ചെവിസംബന്ധമായ അസുഖങ്ങൾ ഭേദമാക്കാൻ ഈ വിശുദ്ധനോടു പ്രാർഥിക്കാം  

ക്രിസ്ത്യൻ വിശ്വാസത്തിൽ റോമൻ കത്തോലിക്കാ, ഓർത്തഡോക്സ് സഭകളിൽ വിശുദ്ധർക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കും മിക്ക രോഗങ്ങൾക്കും പ്രത്യേക മധ്യസ്ഥന്മാരുണ്ട്. തലവേദനയ്ക്കുൾപ്പെടെ മധ്യസ്ഥർ നമുക്ക് ലഭ്യമാണ്. കേൾവിക്കുറവ്, ചെവിവേദന, ഇയർ ബാലൻസ് പ്രശ്നം, തലകറക്കം തുടങ്ങിയ ചെവിയുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് കത്തോലിക്കാ സഭ ഒരു മധ്യസ്ഥനെ നൽകിയിട്ടുണ്ട്. ഇത്തരം അസുഖങ്ങൾ നേരിടുന്നവർക്ക് തീർച്ചയായും വി. മാമാസിന്റെ പക്കൽ മധ്യസ്ഥം വഹിക്കാൻ സാധിക്കും.

കേസറിയയിലെ വിശുദ്ധ മാമാസ്

ക്രിസ്തുമതം ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായ പീഡനത്തിനു വിധേയനാകുകയും ചെയ്ത യുവാവാണ് മാമാസ്. റോമൻ അധികാരികൾ അദ്ദേഹത്തെ മുക്കിക്കൊല്ലാൻ ശ്രമിച്ചു. പക്ഷേ, ഒരു ദൂതൻ അദ്ദേഹത്തെ നദിയിൽനിന്ന് രക്ഷിച്ച് കാട്ടിനുള്ളിലെ ഒരു പർവതമായ ആർഗ്യൂസിലേക്കു കൊണ്ടുപോയി. അവിടെ വന്യമൃഗങ്ങളുമായി ആശയവിനിമയം നടത്താനുള്ള ശ്രദ്ധേയമായ കഴിവ് അദ്ദേഹം നേടിയെടുത്തു. അവർ മാമാസിന്റെ ഗുഹയ്ക്കുപുറത്ത് ഒത്തുകൂടുകയും സുവിശേഷം വായിക്കുന്നത് ശ്രദ്ധിക്കുകയും ചെയ്തു. മാമാസ് കാട്ടാടുകളുടെയും മാനുകളുടെയും പാൽ കുടിക്കുകയും മൃഗങ്ങളുടെ പാലിൽനിന്നും നിർമ്മിച്ച വെണ്ണ പാവപ്പെട്ടവർക്ക് നൽകുകയും ചെയ്തു. ഗവർണർ ഇക്കാര്യം അറിയാനിടയാകുകയും അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യാൻ സൈനികരെ അയയ്ക്കുകയും ചെയ്തു.

എന്നാൽ, പർവതത്തിനു മുകളിലെത്തിയ ക്ഷീണിതരായ സൈനികരെ വിശ്രമത്തിനായി മാമാസ്‌ തന്റെ ഗുഹയിലേക്കു ക്ഷണിച്ചു. അദ്ദേഹം അവരെ തന്റെ ഗുഹയിലേക്കു ക്ഷണിച്ചപ്പോൾ, സൈനികർ മാമാസിനെ ഒരു പാവപ്പെട്ട ഇടയനായി തെറ്റിധരിച്ചു. എങ്കിലും അദ്ദേഹത്തെ അവർ അറസ്റ്റ് ചെയ്തു. എന്നാൽ, മാമാസ് പട്ടാളക്കാരോട് തനിക്കുമുമ്പായി കേസറിയയിലേക്കു പോകാൻ പറയുകയും അവരെ പിന്തുടർന്ന് താൻ അവിടെയെത്തുമെന്ന് അവർക്ക് ഉറപ്പുനൽകുകയും ചെയ്തു. പട്ടാളക്കാർ അവിടെ എത്തുകയും നഗരകവാടത്തിൽ അവനെ കാത്തുനിൽക്കുകയും ചെയ്തു.

