കുരിശിലെ സഹനത്തിന്റെയും മരണത്തിന്റെയും മുകളിൽ ക്രിസ്തു നേടിയ വിജയത്തിന്റെ അടിസ്ഥാനത്തിൽ ഉദയംചെയ്ത ക്രിസ്തീയവിശ്വാസം സഹനത്തിന്റെ ആഴം കണ്ടറിഞ്ഞ ദൈവീകസംഹിതയാണ്. മനുഷ്യക്ലേശങ്ങളുടെ ആന്തരീകാർഥം അന്വേഷിക്കുക മാത്രമല്ല, സഹജീവിസ്‌നേഹത്തിലൂന്നി എല്ലാ മനുഷ്യരുടെയും ദുരിതങ്ങളെയും ദുഃഖങ്ങളെയും പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി നിൽക്കുന്നതും ഈ കുരിശിൽ മരിച്ചവന്റെ അനുയായികൾ തന്നെയാണ്. തന്റെ പൗരോഹിത്യശുശ്രൂഷയിലുടനീളം ക്രിസ്തുവിന്റെ സഹനങ്ങളോട് ചേർന്നുനിൽക്കാൻ ആഹ്വാനം ചെയ്ത വി. പാദ്രെ പിയോ എന്ന സന്യാസവൈദികൻ തന്നെയാണ് ‘വേദനിക്കുന്നവരുടെ ആശ്വാസഭവനം’ എന്നപേരിൽ തന്റെ സഹോദരങ്ങളുടെ കണ്ണീരൊപ്പുന്നതിന് ആതുരാലയം ആരംഭിക്കുന്നതും. ഇന്ന് യൂറോപ്പിലെ തന്നെ ഏറ്റം മഹത്വരമായ ഈ ആതുരശുശ്രൂഷാകേന്ദ്രത്തിലൂടെ അനേകായിരങ്ങൾ യേശുവിന്റെ സൗഖ്യത്തിന്റെ കരസ്പർശം അനുഭവിക്കുന്നു. തന്റെ പൗരോഹിത്യശുശ്രൂഷ മുഴുവൻ കുരിശിലെ ക്രിസ്തുവുമായിട്ടുള്ള ഒരു കൗദാശിക ഐക്യമായി ചേർത്തുവച്ച വി. പാദ്രെ പിയോയുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും പാദ്രെ പിയോ തീർഥാടന ദൈവാലയത്തെയും പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
ഇറ്റലിയുടെ ദക്ഷിണഭാഗത്തായി ഫൊജ്ജിയാ പ്രോവിൻസിലുള്ള, ഇന്ന് മുപ്പതിനായിരത്തോളം ജനങ്ങൾ അധിവസിക്കുന്ന ഒരു പ്രദേശമാണ് സാൻ ജൊവാന്നി റൊട്ടേണ്ടൊ. ഇവിടെയുള്ള വി. പാദ്രെ പിയോ തീർഥാടനകേന്ദ്രം സന്ദർശിക്കാനായി ഒരു വർഷം 70 ലക്ഷത്തിലധികം വിശ്വാസികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തുന്നത്. പാദ്രെ പിയോ എന്ന വിശുദ്ധൻ തന്റെ ജീവിതത്തിലെ അൻപതിലധികം വർഷക്കാലം ഇവിടെയാണ് വസിച്ചത്. 1916 ജൂലൈ മുതൽ 1968 സെപ്റ്റംബർ വരെ അദ്ദേഹത്തിന്റെ കർമ്മമണ്ഡലമായിരുന്നു സാൻ ജൊവാന്നി റൊട്ടേണ്ടൊ. ഇന്ന് അവിടെയുള്ള മനോഹരമായ ദൈവാലയം പണി പൂർത്തിയാക്കി കൂദാശ ചെയ്യുന്നത് 2004 ജൂലൈ മാസത്തിലാണ്. ഈ ദൈവാലയത്തോടുചേർന്ന് പാദ്രെ പിയോ സ്ഥാപിച്ച ചികിത്സാലയം ലോകപ്രശസ്തമായ വൈദ്യശാസ്ത്ര ഗവേഷണകേന്ദ്രം കൂടിയാണ്.
പാപികളുടെ മാനസാന്തരത്തിനായി തന്നെത്തന്നെ ഒരു ആത്മത്യാഗമായി ക്രിസ്തുവിനു സമർപ്പിച്ച പുണ്യാത്മാവ് ക്രിസ്തുവിനുവേണ്ടി അനേകം ആത്മാക്കളെ നേടിയെടുക്കുന്നതിന് ഉപകാരണമായിത്തീർന്നു. അദ്ദേഹത്തിന്റെ ഓമനത്വവും നിഷ്കളങ്കതയും എളിമയും പ്രസന്നതയും താനുമായി ബന്ധപ്പെട്ട എല്ലാവരിലേക്കും അദ്ദേഹം സംക്രമിപ്പിച്ചു. “ഒരു ക്രിസ്ത്യാനിയുടെ ജീവിതം എപ്പോഴും നിരന്തരമായ സമരമാണ്. തന്റെതന്നെ പ്രവണതകൾക്കെതിരെ നടത്തുന്ന ഈ പോരാട്ടത്തിൽ വേദന അനുഭവിക്കാതെ ഒരു ആത്മാവും പൂര്‍ണ്ണതയിലെത്തുകയില്ല” എന്ന പാദ്രെ പിയോയുടെ വചനങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തന്നെ ഒരു നേർരേഖയാണ്. ഈ വിശുദ്ധൻ ജീവിച്ചിരുന്നപ്പോൾ സംസർഗം ചെയ്യാൻ ഭാഗ്യം സിദ്ധിച്ചവരിൽ പലരും ആ അനുഭവത്തെക്കുറിച്ച് ഇപ്പോഴും സാക്ഷിക്കുന്നു. അദ്ദേഹത്തെ നേരിൽക്കണ്ടവർക്ക്, തങ്ങൾ ക്രിസ്തുവിന്റെ പ്രതിരൂപത്തെ കാണുന്നു എന്ന ചിന്തയാണ് ഉളവായിരുന്നത്. പാദ്രെ പിയോയുടെ വിശുദ്ധ ബലിയർപ്പണങ്ങൾ അനേകം പാപികളെ മാനസാന്തരത്തിലേക്കും ചഞ്ചലചിത്തരെ വിശ്വാസദൃഢതയിലേക്കും ആനയിച്ചിരുന്നു.
