“ഇത് പ്രതീക്ഷയുടെ തുടർച്ചയാണ്’: അഫ്‌ഗാൻ സ്ത്രീകൾക്കായി പാരീസ് ആസ്ഥാനമായുള്ള ടിവി സ്റ്റേഷൻ

    കാബൂളിൽനിന്ന് 4,500 മൈൽ അകലെയുള്ള പാരീസിലെ ഒരു ചെറിയ ടെലിവിഷൻ സ്റ്റുഡിയോയിൽ സ്ത്രീകൾക്കായി ഒരു ടെലിവിഷൻ ചാനൽ പ്രവർത്തിക്കുന്നുണ്ട്. അതിൽ എന്താണിത്ര പ്രത്യേകത എന്നല്ലേ. ലോകത്തുള്ള എല്ലാവർക്കും ഒരേ സ്വാതന്ത്യമാണെന്നു നാം കരുതുന്നുണ്ടെങ്കിലും അത് അങ്ങനെയല്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിൻകീഴിലുള്ള സ്ത്രീകൾക്ക് നമ്മുടെ വീട്ടിലെ വളർത്തുമൃഗങ്ങൾക്കു പോലുമുള്ളത്ര സ്വാതന്ത്ര്യമില്ല. പൊതുസ്ഥലങ്ങളിൽ ഒറ്റയ്ക്കു പോകാനോ, വിദ്യഭ്യാസം നേടാനോ എന്തിനേറെ പറയുന്നു, വീടിന്റെ ബാൽക്കണിയിൽപോലും നിൽക്കാൻ അവർക്ക് കഴിയില്ല. അവിടെയാണ് മുകളിൽപറഞ്ഞ പാരീസിലെ ഈ ചാനൽ പരിപാടികളുടെ പ്രസക്തി നിലകൊള്ളുന്നത്.

    അഫ്ഗാനിസ്ഥാനിലെ പൊതുജീവിതത്തിൽ നിന്ന് ക്രമാനുഗതമായി സ്ത്രീകൾ തുടച്ചുനീക്കപ്പെടുമ്പോഴും സ്ത്രീകൾക്കായി 24 മണിക്കൂറും വനിതാ ഹോസ്റ്റുകൾ അവതരിപ്പിക്കുന്ന പ്രോഗ്രാമുകളുടെ ഒരു ശൃംഖലയാണ് നൽകപ്പെടുന്നത്. കർശനമായ താലിബാൻ ഭരണത്തിൻകീഴിൽ ജീവിക്കുന്ന സ്ത്രീകളുടെ വീടുകളിലേക്ക് വിദ്യാഭ്യാസ-വിനോദപരിപാടികൾ ബീഗം ടിവി സംപ്രേക്ഷണം ചെയ്യുന്നു. സാറ്റലൈറ്റ് ചാനലായ ബീഗം ടിവി യുടെ പിന്നിൽ പ്രവർത്തിക്കുന്നതും ഒരു സ്ത്രീ തന്നെയാണ്. അതും അഫ്‌ഗാനിസ്ഥാനിൽ ജനിച്ച, സ്വിറ്റസർലൻഡിൽ വളർന്ന സംരംഭകയായ ഹമീദ അമൻ.

    “ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പ്രതീക്ഷ നൽകുന്ന ഒരു മാർഗമാണ്. അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ടെലിവിഷൻ അവരുടെ ലോകത്തിലേക്കുള്ള ഏകജാലകമാണ്, പ്രത്യേകിച്ചും ഇപ്പോൾ അവർ വീടുകളിൽ ഒതുങ്ങുമ്പോൾ. വിദ്യാഭ്യാസമോ, ജോലിയോ, പാർക്കുകളോ, വിനോദപ്രവർത്തനങ്ങളോ ഇല്ലാതെയാണ് നിലവിൽ അവർ ജീവിക്കുന്നത്” – അമൻ പറയുന്നു.

