പൂന്തോട്ട പരിപാലനം ഒരു ഹോബിയായും ബിസിനസായും ഒക്കെ കൊണ്ടുനടക്കുന്നവർക്ക് പൂന്തോട്ട പരിപാലനത്തിനു സഹായിക്കുന്ന കാര്യങ്ങൾ കൂടുതലായറിയാൻ താൽപര്യമുണ്ടാകും. എന്നാൽ, പൂന്തോട്ട പരിപാലനത്തിൽ സഹായിക്കാൻ ഒന്നല്ല, അഞ്ചു വിശുദ്ധർ ഉണ്ടെന്ന് അറിയാമോ? ഓരോ ചെറിയ കാര്യത്തിനുപോലും ദൈവസന്നിധിയിൽ വിലയുണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു വസ്തുത കൂടിയാണിത്. പൂന്തോട്ട പരിപാലനത്തിൽ നമ്മെ സഹായിക്കുന്ന വിശുദ്ധരെ പരിചയപ്പെടാം.
1. വി. ഫിയാക്കർ – തോട്ടക്കാരുടെ മധ്യസ്ഥൻ
600-ൽ ജനിച്ച ഒരു ഐറിഷ് സന്യാസിയായിരുന്നു വി. ഫിയാക്കർ. അദ്ദേഹം തോട്ടക്കാരുടെയും ഔഷധസസ്യങ്ങളുടെയും മധ്യസ്ഥനണ്. ഔഷധസസ്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവിനും ഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ വളർത്തുന്നതിനും ഔഷധസസ്യങ്ങൾ പരിപാലിക്കുന്നതിനും പേരുകേട്ട വിശുദ്ധനാണ്. പാരമ്പര്യമനുസരിച്ച്, അദ്ദേഹം ഫ്രാൻസിൽ ഒരു ആശ്രമം സ്ഥാപിച്ചു. അവിടെ അദ്ദേഹത്തിന് ഒരു പൂന്തോട്ടവും ഔഷധസസ്യങ്ങളുടെ തോട്ടവും ഉണ്ടായിരുന്നു. തോട്ടക്കാരുടെ പ്രത്യേക മധ്യസ്ഥനാണ് വി. ഫിയാക്കർ.
2. വി. ഫ്രാൻസിസ് അസീസി – പരിസ്ഥിതിശാസ്ത്രത്തിന്റെ മധ്യസ്ഥൻ
പ്രകൃതിയോടും എല്ലാ ജീവജാലങ്ങളോടുമുള്ള അഗാധമായ സ്നേഹത്തിന് പേരുകേട്ട വി. ഫ്രാൻസിസ് അസീസി (1181-1226) കത്തോലിക്കാ സഭയിലെ ഏറ്റവും പ്രിയപ്പെട്ട വിശുദ്ധരിൽ ഒരാളാണ്. മൃഗങ്ങൾ മുതൽ ഏറ്റവും ചെറിയ സസ്യങ്ങൾ വരെയുള്ള സൃഷ്ടികളോടുള്ള അദ്ദേഹത്തിന്റെ ബഹുമാനം പ്രകൃതിയെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുകയും ഭൂമിയുമായി ഐക്യം തേടുന്നവരുടെ മധ്യസ്ഥനാക്കി മാറ്റുകയും ചെയ്യുന്നു.
3. കർഷകനായ വി. ഇസിദോർ – കർഷകരുടെയും തൊഴിലാളികളുടെയും മധ്യസ്ഥൻ
പന്ത്രണ്ടാം നൂറ്റാണ്ടിൽ മരിച്ച വി. ഇസിദോർ, അഗാധമായ വിശ്വാസത്തിനും കഠിനാധ്വാനത്തിനും പേരുകേട്ട ഒരു പാവപ്പെട്ട സ്പാനിഷ് കർഷകത്തൊഴിലാളിയായിരുന്നു. എളിമയുള്ള ജോലിയാണെങ്കിലും ഓരോ പ്രവൃത്തിയും എത്ര ചെറുതായാലും പ്രാർഥനയുടെ ഒരു രൂപമാണെന്ന് അദ്ദേഹം വിശ്വസിച്ചു. തന്റെ ചുമതലകൾ അവഗണിക്കാതെ ദിവസേനയുള്ള വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. തന്റെ വയലുകൾ ഉഴുതുമറിക്കാൻ ദൂതന്മാർ അദ്ദേഹത്തെ സഹായിച്ചതായി ഐതിഹ്യങ്ങളുണ്ട്.
4. വി. ഫോക്കാസ് – പൂന്തോട്ട പരിപാലനത്തിന്റെയും ആതിഥ്യമര്യാദയുടെയും മധ്യസ്ഥൻ
പൂന്തോട്ട പരിപാലനത്തിനും ആതിഥ്യമര്യാദയ്ക്കും പേരുകേട്ട, ഇപ്പോഴത്തെ തുർക്കിയായ സിനോപ്പിൽ നിന്നുള്ള നാലാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിയായിരുന്നു അധികം അറിയപ്പെടാത്ത ഈ വിശുദ്ധൻ. പാവപ്പെട്ടവരുമായും യാത്രക്കാരുമായും ഉദാരമായി പങ്കിട്ട ഒരു പൂന്തോട്ടം അദ്ദേഹം പരിപാലിച്ചു. ക്രിസ്തീയ പീഡനസമയത്ത് റോമൻ അധികാരികൾ അദ്ദേഹം കത്തോലിക്കാ വിശ്വാസിയാണെന്നു കണ്ടെത്തിയതോടെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിനുമുമ്പ്, തന്റെ തോട്ടത്തിൽനിന്നുള്ള ഉല്പന്നങ്ങൾ തന്നെ കൊലപ്പെടുത്താൻ കൊണ്ടുപോകുന്നവർക്ക് ഭക്ഷണമായി നൽകാൻ അദ്ദേഹം ഉപയോഗിച്ചു.
5. സിസേറിയയിലെ വിശുദ്ധ ഡൊറോത്തി – പൂന്തോട്ടങ്ങളുടെയും പൂക്കളുടെയും മധ്യസ്ഥ
ഇന്നത്തെ തുർക്കിയിലെ സിസേറിയയിൽ നിന്നുള്ള നാലാം നൂറ്റാണ്ടിലെ കന്യക രക്തസാക്ഷിയായിരുന്നു വിശുദ്ധ ഡൊറോത്തി. അത്ഭുതകരമായ പാരമ്പര്യമനുസരിച്ച്, ക്രിസ്തീയ പീഡനസമയത്ത് വധിക്കപ്പെടുമ്പോൾ, ഒരു യുവാവ് അവളുടെ വിശ്വാസത്തെ ഇങ്ങനെ പരിഹസിച്ചു, “ക്രിസ്തുവിന്റെ മണവാട്ടി, നിന്റെ വരന്റെ തോട്ടത്തിൽനിന്ന് കുറച്ച് പഴങ്ങൾ എനിക്ക് അയയ്ക്കുക.” അത്ഭുതകരമായി, മരണശേഷം റോസാപ്പൂക്കളുടെയും ആപ്പിളിന്റെയും ഒരു കൊട്ടയുമായി അവൾ പ്രത്യക്ഷപ്പെടുകയും അവനെ ക്രിസ്തുവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു.
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