സഭയിലെ പ്രധാന തീർഥാടനകേന്ദ്രങ്ങൾ: സാന്റിയാഗോ തീർഥാടനവും വി. യാക്കോബ് ശ്ലീഹായുടെ കത്തീഡ്രലും

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റം സുപ്രധാന പുണ്യസങ്കേതം നമ്മുടെ കർത്താവിന്റെ രക്ഷാകരപ്രവർത്തങ്ങൾക്കു സാക്ഷ്യംവഹിച്ച വിശുദ്ധനാട്ടിലെ ജറുസലേമാണ്. ഈ പട്ടികയിൽ രണ്ടാംസ്ഥാനം പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ സുവിശേഷപ്രഘോഷണത്തിനും ധീരരക്തസാക്ഷിത്വത്തിനും വേദിയായ നിത്യനഗരം എന്നറിയപ്പെടുന്ന റോമൻസാമ്രാജ്യ തലസ്ഥാനമായിരുന്ന റോം ആണ്.

സഭയിലെ മൂന്നാമത്തെ പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന പുണ്യസങ്കേതമാണ് ക്രിസ്തുശിഷ്യനായ വി. യാക്കോബ് ശ്ലീഹായുടെ അസ്ഥികൾ അന്ത്യവിശ്രമം കൊള്ളുന്ന സ്‌പെയിനിലെ സാന്റിയാഗോ കത്തീഡ്രൽ. അതുപോലെതന്നെ ആഗോളസഭയിൽ ഇന്ന് മൂന്ന് അപ്പോസ്തോലന്മാരുടെ കല്ലറകൾക്കു മുകയിലായിമാത്രമേ ബലിപീഠം നിർമ്മിച്ച് നിരന്തരം ബലിയർപ്പിക്കുന്ന ദൈവാലയങ്ങൾ നിലനിൽക്കുന്നുള്ളൂ. വത്തിക്കാനിലെ വി. പത്രോസിന്റെ ബസിലിക്കയും ചെന്നൈ നഗരത്തിലെ മൈലാപ്പൂരിലുള്ള തോമാശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന ബസിലിക്കയും സ്പെയിനിലെ സാന്റിയാഗോയിലുള്ള വി. യാക്കോബിന്റെ കബറിടവുമാണ് ഇവ. സാന്റിയാഗോ കോമ്പസ്തെല്ല തീർഥാടനത്തെയും യാക്കോബിന്റെ കബറിടത്തെക്കുറിച്ചുംകുറിച്ച് ചുരുക്കമായി വിവരിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

സാന്റിയാഗോയിൽ വി. യാക്കോബിന്റെ കബറിടത്തിനുമുകളിലുള്ള അള്‍ത്താര കേന്ദ്രമാക്കിയാണ് കത്തീഡ്രല്‍ ദൈവാലയവും അവിടുത്തെ നഗരവുംതന്നെ നിര്‍മ്മിച്ചിരിക്കുന്നത്. മധ്യകാലയുഗത്തില്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഓരോ വർഷവും ലക്ഷക്കണക്കിന് തീര്‍ഥാടനപദയാത്രികർ എത്തിച്ചേർന്നിരുന്ന സ്ഥലമാണിത്. പിന്നീട് യുദ്ധവും പ്ലേഗ് പോലുള്ള സാംക്രമികരോഗങ്ങളും ഈ തീർഥാടനത്തിന്റെ ശോഭ കെടുത്തിയെങ്കിലും കഴിഞ്ഞ ഏതാനും ദശകങ്ങളായി സാന്റിയാഗോയിലേക്കു പദയാത്ര നടത്തിയെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. 2020-21 ലുണ്ടായ കൊറോണ വൈറസിന്റെ വ്യാപനത്തിനുശേഷം സാന്റിയാഗോ തീർഥാടനം പൂർവസ്ഥിതിയിലേക്ക് തിരികെയെത്തിക്കൊണ്ടിരിക്കുന്നു.

യേശുവിന്റെ ശിഷ്യന്മാരായിരുന്ന രണ്ടു യാക്കോബുമാരുടെ കഥ സുവിശേഷത്തിൽ നാം വായിക്കുന്നു. അവരെ പരസ്പരം തിരിച്ചറിയുന്നതിനായി ചെറിയ യാക്കോബെന്നും വലിയ യാക്കോബെന്നും വിളിച്ചിരുന്നു. ചെറിയ യാക്കോബിനെ നമ്മുടെ കർത്താവിന്റെ സഹോദരനായും വിശുദ്ധ ഗ്രന്ഥത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. സാന്റിയാഗോയുമായി ബന്ധപ്പെട്ടിരിക്കുന്നത് വലിയ യാക്കോബ് എന്നറിയപ്പെട്ടിരുന്ന സെബദിയുടെയും സലോമിയുടെയും മകനായ അപ്പസ്‌തോലനാണ്. അദ്ദേഹത്തിന്റെ സഹോദരനായിരുന്നു കര്‍ത്താവിന്റെ മറ്റൊരു ശിഷ്യനായ വി. യോഹന്നാന്‍. സലോമി യേശുവിന്റെ കുരിശുമരണസമയത്ത് അവിടുത്തോടൊത്ത് ഉണ്ടായിരുന്നുവെന്ന് സുവിശേഷം സാക്ഷിക്കുന്നു (മത്തായി 27: 55-56, മര്‍ക്കോ. 15: 40-41). പിതാവായ സെബദിയോടൊത്ത് ഗലീലി കടല്‍ത്തീരത്ത് വല നന്നാക്കിക്കൊണ്ടിരുന്നപ്പോഴാണ് യാക്കോബിനെയും യോഹന്നാനെയും യേശു വിളിക്കുന്നത് (മര്‍ക്കോ. 1: 19-21, ലൂക്കാ 5: 1-11). രൂപാന്തരീകരണം ഉള്‍പ്പെടെയുള്ള യേശുവിന്റെ ജീവിതത്തിലെ ചില സുപ്രധാനസംഭവങ്ങളുടെ സാക്ഷികൂടിയാണ് യാക്കോബ് ശ്ലീഹാ. യാക്കോബിന്റെ രക്തസാക്ഷിത്വം എപ്രകാരമായിരുന്നുവെന്ന് അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (12: 1-2). അദ്ദേഹം ഐബീരിയായില്‍ (സ്‌പെയിന്‍) സുവിശേഷം പ്രസംഗിച്ചതായും മരണശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരം സാന്റിയോഗോയില്‍ അടക്കം ചെയ്തതായും പാരമ്പര്യം സാക്ഷിക്കുന്നു.