ഇറ്റലിയിലെ നേപ്പിൾസ് നഗരത്തിനടുത്തുള്ള പിയത്രെൽചീന എന്ന ചെറുഗ്രാമത്തിൽ 1887 മെയ് 25-ന് ഗ്രാസിയോ മാരിയോ ഫൊർജോണയുടെയും മരിയ ജൂസേപ്പയുടെയും രണ്ടാമത്തെ പുത്രനായി പാദ്രെ പിയോ ജനിച്ചു. വി. ഫ്രാൻസിസ് അസീസിയോടുള്ള ഭക്തി കാരണം ഫ്രാഞ്ചെസ്‌കോ എന്ന നാമം മാതാപിതാക്കൾ അവനു നൽകി. ഫൊർജിയോണെ കുടുംബം പാവപ്പെട്ടവരായിരുന്നെങ്കിലും കൃഷി ചെയ്യുന്നതിനുള്ള കുറെ നിലമൊക്കെ അവർക്കുണ്ടായിരുന്നു. വീടിനടുത്തുള്ള വി. അന്നയുടെ പള്ളിയിൽ ഫ്രാഞ്ചെസ്‌കോയ്ക്ക് മാമ്മോദീസ നൽകി. വളർന്നപ്പോൾ ഇവിടെത്തന്നെയാണ് ഒരു അൾത്താരബാലനായി ഫ്രാഞ്ചെസ്‌കോ ശുശ്രൂഷ ചെയ്തതും. പിന്നീട് അദ്ദേഹത്തിന്റെ ഇളയസഹോദരി ഗ്രാസിയ (1894-1969) ബ്രിജിത്തിൻ സന്യാസ സമൂഹത്തിൽ ചേർന്ന് ഒരു സന്യാസിനിയായിത്തീർന്നു.
വലിയ ഭക്തരായ മാതാപിതാക്കൾ എല്ലാ ദിവസവും ദൈവാലയത്തിൽ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയും വൈകുന്നേരങ്ങളിൽ കുടുംബമായി ജപമാലപ്രാർഥന നടത്തുകയും ചെയ്തിരുന്നു. നിരക്ഷരരായിരുന്നെങ്കിലും ബൈബിൾകഥകളും വിശുദ്ധമാരുടെ ജീവചരിത്രങ്ങളുമൊക്കെ തങ്ങളുടെ മക്കൾക്ക് പറഞ്ഞുകൊടുക്കുന്നതിന് ആ മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. വളരെ ചെറുപ്രായത്തിൽത്തന്നെ തനിക്ക് ദൈവീകവഴിയിലൂടെ സഞ്ചരിക്കാനുള്ള നിയോഗമാണ് ലഭിച്ചിരിക്കുന്നതെന്ന് ഫ്രാഞ്ചെസ്‌കോ തിരിച്ചറിഞ്ഞിരുന്നു. അടുത്ത ഗ്രാമത്തിൽനിന്നും ഫ്രാഞ്ചെസ്‌കോയുടെ ഗ്രാമത്തിലെത്തി പാവങ്ങൾക്കുവേണ്ടി ഭിക്ഷ തേടിയിരുന്ന ഫ്രാൻസിസ്കൻ കപ്പൂച്യൻ സന്യാസി ഫ്രാ കമില്ലോയുടെ സംസാര-പ്രവർത്തനശൈലി കുഞ്ഞുഫ്രാഞ്ചെസ്‌കോയെ വളരെയധികം ആകർഷിച്ചു. ആശ്രമത്തിൽ ചേർന്നതിനുശേഷം ഫ്രാ കമില്ലോയുടെ മനോഹരമായ താടിയിലും മീശയിലും ആകർഷണം തോന്നിയാണ് സന്യാസം സ്വീകരിച്ചതെന്ന് തമാശയായി പാദ്രെ പിയോ പറഞ്ഞിട്ടുണ്ട്.