മാമാസിന്റെ വരവ് അവരെ ഞെട്ടിച്ചുകളഞ്ഞു. സിംഹത്തിന്റെ പുറത്ത് സവാരി ചെയ്ത് ആട്ടിൻകുട്ടിയെ വഹിച്ചുകൊണ്ടാണ് മാമാസ് അവിടെ എത്തിയത്. സിംഹം ആട്ടിൻകുട്ടിയെ ആക്രമിക്കാനൊരുങ്ങിയപ്പോൾ വിശുദ്ധൻ സിംഹത്തോട് അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടു.

ഗവർണർ മാമാസിനെ സിംഹങ്ങൾക്ക് എറിഞ്ഞുകൊടുത്തു. എന്നാൽ, അവയൊന്നും അദ്ദേഹത്തെ തൊട്ടില്ല. കാരണം, മലയിൽ താമസിച്ചപ്പോൾ മുതൽ അവയെല്ലാം മാമാസിന്റെ സുഹൃത്തുക്കളായിരുന്നു. ഒടുവിൽ ഒരു വിജാതീയ പുരോഹിതൻ മാമാസിനെ കുന്തംകൊണ്ട് കുത്തിക്കൊന്നു. പിന്നീട് അദ്ദേഹത്തിന്റെ ശരീരം ഒരു മാർബിൾപെട്ടിയിലാക്കി കടലിൽ ഒഴുക്കിയെന്നാണ് പറയപ്പെടുന്നത്. പിന്നീട് വേലിയേറ്റത്തിൽ ഈ ശവപ്പെട്ടി സൈപ്രസിലെത്തി. അവിടെയുണ്ടായിരുന്ന ഒരു പാവപ്പെട്ട മനുഷ്യൻ അത് കണ്ടെത്തി. രണ്ട് കാളകളുടെയും നാല് ആൺമക്കളുടെയും സഹായത്തോടെ കയർ കെട്ടി കരയ്‌ക്കെഎത്തിച്ച് സംസ്കരിക്കാൻ ശ്രമിച്ചു. ഒടുവിൽ വളരെ പ്രയാസത്തോടെയും പ്രയത്നത്തോടെയും പെട്ടി നീക്കി. എന്നാൽ, അത് നീങ്ങുന്നില്ലെന്നുകണ്ട അവർ അതിനു ചുറ്റും ഒരു ദൈവാലയം പണിതു. നോർത്ത് സൈപ്രസിലെ ഗുസല്യേർട്ടിലാണ് ഈ ദൈവാലയം സ്ഥിതിചെയ്യുന്നത്.

എന്നിരുന്നാലും, ഈ ഐതിഹ്യങ്ങളിലെല്ലാം ഒരു ചോദ്യം അവശേഷിച്ചു. ചെവിയെക്കുറിച്ച് ഒരു പരാമർശവുമില്ല. ചെവിയിലെ രോഗങ്ങളുടെ രക്ഷാധികാരിയായി മാമാസിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും?

ഒട്ടോമൻ ഭരണകാലത്ത്, മാർബിൾ ശവപ്പെട്ടിയിൽ നിധി ഒളിപ്പിച്ചിട്ടുണ്ടെന്നു വിശ്വസിച്ച്, തുർക്കികൾ മാമാസിന്റെ മൃതശരീരം അടങ്ങിയ പെട്ടിയിൽ ദ്വാരങ്ങൾ ഇട്ടു. എന്നാൽ നിധിക്കു പകരം അതിലൂടെ ഒരുതരം മെഴുക് പുറത്തേക്ക് ഒഴുകിയെന്നു ഐതിഹ്യം പറയുന്നു. ഇത് ചെവിവേദനയിൽനിന്നും സംരക്ഷണം നൽകുമെന്ന് വിശ്വസിക്കപ്പെട്ടു.

സുനീഷാ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.