വിൻസെന്റ് ഡി പോൾ; കാരുണ്യത്തിന്റെ പ്രവാചകൻ

ഡോ. സെമിച്ചൻ ജോസഫ്

പരസ്നേഹപ്രവർത്തനങ്ങളുടെ മധ്യസ്ഥനായ വി. വിൻസെന്റ് ഡി പോളിന്റെ തിരുനാൾദിനത്തിൽ നമുക്ക് ചുറ്റുപാടുകളിലേക്കൊന്നു കണ്ണോടിക്കാം. യുദ്ധവും ആഭ്യന്തരപ്രശ്നങ്ങളും കലഹങ്ങളുംമൂലം ദാരിദ്ര്യത്തിന്റെ പരകോടിയിൽ നിൽക്കുന്ന ജനസഹസ്രങ്ങൾ. പിറന്ന നാടുവിട്ട് പലായനം ചെയ്യേണ്ടിവരുന്ന കുരുന്നുകൾ, വിശ്വാസം സ്വീകരിച്ചതിന്റെപേരിൽ പീഡനങ്ങളനുഭവിക്കുന്ന മണിപ്പൂരിലെയും മറ്റിടങ്ങളിലേയും ക്രൈസ്തവസഹോദരങ്ങൾ, രോഗവും ദാരിദ്ര്യവും കീഴടക്കി മരണത്തെ കാത്ത് അഗതിമന്ദിരങ്ങളിൽ കഴിയുന്ന അനേകായിരങ്ങൾ. അവരിലേക്ക് ക്രിസ്തുവിന്റെ നീട്ടപ്പെട്ട കരങ്ങളാകാൻ വിളിക്കപ്പെട്ടവരാണ് ഒരോ ക്രിസ്ത്യാനിയും.

വിശുദ്ധൻ നമ്മെ ഒർമ്മപ്പെടുത്തുന്നു, “പ്രശ്‌നങ്ങള്‍ നിറഞ്ഞ ലോകത്ത് ശാന്തനായി ജീവിക്കാന്‍ പഠിക്കുക. എല്ലാ പ്രശ്‌നങ്ങളില്‍നിന്നും മനസ്സിനെ മുക്തമാക്കുക. എല്ലാം ദൈവം നോക്കിക്കൊള്ളും എന്ന് സമ്പൂര്‍ണ്ണമായി വിശ്വസിക്കുക. ഞാന്‍ വീണ്ടും പറയുന്നു: വിശ്വസിക്കുക; നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകും.”

ആരാണ് വി. വിൻസന്റ് ഡി പോൾ

1581 -ൽ ജീൻ ഡി പോളിന്റെയും ബെട്രാന്റ് ഡി പോളിന്റെയും മൂന്നാമത്തെ മകനായി പാരീസിൽ ജനിച്ചു. പാരീസിലെ തന്നെ ടുളുസിൽ ദേവശാസ്ത്രപഠനത്തിനായി ചേർന്നു. തന്റെ 19 -ാമത്തെ വയസ്സിൽ വിൻസെന്റ് പൗരോഹിത്യം സ്വീകരിച്ചു. 1605 -ൽ വിൻസെന്റ് ഫ്രാൻസിൽ നിന്നും മാർസെയിലേക്കുള്ള കപ്പൽയാത്രയിൽ കടൽക്കൊള്ളക്കാരാൽ ബന്ധനസ്ഥനായി. രണ്ടുവർഷക്കാലം അദ്ദേഹം ട്യൂണിസിൽ ജീവിക്കേണ്ടിവന്നതിനാൽ അവിടെ ജാലവിദ്യ അഭ്യസിച്ചു.

1617 ജൂലൈയിൽ വിൻസെന്റ് ഷാറ്റിലോൺ ഡോംസ് എന്ന ഇടവകയുടെ വികാരിയായി ചുമതലയേറ്റു. തുടർന്ന് 1625 ഏപ്രിൽ 17 -ന് വെദികർക്കായി കോൺഗ്രിഗേഷൻ ഓഫ് മിഷൻ എന്ന സന്യാസി സമൂഹം സ്ഥാപിച്ചു. ശിശുക്കൾക്കായി 1639 -ൽ ഒരു പരിചരണകേന്ദ്രം സ്ഥാപിച്ചു. 1649 -ൽ ആരംഭിച്ച ഫ്രാൻസ് ആഭ്യന്തരയുദ്ധകാലത്ത് ആതുരസേവനവുമായി പ്രവർത്തിച്ചു. യുദ്ധത്താൽ നിർധനരാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്തു.