തീരെ ചെറുപ്രായത്തിൽത്തന്നെ ഫ്രാഞ്ചെസ്‌കോയ്ക്ക് ദർശനങ്ങളും ദൈവം നൽകുന്ന ആത്മീയവെളിപാടുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് എല്ലാ കുട്ടികൾക്കും ഉണ്ടാകുന്നതാണെന്നാണ് കുഞ്ഞുഫ്രാഞ്ചെസ്‌കോ അന്ന് ധരിച്ചിരുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഫ്രാഞ്ചെസ്‌കോയുടെ നിർബന്ധം സഹിക്കവയ്യാതെ വീട്ടിൽനിന്നും 20 കിലോമീറ്റർ ദൂരത്തിലുള്ള മൊർക്കോണേ എന്ന സ്ഥലത്തെ കപ്പൂച്യൻ ആശ്രമത്തിൽ ചേരുന്നതിനായി മാതാപിതാക്കൾ അവനെയും കൊണ്ടെത്തി. എന്നാൽ, കൂടുതൽ വിദ്യാഭ്യാസം നേടിയതിനുശേഷം തിരികെ വരാനുള്ള നിർദേശം നൽകി ആശ്രമാധികാരികൾ അവരെ തിരികെ അയച്ചു. തന്റെ അന്നത്തെ ജോലിയിൽനിന്നും കിട്ടുന്ന വരുമാനംകൊണ്ട് മക്കളുടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോവുക അസാധ്യമെന്നു തിരിച്ചറിഞ്ഞ ഗ്രാസിയോ ഫൊർജോണെ, കൂടുതൽ വരുമാനമുള്ള ജോലി തേടി അമേരിക്കയിലേക്ക് കപ്പൽ കയറി. പിതാവിന്റെ അസാന്നിധ്യം ഭവനത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും ഫ്രാഞ്ചെസ്‌കോയ്ക്കും സഹോദരങ്ങൾക്കും പിതാവിന്റെ വരുമാനം കാരണം മെച്ചമായ വിദ്യാഭ്യാസം ലഭിച്ചു. തന്റെ പതിനഞ്ചാമത്തെ വയസ്സിൽ ഫ്രാഞ്ചെസ്‌കോ 1903 ജനുവരി ആറിന് കപ്പൂച്യൻ ആശ്രമത്തിൽ നോവിസ് ആയി ചേരുന്നു. ഈ അവസരത്തിൽ ‘ദൈവഭക്തൻ’ എന്നർഥം വരുന്ന പിയോ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ പേരിനോടു ചേർക്കപ്പെട്ട ‘പാദ്രെ’ (ഫാദർ) സന്യാസവൈദികൻ എന്ന അർഥത്തിൽ ഇറ്റാലിയൻ ഭാഷയിൽ പുരോഹിതരെ വിളിച്ചിരുന്നതാണ്. ‘ദൈവഭക്തനായ പുരോഹിതൻ’ എന്ന മനോഹരമായ നാമത്തിനനുസരിച്ചുള്ള ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത് എന്നതിന് ചരിത്രം സാക്ഷി.
വി. ഫ്രാൻസിസ് അസീസിയുടെ പ്രാരംഭചൈതന്യം പുനര്‍ജീവിക്കുക എന്ന ലക്ഷ്യത്തോടെ 1525-ൽ ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന്റെ ഭാഗമായി പിറവി കൊണ്ടതാണ് കപ്പൂച്യൻ സന്യാസം. ‘കപ്പൂച്യൻ’ എന്നത് ‘ശിരോവസ്ത്രം’ എന്നതിന്റെ ഇറ്റാലിയൻ വാക്കാണ്. അക്കാലത്ത് ചെറിയ സമൂഹമായി വസിച്ചുകൊണ്ട് ഭിക്ഷാടനം നടത്തി ജീവിച്ച സന്യാസികളായിരുന്നു ഇവർ. പാവങ്ങളെ ശുശ്രൂഷിക്കുന്നതിലും സുവിശേഷപ്രഘോഷണം നടത്തുന്നതിലുമായിരുന്നു ഇവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
17-ാമത്തെ വയസ്സിൽ കലശലായ രോഗപീഡകൾ പിയോയെ അലട്ടുന്നുണ്ടായിരുന്നു. ഈ സമയത്ത് വിശപ്പ് നഷ്ടപ്പെടുകയാൽ പാൽ മാത്രം കുടിച്ചു അദ്ദേഹത്തിന് ജീവിക്കേണ്ടിവന്നു. ചെറുപ്പത്തിലെ ദൈവീക ദർശനങ്ങളും വെളിപാടുകളും കൂടുതൽ ആഴത്തിൽ ഇപ്പോൾ വീണ്ടും ഉണ്ടാകാൻതുടങ്ങി. തൽഫലമായി, പിയോ പ്രാർഥനാസമയത്ത് ഉന്മാദത്തിലാവുകയും മറ്റുള്ളവർക്ക് അദൃശ്യനാവുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റ കൂടെയുള്ള വൈദികരിൽ ചിലർ അദ്ദേഹം തറയിൽനിന്നും ഉയർന്നുപോവുന്നത് കണ്ടതായി സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രോഗം ഭേദമാകുന്നതിനായി പിയോയെ മലമുകളിലുള്ള മറ്റൊരു ആശ്രമത്തിലേക്കു മാറ്റിയെങ്കിലും വലിയ വ്യത്യാസം കാണായ്കയാൽ പഴയ ആശ്രമത്തിലേക്ക് ഡോക്ടർമാരുടെ നിർദേശപ്രകാരം തിരികെയെത്തിച്ചു. ഈ അവസ്ഥയിലും അദ്ദേഹത്തിന്റെ പഠനം തുടരുകയും 1910-ൽ ബെനവെന്റോ കത്തീഡ്രലിൽവച്ച് ആർച്ച്ബിഷപ്പ് പൗളോ ഷിനോസി പിയോയെ വൈദികനായി അഭിഷേചിക്കുകയും ചെയ്തു. എന്നാൽ, രോഗം കാരണം കുറെ വർഷങ്ങൾ കുടുംബത്തോടൊപ്പം കഴിയാൻ അദ്ദേഹത്തെ അധികാരികൾ അനുവദിച്ചു.
