സമൂഹത്തിൽ സ്ത്രീകൾ വിവിധ പ്രതിസന്ധികളെയാണ് അനുദിനവും അഭിമുഖീകരിക്കുന്നത്. അവ ശാരീരികമോ മാനസികമോ ആയ പ്രശ്‌നങ്ങളാണെങ്കിലും, നമുക്ക് ആശ്രയിക്കാൻ കഴിയുന്ന, നമ്മെ സഹായിക്കുന്ന നിരവധി വിശുദ്ധർ ഉണ്ട്. വിവിധ പ്രതിസന്ധികളിൽ സഹായമാകുന്ന ആറു വിശുദ്ധരെ പരിചയപ്പെടാം.
1. വി. ഫിലോമിന: യുവതികളുടെ സംരക്ഷക
യുവതികളുടെ സംരക്ഷകയായി അറിയപ്പെടുന്ന വിശുദ്ധയാണ് വി. ഫിലോമിന. ആധുനിക ലോകത്തിൽ പ്രലോഭനത്തെ ചെറുക്കാനും സാമൂഹിക സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കാനും ഈ വിശുദ്ധ സഹായിക്കുന്നു. ചെറുപ്പത്തിൽത്തന്നെ രക്തസാക്ഷിയായ വി. ഫിലോമിന ധർമ്മത്തെയും സ്ഥിരതയെയും പ്രതിനിധീകരിക്കുന്ന വിശുദ്ധയാണ്. പ്രതികൂല സാഹചര്യങ്ങൾ നേരിടുമ്പോൾ തന്നോടും മറ്റുള്ളവരോടും വിശ്വസ്തത പുലർത്താൻ വി. ഫിലോമിനയുടെ മാധ്യസ്ഥം തേടാം.
2. വി. ഡ്വിൻവെൻ: ജീവിതപങ്കാളിയെ കണ്ടെത്താൻ
ഒരു തികഞ്ഞ ജീവിത പങ്കാളിയെ കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. ജീവിത പങ്കാളിയെ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് മാധ്യസ്ഥം വഹിക്കാവുന്ന വിശുദ്ധനാണ് വി. ഡ്വിൻവെൻ. അഞ്ചാം നൂറ്റാണ്ടിലെ ഈ വിശുദ്ധൻ അവിവാഹിതനാണെങ്കിലും, മികച്ച ജീവിതപങ്കാളിയെ ലഭിക്കുവാൻ, അവരുടെ പ്രതീക്ഷകൾ ഫലമണിയുവാൻ പ്രാർഥിച്ചു . അതിനാൽ യഥാർഥ ജീവിതപങ്കാളിയെ തേടുന്നവർക്ക് ഈ വിശുദ്ധന്റെ മാധ്യസ്ഥം തേടാം.
3. വി. വാലന്റൈൻ: സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനായി സഹായിക്കുന്ന വിശുദ്ധൻ
വി. വാലന്റൈൻ സ്നേഹത്തിൻ്റെ മധ്യസ്ഥനായി അറിയപ്പെടുന്ന വിശുദ്ധനാണ്. റോമൻ അധികാരികളെ ധിക്കരിച്ച് അദ്ദേഹം ദമ്പതികൾക്കായി രഹസ്യ വിവാഹങ്ങൾ നടത്തികൊടുത്തിരുന്നതായി പറയപ്പെടുന്നു. സ്നേഹം തേടുന്ന അല്ലെങ്കിൽ ബന്ധങ്ങളിൽ സങ്കീർണ്ണതകൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് മാർഗനിർദേശത്തിനും വിശ്വാസത്തിനും വേണ്ടി വിശുദ്ധ വാലന്റൈനിലേക്ക് തിരിയാം. ആത്മാർഥമായ സ്നേഹവും പരസ്പര ബഹുമാനവും ഉള്ള ജീവിതപങ്കാളിയെ കണ്ടെത്താനും അവരെ സഹായിക്കാനും, ഈ വിശുദ്ധൻ സഹായിക്കും.
