![abortion](https://i0.wp.com/www.lifeday.in/wp-content/uploads/2025/01/abortion.jpeg?resize=696%2C435&ssl=1)
ഗർഭച്ഛിദ്രം എന്ന തിന്മയോടുള്ള തന്റെ എതിർപ്പും നിലപാടും ഫ്രാൻസിസ് മാർപാപ്പ പലയാവർത്തി വെളിപ്പെടുത്തിയിട്ടുണ്ട്. ജീവനെ നാം എത്ര വിലമതിക്കണമെന്ന് മാർപാപ്പയുടെ ഈ പരസ്യ പ്രഖ്യാപനങ്ങൾ വ്യക്തമാക്കുന്നു. ഗർഭച്ഛിദ്രത്തിനെതിരെ ഫ്രാൻസിസ് പാപ്പ സംസാരിച്ച പത്ത് കാര്യങ്ങളും സന്ദർഭങ്ങളും ചുവടെ ചേർക്കുന്നു:
1. ഗർഭച്ഛിദ്രം ഏറ്റവും വലിയ തിന്മ
ഗർഭച്ഛിദ്രം വളരെ വലിയ തിന്മയാണെന്ന് 2024 ഒക്ടോബർ 30ന് പ്രോജക്ട് അംഗങ്ങളോട് ഫ്രാൻസിസ് മാർപാപ്പ പങ്കുവച്ചു. ഒരു ജീവനെ നാം നശിപ്പിക്കുമ്പോൾ ക്രിസ്തുവിനെ നമ്മുടെ വീട്ടിൽ പ്രവേശിക്കുന്നതിൽ നിന്നും നമ്മുടെ ഭവനത്തിൽ ഇടം നൽകുന്നതിൽ നിന്നും തടയുന്നതിന് തുല്യമാണ്. അതിനാൽ, വിശുദ്ധ യൗസേപ്പിതാവിന്റെ ഉറച്ചകരങ്ങളിൽ ആശ്രയിക്കാനും മാർപാപ്പ ഓർമിപ്പിച്ചു.
2. ഗർഭച്ഛിദ്രം മനുഷ്യജീവനെ കൊല്ലുന്നതിനു തുല്യം
“ഗർഭധാരണ മാസത്തിൽ തന്നെ എല്ലാ അവയവങ്ങളും രൂപപ്പെടുന്നുണ്ടെന്ന് ശാസ്ത്രം പറയുന്നു. അതിനാൽ ഒരു ജീവനെ നശിപ്പിക്കുമ്പോൾ നിങ്ങൾ ഒരു മനുഷ്യനെ കൊല്ലുന്നു. ഗർഭച്ഛിദ്രം നടത്തുന്ന ഡോക്ടർമാർ വാടകക്കൊലയാളികളാണ്. സ്ത്രീകൾക്ക് ജീവൻ സംരക്ഷിക്കാനുള്ള അവകാശമുണ്ട്”- 2024 സെപ്റ്റംബറിൽ ബെൽജിയത്തിലേക്കുള്ള അപ്പസ്തോലിക യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷം മാർപാപ്പ പറഞ്ഞു.
3. ഗർഭച്ഛിദ്രം മരണ സംസ്കാരത്തിലേക്ക് നയിക്കുന്നു
2024 ഏപ്രിൽ 11 വ്യാഴാഴ്ച പൊന്തിഫിക്കൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, സ്വന്തം നിലനിൽപ്പിനുവേണ്ടി തനിക്കും പ്രിയപ്പെട്ടവർക്കും ഒരു ഭാരമായി കണക്കാക്കുന്ന പ്രവണതയ്ക്കെതിരെ ഫ്രാൻസിസ് മാർപാപ്പ മുന്നറിയിപ്പ് നൽകി. ഈ മാനസികാവസ്ഥ, ‘മാലിന്യ സംസ്കാരത്തെ മരണ സംസ്കാരമാക്കി മാറ്റുന്നതിലേക്ക്’ നയിക്കുന്നു. ദരിദ്രർ, വൈകല്യമുള്ളവർ, ഗർഭസ്ഥ ശിശുക്കൾ, പ്രായമായവർ എന്നിവരോടുള്ള ബഹുമാനവും കരുതലും നഷ്ടപ്പെടുന്നതിനും ഇത് കാരണമാകുന്നു.