പ്രസിദ്ധ ജർമ്മൻ കവി യൊഹാൻ വോൾഫ്ഗാങ് ഫൊൺ ഗൂയ്തേ (Johann Wolfgang von Goethe) ഒരിക്കൽ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന വാചകമാണ്: “തീർഥാടനത്തിൽനിന്നു രൂപപ്പെട്ടിരിക്കുന്ന യൂറോപ്പിന്റെ മാതൃഭാഷ ക്രിസ്തീയതയാണ്.” ക്രിസ്തീയവിശ്വാസവുമായി ബന്ധപ്പെട്ട അനേകം തീർഥാടനസ്ഥലങ്ങൾ യൂറോപ്പിലുടനീളം കാണാം. അതിൽ ഏറ്റം പ്രശസ്തമായതാണ് സാന്റിയാഗോ. അസ്തൂറിയൻ രാജാവായ അൽഫോൻസോ രണ്ടാമനാണ് (760-842) വി. യാക്കോബിനെ സ്പെയിനിന്റെ മധ്യസ്ഥനായി പ്രഖ്യാപിക്കുന്നത്. ഒൻപതാം നൂറ്റാണ്ടുമുതലാണ് സാന്റിയാഗോ തീര്‍ഥാടനം ആരംഭിക്കുന്നത്. ഏതാണ്ട് പന്ത്രണ്ടോളം തീർഥാടനപാതകൾ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സാന്റിയാഗോയിലേക്കു നയിക്കപ്പെടുന്നുണ്ട്.

എട്ടാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിൽ ഐബീരിയൻ പ്രദേശങ്ങൾ കീഴടക്കിയ മുസ്ലീങ്ങൾ തങ്ങളുടെ ആധിപത്യം നൂറ്റാണ്ടുകളോളം തുടർന്നെങ്കിലും ഒൻപതാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ ഭരണാധികാരികൾ ഇത് തിരികെപ്പിടിക്കാൻ തുടങ്ങി. യാക്കോബ് ശ്ലീഹായുടെ സഹായത്താലാണ് മുസ്ലീങ്ങളെ തോല്പിക്കാൻ സാധിക്കുന്നതെന്ന് അവർ വിശ്വസിച്ചിരുന്നു. അതിനാൽ വീണ്ടുമൊരു മുസ്ലീം അധിനിവേശം ഉണ്ടാകാതിരിക്കാന്‍ തീര്‍ഥാടനം ആരംഭിക്കുകയും ചെയ്തുവെന്നും വിശ്വസിക്കുന്നവര്‍ ധാരാളം. ഇക്കാരണത്താൽ ‘മൂര്‍ സംഹാരകന്‍’ (Moor Killer) എന്ന അപരനാമത്തിലും യാക്കോബ് ശ്ലീഹ സ്‌പെയിനില്‍ അറിയപ്പെടുന്നുണ്ട്.

എ. ഡി. 1122-ല്‍ കലിസ്റ്റസ് 2-ാമന്‍ മാര്‍പാപ്പ, സാന്റിയാഗോയുമായി ബന്ധപ്പെട്ട്  പ്രത്യേക ജൂബിലിവര്‍ഷം പ്രഖ്യാപിക്കുകയും ആ വര്‍ഷം യാക്കോബ് ശ്ലീഹായുടെ കബറിടം സന്ദര്‍ശിക്കുന്നവര്‍ക്ക് സവിശേഷ ദണ്ഡവിമോചനം വാഗ്ദാനം ചെയ്യുകയും ചെയ്തു. പിന്നീട് യാക്കോബ് ശ്ലീഹായുടെ തിരുനാള്‍ദിനമായ ജൂലൈ 25, ഞായറാഴ്ച വരികയാണെങ്കില്‍ ആ വര്‍ഷം ജൂബിലിവര്‍ഷമായി ആചരിക്കണമെന്ന് അലക്‌സാണ്ടര്‍ മൂന്നാമന്‍ മാര്‍പാപ്പ ഒരു തിരുവെഴുത്തിലൂടെ കല്പിക്കുകയും ചെയ്തു. സാന്റിയാഗോ കത്തീഡ്രലിന്റെ പ്രധാനകവാടം ഈ വർഷം മുഴുവൻ തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുക്കുകയും അനുതാപത്തോടും പ്രാർഥനയോടും ഇതിലെ കടന്നുപോകുന്നവർ പ്രത്യേക അനുഗ്രഹങ്ങള്‍ അവകാശമാക്കുകയും ചെയ്യുന്നു. ഈ അടുത്ത കാലത്ത് 2010 – 2021 വര്‍ഷങ്ങളില്‍ യാക്കോബ് ശ്ലീഹായുടെ തിരുനാള്‍ദിനമായ ജൂലൈ 25 ഞായറാഴ്ചകളിലായിരുന്നു. ഇങ്ങനെ വരുന്ന ജൂബിലിവര്‍ഷങ്ങളില്‍ പതിവിലും കൂടൂതല്‍ തീര്‍ഥാടകര്‍ സാന്റിയാഗോയിലെത്താറുണ്ട്.

