കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ: നാം അറിഞ്ഞിരിക്കേണ്ടത്

സുനിഷ വി.എഫ്

പ്രായപൂർത്തിയാകാത്തവരെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നതിന്റെ തോത് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തെ നാം അങ്ങേയറ്റം ഗൗരവത്തോടെ സമീപിക്കണം. നാളെ നമ്മുടെ മക്കളുടെ പേരും ഇക്കൂട്ടത്തിൽ എഴുതപ്പെടാനുള്ള സാധ്യത വിദൂരമല്ലെന്നുള്ള ബോധ്യത്തോടെ ഉണർന്ന് ജാഗരൂകതയോടെ പ്രവർത്തിക്കുക. ഈ വിഷയത്തെക്കുറിച്ചുള്ള സമഗ്രലേഖനം.

‘മായി’ എന്നും ‘അമ്മ’ എന്നും ആ പൊന്നോമന അവളുടെ അമ്മയെ പലതവണ കൊഞ്ചിക്കൊഞ്ചി വിളിച്ചിട്ടുണ്ടാകും. പിറന്ന നാടിന്റെ സ്നേഹവായ്പ്പിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കെത്തിയപ്പോൾ അവളുടെ കുഞ്ഞുകണ്ണുകൾക്കും തെളിമയാർന്ന മനസ്സിനും കേരളത്തിന്റെ പച്ചപ്പും നന്മയും ഒരുപോലെ മിഴിവേകിയിട്ടുണ്ടാകും. പ്രവാസജീവിതത്തിൽ തങ്ങളുടെ കുഞ്ഞോമനയ്ക്ക് ഇതുപോലെ ദാരുണമായൊരു അന്ത്യം ആ മാതാപിതാക്കൾ സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. മലയാളമണ്ണിൽ അലിഞ്ഞുചേർന്ന അഞ്ചുവയസ്സുകാരി കേരളക്കരയ്ക്ക് നൊമ്പരപ്പൂവായി മാറിയ ഏറ്റവും പുതിയ കൊലപാതകമാണ്.

ആലുവയിലെ തായിക്കാട്ടുകരയിൽ നിന്നും ചാക്കിൽകെട്ടിയ നിലയിൽ ലഭിച്ച അഞ്ചുവയസ്സുകാരിയുടെ മൃതശരീരത്തിൽ നടത്തിയ പരിശോധനകൾ സൂചിപ്പിച്ചത്, അവൾ ക്രൂരമായ ലൈംഗീകാതിക്രമങ്ങൾക്ക് വിധേയയായി എന്നതാണ്. മേലാകെ ഗുരുതരമുറിവുകൾ ഉണ്ടെന്നുള്ളതാണ് ആദ്യ പരിശോധനാഫലം. ചാന്ദ്‌നി ഏറ്റവും പുതിയ വാർത്ത മാത്രമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും വാർത്ത ഇതാദ്യമല്ല എന്നതാണ് നാം ഓർമ്മിക്കേണ്ടത്.

പയ്യന്നൂരിൽ തെരുവിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഏഴുവയസ്സുള്ള കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം നാം അറിഞ്ഞതാണ്. എടപ്പാളിലെ തിയേറ്ററിൽ അതിലും വിചിത്രമായ സംഭവം അരങ്ങേറിയ വാർത്തയും കേരളം കണ്ടതാണ്. ആഡംബര കാറിലെത്തിയ മനുഷ്യൻ സ്ത്രീയോടും കുട്ടിയോടുമൊപ്പം സിനിമ കാണാൻ വന്നിരുന്ന് മുഴുവൻ സമയവും ലൈംഗീകവൈകൃതത്തിൽ ഏർപ്പെട്ടു. കുട്ടിയെ ഉപദ്രവിക്കാൻ വിട്ടുകൊടുത്തത് അമ്മ. ചേർത്തലയിൽ എട്ടുവയസ്സുകാരിക്കുനേരെ ലൈംഗീകാതിക്രമത്തിന് ശ്രമംനടത്തിയ പ്രതിക്ക് 18 വർഷം തടവും മൂന്നര ലക്ഷം രൂപ പിഴയും വിധിച്ച സംഭവവും പ്രബുദ്ധകേരളത്തിൽ നടന്നതാണ്.