    മാർച്ചിൽ അന്താരാഷ്ട്ര വനിതാദിനത്തിൽ ആരംഭിച്ച ചാനൽ, അഫ്ഗാനിസ്ഥാനിൽ സാറ്റലൈറ്റ് ടിവിയുടെ വർധിച്ചുവരുന്ന ജനപ്രീതി പിടിച്ചെടുത്തു – രാജ്യത്തെ ഏറ്റവും ജനപ്രിയമായ മാധ്യമങ്ങളിലൊന്നായി അമൻ ഇതിനെ വിശേഷിപ്പിച്ചു. ഈ മാധ്യമത്തെ – യു. എൻ. വിശേഷിപ്പിച്ചത് ‘ലിംഗവർണ്ണ വിവേചനം’ ബാധിച്ചവരോട് നേരിട്ടു സംസാരിക്കുന്ന മാധ്യമം എന്നാണ്.

    2021 ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വഷളായി. ഡിസംബറിന്റെ തുടക്കത്തിൽ, നഴ്‌സുമാരായും മിഡ്‌വൈഫുകളായും പരിശീലനം നൽകുന്നതിൽനിന്ന് സംഘം സ്ത്രീകളെ വിലക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർവിദ്യാഭ്യാസത്തിനുള്ള സാഹചര്യം കൂടിയാണ് അവിടെ കൊട്ടിയടയ്ക്കപ്പെട്ടത്.

    ഇതിനൊക്കെയും ഒരു പരിധിവരെ ബീഗം ടിവി പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. പകൽസമയത്ത്, ബീഗം ടിവി വിവിധ ഗ്രേഡ് തലങ്ങളിൽ ഡാരിയിലും പാഷ്തോയിലും സ്കൂൾ ക്ലാസുകൾ വാഗ്ദാനം ചെയ്യുന്നു. സ്കൂളുകളിൽനിന്ന് വിദ്യാഭ്യാസം വിലക്കപ്പെട്ട പെൺകുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുന്നു. വൈകുന്നേരം വിനോദപരിപാടികളിലേക്ക് ചുവടുമാറുന്നു. വിനോദം മുതൽ ആരോഗ്യം, സ്ത്രീകളുടെ അവകാശങ്ങളെയും പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യുന്ന പ്രോഗ്രാമുകളുടെ ഒരു നീണ്ട നിരയിലുള്ള പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നു.

    “ഞങ്ങൾ കാബൂളിൽ അധിഷ്ഠിതമാണെങ്കിൽ ഗർഭനിരോധനമോ, ​​സ്വവർഗരതിയോ പോലുള്ള നിഷിദ്ധവിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾക്ക് കഴിയില്ല” – അമൻ പറഞ്ഞു. “അഫ്ഗാനിസ്ഥാനിൽ നിരോധിച്ചിരിക്കുന്ന സംഗീതവും വിനോദപരമ്പരകളും പ്രക്ഷേപണം ചെയ്യാനും ഇത് ഞങ്ങളെ അനുവദിക്കുന്നു.”

    ബീഗം ടിവിക്ക് ഒരു വർഷത്തിൽ താഴെയെ പഴക്കമുള്ളൂ എങ്കിലും, 2021 ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തുന്നതിന് ആറുമാസം മുമ്പ് കാബൂളിൽ അമൻ ആരംഭിച്ച റേഡിയോ ബീഗം ആയിരുന്നു ഇതിന്റെ തുടക്കം.

    താലിബാൻ അധികാരത്തിൽ വന്നതിനുശേഷം സെക്കൻഡറി സ്കൂളുകൾ, സർവകലാശാലകൾ, ജോലിസ്ഥലങ്ങൾ, ബാത്ത്ഹൗസുകൾ, ജിമ്മുകൾ, പാർക്കുകൾ എന്നിവയുൾപ്പെടെ പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിൽനിന്നും സ്ത്രീകളെ വിലക്കിയിട്ടുണ്ട്. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പാടുകയോ, ഉറക്കെ വായിക്കുകയോ ചെയ്യരുതെന്നും അവരുടെ ശബ്ദം അവരുടെ വീടിന്റെ മതിലുകൾക്കപ്പുറത്തേക്ക് പോകരുതെന്നും കഴിഞ്ഞ വർഷം താലിബാൻ ഉത്തരവിട്ടിരുന്നു. എന്നിരുന്നാലും, അമാനെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, റേഡിയോ ബീഗത്തിന് ഇതുവരെ ആറ് ദശലക്ഷം ശ്രോതാക്കൾക്ക് സ്കൂൾ, ആരോഗ്യ-കേന്ദ്രീകൃത പരിപാടികൾ നൽകാൻ സാധിച്ചിട്ടുണ്ട്.

