“ആരും വിചാരിച്ചില്ല, ദൈവദൂതൻ ഫാ. സെബാസ്റ്റ്യനെ കൂട്ടിക്കൊണ്ടുപോകാൻ ഇത്രപെട്ടെന്നു വരുമെന്ന്. അദ്ദേഹത്തിന്റെ മരണവാർത്ത കേട്ടപ്പോൾ ആർക്കും പെട്ടെന്നു വിശ്വസിക്കാൻ സാധിച്ചില്ല. എല്ലാവരും അന്ധകാരത്തിലായിപ്പോയതുപോലെ. പക്ഷേ, അതായിരുന്നു ദൈവഹിതം.” ടെസ്പൂർ രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. മൈക്കൽ അകാസിയസ് ടോപ്പോ പറഞ്ഞു. മരണമടഞ്ഞ ഫാ. സെബാസ്റ്റ്യന്‍ കുടിയിരിപ്പിലിന്റെ ജീവിതത്തിലൂടെ ഒരു യാത്ര.
ഫാ. സെബാസ്റ്റ്യന്‍ കുടിയിരിപ്പിൽ ജനിച്ചത് കേരളത്തിലെ, പാലാ രൂപതയിലെ വയലാ ഇടവകയിലായിരുന്നു. പത്താംക്ലാസ് ജയിച്ചതേ മിഷൻചൈതന്യത്താൽ നിറഞ്ഞ് അദ്ദേഹം ആസാമിലേക്കു യാത്രയായി. അവിടെ ടെസ്പൂർ രൂപതയിൽ ധീരമിഷനറിയായി ജീവിച്ചു. പക്ഷേ, അപ്രതീക്ഷിതമായി 2024 ജൂലൈ 15-ന് അദ്ദേഹം നമ്മിൽനിന്നും യാത്രയായി.
സെബാസ്റ്റ്യനച്ചനെക്കുറിച്ച്, ടെസ്പൂർ രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. മൈക്കൽ അകാസിയസ് ടോപ്പോയുടെ വാക്കുകൾ ഇപ്രകാരമാണ്: “ആരും വിചാരിച്ചില്ല, ദൈവദൂതൻ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാൻ ഇത്രപെട്ടെന്നു വരുമെന്ന്. അദ്ദേഹത്തിന്റെ മരണവാർത്ത കേട്ടപ്പോൾ ആർക്കും പെട്ടെന്നു വിശ്വസിക്കാൻ സാധിച്ചില്ല. എല്ലാവരും അന്ധകാരത്തിലായിപ്പോയതുപോലെ. ഞങ്ങളും ഞങ്ങളുടെ ജനങ്ങളും ഇനി എന്തുചെയ്യും എന്ന ചിന്തയാണ് ഞങ്ങളെ അന്ധകാരത്തിലാഴ്ത്തുന്നത്. എങ്കിലും ദൈവത്തിന്റെ കരം ഞങ്ങളെ മുൻപോട്ടുനയിക്കുമെന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു.”
“ദൈവം സെബാസ്റ്റ്യനച്ചനുവേണ്ടി തന്റെ രാജ്യത്തിൽ ഒരു സ്ഥലം സജ്ജമാക്കി. എന്നിട്ട് അവിടേക്കു ക്ഷണിച്ചു. കഠിനാധ്വാനി, പ്രാർഥിക്കുന്നയാൾ, സത്യസന്ധൻ, ജനങ്ങളെ സ്നേഹിച്ചയാൾ, ജനങ്ങളുടെ ഭാഷ പഠിച്ചവൻ, ധീരതയോടെ പ്രവർത്തിച്ചയാൾ – ഇതൊക്കെയായിരുന്നു ഫാ. സെബാസ്റ്റ്യൻ” – ബിഷപ്പ് മൈക്കൽ അകാസിയസ് ടോപ്പോ, സെബാസ്റ്റ്യനച്ചനെക്കുറിച്ചുള്ള തന്റെ അനുഭവം പങ്കുവച്ചു.
ഈ ഭൂമിയിലെ യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ദൈവം അദ്ദേഹത്തെ തിരികെവിളിച്ചത്. പാലാ രൂപതയിലെ വയലാ സെന്റ് ജോര്‍ജ് ഇടവകയിലെ കുടിയിരിപ്പില്‍ കുടുംബത്തിലെ, അപ്പച്ചന്‍ എന്ന ഓമനപ്പേരുള്ള ഫാ. സെബാസ്റ്റ്യന്റെ ജീവിതം തീക്ഷ്ണവും തീവ്രവുമായിരുന്നു. 64 വര്‍ഷങ്ങള്‍ നീണ്ട, ക്രിസ്തുവിന്റെ ആ പുരോഹിതന്റെ ജീവിതം ധന്യമായിരുന്നു.
