ഫാത്തിമാ മാതാവ് (Our Lady of Fatima, Portugal) 

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

യൂറോപ്പിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് അറ്റലാന്റിക് സമുദ്രതീരത്തോട് ചേര്‍ന്നുകിടക്കുന്ന ഒരു മനോഹര രാജ്യമാണ് പോര്‍ച്ചുഗല്‍. കോളനിവല്‍ക്കരണകാലത്ത് ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളിലൊന്നായിരുന്നു ഇത്. ഇന്ത്യയുള്‍പ്പെടെയുള്ള അനേകം രാജ്യങ്ങളില്‍ രാഷ്ട്രീയവും,മതപരവും വാണിജ്യപരവുമായ സ്വാധീനം ചെലുത്തിയ ഈ രാജ്യത്തിന്റെ പഴയ പ്രതാപം ഇന്ന് ഒരു ഓര്‍മ മാത്രമാണ്. നമ്മുടെ കൊച്ചുകേരളത്തിന്റെ മൂന്നിലൊന്നോളം മാത്രംവരുന്ന ജനസംഖ്യയുള്ള ഈ രാജ്യത്തെ ഇപ്പോള്‍ ലോകപ്രശസ്തമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് ഫാത്തിമായിലെ മരിയന്‍ തീര്‍ഥാടനകേന്ദ്രമാണ്. പോര്‍ച്ചുഗല്ലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ (Lisbon) നിന്ന് ഏകദേശം ഒന്നേകാല്‍ മണിക്കൂര്‍ (125 കി.മീ.) യാത്രാദൂരത്തിലുള്ള 12,000 ആളുകള്‍ വസിക്കുന്ന ഒരു ചെറുപട്ടണമാണ് ഇത്. ഫാത്തിമയിലെ കോവാ ദ ഇരിയ (Cova da Iria) എന്ന പ്രദേശത്ത് തദ്ദേശീയരായ മൂന്നു കുട്ടികള്‍ക്ക് 1917-ല്‍ മാതാവ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ നഗരം ലോകപ്രശസ്തമായത്.

ഫാത്തിമ ഇസ്ലാമികചരിത്രത്തിലെ തന്നെ ഏറ്റം ശ്രേഷ്ഠയായ സ്ത്രീരത്‌നമാണ്. പ്രവാചകനായ മുഹമ്മദ് നബിയുടെയും ഖദീജയുടെയും ഇളയ മകളാണ് ഫാത്തിമ. ഈ പേരോടുകൂടിയ അറബുവംശജയായ ഒരു രാജകുമാരിയില്‍ നിന്നാണ് ഈ നഗരത്തിന് ആ പേര് ലഭിക്കുന്നത്. എ.ഡി. 1158-ല്‍ അറബികളുമായുള്ള ഒരു യുദ്ധവിജയത്തിനുശേഷം പോര്‍ച്ചുഗീസ് പ്രഭു ഗൊണ്‍കാലോ ഹെര്‍മിന്‍ഗസ് (Goncolo Hermingues) ഫാത്തിമ രാജകുമാരിയെ യുദ്ധത്തടവുകാരിയായി കൊണ്ടുവന്നു. പിന്നീട് അവര്‍ പരസ്പരം സ്‌നേഹബന്ധത്തിലാവുകയും അവള്‍ ക്രിസ്തീയവിശ്വാസം സ്വീകരിച്ച് ഗോണ്‍കാലോയുടെ ഭാര്യയാവുകയും ചെയ്തു. ഫാത്തിമയുടെ പെട്ടെന്നുള്ള മരണശേഷം അദ്ദേഹം എല്ലാം ഉപേക്ഷിച്ച് അല്‍കോബാകായിലെ (Alcobaca) സിസ്റ്റേഴ്‌സിയന്‍ ആശ്രമത്തില്‍ ചേരുകയും ഫാത്തിമയുടെ ഓര്‍മ്മയ്ക്കായി ഒരു ദൈവാലയം അവിടെ നിര്‍മ്മിക്കുകയും ചെയ്തു. കാലാന്തരത്തില്‍ ആ പ്രദേശത്തിന് അവളുടെ പേരും ലഭിച്ചു.

