ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇറാഖിലെ ക്രിസ്ത്യാനികളെ ഒന്നടങ്കം ഇല്ലായ്‌മ ചെയ്യാനുറച്ചപ്പോൾ ആയിരക്കണക്കിനു ക്രൈസ്തവ വിശ്വാസികൾക്കൊപ്പം നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി ദൈവാലയങ്ങളും ആശ്രമങ്ങളും അവർ ഇല്ലാതാക്കി. അതിലെ തന്നെ ഏറ്റവും പഴക്കമുള്ള ആശ്രമ ദൈവാലയങ്ങളിൽ ഒന്നാണ് റബ്ബാൻ ഹോർമിസ്‌ഡ്. മുസ്ലീം അധിനിവേശത്തിന്റെ വർഷങ്ങളിലാണ് ഈ ആശ്രമം സ്ഥാപിക്കപ്പെട്ടത്. സ്ഥാപനത്തിനുശേഷം നിരവധി തവണ ആശ്രമം മുസ്ലീം- കുർദു വിഭാഗക്കാരുടെ ആക്രമണത്തിന് ഇരയായി. ഏറ്റവും ഒടുവിൽ ആക്രമിച്ചത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആയിരുന്നു. എല്ലാ ആക്രമണങ്ങളെയും അതിജീവിച്ചു നിലകൊള്ളുന്ന റബ്ബാൻ ഹോർമിസ്ഡ് ആശ്രമത്തെക്കുറിച്ചു കൂടുതൽ അറിയാം. തുടർന്നു വായിക്കുക.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇറാഖിലെ ക്രിസ്ത്യാനികളെ ഒന്നടങ്കം ഇല്ലായ്‌മ ചെയ്യാനുറച്ചപ്പോൾ ആയിരക്കണക്കിനു ക്രൈസ്തവ വിശ്വാസികൾക്കൊപ്പം നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി ദൈവാലയങ്ങളും ആശ്രമങ്ങളും അവർ ഇല്ലാതാക്കി. അതിലെ തന്നെ ഏറ്റവും പഴക്കമുള്ള ആശ്രമ ദൈവാലയങ്ങളിൽ ഒന്നാണ് റബ്ബാൻ ഹോർമിസ്‌ഡ്. ഇത് പൗരസ്ത്യസഭയിലെ ഏലിയാ വംശജരായ പാത്രിയർക്കീസുമാർ വസിച്ചിരുന്ന അൽഖൊഷ് നഗരത്തിലെ ആശ്രമമായിരുന്നു. 2014 മുതൽ 2017 വരെയുള്ള ഐ. എസ്. അധിനിവേശം ഈ പ്രദേശത്തെ ക്രൈസ്തവരെ ഒന്നടങ്കം ഇല്ലാതാക്കി. നിരവധിയാളുകൾ പലായനം ചെയ്‌തെങ്കിലും ഇപ്പോഴും ഈ പ്രദേശത്ത് താമസിക്കുന്നവരുണ്ട്. പത്താം നൂറ്റാണ്ടു മുതൽ പാത്രിയർക്കീസുമാർ താമസിക്കുകയും മരണമടഞ്ഞതിനുശേഷം അവരെ അടക്കം ചെയ്യുകയും ചെയ്യുന്ന റബ്ബാൻ ഹോർമിസ്ഡ് എന്ന ഈ ആശ്രമം നിരവധിതവണ ആക്രമണങ്ങൾക്കു വിധേയമായിട്ടുണ്ട്. ശാന്തസുന്ദരമായ ഈ ആശ്രമം (monastery) അതിജീവിച്ച ഏറ്റവും പുതിയ ആക്രമണം ഐ. എസ്. ഭീകരരുടേതാണ്. റബ്ബാൻ ഹോർമിസ്ഡിനെക്കുറിച്ച് വായിച്ചറിയാം.
