

“മോനേ നിന്നെ സുഖപ്പെടുത്തിയതാരാ?”
“മറിയം ത്രേസ്യാമ്മയിലൂടെ ഈശോ.” നിഷ്കളങ്കതയോടെ ആ കുഞ്ഞ് പറഞ്ഞു.
ഇത് ക്രിസ്റ്റഫര്‍. മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനത്തിന്റെ ആദ്യപടിയായി വത്തിക്കാന്‍ സംഘം അംഗീകരിച്ച അത്ഭുതം ക്രിസ്റ്റഫറിന്റെ ജീവിതത്തില്‍ സംഭവിച്ചതാണ്. തന്റെ കുഞ്ഞിനു സംഭവിച്ച ആ അത്ഭുതത്തെയും അതിനു കാരണമായ സംഭവങ്ങളെയും കുറിച്ച് ലൈഫ്ഡേയോട് പങ്കുവയ്ക്കുകയാണ് ക്രിസ്റ്റഫറിന്റെ പിതാവ് ജോഷി.
പ്രതീക്ഷ നിരാശയായി ഭവിച്ച നിമിഷം
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നാമത്തെ മകന്റെ ജനനം പെരിഞ്ചേരി ചൂണ്ടല്‍ വീട്ടില്‍ ജോഷിയുടെയും ഷിബിയുടെയും ജീവിതത്തെ സംബന്ധിച്ചിടത്തോളം ഒരു ദൈവികപദ്ധതി ആയിരുന്നു. 2009 ഏപ്രില്‍ 7-നാണ് ക്രിസ്റ്റഫര്‍ ജനിക്കുന്നത്. “കുഞ്ഞ് ജനിച്ചു എന്ന് ആദ്യം അറിയിച്ചു. കുഞ്ഞിന്റെ മുഖം മാത്രം ഞങ്ങളെ കാണിച്ചശേഷം അവനെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു” – ജോഷി പറയുന്നു.
കുഞ്ഞിന്റെ അവസ്ഥ വളരെ മോശമാണെന്നും ശ്വാസകോശം അടഞ്ഞ അവസ്ഥയിലും ഹൃദയത്തിന് തുളകളുള്ള നിലയിലുമാണ് കുഞ്ഞ് ജനിച്ചത്. അവന്റെ ജീവന് നിലനിര്‍ത്തുന്നതിനായി ഉള്ളിലേക്കു കൃത്രിമശ്വാസം നല്‍കുകയാണെന്നും നില അതീവഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ജനിച്ച അന്നുമുതല്‍ കുഞ്ഞ് ഐസിയുവിലായിരുന്നുവെങ്കിലും പ്രതീക്ഷ കൈവിടാന്‍, വിശ്വാസം കൈവിടാന്‍ ജോഷിയും ഷിബിയും കുടുംബാംഗങ്ങളും തയ്യാറായിരുന്നില്ല. അവര്‍ അവനെ അമല മെഡിക്കല്‍ കോളേജിലേക്കു മാറ്റി. അവിടെ എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞു 48 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍ കഴിയില്ല എന്ന്.
സങ്കടത്തിന്റെ നിമിഷങ്ങള്‍. ഡോക്ടര്‍മാര്‍ കൈയ്യൊഴിഞ്ഞ അവസ്ഥ. അതിനിടയില്‍ ഐസിയുവില്‍ വച്ച് കുഞ്ഞിന് മാമ്മോദീസയും നല്കി.
വിശ്വാസത്തോടെ തിരുശേഷിപ്പുമായി ആശുപത്രിയിലേക്ക്
കുഞ്ഞിന്റെ നില അതീവഗുരുതരമാണെന്ന്, ആശുപത്രിയില്‍ കാണാനെത്തിയ അമ്മക്കും സഹോദരനും മനസിലായി. “അമ്മ ഉടനെ വീട്ടിലേക്കു പോയി. വര്‍ഷങ്ങള്‍ക്കു മുമ്പ് അമ്മയുടെ സഹോദരി സി. പുഷ്പ സിഎച്ച്എഫ് സമ്മാനിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് ഉണ്ടായിരുന്നു. സഹോദരന്റെ കയ്യില്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് ആശുപത്രിയിലേക്ക് കൊടുത്തയച്ചു; ഒപ്പം ഒരു നിര്‍ദ്ദേശവും – ‘അത് കുഞ്ഞിന്റെ കിടക്കയുടെ അടിയില്‍ സൂക്ഷിക്കണം.’ സഹോദരന് ആ തിരുശേഷിപ്പുമായി ആശുപത്രിയിലെത്തി. അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സിനോട് തിരുശേഷിപ്പ് കുഞ്ഞിന്റെ ഷീറ്റിനടിയില്‍ സൂക്ഷിക്കുവാന്‍ ആവശ്യപ്പെട്ടു. അവര്‍ അങ്ങനെ ചെയ്തു.
എല്ലാവരും ശക്തമായി പ്രാര്‍ത്ഥിച്ചു തുടങ്ങി. അത്ഭുതമെന്നു പറയട്ടെ, രണ്ടാം ദിവസം മുതല്‍ കുഞ്ഞില്‍ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങി. അടഞ്ഞ നിലയിലായിരുന്ന ശ്വാസകോശം തുറന്നു. ശ്വാസോച്ഛാസം സാധ്യമായി. ഏകദേശം ഒരു മാസം കൊണ്ടുതന്നെ ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി ഡിസ്ചാര്‍ജായി വീട്ടിലെത്തി. കുഞ്ഞില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടിട്ട് കുഞ്ഞിനെ പരിശോധിച്ചു കൊണ്ടിരുന്ന അക്രൈസ്തവനായ ഡോക്ടര്‍ ശ്രീനിവാസന് പറഞ്ഞു: ‘ഇതൊരു അത്ഭുതം തന്നെയാണ്. ആ പൂജ്യവസ്തു കുഞ്ഞിന്റെ സമീപത്ത് വച്ചതിനു ശേഷമാണ് കുഞ്ഞില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്.’ മടങ്ങാന്‍ നേരം അദ്ദേഹം തമാശയെന്നോണം ചോദിച്ചു ‘എങ്കില്‍ പിന്നെ ആ പൂജ്യവസ്തു ഐസിയുവില്‍ കിടക്കുന്ന മറ്റ് കുഞ്ഞുങ്ങള്‍ക്കും കൂടി കൊടുക്കാമായിരുന്നു..”