1917 മെയ് മാസത്തിലാണ് ഇവിടെയുള്ള മൂന്ന് ഇടയക്കുഞ്ഞുങ്ങള്‍ക്ക് മാതാവിന്റെ ദര്‍ശനം ലഭിക്കുന്നത്. ജസീന്തായും ഫ്രാന്‍സിസ്‌കോയും അവരുടെ ബന്ധുവായ ലൂസിയായും ഒരുമിച്ച് തങ്ങളുടെ വീടിനടുത്തുള്ള വിജനസ്ഥലങ്ങളില്‍ ആടുമേയ്ക്കാന്‍ പതിവായി പോയിരുന്നു. മാതാവിന്റെ ദര്‍ശനം ലഭിക്കുന്നതിനുമുമ്പായി 1916-ലെ വസന്തകാലത്ത് ഒരു മാലാഖ തങ്ങള്‍ക്കു പ്രത്യക്ഷപ്പെട്ടതായും അവര്‍ അവകാശപ്പെടുന്നു. ‘സമാധാനത്തിന്റെ മാലാഖ’ (Angel of Peace) എന്ന് സ്വയം പരിചയപ്പെടുത്തിയ മാലാഖ അവരെ ചില പ്രാര്‍ഥനകള്‍ പഠിപ്പിക്കുകയും പരിത്യാഗപ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദിപ്പിക്കുകയും  ദൈവസന്നിധിയില്‍ ആരാധനയ്ക്കായി സമയം കണ്ടെത്തണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ അന്നു ചൊല്ലിയ ആ പ്രാര്‍ഥന ഇന്ന് അനേകായിരങ്ങള്‍ ഏറ്റുചൊല്ലുന്നു:

”എന്റെ ദൈവമെ, അങ്ങില്‍ ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെ ഞാന്‍ ആരാധിക്കുന്നു. അങ്ങില്‍ ഞാന്‍ ആശ്രയിക്കുകയും അങ്ങയെ സ്‌നേഹിക്കുകയും ചെയ്യുന്നു. ദൈവത്തെ വിശ്വസിക്കാത്തവര്‍ക്കായി, ആരാധിക്കാത്തവര്‍ക്കായി, ആശ്രയിക്കാത്തവര്‍ക്കായി, സ്‌നേഹിക്കാത്തവര്‍ക്കായി ഞാന്‍ അങ്ങയോട് ക്ഷമ യാചിക്കുന്നു.”

1917 മെയ് 13 മുതല്‍ ഒക്‌ടോബര്‍ 13 വരെയുള്ള ദിവസങ്ങളില്‍ ആറു പ്രാവശ്യം മാതാവ് ഇവര്‍ക്കു പ്രത്യക്ഷപ്പെട്ടു. മാതാവിന്റെ ആദ്യ ദര്‍ശനത്തെക്കുറിച്ച് ലൂസി തന്റെ പുസ്തകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

“ശുഭ്രവസ്ത്രധാരിയായ ഒരു കുലീനസ്ത്രീയെ ഞങ്ങള്‍ ദര്‍ശിച്ചു. അവള്‍ സൂര്യനെക്കാള്‍ തേജസ്വിനിയും കണ്ണാടിയില്‍ പതിച്ചിരിക്കുന്ന വെള്ളത്തുള്ളിയില്‍ക്കൂടി സൂര്യരശ്മികള്‍ കടന്നുപോകുമ്പോള്‍ പ്രതിഫലിപ്പിക്കുന്ന പ്രകാശത്തെക്കാള്‍ നൈര്‍മല്യവും ശോഭയുമുള്ളവളായിരുന്നു.”

മരിയ ദര്‍ശനഫലമായി സകലവിധ ഭയചിന്തകളും അവരില്‍നിന്ന് ഇല്ലാതായി. ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാർഥിക്കാന്‍ മാതാവ് അവരോട് ആവശ്യപ്പെട്ടു. തങ്ങള്‍ പറയുന്നത് ആരും വിശ്വസിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇക്കാര്യങ്ങള്‍ രഹസ്യമാക്കിവയ്ക്കാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ ഇക്കാര്യങ്ങളറിഞ്ഞ ജസീന്തയുടെ അമ്മ ഇതൊരു തമാശയായി കരുതുകയും അയല്‍ക്കാരോട് അത് തമാശരൂപേണ പങ്കുവയ്ക്കുകയും ചെയ്തു. ദൈവികകാര്യങ്ങളെക്കുറിച്ച് കഥകള്‍ മെനഞ്ഞുനടക്കുന്നു എന്നാരോപിച്ച് പ്രാദേശികാധികാരികള്‍ കുട്ടികള്‍ മൂന്നുപേരെയും ശകാരിക്കുകയും കുറേദിവസം ഒരു ശിക്ഷണകേന്ദ്രത്തിലാക്കുകയും ചെയ്തു.

