![onam-and-christianity](https://i0.wp.com/www.lifeday.in/wp-content/uploads/2024/09/onam-and-christianity.jpg?resize=696%2C435&ssl=1)
മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഓണാഘോഷത്തെ കാണാന്‍ നമുക്കു സാധിക്കട്ടെ. വിശ്വാസ സംബന്ധമായ ഒരു വ്യാഖ്യാനവും ക്രൈസ്തവര്‍ ഓണാഘോഷത്തിനു നല്‍കേണ്ടതില്ല, ഒരു സാംസ്കാരിക ആഘോഷം എന്ന നിലയിലാണ് ഇക്കാലമ്രതയും നാം ഓണം ആഘോഷിച്ചിട്ടുള്ളത്; ഇനിയും അപ്രകാരമാണ് വേണ്ടത്. സീറോമലബാര്‍ സഭയുടെ ഡോക്ട്രൈനല്‍ കമ്മീഷന്‍ എഴുതുന്നു.
വളരെയേറെ വര്‍ഷങ്ങളായി കേരളത്തില്‍ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. ഏറെക്കാലമായി ക്രൈസ്തവരും ഓണം ആഘോഷിക്കുന്നുണ്ട്. എന്നാല്‍, ഈ അടുത്തകാലത്തായി ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കുന്നത് ശരിയല്ല എന്ന രീതിയിലുള്ള പ്രബോധനം ചില വചനപ്രഘോഷണവേദികളില്‍ നിന്നുപോലും കേള്‍ക്കുന്നുണ്ട്. ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന് നിരക്കുന്നതല്ലെന്നും ദൈവകല്പനയുടെ ലംഘനമാണെന്നുമാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ഓണം ഇതരമതസ്തരുടെ ആഘോഷമാണെന്നും ക്രിസ്ത്യാനികള്‍ക്ക് അതില്‍ പങ്കില്ലെന്നുമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഓണം പോലെയുള്ള ആഘോഷങ്ങളോട് ക്രൈസ്തവര്‍ക്കുണ്ടാകേണ്ട സമീപനം എന്തായിരിക്കണമെന്ന് സൂചിപ്പിക്കുന്നതിനുമുന്‍പ് ഇതരമതങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് കത്തോലിക്കാസഭ എന്താണ് പഠിപ്പിക്കുന്നത് എന്നറിയേണ്ടത്ആവശ്യമാണ്.
1. ഇതരമതങ്ങളുമായുള്ള ബന്ധം
ഇതരമതങ്ങളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രധാനപഠനങ്ങള്‍ താഴെ പ്രതിപാദിക്കുന്നവയാണ്.
1. മറ്റു മതങ്ങളില്‍ കാണുന്ന സത്യവും വിശുദ്ധവുമായ ഒന്നും കത്തോലിക്കാസഭ തിരസ്‌ക്കരിക്കുന്നില്ല. മറ്റു മതങ്ങളിലെ പല പ്രവര്‍ത്തനരീതികളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും കത്തോലിക്കാസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതില്‍നിന്നു വ്യത്യസ്തമാണെങ്കിലും സഭ അവയെല്ലാം ആത്മാര്‍ഥമായ ബഹുമാനത്തോടെയാണ് നിരിീക്ഷിക്കുന്നത്. കാരണം, സര്‍വമനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിന്റെ രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട് (അക്രൈസ്തവമതങ്ങള്‍ 2).
2. സഭാതനയര്‍ ഇതരമതാനുയായികളുമായി വിവേകത്തോടും സ്‌നേഹത്തോടുംകൂടെ വിശ്വാസത്തിനും ക്രിസ്തീയജീവിത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് സംഭാഷണത്തിലും സഹകരണത്തിലും ഏര്‍പ്പെടണം. ഇതരമതങ്ങളിലുള്ള ആധ്യാത്മികവും ധാര്‍മ്മികവുമായ നന്മകളും സാമൂഹ്യ-സാംസ്കാരികമൂല്യങ്ങളും അംഗീകരിച്ച് പരിരക്ഷിക്കുകയും സമൃദ്ധമാക്കുകയും ചെയ്യണം (അക്രൈസ്തവമതങ്ങള്‍ 2).