4. ഗർഭച്ഛിദ്രം കൊലപാതകമാണ്
2021 സെപ്തംബർ 15-ന്, സ്ലൊവാക്യയിലേക്കുള്ള അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി ബ്രാറ്റിസ്ലാവയിൽ നിന്ന് റോമിലേക്ക് മടങ്ങുമ്പോൾ വിമാനത്തിൽ, അമേരിക്കയിലെ ജെസ്യൂട്ട് മാസികയിലെ ഒരു പത്രപ്രവർത്തകൻ സ്ത്രീകളെക്കുറിച്ചും അവരുടെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ കുറിച്ചും ഗർഭച്ഛിദ്രത്തെക്കുറിച്ചും ചോദിച്ചപ്പോൾ മാർപാപ്പ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. “ശാസ്ത്രപരമായി ഒരോ ഭ്രൂണവും ഓരോ മനുഷ്യജീവനാണ്.” ഒരു പ്രശ്നം പരിഹരിക്കാൻ ജീവനെ വലിച്ചെറിയുന്നത് ന്യായമാണോ? അതുകൊണ്ടാണ് സഭ ഈ വാദത്തോട് ഇത്ര കർക്കശമായ നിലപാടെടുക്കുന്നത്.
5. ഒരു അമ്മയെ സംബന്ധിച്ചിടത്തോളം ഗർഭഛിദ്രം ഒരു പരിഹാരമല്ല
“നിർഭാഗ്യവശാൽ, രാജ്യങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളും കോവിഡ് പകർച്ചവ്യാധിയ്ക്കെതിരെയുള്ള പ്രതികരണത്തിൽ ‘അവശ്യ സേവനങ്ങൾ’ എന്ന തരത്തിൽ ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്നു. അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും പരിഹരിക്കാവുന്നതും പരിഹരിക്കേണ്ടതുമായ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി ജീവിതത്തിന്റെ നിലനിൽപ്പിനെ നിഷേധിക്കുന്നത് ചിലർക്ക് എത്ര ലളിതവും സൗകര്യപ്രദവുമായി മാറിയിരിക്കുന്നുവെന്ന് കാണുന്നത് സങ്കടകരമാണ്”- 2020 സെപ്റ്റംബർ 25-ന് യു. എൻ. ജനറൽ അസംബ്ലിയുടെ യോഗത്തിൽ ഫ്രാൻസിസ് മാർപാപ്പ പങ്കുവച്ചു.
6. ഒരു പ്രശ്നം പരിഹരിക്കാൻ ഒരു കൊലയാളിയെ നിയമിക്കുന്നത് പോലെയാണ് ഗർഭച്ഛിദ്രം
2018 ഒക്ടോബർ പത്തിന് പൊതുകൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പ ഗർഭച്ഛിദ്രത്തെ കുറിച്ച് പരാമർശിച്ചു. ” നിരപരാധിയും പ്രതികരിക്കാൻ ശക്തിയില്ലാത്തതുമായ ഒരു ജീവനെ അതിന്റെ പ്രാഥമിക ഘട്ടത്തിൽ അടിച്ചമർത്തുന്ന പ്രവൃത്തി എങ്ങനെ മനുഷ്യത്വപരമാകും? ഒരു പ്രശ്നം പരിഹരിക്കാൻ ഒരു മനുഷ്യ ജീവനെ കൊല്ലുന്നത് ന്യായമാണോ? ഒരു പ്രശ്നം പരിഹരിക്കാൻ ഒരു കൊലയാളിയെ നിയമിക്കുന്നതും ന്യായമാണോ? ഗർഭച്ഛിദ്രം ഒരു പ്രശ്നം പരിഹരിക്കാൻ ഒരു കൊലയാളിയെ നിയമിക്കുന്നത് പോലെയാണ്.”
7. നാസികൾ ചെയ്തതു പോലെയാണ് വികലാംഗർ എന്ന പേരിലുള്ള ഗർഭച്ഛിദ്രം
2018 ജൂൺ 16-ന്, ഫോറം ഓഫ് ഫാമിലി അസോസിയേഷൻസിന്റെ ഒരു പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ, രോഗികളോ വികലാംഗരോ ആയ കുട്ടികളുടെ ഗർഭച്ഛിദ്രം നാസികളുടെ വംശഹത്യ പോലെയാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. “ഗർഭാവസ്ഥയുടെ ആദ്യ മാസങ്ങളിൽ കുട്ടിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാൻ ചില പരിശോധനകൾ നടത്തുന്നത് ഇന്ന് ഫാഷനായി മാറിയിരിക്കുകയാണ്. ഒടുവിൽ പ്രശ്നപരിഹാരാമായി നിർദേശിക്കുന്നത് കുഞ്ഞിനെ വേണ്ടെന്നുവയ്ക്കുക എന്നതാണ്. സമാധാനപരമായ ജീവിതം നയിക്കാൻ, ഒരു നിരപരാധിയെ കൊന്നുകളയുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ, നാസികൾ വംശീയശുദ്ധി സംരക്ഷിക്കാൻ ചെയ്ത കൂട്ടക്കൊലപാതകത്തിൽ എല്ലാവരും ഞെട്ടിപ്പോയി. ഇന്ന് നമ്മൾ അതുതന്നെ ചെയ്യുന്നു”- മാർപാപ്പ പറഞ്ഞു.