രണ്ടാമത്തെ ദര്‍ശനം ജൂണ്‍ 13-ാം തീയതിയാണ് നടന്നത്. അവരുടെ ഇടവക വികാരിയുടെ ഇടപെടലോടുകൂടിയാണ് അവര്‍ക്ക് അവിടേയ്ക്ക് വീണ്ടും പോകാന്‍ അനുവാദം ലഭിക്കുന്നത്. ഇത്തരുണത്തില്‍ ഫ്രാന്‍സിസ്‌ക്കോയും ജസീന്തയും അധികം താമസിക്കാതെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടുമെന്നും ലൂസിയ മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനായി ദീര്‍ഘകാലം ജീവിച്ചിരിക്കുമെന്നും മാതാവ് അവര്‍ക്ക് വെളിപ്പെടുത്തി. അവാച്യമായ ദൈവികാനുഭൂതിയിലൂടെ കടന്നുപോകുന്ന അനുഭവമാണ് കുട്ടികള്‍ക്ക് അപ്പോഴുണ്ടായത്. ജൂലൈ മാസം മാതാവ് വീണ്ടും അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. ഈ സമയത്ത് നരകത്തിലായിരിക്കുന്നവരുടെ അവസ്ഥയെക്കുറിച്ച് അവര്‍ക്ക് കാണിച്ചുകൊടുത്തു. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനവും അതിനെക്കാള്‍ ഭയാനകമായ ഒന്നിന്റെ ആരംഭവും റഷ്യയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും പ്രചരിക്കാന്‍പോകുന്ന നിരീശ്വരവാദവും ഈ ദര്‍ശനസമയത്താണ് അവര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തത്. റഷ്യയുടെ മാനസാന്തരത്തിനായി പ്രാര്‍ഥിക്കണമെന്നും അടുത്ത ദര്‍ശനത്തില്‍ വലിയ അത്ഭുതം പ്രവര്‍ത്തിക്കുമെന്നും മാതാവ് അവരെ അറിയിച്ചു.

ഒക്‌ടോബര്‍ 13-ാം തീയതിയാണ് കുട്ടികള്‍ക്ക് മാതാവ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. അന്ന് വലിയ അത്ഭുതം സംഭവിക്കുമെന്ന വാര്‍ത്ത പ്രചരിച്ചതനുസരിച്ച് ഏകദേശം ഒരുലക്ഷത്തോളം ജനങ്ങള്‍ ഫാത്തിമയില്‍ ഒരുമിച്ചുകൂടി. പിറ്റേദിവസത്തെ പത്രവാര്‍ത്തയുടെ ചിത്രങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അന്നു നടന്ന അത്ഭുതത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ സാക്ഷ്യങ്ങളാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കോരിച്ചൊരിയുന്ന മഴ പെട്ടെന്നു നിലയ്ക്കുകയും എല്ലായിടത്തും വലിയ പ്രകാശം പ്രസരിക്കുകയും ചെയ്തു. ആകാശത്തു പ്രത്യക്ഷപ്പെട്ട മാതാവിന്റെ കരങ്ങളില്‍നിന്ന് വലിയ പ്രകാശം പ്രസരിച്ചതായി കുട്ടികള്‍ സാക്ഷിക്കുന്നു. അവിടെക്കൂടിയ എല്ലാവരുടെയും മഴയില്‍ നനഞ്ഞുപോയ വസ്ത്രങ്ങള്‍ പെട്ടെന്ന് ഉണങ്ങുകയും വെള്ളം വീണ് ചെളിനിറഞ്ഞ ഭൂമിയുടെ പ്രതലം വരണ്ടതായിത്തീരുകയും ചെയ്തു.

