ദൈവം നിറഞ്ഞു നിൽക്കുന്ന ഈ ലോകം കാണാൻ കാതറിനെ അനുവദിച്ചത് അവളുടെ അമ്മ പറഞ്ഞ ‘യെസ്’ ആയിരുന്നു. ഒപ്പം കരുതലിന്റെ കൂടാരമായി അമ്മയ്ക്ക് ഒപ്പം നിന്ന അപ്പന്റെ വിശ്വസ്തതയും. അവ്യക്തതകളുടെയും ചോദ്യങ്ങളുടെയും നടുവിൽ ദൈവത്തോടൊപ്പം ചുവടുറപ്പിച്ച തൃശ്ശൂർ മരത്താക്കര സ്വദേശികളായ പൊറുത്തുകാരൻ പ്രിന്റോ – ട്രീസ ദമ്പതികളെ കൂടുതൽ അറിയാം.
കണ്ണീരിന്റെ വാർത്ത
കുഴിക്കാട്ടുശ്ശേരി മദർ മറിയം ത്രേസ്യ ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം വരാന്ത! ഉള്ളിൽ പുതുജീവനും പേറിക്കൊണ്ട് ഒരുപാട് സ്വപ്നങ്ങളോടെ ഡോക്ടറെ കാണാൻ കാത്തുനിൽക്കുന്ന അമ്മമാർ! അവര്‍ക്കൊപ്പം അവരുടെ ജീവിത പങ്കാളികളും. ട്രീസയും പ്രിന്റോയും അവരുടെ ഇടയിൽ ഉണ്ടായിരുന്നു.
ചെക്കപ്പുകൾക്കൊടുവിൽ ഡോക്ടറെ സമീപിച്ചപ്പോൾ കുഞ്ഞിനു ചില തകരാറുകൾ ഉള്ളതിനാല്‍ ഒരു സ്കാൻ കൂടി ചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു. ആദ്യ കുഞ്ഞിനുശേഷം അഞ്ചുവർഷത്തെ പ്രാർഥനകൾക്കൊടുവിൽ രണ്ടാമത്തെ കുഞ്ഞിന്റെ തുടിപ്പുകള്‍ ഉള്ളില്‍ ഉയര്‍ന്നപ്പോള്‍ അവരുടെ മനസ്സിൽ ആശങ്കകൾ ഒന്നുമില്ലായിരുന്നു.
ഡോക്ടർ നിർദേശിച്ച സ്കാനിങ്ങിനൊടുവിൽ സ്കാന്‍ ചെയ്ത ഡോക്ടർ ഇരുവരെയും വിളിച്ച് കാര്യങ്ങൾ വിശദമാക്കി.
“നിങ്ങളുടെ കുഞ്ഞിന് സ്കെലിട്ടൽ ഡിസ്പ്ലേസിയ വിഭാഗത്തിൽപ്പെടുന്ന ഒരു ജനിതക രോഗമാണ്. ഭ്രൂണാവസ്ഥയിലുള്ള നിങ്ങളുടെ കുഞ്ഞിന് ഇപ്പോൾ തന്നെ അസ്ഥികളിൽ 20 ഓളം ഒടിവുകളുണ്ട്. കുഞ്ഞ് ജനനസമയത്തെ അതിജീവിക്കാൻ ഒട്ടും സാധ്യതയില്ല. ഇനി അതിജീവിച്ചാൽ തന്നെ ഈ രോഗത്തിന് ചികിത്സകൾ ഒന്നും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് അബോർഷൻ ആണ് ഞാൻ സജസ്റ്റ് ചെയ്യുന്നത്.”
രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന ആ ദമ്പതികളെ ഡോക്ടറിന്റെ വാക്കുകൾ വല്ലാതെ തകർത്തു കളഞ്ഞു.