8. ഗർഭച്ഛിദ്രം ഡോക്ടർമാരുടെ സത്യപ്രതിജ്ഞയ്ക്കു വിരുദ്ധമാണ്
2016 ഫെബ്രുവരി 18-ന്, മെക്സിക്കോയിൽ നിന്ന് റോമിലേക്ക് മടങ്ങുമ്പോൾ, ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിന് ഗർഭഛിദ്രം ‘ഒരു സമ്പൂർണ്ണ തിന്മ’ ആണെന്നും ഡോക്ടർമാരുടെ ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമാണെന്നും മാർപാപ്പ പ്രതികരിച്ചു. “ഗർഭഛിദ്രം ഒരു ദൈവശാസ്ത്രപരമായ പ്രശ്നമല്ല: അത് ഒരു മാനുഷിക പ്രശ്നമാണ്, അത് ഒരു മെഡിക്കൽ പ്രശ്നമാണ്. മറ്റൊരാളെ രക്ഷിക്കാൻ – അല്ലെങ്കിൽ സുഖമായി ജീവിക്കാൻ – ഒരു വ്യക്തിയെ കൊല്ലുന്നു. ഡോക്ടർമാർ എടുക്കേണ്ട ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് വിരുദ്ധമാണിത്. അത് അതിൽ തന്നെ ഒരു തിന്മയാണ്”.
9. ഗർഭച്ഛിദ്രം ചെയ്യപ്പെട്ട ഓരോ കുഞ്ഞിനും ക്രിസ്തുവിന്റെ മുഖമുണ്ട്
2013 സെപ്തംബർ 20-ന്, കാത്തലിക് മെഡിക്കൽ അസോസിയേഷൻസ് ഇന്റെർനാഷണൽ ഫെഡറേഷൻ സംഘടിപ്പിച്ച ഒരു കോൺഫറൻസിൽ പങ്കെടുത്ത ഗൈനക്കോളജിസ്റ്റുകളോടും പ്രസവചികിത്സകരോടും മാർപാപ്പ ഒരു പ്രസംഗം നടത്തി. “ നിങ്ങൾ മനുഷ്യജീവനെ അതിന്റെ പ്രാരംഭ ഘട്ടത്തിൽ പരിപാലിക്കാൻ വിളിക്കപ്പെട്ടവരാണ്. എല്ലാ ഘട്ടങ്ങളിലും ഏത് പ്രായത്തിലും മനുഷ്യജീവിതം എപ്പോഴും പവിത്രമാണെന്ന് ഓർമിക്കുക. ഗർഭച്ഛിദ്രം ചെയ്യപ്പെട്ട ഓരോ കുഞ്ഞിനും ക്രിസ്തുവിന്റെ മുഖമുണ്ട്. ജനിക്കുന്നതിനുമുമ്പ്, ഒരു നവജാതശിശുവായിരിക്കുമ്പോൾ ആ കുഞ്ഞും ലോകത്തിന്റെ തിരസ്കരണം അനുഭവിച്ചു”- പാപ്പ വെളിപ്പെടുത്തി.
10. സെമിത്തേരിയിൽ ഗർഭച്ഛിദ്രത്തിന് ഇരയായവർക്കായി പ്രാർഥിച്ച് മാർപ്പാപ്പ
2014 ഓഗസ്റ്റ് 16-ന്, ദക്ഷിണ കൊറിയയിലേക്കുള്ള യാത്രയ്ക്കിടെ, ഗർഭച്ഛിദ്രത്തിന് ഇരയായ കുഞ്ഞുങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന സെമിത്തേരിയിൽ ഫ്രാൻസിസ് മാർപാപ്പ പ്രാർഥിച്ചു.
ജീവന്റെ സുവിശേഷത്തിന്റെ പ്രാധാന്യം ലോകം അറിയുവാൻ പാപ്പ ചെയ്ത ഒരു പ്രവർത്തിയാണിത്. 2018-ൽ സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ റോമിന് പുറത്ത് ഗർഭസ്ഥ ശിശുക്കൾക്കായി ഒരു സെമിത്തേരി സന്ദർശിച്ചു.
വിവർത്തനം: സി. നിമിഷറോസ് CSN