അന്ന് അവിടെക്കൂടിയ പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരും സൂര്യന്‍ നിറംമാറുകയും നൃത്തം ചെയ്യുകയും ചെയ്തതായി സാക്ഷ്യപ്പെടുത്തുന്നു. ഏകദേശം പത്തുമിനിറ്റോളം നീണ്ടുനിന്ന ഈ പ്രതിഭാസം വ്യത്യസ്തമായ രീതിയിലാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മാതാവിന്റെ ദര്‍ശനം കുട്ടികള്‍ക്കു മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഈ അത്ഭുതം ‘സൂര്യപ്രതിഭാസം’ (Miracle of the Sun),  ‘ഫാത്തിമായിലെ അത്ഭുതം’ (The Miracle of Fatima) എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫാ. ജോണ്‍ ദി മാര്‍ച്ചി (Fr. John de Marchi) എന്ന ഇറ്റാലിയന്‍ വൈദികന്‍ 1943 മുതല്‍ ഏഴു വര്‍ഷത്തോളം ഫാത്തിമായില്‍ താമാസിച്ചു. ഈ സംഭവത്തിനു സാക്ഷികളായ നൂറുകണക്കിനാളുകളെ നേരില്‍ക്കാണുകയും ഒരു ഗവേഷണഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഫാത്തിമായില്‍ നടക്കുമെന്നു പറയപ്പെട്ട അത്ഭുതങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്ന പോര്‍ച്ചുഗീസ് കവി അഫോന്‍സോ ലോപസ് വൈറ (Afonso Lopez Vieira) ഇപ്രകാരം പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു:

“മോഹനീയമായ ഒരു കൗതുകദൃശ്യത്തിനാണ് അന്ന് ആകാശത്തിലേക്കു നോക്കിയ എനിക്ക് സാക്ഷിയാകേണ്ടിവന്നത്. ഒക്‌ടോബര്‍ 13-ാം തീയതി കുട്ടികളുടെ പ്രവചനങ്ങളെക്കുറിച്ച് യാതൊരു അറിവും ഇല്ലാതിരുന്ന ഞാന്‍ എന്റെ വീടിന്റെ വരാന്തയില്‍ നിന്നുകൊണ്ട് ഈ അത്ഭുതത്തിന് സാക്ഷിയാകേണ്ടിവന്നു.”

ഫാത്തിമായില്‍ മാതാവ് നല്‍കിയ ദര്‍ശനങ്ങള്‍ പൊതുസമൂഹത്തിനു വളരെയധികം താല്‍പര്യമുണ്ടായതിന്റെ പ്രധാനപ്പെട്ട കാരണം മൂന്ന് ‘ഫാത്തിമാ രഹസ്യങ്ങളാണ്’ (Three Secrets of Fatima). ജൂലൈ 13-ാം തീയതിലെ ദര്‍ശനത്തിലാണ് ഇത് നല്‍കപ്പെട്ടത്. 1941-ലാണ് ലായിറിയായിലെ (Leiria) ബിഷപ്പ് ഹൊസെ ആല്‍വസിന്റെ (Jose Alves Correira da Silva) അഭ്യര്‍ഥനയനുസരിച്ച് സി. ലൂസി അത് വെളിപ്പെടുത്തുന്നത്. ഉടനൊന്നും വെളിപ്പെടുത്താന്‍ പാടില്ല എന്ന അഭ്യര്‍ഥനയുമായി 1943-ല്‍ മുദ്രവച്ച കവറില്‍ മൂന്നാമത്തെ രഹസ്യം എഴുതിനല്‍കുകയായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാര്‍പാപ്പ ആ രഹസ്യവും 2000-ല്‍ വെളിപ്പെടുത്തുകയുണ്ടായി.

ഒന്നാമത്തെ രഹസ്യത്തിലുണ്ടായിരുന്നത് നരകത്തെക്കുറിച്ച് മാതാവ് കുട്ടികള്‍ക്കു വെളിപ്പെടുത്തിയതാണ്. രണ്ടാമത്തെ രഹസ്യത്തില്‍ ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ചും റഷ്യയുടെ മാനസാന്തരത്തിനുവേണ്ടി പ്രാർഥിക്കുന്നതിനെക്കുറിച്ചുമായിരുന്നു. മൂന്നാമത്തെ രഹസ്യത്തിന്റെ ഉള്ളടക്കം 20-ാം നൂറ്റാണ്ടിലെ ക്രിസ്തീയമതപീഡനങ്ങളെക്കുറിച്ചും ജോണ്‍ പോള്‍ രണ്ടാമൻ മാര്‍പാപ്പയ്‌ക്കെതിരെ 1981 മെയ് 13-ാം തീയതിയുണ്ടായ വധശ്രമത്തെക്കുറിച്ചുള്ള സൂചനകളുമായിരുന്നു. 2000 ജൂണ്‍ 26-ാം തീയതി അന്നത്തെ വിശ്വാസതിരുസംഘത്തിന്റെ (Congregation of the Doctrine of Faith) അധ്യക്ഷനായിരുന്ന കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗറിന്റെ (Pope Benedict XVI) ഒരു ദൈവശാസ്ത്ര വിശദീകരണത്തോടുകൂടിയാണ് അതു പ്രസിദ്ധീകരിച്ചത്. അതില്‍ അദ്ദേഹം വിശദമായി പറയുന്നത് ഇത്തരം ‘രഹസ്യങ്ങള്‍’ ഭാവിയിലുള്ള കാര്യങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളെക്കാള്‍ മാനസാന്തരത്തിനും രക്ഷയ്ക്കുമുള്ള വഴികളായിട്ടു കാണുകയെന്നതാണ്.