സാന്റിയാഗോ തീര്‍ഥാടകരെല്ലാം തന്നെ ഒരു സാക്ഷ്യപത്രം (Cerificate) കൈയില്‍ കരുതിയിരിക്കണം. ഇത് ‘തീർഥാടക പാസ്പോർട്ട്’ എന്നപേരിലും അറിയപ്പെടുന്നു. തീര്‍ഥാടനം ആരംഭിക്കുന്ന സ്ഥലങ്ങളിലെ കടകളില്‍നിന്നോ, അന്തിയുറങ്ങുന്ന സത്രങ്ങളില്‍നിന്നോ ഈ സാക്ഷ്യപത്രം വാങ്ങാവുന്നതാണ്. എവിടെനിന്നാണ് യാത്ര ആരംഭിക്കുന്നതെന്നും അതില്‍ രേഖപ്പെടുത്തിയിരിക്കണം. പിന്നീട് പോകുന്ന വഴികളിലുള്ള താമസസ്ഥലങ്ങളിലെല്ലാം തന്നെ, അവിടെയെത്തുന്ന തീയതി രേഖപ്പെടുത്തി അവിടുത്തെ പ്രത്യേക സീലും അതില്‍ പതിക്കുന്നു.

തീര്‍ഥാടനപാതയിലെ പ്രമുഖ ദൈവാലയങ്ങളില്‍നിന്നും ഭക്ഷണശാലകളില്‍നിന്നുമൊക്കെ ഇത്തരത്തിലുള്ള സീലുകള്‍ പതിക്കുന്നത് പതിവാണ്. മാത്രമല്ല, മിക്ക സ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്ന ചിലവു കുറഞ്ഞ താമസസൗകര്യം ലഭ്യമാകണമെങ്കില്‍ തീര്‍ഥാടന പാസ്‌പോര്‍ട്ടും മറ്റ് തിരിച്ചറിയല്‍ രേഖകളും കാണിക്കേണ്ടതാണ്. ഇങ്ങനെ മുദ്രചെയ്തു വാങ്ങുന്ന സാക്ഷ്യപത്രം സാന്റിയാഗോ കത്തീഡ്രലിലെ തീര്‍ഥാടന ഓഫീസില്‍ നല്‍കിയെങ്കില്‍മാത്രമേ പ്രസിദ്ധമായ തീര്‍ഥാടനരേഖ (Compostela – Pilgrimage Certificate) ലഭിക്കുകയുള്ളൂ. 18-ാം നൂറ്റാണ്ടുവരെ കുമ്പസാരിച്ച് കുര്‍ബാന സ്വീകരിക്കുന്നവര്‍ക്കുമാത്രമേ കത്തീഡ്രൽ ദൈവാലയത്തിൽനിന്നും കോമ്പസ്തെല്ല നല്‍കിയിരുന്നുള്ളൂ. ഇപ്പോഴും ഭക്തലക്ഷ്യത്തോടെ വരുന്നവർക്കുമാത്രമേ ഇതിന് അവകാശമുള്ളെങ്കിലും നടന്ന ദൂരം രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരു സർട്ടിഫിക്കറ്റ് മറ്റുള്ളവർക്കും ലഭ്യമാണ്.

കൈയില്‍ കരുതുന്ന തീര്‍ഥാടന പാസ്‌പോര്‍ട്ട് കൂടാതെ, തീര്‍ഥാടകര്‍ കൊണ്ടുനടക്കുന്ന ചില അടയാളങ്ങളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കക്കയുടെ ചിപ്പി (Scallop Shell). അനേകം ഐതീഹ്യങ്ങള്‍ ഈ അടയാളവുമായി ബന്ധപ്പെട്ട് രൂപംകൊണ്ടിട്ടുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്: യാക്കോബ് ശ്ലീഹായുടെ രക്തസാക്ഷിത്വത്തിനുശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരം ശിഷ്യന്മാര്‍ കപ്പലില്‍ സ്‌പെയിനിലേക്കു കൊണ്ടുവന്നു. യാത്രാമധ്യേ, കാറ്റിലും കോളിലുമകപ്പെട്ട കപ്പല്‍ പൂര്‍ണ്ണമായും നശിച്ചു. എന്നാല്‍, ശ്ലീഹായുടെ ശരീരം ചിപ്പികളാല്‍ പൊതിഞ്ഞ് തീരത്ത് പ്രത്യക്ഷപ്പെട്ടു. അത് പിന്നീട് സാന്റിയാഗോയില്‍ അടക്കംചെയ്യുകയും ചെയ്തു. ഈ ഐതീഹ്യത്തെക്കാള്‍ ഒരുപക്ഷേ, ചിപ്പിയുടെ പ്രായോഗികമായ ആവശ്യകത കൊണ്ടായിരിക്കാം ഇത് വലിയൊരു തീര്‍ഥാടന അടയാളമായി മാറിയത്. ഇന്നും സ്‌പെയിനിന്റെ കടല്‍ത്തീരങ്ങളില്‍ ധാരാളമായി പലതരത്തിലുളള ചിപ്പികള്‍ ലഭ്യമാണ്. പോകുന്ന വഴികളില്‍ അരുവികളില്‍നിന്നും മറ്റും വെള്ളം കോരിയെടുക്കുന്നതിന് ഇത് സഹായകരമായിരുന്നിരിക്കണം. ഈ അടയാളത്തിന്  പ്രതീകാത്മകമായ ഒരു അർഥംകൂടിയുണ്ട്. ചിപ്പിയുടെ പുറത്ത് ധാരാളം നേര്‍രേഖകള്‍ കാണാം. ഇതെല്ലാം സന്ധിക്കുന്നത് ഒരു കേന്ദ്രത്തിലാണ്. അതുപോലെതന്നെ വിവിധ സ്ഥലങ്ങളില്‍നിന്നും ആരംഭിക്കുന്ന തീര്‍ഥാടനങ്ങളെല്ലാം അവസാനം സാന്റിയാഗോയില്‍ ഒന്നിക്കുന്നു.