മറിയം ത്രേസ്യയുടെ മദ്ധ്യസ്ഥതയില്‍ അത്ഭുതങ്ങളുടെ പ്രവാഹം
കുഞ്ഞിന് ഒരു പ്രശ്നം ഉണ്ടായപ്പോള്‍ അപ്രതീക്ഷിതമായി മറിയം ത്രേസ്യയുടെ മാദ്ധ്യസ്ഥ്യം തേടിയതാണ് എന്ന് കരുതരുത് കേട്ടോ. കാരണം, മറിയം ത്രേസ്യയോടുള്ള ഭക്തിയും പ്രാര്‍ത്ഥിച്ചാല്‍ അമ്മ ഇശോയില്‍ നിന്ന് അനുഗ്രഹം വാങ്ങിത്തരും എന്നുള്ള വിശ്വാസവും തുടങ്ങുന്നത് ഇവരുടെ കുടുംബത്തില്‍ നടന്ന മറ്റൊരു അത്ഭുതത്തില്‍ കൂടിയാണ്.
ജോഷിയുടെ സഹോദരിക്ക് ഒരിക്കല്‍ തൈറോയിഡ് സംബന്ധമായ അസുഖം ബാധിച്ചു. എന്നാല്‍ പരിശോധനക്കു ശേഷം അത് കാന്‍സര്‍ ആണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അന്ന് ജോഷി, സഹോദരിയെയും കൊണ്ട് മറിയം ത്രേസ്യയെ അടക്കിയിരിക്കുന്ന പള്ളിയിലെത്തുകയും മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തുകയും ചെയ്തു. അതിന്റെ ഫലമായി അസുഖം മാറുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
രണ്ടാമത്തെ അത്ഭുതമാണ് ക്രിസ്റ്റഫറിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. മൂന്നാമത്തേതും ക്രിസ്റ്റഫറുമായി ബന്ധപ്പെട്ടു തന്നെയാണ് സംഭവിച്ചത്.
അവന് ജനിച്ചുകഴിഞ്ഞ് മൂന്ന് വയസായിട്ടും ഒന്നും സംസാരിച്ചിരുന്നില്ല. സാധാരണ കുട്ടികള്‍ കലപിലാ സംസാരിച്ചു നടക്കുന്ന സമയത്ത് തങ്ങളുടെ കുഞ്ഞ് സംസാരിക്കാത്തത് മാതാപിതാക്കളില്‍ വേദനയുണ്ടാക്കിയെങ്കിലും അവര്‍ പ്രത്യാശയോടെ, വിശ്വാസത്തോടെ ആ കാര്യം മറിയം ത്രേസ്യയുടെ മദ്ധ്യസ്ഥതയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. അതിന്റെ ഫലമായി കുഞ്ഞ് സംസാരിക്കാന്‍ തുടങ്ങി. തന്റെ കുടുംബത്തില്‍ വലുതും ചെറുതുമായി ധാരാളം അത്ഭുതങ്ങള്‍ മറിയം ത്രേസ്യയിലൂടെ ദൈവം ചെയ്തു എന്ന് ജോഷി സക്ഷ്യപ്പെടുത്തുന്നു.
ദൈവം തന്ന മുത്ത്
മറിയം ത്രേസ്യയുടെ മദ്ധ്യസ്ഥതയിലൂടെ ദൈവം തങ്ങള്‍ക്കു തന്ന ക്രിസ്റ്റഫര്‍ മറ്റു മൂന്ന് കുട്ടികളില്‍ നിന്നും വ്യത്യസ്തനാണ് എന്നും ജോഷി സാക്ഷ്യപ്പെടുത്തുന്നു. ഒരു കാര്യം ഒന്നില്‍ അധികം പ്രാവശ്യം പറയേണ്ടതായി ഇതുവരെ വന്നിട്ടില്ല. ഉത്തരവാദിത്വത്തോടെ, അതിലുപരി ശ്രദ്ധയോടെ ചെയ്യുന്ന ക്രിസ്റ്റഫര്‍ അവര്‍ക്ക് ഒരു അത്ഭുതമാണ്.
ഇലക്ട്രീഷ്യനായ പിതാവ് ജോഷിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്ന ക്രിസ്റ്റഫര്‍, ഇപ്പോള്‍ അച്ഛന്റെ സഹായിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ദൈവം, തന്നെ വിശ്വസിക്കുന്നവരിലേയ്ക്ക് കരുണ ചൊരിയുമെന്നതിന്റെ തെളിവായി, മറിയം ത്രേസ്യയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള ഉപകരണമായി തിരഞ്ഞെടുത്തതാണ് ഈ കുഞ്ഞിനെ. അനേകര്‍ക്കു മുന്നില്‍ പ്രത്യാശയുടെ നാളം തെളിയിച്ചുകൊണ്ട് അവന് പറയും ‘മറിയം ത്രേസ്യയിലൂടെ ഈശോ എനിക്ക് സൗഖ്യം തന്നു’ എന്ന്.
മരിയ ജോസ്