ഫാത്തിമ വളരെ പെട്ടെന്നുതന്നെ വലിയ തീർഥാടനകേന്ദ്രമായി മാറിയെങ്കിലും സഭയുടെ ഔദ്യോഗിക അംഗീകാരം 1930-ല്‍ മാത്രമാണ് ലഭിക്കുന്നത്. ഏകദേശം 20 ലക്ഷത്തോളം ജനങ്ങള്‍ തീര്‍ഥാടകരായി ആദ്യ പത്തു വര്‍ഷത്തിനകം തന്നെ അവിടെ എത്തിയിരുന്നു. അന്നു സഭ ഇതിനെ എതിര്‍ക്കുകയോ, അംഗീകരിക്കുകയോ ചെയ്തിരുന്നില്ല. ആദ്യകാലങ്ങളില്‍ പരിശുദ്ധ ജപമാലയുടെ ഫാത്തിമാ മാതാവ് (Our Lady of the Holy Rasary of Fatima) എന്ന പേരിലാണ് ഈ തീര്‍ഥാടനകേന്ദ്രം അറിയപ്പെട്ടിരുന്നത്. ഇന്ന് പ്രധാന ബസലിക്കാ കൂടാതെ ധാരാളം ചാപ്പലുകളും ധ്യാനകേന്ദ്രങ്ങളും രോഗീശുശ്രൂഷാഭവനങ്ങളും ഒക്കെയായി വളരെ ബൃഹത്തായ സൗകര്യങ്ങളാണ് തീര്‍ഥാടകര്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികാചരണത്തിനായി 2017 മെയ് മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടെ സന്ദര്‍ശിക്കുകയുണ്ടായി. ആ അവസരത്തില്‍ മാത്രം പത്തുലക്ഷത്തോളം വിശ്വാസികള്‍ തീര്‍ഥാടകരായി ഇവിടെയെത്തി. ഈ അടുത്ത കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്, പ്രത്യേകിച്ചും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും ഫാത്തിമയിലെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഓരോ വര്‍ഷവും ഏകദേശം അറുപതു ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഇവിടെ എത്തുന്നതായി കരുതപ്പെടുന്നു.