ഇന്നത്തെ തീര്‍ഥാടകര്‍ക്ക് തങ്ങളുടെ തീര്‍ഥാടനം ആരംഭിക്കുന്നതുമുതല്‍ അവസാനിക്കുന്നതുവരെ വഴികാട്ടി മുന്നോട്ടുനയിക്കുന്നത് തീര്‍ഥാടനപാതയിലുടനീളമുള്ള ചിപ്പിയുടെ അടയാളമാണ്. മഞ്ഞയും നീലയും കലര്‍ന്ന ചിപ്പിയുടെ അടയാളങ്ങള്‍ പോകുന്ന വഴികളിലും കെട്ടിടങ്ങളിലും മൈല്‍ക്കുറ്റികളിലും മരങ്ങളിലും അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ, മഞ്ഞനിറത്തിലുള്ള ആരോമാർക്കുകളും അടയാളസൂചികകളായി വഴിയിലുടനീളം കാണാം. വെള്ളം കുടിക്കാനുപയോഗിക്കുന്ന ചുരയ്ക്കയുടെ തോടും (Gourd) കുത്തിനടക്കാന്‍ ഉപയോഗിക്കുന്ന വടിയും യാക്കോബിന്റെ രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്ന പ്രത്യേക കുരിശും സാന്റിയാഗോ തീർഥാടന അടയാളങ്ങളാണ്.

ഈ അടുത്തകാലത്ത് സാന്റിയാഗോ തീര്‍ഥാടനം പഴയ പ്രതാപത്തലേക്കു  തിരികെയെത്തുന്നതിന് ധാരാളം കാരണങ്ങളുണ്ട്. 1980-കളില്‍ സ്‌പെയിനിലെ ചില വൈദികര്‍ തങ്ങളുടെ ഇടവകകളെ കൂടുതൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ സാന്റിയാഗോയിലേക്ക് പദയാത്രകളാരംഭിച്ചു. ഇതിന്റെ വിജയം കണ്ടു സമീപ ഇടവകകളും ഈ സത്കൃത്യം അനുകരിക്കാൻ തുടങ്ങിയതോടെ സാന്റിയാഗോ തീർഥാടനത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചുതുടങ്ങി. ഈ വഴിയുടെ ചരിത്രപരമായ പ്രാധാന്യം കണക്കിലെത്ത് 1987-ല്‍ യൂറോപ്യന്‍ കൗണ്‍സില്‍ ഫ്രാന്‍സില്‍നിന്നും ആരംഭിക്കുന്ന പാത യൂറോപ്പിലെ ആദ്യത്തെ സാംസ്‌കാരികപാതയായി പ്രഖ്യാപിച്ചു. യുനെസ്കോ (UNESCO) അതിന് ലോകപൈതൃക പദവി നല്‍കുകയുംചെയ്തു. പ്രശസ്തരായ പല എഴുത്തുകാരും തങ്ങളുടെ തീര്‍ഥാടന അനുഭവങ്ങള്‍ കോര്‍ത്തിണക്കി സാഹിത്യകൃതികള്‍ രചിച്ചു. ഈ ശ്രേണിയിലെ ഏറ്റവും പ്രശസ്തമായ കൃതിയാണ് ബ്രസീലിയന്‍ സാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ ‘തീര്‍ഥാടനം’ (Pilgrimage). 1987-ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ ആത്മകഥാരൂപേണ എഴുതിയിരിക്കുന്നതാണ്. തീര്‍ഥാടനംമൂലം ശാരീരകവും ആത്മീയവുമായി തന്നിലുണ്ടായ മാറ്റങ്ങളെ വൈകാരികതയോടെ പൗലോ കൊയ്‌ലോ അവതരിപ്പിച്ചിരിക്കുന്ന ഒരു കൃതിയാണിത്.

2010-ല്‍ അമേരിക്കന്‍ ചലച്ചിത്ര താരം മാര്‍ട്ടിന്‍ ഷീന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച ‘വഴി’ (The Way) എന്നപേരില്‍ ഒരു സിനിമ നിര്‍മ്മിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മകന്‍ എമിലിയോ എസ്തേവസ് എഴുതി സംവിധാനം ചെയ്തു നിര്‍മ്മിച്ച ഈ സിനിമ വലിയ വിജയമായിരുന്നു. സാന്റിയാഗോ തീര്‍ഥാടനത്തിനായി വീട്ടില്‍നിന്നും ഇറങ്ങിത്തിരിച്ച മകന്‍ ഡാനിയേല്‍ (എമിലിയോ) യാത്രയുടെ ആരംഭത്തില്‍ ഫ്രാൻസിനും സ്പെയിനിനും മധ്യേയുള്ള പിരനീസ് മലനിരകളില്‍ പ്രകൃതിക്ഷോഭത്തിലകപ്പെട്ട് അകാലചരമം പ്രാപിക്കുന്നു. നേത്രരോഗ വിദഗ്ദനായ ഡോ. തോമസ് ആവ്‌റി (മാര്‍ട്ടിന്‍ ഷീന്‍) മകന്റെ മൃതശരീരം വീണ്ടെടുക്കുന്നതിനായി എത്തുന്നു. എന്നാല്‍, മകനോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കുന്നതിനായി ഡാനിയേലിന് പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന യാത്ര ഡോ. തോമസ് ആവ്‌റി തുടരുന്നു. മകന്റെ ഭൗതികശരീരം ദഹിപ്പിച്ച ചിതാഭസ്മവുമായി വികാരവായപ്പോടുകൂടി ഒരു പിതാവ് നടത്തുന്ന യാത്രയാണ് ഈ സിനിമയുടെ ഇതിവൃത്തം. മകന്റെ മരണത്തിന്റെ ആഘാതത്തില്‍നിന്നും വിമോചിതനായി ദൈവത്തിന്റെ വിശുദ്ധിയില്‍ പങ്കുപറ്റാനുള്ള അഭിനിവേശത്തോടൊയാണ് ഡോ. തോമസ് തന്റെ തീര്‍ഥാടനം അവസാനിപ്പിക്കുന്നത്.