3. ജാതി, മതം, വര്‍ണ്ണം, ജീവിതനിലവാരം എന്നിവയുടെ പേരില്‍ മനുഷ്യനോട് വിവേചനം കാണിക്കുന്നതിനെയും മനുഷ്യനെ ഞെരുക്കുന്നതിനെയും സഭ അപലപിക്കുന്നു. ഇതരമതസ്തരുടെ ഇടയില്‍ സൗഹൃദം പുലര്‍ത്തുക; എല്ലാ മനുഷ്യരോടും സമാധാനത്തില്‍ ജീവിക്കാന്‍ യത്‌നിക്കുക. അപ്പോഴാണ് ക്രൈസ്തവര്‍ യഥാര്‍ഥത്തില്‍ സ്വര്‍ഗീയപിതാവിന്റെ പുത്രരായിത്തീരുന്നത് (അക്രൈസ്തവമതങ്ങള്‍ 5).
4. ഇതരമതസ്തരുടെ രക്ഷയെക്കുറിച്ച് കൗണ്‍സില്‍ ഇപ്രകാരം പഠിപ്പിക്കുന്നു: സകല മനുഷ്യരും രക്ഷ പ്രാപിക്കണമെന്നതാണ് ദൈവത്തിന്റെ അഭിലാഷം. സ്വന്തം കുറ്റം കൂടാതെ, ക്രിസ്തുവിന്റെ സുവിശേഷത്തെയും അവിടുത്തെ സഭയെയും അറിയാതിരിക്കുകയും അതേസമയം ആത്മാര്‍ഥഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുകയും മനഃസാക്ഷിയുടെ സ്വരത്തിലൂടെ പ്രകടമാകുന്ന ദൈവതിരുമനസ്സ് പ്രസാദവരത്തിന്റെ പ്രചോദനങ്ങള്‍ക്കനുസൃതമായി നിറവേറ്റാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യരക്ഷ പ്രാപിക്കാം (തിരുസഭ 16).
5. സകല മനുഷ്യരും ക്രിസ്തുവിന്റെ രക്ഷാകര രഹസ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത് എന്ന് കൗണ്‍സില്‍ പഠിപ്പിച്ചു. ക്രിസ്തു മരിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണ്. എല്ലാ മനുഷ്യര്‍ക്കും പെസഹാരഹസ്യവുമായി സംയോജിക്കാനുള്ള സാധ്യത പരിശുദ്ധാത്മാവ് നല്‍കുന്നുണ്ട് (സഭ ആധുനികലോകത്തില്‍ 22).
2. ഇതരമതാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അവയില്‍ത്തന്നെ രക്ഷാകരമാണോ?
മറ്റു മതങ്ങളോട് തുറവിയുടെ മനോഭാവമാണ് കത്തോലിക്കാ സഭയ്ക്കുള്ളതെങ്കലും മറ്റു മതങ്ങളിലെ അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അവയില്‍ത്തന്നെ രക്ഷാകരമാണെന്നോ, രക്ഷയ്ക്ക് ക്രിസ്തുവും സഭയും ആവശ്യമില്ലെന്നോ സഭ പഠിപ്പിച്ചിട്ടില്ല. മറ്റു മതങ്ങളില്‍ സുവിശേഷത്തിനു വിരുദ്ധമല്ലാത്ത കാര്യങ്ങള്‍ക്ക് DOM DWM രക്ഷാകരമൂല്യമുള്ളത്, മറ്റു മതങ്ങളിലുള്ള രക്ഷാകരമൂല്യത്തിന്റെ സ്രോതസ്സും ക്രിസ്തു തന്നെയാണ്.