1916-ൽ സാൻ ജൊവാന്നി റൊട്ടേന്തോ എന്ന സ്ഥലത്തെ കൃപാവര മാതാവിന്റെ നാമത്തിലുള്ള കപ്പൂച്യൻ ആശ്രമത്തിലേക്ക് പിയോ അയക്കപ്പെട്ടു. ഈ പ്രദേശം അന്ന് നഗരത്തിൽനിന്നും വിദൂരത്തിലുള്ള വളരെ പാവപ്പെട്ട ആളുകൾ അധിവസിച്ചിരുന്ന ഒരു സ്ഥലമായിരുന്നു. ഇവിടെയാണ് തന്റെ മരണംവരെയുള്ള 50 വർഷക്കാലത്തോളം പിന്നീട് പാദ്രെ പിയോ താമസിച്ചത്. നന്നേ ചെറുപ്പത്തിൽത്തന്നെ യേശുവും മാതാവും കാവൽമാലാഖാമാരുമായും സംഭാഷണം നടത്തിയിരുന്ന പാദ്രെ പിയോ, പ്രായപൂർത്തിയായതോടെ അതിന്റെ ആഴവും അർഥവും കൂടുതൽ മനസ്സിലാക്കാൻ തുടങ്ങി. ഇതൊക്കെ തനിക്ക് പാപികളായ ആത്മാക്കൾക്കുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുന്നതിനുള്ള അവസരമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
1910 സെപ്റ്റംബർ മാസത്തിൽ തന്റെ 23-ാമത്തെ വയസ്സിലാണ് ആദ്യമായി കർത്താവിന്റെ തിരുമുറിവുകളുടെ ലക്ഷണങ്ങൾ പാദ്രെ പിയോയുടെ കൈത്തലത്തിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർക്ക്, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നിശ്ചയമില്ലായിരുന്നു. ഈ സമയത്ത് അവിടുത്തെ ഇടവകവികാരിയോടു ചേർന്ന് ഇത് മാറിക്കിട്ടുന്നതിനുവേണ്ടി പാദ്രെ പിയോ ദൈവത്തോടു പ്രാർഥിച്ചു. എന്നാൽ, ഇത് മാറിപ്പോയില്ലെന്നു മാത്രമല്ല, അധികം താമസിയാതെ കാൽപ്പാദങ്ങളിലും സമാനമായ മുറിവുകൾ ഉണ്ടാകാൻ തുടങ്ങി. ഇതൊന്നും പോരാഞ്ഞിട്ട് യേശുവിന്റെ മുൾക്കിരീടത്തിന്റെ വേദനകളും ഇക്കാലയളവിൽ അദ്ദേഹം അനുഭവിക്കേണ്ടിവന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ലോകമഹായുദ്ധത്തിൽ നിർബന്ധിത സൈനികസേവനം ചെയ്യുന്നതിനായി സാൻ ജൊവാന്നി റൊട്ടേന്തോയിലെ ആശ്രമത്തിൽനിന്നും നാല് സന്യാസികൾ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആശ്രമത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും പാദ്രെ പിയോയുടെ ചുമലിലായി. പിന്നീട് 1915-ൽ പാദ്രെ പിയോയെയും സൈന്യസേവനത്തിനായി തിരഞ്ഞെടുത്തെങ്കിലും വൈദ്യപരിശോധനയിൽ പരാജയപ്പെട്ടു. എന്നാൽ, 1918 വരെ പലപ്രാവശ്യം അദ്ദേഹത്തെ സൈന്യസേവനത്തിനു വിളിക്കുകയും ആരോഗ്യകരണങ്ങളാൽ അപ്പോഴെല്ലാം വീട്ടിലേക്ക് തിരികെ അയയ്ക്കുകയും ചെയ്തു. യുദ്ധാനന്തരം തങ്ങളുടെ ജീവിതം പുനർനിർമ്മിക്കാൻ ആരംഭിച്ച ആ പ്രദേശത്തെ ജനങ്ങൾ പാദ്രെ പിയോയിൽ ദൈവം തങ്ങൾക്കായൊരുക്കിയ പ്രത്യാശയുടെ തിരിനാളം കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് വിവിധ ആവശ്യങ്ങളുടെ പ്രാർഥനാനിയോഗങ്ങളുമായി വന്നവർ ദൈവം പാദ്രെ പിയോയ്ക്കു നൽകിയ ആത്മീകനൽവരങ്ങളുടെ കലവറ തുറക്കാൻ അവസരം സൃഷ്ടിച്ചു. അദ്ദേഹത്തിനുണ്ടായിരുന്ന വരങ്ങളിൽ ചിലത് ഇവയാണ്: രോഗസൗഖ്യം, ഒരേസമയം രണ്ടു സ്ഥലത്തു കാണപ്പെടുക, നിലത്തുനിന്നും ഉയർന്നുപോവുക, ഭാവി മുൻകൂട്ടി പ്രവചിക്കുക, അത്ഭുതങ്ങൾ പ്രവർത്തിക്കുക, ആഴ്ചകളോളം വിശുദ്ധ കുർബാന മാത്രം ഭക്ഷിച്ചു ജീവിക്കുക, മറ്റുള്ളവരുടെ മനസ്സ് വായിക്കുക, ഭാഷാവരത്തോടെ സംസാരിക്കുക, പാപികളെ മാനസാന്തരത്തിലേക്കു നയിക്കുക, മുറിവിൽനിന്നും സുഗന്ധം പ്രസരിപ്പിക്കുക. ഈ വരങ്ങളിൽവഴി അനേകർക്ക് ദൈവീകാനുഗ്രഹങ്ങൾ ധാരാളമായി നല്കപ്പെട്ടുകൊണ്ടിരുന്നു.