4. വി. മഗ്ദലേന മറിയം: ശരീര പ്രതിച്ഛായയ്ക്കും ആത്മാഭിമാനത്തിനും
ഇന്ന് പല സ്ത്രീകളും വസ്തുതാപരമായി നേരിടുന്ന ഒരു പ്രശ്‌നമാണ്, തങ്ങളുടെ യഥാർഥ മൂല്യം തിരിച്ചറിയുവാൻ സാധിക്കാത്ത അവസ്ഥ. യേശുവിനോടുള്ള അഗാധമായ ഭക്തിക്ക് പേരുകേട്ട വി. മഗ്ദലേന മറിയം സാമൂഹിക വിധികളെ തരണം ചെയ്യുകയും തന്റെ വിശ്വാസത്തിലൂടെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. സൗന്ദര്യത്തെ ചുറ്റിപ്പറ്റിയുള്ള ശരീര പ്രതിച്ഛായയുമായോ സാമൂഹിക സമ്മർദ്ദവുമായോ നേരിടുന്ന സ്ത്രീകൾക്ക്, വി. മഗ്ദലേന മറിയം ശാരീരിക രൂപത്തേക്കാൾ വളരെ ആഴത്തിലാണ് ആത്മാഭിമാനം ഉള്ളതെന്ന ശക്തമായ ഓർമ്മപ്പെടുത്തൽ നൽകുന്നു. പുറത്തുനിന്നുള്ള മാനദണ്ഡങ്ങൾ പരിഗണിക്കാതെ തങ്ങളെ തന്നെ പ്രിയപ്പെട്ടവരും വിലപ്പെട്ടവരുമായി കാണാൻ ഈ വിശുദ്ധയുടെ ജീവിതം സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു.
5. വി. മോനിക്ക: കുടുംബ പ്രശ്‌നങ്ങൾക്ക്
അചഞ്ചലമായ വിശ്വാസത്തിനും അർപ്പണബോധത്തിനും പേരുകേട്ട വി. മോനിക്ക വർഷങ്ങളോളം, തന്റെ മകൻ വിശുദ്ധ അഗസ്റ്റിൻ തെറ്റായ ജീവിതം നയിച്ചപ്പോൾ പ്രാർഥനയോടെ മകന്റെ മാനസാന്തരത്തിനായി കാത്തിരുന്നു. അവളുടെ ക്ഷമയ്ക്കും പ്രാർഥനയ്ക്കും ഒടുവിൽ ഉത്തരം ലഭിച്ചു. ദാമ്പത്യജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്ന അല്ലെങ്കിൽ മക്കളെക്കുറിച്ച് വേവലാതിപ്പെടുന്ന സ്ത്രീകൾക്ക് ഈ വിശുദ്ധയുടെ മാധ്യസ്ഥം തേടാം.
6. വി. ഡിംഫ്ന: മാനസികാരോഗ്യ പ്രശ്നങ്ങൾക്ക്
ഉത്കണ്ഠ, വിഷാദം അല്ലെങ്കിൽ വൈകാരിക ബുദ്ധിമുട്ടുകൾ എന്നിവയാൽ ക്ലേശിക്കുന്ന സ്ത്രീകൾക്ക് വി. ഡിംഫ്നയുടെ മാധ്യസ്ഥം തേടാം. തന്നെ ദുരുപയോഗം ചെയ്യുന്ന ഒരു സാഹചര്യത്തിൽ നിന്ന് ഓടിപ്പോവുകയും പ്രതികൂല സാഹചര്യങ്ങൾക്കിടയിലും അവളുടെ വിശ്വാസം നിലനിർത്തുകയും ചെയ്തു ഈ വിശുദ്ധ. വി. ഡിംഫ്നയുടെ ജീവിതം മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവർക്ക് പ്രത്യാശയുടെയും രോഗശാന്തിയുടെയും പ്രതീകമാണ്.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