കരുണ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള വനിതകള്‍ക്ക് സാമൂഹികപ്രശ്‌നങ്ങളെപ്പറ്റിയുള്ള അവബോധം ജനിപ്പിക്കുകയും അവരുടെ ഒരു കൂട്ടായ്മയായി ‘ഉപവിയുടെ സഹോദരിമാര്‍’ എന്ന സംഘടനയ്ക്ക് രൂപംകൊടുക്കുകയും ചെയ്തു. അവരുടെ ഉദാരമായ സാമ്പത്തികസഹായംകൊണ്ട്, ആരോരുമില്ലാതെ കഷ്ടപ്പെടുന്ന അനേകരെ സംരക്ഷിക്കാന്‍ പാരീസില്‍ ഒരു ജനറല്‍ ആശുപത്രി സ്ഥാപിക്കപ്പെട്ടു. കൂടാതെ, ഒരു അനാഥാലയം, വൃദ്ധസദനം, മനോരോഗികളെ സംരക്ഷിക്കാനുള്ള ഭവനം, കുഷ്ഠരോഗികള്‍ക്കായുള്ള സ്ഥാപനം – എല്ലാം ആരംഭിക്കപ്പെട്ടു. ഈ ഭവനങ്ങളിലെയെല്ലാം ഹതഭാഗ്യരുടെ ശുശ്രൂഷയും സംരക്ഷണവും വിന്‍സെന്റ് ഏല്പിച്ചത് ‘ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി’ എന്ന സന്യാസിനീ സഭയെയാണ്.

1633 ല്‍ വി. ളൂയീസ് മരില്ലാക്കിന്റെ സഹകരണത്തോടെ വിന്‍സെന്റ് സ്ഥാപിച്ചതാണ് ഈ സഭ. ഉപവിപ്രവർത്തനങ്ങൾ ജീവിതവൃതമായി മാറുന്ന കാഴ്ച ആ വിശുദ്ധ ജീവിതത്തിലുടനീളം നമുക്കു ദർശിക്കാൻ കഴിയും. 1660 സെപ്റ്റംബർ 27 -ന് വിൻസെന്റ് ഡി പോൾ അന്തരിച്ചു. 1729 ആഗസ്റ്റ് 13 -ന് ബെനഡിക്ട് പതിമൂന്നാമൻ മാർപാപ്പ വിൻസെന്റ് ഡി പോളിനെ വാഴ്ത്തപ്പെട്ടവനായും ക്ലെമന്റ് പന്ത്രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ 1737 ജൂൺ 13 -ന് വിശുദ്ധനായും പ്രഖ്യാപിച്ചു. 1883 -ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ വിൻസെന്റ് ഡി പോളിനെ പരസ്നേഹപ്രവർത്തനങ്ങളുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു.

ആധുനിക കാലത്ത് മദർ തെരേസയെപ്പോലെ, വി. വിൻസെന്റ് ഡി പോൾ തെളിച്ച വഴിയിലൂടെ നടന്ന് അനേകരെ ക്രിസ്തുവിനുവേണ്ടി നേടി. പാവപ്പെട്ടവരുടെയും പണക്കാരുടെയും സുഹൃത്തായിരുന്നു വിന്‍സെന്റ്. പണമുള്ളവരുമായുള്ള സുഹൃദ്ബന്ധത്തിലൂടെ അനേകം പാവപ്പെട്ടവരെ സഹായിച്ച മഹത്‌വ്യക്തിത്വത്തിനുടമ. ദൈവത്തിന്റെ മക്കളാണ് സകലരും – അതുമാത്രമായിരുന്നു അദ്ദേഹത്തിനുള്ള ഏക തിരിച്ചറിവ്. ലോകമെമ്പാടുമുള്ള വിൻസെൻഷ്യൽ വൈദികരും വിൻസെൻഷ്യൻ ഉപവിത്രവർത്തനങ്ങളുടെ ചൈതന്യത്തിൽ പ്രവർത്തിക്കുന്ന വിൻസെന്റ് ഡി പോൾ സഖ്യം പോലുള്ള ജീവകാരുണ്യപ്രസ്ഥാനങ്ങളും അനേകർക്ക് ക്രിസ്തുചൈതന്യം പകർന്നുകൊണ്ട് പ്രവർത്തിക്കുന്നു. നമുക്കും ആ മാതൃക പിന്തുടരാം.

ഡോ. സെമിച്ചൻ ജോസഫ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.