ഡോണ്‍ ഏലിയാസ് (1929-1989), സ്പെയിനിലെ ഒ ചെബ്രയ്‌റോ എന്ന ചെറുഗ്രാമത്തിലെ പള്ളിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച വൈദികനാണ്. സ്‌പെയിനിലെ സലമാങ്ക യൂണിവേഴ്‌സിറ്റിയില്‍നിന്നും യാക്കോബിന്റെ വഴിയെക്കുറിച്ചു പഠിച്ച് ഡോക്ടറേറ്റ് നേടിയ ഈ വൈദികന്‍ ഈ തീര്‍ഥാടനത്തിലെ ഏറ്റവും പ്രധാനവഴിയായ ‘ഫ്രഞ്ചു പാത’ (The French Way) കൃത്യമായി അടയാളപ്പെടുത്തി പുനരുദ്ധരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആദ്യമായി 1984-ല്‍ ഈ വഴി മുഴുവന്‍ മഞ്ഞച്ചായം കൊണ്ട് അടയാളപ്പെടുത്തി തീര്‍ഥാടകര്‍ക്ക് സാന്റിയാഗോയിലേക്കുള്ള യാത്ര എളുപ്പമാക്കിത്തീര്‍ത്തു. കൂടാതെ, യൂറോപ്പിലെ പ്രശസ്തമായ സര്‍വകലാശാലകളില്‍ സാന്റിയാഗോ വഴിയുടെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും വിവിധ സംസ്‌കാരങ്ങളെ സമന്വയിപ്പിക്കാനുള്ള ഒരു ഉപാധിയാണ് ഇതെന്ന ചിന്തയോടെ പഠനങ്ങൾ ആരംഭിച്ചു. അങ്ങനെ യൂറോപ്പിലെ പുതുതലമുറയ്ക്ക് സാന്റിയാഗോ തീര്‍ഥാടനം വീണ്ടും ആകര്‍ഷകമായിത്തീര്‍ന്നു. ആധുനിക സാങ്കേതികവിദ്യകളും നവീന യാത്രാമാര്‍ഗങ്ങളും സാന്റിയാഗോ തീര്‍ഥാടനത്തിന്റെ പ്രാധാന്യവും പ്രശസ്തിയും ലോകത്തിന്റെ നാലുകോണുകളിലും സാന്റിയാഗോയെ പ്രശസ്തമാക്കിത്തീര്‍ത്തു. ഇന്ന് പോകുന്ന വഴികളെക്കുറിച്ചും താമസസ്ഥലങ്ങളെക്കുറിച്ചും ഗതിനിയന്ത്രണ (navigation) സംവിധാനമുൾപ്പെടെ വിവരിച്ചുതരുന്ന ആപ്ളിക്കേഷനുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.

ഈ യാത്രയുടെ സംഗമസ്ഥാനം സാന്തിയാഗോ കത്തീഡ്രൽ ദൈവാലയമാണ്. ‘പ്ലാസ ദെൽ ഒബ്രദോയ്റോ’ എന്നറിയപ്പെടുന്ന ദൈവാലയത്തിന്റെ നടുമുറ്റം അതിവിശാലമാണ്. നീണ്ടയാത്ര കഴിഞ്ഞു ക്ഷീണിച്ചശരായി വരുന്ന തീർഥാടകർക്ക് ഇവിടെ തങ്ങളുടെ ഭാരങ്ങളിറക്കിവച്ച് പ്രാർഥിക്കുന്നതിനും കത്തീഡ്രൽ പ്രവേശനത്തിന് ഒരുങ്ങുന്നതിനുമുള്ള സാവകാശവും ഇവിടെ ലഭിക്കുന്നു. അവിടെനിന്നും പടികൾ കയറിചെല്ലുന്നത് പ്രസിദ്ധമായ ‘പോർട്ടിക്കോ ദേ ല ഗ്ലോറിയ’ എന്ന ബൃഹത്തായ ദേവാലയ മുഖവാരം സ്ഥിതിചെയ്യുന്നിടത്തേക്കാണ്. അതിന്റെ മധ്യത്തിലായി കൊത്തുപണികളോടുകൂടിയ വലിയൊരു സ്തൂപമാണ് കത്തീഡ്രലില്‍ പ്രവേശിച്ച ഉടന്‍ കാണാന്‍ കഴിയുക. ‘ജെസ്സെയുടെ വൃക്ഷം’ (Tree of Jesse) എന്നറിയപ്പെടുന്ന ആ സ്തൂപത്തിന്റെ മുകളിലായി സ്‌നേഹാര്‍ദ്രഭാവങ്ങളോടെയിരിക്കുന്ന യാക്കോബ് ശ്ലീഹായെയും കാണാം. സാന്റിയാഗോ തീര്‍ഥാടനം പൂര്‍ത്തിയാക്കി ദൈവാലയത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനാണ് ശ്ലീഹാ അവിടെയിരിക്കുന്നത്. യാക്കോബ് ശ്ലീഹായുടെ ഒരു കൈയില്‍ തീര്‍ഥാടകന്റെ വടിയും മറുകൈയില്‍ ‘കര്‍ത്താവേ, എന്നെ അയയ്ക്കുക’ എന്നെഴുതിയ ഒരു ചുരുളുമുണ്ട്.

