ലോകത്തിന്റെ അതിർത്തികൾവരെ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കാനായി ജീവിതം ഉഴിഞ്ഞുവച്ച അനേകം വിശുദ്ധർ സഭയിലുണ്ട്. അവരിൽ പലരും ക്രിസ്തുവിനെ പങ്കുവയ്ക്കാനായി സാഹസികമായ യാത്രകൾ നടത്തിയവരാണ്. കാടും മലയും നടന്നു താണ്ടിയവർ, പ്രകൃതിക്ഷോഭങ്ങളുമായി മല്ലിട്ടവർ, ക്ഷുദ്രജീവികളുമായി യുദ്ധംചെയ്ത് മുന്നേറിയവർ, കഠിനമായ പീഡനങ്ങളെ അതിജീവിച്ചവർ… നാടും വീടിന്റെ സുരക്ഷിതത്വവും പ്രിയപ്പെട്ടവരെയും എല്ലാം ഉപേക്ഷിച്ച് സുവിശേഷവേലയ്ക്കായി ഇറങ്ങിത്തിരിക്കുന്നവർ അപ്രതീക്ഷിത അനുഭവങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. അങ്ങനെ കഷ്ടപ്പാടുകളെ അതിജീവിച്ച് സുവിശേഷം പ്രഘോഷിച്ച ഏതാനും വിശുദ്ധരെ പരിചയപ്പെടാം.
വി. ഫ്രാൻസിസ് സോളാനസ് (1549-1610)
ഒരു സ്പാനിഷ് പുരോഹിതനായിരുന്ന വി. ഫ്രാൻസിസ് സോളാനസ് തന്റെ സുവിശേഷ പ്രഘോഷണയാത്രയിൽ വലിയ കൊടുങ്കാറ്റിനെ അതിജീവിച്ചിട്ടുള്ള ഒരു വിശുദ്ധനാണ്.
പെറുവിലേക്കുള്ള തന്റെ സുവിശേഷ പ്രഘോഷണയാത്രയിൽ അദ്ദേഹം യാത്രചെയ്തിരുന്ന കപ്പൽ വലിയ കൊടുങ്കാറ്റിലകപ്പെട്ടു. ആ കൊടുങ്കാറ്റിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന കപ്പൽ രണ്ടായി പിളർന്നു. കപ്പലിലെ ക്യാപ്റ്റനും ജോലിക്കാരും കപ്പൽ ഉപേക്ഷിച്ച് രക്ഷപെട്ടപ്പോൾ ഫാ. ഫ്രാൻസിസ് തന്നോടുകൂടെ കപ്പലിലുണ്ടായിരുന്ന അടിമകളായ ആളുകളെ വിശ്വാസത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ അവരോടൊപ്പംനിന്നു. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളിൽ കൂടെയുണ്ടായിരുന്ന അടിമകളുടെ ആത്മീയാവശ്യങ്ങൾക്കായി അദ്ദേഹം നിലകൊണ്ടു. ദൈവം തന്റെ പ്രാർഥനകൾക്ക് ഉത്തരംനൽകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന അദ്ദേഹം, തന്നോടൊപ്പം ഉണ്ടായിരുന്നവരോടുകൂടി ശക്തമായ പ്രാർഥനയിൽ തുടർന്നു. അങ്ങനെ അവിശ്വസനീയമാംവിധം മൂന്നു ദിവസങ്ങൾക്കുശേഷം രക്ഷാപ്രവർത്തകർ അവരെ കണ്ടെത്തി രക്ഷപെടുത്തി.