കാസർഗോട് ജില്ലയിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും, അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ, കലവൂരിൽ ആറാം ക്‌ളാസ് വിദ്യാർഥിനിയെ ലൈംഗീകമായി ഉപദ്രവിച്ച വിമുക്തഭടനെ അറസ്റ്റ് ചെയ്തു. ചാന്ദ്നിയുടെ വാർത്തയ്‌ക്കൊപ്പം ചേർത്തുവയ്ക്കാവുന്ന അനേകം കേസുകളിൽ ചിലതുമാത്രമാണ് ഇവയെല്ലാം.

മുകളിൽ വിവരിച്ചത്തിൽ ഒട്ടുമിക്കതും കഴിഞ്ഞ മൂന്നുമാസങ്ങളിൽ വിവിധ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളാണ്.

പ്രായപൂർത്തിയാകാത്തവരെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നതിന്റെ തോത് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തെ നാം അങ്ങേയറ്റം ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്. 18 വയസ്സിനു താഴെ ലൈംഗീകാതിക്രമങ്ങൾക്ക് ഇരയാകുന്നവരിൽ മൂന്നിൽ രണ്ടു പേരും 12-നും 17-നുമിടയിൽ പ്രായമുള്ളവരാണ്. അതുപോലെ തന്നെ പ്രായപൂർത്തിയാകാത്തവരിൽ 9 പെൺകുട്ടികളിൽ ഒരാളും 20 ആൺകുട്ടികളിൽ ഒരാൾ വീതവും ലൈംഗീകാതിക്രമങ്ങൾക്ക് വിധേയരാവുകയും ചെയ്യുന്നുണ്ടെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. 18 വയസ്സിനു താഴെയുള്ള ഇരകളിൽ 82 ശതമാനവും പെൺകുട്ടികളാണെന്നുള്ളത് ഒഴിച്ചുകൂടാനാകാത്ത സത്യമാണ്.(https://www.rainn.org/statistics/children-and-teens)

കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങൾ ദീർഘകാലം നിലനിൽക്കുകയും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ദുരുപയോഗം ചെയ്യപ്പെട്ട കുട്ടികൾക്ക് പലവിധത്തിലുള്ള മാനസികവൈകല്യങ്ങൾ ഉണ്ടാകുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഇവരിൽ മയക്കുമരുന്ന് ദുരുപയോഗത്തിന്റെ സാധ്യത ഏകദേശം നാലു മടങ്ങ് കൂടുതലാണ് എന്നാണ് പഠനങ്ങള്‍. മുതിർന്നുകഴിയുമ്പോൾ ഇക്കൂട്ടരിൽ വിഷാദരോഗത്തിനുള്ള സാധ്യത മൂന്നു മടങ്ങും കൂടുതലാണ്.

കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്ന കുറ്റവാളികൾ പലപ്പോഴും ഇരയുമായി ബന്ധപ്പെട്ടിരിക്കുന്നു. 93% കുട്ടികൾക്കും കുറ്റവാളിയെ അറിയാമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇവരിൽ 59% കുറ്റവാളികളും പരിചയക്കാരും 34% കുടുംബാംഗങ്ങളും 7% അപരിചിതരുമാണ്. ലൈംഗീകദുരുപയോഗത്തിന്റെ 88 ശതമാനത്തിലും കുറ്റവാളി പുരുഷനാണെന്നു സാധൂകരിക്കുകയോ, പിന്തുണയ്ക്കുന്ന തെളിവുകൾ കണ്ടെത്തുകയോ ചെയ്യുന്നു. 9% കേസുകളിൽ സ്ത്രീകളാണ് കുറ്റവാളികള്‍.

എന്തുകൊണ്ട് സ്ത്രീകളും കുട്ടികളും?

ലൈംഗീകമായി പീഡിപ്പിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും കുട്ടികളാകുന്നതിന്റെ പ്രധാന കാരണം, അവര്‍ ഏറ്റവും ദുർബലരാണ് എന്നതുതന്നെയാണ്. മറ്റു കാരണങ്ങള്‍:

● പീഡിപ്പിക്കുന്നവരുടെ മാനസികവൈകൃതം
● പീഡിപ്പിക്കുന്നവരുടെ അമിതമായ ലൈംഗീകആഗ്രഹം
● പീഡിപ്പിക്കുന്നവരുടെ യാഥാര്‍ഥ്യബോധമില്ലായ്മ
● പീഡിപ്പിക്കുന്നവരുടെ സ്വന്തം സന്തോഷത്തിനായി മറ്റൊരാളെ വേദനിപ്പിക്കുന്ന സ്വഭാവം.