എല്ലാ ആഴ്ചയിലും ഒരുക്കത്തോടെ കുമ്പസാരിക്കുന്നത്, പൊടി പിടിച്ചുകിടക്കുന്ന ഒരു ഭവനം ഒരാൾ പതിവായി വൃത്തിയാക്കുന്നതുപോലെയാണെന്നാണ് പാദ്രെ പിയോ പറഞ്ഞിരുന്നത്. അതുപോലെ, രാവിലെയും വൈകുന്നേരവും ധ്യാനവും ആത്മശോധനയും നിർബന്ധമായും നടത്തണമെന്നും തന്റെ അരികിൽ ആത്മീയ ഉപദേശം തേടിയെത്തുന്നവരോട് അദ്ദേഹം നിർദേശിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ ക്രിസ്തീയതയെന്നാൽ ‘പ്രാർഥിക്കുക, പ്രത്യാശിക്കുന്ന പിന്നെ ഒന്നിനെയും ഭയക്കാതിരിക്കുക’ എന്ന പ്രായോഗികചിന്തയിൽ അധിഷ്ഠിതമാണ്. ക്രിസ്തീയവിശ്വാസികൾ ദൈവത്തെ എല്ലായിടത്തും ദർശിച്ച് എല്ലാത്തിലുമുപരിയായി ദൈവത്തെ ആഗ്രഹിച്ചു ദൈവഹിതം മാത്രം നിറവേറ്റേണ്ടവരാണ് എന്ന് അദ്ദേഹം സ്ഥിരമായി പറഞ്ഞിരുന്നു.
പാദ്രെ പിയോയുടെ ഏറ്റം വലിയ സംഭാവന അദ്ദേഹം1925-ൽ പഴയ ഒരു കോൺവെന്റിന്റെ കെട്ടിടം വാങ്ങി പാവപ്പെട്ട രോഗികളുടെ ചികിത്സാർഥം ഒരു ചെറിയ ആശുപത്രി ആരംഭിച്ചതാണ്. പിന്നീട് 1940-ൽ പുതിയ ഒരു ആശുപത്രി എന്ന ആശയം വരികയും അതിന്റെ നിർമ്മാണത്തിനായി ഒരു സമിതി രൂപവത്ക്കരിക്കുകയും ചെയ്തു. ഇറ്റലിയിൽനിന്നും ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും അനേകർ ഈ സംരംഭത്തിൽ പങ്കാളികളായിത്തീർന്നു. അങ്ങനെ ‘വേദനിക്കുന്നവരുടെ ആശ്വാസഭവനം’ (Casa Sollievo della Sofferenza) 1956-ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ക്രിസ്തുവിന്റെ അതിവേദന അടുത്തറിയാൻ ഭാഗ്യം സിദ്ധിച്ച പാദ്രെ പിയോ മറ്റുള്ളവരുടെ വേദനകൾ ലഘൂകരിക്കുന്നതിന് തന്നാലാവുന്നതെല്ലാം ചെയ്തു. ജീവിച്ചിരുന്നപ്പോൾ ഈ ആശുപത്രിയിലെ സ്ഥിരം സന്ദർശകനായിരുന്ന അദ്ദേഹം പറയുമായിരുന്നു: “രോഗിയായിരിക്കുന്നരുടെ ഉള്ളിൽ യേശുവാണ് സഹിക്കുന്നത്. പാവപ്പെട്ടവരും രോഗികളുമായിരിക്കുന്നവരിൽ യേശു രണ്ടു മടങ്ങ് സന്നിഹിതനായിരിക്കുന്നു.”
പലവിധ കാരണങ്ങളാൽ സഭയ്ക്കകത്തും പുറത്തും നിരവധി പ്രതിബന്ധങ്ങൾ പാദ്രെ പിയോ നേരിട്ടു. അദ്ദേഹത്തിനെതിരെ അപവാദപ്രചരണങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടായി. തത്ഫലമായി 1920 കാലഘട്ടത്തിൽ വത്തിക്കാൻ അദ്ദേഹത്തിന് ചില വിലക്കുകൾ ഏർപ്പെടുത്തി. പരസ്യമായി കുർബാന ചൊല്ലുക, ആളുകളെ ആശീർവദിക്കുക, എഴുത്തുകൾക്ക് മറുപടി അയയ്ക്കുക എന്നിവയിലുണ്ടായ വിലക്ക് അദ്ദേഹത്തിനുണ്ടായ നിരോധനങ്ങളിൽ ചിലതുമാത്രമായിരുന്നു. സാൻ ജൊവാന്നി റൊട്ടേന്തോ ആശ്രമത്തിൽനിന്നും അദ്ദേഹത്തെ മറ്റൊരു സ്ഥലത്തേക്കു മാറ്റാനുള്ള തീരുമാനം തദ്ദേശവാസികളുടെ ലഹള ഭയന്ന് ഉപേക്ഷിക്കേണ്ടിവന്നു. ഇക്കാലയളവിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും പ്രത്യേകിച്ച്, തിരുമുറിവുകളെക്കുറിച്ചും പഠിക്കുന്നതിന് പല വൈദ്യശാസ്ത്ര – ദൈവശാസ്ത്രസംഘങ്ങളെയും ചുമതലപ്പെടുത്തി. അവരിൽ ചിലരൊക്കെ അദ്ദേഹത്തെ അനുകൂലിച്ചും മറ്റു ചിലർ പ്രതികൂലിച്ചും റിപ്പോർട്ടുകൾ ഉണ്ടാക്കി.
