![Priest,-seminarian,-freed,-terrorists](https://i0.wp.com/www.lifeday.in/wp-content/uploads/2023/09/Priest-seminarian-freed-terrorists.jpg?resize=696%2C435&ssl=1)
“അവർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയപ്പോൾ, ഞങ്ങൾക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യങ്ങളെക്കുറിച്ചോർത്ത് എന്റെ ഹൃദയത്തിൽ വളരെയധികം ഭയമുണ്ടായിരുന്നു. എന്നാൽ എനിക്ക് പ്രാർഥിക്കാതിരിക്കാൻ കഴിഞ്ഞില്ല. സമയം കടന്നുപോകുന്തോറും എന്റെ വിശ്വാസം ദൃഢമാകുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഞാൻ എന്റെ സാഹചര്യം അംഗീകരിക്കുകയും ദൈവത്തിനു എല്ലാം സമർപ്പിക്കുകയും ചെയ്തു” – നൈജീരിയയിലെ മിഷൻപ്രവർത്തനത്തിനിടെ തീവ്രവാദികളാൽ തട്ടിക്കൊണ്ടുപോകപ്പെടുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത സെമിനാരിക്കാരൻ മഹാരിനിയുടെ വാക്കുകളാണ് ഇത്. ടാൻസാനിയ സ്വദേശിയായ മെൽചിയോർ മഹാരിണിയും വൈദികനായ പോൾ സനോഗോയും നൈജീരിയയിലെ മിന്നയിലെ കത്തോലിക്കാ രൂപതയിലെ മിഷനറീസ് ഓഫ് ആഫ്രിക്ക കമ്മ്യൂണിറ്റിയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെടുകയും മോചിപ്പിക്കപ്പെടുകയും ചെയ്ത വ്യക്തികളാണ്. ആഗസ്റ്റ് 23 -ന് അവശനിലയിൽ മോചിപ്പിക്കപ്പെട്ട ഇവർ തങ്ങളുടെ തടവുകാലത്തെക്കുറിച്ചും ആ കാലയളവ് നൽകിയ ദൃഢവിശ്വാസത്തെക്കുറിച്ചും സംസാരിക്കുകയാണ്.
നൈജീരിയയിലെ നൈജർ സ്റ്റേറ്റിലെ ഗ്യാദ്ന ഗ്രാമത്തിൽ 12 പേരടങ്ങുന്ന ഒരു സംഘമാണ് അതിക്രമിച്ചുകയറിയത്. ഏതാണ്ട് പതിനൊന്നുമണിയോടെ വൈദികനെയും സെമിനാരിക്കാരെനെയും അക്രമികൾ ബന്ദികളാക്കി. “ഞങ്ങൾ അഞ്ചുപേരാണ് വീട്ടിലുണ്ടായിരുന്നത്. ഞങ്ങൾ ഉറങ്ങാൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് പുറത്ത് വെടിയൊച്ചകൾ കേട്ടു. മിനിറ്റുകൾക്കുള്ളിൽ അക്രമികൾ വീട്ടിൽ അതിക്രമിച്ചുകയറി. വളരെ വേഗത്തിലായിരുന്നു സംഭവം. ഞങ്ങളുടെ മൂന്ന് സഹോദരന്മാർ രക്ഷപെട്ടു. ഞങ്ങളെ രണ്ടുപേരെയും അവർ കൊണ്ടുപോയി” – മഹാരിനി ഓർമ്മിക്കുന്നു. 100 കിലോമീറ്ററിലധികം (62 മൈൽ) നടന്ന് അടുത്ത ദിവസം രാവിലെ ആറുമണിക്ക് കൊടുംകാടിനു നടുവിൽ ഞങ്ങളെത്തി.
