“നീ പ്രാർഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന് കതകടച്ച് രഹസ്യമായി നിന്റെ പിതാവിനോടു പ്രാർഥിക്കുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നൽകും” (മത്തായി 6:6). എവുപ്രാസ്യമ്മയുടെ ജീവിതവിശുദ്ധിക്ക് അടിസ്ഥാനം അവളുടെ പ്രാർഥനയായിരുന്നു. എവുപ്രാസ്യ പ്രാർഥിക്കുന്ന അമ്മ എന്ന പര്യായത്തിലേക്കു രൂപാന്തരപ്പെട്ടു. എല്ലാ ശ്വാസോച്ഛ്വാസത്തിലും കർത്താവിനെ സ്തുതിക്കാനുള്ള കല അവൾ ജീവിതംകൊണ്ട് അഭ്യസിച്ചു. ചലിക്കുന്ന സക്രാരി എന്ന് വിളിക്കപ്പെടാൻതക്കവിധം ആ ജീവിതം ദിവ്യകാരുണ്യകേന്ദ്രീകൃതവും ദിവ്യകാരുണ്യപൂരിതവുമായിരുന്നു.
പരിശുദ്ധ കുർബാന അവൾക്ക് ജീവിതത്തിന്റെ ഏകസന്തോഷവും ആശ്വാസവും പ്രലോഭനങ്ങളെ നേരിടാനും പാടുപീഡകളും കഷ്ടപ്പാടുകളും ഏറ്റെടുക്കാനും അതിനെ തരണംചെയ്യാനുമുള്ള ശക്തികേന്ദ്രവും ആയിരുന്നു. പ്രാർഥനയോടുള്ള ആഭിമുഖ്യം അമ്മയെ ഒരു മുഴുസമയ പ്രാർഥനക്കാരിയാക്കി മാറ്റി. എന്താണ് അവൾ പ്രാർഥിച്ചത്, ആർക്കുവേണ്ടിയാണ് പ്രാർഥിച്ചത്. ലോകത്തിന്റെ സുഖത്തിനുവേണ്ടി, നാടിന്റെ ഐശ്വര്യത്തിനുവേണ്ടി.
അമേല്യകാരുമായുള്ള യുദ്ധത്തിൽ യുദ്ധമുഖത്തേക്കു പോകാൻ കഴിയാതിരുന്നപ്പോൾ മോശ മലമുകളിൽ കൈവിരിച്ചു നിന്നതുപോലെ തിരുസഭയ്ക്കുവേണ്ടി, രൂപതയ്ക്കുവേണ്ടി, പ്രവർത്തനനിരതയായിരിക്കുന്ന വൈദികർക്കുവേണ്ടി, കേസുകളിൽപെട്ടിരിക്കുന്ന പള്ളികൾക്കുവേണ്ടി, വിശ്വാസവ്യതിയാനം സംഭവിച്ച ഇടവകജനത്തിനുവേണ്ടി, സ്കൂളുകളിലെ കുട്ടികൾക്കുവേണ്ടി, പട്ടിണിപ്പാവങ്ങൾക്കുവേണ്ടി, വേദനയിൽ മുഴുകിക്കഴിയുന്ന, ആരാലും അറിയപ്പെടാതെ ഭവനങ്ങളിൽ നീറിപ്പുകയുന്ന ദമ്പതികൾക്കുവേണ്ടി ഇങ്ങനെ നീണ്ടുപോകുന്ന ആ ലിസ്റ്റ്. ഇനിയും ഒരുപാട് നിയോഗങ്ങൾക്കുവേണ്ടി ദൈവസന്നിധിയിൽ കൈവിരിച്ച് ജപമാല ചൊല്ലി വിശുദ്ധ പ്രാർഥിച്ചിരുന്നു. അങ്ങനെ ഒല്ലൂർ മഠം അന്നും ഇന്നും തൃശൂർ രൂപതയുടെ സ്പിരിച്ചൽ പവർഹൗസ് ആയി മാറി.
രാപ്പകൽ സക്രാരിയിലേക്കുനോക്കി ചാപ്പലിന്റെ മൂലയിൽ പ്രാർഥനാപൂർവം ഇരുന്ന അമ്മയെ ജനം തിരിച്ചറിഞ്ഞു. അവരുടെ വേദനകളുടെ കൂടെ കുടുംബപ്രശ്നങ്ങളും അവർ അവളുടെ മുൻപിൽ തുറന്നുവച്ചു. മറ്റുചിലത് ദൈവം അവർക്ക് വെളിപ്പെടുത്തിക്കൊടുത്തു. അവർക്കുവേണ്ടി അവൾ പ്രാർഥിച്ചു. അവരെ കൂടെയിരുത്തി പ്രാർഥിക്കാൻ പഠിപ്പിച്ചു. സുകൃതജപങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതിക്കൊടുത്തു. അവളുടെ വാക്കുകളും പ്രാർഥനയും അവർക്ക് ആശ്വാസം നൽകി. അവൾ പ്രേക്ഷിതയായി പുറത്തുപോയിട്ടല്ല, മഠത്തിന്റെ ചുവരുകൾക്കുള്ളിലിരുന്നു. ചേർപ്പുക്കാരന്റെ പുണ്യപ്പെട്ട കന്യാസ്ത്രീയുടെ മുഖദർശനം തേടി ദിനംപ്രതി ജനം ഒല്ലൂരിലേക്ക് വന്നുകൊണ്ടിരുന്നു. ആ ഭവനത്തെ ദൈവം സ്വർഗത്തിന്റെ ആധ്യാത്മികത പരിശീലിപ്പിക്കുന്ന പ്രാർഥനയുടെ പാഠശാലിയാക്കി മാറ്റാൻ വിശുദ്ധയ്ക്കു സാധിച്ചു. നമുക്ക് അവളുടെ ജീവിതമാതൃക പിന്തുടരാം.
സി. മേഴ്‌സീന CMC