മദർ തെരേസയും ഡൊമനിക് ലാപ്പിയറും: ‘ആനന്ദനഗര’ത്തിലെ കാരുണ്യത്തിന്റെ മാലാഖയും സാഹിത്യകാരനും

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

കൽക്കത്തായിലെ ഒരു തെരുവിന്റെ കഥ പറയുന്ന കല്പിതകഥയാണ് പ്രശസ്ത ഫ്രഞ്ചു സാഹിത്യകാരനായ ഡൊമനിക് ലാപ്പിയറിന്റെ ‘ആനന്ദ നഗരം’ (City of Joy). വായന തുടങ്ങിയാൽ കഥയുടെ അവസാനം കാണാതെ താഴെ വയ്ക്കാൻ തോന്നാത്ത ഒരു മനോഹര കൃതിയാണിത്. മാത്രമല്ല, വായനക്കാരിൽ വലിയ പരിവർത്തനം വരുത്തി കൂടുതൽ നന്മയും കരുണയുമുള്ളവനാക്കിത്തീർത്ത് മനുഷ്യസേവനത്തിലേയ്ക്ക് ഈ കൃതി ഒരുവനെ ആനയിക്കുകയും ചെയ്യുന്നു. മദർ തെരേസയെന്ന കാരുണ്യത്തിന്റെ മാലാഖയാണ് ഡൊമനിക് ലാപ്പിയർ എന്ന കഥാകാരന് ആനന്ദ നഗരത്തെ പരിചയപ്പെടുത്തുന്നത്. ഈ രണ്ടു മനോഹര ജന്മങ്ങൾ പരസ്പരം പ്രചോദിപ്പിച്ച് അനേകം ജീവിതങ്ങൾക്ക് പ്രത്യാശ നല്കിയിട്ടുണ്ട്. ഡൊമനിക് ലാപിയറിന്റെ ജീവിതത്തിൽ മദർ തെരേസ ചെലുത്തിയ സ്വാധീനത്തിന്റെ ഒരു ചെറുവിശകലനമാണ് ഈ ലേഖനം.

കൽക്കത്തായുടെ പുണ്യം

“കൽക്കത്തയെന്നാൽ ബംഗാളി ഭാഷയിൽ “കാളിദേവിയുടെ സ്ഥലം’ എന്നാണർഥം  എന്നാൽ ഇന്ന് അത് ലോകത്തിൽ അറിയപ്പെടുന്നത് മദർ തെരേസയുടെ പ്രവർത്തനമണ്ഡലമെന്ന നിലയിലാണ്. 1928-ൽ അൽബേനിയയിൽ നിന്ന് തന്റെ 18-ാം വയസ്സിൽ അയർലണ്ടിലെ ലൊറേറ്റോ സന്യാസിനീ സമൂഹത്തിൽ അംഗമായി, അവിടെനിന്നും ഇന്ത്യയിലെ കൽക്കത്താ നഗരത്തിലേയ്ക്ക് മദർ തെരേസ അധ്യാപികയായി വന്നത് കൽക്കത്തായുടെ പുണ്യമായി പരിണമിച്ചു. എന്നാൽ 1946-ൽ അധ്യാപനത്തിൽ നിന്ന്, തെരുവിൽ കഴിയുന്ന ആരുമില്ലാത്തവരുടെ, ആർക്കും വേണ്ടാത്തവരുടെ അമ്മയാകാനുള്ള ഉൾവിളിയാണ് കൽക്കത്തായുടെയും മദർ തെരേസയുടെയും ജീവിതകഥ തിരുത്തിയെഴുതിയത്. ഇന്ന് മദർ സ്ഥാപിച്ച ഉപവിയുടെ സന്യാസിനി സമൂഹം 5000-ത്തിലധികം അംഗങ്ങളുള്ള 135-ലധികം രാജ്യങ്ങളിൽ പാവങ്ങളുടെയും പരിത്യക്തരുടെയും കണ്ണീരൊപ്പുന്ന വലിയ പ്രസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഡൊമനിക് ലാപ്പിയറെന്ന സാഹിത്യകാരൻ