എല്ലാ മതങ്ങളും ഒരുപോലെ രക്ഷാദായകങ്ങളാണെന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നില്ല. അക്രൈസ്തവമതങ്ങളില്‍പെട്ടവര്‍ക്കും നിതൃരക്ഷ സാധ്യമാണെന്ന പ്രബോധനത്തിന് എല്ലാ മതങ്ങളും ഒരുപോലെയാണെന്ന് അര്‍ഥമില്ല (ഏഷ്യയിലെ സഭ 20).
യേശുക്രിസ്തുവിലൂടെയല്ലാതെ ആര്‍ക്കും ദൈവവുമായി കൂട്ടായ്മയിലാകാന്‍ സാധ്യമല്ല. മറ്റെല്ലാ മധ്യസ്ഥരും അവരുടെ മധ്യസ്ഥതയും യേശുവിന്റെതന്നെ മധ്യസ്ഥതയില്‍നിന്നാണ് അര്‍ഥവും മൂല്യവും സ്വീകരിക്കുന്നത്. യേശുവിന്റെ മാധ്യസ്ഥ്യത്തിനു പകരംനില്‍ക്കുന്നവയായി ഇവയെ മനസ്സിലാക്കാന്‍ സാധ്യമല്ല. മറ്റു മാധ്യസ്ഥങ്ങളുടെ രക്ഷാകരമൂല്യം അവ യേശുവിന്റെ അനന്യവും ഏകവുമായ മധ്യസ്ഥത്തില്‍ പങ്കുകൊള്ളുന്നതുകൊണ്ട് മറ്റു മധ്യസ്ഥരെ യേശുവിനോട് തുല്യതപ്പെടുത്താന്‍ സാധ്യമല്ല (രക്ഷകന്റെ മിഷന്‍ 8).
‘യേശുക്രിസ്തുവിന്റെ വെളിപാടിന് പരിമിതവും അപൂര്‍ണ്ണവുമായ സ്വഭാവമാണുള്ളതെന്നും അത് മറ്റു മതങ്ങളില്‍ കാണുന്നതിന്റെ പൂരകമായിരിക്കാമെന്നുമുള്ള സിദ്ധാന്തം സഭയുടെ വിശ്വാസത്തിനു വിരുദ്ധമാണ്. കത്തോലിക്കാ വിശ്വാസമനുസരിച്ച് രക്ഷാകര ദൈവരഹസ്യത്തിന്റെ പൂര്‍ണ്ണമായ വെളിപാട് യേശുക്രിസ്തുവില്‍ നല്‍കപ്പെട്ടു. തന്മൂലം യേശുവിന്റെ വാക്കുകളും പ്രവൃത്തികളും ചരിത്രപരമായ മുഴുവന്‍ സംഭവവും മാനുഷികയാഥാര്‍ഥ്യങ്ങളെന്ന നിലയില്‍ പരിമിതങ്ങളാണെങ്കിലും, അവയുടെ കര്‍ത്താവ്, യഥാര്‍ഥ ദൈവവും യഥാര്‍ഥ മനുഷ്യനുമായ മനുഷ്യാവതാരം ചെയ്ത വചനത്തിലെ ദൈവികവ്യക്തിയാണ്. ഇക്കാരണത്താല്‍ അവയ്ക്ക് ദൈവത്തിന്റെ രക്ഷാകരമാര്‍ഗങ്ങളുടെ വെളിപാടിന്റെ അന്തിമത്വവും പൂര്‍ണ്ണതയും ഉണ്ട് (കര്‍ത്താവായ യേശു 6).
3. മതാന്തരസംവാദത്തിന്റെ പ്രാധാന്യം
മതാന്തരസംവാദത്തിന്റെ നന്മകള്‍ സഭ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. ”സഭാതനയര്‍ ഇതരമതാനുയായികളുമായി വിവേകത്തോടും സ്‌നേഹത്തോടുംകൂടെ വിശ്വാസത്തിനും ക്രിസ്തീയജീവിത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് സംഭാഷണത്തിലും സഹകരണത്തിലും ഏര്‍പ്പെടണം. ഇതരമതങ്ങളിലുള്ള ആധ്യാത്മികവും ധാര്‍മ്മികവുമായ നന്മകളും സാമൂഹ്യ-സാംസ്കാരികമൂല്യങ്ങളും അംഗീകരിച്ച് പരിരക്ഷിക്കുകയും സമൃദ്ധമാക്കുകയും ചെയ്യണം” (അക്രൈസ്തവമതങ്ങള്‍ 2).
