
കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്ക് നങ്കൂരം ഉറപ്പിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിലെ മാതാപിതാക്കളും അവരുടെ കുഞ്ഞുങ്ങളും വ്യത്യസ്തരാണ്. പുതിയ കാലത്തിന്റെ നന്മകൾ അവരിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും പലപ്പോഴും മാതാപിതാക്കളുടെ അമിത സംരക്ഷണം കുട്ടികളിൽ സൃഷ്ടിക്കുന്ന ചില അനന്തരഫലങ്ങൾ മുൻകാലത്തേക്കാൾ ഏറിവരുന്നു എന്നത് വിസ്മരിക്കാവുന്നതല്ല. ഇത്തരത്തിൽ മാതാപിതാക്കളുടെ അമിതസംരക്ഷണം കുട്ടികളിൽ വരുത്തുന്ന അനന്തരഫലങ്ങളെക്കുറിച്ച് കൂടുതൽ അറിയാം.
കുഞ്ഞ് വാശി ആരംഭിക്കുമ്പോഴേക്കും കുഞ്ഞിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചുകൊടുത്തിരുന്ന ഒരു രക്ഷിതാവ് മൂന്നു വയസ്സായിട്ടും കുഞ്ഞ് കൃത്യമായി സംസാരിക്കുന്നില്ല എന്ന പരിഭവവുയിട്ടാണ് ഡോക്ടറെ കാണാൻ എത്തിയത്. പരിശോധനകളോ സ്പീച്ച് തെറാപ്പിയോ നിർദേശിക്കാതെ വാശിപിടിക്കുന്ന കുഞ്ഞിന്റെ ആവശ്യം അവനെകൊണ്ടു തന്നെ പറയിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. ഡോക്ടറിന്റെ നിർദേശപ്രകാരം പ്രവർത്തിച്ചതു വഴി രണ്ടുമാസത്തിനുള്ളിൽ തന്നെ കുട്ടിയുടെ സംസാരം കൃത്യമായി തുടങ്ങി.
അമിത ശ്രദ്ധയുടെ ഫലങ്ങൾ
‘അമിതമായാൽ അമൃതും വിഷം’ എന്ന ചൊല്ലു കേട്ടിട്ടില്ലേ. അതുപോലെതന്നെ ഏതു കാര്യത്തിലും നാം പുലർത്തുന്ന അമിതശ്രദ്ധ ഒരുപക്ഷേ, വിപരീതമായ ഫലങ്ങൾക്ക് കാരണമാകാനിടയുണ്ട്. ഇപ്പോഴും മാതാപിതാക്കൾ പറയുന്നതുമാത്രം ചെയ്തുവളരുന്ന കുഞ്ഞുങ്ങൾ സർഗാത്മകമായി ചിന്തിക്കുന്നതിലും പ്രവർത്തിക്കുന്നതിലും പുറകിലായിരിക്കും. മുതിർന്നവരുടെ തീരുമാനങ്ങളിൽ മാത്രം മുന്നേറുന്ന കുഞ്ഞുങ്ങൾ പരാജയങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നില്ല. അതുകൊണ്ടുതന്നെ ചെറിയ ചെറിയ പരാജയങ്ങളിൽ അവർ അമിതമായി ഉത്കണ്ഠാകുലരാകുന്നു. തന്റെ നിലപാട് വ്യക്തമാക്കാനോ ഒരു കാര്യത്തിൽ പുതിയ തീരുമാനമെടുത്ത് മുന്നേറാനോ അവർക്ക് സാധിക്കുകയില്ല. മാതാപിതാക്കന്മാരുടെ സംരക്ഷണയിൽ മാത്രം മുന്നോട്ടുപോകുന്ന കുഞ്ഞുങ്ങൾ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പോകാനും സ്വന്തം ആഗ്രഹങ്ങൾ തുറന്നുപറയാനും ആത്മവിശ്വാസത്തോടെ ഇടപെടാനും ഏറെ ക്ളേശിക്കുന്നു.
കാരണങ്ങൾ
ഗ്രാൻഡ് പേരന്റ്സിന്റെ സംരക്ഷണത്തിൽ വളരുന്ന കുട്ടികൾ അമിതശ്രദ്ധയുടെ ഇരകളായി മാറാറുണ്ട്. മാതാപിതാക്കൾ കൂടെയില്ലാത്തതിനാൽ കുഞ്ഞുങ്ങളുടെ വളർച്ചയിലും പരിപാലനയിലും ഒരു കുറവും ഉണ്ടാകരുത് എന്ന അമിതചിന്തയാണ് ഇതിനു കാരണമാകുന്നത്.
ഒരുപാട് നാളത്തെ കാത്തിരിപ്പിനുശേഷം ജനിക്കുന്ന കുഞ്ഞുങ്ങളും അച്ഛനമ്മമാരുടെ ആരുടെയെങ്കിലും ഒരാളുടെ സംരക്ഷണയിൽ വളരുന്ന കുഞ്ഞുങ്ങളും അമിത ശ്രദ്ധയുടെ മറ്റൊരു കൂട്ടം ഇരകളാണ്.
കുട്ടികൾ എപ്പോഴും സംരക്ഷണം അർഹിക്കുന്നവരും അവകാശപ്പെട്ടവരുമാണ്. എന്നാൽ അമിതസംരക്ഷണം അവരുടെ ജീവിതത്തിൽ വിപരീതഫലങ്ങൾ സൃഷ്ടിക്കുമെന്ന തിരിച്ചറിവിൽ നമ്മുടെ കുഞ്ഞുങ്ങളെ ഉത്തരവാദിത്വമുള്ളവരായി വളർത്താം.