നൂറ്റാണ്ടുകളായി അതുവഴി കടന്നുപോയ തീര്‍ഥാടകര്‍ കൈകള്‍വച്ചു പ്രാർഥിച്ചതുവഴിയായി സ്തൂപത്തിന്റെ മധ്യത്തില്‍ അഞ്ച് വിരലിന്റെ പാടുകളുള്ള ഒരു കുഴി രൂപപ്പെട്ടിട്ടുണ്ട്. ആ സ്തൂപത്തിന്റെ മറുവശത്ത് അള്‍ത്താരയെനോക്കി വണങ്ങിനില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്റെ രൂപവും കൊത്തിവച്ചിട്ടുണ്ട്. ഈ ദൈവാലയത്തിന്റെ പ്രധാന ശില്പികളിലൊരാളായ മാസ്റ്റര്‍ മത്തേയോയുടെ (1150-1217) രൂപമാണിത്. വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ‘പ്രഹരത്തിന്റെ വിശുദ്ധന്‍’ (Saint of Bumps) എന്ന അപരനാമത്തിലും അദ്ദേഹം അറിയപ്പെടുന്നു. ഇത്രയും മനോഹരങ്ങളായ ശില്പങ്ങളുണ്ടാക്കിയ മത്തേയോ, വലിയ ജ്ഞാനിയായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ അറിവും ഉള്‍ക്കാഴ്ചയും കഴിവുകളും ലഭിക്കുന്നതിനുവേണ്ടി മാതാപിതാക്കന്മാര്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ തല മത്തേയോയുടെ തലയോട് ചേര്‍ത്തുവച്ചു പ്രാർഥിക്കുമായിരുന്നു. സാന്റിയാഗോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികള്‍ പരീക്ഷയ്ക്കുമുമ്പ് അവിടെവന്ന് ബുദ്ധിവികാസത്തിനുവേണ്ടി പ്രാർഥിക്കുന്ന പാരമ്പര്യവുമുണ്ടായിരുന്നു. അങ്ങനെ സാന്റിയാഗോ തീര്‍ഥാടകരും ഈ പാരമ്പര്യത്തെ അനുകരിക്കുന്നവരായി മാറി. മാസ്റ്റര്‍ മത്തേയോയുടെ തലയ്ക്ക് ഇങ്ങനെ അന്തമില്ലാതെ പ്രഹരം ഏല്‍ക്കേണ്ടിവന്നതിനാല്‍ 2009 മുതല്‍ കത്തീഡ്രല്‍ അധികാരികള്‍ ഈ ആചാരത്തിന് വിലക്കേര്‍പ്പെടുത്തി.

ദൈവാലയത്തിലെ അള്‍ത്താരയുടെ പിന്നിലായി പടികള്‍ കയറിച്ചെല്ലുന്നത് മധ്യകാലയുഗത്തില്‍ നിര്‍മ്മിച്ച യാക്കോബ് ശ്ലീഹായുടെ ഒരു രൂപത്തിനടുത്തേക്കാണ്. അള്‍ത്താരയ്ക്ക് അഭിമുഖമായി കസേരയിലിരിക്കുന്ന ശ്ളീഹായ്ക്ക് ദൈവാലയത്തിൽ വരുന്ന എല്ലാവരെയും അവിടിരുന്നു കാണാം. സാന്റിയാഗോ തീർഥാടനവുമായി ബന്ധപ്പെട്ട ഏറ്റം പ്രാചീന ആചാരങ്ങളിലൊന്നാണ് ഇവിടെയുള്ള വി. യാക്കോബിന്റെ രൂപത്തെ ആലിംഗനം ചെയ്യുക എന്നത്. പിറകില്‍നിന്ന് ശ്ലീഹായെ ആലിംഗനം ചെയ്യുന്നത് ഇവിടെയെത്തുന്ന ഏതു തീര്‍ഥാടകന്റെയും അവകാശമാണ്. ആയിരക്കണക്കിനാളുകളുടെ ആലിംഗനം യാതൊരു ഭാവഭേദവുമില്ലാതെ അനുദിനം ശ്ലീഹാ ഏറ്റുവാങ്ങുന്നു. മധ്യകാലയുഗത്തിൽ യാക്കോബിന്റെ തലയിലുണ്ടായിരുന്ന തൊപ്പിയെടുത്ത് തീർഥാടകൻ തന്റെ തലയിൽമുട്ടിച്ചു പ്രാർഥിച്ചിരുന്നു. ഒരുപക്ഷേ, ശ്ലീഹായുടെ പരിശുദ്ധിയുടെ അംശം തന്റെ ജീവിതത്തിലേക്കു പകർന്നുകിട്ടുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായിരുന്നിരിക്കാം ഈ ആചാരം. ഇതിന് നിരോധനം വന്നപ്പോൾ തീർഥാടകൻ തന്റെ തലയിലുള്ള തൊപ്പിയെടുത്തു യാക്കോബിന്റെ തലയിൽ തൊടുന്ന രീതിയുണ്ടായി. ഇന്ന് ഈ പതിവും വിസ്മൃതിയിൽ ആണ്ടുപോയെങ്കിലും ശ്ലീഹായെ ആലിംഗനംചെയ്തു ചുംബിക്കുന്ന പതിവ് നിലനിൽക്കുന്നു.

ശ്ലീഹായോടുള്ള സ്നേഹം ആലിംഗനത്തിലൂടെ പ്രകടിപ്പിച്ചു പടികളിറങ്ങിച്ചെല്ലുന്ന സ്ഥലത്താണ് വെളളികൊണ്ടു മൂടിയ ഒരു ചെറിയ പെട്ടിയില്‍ കത്തീഡ്രലിലെ പ്രധാന അള്‍ത്താരയുടെ അടിയിലായി വിശുദ്ധന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത്. സാന്റിയാഗോ കത്തീഡ്രലും സാന്റിയാഗോ നഗരവും ഈ കബറിടം കേന്ദ്രമാക്കിയാണ് നിര്‍മിച്ചെടുത്തിരിക്കുന്നത്. അനേകായിരങ്ങള്‍ അത്ഭുതകരമായി രോഗസൗഖ്യങ്ങള്‍ പ്രാപിച്ചിരിക്കുന്ന സ്ഥലമാണിത്. ഈ സാന്നിധ്യമാണ് സ്‌പെയിനിനെ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന മുസ്ലിം അധിനിവേശത്തില്‍നിന്നും രക്ഷിച്ചത്. ഇന്ന് യൂറോപ്പില്‍ നിന്നു പതുക്കെ മറയാന്‍ ശ്രമിക്കുന്ന ക്രിസ്ത്യന്‍ സംസ്‌കാരത്തെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന അത്ഭുതകരമായ ഒരു സാന്നിധ്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഈ വലിയ ദൈവാലയത്തിൽ 19 ചെറിയ ചാപ്പലുകള്‍ വിവിധ വിശുദ്ധന്മാരുടെ നാമത്തിൽ പണിതിട്ടുണ്ട്. ചില ചാപ്പലുകൾ ഇപ്പോഴത്തെ കത്തീഡ്രല്‍ ദൈവാലയം പണിയുന്നതിനുംമുമ്പേ അവിടെ നിലനിന്നിരുന്നതാണ്.