ജോണ്‍ പോള്‍ രണ്ടാമൻ മാര്‍പാപ്പ ഫാത്തിമാ മാതാവിന്റെ വലിയ ഭക്തനായിരുന്നു. 1981 മെയ് 13-ാം തീയതി ഫാത്തിമാ മാതാവിന്റെ തിരുനാള്‍ ദിനത്തിലായിരുന്നു തുര്‍ക്കിക്കാരനായ മെമ്മദ് അലി അഗ്ഗ (Mehmet Ali Agca) സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അനുഗ്രഹിക്കാനെത്തിയ മാര്‍പാപ്പായ്ക്കുനേരെ അടുത്തുനിന്ന് നിറയൊഴിച്ചത്. മാര്‍പാപ്പയുടെ ഉദരത്തില്‍ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തില്‍ സ്പര്‍ശിക്കാതെ നിന്നു. ‘ഒരമ്മയുടെ കരമാണ് വെടിയുണ്ടയുടെ പാത നിയന്ത്രിച്ചത്’ എന്നായിരുന്നു അതിനെക്കുറിച്ചുള്ള മാര്‍പാപ്പായുടെ പ്രതികരണം. ഓര്‍മ വയ്ക്കുന്നതിനുമുമ്പേ സ്വന്തം അമ്മയെ നഷ്ടപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പുത്രതുല്യസ്‌നേഹത്തോടെയാണ് ഫാത്തിമ മാതാവിനെ സമീപിച്ചത്. അതിനുശേഷം മൂന്നുപ്രാവശ്യമാണ് മാര്‍പാപ്പ ഫാത്തിമയില്‍ സന്ദര്‍ശനം നടത്തിയത്. മാതാവിനോടുള്ള നന്ദിപ്രകടനത്തിന്റെ ഭാഗമായി ജോണ്‍ പോള്‍ രണ്ടാമന്‍ തന്റെ ശരീരത്തില്‍ തുളച്ചുകയറിയ ആ വെടിയുണ്ട ഫാത്തിമ മാതാവിന്റെ കിരീടത്തില്‍ സമര്‍പ്പിക്കുകയുണ്ടായി. 1984 മാര്‍ച്ച് 25-ാം തീയതി സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വച്ചുതന്നെ റഷ്യയെയും ലോകത്തെ മുഴുവനെയും മാതാവിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രാർഥിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ റഷ്യയിലും കിഴക്കന്‍ യൂറോപ്പിലും കമ്മ്യൂണിസം തന്നെ ഇല്ലാതായി. ഇന്ന് ഫാത്തിമായില്‍ ഏറ്റവും കൂടുതല്‍ തീർഥാടകർ എത്തുന്നത് ജോണ്‍ പോള്‍ രണ്ടാമന്റെ രാജ്യമായ പോളണ്ടില്‍ നിന്നാണ്.

ഫാത്തിമ മാതാവ് ദര്‍ശനസമയത്ത് വെളിപ്പെടുത്തിയതുപോലെ ഫ്രാന്‍സിസ്‌കോയും ജസീന്തായും ചെറുപ്പത്തില്‍ത്തന്നെ മരണമടഞ്ഞു. 1918-ല്‍ യൂറോപ്പിലാകമാനം പടര്‍ന്നുപിടിച്ച പകര്‍ച്ചപ്പനി ഇവരെയും ബാധിച്ചു. ഫ്രാന്‍സിസ്‌കോ തനിച്ചിരുന്നു പ്രാര്‍ഥിക്കുന്നതില്‍ വളരെയധികം ആനന്ദമനുഭവിച്ചിരുന്നു. ‘ലോകത്തിന്റെ പാപങ്ങള്‍ക്കുവേണ്ടി യേശുവിനോട് മാപ്പ് അപേക്ഷിക്കുക ആയിരുന്നു’ അവന്റെ പ്രധാന പ്രാര്‍ഥനാനിയോഗം. 1919 ഏപ്രില്‍ 4-ാം തീയതി തന്റെ പത്താമത്തെ വയസ്സിലാണ് ഫ്രാന്‍സിസ്‌കോ അന്തരിച്ചത്. നരകത്തിന്റെ ഭീകരത ദര്‍ശിച്ച ജസീന്ത പാപികളുടെ മാനസാന്തരത്തിനായി പരിത്യാഗത്തോടുകൂടി പ്രാര്‍ഥിക്കുമായിരുന്നു. 1920 ഫെബ്രുവരി 20-ാം തീയതി തന്റെ ഒന്‍പതാമത്തെ വയസ്സിലാണ് ജസീന്ത തന്റെ നിത്യസമ്മാനത്തിനായി പോയത്. 2017 മെയ് 13-ാം തീയതി ഫാത്തിമ ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികസമയത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ ഫ്രാന്‍സിസ്‌കോയെയും ജസീന്തയെയും ലക്ഷക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ഫാത്തിമായില്‍വച്ച് വിശുദ്ധരായി പ്രഖ്യാപിച്ചു. അന്ന് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞു:

“നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ഇടയക്കുഞ്ഞുങ്ങളോട് മാതാവ് ചോദിച്ച ചോദ്യം നമ്മോട് ആവര്‍ത്തിക്കുകയാണ്. നിങ്ങളുടെ ജീവിതം ദൈവത്തിനുവേണ്ടി സമര്‍പ്പിക്കാൻ നിങ്ങള്‍ തയ്യാറാണോ? അവരെപ്പോലെ നമുക്കും ‘അതെ’ എന്ന് ഉത്തരം നല്‍കി ദൈവത്തെ പിന്‍ചെല്ലാന്‍ ശ്രമിക്കാം.”