    “സംപ്രേക്ഷണം നിർത്താൻ പറഞ്ഞുകൊണ്ട് താലിബാൻ എന്നെ വിളിക്കുമെന്ന് കഴിഞ്ഞ മൂന്നു വർഷമായി എല്ലാ ദിവസവും എനിക്ക് തോന്നാറുണ്ട്. നിരന്തരമായ ഈ സമ്മർദത്തിൽ മൂന്നു വർഷമായി ഞാൻ ജീവിച്ചുവരുന്നു” – അമൻ പറഞ്ഞു.

    “എന്നിരുന്നാലും, വർധിച്ചുവരുന്ന അവകാശലംഘനങ്ങളിൽ നിന്ന് റേഡിയോ സ്റ്റേഷൻ മുക്തമായിരുന്നില്ല” – ഇപ്പോൾ ബീഗം ടിവിയിൽ ടീമിനൊപ്പം പ്രവർത്തിക്കുന്ന സ്റ്റേഷന്റെ മുൻ മാനേജർ സബ ചമൻ പറഞ്ഞു. “അവർ ടിവിയിലെ വനിതാ അവതാരകരോട് മുഖം മറയ്ക്കാൻ കൽപിക്കാൻ തുടങ്ങി. പിന്നീട് അവർ സംഗീതം വേണ്ടെന്നു പറഞ്ഞു. സ്ത്രീകൾക്ക് വിനോദപരിപാടികൾ അവതരിപ്പിക്കാനോ, പുരുഷ സഹപ്രവർത്തകർക്കൊപ്പം സ്റ്റുഡിയോയിൽ ഒരുമിച്ചിരിക്കാനോ, റേഡിയോയിലൂടെ പുരുഷന്മാരോട് സംസാരിക്കാനോ കഴിയില്ലെന്ന് അവർ പറഞ്ഞു.”

    എതിർദിശയിൽ വലിക്കപ്പെടുന്ന ഒരു കയറിൽ പിടിക്കാൻ ശ്രമിക്കുന്നതിനോടാണ് അവർ അതിനെ ഉപമിച്ചത്. “ഞങ്ങൾ എത്ര മുറുകെപ്പിടിക്കാൻ ആഗ്രഹിച്ചാലും, ഓരോ പുതിയ ഉത്തരവിലൂടെയും അത് ഞങ്ങളുടെ കൈകളിലൂടെ തെന്നിമാറുന്നത് പോലെയാണ്” – അവൾ പറഞ്ഞു.

    അതിനാൽതന്നെ തന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഈ വർഷം ആദ്യം ഫ്രാൻസിലേക്ക് പലായനം ചെയ്യാൻ അവളെ നിർബന്ധിതയാക്കി. അവർക്ക് അഫ്ഗാനിസ്ഥാനെ വല്ലാതെ മിസ്സ് ചെയ്യുമ്പോഴും വിദേശത്ത് ലഭിച്ച ആപേക്ഷികസ്വാതന്ത്ര്യം അവർ ആസ്വദിക്കുന്നുണ്ട്. “ഞങ്ങളുടെ സഹപ്രവർത്തകരിൽ ചിലർ അഫ്ഗാനിസ്ഥാനിലെ അവരുടെ കുടുംബങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്ന് ഞങ്ങൾക്കറിയാം. അതിനാൽ അവർക്ക് 100% സ്വതന്ത്രമായി തോന്നുന്നില്ല. പക്ഷേ, എപ്പോഴെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ അറസ്റ്റ് ചെയ്യപ്പെടില്ലെന്ന് ഞങ്ങൾക്കറിയാം. അത് കുറച്ചുകൂടി എളുപ്പമാക്കുന്നു.”