പ്രവാചകനെപ്പോലെ ഒരു ഡോക്ടര്‍
അബോർഷൻ സജസ്റ്റ് ചെയ്ത ഡോക്ടറിന്റെ വാക്കുകള്‍ അവരുടെ മനസ്സുകളെ മുറിവേല്‍പ്പിച്ചു. മുറിഞ്ഞ ഹൃദയത്തോടെയാണ് സ്കാനിംഗ് റിപ്പോർട്ടുമായി ആ ദമ്പതിമാർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ. ഫിന്റോ ഫ്രാൻസിസിനെ സമീപിച്ചത്. രോഗത്തിന്റെ വരുംവരായ്കകളെക്കുറിച്ച് വ്യക്തമായി അറിയാവുന്ന അദ്ദേഹം ഒരു പ്രവാചകനെപ്പോലെ അവരോടു പറഞ്ഞു:
“ഞാൻ അബോർഷൻ ചെയ്യില്ല. നിങ്ങൾക്കത് ചെയ്യണമെങ്കിൽ മറ്റാരെയെങ്കിലും സമീപിക്കാം. എന്നാൽ, നിങ്ങൾ കുഞ്ഞിന് ജന്മം നൽകാൻ തീരുമാനിക്കുകയാണെങ്കിൽ, ഓരോ നിമിഷവും നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് ദൈവം നിങ്ങൾക്കു കാണിച്ചുതരും തീർച്ച.”
അവ്യക്തതകളുടെ നടുവിൽ ഹൃദയത്തിൽ കനലുമായി അവരിരുവരും ഹോസ്പിറ്റലിൽ നിന്നും പടിയിറങ്ങി. അബോർഷൻ ചെയ്യാൻ നിയമപരമായി അനുവാദമുള്ള 20 ആഴ്ച പൂർത്തിയാകാൻ ഏതാനും ദിവസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപ്പൻ അനുഗ്രഹം ചാർത്തിയ ‘ആമേൻ’
ഉള്ളിലെ ജീവനെ വേണ്ടെന്നു വയ്ക്കാൻ ആഗ്രഹമില്ലാതിരുന്നെങ്കിലും ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ നന്മയെക്കൂടി പരിഗണിച്ചുള്ള പ്രിയപ്പെട്ടവരുടെയും സ്നേഹിതരുടെയും അഭിപ്രായങ്ങൾ അവര്‍ ശ്രവിച്ചു. എങ്കിലും, ദൈവത്തോടാലോചിച്ച് അവസാന തീരുമാനത്തിലെത്താന്‍ അവര്‍ നിശ്ചയിച്ചു.
പ്രിന്റോ ഭാര്യയോട് പറഞ്ഞു:
“അബോർഷൻ വേണ്ടെന്നു വയ്ക്കുകയാണ് നല്ലതെന്ന് എന്റെ മനസ്സ് പറയുന്നെങ്കിൽ കൂടി നീയാണ് അമ്മ. ഏതു തീരുമാനവും എന്നെക്കാൾ കുറേക്കൂടി നിന്നെയാണ് സ്വാധീനിക്കുക. നിന്റെ തീരുമാനം എന്താണോ അതുതന്നെയായിരിക്കും എന്റേതും. അത് നമ്മുടെ തീരുമാനമായാണ് എല്ലാവരും അറിയുക.”
വിശ്വസ്തനായ ഭർത്താവിന്റെ വാക്കുകളുടെ കരുത്തിൽ, ആ അമ്മ കുഞ്ഞിനെ വേണം എന്ന തന്റെ ആഗ്രഹം വ്യക്തമാക്കി.
‘എന്താണ് ചെയ്യേണ്ടതെന്ന് ദൈവം നമുക്കു കാണിച്ചുതരും. ദൈവം വഴി നടത്തട്ടെ’ എന്ന ഡോക്ടറിന്റെ വാക്കുകൾ അനുസ്മരിച്ച് അവർ പരസ്പരം ശക്തിപ്പെടുത്തി.
“ആ തീരുമാനമെടുത്ത നിമിഷം മുതൽ കുഞ്ഞിനു ജന്മം നൽകുന്ന ദിനംവരെയും അതിരു കവിഞ്ഞ ആകുലതയോ ആശങ്കയോ എന്നെ അലട്ടിയിട്ടില്ല,” ട്രീസ പങ്കുവച്ചു.