ജീവിത രേഖ
1959 മെയ് 20-നായിരുന്നു കുടിയിരിപ്പില്‍ കുര്യന്‍ ജോര്‍ജിന്റെയും ബ്രിജിറ്റിന്റെയും ആറുമക്കളില്‍ അഞ്ചാമനായി അദ്ദേഹം ജനിച്ചത്. മേരി ജോര്‍ജ്, പരേതനായ ജോസ്, ഫാ. ജോണ്‍ പുത്തന്‍പുരയില്‍ എം. സി. ബി. എസ്., ബേബി ജോര്‍ജ്, ടോമി ജോര്‍ജ് എന്നിവരാണ് സഹോദരങ്ങള്‍. വയലാ ഗവണ്മെന്റ് സ്‌കൂള്‍, കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം നേടി.
പത്താം ക്ലാസ് പഠനത്തിനുശേഷം ക്രിസ്തുവിന്റെ പുരോഹിതനാകുകയാണ് തന്റെ ദൈവവിളി എന്നു തിരിച്ചറിഞ്ഞ അദ്ദേഹം സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ചു. കേരളത്തിലല്ല, വിദൂരങ്ങളില്‍പ്പോയി സുവിശേഷമറിയിക്കുന്ന ഒരു മിഷനറി ആകുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായി, ആസാം സംസ്ഥാനത്തുള്ള ടെസ്പൂര്‍ രൂപതയില്‍ അദ്ദേഹം ചേര്‍ന്നു.
ഷില്ലോംഗ് സെന്റ് പോള്‍സ് സെമിനാരിയില്‍ മൈനര്‍ സെമിനാരി പഠനവും ഷില്ലോംഗ് ക്രൈസ്റ്റ് കിംഗ് കോളേജില്‍ ഫിലോസഫിയും പൂര്‍ത്തിയായി. ടെസ്പൂര്‍ ബിഷപ്‌സ് ഹൗസിലായിരുന്നു റീജന്‍സി. തുടര്‍ന്ന് ഷില്ലോംഗ് ഓറിയന്റ്‌സ് തിയോളജിക്കല്‍ കോളേജില്‍ ദൈവശാസ്ത്രപഠനം നടത്തി. 1988 ജൂലൈ മാസത്തില്‍ ടെസ്പൂര്‍ രൂപതയുടെ മെത്രാന്‍ റൈറ്റ് റവ. റോബര്‍ട്ട് കെര്‍കേട്ടയില്‍നിന്നും ഡീക്കന്‍പട്ടം സ്വീകരിച്ചു.
1989 ജനുവരി രണ്ടാം തീതയി, സ്വന്തം ഇടവകയായ വയലാ സെന്റ് ജോര്‍ജ് ദൈവാലയത്തില്‍വച്ച് അഭിവന്ദ്യ ജോര്‍ജ് മാമലശേരി പിതാവില്‍നിന്നും തിരുപ്പട്ടം സ്വീകരിച്ച് ക്രിസ്തുവിന്റെ പുരോഹിതനായി അഭിഷിക്തനായി.
ടെസ്പൂര്‍ രൂപതയിലെ സൊരായിബില്‍ പള്ളിയിലെ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യനിയമനം. ടെസ്പൂര്‍ ബിഷപ്‌സ് ഹൗസിലേക്കായിരുന്നു അദ്ദേഹം രണ്ടാമത് നിയോഗിക്കപ്പെട്ടത്. അവിടെ അസിസ്റ്റന്റ് വികാരിയും പ്രിന്‍സിപ്പളുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. തുടര്‍ന്ന്, ജഖാലബാന്‍ധാ എന്ന ഇടവകയിലെ വികാരിയും പ്രിന്‍സിപ്പളുമായി. പിന്നീട് മംഗല്‍ദായ് എന്ന ഇടവകയിലെ വികാരിയും പ്രിന്‍സിപ്പളുമായി നിയോഗിക്കപ്പെട്ടു.
2008 മുതല്‍ 2022 വരെ ടെസ്പൂര്‍ രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററും ചാന്‍സലറുമായിരുന്നു സെബാസ്റ്റ്യനച്ചന്‍. 14 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആ ഉത്തരവാദിത്വത്തിനുശേഷം 2022 മുതല്‍ ഗോഹ്പൂര്‍ പള്ളിയിലെ വികാരിയും പ്രിന്‍സിപ്പളുമായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു. അവിടെനിന്നാണ് 2024 ജൂലൈ എട്ടാം തീയതി വയലായിലുള്ള സ്വഭവനത്തില്‍ അവധിക്കായി അദ്ദേഹമെത്തുന്നത്. ഹെര്‍ണിയയുടെ അസ്വസ്ഥതകള്‍ അലട്ടുന്നതിനാല്‍ അതിനുള്ള ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ സെന്ററില്‍ ജൂലൈ ഒന്‍പതിന് അദ്ദേഹമെത്തി.
ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് പിറ്റേന്നുതന്നെ അദ്ദേഹം ഓപ്പറേഷനു വിധേയനായി. ഓപ്പറേഷന്‍ കഴിഞ്ഞ ആദ്യദിനങ്ങളില്‍ യാതൊരു കുഴപ്പവുമില്ലാതെ അദ്ദേഹം കാണപ്പെട്ടു. അദ്ദേഹം സന്ദര്‍ശകരോടു സംസാരിക്കുകയും ക്ഷേമാന്വേഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പക്ഷേ, രണ്ടുദിവസങ്ങള്‍ക്കുശേഷം അദ്ദേഹത്തിന് ചില അസ്വസ്ഥതകള്‍ ആരംഭിച്ചു. സ്‌കാനിംഗിനുശേഷം മറ്റൊരു ഓപ്പറേഷന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിക്കുതന്നെ ഓപ്പറേഷന്‍ നടത്തി. ആ ഓപ്പറേഷനുശേഷവും അദ്ദേഹത്തിന്റെ സ്ഥിതി മെച്ചപ്പെട്ടില്ല. സ്വയം ശ്വസിക്കാന്‍ സാധിക്കാത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ശ്വസനം. തുടര്‍ന്ന് അദ്ദേഹം മരുന്നുകളോടു പ്രതികരിക്കാതെയായി.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി. ഉച്ചക്കഴിഞ്ഞ് നാലുമണിയോടെ സഹോദരനായ ഫാ. ജോണ്‍ പുത്തന്‍പുരയും മറ്റു സഹോദരങ്ങളും ആശുപത്രിയിലെത്തി. ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനാൽ രോഗീലേപനം നൽകാൻ തീരുമാനിച്ചു. രോഗീലേപനം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ സെബാസ്റ്റ്യനച്ചന്‍ നിത്യതയിലേക്കു യാത്രയായി.
അപ്രതീക്ഷിതമായിരുന്നു, എപ്പോഴും സന്തോഷവാനായിരുന്ന ആ മിഷനറി വൈദികന്റെ മരണം. എല്ലാവരെയും സന്തോഷിപ്പിക്കുന്ന, എല്ലാവരോടും കരുതലുള്ള, ചൈതന്യം നിറഞ്ഞ ഒരു മിഷനറിയായിരുന്നു ഫാ. സെബാസ്റ്റ്യന്‍ കുടിയിരിപ്പില്‍. ടെസ്പൂർ രൂപതയുടെ വളർച്ചയിൽ ക്രിയാത്മകമായ പങ്കുവഹിച്ച ആളായിരുന്നു അദ്ദേഹം. രൂപതയുടെ പല സെന്ററുകളും സ്ഥലം വാങ്ങി ആരംഭിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. അനേകരിലേക്ക് അറിവിന്റെ വെളിച്ചമെത്തിക്കാൻ അദ്ദേഹം അക്ഷീണം അധ്വാനിച്ചു. എല്ലാത്തിനുമുപരി അനേകരിലേക്ക് അദ്ദേഹം ക്രിസ്തുവിനെ പകർന്നുനൽകി. 35 വർഷത്തെ പൗരോഹിത്യജീവിതത്തിലൂടെ സ്വന്തം ജീവിതത്തിന് അർഥവും അനേകരുടെ ജീവിതങ്ങൾക്ക് മാർഗനിർദേശവും ക്രിസ്തുവിന് ഉത്തമസാക്ഷ്യവും നൽകാൻ ഫാ. സെബാസ്റ്റ്യൻ കുടിയിരിപ്പിലിനു സാധിച്ചു. മനോഹരവും മഹോന്നതവുമായിരുന്നു ആ ജീവിതം.
വി. പൗലോസ് ശ്ലീഹ തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനത്തിൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: “ഞാൻ ബലിയായി അർപ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്റെ വേർപാടിന്റെ സമയം സമാഗതമായി. ഞാൻ നന്നായി പൊരുതി: എന്റെ ഓട്ടം പൂർത്തിയാക്കി; വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു. നീതിപൂർവം വിധിക്കുന്ന കർത്താവ് ആ ദിവസം അത് എനിക്കു സമ്മാനിക്കും.”
നമ്മുടെ പ്രിയപ്പെട്ട സെബാസ്റ്റ്യച്ചന്റെ ജീവിതത്തിൽ ഈ വചനം പൂർത്തിയായിരിക്കുന്നു. ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടട്ടെ!
64-ാമത്തെ വയസില്‍ നിത്യതയിലേക്കു യാത്രയായ ടെസ്പൂരിന്റെ മിഷനറിക്ക് ആദരാഞ്ജലികള്‍.
ഫാ. ജി. കടൂപ്പാറയിൽ MCBS