ബാഹ്യസ്വാധീനങ്ങൾ

സമൂഹത്തിൽ അവർ കാണുന്നതോ, കേൾക്കുന്നതോ ആയ സന്ദേശങ്ങൾ ഇക്കൂട്ടരെ സ്വാധീനിക്കുന്നുണ്ട്. പലപ്പോഴും സമൂഹമാധ്യമങ്ങളിൽ സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗീകവസ്തുക്കളായി അവതരിപ്പിക്കുന്നത്‌ അവരെ സ്വാധീനിക്കുന്നു. അതുപോലെതന്നെ സമൂഹം, ദുരുപയോഗത്തിന് ഇരകളായവരോട്  സംശയത്തോടെ പെരുമാറുന്നതും പീഡിപ്പിക്കുന്നവരെ സ്വാധീനിക്കുന്നു. അതിനാൽത്തന്നെ ഇത് ദുരുപയോഗം ചെയ്യുന്നവർക്ക്, അതിൽനിന്ന് രക്ഷപെടാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസം നൽകുന്നു. ചുരുക്കത്തിൽ, ഒരുവശത്ത് സമൂഹം ലൈംഗീകാതിക്രമങ്ങളെ എതിർക്കുന്നെങ്കിലും മറുവശത്ത് അതിലെ നിയമ-ശിക്ഷാനടപടികൾ ദുര്‍ബലമാകുന്നത് ഇത്തരക്കാർക്ക് ഒരു വളമായി മാറുന്നുണ്ട്.

പ്രായപൂർത്തിയായവരെ ബലാത്സംഗം ചെയൂന്നത് കൂടുതൽ ഗണ്യമായ അനുപാതത്തിൽ നമ്മുടെ സമൂഹം പരിഗണിക്കുകയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരികയും ചെയ്യാറുണ്ട്. എന്നാൽ കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നത് അതിനേക്കാൾ പ്രാധന്യത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. നമ്മുടെ സമൂഹത്തിന്റെ സ്വസ്ഥമായ നിലനിൽപ്പിനെ ബാധിക്കുന്ന ഒരു കാര്യമാണിതെന്ന പൂർണ്ണബോധ്യം ഗവണ്മെന്റിന്റെയും പൗരന്മാരുടെയും ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. ഇവിടെയുള്ള ഒരേയൊരു വ്യത്യാസം, തങ്ങൾ ലൈംഗീകമായി ദുരുപയോഗം ചെയ്യപ്പെട്ടതായി മിക്ക സമയത്തും കുട്ടികൾ അറിയുന്നില്ല അല്ലെങ്കിൽ മാതാപിതാക്കളെ അറിയിക്കാൻ അവർ ഭയപ്പെടുന്നു എന്നതാണ്. ചിലർ സ്വകാര്യതയെ ഭയപ്പെടുന്നു.

ഇന്ത്യയില്‍ കുട്ടികൾക്കെതിരായ ലൈംഗീകാതിക്രമം തടയാൻ 2012-ൽ സർക്കാർ പോക്സോ നിയമം തയാറാക്കിയിരുന്നു. ഇപ്പോൾ ഈ നിയമം നടപ്പിലാക്കുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും വികസനമന്ത്രാലയമാണ്. കുട്ടികൾക്കെതിരായ ലൈംഗീകാതിക്രമം ഇല്ലാതാക്കുന്നതിനും ലൈംഗീകാതിക്രമത്തെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനും ഇത് പ്രാധാന്യം കൊടുത്തുവരുന്നു.

2012-ൽ പോക്‌സോ നിയമം വന്നിരുന്നെങ്കിലും ഈ സാമൂഹികവിപത്തിനെ തടയുന്നതിന് അത്തരം നിയമങ്ങളുടെയും നയങ്ങളുടെയും കര്‍ശനമായ നടപ്പാക്കൽ ആവശ്യമാണ്. നിയമസാധുത ഉണ്ടെങ്കിൽപ്പോലും പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതായി വിദഗ്ധർ പറയുന്നു. ഈ നിയമത്തിലെ സാധ്യതകളെക്കുറിച്ച് പൊതുജനങ്ങളെയും കുട്ടികളെയും അവരുടെ മാതാപിതാക്കളെയും രക്ഷിതാക്കളെയും ബോധവാന്മാരാക്കുന്നതിന് കൃത്യമായ ഇടവേളകളിൽ ടെലിവിഷൻ, റേഡിയോ, അച്ചടിമാധ്യമങ്ങൾ എന്നിവയുൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ ബോധവൽക്കരണം നടത്തുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ട്. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് (എൻ സി പി സി ആർ), സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് (എസ്‌ സി‌ പി‌ സി‌ ആർ) എന്നീ കമ്മീഷനുകളാണ് ഈ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച നിയുക്ത അധികാരികൾ.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിലവിൽ നിരവധി ഘടകങ്ങളുണ്ട്.