2022 ഡിസംബർ 4-ന് അന്തരിച്ച അദ്ദേഹം സാഹിത്യലോകത്തും, സാമൂഹികസേവനരംഗത്തും വളരെ സജീവമായിരുന്നു. കുറേയേറെ അറിയപ്പെടുന്ന ഗ്രന്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം. “ആനന്ദ നഗരം” (The City of Joy), “സ്നേഹത്തിനുമപ്പുറം” (Beyond Love), “ഒരായിരം സൂര്യൻമാർ” (AThousand Suns) “രാത്രിയിലെ മഴവില്ല്” (A Rain- bow in the Night) എന്നിവ അദ്ദേഹത്തിന്റെ ചില എടുത്തുപറയത്തക്ക കൃതികളാണ്. കൂടാതെ പ്രശസ്ത അമേരിക്കൻ സാഹിത്യകാരനായ ലാറി കോളിൻസുമായി ചേർന്ന് സ്വാതന്ത്ര്യം അർധരാത്രിയിൽ (Freedom at Midnight), “പാരീസ് കത്തുകയാണോ? (Is Paris Burning?) “ഒ, ജറുസലേം!” (O, Jerusa lem!) “ന്യൂയോർക്ക് കത്തുകയാണോ?” (Is New York Burning?) തുടങ്ങിയ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മഹത്തായ സേവനങ്ങളെ കണക്കിലെടുത്ത് 2008-ൽ ഭാരതത്തിന്റെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷൻ നല്കി രാജ്യം ലാപ്പിയറിനെ ആദരിച്ചിട്ടുണ്ട്.

മദർ തെരേസയുടെ സ്വാധീനം

ലോകചരിത്രത്തിലെ പല വിശുദ്ധരുടെയും മഹാത്മാരുടെയും ജീവിതമാറ്റത്തിനു നിദാനമായി ഭവിച്ചിട്ടുള്ളത് അവരെ സ്വാധീനിച്ച വലിയ മനുഷ്യരുമായുള്ള കണ്ടുമുട്ടലാണ്. ഇഗ്നേഷ്യസ് ലയോളയെന്ന വിശുദ്ധനെ പാരീസ് സർവ്വകലാശാലയിൽ വച്ചു കണ്ടുമുട്ടിയതാണ് ഫ്രാൻസിസ് സേവ്യറെന്ന വിശുദ്ധനെ ലോകത്തിനു സമ്മാനിച്ചത്. മദർ തെരേസയുമായുള്ള കണ്ടുമുട്ടൽ ലാപ്പിയറിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കു കാരണമായി. 1980 കളിലാണ് അദ്ദേഹം കൽക്കത്തായിൽ വരുന്നതും മദർ തെരേസയുടെ ആതിഥ്യം സ്വീകരിക്കുന്നതും. കഥയെഴുത്തൊന്നും അദ്ദേഹത്തിന്റെ ആഗമനോദ്ദേശത്തിൽ പെട്ടിരുന്നില്ല. മദർ തെരേസ അദ്ദേഹത്തിനു പരിചയപ്പെടുത്തിയ “ആനന്ദ നഗർ’ എന്ന തെരുവിലെ 150 കുഷ്ഠരോഗികളായ കുഞ്ഞുങ്ങളുടെ ജീർണ്ണാവസ്ഥയിലായിരുന്ന ഭവനം അദ്ദേഹവും ഭാര്യയും ദത്തെടുത്തു. ഒരു സന്ദർശനത്തിനായി മാത്രം അവിടെ വന്ന അവർ അങ്ങനെ രണ്ടു വർഷം ‘ആനന്ദ നഗരത്തിൽ താമസിച്ചു. തന്റെ ജീവിതത്തിൽ അതുവരെ കാണാത്തത്ര സന്തോഷവും, സമാധാനവും, അതോടൊപ്പം കഠിനമായ രോഗങ്ങളും, വേദനയും കഷ്ടപ്പാടും അദ്ദേഹം ദർശിച്ചു.

