ഗ്വാഡലൂപ്പെ മാതാവ് (അവർ ലേഡി ഓഫ് ഗ്വാഡലൂപ്പെ, മെക്സിക്കോ)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

മെക്‌സിക്കോയിലെ ഗ്വാഡലൂപ്പെ മാതാവിന്റെ നാമത്തിലുള്ള ബസിലിക്കാ ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീർഥാടകർ സന്ദര്‍ശിക്കുന്ന മരിയന്‍ തീര്‍ഥാടനകേന്ദ്രമാണ്. നമ്മുടെ നാട്ടില്‍ ഈ തീര്‍ഥാടനകേന്ദ്രം യൂറോപ്പിലെ മരിയന്‍ തീര്‍ഥാടനസ്ഥലങ്ങളെപ്പോലെ പ്രശസ്തമല്ലെങ്കിലും ഒരുവര്‍ഷം, രണ്ടുകോടി ഇരുപതുലക്ഷം ആളുകളാണ് ഇവിടെയെത്തുന്നത്. ‘മെക്‌സിക്കോ രാജ്യത്തിലെ 90% ജനങ്ങള്‍ കത്തോലിക്കരും 100% പേരും ഗ്വാഡലൂപ്പെ വിശ്വാസികളും’ ആണെന്നൊരു ചൊല്ലുണ്ട്.

പലവിധ കാരണങ്ങളാല്‍ മെക്‌സിക്കോയുടെ ദേശീയതയുടെ ഭാഗമാണ് ഗ്വാഡലൂപ്പെ മാതാവിലുള്ള വിശ്വാസം. മറ്റെല്ലാ മരിയന്‍ തീര്‍ഥാടനകേന്ദ്രങ്ങളും ഒരു പ്രദേശത്തിന്റെയോ, രാജ്യത്തിന്റെയോ പേരില്‍ അറിയപ്പെടുകയും കരുതപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഗ്വാഡലൂപ്പെ, രണ്ടു ഭൂഖണ്ഡങ്ങളിലുള്ള (വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും) ജനങ്ങള്‍ തങ്ങളുടെ സ്വന്തമെന്നു കരുതുന്നു. തങ്ങളുടെ പരിപാലകയും സംസ്‌കാരങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നവളും വിശ്വാസപരിരക്ഷകയുമൊക്കെ ആയിട്ടാണ് ഗ്വാഡലൂപ്പെ മാതാവിനെ അവര്‍ കാണുന്നത്. ആഗോള കത്തോലിക്കാസഭയിലെ മരിയഭക്തിയുടെ ഒഴിച്ചുകൂടാനാവാത്ത നിരവധി കാര്യങ്ങള്‍ ഗ്വാഡലൂപ്പെയിലുണ്ട്.

ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കത്തോലിക്കാ വിശ്വാസികള്‍ വസിക്കുന്ന രാജ്യമാണ് മെക്‌സിക്കോ. 1519 – 1521 കാലങ്ങളില്‍ നടന്ന ‘സ്പാനിഷ് അധിനിവേശ’ (Spanish conquest) ത്തോടെയാണ് ഇവിടുത്തെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പത്തുകോടിയോളം കത്തോലിക്കര്‍ അധിവസിക്കുന്ന ഈ രാജ്യത്തെ വിശ്വാസത്തിന്റെ പ്രധാന അംശങ്ങളിലൊന്നാണ് ഗ്വാഡലൂപ്പെ  മാതാവിനോടുള്ള ഭക്തി. യൂറോപ്പില്‍നിന്നുള്ള മിഷനറിമാര്‍ക്ക് തങ്ങള്‍ കണ്ടെത്തിയ പുതിയ ലോകത്തില്‍ തദ്ദേശീയ ആചാരങ്ങളെ ആലിംഗനംചെയ്യാന്‍ ലഭിച്ച വലിയൊരു അവസരമായിരുന്നു ഗ്വാഡലൂപ്പെ മരിയഭക്തി. മെക്‌സിക്കൻ തനിമയോട് ചേര്‍ന്നുപോകുന്ന ആചാരമായതുകൊണ്ട് ഇതോടൊപ്പം സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വീകാര്യതയുംലഭിച്ചു. ഇക്കഴിഞ്ഞ നൂറ്റാണ്ടുകളിലൊക്കെ വലിയ പ്രതിസന്ധികളിലൂടെ രാജ്യം കടന്നുപോയപ്പോള്‍ ഗ്വാഡലൂപ്പെ മരിയഭക്തി അവരെ ഒന്നിപ്പിച്ചു. 1810 -ലെ മെക്‌സിക്കൻ സ്വാതന്ത്ര്യസമരത്തിലും 1910 -ലെ മെക്‌സിക്കൻ വിപ്ലവത്തിലും ഗ്വാഡലൂപ്പെ  മാതാവിന്റെ ചിത്രം പതിപ്പിച്ച കൊടികളുമായിട്ടാണ് അവര്‍ യുദ്ധത്തിലേര്‍പ്പെട്ടത്. പലര്‍ക്കും ഇന്നിതു ഫലിതമായി തോന്നാമെങ്കിലും, മിക്ക രാജ്യങ്ങളിലും ശക്തമായിക്കൊണ്ടിരിക്കുന്ന ദേശീയതാവാദംപോലെ തന്നെയായിരുന്നു ഇതും. 19 -ാം നൂറ്റാണ്ടില്‍ മെക്‌സിക്കോയുടെ ഒന്നാമത്തെ പ്രസിഡന്റായിരുന്ന ഹോസേ മിഗുവേല്‍ (Jose Miguel Ramon Adaucto Fernandez y Felix) തന്റെ പേര് ഗ്വാഡലൂപ്പെ വിക്‌ടോറിയ എന്ന് മാറ്റുകയുണ്ടായി.