മനുഷ്യവംശത്തിന്റെ മുഴുവന്‍ ഐകൃത്തിന്റെ കൂദാശ എന്ന നിലയില്‍ എല്ലാ ജനതകളുമായും എല്ലാക്കാലത്തും എല്ലാ സ്ഥലത്തും സംവാദത്തില്‍ പ്രവേശിക്കാതിരിക്കാന്‍ സഭയ്ക്കു സാധ്യമല്ല. സഭൈക്യപരമായ സംവാദവും മതാന്തരസംവാദവും സഭയുടെ ഒരു യഥാര്‍ഥവിളിയാണ്” (ഏഷ്യയിലെ സഭ 29).
എല്ലാ മതവും ഒരുപോലെ സത്യമാണെന്നു പറയുകയല്ല മതാന്തരസംവാദത്തിന്റെ ലക്ഷ്യം. പരസ്പരം അറിയാനും വളര്‍ത്താനുമുള്ള ഉപാധി എന്ന നിലയിലാണ് മതാന്തരസംവാദത്തെ മനസ്സിലാക്കേണ്ടത്. യേശുക്രിസ്തുവിലൂടെ പരിശുദ്ധാത്മാവില്‍ ലോകത്തിനും മനുഷ്യവര്‍ഗം മുഴുവനിലും പൂര്‍ത്തിയാക്കിയതും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ പ്രവര്‍ത്തനങ്ങളെ കണ്ടെത്താനും വിശ്വാസത്തില്‍ ആഴപ്പെടാനും ക്രിസ്തുവിന്റെ അനന്യതയെക്കുറിച്ച് കൂടുതല്‍ അവഗാഹമുള്ളവരാകാനും മതാന്തരസംവാദം സഹായിക്കും.
ക്രൈസ്തവസന്ദേശത്തിന്റെ വൃതിരിക്തങ്ങളായ ഘടകങ്ങളെ കൂടുതല്‍ വ്യക്തമായി കാണാന്‍ ഇതു സഹായിക്കും. ”മതാന്തരസംവാദം പരസ്പരമുള്ള അറിവിനെയും സമ്പത്തിനെയും പരിപോഷിപ്പിക്കുന്ന മാര്‍ഗമെന്ന നിലയ്ക്ക് സഭയുടെ ലോകത്തിലുള്ള സുവിശേഷപ്രഘോഷണത്തിന് വിരുദ്ധമായ ഒന്നല്ല, തീര്‍ച്ചയായും മതാന്തരസൗഹൃദശ്രമങ്ങള്‍ പ്രേഷിതപ്രവര്‍ത്തനത്തിന്റെ മാറ്റിനിര്‍ത്താനാവാത്ത രൂപമാണ്” (രക്ഷകന്റെ മിഷന്‍ 55).
മതാന്തരസംവാദം പ്രഘോഷണത്തിലേക്കു നയിക്കുന്നതാകണം. മറ്റു മതങ്ങളും ക്രിസ്തുമതവും തമ്മിലുള്ള വ്യത്യാസങ്ങളെ തിരിച്ചറിയാനും അവയിലെ നന്മകളെ മനസ്സിലാക്കാനും സാധിക്കണം. മറ്റു മതപാരമ്പര്യങ്ങളിലെ എല്ലാ ഘടകങ്ങളും സ്വീകാര്യമാണെന്ന് അര്‍ഥമില്ല (സംവാദവും പ്രഘോഷണവും 31).