ആനന്ദ നഗരത്തിന്റെ കഥ

1985-ൽ പ്രസിദ്ധീകരിച്ച ഈ കൃതി മദർ തെരേസയുടെ പ്രവർത്തനമണ്ഡലമായ കൽക്കത്തായുടെ ചിത്രം ശരിയ്ക്കും വരച്ചുകാട്ടിത്തരുന്നു. ഇതൊരു കല്പിതകഥയാണെങ്കിലും ഇതിലെ കഥാപാത്രങ്ങളെല്ലാം യഥാർഥ ജീവിതത്തിൽ നിന്നും പറിച്ചു നടപ്പെട്ടവരാണെന്നു ലാപ്പിയർ പറയുന്നു. പൊടിയും അഴുക്കും, ജീർണ്ണതയും, വേദനയും, കുഷ്ഠം പോലെയുള്ള മാരകരോഗങ്ങളും മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമാണിവിടെ. എന്നാൽ ഇതിനെയൊക്കെ അതിലംഖിക്കുന്ന വിശ്വസ്തതയും, സ്നേഹവും, കാരുണ്യവും, ഔദാര്യതയും, സഹനവും, വിശ്വാസവും, വിശുദ്ധിയുമെല്ലാം ഈ അഴുക്കുചാലിനെ “ആനന്ദ നഗരമാക്കി മാറ്റുന്നു. ലക്ഷക്കണക്കിനു മനുഷ്യജന്മങ്ങൾ കൂടിക്കിടക്കുന്ന ഇവിടെ കുളങ്ങളോ, പൂക്കളോ, പൂമ്പാറ്റയോ, കിളികളുടെ സംഗീതമോ ഇല്ല. എന്നാൽ കാകനും, കഴുകനും ഉഷ്ണകാലത്തും കാലവർഷത്തിന്റെ ചെളിനിറഞ്ഞ അവസ്ഥയിലും ഇഷ്ടം പോലെ വിഹരിക്കുന്നതും കാണാം.

കഥയുടെ സംഗ്രഹം

കാലവർഷം കനിയാത്തതിനാൽ ഭൂമിദേവിയുടെ അനുഗ്രഹം നഷ്ടപ്പെട്ട നിഷ്കളങ്കനായ ഗ്രാമവാസി ഹസാരി പാളിന്റെയും കുടുംബത്തിന്റെയും ദുരിതകഥ പറഞ്ഞുകൊണ്ടാണു നോവൽ ആരംഭിക്കുന്നത്. തന്റെ വളർത്തുമൃഗങ്ങളും, ഭാര്യയുടെ നിസാരങ്ങളായ ആഭരണങ്ങൾപോലും കടക്കാർ കൊണ്ടുപോകുന്നത് നിറകണ്ണുകളോടെ കാണാനേ ഹസാരി പാളിനു കഴിയുമായിരുന്നുള്ളൂ. അങ്ങനെ ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തവൻ ഭാഗ്യപരീക്ഷണാർഥം കൽക്കത്തായെന്ന വലിയ നഗരത്തിലെ അനേകായിരങ്ങളിൽ ഒരാളായി മാറുന്നു. മനുഷ്യനെ മനുഷ്യൻ വലിച്ചുകൊണ്ടുപോകുന്ന റിക്ഷാക്കാരനാകാനുള്ള ഭാഗ്യം ഹസാരി പാളിനു ലഭിക്കുന്നത് ഒരു ദൗർഭാഗ്യവാൻ കാലിടറി വീഴുമ്പോൾ അവന്റെ നുകം തോളിലേറ്റുമ്പോഴാണ്. അങ്ങനെയിരിക്കുമ്പോൾ ആനന്ദനഗരത്തിന്റെ ദുരികമകറ്റാൻ അവിടേയ്ക്ക് സ്റ്റീഫൻ കൊവാൾസ്കി എന്ന പോളിഷ് കത്തോലിക്കാ പുരോഹിതനും, മാക്സ് ലാബ് എന്ന അമേരിക്കൻ ഡോക്ടറും കടന്നുവരുന്നു. ഇവരും, ഇവരോടു ബന്ധപ്പെട്ടിരിക്കുന്നവരുടെയും കഥ പട്ടിണിയും, രോഗവും, ദുരിതവും, മരണവുംമൊക്കെയായി കെട്ടു പിണഞ്ഞു കിടക്കുന്നു. നന്മയുള്ള ഒരു കൂട്ടം മനുഷ്യർ ഇരുളിൽ തെളിയും വെളിച്ചം പോലെ ആനന്ദ നഗരത്തെ വ്യത്യസ്ഥമാക്കുന്നു. ഓരോ ജീവിതവും വിലപ്പെട്ടതാണെന്നും, അതിന്റെ പൂർണ്ണതയിൽ തന്നെ അതു ജീവിക്കേണ്ടതാണെന്നും ഈ കഥാപാത്രങ്ങൾ നമ്മെ പഠിപ്പിക്കുന്നു. കൊടുക്കുന്നതാണ് “ആനന്ദ നഗരത്തിലെ ഏറ്റം വലിയ ആനന്ദം. “അല്പം സ്നേഹം അത്ഭുതങ്ങൾ സൃഷ്ടിക്കും” :