യുവാന്‍ ദിയേഗോ (Juan Diego Cuauhtlatoatzin), അസ്റ്റേക് (Aztec) ഗോത്രവിഭാഗത്തില്‍പെട്ട ഒരു ഇന്ത്യന്‍ വംശജനാണ്. ഈ ആദിവാസി വിശ്വാസിക്ക് 1531 -ല്‍ നാലുപ്രാവശ്യം മാതാവ് പ്രത്യക്ഷപ്പെട്ടതാണ് ഗ്വാഡലൂപ്പെ മാതാവിലുള്ള ഭക്തിയുടെ ആധാരം. അദ്ദേഹവും ഭാര്യ മരിയ ലൂചിയയും (Maria Lucia) അവിടെ വന്ന ആദ്യകാല പ്രാന്‍സിസ്‌ക്കൻ മിഷനറിമാരാല്‍ മാമ്മോദീസാ മുക്കപ്പെട്ടവരാണ്. 1531 ഡിസംബര്‍ 9 -ാം തീയതിയാണ് യുവാന്‍ ദിയേഗോക്ക് ആദ്യത്തെ മരിയദര്‍ശനം ലഭിക്കുന്നത്. അതിനടുത്ത ദിവസങ്ങളില്‍ ദിയേഗോയക്ക് മൂന്നുപ്രാവശ്യവും അദ്ദേഹത്തിന്റെ അമ്മാവന് ഒരുപ്രാവശ്യവും മാതാവിന്റെ ദര്‍ശനമുണ്ടായി എന്നാണ് പറയപ്പെടുന്നത്. ഇന്നത്തെ മെക്‌സിക്കോ നഗരാതിര്‍ത്തിയിലുള്ള തെപിയാക് (Tepeyac) മലനിരകളിലൂടെ യുവാന്‍ നടന്നുപോകുമ്പോള്‍ ഒരു റെഡ്-ഇന്ത്യന്‍ സ്ത്രീയുടെ രൂപസാദൃശ്യത്തിലാണ് മാതാവ് അവനു പ്രത്യക്ഷപ്പെട്ടത്. യുവാന്‍ സംസാരിച്ചിരുന്ന ആ പ്രദേശത്തെ പ്രാദേശികഭാഷയായ നാഹുറ്റല്‍ (Nahuatl) ഭാഷയിലാണ് മാതാവ് സംസാരിച്ചത്. ദൈവത്തെ ആരാധിക്കുന്നതിലേക്ക് അവിടെ ഒരു ദൈവാലയം നിര്‍മ്മിക്കണമെന്ന് മാതാവ് അവനോട് ആവശ്യപ്പെട്ടു. അന്നത്തെ മെക്‌സിക്കോയിലെ ആര്‍ച്ചുബിഷപ്പായിരുന്ന ഫ്രേ യുവാന്‍ ദി സുമറാഗയെ (Don Fray Juan de Zumarraga 1468- 1548 ) മാതാവിന്റെ ആഗ്രഹപ്രകാരം ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്താന്‍ യുവാന്‍ ശ്രമിച്ചു. എന്നാല്‍ യുവാന്റെ അവകാശവാദങ്ങള്‍ ആര്‍ച്ചുബിഷപ്പ് തള്ളിക്കളയുകയും ഇക്കാര്യങ്ങളൊക്കെ മറ്റുള്ളവര്‍ വിശ്വസിക്കണമെങ്കില്‍ വലിയ അടയാളങ്ങള്‍ ആവശ്യമാണെന്നു പറയുകയുംചെയ്തു.