സാന്റിയാഗോ കത്തീഡ്രലിൽ തീർഥാടകർക്കായി പ്രത്യേക കുർബാനകൾ എല്ലാ ദിവസവും അർപ്പിക്കപ്പെടുന്നു. ഓരോ കുർബാനയുടെയും ആരംഭത്തിൽ ആ ദിവസം തീർഥാടകരായി അവിടെയെത്തിയ ആളുകളുടെ എണ്ണവും രാജ്യവും പറയും. തീർഥാടന ഓഫീസിൽനിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പ്രഖ്യാപിക്കുന്നത്. എന്നാൽ മനോഹരമായ ഇവിടുത്തെ ധൂപാർപ്പണം വളരെ പ്രസിദ്ധമാണ്. ‘ധൂപം വയ്ക്കുക’ എന്ന് അർഥം വരുന്ന ‘ബോത്താ ഫ്യൂമേറോ’ (Botafumeiro) എന്നാണ് അത് അറിയപ്പെടുന്നത്. 80 കിലോ തൂക്കംവരുന്ന ഈ ധൂപക്കുറ്റിയുടെ ഉയരം 1.60 മീറ്ററാണ്. വലിയ മണ്‍വെട്ടി പോലുളള കോരി ഉപയോഗിച്ച് ഏകദേശം 40 കിലോ കരി അതിലിട്ട് ഉപയോഗിക്കുന്നു. ചുവപ്പ് വസ്ത്രം ധരിച്ച പ്രത്യേക പരിശീലനം ലഭിച്ച എട്ടു ശുശ്രൂഷകരാണ് കത്തീഡ്രല്‍ ദൈവാലയത്തിന്റെ മധ്യഭാഗത്തായി തൂക്കിയിട്ടിരിക്കുന്ന കയര്‍ വലിച്ച് ഈ ഭീമാകാരമായ ധൂപക്കുറ്റി ചലിപ്പിക്കുന്നത്. ‘ധൂപക്കുറ്റിവാഹകര്‍” (Tiraboleiro) എന്നറിയപ്പെടുന്ന ഇവര്‍ ദൈവാലയത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ എത്തുന്ന രീതിയില്‍ മധ്യഭാഗത്തുനിന്നും ഇത് വലിക്കുന്നു. അത് പൂര്‍ണ്ണവേഗതയില്‍ എത്തുമ്പോള്‍ ഏകദേശം 80 സെക്കന്റുകള്‍ കൊണ്ട് 68 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നു. അല്‍പം ഭയത്തോടും അതിനേക്കാള്‍ ഭക്തിയോടെയുമാണ് തീർഥാടകർ ഇത് വീക്ഷിക്കുന്നത്.

മധ്യകാലയുഗത്തില്‍ തീര്‍ഥാടകരുടെ ശരീരത്തുനിന്നും, വസ്ത്രങ്ങളില്‍നിന്നുമൊക്കെ വമിച്ചിരുന്ന രൂക്ഷമായ ഗന്ധത്തെ പ്രതിരോധിക്കാനുളള ഒരു മാര്‍ഗമായിരുന്നു ഇത്. പിന്നീട് അത് പാരമ്പര്യമായിത്തീര്‍ന്നതാണ്. ഈ അടുത്തകാലത്ത് സുരക്ഷിതത്വ കാരണങ്ങളാല്‍ സാന്റിയാഗോ നഗരസഭയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായി പറയപ്പെടുന്നു. (Botafumeiro എന്ന് Youtube-ല്‍ നോക്കിയാല്‍ ഇത്തിന്റെ പ്രവർത്തനം നേരിട്ടുകാണാവുന്നതാണ്). സഭാകലണ്ടറിലെ പ്രധാന തിരുനാളുകളിലും സാന്റിയാഗോയിലെ വിശേഷദിവസങ്ങളിലുംമാത്രമാണ് സാധാരണഗതിയില്‍ ഈ ധൂപക്കുറ്റി ഇപ്പോള്‍ വീശുന്നത്. ഇതിന്റെ ചിലവിലേക്കായി 450 യൂറോ അടച്ച് വിശ്വാസികള്‍ ആരെങ്കിലും ആവശ്യപ്പെടുന്ന സമയത്തും ഇത് കാണാനുള്ള ഭാഗ്യം മറ്റുള്ളവര്‍ക്കു ലഭിക്കുന്നു.

മധ്യകാലയുഗത്തിലെ സാന്റിയാഗോ തീര്‍ഥാടനങ്ങളില്‍ മൂന്നിലൊന്നും ഫിനിസ്‌തേര്‍ (Finisterra) എന്ന ചെറുപട്ടണത്തിലാണ് അവസാനിച്ചിരുന്നത്. അന്റ്‌ലാന്റിക് സമുദ്രത്തോട് ചേര്‍ന്നുകിടക്കുന്ന ഈ ഭൂപ്രദേശമാണ് ലോകത്തിന്റെ അതിര്‍ത്തി എന്ന് അക്കാലത്ത് ജനങ്ങള്‍ വിശ്വസിച്ചിരുന്നതിനാല്‍ സാന്റിയാഗോ തീര്‍ഥാടനം ലോകത്തിന്റെ അതിര്‍ത്തിയില്‍വരെ എത്തിയെങ്കിലേ പൂര്‍ണ്ണമാവൂ എന്ന് പല തീര്‍ഥാടകരും കരുതിയിരുന്നു. ഫിനിസ്‌തേറ (finis terrae) എന്ന ലത്തീൻ പദത്തിന്റെ അർഥംതന്നെ ‘ഭൂമിയുടെ അതിര്‍ത്തി’ (End of the Earth) എന്നാണ്. തിരയും തീരവും നിത്യവും ആലിംഗനത്തിലായിരിക്കുന്ന ഇവിടെയാണ് ഭൂമി അവസാനിക്കുന്നതും സമുദ്രം ആരംഭിക്കുന്നതും അതിന്റെ കാണാമറയത്താണ് സൂര്യന്‍ എന്നും അസ്തമിക്കുന്നതും.