1. ലൈംഗീകത ചർച്ച ചെയ്യുന്നതിനുള്ള വിമുഖത

കുട്ടികൾ ലൈംഗീകാതിക്രമത്തിന് ഇരകളാകുന്നതിന്റെ ഏറ്റവും വലിയ കാരണം ഇതാണ്. ലൈംഗീകതയെക്കുറിച്ചു സംസാരിക്കാൻ പൊതുവെ സമൂഹത്തിനു വിമുഖതയുണ്ട്; പ്രത്യേകിച്ച് കുട്ടികളുമായി. അറിവിന്റെയും അധ്യാപനത്തിന്റെയും അഭാവവും ആരോഗ്യകരമായ അന്തരീക്ഷവുമില്ലാതെ വരുമ്പോള്‍ കുട്ടികളും മുതിർന്നവരും അപകടസാധ്യതകളുടെ അന്ധകാരത്തിലാണ്.

2. ലിംഗാധിഷ്ഠിത അക്രമത്തോടുള്ള സഹിഷ്ണുത

ലിംഗാധിഷ്ഠിത അക്രമങ്ങളെ ചില സാഹചര്യങ്ങളില്‍ ന്യായീകരിക്കുന്നതിനും സഹിഷ്ണുത കാണിക്കുന്നതിനുമുള്ള ഒരു അജ്ഞതയുടെ ഒരു തലവും തുടക്കം മുതൽ തന്നെ ഇന്ത്യയിലുണ്ട്. കുട്ടികളും സ്ത്രീകളും അവരുടെ ധാർമ്മികപരിധികൾ ലംഘിക്കുന്നതുകൊണ്ടാണ് അത്തരം ദുരുപയോഗത്തിന് ഇരയാകുന്നത് എന്ന കാഴ്ചപ്പാടിലാണ് പലപ്പോഴും നമ്മുടെ സമൂഹം.

3. കുട്ടികളേക്കാൾ മുതിർന്നവരിലുള്ള വിശ്വാസം

കുട്ടികളിൽ പലരും കുടുംബാംഗങ്ങളാൽതന്നെ പീഡനത്തിന് ഇരകളാകാറുണ്ട്. കുടുംബത്തിലെ മുതിർന്ന ഒരാൾക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് അംഗീകരിക്കാൻ വീട്ടുകാരും സമൂഹവും തയാറല്ലാത്തതിനാൽ പലപ്പോഴും അക്രമത്തിന്റെയും ദുരുപയോഗത്തിന്റെയും കേസുകൾ കുടുംബങ്ങളിൽ വച്ചുതന്നെ അവസാനിക്കുന്നു. കുട്ടി നുണ പറയുകയോ അല്ലെങ്കിൽ തെറ്റിധരിച്ച് കാര്യങ്ങളെ വിവരിക്കുകയുമാണെന്നാണ് പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മുതിർന്നവർ വിചാരിക്കുന്നത്.

ഇന്ത്യയിലെ ലൈംഗീകാതിക്രമങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ

13 വ്യത്യസ്ത സംസ്ഥാനങ്ങളിലെ കുടുംബാന്തരീക്ഷത്തിലെ കുട്ടികൾ, സ്കൂളുകളിലെ കുട്ടികൾ, സ്ഥാപനങ്ങളിലെ കുട്ടികൾ, ജോലിസ്ഥലത്തെ കുട്ടികൾ, തെരുവുകുട്ടികൾ എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളിലായി 12,447 കുട്ടികൾക്കായി ഒരു ചോദ്യാവലി നൽകി. ഈ സർവേയിലെ (https://www.legalserviceindia.com/legal/article-4985-child-sexual-abuse-in-india.html) പ്രധാന കണ്ടെത്തലുകൾ ഇവയായിരുന്നു:

പ്രതികരിച്ചവരിൽ 53.22% പേർ ഒന്നോ, അതിലധികമോ തരത്തിലുള്ള ലൈംഗീകാതിക്രമങ്ങൾ നേരിട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരിൽ 52.94% ആൺകുട്ടികളും 47.06% പെൺകുട്ടികളുമാണ്.