97 വയസ്സുവരെ നീണ്ട സംഭവബഹുലമായ ഒരു ജീവിതമായിരുന്നു ലൂസിയായുടേത്. തന്റെ 14-ാമത്തെ വയസ്സില്‍ അവള്‍ തന്റെ ജീവിതത്തെ പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട് ഒരു കന്യാസ്ത്രീയായി ജീവിക്കാന്‍ വിട്ടുകൊടുത്തു. ആദ്യം സ്‌പെയിനിലായിരുന്നു എങ്കിലും 1949 മുതല്‍ ഒരു കര്‍മ്മലീത്ത സന്യാസിനിയായി പോര്‍ച്ചുഗല്ലിലെ കോയിംബ്ര Coimbra) എന്ന സ്ഥലത്തെ കോണ്‍വെന്റില്‍ ജീവിച്ചു. യേശുവിന്റെയും വിമലഹൃദയത്തിന്റെയും മരിയ ലൂസിയ (Sr.Maria Lucia of Jesus and of the Immaculate Heart) എന്നാണവര്‍ അറിയപ്പെട്ടത്. പോള്‍ ആറാമൻ മാര്‍പാപ്പയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഫാത്തിമ സന്ദര്‍ശിച്ച വേളകളിലെല്ലാം സി. ലൂസിയയും അവിടെ സന്നിഹിതയായിരുന്നു. ഫാത്തിമാദര്‍ശനങ്ങളെക്കുറിച്ചുള്ള ആറ് പുസ്തകങ്ങള്‍ സി. ലൂസിയയ്ക്കു ലഭിച്ചിട്ടുണ്ട്. 2005-ല്‍ ഫെബ്രുവരി 13-ാം തീയതിയാണ് സി. ലൂസിയ അന്തരിച്ചത്. സി. ലൂസിയയോട് ആദരവ് പ്രകടിപ്പിക്കാന്‍ അന്നേദിവസം പോര്‍ച്ചുഗല്‍ മുഴുവന്‍ വിലാപദിനമായാണ് ആചരിച്ചത്. വി. ജോണ്‍ പോള്‍ രണ്ടാമന്റെയും വി. മദര്‍ തെരേസയുടെയും നാമകരണ നടപടികളില്‍ ഉണ്ടായതുപോലെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സി. ലൂസിയായുടെ നാമകരണ നടപടികളുടെ കാര്യത്തില്‍ മരണത്തിനുശേഷം അഞ്ചു വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞു. 2017 ഫെബ്രുവരി 13-ാം തീയതി വിശുദ്ധപദവിയിലേക്കുള്ള ആദ്യനടപടിയായി സി. ലൂസിയയെ ദൈവദാസിയായി സഭ പ്രഖ്യാപിച്ചു.

ഫാത്തിമാ മാതാവിന്റെ ദര്‍ശനത്തോടനുബന്ധിച്ചു ലഭിച്ച പല പ്രാര്‍ഥനകളും വലിയ അനുഗ്രഹദായകങ്ങളാണ് അവയില്‍ മിക്കതും നാം ദിവസേന ചൊല്ലാറുണ്ട്. അതില്‍ ഒരു പ്രാര്‍ഥന ഇവിടെ കുറിച്ചുകൊണ്ട് ഈ വിവരണം അവസാനിപ്പിക്കുന്നു.

“പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിതൈ്വക ദൈവമേ, ഞാൻ അങ്ങയെ ആഴമായി ആരാധിക്കുന്നു. ലോകത്തുള്ള എല്ലാ സക്രാരികളിലും സന്നിഹിതമായിരിക്കുന്ന യേശുക്രിസ്തുവിന്റെ വിലയേറിയ തിരുശരീരരവും തിരുരക്തവും ദൈവാത്മാവും ദൈവത്വവും നേരിടുന്ന എല്ലാ വേദനകള്‍ക്കും ദൈവദൂഷണങ്ങള്‍ക്കും അലംഭാവത്തിനും പരിഹാരമായി എന്നെത്തന്നെ ഞാന്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. യേശുവിന്റെ തിരുഹൃദയത്തിന്റെ അനന്തമായ യോഗ്യതയാലും മറിയത്തിന്റെ വിമലഹൃദയത്തിനാലും പരമപാപികളുടെ മാനസാന്തരത്തിനായി ഞാന്‍ അങ്ങയോട് പ്രാര്‍ഥനാപൂര്‍വം യാചിക്കുന്നു. ആമേന്‍.”

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.