എവിടെയാണ് റബ്ബാൻ ഹോർമിസ്ഡ് ആശ്രമം
മുസ്ലീം അധിനിവേശത്തിന്റെ വർഷങ്ങളിലാണ് ഈ ആശ്രമം സ്ഥാപിക്കപ്പെട്ടത്. സ്ഥാപനത്തിനുശേഷം നിരവധി തവണ ആശ്രമം മുസ്ലീം- കുർദു വിഭാഗക്കാരുടെ ആക്രമത്തിന് ഇരയായി. 1743 ൽ കുർദ്ദുകളുടെ ആക്രമണത്തിന് ശേഷം ഈ ആശ്രമം ആരാലും അറിയപ്പെടാത്ത ഒരിടമായി മാറി. എങ്കിലും 1808 ൽ അസ്സീറിയൻ വംശജനായ ഗബ്രിയേൽ ഡാമ്പോ ഉപേക്ഷിക്കപ്പെട്ട ഈ ആശ്രമത്തെ വീണ്ടെടുക്കുകയും പുതുക്കിപ്പണിയുകയും ചെയ്തു. അതിനുശേഷം ദാരിദ്യവും ബ്രഹ്മചര്യവും ജീവിതവ്രതമായി ഏറ്റെടുത്ത കുറച്ചു ചെറുപ്പക്കാരെ കണ്ടെത്തുകയും ഇവിടെ കൊണ്ടുവന്നു പാർപ്പിച്ച് ഒരു സെമിനാരിയാക്കി രൂപപ്പെടുത്തുകയും ചെയ്തു.
കൽദായ കത്തോലിക്കാ സഭ, ഓട്ടോമൻ – പേർഷ്യൻ ഭരണാധികാരികളിൽ നിന്ന് കടുത്ത പീഡനം നേരിട്ട കാലമായിരുന്നു അത്. 1832 ൽ ഗബ്രിയേൽ ഡാമ്പോ കുർദിഷ് പട്ടാളക്കാരാൽ കൊല്ലപ്പെട്ടതിനുശേഷം 1838 -ൽ കുർദുകൾ റബ്ബാൻ ഹോർമിസിഡിനെ ആക്രമിക്കുകയും ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയും ചെയ്തു. 1843 -ൽ വീണ്ടും കുർദുകൾ പണത്തിനുവേണ്ടി അൽഖൊഷിലെ ക്രിസ്ത്യൻ ഗ്രാമങ്ങൾ കൊള്ളയടിക്കുകയും ക്രൈസ്തവരെ കൂട്ടമായി വധിക്കുകയും ചെയ്തു. റബ്ബാൻ ഹോർമിസ്‌ഡ് വിരൂപമാക്കപ്പെട്ടു; ആ നാടും അവിടെത്തെ ക്രൈസ്തവരും ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാക്കി.
സുറിയാനി ഭാഷയിലുള്ള കൈയ്യെഴുത്തുപ്രതികളാൽ സമ്പന്നമായിരുന്നു റബ്ബാൻ ഹോർമിസ്‌ഡ് ലൈബ്രറി. 1828 ൽ കുർദ്ദുകൾ ഈ ലൈബ്രറി കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. 1868 ലും ഇതേ അവസ്ഥ തന്നെ റബ്ബാൻ ഹോർമിസിഡിന് നേരിടേണ്ടി വന്നു. 147 വാല്യങ്ങളുള്ള കയ്യെഴുത്തുപ്രതികൾ കുർദ്ദുകൾ നശിപ്പിച്ചു.
1890 -ൽ റബ്ബാൻ ഹോർമിസ്‌ഡ് മൊണാസ്റ്ററി സന്ദർശിച്ച ഇ. എ. വാലിസ് ബഡ്‌ജ് ആശ്രമത്തെക്കുറിച്ച് എഴുതിയത് ഇപ്രകാരമാണ്:
‘വടക്ക് മൊസൂൾ സമതലത്തെ വലയം ചെയ്യുന്ന പർവതനിരകളുടെ പകുതിയിൽ നിന്ന് മുകളിലേക്ക് റബ്ബാൻ ഹോർമിസ്ഡ് മൊണാസ്ട്രി നിർമ്മിച്ചിരിക്കുന്നു. ഒരു തരം ആംഫി തിയേറ്റർ രീതിയിൽ നിലകൊള്ളുന്ന ഈ ആശ്രമത്തിലേക്ക് പ്രവേശിക്കാൻ ഒരു ഇടുങ്ങിയ പാതയുണ്ട്. ഈ പാത തലമുറകളായി സന്യാസിമാർ ഉപയോഗിച്ച് വരുന്നുണ്ട്. ആശ്രമ ദൈവാലയം കല്ലുകൊണ്ടുള്ളതും ഇരുണ്ട ചുവപ്പ് നിറത്തിലുള്ളതുമാണ്; അതൊരു വലിയ പാറയുടെ മുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. പള്ളിക്കും ആശ്രമത്തിന്റെ കെട്ടിടങ്ങൾക്കും ചുറ്റുമുള്ള കുന്നുകളിലെ ഗുഹകളിൽ മുൻതലമുറകളിലെ സന്യാസിമാർ താമസിക്കുകയും അവരെ അടക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.’