ഡിസംബര്‍ 11 -ാം തീയതി യുവാന്‍ ദിയേഗയുടെ അമ്മാവന്‍ യുവാന്‍ ബര്‍ണര്‍ദീനോ (Juan Diego Bernardino 1456- 1544) അസുഖബാധിതനായതിനാല്‍ ദിയേഗോയ്ക്ക് മാതാവിനോടുചെയ്ത വാഗ്ദാനം പാലിക്കാന്‍സാധിച്ചില്ല. പിറ്റേദിവസം മരണാസന്നനായ ബര്‍ണര്‍ദീനോയ്ക്ക് അന്ത്യകൂദാശകള്‍ നല്‍കുന്നതിനായി ഒരു വൈദികനെ അന്വേഷിച്ച് അടുത്ത ഗ്രാമത്തിലേക്ക് ദിയേഗോ പോയി. എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ മാതാവിനുകൊടുത്ത വാക്കുകള്‍ പാലിക്കാന്‍ സാധിച്ചില്ലല്ലോ എന്ന സങ്കടത്താല്‍ പതിവുപാതയില്‍നിന്നും അവന്‍ വഴിമാറിനടന്നു. മാതാവിന്റെ ദര്‍ശനം ഒഴിവാക്കുകയായിരുന്നു അവന്റെ പ്രധാനലക്ഷ്യം. എന്നാല്‍ അവന്റെ പാതയില്‍ മാതാവ് പ്രത്യക്ഷപ്പെടുകയും അവന്റെ യാത്രയുടെ ഉദ്ദേശം ആരായുകയുംചെയ്തു. അമ്മാവന്റെ അസുഖത്തിന്റെ വിവരവും ബിഷപ്പ് താന്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കുന്നതിന് അടയാളം ആവശ്യപ്പെട്ട കാര്യവുമെല്ലാം അവന്‍ അവളോടു പറഞ്ഞു. അതിനുത്തരമായി മാതാവ് അവനോടു ചോദിച്ച ചോദ്യം പിന്നീട് വളരെ പ്രസക്തമായിത്തീര്‍ന്നു. അത് ഇപ്പോള്‍ അവിടുത്തെ ബസിലിക്കായുടെ മുന്‍പില്‍ എഴുതിവച്ചിട്ടുണ്ട്. ‘നിന്റെ അമ്മയായ ഞാന്‍ ഇവിടെയില്ലേ?’ (Am I not here , I who am your mother??) അവന്റെ അമ്മാവന്‍ രോഗത്തില്‍നിന്നും പൂര്‍ണ്ണമായും മുക്തനായിരിക്കുന്നുവെന്ന സന്തോഷവാര്‍ത്തയും അവള്‍ അവനോടു പറഞ്ഞു.

മാതാവ് പ്രത്യക്ഷപ്പെട്ടതിന് അടയാളം ആവശ്യപ്പെട്ട ആര്‍ച്ചുബിഷപ്പിന് രണ്ട്  അത്ഭുതങ്ങളാണ് നല്‍കപ്പെട്ടത്. ഒരിക്കലും റോസാപ്പൂക്കള്‍ വിരിഞ്ഞിട്ടില്ലാത്ത തെപിയാക് മലനിരകളില്‍ മഞ്ഞുപെയ്യുന്ന ഡിസംബര്‍ മാസത്തിലെ കുളിരിനെ വകവയ്ക്കാതെ നിറയെ റോസാപൂക്കള്‍ വിടര്‍ന്നു. അതില്‍ കുറേ പൂക്കള്‍ ശേഖരിച്ച് ബിഷപ്പിനു സമ്മാനിക്കാന്‍ മാതാവ് അവനോട് ആവശ്യപ്പെട്ടു. അവന്റെ പുറങ്കുപ്പായത്തിനുള്ളില്‍ (Tilma) അവിടെനിന്നും ശേഖരിച്ച കാസ്റ്റിലിയന്‍ റോസാപ്പൂക്കളുമായി ദിയേഗോ, ആര്‍ച്ചുബിഷപ്പ് സുമറാഗയുടെ അടുത്തെത്തി. പൂക്കള്‍ കാണിക്കാനായി പുറങ്കുപ്പായം തുറന്നപ്പോള്‍ അതിലുണ്ടായിരുന്ന പൂക്കള്‍ താഴെവീഴുകയും മാതാവിന്റെ രൂപം അതില്‍ കാണപ്പെടുകയുംചെയ്തു. ഇതാണ് പിന്നീട് പ്രസിദ്ധമായിത്തീര്‍ന്ന ഗ്വാഡലൂപ്പെ മാതാവ്.