വാഴ്ത്ത. ജിയോവാനി ബാറ്റിസ്റ്റ മസൂക്കോണി (1826-1855)
ഒരു ഇറ്റാലിയൻ പുരോഹിതനും മിഷനറിയുമായിരുന്നു വാഴ്ത്ത. ജിയോവാനി. പാപ്പുവ ന്യൂ ഗിനിയയിൽ, മിഷൻപ്രവർത്തനങ്ങൾക്കായി അദ്ദേഹം സുരക്ഷിതമായി എത്തിയെങ്കിലും അവിടത്തെ പ്രവർത്തനങ്ങൾക്കിടെ അദ്ദേഹത്തിന് മലയേറിയ പിടിപെട്ടു. അങ്ങനെ അദ്ദേഹത്തെ ചികിത്സയ്ക്കായി സിഡ്നിയിലേക്ക് അയച്ചു. ചികിത്സയ്ക്കായി സിഡ്നിയിലേക്കുള്ള കപ്പൽയാത്ര യാതൊരു മുൻവിധികളുമില്ലാതെയായിരുന്നു.
കാലാവസ്ഥയെക്കുറിച്ച് കൃത്യമായ മുന്നറിവുകളില്ലാത്ത ആ യാത്രയിൽ രോഗിയായ അദ്ദേഹം സഞ്ചരിച്ചിരുന്ന കപ്പൽ അപകടത്തിൽപെട്ടു. വിശുദ്ധവാരത്തിലെ വലിയ ബുധനാഴ്ചയായിരുന്നു കപ്പൽ അപകടത്തിൽപെട്ടത്. കപ്പലിന്റെ കൊടിമരവും മറ്റു സുരക്ഷിതത്വങ്ങളും നഷ്ടപ്പെട്ട് ദിശയറിയാതെ കപ്പൽ കടലിൽ ഒഴുകിനടന്നു. രോഗിയായി തീർത്തും അവശനായിരുന്ന അദ്ദേഹം ഈസ്റ്റർ ഞായറാഴ്ചയാണ് ആ കൊടുങ്കാറ്റിനെ അതിജീവിച്ച് കരയ്ക്കടുത്തത്. സുഖംപ്രാപിച്ച അദ്ദേഹം വീണ്ടും പാപ്പുവ ന്യൂ ഗിനിയയിലെ തന്റെ മിഷൻപ്രവർത്തനങ്ങൾക്കായി ഇറങ്ങിത്തിരിച്ചു.
“അന്ന് എന്നെ രക്ഷിച്ച ആ ദൈവം ഈ യാത്രയിൽ വീണ്ടും എന്നോടൊപ്പമുണ്ടാകും” എന്നായിരുന്നു പാപ്പുവ ന്യൂ ഗിനിയയിലേക്കുള്ള യാത്രയിലെ അദ്ദേഹത്തിന്റെ വാക്കുകൾ. പാപ്പുവ ന്യൂ ഗിനിയയിലെത്തിയ ഫാ. ജിയോവാനിയുടെ സുവിശേഷ പ്രഘോഷണപ്രവർത്തനങ്ങളിൽ അതൃപ്തിയുള്ളവരും അവിടെയുണ്ടായിരുന്നു. അദ്ദേഹം, തന്റെ ആദ്യ ശുശ്രൂഷാവേളയിൽ വിശ്വാസം പങ്കുവച്ച ആളുകളുടെ നേതാവായിരുന്ന വ്യക്തി സൗഹാർദപരമായി അദ്ദേഹത്തെ സ്വീകരിച്ചെങ്കിലും കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് അദ്ദേഹത്തെ കൊലപ്പെടുത്തി.
വാഴ്ത്ത. പീറ്റർ കിബെ (1587-1639)
ജപ്പാനിൽ ജനിച്ച പീറ്റർ കിബെ, ക്രിസ്ത്യാനിയായി ജനിച്ചതിന്റെപേരിൽ നാടുകടത്തപ്പെട്ട ഒരാളായിരുന്നു. തന്റെ പൗരോഹിത്യജീവിതത്തിലേക്കുള്ള യാത്രയിൽ വലിയ നിശ്ചയദാർഢ്യം പുലർത്തിയ അദ്ദേഹം ഒരു ജെസ്യൂട്ട് പുരോഹിതനായിത്തീരാൻ ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നു. പൗരോഹിത്യത്തിലേക്ക് തന്നെ അഭിഷേകം ചെയ്യാൻവേണ്ടി ഒരു ബിഷപ്പിനായി 14 വർഷമാണ് അദ്ദേഹം കാത്തിരുന്നത്. അതിനുവേണ്ടി 3,700 മൈലുകൾ കാൽനടയായി അദ്ദേഹത്തിന് യാത്രചെയ്യേണ്ടിവന്നിട്ടുണ്ട്.