“അവരുടെ താമസയിടങ്ങളിൽ വാതിലുകളോ പ്രതികൂല കാലാവസ്ഥയിൽ നിന്നു രക്ഷ നേടാനുള്ള മാർഗങ്ങളോ ഇല്ല. ശൈത്യകാലത്തെ മഞ്ഞുവീഴ്ചയും പെയ്യുന്ന മഴയും അവയിൽ താമസിച്ചിരുന്നവർക്ക് ചിരപരിചിതമാണെന്ന്, ഈ ആശ്രമത്തിന്റെ ഘടനയിൽ നിന്ന് മനസ്സിലാക്കാം.”
‘അവരിൽ ചിലർക്ക് ധ്യാനിക്കുന്ന സ്ഥാനത്തിനു പിൻഭാഗത്തോ വശങ്ങളിലോ ആയി ചെറിയൊരു ഇടം – അറ – ഉണ്ട്. അതിലായിരുന്നിരിക്കണം സന്യാസിമാർ ഉറങ്ങിയിരുന്നത്. എന്നാൽ പലർക്കും ഈ സൗകര്യം പോലും ഇല്ല. സെല്ലുകൾ പരസ്പരം വേറിട്ടുനിൽക്കുന്നു, ഇടുങ്ങിയ മട്ടുപ്പാവുകളുള്ള ഈ ആശ്രമത്തിലെ മിക്കവാറും എല്ലാ മുറികളും സുഗമമായി എത്തിച്ചേരാൻ സാധിക്കാത്ത സ്ഥലങ്ങളിലാണ്.”ഒരു സെല്ലിലും തീയുടെ പാടുകൾ കണ്ടില്ല. ചില സെല്ലുകളിൽ ഒരു വലിയ ഗുഹയുടെ പിന്നിൽ വെട്ടിയുണ്ടാക്കിയ ചെറിയ ഗുഹയുണ്ട്. ശരാശരി വലിപ്പമുള്ള ഒരു മനുഷ്യന് ഇഴയാൻ കഴിയുന്നത്ര വലിപ്പമുള്ള ഒരു ദ്വാരത്തിലൂടെയാണ് അതിലേയ്ക്കു പ്രവേശിക്കാൻ സാധിക്കുക. സന്യാസിമാർ ഈസ്റ്റർ ദിനത്തിലും ക്രിസ്മസ് ദിനത്തിലും മാത്രം മാംസം കഴിക്കുന്നു. അവരുടെ സാധാരണ ഭക്ഷണം വേവിച്ച ഗോതമ്പും പയറും കടും നിറമുള്ള, കനത്ത ബ്രെഡ്/ കേക്കുകളുമാണ്. അവർ വീഞ്ഞോ മറ്റു ലഹരിവസ്തുക്കളോ കുടിക്കുന്നില്ല. അവർക്ക് വെളിച്ചമോ തീയോ ഇല്ല. പാറക്കുഴികളിൽ സംരക്ഷിച്ചിരിക്കുന്ന മഴവെള്ളമാണ് അവർ കുടിക്കുന്നത്. സൂര്യാസ്തമയ സമയത്തും അർദ്ധരാത്രിയിലും പകൽ സമയത്തു കൃത്യമായ ഇടവേളകളിലും അവർ പ്രാർത്ഥിച്ചിരുന്നു. പ്രാർത്ഥനയ്ക്ക് മുൻപ് മണി മുഴക്കിയിരുന്നു. 1820-ൽ സന്യാസിമാരുടെ എണ്ണം അമ്പതോളം ആയിരുന്നു; 1843-ൽ അത് മുപ്പത്തിയൊമ്പത് ആയിരുന്നു; 1879-80-ൽ അത് പതിനാറ് ആയിരുന്നു, 1890-ൽ അത് ഏകദേശം പത്തായി.’