ഒന്നോ, അതിലധികമോ രൂപങ്ങളിൽ ലൈംഗീകാതിക്രമം റിപ്പോർട്ട് ചെയ്യുന്ന കുട്ടികളുടെ പ്രായംതിരിച്ചുള്ള കണക്ക് കാണിക്കുന്നത്, അഞ്ചു വയസ്സുള്ളപ്പോൾ പീഡനം ആരംഭിച്ചെങ്കിലും 10 വർഷം മുതൽ അത് ശക്തിപ്രാപിക്കുകയും 12 മുതൽ 15 വയസ്സ് വരെ എത്തുകയും പിന്നീട് കുറയാൻ തുടങ്ങുകയും ചെയ്തു എന്നാണ്. ഇതിന് അർഥം, കൗമാരപ്രായത്തിലുള്ള കുട്ടികളാണ് ഏറ്റവും ദുർബലരായിരിക്കുന്നതും ഏറ്റവും കൂടുതൽ ലൈംഗീകാതിക്രമങ്ങൾക്ക് വിധേയരാകുകയും ചെയ്യുന്നത് എന്നതാണ്. പൊതുധാരണയ്ക്കു വിരുദ്ധമായി, ആൺകുട്ടികളുടെ മൊത്തത്തിലുള്ള ശതമാനം പെൺകുട്ടികളേക്കാൾ വളരെ കൂടുതലാണ് എന്നതാണ് പ്രധാന കണ്ടെത്തൽ. വാസ്തവത്തിൽ 13-ൽ 9 സംസ്ഥാനങ്ങളും പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികൾക്കിടയിലെ ലൈംഗീകാതിക്രമത്തിന്റെ ഉയർന്ന ശതമാനം റിപ്പോർട്ട് ചെയ്തു. ഡൽഹി പോലുള്ള സംസ്ഥാനങ്ങൾ 65.64% റിപ്പോർട്ട് ചെയ്യുന്നു. ആകെ കുട്ടികളിൽ പ്രതികരിച്ചവരിൽ 20.90% പേർ കടുത്ത ലൈംഗീകാതിക്രമത്തിന് വിധേയരായിരുന്നു. ഇതിൽ 57.30% ആൺകുട്ടികളും 42.70% പെൺകുട്ടികളുമാണ്.

76% കുട്ടികൾ മറ്റുതരത്തിലുള്ള ലൈംഗീകാതിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. ഇതിൽ 53.07% ആൺകുട്ടികളും 46.93% പെൺകുട്ടികളുമാണ്. ആൺകുട്ടികളിലും പെൺകുട്ടികളിലും ഏറ്റവുമധികം ലൈംഗീകാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് അസമിലാണ്. അസമിൽ നിന്നുള്ള 62.55% ആൺകുട്ടികളും 51.19% പെൺകുട്ടികളും ഒന്നോ, അതിലധികമോ തരത്തിലുള്ള ലൈംഗീകാതിക്രമങ്ങൾ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട് ചെയ്തു. ഇത് 13 സാമ്പിൾ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്നതാണ്.

രാജ്യത്തുടനീളം, ഓരോ രണ്ടാമത്തെ കുട്ടിയും മറ്റുതരത്തിലുള്ള ലൈംഗീകാതിക്രമങ്ങൾക്ക് വിധേയരാകുന്നു. കൂടാതെ, ഓരോ അഞ്ചാമത്തെ കുട്ടിയും കടുത്ത ലൈംഗീകാതിക്രമം നേരിടുന്നു എന്നും പഠനം കണ്ടെത്തുന്നു.

തെരുവിലെ കുട്ടികൾ, ജോലിസ്ഥലത്തെ കുട്ടികൾ, ഏതെങ്കിലും സ്ഥാപനസംരക്ഷണത്തിലുള്ള കുട്ടികൾ എന്നിവരിൽ ഏറ്റവും കൂടുതൽ ലൈംഗീകാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 77% കുട്ടികളും ഇക്കാര്യം ആരെയും അറിയിച്ചില്ല. 50% ദുരുപയോഗം ചെയ്യുന്നത് കുട്ടിക്ക് അറിയാവുന്നവരോ അല്ലെങ്കിൽ വിശ്വാസവും ഉത്തരവാദിത്വവുമുള്ള സ്ഥാനത്തുള്ളവരോ ആണ്.

സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നത്, ഉയർന്ന ശതമാനം ആൺകുട്ടികളും ലൈംഗീകാതിക്രമത്തിന് വിധേയരാണെന്നും മിക്ക കുട്ടികളും അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾ, അവർക്കറിയാവുന്ന ആളുകൾ അല്ലെങ്കിൽ വിശ്വാസവും അധികാരവുമുള്ള ആളുകള്‍ എന്നിവരാല്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നുമാണ്. കുടുംബത്തിലുള്ളവർ തന്നെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടുതലാണ്. അത് കുട്ടിയെ കൂടുതൽ മാനസിക ആഘാതത്തിലേക്കു നയിക്കുന്നു.

കുട്ടികളോടും മാതാപിതാക്കളോടും

കുട്ടികൾക്കുനേരെയുള്ള ലൈംഗീക അതിക്രമത്തെക്കുറിച്ച് (Child sexual abuse – CSA) സംസാരിക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഇത് എങ്ങനെ സംഭവിക്കുന്നെന്നോ, എങ്ങനെ തടയണമെന്നോ ആർക്കും ഒരു ധാരണയില്ല. എങ്ങനെ കുഞ്ഞുങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കണം, എവിടെ നിന്നു തുടങ്ങണം ഇതൊന്നും വീടുകളിലോ, വിദ്യാലയങ്ങളിലോ ചർച്ച ചെയ്യപ്പെടാറില്ലാത്തതാണ് പ്രധാന കാരണം.

CSAയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ സമൂഹത്തിൽ പല മിഥ്യാധാരണകളുണ്ട്. അവയിൽ ചിലത് മാതാപിതാക്കളും കുട്ടികളും മനസ്സിലാക്കിയിരിക്കണം.

1. അപൂർവമായി സംഭവിക്കുന്നതല്ല

കണക്കുകൾ നോക്കിയാൽ, ഇന്ത്യയിൽ പതിനെട്ടു വയസ്സിനു താഴെ പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ സംഖ്യ 50 ശതമാനത്തിലും കൂടുതലാണ്. ഇത് തീർച്ചയായും ഭയാനകമായ ഒരു കണക്കാണ്. മനഃശാസ്ത്രജ്ഞർ പങ്കുവയ്ക്കുന്ന ഒരു പ്രധാനകാര്യം ചികിത്സയ്ക്കായി എത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗം പേരും അവരുടെ ചെറിയപ്രായത്തിൽ തന്നെ ലൈംഗീകാതിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട് എന്നുള്ളതാണ്. അതുകൊണ്ട് ഇനിയെങ്കിലും വാർത്തകളിലും മറ്റും കാണുമ്പോൾ, ഇത് ലോകത്തിന്റെ ഏതോ കോണിൽ നടക്കുന്ന അപൂർവ ഭവമാണ് എന്ന് കരുതാതിരിക്കുക. നാളെ നമുക്കോ, നമ്മുടെ പ്രിയപ്പെട്ടവർക്കോ സംഭവിക്കാവുന്ന ഒരു കാര്യമായി കണ്ടുകൊണ്ട് പക്വതയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക.

2. കുട്ടികൾക്ക് അപരിചിതരായവരല്ല അവരെ ലൈംഗീകമായി ചൂഷണം ചെയ്യുന്നത്

ഒരു ‘സ്‌ട്രേഞ്ചർ’ ആവും കുഞ്ഞുങ്ങളെ പീഡിപ്പിക്കാൻ മുതിരുക എന്നതാണ് പൊതുധാരണ. സിനിമകളിലും മറ്റും കാണുന്നതും അങ്ങനെയാണല്ലോ. തീർച്ചയായും അത് തെറ്റാണ്. കുട്ടികൾക്ക് കൂടുതലും പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നത് അവർക്ക് പരിചയമുള്ളവരിൽ നിന്നുതന്നെയാണ്. ബന്ധുക്കൾ, അയൽക്കാർ, മാതാപിതാക്കളുടെ സുഹൃത്തുക്കൾ… അങ്ങനെ നീണ്ടുപോകുന്നു നിര. കണക്കുകൾ പറയുന്നത് 90%വും അങ്ങനെയാണെന്നാണ്. അങ്കിളാവാം, സ്‌കൂളിലെ മാഷ്, ട്യൂഷൻ മാഷ്, ചിലപ്പോൾ ഏറ്റവും അടുത്ത ബന്ധു, എങ്ങനെയായിരിക്കും എപ്പോഴും.

3. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് പീഡോഫൈലുകൾ ആണ്

എല്ലാവരുടെയും മറ്റൊരു തെറ്റിധാരണയാണ്, കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന എല്ലാവരും പീഡോഫൈൽസാണെന്നത്. കുഞ്ഞുങ്ങളോട് ശക്തമായി ലൈംഗീകാകർഷണം തോന്നുന്നതിനാണ് പീഡോഫീലിയ എന്നുപറയുന്നത്. പക്ഷേ, ഇത്തരത്തിലുള്ള ആളുകൾ വളരെ ചെറിയ ശതമാനം മാത്രമേയുള്ളൂ. അവർ തന്നെ കുഞ്ഞുങ്ങളെ പീഡിപ്പിക്കാൻ മുതിരണമെന്ന് നിർബന്ധമില്ല. കുട്ടി തനിച്ചാകുമ്പോൾ സാഹചര്യം മുതലെടുക്കുന്നവരാകാം. അതുകൊണ്ടുതന്നെ കുട്ടികൾ ഒറ്റയ്ക്കായിരിക്കാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുക. ഇനി അങ്ങനെയുള്ള സാഹചര്യങ്ങളുണ്ടെങ്കിൽ കുഞ്ഞുങ്ങളെ പ്രതിരോധമുറകൾ പഠിപ്പിച്ച് പരിശീലിപ്പിച്ച് സജ്ജരാക്കുക.

5. സ്പർശനം വഴി മാത്രമല്ല ലൈംഗീകാതിക്രമം നടക്കുന്നത്

സ്പർശനം (Touching) മാത്രമല്ലാ സ്പര്‍ശിക്കാതെയും (non-touching) ലൈംഗീകചൂഷണം നടക്കുമെന്ന് തിരിച്ചറിയുക. കുട്ടികളുടെ മുൻപിൽ ജനനേന്ദ്രിയം പ്രദർശിപ്പിക്കുക, അവരോട് പരസ്പരം സെക്‌സ് ചെയ്യുന്നതുപോലെ അഭിനയിച്ച് കാണിക്കാൻ പറയുക, വിവസ്ത്രരാക്കുക, വിവസ്ത്രരാക്കി ചിത്രങ്ങൾ പകർത്തുക, അശ്‌ളീലവീഡിയോകൾ കാണിക്കുക ഇവയെല്ലാം സെക്ഷ്വൽ അബ്യൂസ് തന്നെയാണ്. സ്പർശനംപോലെതന്നെ ഇവയും കുട്ടികളിൽ മാനസികമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

6. കുഞ്ഞുങ്ങളോട് സെക്ഷ്വൽ അബ്യൂസിനെക്കുറിച്ച് തുറന്നുസംസാരിക്കാൻ മടിക്കേണ്ട

കുഞ്ഞുങ്ങളോട് അവരുടെ ഭാഷയിൽ പറയേണ്ടതുപോലെ കാര്യങ്ങൾ പറഞ്ഞു വ്യക്തമാക്കിയാൽ, അവർക്ക് കൂടുതൽ സംരക്ഷണം അനുഭവപ്പെടുകയേ ഉള്ളൂ. എല്ലാ ശരീരഭാഗങ്ങളുടെയും പേര് കൃത്യമായി പറഞ്ഞുകൊടുക്കുക. ഒരു അതിക്രമം നടന്നാൽത്തന്നെ, അത് നിങ്ങളുമായി സംസാരിക്കാനുള്ള വാക്കുകൾ കുഞ്ഞുങ്ങൾക്ക് അറിയാതെ വരരുത്.

ചില ഭാഗങ്ങൾ സ്വകാര്യഭാഗങ്ങളാണെന്നും അവയിൽ സ്പർശിക്കാൻ ആർക്കും അവകാശമില്ലെന്നും അവർ മനസ്സിലാക്കണം. സ്വകാര്യഭാഗങ്ങളെ സംബന്ധിക്കുന്ന ഒരു സംഭാഷണം വരുമ്പോൾ അവരെ കളിയാക്കുന്നതും എന്തോ വലിയ നാണക്കേടു പോലെ പറയുന്നതും നിർത്തണം.