അസ്ഥികൾ പൊട്ടുന്ന അപൂർവ രോഗം
ഉദരത്തിലുള്ള കുഞ്ഞിന് സ്കെലിറ്റൽ ഡിസ്പ്ലേസിയ വിഭാഗത്തിൽപെട്ട ഒരു രോഗം എന്നാണ് സ്കാനിങ് റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. എന്നാൽ, 20,000 പേരിൽ ഒരാൾക്ക് മാത്രം വരുന്ന ‘ഓസ്റ്റിയോജെനസിസ് ഇംപെര്‍ഫെക്ട’ അഥവാ ബ്രിട്ടില്‍ ബോൺ ഡിസീസ് എന്ന ജനിതകരോഗമായിരുന്നു കാതറിനെ ബാധിച്ചിരുന്നത്. അസ്ഥികൾ എളുപ്പത്തിൽ പൊട്ടുന്ന ഈ അപൂർവ രോഗം അപകടകാരിയാണ്. ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന അമ്മയുടെ ഗർഭപാത്രത്തിൽ ആയിരിക്കുമ്പോൾ പോലും നിരവധി ഒടിവുകൾക്ക് ഇത് കാരണമാകുന്നു. കാതറിന് ഗർഭപാത്രത്തിൽ വച്ചുതന്നെ 20 ഓളം ഒടിവുകൾ ഉണ്ടായിരുന്നു. മനുഷ്യ ശരീരത്തിൽ അസ്ഥികൾ രൂപപ്പെടാൻ സഹായകരമായ കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കുന്ന ജീനിലെ തകരാറാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. ഈ അസുഖം ബാധിച്ചിട്ടുള്ള കുഞ്ഞുങ്ങൾ പ്രസവസമയത്തെ അതിജീവിക്കാൻ ബുദ്ധിമുട്ടാണ്. അഥവാ ജനനസമയത്തെ അതിജീവിച്ചവർക്ക് കേൾവിക്കുറവ്, ശ്വസന പ്രശ്നങ്ങൾ, വളർച്ചാവൈകല്യങ്ങൾ തുടങ്ങി നിരവധി ശാരീരിക പ്രശ്നങ്ങളും നേരിടേണ്ടി വരും.
മാമോദീസ എന്ന അത്ഭുതം
ജനനത്തിനു മുൻപുള്ള അവസാന സ്കാനിംഗിൽ കുഞ്ഞിന്റെ ഒടിവുകളെല്ലാം സുഖപ്പെട്ടിരുന്നു എന്നത് വലിയൊരു ആശ്വാസമായിരുന്നു. ആ ഒടിവുകൾ എല്ലാം തന്നെ അതേ രീതിയിൽ സുഖപ്പെട്ടിരിക്കുന്നതിനാൽ കൈകാലുകൾക്കും ശരീരത്തിനും ഉണ്ടാകാൻ സാധ്യതയുള്ള വളവുകൾ ഏറെയായിരുന്നു. അതോടെ, കുഞ്ഞിന്റെ മരണത്തിനുവരെ സാധ്യതയുള്ളതായി മാറി പ്രസവ നിമിഷങ്ങൾ. അമ്മയെ സംബന്ധിച്ചിടത്തോളം സ്വന്തം ജീവനെ ബലിയർപ്പിക്കുന്നതിനു തുല്യമായ അവസ്ഥയായിരുന്നു അത്. കാരണം താൻ ഇത്രനാളും പ്രതീക്ഷയോടെ ഉദരത്തിൽ കൊണ്ടുനടന്ന കുഞ്ഞിനെ ജീവനോടെ ലഭിക്കുമോ എന്ന ഒരുറപ്പും ആ അമ്മയ്ക്ക് ഇല്ലായിരുന്നു. പ്രാർഥനയോടെ ഒപ്പമുണ്ടായിരുന്ന ഡോക്ടർ ഫിന്റോയുടെ നിർദേശപ്രകാരം നോർമൽ ഡെലിവറിക്കു തന്നെ ശ്രമിച്ചു.
ദൈവനിയോഗം പോലെ, ഒടിവകൾ ഒന്നുമില്ലാതെ കുഞ്ഞിനെ ലഭിച്ചെങ്കിലും ആദ്യത്തെ 13 ദിവസങ്ങൾ ഏറെ നിർണ്ണായകമായിരുന്നു. സാധാരണഗതിയിലുള്ള ശ്വാസോച്ഛ്വാസം സാധ്യമാകാതിരുന്നതിനാൽ ആദ്യ മൂന്നു ദിനങ്ങൾ കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും സാധാരണഗതിയിൽ ശ്വസിക്കാനോ സ്വയമായി പാലു കുടിക്കാനോ കുഞ്ഞിനു കഴിഞ്ഞിരുന്നില്ല. കാര്യമായ പുരോഗതി ഇല്ലെന്നു കണ്ട നിയോനാറ്റോളജി വിഭാഗത്തിലെ ഡോക്ടർ സി. ആഗ്നസ് കുഞ്ഞിന്റെ അപകടാവസ്ഥ വെളിപ്പെടുത്തികൊണ്ട് മാമോദിസ നൽകാൻ നിർദേശിച്ചു. അത് സൗഖ്യത്തിലേക്ക് നയിക്കും എന്ന വിശ്വാസമായിരുന്നു സിസ്റ്ററിനുണ്ടായിരുന്നത്.