എല്ലാ മതങ്ങളും ഒരുപോലെ രക്ഷാദായകങ്ങളാണെന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നില്ല. അക്രൈസ്തവമതങ്ങളില്‍പെട്ടവര്‍ക്കും നിത്യരക്ഷ സാധ്യമാണെന്ന പ്രബോധനത്തിന് എല്ലാ മതങ്ങളും ഒരുപോലെയാണെന്ന് അര്‍ഥമില്ല. സ്വന്തം മതത്തില്‍ ആഴമേറിയ വിശ്വാസവും ബോധ്യവുമുള്ള വൃക്തികള്‍ തമ്മിലാണ് മതാന്തരസംവാദത്തില്‍ ഏര്‍പ്പെടേണ്ടത്. അതുകൊണ്ടുതന്നെ ആഴമേറിയ വിശ്വാസം സ്വന്തം മതതത്വങ്ങളില്‍ ഉണ്ടാകുന്നത് ഒരിക്കലും മതാന്തരസംവാദത്തിന് എതിരല്ല. ”യേശുക്രിസ്തുവിനെപ്പറ്റി അക്രൈസ്തവരോട് പ്രഘോഷിക്കുന്നതില്‍നിന്നു മാറിനില്‍ക്കാനുള്ള ക്ഷണമല്ല ഇതരമതങ്ങളോടുള്ള ആദരവും ബഹുമാനവും സഹവര്‍ത്തിത്വവും കൊണ്ട് അര്‍ഥമാക്കുന്നത് (ഏഷ്യയിലെ സഭ 20).
വിവിധ മതപാരമ്പര്യങ്ങള്‍ക്ക് ദൈവത്തില്‍നിന്നു വരുന്ന മതാത്മകഘടകങ്ങളുണ്ട്. പരിശുദ്ധാത്മാവ് മനുഷ്യഹൃദയങ്ങളിലും ജനതകളുടെ ചരിത്രത്തിലും സംഭവിപ്പിക്കുന്നവയാണവ. മറ്റു മതങ്ങളുടെ ചില പ്രാര്‍ഥനകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും സുവിശേഷത്തിനുള്ള ഒരുക്കത്തിന്റെ ധര്‍മ്മമുണ്ടായേക്കാം. എന്നുകരുതി സഭയെ മറ്റു മതങ്ങളെപ്പോലെ രക്ഷയുടെ ഒരു മാര്‍ഗമായി മാത്രം കാണുന്നത് ശരിയല്ല. മറ്റു മതങ്ങളെ സഭയുടെ പൂരകങ്ങളായിട്ടോ, സഭയോടു സത്താപരമായി തുല്യതയുള്ളവയായിട്ടോ കാണുന്നത് കത്തോലിക്കാ വിശ്വാസത്തിനു വിരുദ്ധമാണ് (കര്‍ത്താവായ യേശു 21).
മതാന്തരസംവാദവും വിജാതീയരുടെ ഇടയിലുള്ള പ്രേഷിതപ്രവര്‍ത്തനവും എല്ലാക്കാലത്തുമെന്നപോലെ ഇന്നും പ്രസക്തമാണ്, അത്യാവശ്യവുമാണ്. മതാന്തരസംവാദം സഭയുടെ സുവിശേഷവൽക്കരണദൗത്യത്തിന്റെ ഒരു ഭാഗമെന്ന നിലയില്‍ വിജാതീയര്‍ക്കായുള്ള സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ്. മാതാന്തരസംവാദത്തിലെ ഒരു മുന്‍വ്യവസ്ഥയായ സമത്വം, സൈദ്ധാന്തികമായ ഉള്ളടക്കത്തിന്റെ സമത്വത്തെയല്ല, സംഭാഷണത്തിലേര്‍പ്പെടുന്നവരുടെ വ്യക്തിപരമായ മഹത്വത്തിന്റെ സമത്വത്തെയാണ് ഉദ്ദേശിക്കുന്നത്. മനുഷ്യനായിത്തീര്‍ന്ന ദൈവമായ യേശു ക്രിസ്തുവിന്റെ സ്ഥാനം മറ്റു മതസ്ഥാപകരുടെ സ്ഥാനത്തോടു തുല്യമാണെന്ന് അതുകൊണ്ട് അര്‍ഥമാക്കുന്നില്ല (കര്‍ത്താവായ യേശു 22).