ഇന്നും സാന്റിയാഗോയിലെ മാതാവിന്റെ നാമത്തിലുള്ള ബസിലിക്കായില്‍ സൂക്ഷിച്ചിരിക്കുന്ന ആ തുണി (Tilma) കേടുകൂടാതെ ഇരിക്കുന്നതുതന്നെ ഒരു വലിയ അത്ഭുതമായിട്ടാണ് വിശ്വാസികള്‍ കരുതുന്നത്. അവിടുത്തെ റെഡ്-ഇന്ത്യന്‍ വംശജരുടെ രൂപസാദൃശ്യത്തിലുള്ള മാതാവിന്റെ ചിത്രമാണ് ആ തുണിയില്‍ പതിഞ്ഞത്. ഒരു രാജ്ഞിയെപ്പോലെ കഴുത്തില്‍, അക്കാലത്ത് സ്‌പെയിന്‍കാര്‍ തങ്ങളുടെ കപ്പലുകളിലും പള്ളികളിലും ഉപയോഗിച്ചിരുന്ന ക്രൂശിതരൂപവും അവള്‍ അണിഞ്ഞിരുന്നു. അവളുടെ വസ്ത്രം മനോഹരമായ പൂക്കള്‍കൊണ്ട് അലങ്കരിച്ചിരുന്നു. ഈ അത്ഭുതം റെഡ്-ഇന്ത്യന്‍ വംശജരുടെ ഇടയില്‍ ക്രിസ്തീയവിശ്വാസത്തിന് വലിയ സ്വീകാര്യതനല്‍കുകയും അവരുടെ ഇടയിലുണ്ടായിരുന്ന നരബലി ഉള്‍പ്പടെയുള്ള ഒരുപാട് അനാചാരങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുകയുംചെയ്തു.

യുവാന്‍ ദിയാഗോക്കുവേണ്ടി മാതാവ് പ്രവര്‍ത്തിച്ച രണ്ടാമത്തെ അത്ഭുതം അമ്മാവന്റെ അത്ഭുതകരമായ രോഗസൗഖ്യമായിരുന്നു. തന്റെ കിടയ്ക്കക്കരികില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതായും രോഗം സുഖപ്പെട്ടതായും യുവാന്‍ ബര്‍ണര്‍ദീനോ ആര്‍ച്ചുബിഷപ്പിനോടു സാക്ഷിച്ചു. ഇത് മാതാവിന്റെ അഞ്ചാമത്തെ ദര്‍ശനമായിട്ടാണ് ഗ്വാഡലൂപ്പെ ദര്‍ശനചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മാതാവിന്റെ രൂപം തെളിഞ്ഞ പ്രത്യേക വസ്ത്രം ആര്‍ച്ചുബിഷപ്പ് തന്റെ സ്വകാര്യചാപ്പലിലാണ് ആദ്യം സൂക്ഷിച്ചത്. പിന്നീട് അത് ദര്‍ശിക്കുന്നതിനായി അനേകം സന്ദര്‍ശകര്‍ എത്താന്‍ തുടങ്ങിയപ്പോള്‍ അടുത്തുള്ള ദൈവാലയത്തിലേക്കുമാറ്റി. അവസാനം തെപിയാക്ക പ്രദേശത്ത് പ്രത്യേകമായി ഒരു ചാപ്പല്‍ നിര്‍മ്മിച്ച് അവിടെ ആഘോഷമായി അത് സ്ഥാപിച്ചു. മെക്‌സിക്കന്‍ സഭാചരിത്രഗതിയെ മാറ്റിമറിച്ച അനേകം അത്ഭുതങ്ങളുടെ സംഗമവേദിയായി ഈ പ്രദേശം മാറുകയുണ്ടായി. അതില്‍ ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്നത്, മാരകമായി മുറിവേറ്റ ഒരു റെഡ്-ഇന്ത്യന്‍ ബാലന്‍ അത്ഭുതകരമായി സുഖപ്പെട്ടതാണ്. കളിയിലേര്‍പ്പെട്ടിരുന്ന കുട്ടികളിലൊരാളുടെ കഴുത്തില്‍ മാരകമായ രീതിയില്‍ അമ്പ് തുളച്ചുകയറി. പേടിച്ചരണ്ട കുട്ടികള്‍ അമ്പ് കഴുത്തില്‍ തുളച്ചുകയറിയ ബാലനെ ഗ്വാഡലൂപ്പെ മാതാവിന്റെ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാർഥിച്ചു. അതിനുശേഷം അമ്പ് ഊരിയെടുത്തപ്പോള്‍ അവന്‍ അത്ഭുതകരമായി സുഖപ്പെട്ടതായി കാണപ്പെട്ടു.

