![nige](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/nige.jpeg?resize=696%2C435&ssl=1)
നൈജീരിയയിലെ ക്രൈസ്തവ പീഡനങ്ങൾ തുറന്നുകാട്ടാനും സംസാരിക്കാനും മാധ്യമപ്രവർത്തകരെ പ്രോത്സാഹിപ്പിച്ച് വൈദികൻ. ക്രൈസ്തവ പീഡനങ്ങൾ രാജ്യത്ത് വളരെ ഉയർന്ന അവസ്ഥയിലാണ്. നൈജീരിയയിലെ വെരിറ്റാസ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറും അവ്ക രൂപതയിലെ വൈദികനുമായ ഫാ. ഹയാസിന്ത് എമെന്റാ ഇച്ചോക്കുവാണ് ഇപ്രകാരം ആഹ്വാനം ചെയ്തത്.
“സഭയുടെ ആരംഭം മുതൽ തന്നെ പീഡനങ്ങളും സഹനങ്ങളും എല്ലായ്‌പ്പോഴും ക്രൈസ്തവ ജീവിതത്തിന്റെ ഭാഗമാണ്. വിശ്വാസികൾ പീഡിപ്പിക്കപ്പെടാത്ത ഒരു നിമിഷം പോലുമില്ല. പീഡനങ്ങൾ എന്നാൽ എല്ലായ്‌പ്പോഴും ആളുകൾ കൊല്ലപ്പെടുന്നുവെന്ന് അർഥമാക്കുന്നില്ല. വിശ്വാസത്തെ പ്രതി ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കുമ്പോൾ അത് പീഡനമാണ്. ഉദാഹരണത്തിന്, ജോലിസ്ഥലത്ത് സ്ഥാനക്കയറ്റമോ പള്ളി പണിയുന്നതിനുള്ള ഭൂമിയുടെ പ്രവേശനമോ നിഷേധിക്കപ്പെടുന്നത്. ഇവ സൂക്ഷ്മമായതും എന്നാൽ പ്രധാനപ്പെട്ടതുമായ അടിച്ചമർത്തലുകളാണ്”- ഫാ. ഇച്ചോക്കു പറയുന്നു
വിശ്വാസത്തിന്റെ പേരിൽ ആളുകളെ പീഡിപ്പിക്കുന്നത് സർക്കാർ നയമാക്കുമ്പോൾ അത് അപകടകരമാണ്. ഭരണകൂടത്തിന്റെ അധികാരം ഉപയോഗിച്ച് ഒരു വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നത് കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മാധ്യമപ്രവർത്തകർക്ക് ഇക്കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയും. ഈ പ്രശ്നത്തെ, നടപടി ആവശ്യപ്പെടുന്ന ഒരു പൊതു ആശങ്കയാക്കി മാറ്റുവാൻ കഴിയുമെന്ന് ഈ വൈദികൻ വെളിപ്പെടുത്തുന്നു.
വ്യവസ്ഥാപരമായ അടിച്ചമർത്തലിനെ ചെറുക്കാൻ ക്രിസ്ത്യാനികൾക്കിടയിൽ കൂടുതൽ ഐക്യം വേണമെന്നും ഫാ. ഇച്ചോക്കു ആഹ്വാനം ചെയ്തു. നൈജീരിയയിൽ വ്യാപകമായ ക്രിസ്ത്യൻ പീഡനങ്ങൾക്കിടയിലും അലംഭാവത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. “നിങ്ങൾ പിൻവാങ്ങിക്കൊണ്ടിരിക്കുകയാണെങ്കിൽ, അവർ മുന്നേറിക്കൊണ്ടിരിക്കും. ക്രിസ്ത്യാനികൾ അവരുടെ നിലപാടിൽ ഉറച്ചുനിൽക്കുകയും അവരുടെ അവകാശങ്ങൾ ഉറപ്പിക്കുകയും വേണം.”
വ്യവസ്ഥാപിതമായ വെല്ലുവിളികൾക്ക് മുന്നിൽ ക്രിസ്ത്യാനികൾ തങ്ങളുടെ അവകാശങ്ങൾ വിട്ടുകൊടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും, വാദിക്കുന്നതിന് പൊതുവായ പ്ലാറ്റ്‌ഫോമുകളുടെ പ്രാധാന്യവും ഈ വൈദികൻ ചൂണ്ടിക്കാണിക്കുന്നു.