നശിപ്പിക്കപ്പെട്ടെങ്കിലും ഈ മൊണാസ്റ്ററിയും അതിന്റെ പാരമ്പര്യവും വീണ്ടെടുക്കാൻ 1859 ൽ പാത്രിയർകീസ് ജോസഫ് ഓഡോ തീരുമാനിച്ചു. അങ്ങനെ വത്തിക്കാന്റെ സാമ്പത്തിക സഹായത്തോടെ അൽഖൊഷിനടുത്ത് റബ്ബാൻ ഹോർമിസിഡിൽ നിന്നും ഒരു മൈൽ അകലത്തിൽ പുതിയ മൊണാസ്റ്ററി സ്ഥാപിച്ചു. അവർ ലേഡി ഓഫ് സീഡ്‌സ് ( Monastery of Notre Dame Semences ) എന്നാണ് ഈ പുതിയ ആശ്രമത്തിന്റെ പേര്. റബ്ബാൻ ഹോർമിസ്‌ഡ് എക്കാലവും പദവിയിലും പ്രാധാന്യത്തിലും ഒന്നാമതാണെങ്കിലും സന്യാസികളും മറ്റുള്ളവരും പുതിയ സ്ഥലത്തേയ്ക്ക് മാറി.
ഐ എസ് ഭീകരാക്രമണത്തിന് ശേഷം
നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇറാഖിലെയും അതുപോലെതന്നെ അൽഖൊഷിലെയും ക്രൈസ്തവരുടെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. 2014 മുതൽ 2017 വരെ ഉണ്ടായിരുന്ന ഐ എസ് തീവ്രാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരും പലായനം ചെയ്യപ്പെട്ടവരും ആയിരക്കണക്കിനാണ്. എങ്കിലും നിലവിൽ ഇവിടെ തങ്ങളുടെ നാടും പാരമ്പര്യവും വിട്ടുപോകാൻ സാധിക്കാതെ കുറച്ചു ക്രൈസ്തവർ ഉണ്ട്. അവരുടെ വിശ്വാസത്തെ നട്ടു നനയ്ക്കാൻ കുറച്ചു സന്യാസികളും വൈദികരും ഉണ്ട്.
“ഇതൊരു ക്രിസ്ത്യൻ നഗരമായി തുടരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾക്ക് ഇവിടെ തുടരണമെന്നുതന്നെയാണ് ആഗ്രഹം. മുൻപത്തെ അപേക്ഷിച്ചു വളരെ കുറച്ച് ആളുകൾ മാത്രമേ ഇവിടെയുള്ളു. ഏകദേശം ആയിരത്തോളം കുടുംബങ്ങൾ. കുറച്ച് വർഷങ്ങൾക്ക് മുൻപ് 3000 കുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നു. എങ്കിലും ഇവിടം ഇപ്പോഴും ഒരുപാട് പേർക്ക് സ്വന്തം ഗൃഹമാണ്,” സാദ് യോഹാന എന്ന ഇറാഖി സന്യാസി അൽഖൊഷിൽ നിന്നും പറയുകയാണ്.
ന്യൂനപക്ഷമായി നിലകൊള്ളുമ്പോൾ പോലും റബ്ബാൻ ഹോർമിസ്ഡ് എന്ന ആശ്രമവും അൽഖൊഷ് നഗരവും ശേഷിക്കുന്ന ക്രൈസ്തവരുടെ ജീവിതത്തിനും ആരാധനയ്‌ക്കും ഒരു അഭയസ്ഥാനമാണ്. ഇപ്പോഴും അവശേഷിക്കുന്ന ക്രൈസ്തവർ വിശ്വാസത്തിൽ ആഴപ്പെടാനും ആശ്വസിക്കാനും അതിജീവനത്തിന്റെ പ്രതീകമായ ഈ ആശ്രമത്തിലേക്ക് തീർഥാടനം നടത്താറുണ്ട്. ബാഗ്ദാദിന്റെ ഭാഗമാണെങ്കിലും കുർദിഷ് ഭരണത്തിന്റെ കീഴിൽ ഈ പ്രദേശ സ്ഥിതിചെയ്യുന്നതിനാൽ റബ്ബാൻ ഹോർമിസ്ഡ് ഇപ്പോഴും സുരക്ഷിതമല്ല. എങ്കിലും ഒരു നാടിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രൈസ്തവ വിശ്വാസത്തിന്റെ നേർ സാക്ഷ്യമായി അതിജീവനത്തിന്റെ പ്രതീകമായി റബ്ബാൻ ഹോർമിസ്ഡ് ഇപ്പോഴും നിലകൊള്ളുന്നു.