മെക്‌സിക്കോ നഗരത്തിനുപുറത്തുള്ള മലകളില്‍ ടൊനാന്‍സിന്‍ ദേവതയുടെ (mother godess Tonantzin) ആരാധനാസ്ഥലങ്ങളും അമ്പലങ്ങളും ധാരാളമായിട്ടുണ്ടായിരുന്നു. വളരെവേഗംതന്നെ അത് ഗ്വാഡലൂപ്പെ മാതാവിനോടുള്ള ഭക്തിയായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഈ ഭക്തി മെക്‌സിക്കോയുടെ സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായിമാറി. ജനങ്ങളുടെ ഈ വിശ്വാസപ്രകടനത്തിന് സഭയുടെ ഔദ്യോഗിക അംഗീകാരംകൂടി ലഭിച്ചതോടെ അമേരിക്കയിലുടനീളം ഗ്വാഡലൂപ്പെ മാതാവിനോടുള്ള ഭക്തി വളരെവേഗം പ്രചരിച്ചു. 1995 -ല്‍ കണ്ടെത്തിയ 16 -ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു ചുരുളില്‍ ഗ്വാഡലൂപ്പെ മാതാവ് പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് ദീര്‍ഘമായി വിവരിക്കുന്നുണ്ട്. 1556 -ല്‍ എഴുതപ്പെട്ട മറ്റൊരു പുരാതനരേഖയില്‍, മാതാവിന്റെ പ്രത്യേകരൂപത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. 1886 -ല്‍ ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറി ഇത് വാങ്ങുകയും അവിടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ചരിത്രപരമായി ധാരാളം എതിര്‍പ്പുകളും പല ഭാഗത്തുനിന്നും ഗ്വാഡലൂപ്പെ മാതാവിനോടുള്ള ഭക്തിക്കെതിരെ ഉണ്ടായിട്ടുണ്ട്. ആരംഭകാലഘട്ടത്തില്‍ വൈദികരുള്‍പ്പടെ ധാരാളംപേര്‍ പരസ്യമായി തന്നെ ഗ്വാഡലൂപ്പെയോടുള്ള തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മാതാവിന്റെ ചിത്രത്തിന് വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ശക്തിയുണ്ടെന്ന് റെഡ്-ഇന്ത്യന്‍സ് വിശ്വസിച്ചിരുന്നു. അത്ഭുതങ്ങള്‍ അന്വേഷിച്ചെത്തുന്നവര്‍ അത് ലഭിക്കാതെവരുമ്പോള്‍ നിരാശരായി മടങ്ങുന്നു. കുറെപ്പേരൊക്കെ അങ്ങനെ ക്രിസ്തീയവിശ്വാസം ഉപേക്ഷിക്കുന്നതിന് ഇടയായിട്ടുണ്ട്. മെക്‌സിക്കോയിലെ രണ്ടാമത്തെ ആര്‍ച്ചുബിഷപ്പായിരുന്ന അലോന്‍സോ ദെ മോന്റുഫോര്‍ (Alonso de Montufar 1489-1572) ഗാഡലൂപ്പെ  മാതാവിന്റെ ദര്‍ശനങ്ങളുടെ ആധികാരികതയെക്കുറിച്ച് വിശദമായ അന്വേഷണങ്ങള്‍ നടത്തുകയുണ്ടായി. വിശദമായ പഠനങ്ങള്‍ക്കുശേഷം ആര്‍ച്ചുബിഷപ്പ് അലോന്‍സോ, ഗാഡലൂപ്പേ മാതാവിന്റെ ദര്‍ശനങ്ങള്‍ക്ക് അംഗീകാരംനല്‍കുകയും അവിടെ ഒരു ദൈവാലയം നിര്‍മ്മിച്ച് മാതാവിന്റെ രൂപം പതിഞ്ഞ തുണി അവിടെ സ്ഥാപിക്കുകയുംചെയ്തു.

