യുവജനങ്ങൾക്കായി ഫ്രാൻസിസ് പാപ്പായുടെ പത്ത് സന്ദേശങ്ങൾ

യുവജനങ്ങളെ വളരെയധികം സ്നേഹിക്കുന്ന ഫ്രാൻസിസ് പാപ്പാ കാലഘട്ടത്തിന്റെ മാറ്റങ്ങൾക്ക് അനുസൃതമായി അവർക്ക് നല്ല പ്രബോധനങ്ങളും നൽകാറുണ്ട്. 2022- ൽ വിവിധ സന്ദർഭങ്ങളിൽ ഫ്രാൻസിസ് പാപ്പാ, യുവജനങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്. ഈ സന്ദർഭങ്ങളിൽ മാർപാപ്പ യുവജനങ്ങൾക്കായി നൽകിയ പത്ത് സന്ദേശങ്ങൾ ചുവടെ ചേർക്കുന്നു:

1. മൊബൈലിന്റെ അടിമകളാകരുത്

നവംബർ 20- ന് ഇറ്റാലിയൻ നഗരമായ അസ്തി സന്ദർശിച്ചപ്പോൾ, യുവജനങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ ഒരു സന്ദേശം അയച്ചു. “ഇന്ന് നമുക്ക് ശരിക്കും ‘തെറ്റ് ചെയ്തിട്ടുള്ള’ യുവജനങ്ങളെ ആവശ്യമുണ്ട്. കുറവുകൾ ഉണ്ടെങ്കിലും മഗ്‌ദലന മറിയത്തെപ്പോലെ ലോകത്തെ മാറ്റുന്ന, യേശുവിനെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന, മറ്റുള്ളവരെ പരിപാലിക്കുന്ന യുവജനങ്ങളെ ആവശ്യമുണ്ട്” – പാപ്പാ ഉദ്‌ബോധിപ്പിച്ചു.

2. സഭയ്ക്ക് നിങ്ങളെ എന്നത്തേക്കാളും ആവശ്യമുണ്ട്

“പ്രിയപ്പെട്ട യുവാക്കളേ, ഞങ്ങൾക്ക് നിങ്ങളെ വേണം. ഞങ്ങൾക്ക് നിങ്ങളുടെ സർഗ്ഗാത്മകത, നിങ്ങളുടെ സ്വപ്നങ്ങളും ധൈര്യവും, നിങ്ങളുടെ സഹതാപവും നിങ്ങളുടെ പുഞ്ചിരിയും, നിങ്ങളുടെ സന്തോഷവും, എല്ലാ സാഹചര്യങ്ങളിലും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാവുന്ന നിങ്ങളുടെ മനസും ഞങ്ങൾക്ക് ആവശ്യമാണ്” – ഗൾഫ് രാജ്യമായ ബഹ്‌റൈനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ അവസാനം ഫ്രാൻസിസ് മാർപാപ്പ യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച വാക്കുകളാണിത്.

3. ഉദാസീനത ക്യാൻസറിനേക്കാൾ അപകടകരമാണ്

ചെറുപ്പക്കാരിലെ നിസ്സംഗത എന്ന രോഗം ക്യാൻസറിനേക്കാൾ അപകടകരമാണെന്ന് ഓർമ്മപ്പെടുത്തി പാപ്പാ. “ദയവായി ശ്രദ്ധിക്കുക! മനുഷ്യന്റെ ദുരിതം ചില നിർഭാഗ്യവാന്മാർക്ക് വീഴുന്ന ഒരു വിധിയല്ല. നിസംഗത ക്യാൻസറിനേക്കാൾ അപകടകാരിയാണ്” – പാപ്പാ പറഞ്ഞു. ഒക്ടോബറിൽ വത്തിക്കാനിലെ ഇറ്റാലിയൻ കാത്തലിക് ആക്ഷനിൽ നിന്നുള്ള ആയിരക്കണക്കിന് യുവജനങ്ങൾക്കു മുന്നിൽ ഫ്രാൻസിസ് മാർപാപ്പ നൽകിയ സന്ദേശമാണിത്.

4. ‘ചിറകുകളും വേരുകളും’

കഴിഞ്ഞ വേനൽക്കാലത്ത് ഒരു കൂട്ടം യുവാക്കളുമായുള്ള കൂടിക്കാഴ്ചയിൽ, ‘ചിറകുകളും വേരുകളും’ എന്ന രണ്ട് ഗുണങ്ങളുള്ള യുവജനങ്ങളുടേതാണ് ഭാവിയെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.