ഒരു ക്രിസ്ത്യാനിയായതിന്റെപേരിൽ തന്റെ ജന്മനാടായ ജപ്പാനിലേക്ക് തിരിച്ചുപോകാൻ അദ്ദേഹത്തിന് ഒരുപാട് തടസ്സങ്ങൾ നേരിടേണ്ടിവന്നു. ടൈഫൂൺ സീസണിന്റെ മധ്യത്തിൽ ഫാ. കിബെയ്ക്ക് ഫിലിപ്പീൻസ് കടൽ കടന്നുപോകേണ്ടിയിരുന്നു. ആ കടൽയാത്രയിൽവച്ച് ഒരു വലിയ ചുഴലിക്കാറ്റിൽ കപ്പൽ അകപ്പെട്ടു. വി. ഫ്രാൻസിസ് സേവിയർ ജപ്പാനിൽ സുവിശേഷം പ്രസംഗിക്കാൻ പോയപ്പോൾ ഇറങ്ങിയ അതേസ്ഥലത്തു വച്ചുതന്നെ പീറ്റർ കിബെയും കൂടെയുണ്ടായിരുന്നവരും കടലിൽ ഒലിച്ചുപോയി. കഠിനമായ ഈ യാത്രകൾക്കൊടുവിൽ അദ്ദേഹം പിടിക്കപ്പെടുകയും രക്തസാക്ഷിയാവുകയും ചെയ്തു.
വി. ജോസഫ് വാസ് (1651-1711)
ശ്രീലങ്കയിൽ, കാൽവിനിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള ദ്വീപിൽ വർഷങ്ങളോളം ശുശ്രൂഷചെയ്ത ഇന്ത്യൻ പുരോഹിതനാണ് വി. ജോസഫ് വാസ്. അക്കാലങ്ങളിൽ ഈ പ്രദേശങ്ങളിൽ കത്തോലിക്കാമതം കർശനമായി നിരോധിച്ചിരിക്കുന്നു. എന്നാൽ അദ്ദേഹം ഒരു പുരോഹിതനാണെന്ന് അധികൃതർ കണ്ടെത്തിയിരുന്നില്ല. രഹസ്യമായി കത്തോലിക്കാ വിശ്വാസത്തിൽ കഴിയുന്നവരെ കണ്ടെത്തുന്നതിനുവേണ്ടി അദ്ദേഹം വീടുതോറും ഭിക്ഷ യാചിച്ചുനടന്നു. ഒടുവിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു മനസ്സിലാക്കിയ ദ്വീപിലെ ഒരു ചെറിയ രാജ്യമായ കാൻഡിയിലെ രാജാവ് അദ്ദേഹത്തെ പിടികൂടി.
ആ നാട്ടിലുണ്ടായ കഠിന വരൾച്ചയുടെ കാലത്ത് ജോസഫ് വാസ് വരൾച്ച അവസാനിക്കാൻ മഴയ്ക്കായി പ്രാർഥിച്ചപ്പോൾ ദൈവം ചാറ്റൽമഴ അയച്ച് അപ്പോൾത്തന്നെ തന്റെ ശക്തി പ്രകടമാക്കി. ഇത് ആ ദ്വീപ് മുഴുവൻ സുവിശേഷവൽക്കരിക്കാൻ ജോസഫ് വാസിനെ സഹായിച്ചു.
മിഷൻപ്രവർത്തനങ്ങൾ ഒരിക്കലും സുഖകരമായ അനുഭവങ്ങളല്ല പ്രദാനംചെയുന്നത്. ജീവിതം പണയപ്പെടുത്തി സുവിശേഷവേലയ്ക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കാം.