുന്നതിന്റെ നന്മയും സാക്ഷ്യമൂല്യവും പിതാവ് നമ്മെ പഠിപ്പിച്ചു. തന്റെ ഒരു ഇടപെടലും പ്രതികരണവും ആർക്കും വേദന ഉളവാക്കുന്നതാകാതിരിക്കാൻ സ്നേഹത്തോടെ ജാഗ്രത പുലർത്തി. സ്വന്തം സങ്കടങ്ങളും ആവശ്യങ്ങളും നല്ലിടയനായ മിശിഹായെ ഏൽപിച്ച് നമ്മുടെ ആവശ്യങ്ങളിലെല്ലാം മുൻഗണനകൾ നോക്കാതെ ത്യാഗപൂർവം ഓടിയെത്തി. മറുവാക്ക് പറഞ്ഞോ, താഴ്ത്തിക്കെട്ടിയോ ആരുടെയും മുന്നിൽ വലുതാകാൻ പിതാവ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നുമാത്രമല്ല, തനിക്കുവേണ്ടി ന്യായവാദങ്ങൾ ഉയർത്താമായിരുന്ന പല സന്ദർഭങ്ങളിലും പിതാവ് മൗനപാലനത്തിന്റെ മിശിഹാമാർഗത്തിൽ ഹൃദയം ചേർത്തു. മുൻവിധികളില്ലാതെ നിഷ്കളങ്കതയോടെ എല്ലാവരെയും കേട്ടു; എല്ലാവരെയും ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അങ്ങനെ ഒരു നല്ല ഇടയനായി നമ്മുടെ ഈ അതിരൂപതാ കുടുംബത്തെ പിതാവ് ഒരേ ആലയിൽ ചേർത്തുനിർത്തി.
അപ്പനെക്കുറിച്ച് അഭിമാനിക്കാൻ കഴിയുക – നന്ദിയോടെ ഓർക്കാൻ കഴിയുക – എന്നത് മക്കൾക്കു ലഭിക്കുന്ന പുണ്യമാണ്. നമ്മുടെ പിതാവും മേലധ്യക്ഷനുമായിരുന്ന അഭിവന്ദ്യ പെരുന്തോട്ടം മെത്രാപ്പോലീത്തയെക്കുറിച്ച് നമുക്ക് അഭിമാനിക്കാം. കാരണം പിതാവ്, തന്റെ വാക്കുകളിലെ സഭാസ്നേഹത്തിന് ജീവിതംകൊണ്ട് അടിവരയിട്ട് ആധികാരികത നല്കിയ ആത്മീയനേതാവാണ്; തന്റെ നിയോഗങ്ങൾക്ക് ഭൗതികാവശ്യങ്ങളെക്കാൾ പ്രാധാന്യം കൊടുത്ത താപസതുല്യനാണ്. ജീവിക്കുകയെന്നാൽ സഭയോടൊത്തു ചിന്തിക്കുകയും പ്രവർത്തിക്കുകയുമാണെന്നു കാട്ടിത്തന്ന വിശ്വസ്തനായ മേൽപ്പട്ടക്കാരനാണ്. ആ പിതാവിനെ അഭിമാനത്തോടും നന്ദിയോടുംകൂടി മാത്രമേ നമുക്ക് ഓർക്കാൻ കഴിയൂ. പിതൃഹൃദയത്തോടെ, സ്വർഗീയപിതാവിന്റെ ഭൂമിയിലെ നിഴലായി നമ്മെ സ്നേഹിച്ച, പരിപാലിച്ച, നയിച്ച ഉത്തമ അജപാലകനായ പിതാവിന് അഭിമാനത്തോടെ നന്ദിയർപ്പിക്കുന്നു. പിതാവിനുവേണ്ടി സ്വർഗീയപിതാവിനോടു പ്രാർഥിക്കുന്നു.