“പറക്കാനും സ്വപ്നം കാണാനും സൃഷ്ടിക്കാനും ചിറകുകളും മുതിർന്നവരിൽ നിന്ന് ലഭിക്കുന്ന ജ്ഞാനം സ്വാംശീകരിക്കാനുള്ള വേരുകളും ആവശ്യമാണ്. അതുകൊണ്ട് നിങ്ങളോടു തന്നെ ചോദിക്കുക: എനിക്ക് ഏതുതരം ചിറകുകളും വേരുകളുമാണുള്ളത്?” ഫ്രാൻസിസ് മാർപാപ്പ ആഗസ്റ്റ് 6- ന് അപ്പസ്തോലിക് കൊട്ടാരത്തിലെ ക്ലെമന്റൈൻ ഹാളിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

5. നിങ്ങളുടെ ശബ്ദം കേൾക്കൂ

“നിങ്ങളുടെ ശബ്ദം കേൾക്കൂ! അവർ നിങ്ങളെ ശ്രദ്ധിക്കുന്നില്ലെങ്കിൽ, കൂടുതൽ ഉച്ചത്തിൽ വിളിക്കുക.” കഴിഞ്ഞ ജൂലൈയിൽ യൂറോപ്യൻ യൂണിയന്റെ യൂത്ത് കോൺഫറൻസിൽ പങ്കെടുത്ത യുവജനങ്ങൾക്ക് മാർപാപ്പ നൽകിയ ഉപദേശം ഇതായിരുന്നു. കൂടാതെ, യുവാക്കൾക്ക് അവരുടെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ അഭിപ്രായം പറയാൻ എല്ലാ അവകാശവുമുണ്ടെന്ന് പാപ്പാ പറഞ്ഞു. സംരംഭകനും സർഗ്ഗാത്മകവും വിമർശനാത്മകവുമാകാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു – പാപ്പാ കൂട്ടിച്ചേർത്തു.

6. ഒറിജിനാലിറ്റി നോക്കുക

ഒരു സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന ഒരു കൂട്ടം യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ട കാർലോ അകുത്തിസിന്റെ മാതൃക നൽകി, “ദൈവത്തിന് ഫോട്ടോകോപ്പികളല്ല, ഒറിജിനൽ മാത്രമാണ് വേണ്ടത്. എല്ലാ ദിവസവും എന്നേക്കും ജീവനുള്ള യേശു നിങ്ങളുടെ ജീവനായി മാറട്ടെ!” – ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

7. ജീവനെ ഭയപ്പെടരുത്, ആത്മാവിന്റെ മരണത്തെയാണ് ഭയപ്പെടേണ്ടത് 

ഏപ്രിൽ 18- ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ആയിരക്കണക്കിന് യുവജനങ്ങളുമായി നടത്തിയ ഒരു വലിയ മീറ്റിംഗിൽ, “ജീവിതം നമ്മെ പരീക്ഷിക്കുകയും നമ്മുടെ ബലഹീനതകളെ നഗ്നരും ശക്തിയില്ലാത്തവരും ഏകാന്തരുമാക്കുകയും ചെയ്യുന്ന നിമിഷങ്ങളുണ്ടെന്ന് മാർപാപ്പ ഓർമ്മപ്പെടുത്തി. “ഞാൻ ഭയപ്പെടുന്നു എന്നു പറയാൻ ലജ്ജിക്കരുത്! ഇരുട്ട് നമ്മെയെല്ലാം ഭയപ്പെടുത്തുന്നു. യുവജങ്ങൾ ഭയം പ്രകടിപ്പിക്കാനും ചുറ്റുമുള്ളവരുമായി പങ്കിടാനും പാപ്പാ ആഹ്വാനം ചെയ്തു. ഇരുട്ട് നമ്മെ പ്രതിസന്ധിയിലാക്കുന്നു. പക്ഷേ രാത്രി കഴിഞ്ഞ് പകൽ വരുന്നു. ആ പ്രതീക്ഷ ഉണ്ടായിരിക്കണം. ജീവിതത്തെ ഭയപ്പെടരുത്, മരണത്തെ ഭയപ്പെടുക, ആത്മാവിന്റെ മരണം, ഭാവിയുടെ മരണം, ഹൃദയത്തിന്റെ തുറവിയില്ലായ്മ ഇവയെ ഭയപ്പെടുക. ജീവിതം മനോഹരമാണ്. അത് ജീവിക്കാനും മറ്റുള്ളവരുമായി പങ്കിടാനും ഉള്ളതാണ്” – പാപ്പാ വെളിപ്പെടുത്തി.