ഇന്ന് ഗാഡലൂപ്പെ മാതാവിന്റെ നാമത്തിലുള്ള ബസിലിക്കായിലാണ് (Basalica of Our Lady of Guadalupe) മാതാവിന്റെ ഈ പഴയ ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ പുതിയ പള്ളിയുടെ പണി പൂര്‍ത്തീകരിച്ചത് 1974 -ലാണ്. നാല്‍പതിനായിരത്തിലധികം ആളുകള്‍ക്ക് ഒരേസമയം ഇരുന്ന് ആരാധിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. തിരുനാള്‍ ദിനമായ ഡിസംബര്‍ 12 -നും അതിനടുത്ത ദിവസങ്ങളിലും മാത്രമായി 90 ലക്ഷത്തിനടുത്തു തീർഥാടകരാണ് ഇവിടെയെത്തുന്നത്. ബസലിക്കായിലും അനുബന്ധ ചാപ്പലുകളിലുമായി ഒരു ദിവസം മുപ്പതു കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടുന്നു.

ജോണ്‍ പോള്‍ രണ്ടാമൻ മാര്‍പാപ്പ പലപ്രാവശ്യം ഗ്വാഡലൂപ്പെ സന്ദര്‍ശിച്ചിട്ടുണ്ട്. തന്റെ രണ്ടാമത്തെ സന്ദര്‍ശനവേളയില്‍, 1990 മെയ് 6 -ാം തീയതി യുവാന്‍ ദിയോഗോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയുംചെയ്തു. മാത്രമല്ല, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഒരു ചാപ്പല്‍ ഗ്വാഡലൂപ്പെ മാതാവിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. 2016 ഫെബ്രുവരി 13 -ാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ബസിലിക്കാ സന്ദര്‍ശിക്കുകയും വിശുദ്ധ ബലി അര്‍പ്പിച്ചു പ്രാർഥിക്കുകയും ചെയ്തു.

യുവാന്‍ ദിയോഗയെ 2002 ജൂലൈ 31 -ാം തീയതി ജോണ്‍ പോള്‍ രണ്ടാമൻ മാര്‍പാപ്പാ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. അങ്ങനെ യുവാന്‍ ദിയേഗോ അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍നിന്നുള്ള ആദ്യത്തെ തദ്ദേശീയനായ വിശുദ്ധനുമായി. അദ്ദേഹം റെഡ്-ഇന്ത്യന്‍ വംശജരുടെ മധ്യസ്ഥനായി അറിയപ്പെടുന്നു.

മെക്‌സിക്കോയിലെയും അമേരിക്കന്‍ വന്‍കരകളിലെയും തദ്ദേശയരായ ക്രിസ്തീയവിശ്വാസികള്‍ക്ക് അവരുടെ അനന്യതയുടെ ഭാഗമാണ് ഗ്വാഡലൂപ്പെ മാതാവ്. അവരെല്ലാം വംശീയരായി ‘ഗ്വാഡലൂപ്പെക്കാരാണ്.’ ഈ രണ്ടു ഭൂഖണ്ഡങ്ങളിലെ അനേകരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിക്കുന്നതിനും അതില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിനും ഗ്വാഡലൂപ്പെ മാതാവ് സഹായിക്കുന്നു. ഇന്ന് മാതാവ് പ്രത്യക്ഷപ്പെട്ട രൂപം പതിഞ്ഞിരിക്കുന്ന വസ്ത്രം അവിടുത്തെ ബസലിക്കയില്‍ അനേകര്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ചരിത്രസാക്ഷ്യമായി നിലകൊള്ളുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.