എന്നാൽ ഈ സമയത്തും പാദ്രെ പിയോ തന്റെ ജോലികൾ അഭംഗുരം ദൈവീക അനുസരണയോടെ തുടർന്നുകൊണ്ടേയിരുന്നു. അദ്ദേഹം പ്രവർത്തിച്ച ധാരാളം അത്ഭുതങ്ങളിൽ ഒന്നുമാത്രം ഇവിടെ പറയുന്നു. 1947-ൽ സിസിലിയിൽനിന്നുള്ള ജെമ്മ എന്ന അന്ധയായ പെൺകുട്ടി തന്റെ വല്യമ്മയുടെകൂടെ പാദ്രെ പിയോയെ സന്ദർശിക്കാൻ അവിടെയെത്തി. കുമ്പസാരത്തിനുശേഷം അനുഗ്രഹം വാങ്ങാൻ മറന്നുപോയ പെൺകുട്ടിയെയുംകൊണ്ട് അദ്ദേഹത്തിന്റെ അടുത്തുവന്ന അവർ അവൾക്ക് കാഴ്ച ലഭിക്കുന്നതിനുവേണ്ടി പ്രാർഥിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചു. അതിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: “നിങ്ങളോ, ആ കുട്ടിയോ കരയേണ്ടതില്ല. എന്തെന്നാൽ അവൾ കാഴ്ചയുള്ളവളാണ്. അവൾ കാണുന്നു എന്ന് നിങ്ങൾക്കറിയാം.” അവൾ അത്ഭുതകരമായി കാഴ്ച പ്രാപിച്ചവളായി തിരികെപ്പോയി. എന്നാൽ ഇതൊന്നും തന്റെ എന്തെങ്കിലും പ്രത്യേക സിദ്ധികൊണ്ട് സംഭവിക്കുന്നതാണെന്ന് പാദ്രെ പിയോ അവകാശപ്പെട്ടിരുന്നില്ലെന്നു മാത്രമല്ല, അങ്ങനെയുള്ള സംഭവങ്ങൾ ബോധപൂർവം മറച്ചുവയ്ക്കുന്നതിന് ശ്രമിക്കുകയും ചെയ്തിരുന്നു.
ഇക്കാലയളവിലൊക്കെ ആത്മീയമായും ശാരീരികമായും പൈശാചിക ആക്രമണങ്ങൾ പാദ്രെ പിയോയ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ചിലപ്പോൾ പൈശാചികശക്തികൾ മാലാഖമാരുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് തെറ്റായ സന്ദേശങ്ങൾ നൽകുകയും അദ്ദേഹത്തിന്റെ വസ്ത്രം വലിച്ചുകീറുകയും ശാരീരികക്ഷതങ്ങൾ ഏല്പിക്കുകയും ചെയ്തിരുന്നു. തന്നെ ഭയപ്പെടുത്താനായി ഭീകരരൂപികളായി പിശാചുക്കൾ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചു പാദ്രെ പിയോ തന്റെ ആധ്യാത്മികപിതാവിനോട് വിശദമായി വെളിപ്പെടുത്തിയിട്ടുണ്ട്. പൈശാചികബന്ധനത്തിലായിരിക്കുന്ന ആളുകൾ പാദ്രെ പിയോയുടെ കുമ്പസാരക്കൂടിനെ സമീപിക്കുമ്പോഴും അവരെ വിമോചിപ്പിക്കുമ്പോഴും പിശാചിന്റെ ആക്രമണം ഉണ്ടാകാറുണ്ടായിരുന്നു. വി. ജോൺ വിയാനിക്കുണ്ടായതിന് സമാനമായിരുന്നു ഇത്തരം പീഢനങ്ങൾ.
‘യൂറോപ്പിന്റെ ആത്മഹത്യ’ എന്ന് ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ വിശേഷിപ്പിച്ച ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്നതിനായി പാദ്രെ പിയോ തന്നെത്തന്നെ ഒരു യാഗമായി ദൈവതിരുമുൻപിൽ സമർപ്പിച്ചു. ഈ കാലയളവിൽ തന്നെയാണ് ഒരു ദർശനത്തിൽ യേശു പാദ്രെ പിയോയോക്ക് പ്രത്യക്ഷപ്പെടുന്നതും തത്ഫലമായി അദ്ദേഹത്തിന്റെ മാറിലും യേശുവിന്റെ തിരുമുറിവിനു സമാനമായ മുറിവ് ഉണ്ടാകുന്നതും. അദ്ദേഹത്തിന്റെ സഹവൈദികരിലൊരാൾ അപ്പോൾ പാദ്രെ പിയോ മൃതനെപ്പോലെ കാണപ്പെട്ടുവെന്നും ദൈവം തന്നെ ഉപേക്ഷിച്ചു എന്ന രീതിയിൽ അദ്ദേഹം കരയുകയും നെടുവീർപ്പിടുകയും ചെയ്തതായും രേഖപ്പെടുത്തിയിട്ടുണ്ട് (ഈ അനുഭവത്തെക്കുറിച്ചു പാദ്രെ പിയോയും വിശദമായി എഴുതിയിട്ടുണ്ട്).