ഒടുവിൽ ആശുപത്രി ചാപ്പലിൽ ഏതാനും പേർ മാത്രമുള്ള ചടങ്ങിൽവച്ച് വിശുദ്ധ കാതറിന്റ തിരുനാൾ ദിനത്തിൽ ജനിച്ച കുഞ്ഞിന് കാതറിൻ എന്ന പേരു തന്നെ അവർ നൽകി. ആശുപത്രി ഉപകരണങ്ങളിൽ നിന്നും വേർപെടുത്തി മാമോദീസയ്ക്കായി ദേവാലയത്തിലെത്തിയ ഏതാനും മിനിറ്റുകൾ കുഞ്ഞുകാതറിന്റെ ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളായിരുന്നു. മാമ്മോദീസയ്ക്കു ശേഷം അത്ഭുതമെന്നു പറയട്ടെ, അവള്‍ സ്വയമായി ശ്വസിക്കാൻ തുടങ്ങി!
അമ്മയുടെ സഹനപർവം
ജന്മം നൽകിയ കുഞ്ഞിനെ വാത്സല്യത്തോടെ ഒന്നു ചേർത്തുപിടിക്കാൻ ഏതൊരു അമ്മയാണ് കൊതിക്കാത്തത്. എന്നാൽ അസ്ഥികൾ പൊട്ടുമെന്നുള്ളതിനാൽ കുഞ്ഞു കാതറിനെ തലയിണയിൽ കിടത്തി പാലൂട്ടാനേ ആ അമ്മയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ. താരതമ്യേന ശരീരത്തിന്റെ വലിപ്പം കുറവുള്ളതിനാൽ ശിരസ്സിന് പതിവിൽ കവിഞ്ഞ വലിപ്പം തോന്നിക്കുന്ന കാതറിനെ മറ്റുള്ളവർ കൗതുകത്തോടെയും സഹതാപത്തോടെയും നോക്കുന്നത് ആ അമ്മയെ വേറെ വേദനിപ്പിച്ചിരുന്നു.
“അധികമായ ആശ്വാസവാക്കുകളും സഹാനുഭൂതിയോടെയുള്ള നോട്ടങ്ങളും എന്റെ മനോനില തന്നെ തെറ്റിക്കുന്നതുപോലെ എനിക്ക് തോന്നി.” യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ ക്ലേശിച്ചിരുന്ന ദിനങ്ങളെ ഓർത്തെടുത്ത് ട്രീസ പറഞ്ഞു. എങ്കിലും ദൈവം അവരുടെ കൂടെയുണ്ടായിരുന്നു.
വാക്കുകളിൽ ഉയിർകൊണ്ടവൾ
ഒരുവിധം മനസ്സിനു ധൈര്യം നൽകാൻ ശ്രമിച്ചിരുന്ന നാളുകളിലാണ് ബന്ധുവായിരുന്ന സിസ്റ്ററിന്റെ ഫോൺകോൾ വരുന്നത്. സിസ്റ്റർ പറഞ്ഞ നിരവധി കാര്യങ്ങളിൽ ഇന്നും മനസ്സിൽ നിൽക്കുന്നതും എല്ലാറ്റിനെയും അഭിമുഖീകരിക്കാൻ സഹായിച്ചതുമായ വാക്കുകൾ ട്രീസ പങ്കുവച്ചത് ഇങ്ങനെയാണ്.
“കുഞ്ഞേ, തമ്പുരാനിൽ നീ ആശ്രയിക്കുമ്പോൾ ദൈവം നിനക്കൊരു ധൈര്യം നൽകും. അതായിരിക്കട്ടെ നിന്റെ ശക്തി. മറിച്ച് നിന്റെ കഴിവിലോ ബുദ്ധിയിലോ ബന്ധങ്ങളിലോ ആശ്രയിക്കരുത്. എങ്കിൽ നീ ഒരിക്കലും തളരില്ല.”
ഈ വാക്കുകള്‍ പറഞ്ഞ ആ സിസ്റ്റര്‍ ജീവിച്ചിരിപ്പില്ലെങ്കിലും അവരുടെ വാക്കുകൾ ഇന്നും ട്രീസയുടെ ഹൃദയത്തിൽ ഉണ്ട്.