8. പുനരുത്ഥാനം പ്രാപിച്ചതുപോലെ ജീവിക്കുക

ഇറ്റലിയിലെ ആറാമൻ യൂത്ത് മിഷനറി കോൺഗ്രസിൽ പങ്കെടുത്തവരെ സ്വീകരിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ‘മരിച്ചവരായി’ ജീവിക്കാതെ ഉയിർത്തെഴുന്നേറ്റവരായി ജീവിക്കാൻ പ്രോത്സാഹിപ്പിച്ചു.

9. ശവസംസ്കാര മുഖം ഒഴിവാക്കുക

2022 ഒക്ടോബറിൽ ബെൽജിയത്തിൽ നിന്നുള്ള യുവജനങ്ങളുമൊത്തുള്ള ഒരു സദസ്സിൽ, ഫ്രാൻസിസ് മാർപാപ്പ ഉറപ്പു നൽകി, “എപ്പോഴും സന്തോഷം ഉണ്ടായിരിക്കണം, കാരണം ശവസംസ്കാര മുഖമുള്ള ക്രിസ്ത്യാനികൾ പ്രവർത്തിക്കുന്നില്ല, അവർ ക്രിസ്ത്യാനികളല്ല. നിങ്ങൾ ഒരു ക്രിസ്ത്യാനി ആണെങ്കിൽ നിങ്ങൾക്ക് സന്തോഷം ഉണ്ടാകും. നിങ്ങളുടെ പ്രായത്തിലുള്ള യുവജനങ്ങൾ സുവിശേഷവൽക്കരണ പദ്ധതികൾക്കായി സ്വയം സമർപ്പിക്കാനും ദൈനംദിന ജോലികൾക്കിടയിൽ ക്രിസ്തുവിന്റെ സന്ദേശം ജീവിക്കാനും തയ്യാറാണെന്നുള്ളത് സന്തോഷകരമാണ്. നിങ്ങൾ സഭയുടെ ഭാവി മാത്രമല്ല, എല്ലാറ്റിനുമുപരിയായി വർത്തമാനകാലത്തിന്റെ പ്രതിനിധികളുമാണ്” – പാപ്പാ ഓർമ്മിപ്പിച്ചു.

പരിശുദ്ധ പിതാവിനെ സംബന്ധിച്ചിടത്തോളം സഭയ്ക്ക് ഈ യുവാക്കളെ ആവശ്യമാണ്. കാരണം സഭയും ചെറുപ്പമാണ്: “അതിന് നിങ്ങളുടെ ഔദാര്യം, നിങ്ങളുടെ സന്തോഷം, സാഹോദര്യം, സമാധാനം, അനുരഞ്ജനം എന്നിവയുടെ മൂല്യങ്ങളാൽ സമ്പന്നമായ മറ്റൊരു ലോകം കെട്ടിപ്പടുക്കാനുള്ള നിങ്ങളുടെ ആഗ്രഹം ആവശ്യമാണ്” – പാപ്പാ വെളിപ്പെടുത്തി.

10. യുവജനങ്ങൾ ഒരു അതുല്യനിധിയാണ്

നവംബർ 5- ന് ബഹ്‌റൈനിലെ യുവജനങ്ങളെ അഭിസംബോധന ചെയ്ത മാർപാപ്പ ഒരു പ്രസംഗത്തിൽ, യുവജനങ്ങൾ അതുല്യവും വിലപ്പെട്ടതുമായ ഒരു നിധിയാണെന്ന് മറക്കരുതെന്ന് ഓർമ്മപ്പെടുത്തി. “അതിനാൽ, ചെലവഴിക്കാനുള്ള സമയം ഇതുവരെ വന്നിട്ടില്ലാത്തതിനാൽ, ഒരു ശ്രമവും നടത്താതിരിക്കുന്നതാണ് നല്ലതെന്ന് കരുതി, നിങ്ങളുടെ ജീവിതം സുരക്ഷിതത്വത്തിൽ പൂട്ടിയിടരുത്. വിനോദസഞ്ചാര മനോഭാവത്തോടെയാണ് ജീവിക്കുന്നതെങ്കിൽ, നമുക്ക് ഇപ്പോഴത്തെ നിമിഷം നഷ്ടപ്പെടുകയും ജീവിതത്തിന്റെ മുഴുവൻ ഭാഗങ്ങളും പാഴാക്കുകയും ചെയ്യും” – അദ്ദേഹം മുന്നറിയിപ്പ് നൽകി. പകരം, സമൂഹത്തെക്കുറിച്ചും സഹപാഠികളെക്കുറിച്ചും സഹപ്രവർത്തകരെക്കുറിച്ചും സൃഷ്ടിയെക്കുറിച്ചും വേവലാതിപ്പെടുന്ന വഴിയിൽ ഒരു നല്ല അടയാളമായി മാറുക” – പാപ്പാ ഉദ്‌ബോധിപ്പിച്ചു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.