ജോനാഥൻ ക്വീട്നി എന്ന അമേരിക്കൻ പത്രപ്രവർത്തകൻ തന്റെ ‘നൂറ്റാണ്ടിന്റെ മനുഷ്യൻ’ എന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പയെക്കുറിച്ചുള്ള പുസ്തകത്തിൽ ഓസ്ട്രിയൻ കർദിനാളായിരുന്ന അൽഫോൻസ് സ്റ്റിക്ലറെ ഉദ്ധരിച്ചുകൊണ്ട് 1947-ൽ ഫാ. കരോൾ ജോസഫ് വോയ്റ്റില (വി. ജോൺ പോൾ രണ്ടാമൻ) പാദ്രെ പിയോയുടെ അരികിൽ ധ്യാനത്തിനായി എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഭാവിയിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ചു പറഞ്ഞതിനെക്കുറിച്ചു പറയുന്നു. സഭയിലെ വലിയ ഉന്നതമായ സ്ഥാനത്തേക്ക് ദൈവം അദ്ദേഹത്തെ ഒരുക്കുന്നുവെന്ന് പാദ്രെ പിയോ പറഞ്ഞു. കർദിനാൾ സ്റ്റിക്ലറിന്റെ വാക്കുകളിൽ ജോൺ പോൾ രണ്ടാമൻ കർദിനാളായപ്പോൾ ഈ പ്രവചനം നിറവേറപ്പെട്ടു എന്ന് അദ്ദേഹം വിശ്വസിച്ചു എന്ന് പറയുന്നു (വി. ജോൺ പോൾ രണ്ടാമന്റെ സെക്രട്ടറി ആയിരുന്ന കർദിനാൾ സ്റ്റനിസ്ലാവോസ് സ്ചീവിഷ് അത്തരം ഒരു പ്രവചനം നടന്നിട്ടില്ലെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. മാർപാപ്പയുടെ ജീവചരിത്രകാരനായ ജോർജ് വൈഗൽ ഒരാഴ്ച ധ്യാനത്തിനും പ്രാർഥനയ്ക്കുമായി റോമിലെ പഠനകാലത്ത് വി. ജോൺ പോൾ രണ്ടാമൻ പാദ്രെ പിയോയുടെ അടുത്ത് പോയതിനെക്കുറിച്ചു പറയുന്നെങ്കിലും പ്രവചനത്തെക്കുറിച്ചു മൗനം പാലിക്കുന്നു). 1962-ൽ ക്രാക്കോവിലെ തനിക്ക് പ്രിയപ്പെട്ട ഒരു ഡോക്ടറിന്റെ രോഗസഖ്യത്തിനായി കർദിനാൾ വൊയ്റ്റീല എഴുതുകയും പാദ്രെ പിയോയുടെ പ്രാർഥനായാൽ അവർക്ക് സൗഖ്യം ലഭിക്കുകയും ചെയ്തതായി രേഖകളുണ്ട്.
ധാരാളം എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും മാർപാപ്പമാരുൾപ്പെടെയുള്ള അനേകരുടെ പിന്തുണയും പാദ്രെ പിയോയ്ക്ക് ഉണ്ടായിരുന്നു. പിയൂസ് പതിനൊന്നാം മാർപാപ്പ പാദ്രെ പിയോയെക്കുറിച്ചു തെറ്റായ വിവരങ്ങളാണ് മറ്റുള്ളവർ തനിക്ക് തന്നിരുന്നത് എന്ന് പറഞ്ഞുകൊണ്ട് പൊതുകുർബാന അർപ്പിക്കുന്നതിന് അദ്ദേഹത്തിനുണ്ടായിരുന്ന വിലക്ക് എടുത്തുകളഞ്ഞു. പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ വിശ്വാസികൾ പാദ്രെ പിയോയെ സന്ദർശിക്കുന്നത് പ്രോത്സാഹിപ്പിച്ചു. പോൾ ആറാമൻ മാർപാപ്പ പാദ്രെ പിയോക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞു (അദ്ദേഹവും സഹോദരനും പാദ്രെ പിയോയുടെ ആശുപത്രിക്കുവേണ്ടി നേരത്തെ തന്നെ നിരവധി സഹായങ്ങൾ ചെയ്തിരുന്നു).
1968 സെപ്റ്റംബർ 23-ന് തന്റെ 81-ാം വയസ്സിൽ പാദ്രെ പിയോ തന്റെ നിത്യസമ്മാനത്തിനായി ദൈവസന്നിധിയിലേക്കു കടന്നു പോയി. മരിക്കുന്നതിന് രണ്ടുദിവസം മുൻപായിരുന്നു അദ്ദേഹത്തിന് തിരുമുറിവുകൾ ലഭിച്ചിട്ട് 50 വർഷം പൂർത്തിയായത്. അതിന്റെ പിറ്റേദിവസം അവിടെ കൂടിയിരുന്ന അനേകായിരം തീർഥാടകർക്കായി അദ്ദേഹം ബലിയർപ്പിക്കുകയും അതിന്റെ അവസാനം തളർന്നുവീഴുകയുമായിരുന്നു. എന്നാൽ മരിക്കുന്നതിനുമുൻപ് സുബോധത്തോടെ കുമ്പസാരിക്കുകയും തന്റെ ഫ്രാൻസിസ്കൻ സന്യാസവ്രതങ്ങൾ നവീകരിക്കുകയും ചെയ്തു. ജപമാലയും കൈയിലേന്തി അദ്ദേഹം ‘യേശു, മരിയ’ എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അന്ത്യശ്വാസം വലിക്കുന്നത്. അദ്ദേത്തിന്റെ അവസാന നാളുകളിൽ കൂടെയുണ്ടായിരുന്നവർ ദർശിച്ച അത്ഭുതങ്ങളിലൊന്ന് പാദ്രെ പിയോയുടെ ശരീരത്തിലുണ്ടായിരുന്ന പഞ്ചക്ഷതങ്ങൾ പൂർണ്ണമായും അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ്.
