2022-ൽ റഷ്യ, ഉക്രൈനിൽ അധിനിവേശം നടത്തിയ ആദ്യ ആഴ്ചയിൽ തന്നെയാണ് മരിയ ഇവാഷ്‌ചെങ്കോയെ അനാഥയാക്കിക്കൊണ്ട് സൈനികനായ ഭർത്താവ് പാവ്‌ലോ മരണമടഞ്ഞത്. ഭർത്താവിന്റെ മരണശേഷം മരിയയുടെ ലോകം തകർന്നടിഞ്ഞു. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ മരിയയോടൊപ്പം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ഉക്രേനിയക്കാരുണ്ട്.
തന്റെ നഷ്ടത്തിന് പകരം വെയ്ക്കാൻ ഈ ഭൂമിയിൽ യാതൊന്നുമില്ലെന്ന് അവർക്കറിയാം. എങ്കിലും പ്രതിസന്ധികളെ തരണം ചെയ്യാതിരിക്കാനാകില്ലല്ലോ. അങ്ങനെ തന്റെ ദുഃഖത്തെ മറികടക്കാൻ മരിയ “എലൈവ്. ട്രൂ ലവ് സ്റ്റോറീസ്” എന്ന സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു ആർട്ട് തെറാപ്പി പദ്ധതിയിൽ ചേർന്നു. വിധവകൾക്കും വീരമൃത്യു വരിച്ച പോരാളികളുടെ അമ്മമാർക്കുമൊപ്പം, പ്രണയത്തിന്റെ കഥകൾ വരച്ചും പങ്കുവെച്ചും അവൾ ആശ്വാസം കണ്ടെത്തുന്ന ഒരു പദ്ധതിയാണിത്.
യുദ്ധക്കെടുതികളനുഭവിക്കുന്ന സ്ത്രീകൾക്ക് ആശ്വാസമേകുന്ന ഒരു സംരംഭമാണിത്. ‘കലയിലൂടെ ആശ്വാസം’ എന്ന ചിന്തയാണ് ഈ തെറാപ്പിയുടെ പ്രത്യേകത. നിലവിൽ ഇതിൽ 250 ലധികം സ്ത്രീകൾ പങ്കെടിത്തതായും 3000 പേർ വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളതായും സ്ഥാപകയായ ഒലീന സോകാൽസ്ക പറയുന്നത്.
“സ്‌ത്രീകൾ തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിച്ച സമയങ്ങളെയോ അവർ കണ്ട സ്വപ്നങ്ങളെയോ ഓർമിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രങ്ങളിൽ പൊതുവെ ചിത്രീകരിക്കുന്നത്. ചിലർ തങ്ങളെയോ അവരുടെ ഭർത്താക്കന്മാരെയോ വരയ്ക്കുന്നു. പലപ്പോഴും അവർ മാലാഖമാരെ വരയ്ക്കുന്നു, അവരുടെ കുടുംബങ്ങളെയോ കുട്ടികളെയോ മാലാഖമാരായി ചിത്രീകരിക്കുന്നു. ഈ ചിത്രങ്ങൾ അവരുടെ ജീവിതത്തിന്റെ അവസാനവും ഒരു പുതിയ ജീവിതത്തിന്റെ തുടക്കവും അടയാളപ്പെടുത്തുന്നു,” ഒലീന പറയുന്നു.
ഉക്രേനിയൻ സൈക്കോതെറാപ്പിസ്റ്റ് അന്ന സ്റ്റാറ്റിവ്ക വിശദീകരിക്കുന്നത്, യുദ്ധം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളെ തടസ്സപ്പെടുത്തുകയും സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD ) എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. 54% ഉക്രേനിയക്കാരും PTSD അനുഭവിക്കുന്നു. അതിൽ തന്നെ എന്നും 21 % കടുത്ത ഉത്കണ്ഠ അനുഭവിക്കുന്നു എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. 18 % ആളുകളും ഉയർന്ന മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരും 27 % ആളുകൾ വിഷാദത്തിനു അടിപ്പെട്ടു എന്നും ഗവേഷണം സൂചിപ്പിക്കുന്നു.
എങ്കിലും പ്രതിസന്ധികൾക്കിടയിലും ഉക്രൈൻ ജനതയുടെ ആത്മശക്തിയും ശുഭാപ്തി വിശ്വാസവും വളരെ വലുതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആളുകൾക്ക് സഹാനുഭൂതിയും വിശ്വാസവും വർധിച്ചതായി കാണപ്പെടുന്നു എന്നും പഠനം പറയുന്നു.