4. ഓണം ഒരു സാംസ്കാരിക ആഘോഷം
ഓണം ഒരു സാംസ്കാരിക ആഘോഷമായാണ് കേരളീയര്‍ മനസ്സിലാക്കുന്നത്. ഏതെങ്കിലുമൊരു മതവിശ്വാസത്തിന്റെ ആഘോഷമായി മനസ്സിലാക്കിയിട്ടില്ല ക്രൈസ്തവര്‍ ഇത് ആഘോഷിക്കുന്നതും. ഓണവുമായി ബന്ധപ്പെട്ട നമ്മുടെ നാട്ടിലുള്ള ഓണസദ്യയും ഓണക്കളികളും പൂക്കളങ്ങളും വടംവലി മുതലായ മത്സരങ്ങളും പുലികളിയുമെല്ലാം ഈ സംസ്കാരിക ആഘോഷത്തിന്റെ ഭാഗംതന്നെയാണ്. മനുഷ്യര്‍ തമ്മില്‍ സ്‌നേഹവും സൗഹൃദവും സന്തോഷവും പ്രകടിപ്പിക്കുന്ന ഒരു ആഘോഷം എന്നതിനപ്പുറത്തേക്ക് വിശ്വാസത്തിലധിഷ്ഠിതമായ ഒരു വ്യാഖ്യാനം ക്രൈസ്തവര്‍ ഓണത്തിനു നല്‍കുന്നില്ല. അതുകൊണ്ടുതന്നെ ഒരു സാംസ്കാരിക ആഘോഷം എന്ന രീതിയില്‍ ഓണം ആഘോഷിക്കുന്നത് തെറ്റാണെന്നു പറയാന്‍ സാധിക്കുകയില്ല.
മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഓണാഘോഷത്തെ കാണാന്‍ നമുക്കു സാധിക്കട്ടെ. വിശ്വാസ സംബന്ധമായ ഒരു വ്യാഖ്യാനവും ക്രൈസ്തവര്‍ ഓണാഘോഷത്തിനു നല്‍കേണ്ടതില്ല, ഒരു സാംസ്കാരിക ആഘോഷം എന്ന നിലയിലാണ് ഇക്കാലമ്രതയും ഓണം നാം ആഘോഷിച്ചിട്ടുള്ളത്; ഇനിയും അപ്രകാരമാണ് വേണ്ടത്.
ഏതെങ്കിലുമൊരു പ്രത്യേക മതത്തിന്റെയോ, ജാതിയുടെയോ ആഘോഷമായിട്ടല്ല, സകല മനുഷ്യരും ആഗ്രഹിക്കുന്ന, സത്യത്തിലും സ്‌നേഹത്തിലും നീതിയിലും അടിസ്ഥാനമിട്ട മാനവസമൂഹം വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രചോദനമാണ് ഓണാഘോഷം നമുക്കു നല്‍കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഓണാഘോഷത്തെ നമുക്ക് മനസ്സിലാക്കാം, ആഘോഷിക്കാം.
ഡോ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍
മാര്‍ ടോണി നീലങ്കാവില്‍ (സീറോ മലബാര്‍ സഭയുടെ ഡോക്ട്രൈനല്‍ കമ്മീഷന്‍, ചെയര്‍മാന്‍)
മാര്‍ ജോസ് പുളിക്കല്‍ (സീറോമലബാര്‍ സഭയുടെ ഡോക്ട്രൈനല്‍ കമ്മീഷന്‍, മെമ്പര്‍)
മാര്‍ ജോസഫ് പാംബ്ലാനി (സീറോമലബാര്‍ സഭയുടെ ഡോക്ട്രൈനല്‍ കമ്മീഷന്‍, മെമ്പര്‍)