ആഗസ്റ്റ് മൂന്നിന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇവർക്ക് അവരുടെ കീഴിൽ വലിയ മർദ്ദനങ്ങളാണ് നേരിടേണ്ടിവന്നത്. മൂന്നാഴ്ചയോളം നീണ്ട തടവിൽ എല്ലാദിവസവും അക്രമികളിൽനിന്നും ഇരുവർക്കും മർദ്ദനം നേരിടേണ്ടിവന്നു. കൂടാതെ, തുറസ്സായ പാറകളിൽ കിടത്തുകയും കിലോമീറ്ററുകളോളം നഗ്നപാദരായി വനത്തിലൂടെ നടത്തുകയും ചെയ്തു. വളരെയേറെ പീഡനങ്ങൾ അനുഭവിക്കുമ്പോഴും പ്രാർഥനയിൽ ആഴപ്പെട്ടുകൊണ്ട് എല്ലാം ദൈവത്തിന് സമർപ്പിക്കുകയായിരുന്നു ഇരുവരും. ഇത് അവരുടെ വിശ്വാസത്തെ കൂടുതൽ ശക്തമാക്കിയതായി ഇവർ വെളിപ്പെടുത്തുന്നു.
“ആഫ്രിക്കയിലെ ആദ്യകാല മിഷനറിമാരായ ഞങ്ങളുടെ പിതാക്കന്മാർ ആഫ്രിക്കയിലെ ഞങ്ങളുടെ സഭയുടെ തുടക്കത്തിൽ സഹിച്ച കഷ്ടപ്പാടുകളെക്കുറിച്ച് ഞാൻ ചിന്തിച്ചു. പലരും മരിച്ചു. പക്ഷേ, അതിജീവിച്ചവർ തങ്ങളുടെ ദൗത്യം ഉപേക്ഷിച്ചില്ല. എന്നെ ബന്ദിയാക്കുമ്പോൾ, ഏറ്റെടുത്ത എന്റെ ദൗത്യം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന ഉറച്ച തീരുമാനം ഞാൻ എടുത്തിരുന്നു” – മഹാരിണി പറയുന്നു.
“ഞങ്ങൾക്കുള്ളത് പീഡനത്തിൽ കെട്ടിപ്പെടുത്ത വിശ്വാസമാണ്. തടവിലായിരുന്നപ്പോൾ ഞാൻ അനുഭവിച്ചതെല്ലാം പൗരോഹിത്യത്തിൽ ഉൾപ്പെട്ടതാണ്. ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെപ്പോലെയാണ് അവൻ നമ്മെ അയയ്ക്കുന്നത് എന്ന് യേശുതന്നെ പറയുന്നുണ്ട്. ഞങ്ങളുടെ ജീവിതത്തിന് എന്ത് സംഭവിക്കുമെന്നറിയാതെ ഞങ്ങൾ വീട് വിടുന്നു. യേശുവിന്റെ അഭിനിവേശവുമായി താരതമ്യംചെയ്യുമ്പോൾ ഞങ്ങൾ കടന്നുപോയത് ഒന്നുമല്ല. എന്റെ വേദനയെ യേശുവിന്റെ വികാരവുമായി സംയോജിപ്പിക്കുന്നതിൽ ഞാൻ വലിയ സന്തോഷം കണ്ടെത്തി” – മാലി സ്വദേശിയും വൈദികനുമായ പോൾ സനോഗോ പറയുന്നു.
“അവർ ഞങ്ങളിൽനിന്ന് പണം ആവശ്യപ്പെട്ടു. ഞങ്ങളുടെ പക്കൽ പണമില്ലെന്ന് ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. അത് അവരെ പ്രകോപിപ്പിക്കുകയും അവർ ഞങ്ങളെ നിരന്തരം മർദ്ദിക്കുകയും ചെയ്തു. ഞങ്ങൾ വളരെ വലിയ വനത്തിലായിരുന്നു; സമീപത്ത് ഗ്രാമങ്ങളൊന്നുമില്ല. ഞങ്ങൾക്ക് കഴിക്കാൻ അവർ എന്തെങ്കിലും തരും. പാറകളിലും പുല്ലിലും ഞങ്ങൾ കിടന്നുറങ്ങി” – ഒന്നര വർഷമായി നൈജീരിയയിൽ കഴിയുന്ന സനോഗോ വെളിപ്പെടുത്തി. ഒരിക്കലും മോചനം പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ഇന്ന് തിരികെ തങ്ങളുടെ സമൂഹത്തോടൊപ്പം ആയിരിക്കുന്നതിൽ ദൈവത്തിന് നന്ദിപറയുകയാണ് ഇരുവരും.