ജീവിച്ചിരുന്നപ്പോൾ തന്നെ അനേകർ വിശുദ്ധനായി കണ്ടിരുന്ന പാദ്രെ പിയോയെ 1999-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായും പിന്നീട് 2002 ജൂൺ 16-ന് വിശുദ്ധനായും പ്രഖ്യാപിച്ചു. മൂന്നു ലക്ഷത്തിലധികം ആളുകളാണ് അന്നത്തെ നാമകരണ നടപടികളിൽ സംബന്ധിക്കുന്നതിനായി വത്തിക്കാനിൽ എത്തിച്ചേർന്നത്.
പാദ്രെ പിയോ ജീവിച്ചു മരിച്ച സാൻ ജൊവാന്നി റൊട്ടേണ്ടൊയിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ലക്ഷക്കണക്കിന് തീർഥാടകരാണ് ഓരോ വർഷവും എത്തുന്നത്. 2004 ജൂലൈ ഒന്നിന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അവിടെ പുതുതായി നിർമ്മിച്ച പാദ്രെ പിയോ തീർഥാടന ദൈവാലയവും അതിനോടനുബന്ധിച്ച തീർഥാടനസ്ഥലങ്ങളും കൂദാശ ചെയ്തു. വി. പാദ്രെ പിയോയുടെ മരണത്തിന് 40 വർഷത്തിനുശേഷം 2008 മാർച്ച് മൂന്നിന് അദ്ദേഹത്തിന്റെ ശരീരം പരസ്യവണക്കത്തിനായി വയ്ക്കുകയുണ്ടായി. ശരീരത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും കേടുകൂടാതെ കാണപ്പെടുന്നു എന്നാണ് അത് നേരിട്ട് കണ്ടവർ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
പ്രഗത്ഭരായ ഒട്ടനവധി വിശുദ്ധരെ പ്രദാനംചെയ്ത ഇറ്റലിയിലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റം വിശ്രുതതനും ജനപ്രിയനുമായ വിശുദ്ധനാണ് പാദ്രെ പിയോ. അങ്ങനെ ഒരുപാട് സഹിച്ചവൻ സഹനത്തിന്റെ പ്രതിപുരുഷനായി ദൈവജനത്തിന്റെ ഹൃദയത്തിൽ ഇടംപിടിച്ചിരിക്കുന്നു. വേദനിക്കുന്ന മുറിവുകൾ ശരീരത്തിൽ കൊണ്ടുനടന്നവൻ അതിൽനിന്നും വിശുദ്ധിയുടെ സുഗന്ധം പ്രസരിപ്പിച്ചുകൊണ്ട് അനേകർക്ക് ദൈവീകാനുഭൂതി പ്രദാനംചെയ്തു. ആശ്രമത്തിനു പുറത്ത് അധികമെങ്ങും സഞ്ചരിക്കാത്തവൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് അസാധാരണമാംവിധത്തിൽ പലപ്പോഴും സന്നിഹിതനായിരുന്നു.
മൂവായിരത്തിലധികം ‘പാദ്രെ പിയോ പ്രാർഥനാഗ്രൂപ്പിൽ’ ഇന്ന് 30 ലക്ഷത്തിലധികം ആളുകൾ ഉൾപ്പെടുന്നു. ഇന്നും ദൈവത്തിന്റെ കരങ്ങളിലെ ഒരു അത്ഭുത ഉപകരണമാണ് പാദ്രെ പിയോ. വലിയ വിദ്യാഭ്യാസമോ, അസാധാരണ പ്രബോധനങ്ങളോ കൈമുതലായുണ്ടായിരുന്ന ആളുമായിരുന്നില്ല അദ്ദേഹം. എന്നിരുന്നാലും ആ കൊച്ചുജീവിതത്തിന്റെ സാക്ഷ്യത്തിലൂടെ സഭയെ സവീകരിക്കാനും കൂടുതൽ പരിശുദ്ധമാക്കാനും ദൈവം തിരുമനസ്സായി. പൗലോസ് ശ്ലീഹായുടെ വാക്കുകളിൽ “എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ അശക്തമായവയെയും” (1 കോറി. 1:27). പാദ്രെ പിയോയെപ്പോലെ ദൈവത്തിന്റെ കരങ്ങളിലെ ഉപകരണമാകാൻ നമ്മെത്തന്നെ നമുക്കും വിട്ടുകൊടുക്കാം. ഈ വിശുദ്ധനെ അനുകരിച്ചു സഹിക്കുന്നവരിലെ ക്രിസ്തുസാന്നിധ്യമായി നമ്മെയും പരിവർത്തനപ്പെടുത്താം.
ഫാ. മാത്യു ചാർത്താക്കുഴിയിൽ