ദൈവം ഇതും നന്മയ്ക്കുവേണ്ടിയാണ് നൽകിയിരിക്കുന്നത് എന്ന ചിന്തയോടെ പ്രശ്നങ്ങളെ കാണാന്‍ തുടങ്ങുമ്പോൾ ഏതു വലിയ പ്രശ്നത്തെയും വളരെ ലളിതമായി നമുക്ക് അതിജീവിക്കാം എന്ന വികാരിയച്ചന്റെ വാക്കുകളും മനസ്സിനെ ദൈവനിയോഗങ്ങളിൽ അർപ്പിച്ച് ധൈര്യവതി ആകാൻ സഹായിച്ചു എന്ന് ആ അമ്മ പങ്കുവച്ചു. പിന്നീട് ഒരിക്കലും കുഞ്ഞിനെകുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായത്തിലോ സ്വന്തം മനസ്സില്‍ ഉദിച്ച സംശയങ്ങളിലോ ആ അമ്മ മനസ്സ് പതറിയിട്ടില്ല.
പരിപാലനയുടെ അത്ഭുതങ്ങൾ
“ജനിച്ചതിനുശേഷം പ്ലാസ്റ്ററിട്ട് ശരിപ്പെടുത്തേണ്ട ഒരു പൊട്ടൽ പോലും കുഞ്ഞിന്റെ ശരീരത്തിൽ ഇന്നുവരെയും ഉണ്ടായിട്ടില്ല.” കാതറിൻ എന്ന കുഞ്ഞുമായി ആറു വർഷം പിന്നിടുമ്പോൾ ദൈവപരിപാലനയുടെ വഴികളെ അനുസ്മരിച്ചുകൊണ്ട് ആ അമ്മ നന്ദിയോടെ പറഞ്ഞു.
“തല വലുതാകുന്ന ഹൈഡ്രോസെഫാലസ് എന്ന രോഗം കുഞ്ഞിന് ചെറിയതോതിൽ ഉള്ളതിനാല്‍ സർജറി ചെയ്യണമെന്ന നിർദേശം വന്നു. രണ്ടു വർഷത്തിനുശേഷവും കുഞ്ഞിന്റെ കഴുത്തുറയ്ക്കാതെ വന്നപ്പോൾ ഫിസിയോതെറാപ്പി ചെയ്യണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ രണ്ടവസരങ്ങളിലും ‘കുറച്ചുകൂടി കാത്തിരിക്കാനുള്ള’ ഉള്ളിലെ ദൈവസ്വരത്തിന് കാതോർത്ത് ഞങ്ങൾ അവ വേണ്ടെന്ന് വച്ചത് കുഞ്ഞിന് ഉപകാരമായി. ഒരു പരിധിയിൽ കവിഞ്ഞ് അവളുടെ തല വളരുകയോ കഴുത്ത് ഉറയ്ക്കാതിരിക്കുകയോ ചെയ്തിട്ടില്ല. ഒരുപക്ഷേ സർജറിയും ഫിസിയോതെറാപ്പിയും എല്ലാം അവളുടെ ആനന്ദം എടുത്തു കളയുമായിരുന്നു.” ദമ്പതികൾ പങ്കുവച്ചു.
കുഞ്ഞുകാതറിൻ ഇന്ന് ആ കുടുംബത്തിന്റെ ആനന്ദമാണ്. “സമ്പത്തും സൗകര്യങ്ങളും നല്ല ജോലിയുമെല്ലാം മാത്രമാണ് ഏറ്റവും വലിയ ദൈവാനുഗ്രഹമാണെന്നു കരുതിയ ഒരു കാലമുണ്ടായിരുന്നു ജീവിതത്തിൽ. എന്നാൽ, ‘ദൈവം യഥാസമയങ്ങളിൽ വേണ്ടവിധം വഴി നടത്തുന്ന അനുഭവമാണ് ദൈവാനുഗ്രഹം എന്ന് ഇവളെ ലഭിച്ച നിമിഷം മുതൽ ഞങ്ങൾ തിരിച്ചറിഞ്ഞു’ എന്ന അമ്മയുടെ വാക്കുകളിൽ, ദൈവം സമ്മാനിച്ച കുഞ്ഞു കാതറിനെപ്രതിയുള്ള നന്ദിയും സ്നേഹവും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
സി . നിമിഷ റോസ് CSN