ക്രിസ്തീയവിശ്വാസം ഇവിടെ എത്തിപ്പെടുന്നതിനുമുൻപേതന്നെ തദ്ദേശവാസികൾ തങ്ങളുടെ ദേവാന്മാർക്ക് ബലിയർപ്പിക്കാനായി തീർഥാടകരായി എത്തിയിരുന്ന സ്ഥലമായിരുന്നു ഇത്. സൂര്യൻ മറയുമ്പോൾ അടുത്തദിവസം വീണ്ടും വരണമേയെന്ന പ്രാർഥനയോടെ സൂര്യദേവന് അവർ ബലിയർപ്പിച്ചിരുന്നു. ഒരുപക്ഷേ, സാന്തിയാഗോ തീർഥാടനം പ്രസിദ്ധമായപ്പോൾ ക്രിസ്തീയവിശ്വാസികൾ ഇത് അതിനോട് കൂട്ടിച്ചേർത്തതായിരിക്കാം. സാന്റിയാഗോയിലെപോലെതന്നെ ഇവിടെയും തീര്‍ഥാടകര്‍ അനുഷ്ഠിച്ചിരുന്ന ഒരുപാട് കര്‍മ്മങ്ങളുണ്ടായിരുന്നു. ഫിനിസ്റ്റേര്‍ കടല്‍ത്തീരത്തുള്ള പാറക്കൂട്ടങ്ങളില്‍ തീകൂട്ടി തീര്‍ഥാടനത്തിനുപയോഗിച്ച മുഷിഞ്ഞ വസ്ത്രങ്ങള്‍ കത്തിച്ചുകളയുന്ന പാരമ്പര്യം ഈ അടുത്തകാലം വരെയും നിലനിന്നിരുന്നു. പ്രപഞ്ചത്തിലെ മൂലപദാര്‍ഥങ്ങളായ ഭൂമിയും ജലവും വായുവും അഗ്നിയും (ഇന്ത്യന്‍ ചിന്തയനുസരിച്ച് ആകാശവും) ഇവിടെ ഒന്നിക്കുന്നു. തീര്‍ഥാടനത്തിന്റെ അവസാനം തീര്‍ഥാടകന്‍ തന്നിലുള്ള തിന്മയുടെ വാസനകളെല്ലാം കത്തിച്ചുകളഞ്ഞ് അഗ്നിയാല്‍ ശുദ്ധീകരിക്കപ്പെട്ട് തിരികെപ്പോകുന്നതിന്റെ അടയാളമായിട്ടാണ് ഈ ആചാരം അനുഷ്ഠിച്ചിരുന്നത്.

ഈ ആചാരത്തിന് ഇന്ന് പാരിസ്ഥിതിക കാരണങ്ങളാൽ വിലക്കുണ്ട്. അതുകൊണ്ട് ഇന്ന് പലരും, അവിടെ സ്ഥാപിച്ചിരിക്കുന്ന വലിയ തൂണുകളില്‍ തങ്ങളുടെ വസ്ത്രങ്ങളും ഷൂസുമൊക്കെ ഉപേക്ഷിച്ചിട്ട് പോകാറുണ്ട്. നേരത്തെ സൂചിപ്പിച്ച ‘വഴി’ (The Way) എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ മാര്‍ട്ടിന്‍ ഷീന്‍, തന്റെ മകന്റെ ചിതാഭസ്മം ഇവിടെ കൊണ്ടുവന്നാണ് കടലില്‍ ഒഴുക്കി പ്രാർഥിച്ചുമടങ്ങിയത്. തങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ചിതാഭസ്മം ഭൂമിയുടെ അതിർത്തിയിലുള്ള സമുദ്രത്തിൽ ലയിപ്പിക്കുന്നതിനായി ഇന്നും അനേകർ ഇവിടേക്ക് എത്താറുണ്ട്.

കത്തോലിക്കാ സഭാചരിത്രത്തിൽ വളരെ പ്രാധാന്യം നിറഞ്ഞ ഒരു തീർഥാടനസ്ഥലമാണ് സാന്റിയാഗോ കത്തീഡ്രൽ ദൈവാലയം. യാക്കോബ് ശ്ലീഹായുടെ ജീവിതവുമായി ബന്ധപ്പെട്ട പല ഐതീഹ്യങ്ങളുടെയും ഉത്ഭവസ്ഥാനം കൂടിയാണിവിടം. സാന്റിയാഗോ തീർഥാടനത്തിന് ചരിത്രപരമായും മതപരമായും വലിയ പ്രാധാന്യം ഈ ആധുനിക കാലത്ത് കൈവന്നിട്ടുണ്ട്. തങ്ങളുടെ ആത്മീയവളർച്ചയ്ക്കും ശാരീരികബലത്തിനുമായി ഈ പാതയിലൂടെ മാസങ്ങളോളം നടക്കുന്നവരുണ്ട്. ഒരു വഴിയിലൂടെ കുറേനാൾ നടക്കുക എന്നതിനേക്കാൾ തീർഥാടനപാതയെ തന്റെ ജീവിതത്തിലേക്കു പ്രവേശിപ്പിച്ച് ദൈവത്തോടോത്തുള്ള നടത്തത്തിനാണ് ഇവിടെ പ്രാധാന്യം. അതുപോലെതന്നെ ഈ ലോകജീവിതം കുറേനാളത്തേക്കുമാത്രം നല്കപ്പെട്ടിരിക്കുന്ന ഒരു തീർഥാടനയാത്രയാണെന്നും അത് ഭംഗിയായി നടന്ന് അവസാന കാൽവയ്പ് സ്വർഗകവാടത്തിൽ ചെന്ന് അവസാനിപ്പിക്കേണ്ടതാണെന്നും യാക്കോബ് ശ്ലീഹായും യാക്കോബിന്റെ വഴിയും നമ്മെ അനുസ്മരിപ്പിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.