മദർ പഠിപ്പിച്ച പാഠം

ധാരാളം ഗ്രന്ഥങ്ങൾ രചിച്ചുവെങ്കിലും ആനന്ദ നഗരമാണ് ലാപ്പിയറിന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയത്. വായനക്കാരിൽ ഉണ്ടാകണമെന്നാഗ്രഹിക്കുന്ന മാറ്റം എഴുത്തുകാരനിൽ സംഭവിച്ചുകഴിഞ്ഞു. മദർ തെരേസയാണ് ലാപ്പിയറിനോടു പറഞ്ഞത്: “കരുണ പ്രത്യാശ ഉളവാക്കും, അല്പം സ്നേഹം അത്ഭുതങ്ങൾ സൃഷ്ടിക്കും. അങ്ങനെ “ആനന്ദ നഗര സഹായം” (City of Joy Aid) എന്ന ഒരു സന്നദ്ധ സംഘടന അദ്ദേഹം ആരംഭിച്ചു. ഡോക്ടർമാരും, നേഴ്സുമാരുമുൾപ്പെടെയുള്ള അനേകായിരം സന്നദ്ധപ്രവർത്തകരെ പാവങ്ങളെ സഹായിക്കാനായി അദ്ദേഹം ഒരുക്കി. ഇന്നും കുഷ്ഠവും ക്ഷയവുമൊക്കെയായി കഴിയുന്ന ലക്ഷക്കണക്കിന് രോഗികൾക്ക് ഇവൻ സാന്ത്വനമായി മാറുന്നു. തന്റെ പുസ്തകത്തിൽ നിന്നും, പ്രസംഗങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനവും സന്മനസ്സുള്ളവരുടെ സംഭാവനയും കൽക്ക തായിലെ തെരുവിനെ “ആനന്ദ നഗരം മാക്കി മാറ്റാൻ അദ്ദേഹം ഉപയോഗിക്കുന്നു.