അവരുടെ ശരീരത്തിന്റെ മേലുള്ള പൂർണ്ണമായ അവകാശം അവർക്കാണെന്നും സമ്മതമില്ലാതെ ആരെയും തൊടാനോ, കാണിച്ചുകൊടുക്കാനോ പാടില്ലെന്ന് നമ്മുടെ കുഞ്ഞുങ്ങൾ കൃത്യമായി മനസ്സിലാക്കിയിരിക്കണം. അതിന് കൃത്യമായ പരിശീലനം നൽകുകയും വേണം. വീട്ടിലേക്കു വരുന്ന അതിഥികളിൽ പലരും നമ്മുടെ കുഞ്ഞുങ്ങളെ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്ന പതിവുണ്ട്. ആ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതുണ്ട്.

7. മുതിർന്നവർ മാത്രമല്ല കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത്

പഠനങ്ങൾ തെളിയിക്കുന്നത്, 20 ശതമാനത്തോളം കേസുകളിൽ കുട്ടികൾ തന്നെ പ്രതികളായി മാറുന്നുണ്ട് എന്നതാണ്. സമപ്രായക്കാർ, കസിൻസ്, മുതിർന്ന കുട്ടികളൊക്കെ ലൈംഗീകമായി ചൂഷണം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് മറ്റുള്ള കുട്ടികൾക്കും തന്റെ സ്വകാര്യഭാഗത്ത് സ്പർശിക്കാനുള്ള അവകാശമില്ലെന്ന് കുട്ടികൾ മനസ്സിലാക്കണം.

വിവസ്ത്രരാക്കുന്ന തരത്തിലുള്ള കളികളും മറ്റും ഉണ്ടാവാതെ സൂക്ഷിക്കുക. വേറെ കുട്ടികളുടെ കൂടെ കളിക്കാൻ വിടുമ്പോഴും എപ്പോഴും അവരുടെമേൽ ശ്രദ്ധയുണ്ടായിരിക്കണം. പിന്നെ വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥകൾ ഉണ്ടാകുമ്പോൾ അവയെ മൂടിവയ്ക്കാതെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്ന സാഹചര്യമുണ്ടായാൽ എല്ലാവർക്കും അതൊരു പാഠമാകും.

നമ്മുടെ കുഞ്ഞുങ്ങളുടെ സ്വഭാവത്തിൽ വരുന്ന ചെറിയ മാറ്റങ്ങൾ, ഉൾവലിയൽ, ദേഷ്യം, മൗനം, ഇവയെല്ലാം നാം അവഗണിക്കരുത്. ഇതിലൂടെയൊക്കെയും അവർ നമ്മോട് സംസാരിക്കുന്നുണ്ടെന്നു തിരിച്ചറിയുക. പേടിപ്പിക്കാതെ, കുറ്റപ്പെടുത്താതെ, കൂടെ ഉണ്ടാവുമെന്ന് ഉറപ്പ് നല്കിക്കൊണ്ട് അവരോട് കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കുക. നമ്മുടെ കുഞ്ഞുങ്ങൾക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും പഠിക്കാനും കളിക്കാനും വളരാനുമുള്ള അവകാശമുണ്ട്. പാപബോധത്തിൽ, പേടിച്ചരണ്ട്, സമൂഹത്തിൽ നിന്നകന്ന്, സ്വന്തം ശരീരത്തെയും ലൈംഗീകതയെയും വെറുത്തുകൊണ്ട് ഒരു കുട്ടിപോലും വളരാൻ പാടില്ല. അത് അവരുടെ വളർച്ചയെയും വികസനത്തെയും മോശമായി ബാധിക്കും. അതുകൊണ്ടുതന്നെ കുട്ടികൾക്ക് കൃത്യമായ ലൈംഗീകവിദ്യാഭ്യാസം കൊടുക്കാൻ നാം ബാധ്യസ്ഥരാണ്. മൂക്കത്ത് വിരൽവയ്‌ക്കേണ്ട കാര്യമോ, ചമ്മലോടെ അവതരിപ്പിക്കേണ്ട കാര്യമോ അല്ലെന്ന് ഓരോരുത്തരും തിരിച്ചറിയുന്ന സമയം മുതൽ ഒരു പുതിയ തുടക്കം സംജാതമാകും.

ഇന്നൊരു മകള്‍, നാളെ നമ്മുടെ മക്കളുടെ പേരും ഇക്കൂട്ടത്തിൽ എഴുതപ്പെടാനുള്ള സാധ്യത വിദൂരമല്ലെന്നുള്ള ബോധ്യത്തോടെ ഉണർന്ന് ജാഗരൂകതയോടെ പ്രവർത്തിക്കുക.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.