    ഒരു എൻ. ജി. ഒ. മുഖേന ധനസഹായം നൽകുന്ന ബീഗം ടിവിയെ, താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനെ തുടർന്നുണ്ടായ വിടവുകളെ നേരിടാനുള്ള ഒരു മാർഗമായാണ് അവർ വിശേഷിപ്പിച്ചത്. യുവതികൾക്ക് അവരുടെ പഠനം തുടരാൻ അവസരം നൽകുന്ന വിദ്യാഭ്യാസ പ്രോഗ്രാമിംഗ് മുതൽ അഫ്ഗാൻ സ്ത്രീകൾക്കിടയിലെ ഉത്കണ്ഠ, ഒറ്റപ്പെടൽ, വിഷാദം എന്നിവയുടെ അമ്പരപ്പിക്കുന്ന കുതിച്ചുചാട്ടത്തെ നേരിടാൻ ലക്ഷ്യമിട്ടുള്ള ആരോഗ്യത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ വരെ ഇത് നൽകുന്നു.

    ദേശീയ സ്കൂൾ പാഠ്യപദ്ധതി ഉൾക്കൊള്ളുന്ന 8,500 ഓളം വീഡിയോകളുള്ള ഒരു സഹോദരി വെബ്‌സൈറ്റിലൂടെ നൽകുന്നുണ്ട്. പെൺകുട്ടികൾക്ക് പഠനം തുടരാൻ ഇന്റർനെറ്റ് കണക്ഷനുള്ള കുടുംബങ്ങൾക്ക് ഇത് മറ്റൊരു ഉറവിടമാണ്.

    “ഇത് പ്രതീക്ഷയുടെ തുടർച്ച പോലെയാണ്” – ചമൻ പറഞ്ഞു. രാജ്യം വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായ അവരെപ്പോലുള്ള മറ്റുള്ളവർക്കോ, അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ അവരുടെ അവകാശങ്ങൾ സ്ഥിരമായി വെട്ടിച്ചുരുക്കലുമായി മല്ലിടുന്നവരോ ആകട്ടെ. തനിക്കും മറ്റുള്ളവർക്കും ഒരിക്കൽ രാജ്യത്തോടുള്ള കാഴ്ചപ്പാട് സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമായാണ് അവർ ഈ പദ്ധതികളെ കാണുന്നത്.

    “അഫ്ഗാനിസ്ഥാന്റെയും അഫ്ഗാനിസ്ഥാനിലെ എല്ലാ സ്ത്രീകളുടെയും ശോഭനമായ ഭാവിക്കായി ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളും ചാരമായി മാറിയേക്കാം. എങ്കിലും എവിടെയോ ഒരു തീപ്പൊരിയുണ്ട്. അത് ഒരു ദിവസം വീണ്ടും ജ്വലിച്ചേക്കാം. എന്നെ സംബന്ധിച്ചിടത്തോളം ആ തീപ്പൊരികളിൽ ഒരാളാണ് ബീഗം.”

    ഈ വാക്കുകളുടെ ജ്വലനം അഫ്‌ഗാനിസ്ഥാനിലെ നീതിയും അവകാശവും നിഷേധിക്കപ്പെട്ട നിരവധി സ്ത്രീകൾക്കുവേണ്ടിയുള്ളതാണ്. ആരുടെയും അകമ്പടിയില്ലാതെ വീടിന്റെ മുറ്റത്തിറങ്ങി പാട്ടു പാടിക്കൊണ്ട് ആകാശത്തിന്റെ നീലിമയെ നോക്കി നൃത്തം ചെയ്യാൻ അഫ്‌ഗാൻ വനിതകളെ പ്രാപ്തരാക്കാൻ സാധിക്കട്ടെ ബീഗം ടിവിയും അതിലെ പരിപാടികളും.

    സുനിഷ വി. എഫ്.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.