ആഴമായ ദൈവവിശ്വാസത്തിലധിഷ്ഠിതമായ ജീവിതം

മദർ തെരേസയുടെ ജീവിതം, ജീവിക്കുന്ന ദൈവത്തിന്റെ നേർസാക്ഷ്യമാണെന്ന് ലോകം മുഴുവൻ അറിയുന്ന സത്യമാണ്. ലാപ്പിയറിന്റെ കത്തോലിക്കാവിശ്വാസവും അതു അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തിലും, കാരുണ്യ പ്രവർത്തനങ്ങളിലും ചെലുത്തുന്ന സ്വാധീനവും അധികമാർക്കും അറിവില്ല. ഈ വിശ്വാസം അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും കിട്ടിയതാണ്. മദർ തെരേസയോടും, ജോൺ പോൾ രണ്ടാമൻ മാർപാപ്പയോടുമുള്ള അടുപ്പം അതു സജീവമായി നിർത്തുന്നതിന് ലാപ്പിയ സഹായിച്ചു. എന്നാൽ മാരകമായ ക്യാൻസറിനോടുള്ള പ്രതിരോധമായി ലാപ്പിയർ തന്റെ വിശ്വാസത്തെ എടുത്തുപയോഗിച്ചു. ശസ്ത്രക്രിയയുടെ ദിവസം അദ്ദേഹത്തിനു മദർ തെരേസയിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ കത്തിലെ വാചകം ഇപ്രകാരമായിരുന്നു. “എന്റെ എല്ലാ സിസ്റ്റേഴ്സിനോടും താങ്കൾക്കു വേണ്ടി പ്രാർഥിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്. ആ എഴുത്ത് ആശുപത്രിമുറിയുടെ ജനലിൽ അദ്ദേഹം ഒട്ടിച്ചുവച്ചു. അത്ഭുതകരമായി അദ്ദേഹത്തിന്റെ രോഗം സുഖപ്പെടുകയും ചെയ്തു.

തലമുറകൾക്കു പ്രചോദനം

ഒരു എഴുത്തുകാരന് വലിയ കാര്യങ്ങളെ വിവരിച്ച് നല്ല എഴുത്തുകാരനാകാം. എന്നാൽ തന്റെ തൂലിക മനുഷ്യനന്മക്കായിട്ട് ചലിപ്പിച്ച് അനേകജീവിതങ്ങളെ മാറ്റിമറിക്കുകയും ചെയ്യാം. ഒരു ഹെമിംഗ് വേയും മദർ തെരേസയും ഒരാളിൽ ഒന്നിച്ചിരിക്കുന്നതാണ് ഡൊമനിക് ലാപ്പിയർ. അതുകൊണ്ടാണ് ഒരു മരിയഭക്തൻ എപ്പോഴും ജപമാലകൊണ്ടു നടക്കുന്നതുപോലെ കൽക്കത്തായിലെ തെരുവിലെ റിക്ഷാക്കാരന്റെ വണ്ടിയിലെ ചെറിയ മണി, ലാപിയർ തന്റെ പോക്കറ്റിൽ കൊണ്ടുനടക്കുന്നത്. അതുപോലെ തന്നെ പാവങ്ങളെ പരിപാലിക്കുന്നതിന് പണം ഇല്ലാതെ വന്നപ്പോൾ തന്റെ സ്വന്തം വീടുവിറ്റു പണം കണ്ടെത്താൻ മനസു കാണിച്ചത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റം വലുതും ദാരിദ്ര്യം നിറഞ്ഞതുമായ ഒരു മഹാനഗരമായിരുന്നു കൽക്കത്ത. തന്റെ അരനൂറ്റാണ്ടുകാലത്തെ നിസ്വാർഥ സേവനത്തിന്റെ ഫലമായി കൽക്കത്താ നഗരത്തിലെ അനേകലക്ഷം ആളുകളുടെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള പാവങ്ങളുടെ ഭാഗധേയം തിരുത്തിക്കുറിക്കുവാൻ മദർ തെരേസയ്ക്ക് സാധിച്ചു. ആ പുണ്യവതിയുടെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന കൽക്കത്ത, ഇന്നു പാവനയായ തീർഥാടക കേന്ദ്രമായിരിക്കുന്നു. പാവങ്ങളുടെ പക്ഷത്തായിരുന്നു കൊണ്ട് മദർ തെരേസയുടെ പ്രവർത്തനങ്ങളെ നെഞ്ചിലേറ്റുന്ന അനേകായിരം ഡൊമിനിക് ലാപ്പിയർമാർ ഇനിയും ഉദയം ചെയ്യട്ടെയെന്നു നമുക്കു പ്രാർഥിക്കാം

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.