ഓർമകളുടെ നാഴികക്കല്ലുകൾ: ഡോ. ജോജോ ജോസഫ് എഴുതുന്നു 

പ്രമുഖ കാൻസർ സർജൻ ഡോ. ജോജോ ജോസഫ് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ സർജിക്കൽ ഓങ്കോളജിസ്റ്റായി പ്രവർത്തനമാരംഭിച്ചിട്ട് 25 വർഷങ്ങൾ പൂർത്തിയാകുകയാണ്. ഈ കാലയളവിലെ തന്റെ സഞ്ചാരത്തെ, അക്ഷരങ്ങളിലൂടെ അടയാളപ്പെടുത്തുകയാണ് അദ്ദേഹം. അതിൽ തന്റെ അധികാരികളോടുള്ള ആദരവും താൻ ശുശ്രൂഷിച്ചവരോടുള്ള കരുതലും നിറഞ്ഞുനിൽക്കുന്നു. തുടർന്നു വായിക്കുക.   

ജനുവരി 2: എന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായി ഞാൻ ഈ ദിനത്തെ കരുതുന്നു. കൃത്യം 25 വർഷങ്ങൾക്കുമുമ്പ്, 2000 ത്തിൽ ഈ ദിനത്തിലാണ് എന്റെ കരിയർ മാത്രമല്ല, എണ്ണമറ്റ വ്യക്തികളുടെ ജീവിതത്തെ സ്പർശിച്ച് അവർക്ക് സാന്ത്വനം പകർന്ന ഈ യാത്ര ഞാൻ ആരംഭിച്ചത്. ഞാൻ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ സർജിക്കൽ ഓങ്കോളജിസ്റ്റായി ചേർന്ന ദിവസമായിരുന്നു അത്.

അന്ന് കാരിത്താസ് ഹോസ്പിറ്റലിൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടോ, സ്പെഷ്യലൈസ്ഡ് കാൻസർ കെയർ യൂണിറ്റോ, കാൻസർ എന്ന മാരകമായ രോഗത്തിനെതിരായ അക്ഷീണമായ പോരാട്ടത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. എന്തിന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (R. C. C.) പോലും M.Ch ക്വാളിഫൈഡ് ആയിട്ടുള്ള കാൻസർ സർജൻമാർ ഇല്ലായിരുന്നു.

ഇന്ന് ഞാൻ പിന്നോട്ട് ചിന്തിക്കുമ്പോൾ 25 വർഷങ്ങളിലെ അനേകായിരം അനുഭവങ്ങൾ വിവരിക്കുക അസാധ്യമാണ്. പക്ഷേ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ചില ഓർമകൾ എനിക്ക് പങ്കുവയ്‌ക്കേണ്ടതുണ്ട്.

എന്റെ കുടുംബത്തോടുള്ള, പ്രത്യേകിച്ച് എന്റെ ഭാര്യയോടുള്ള, ആത്മാർഥമായ നന്ദിയാണ് എന്റെ ഓർമയിൽ പ്രഥമ പരിഗണനയർഹിക്കുന്നത്. ജിൻസിയുടെ അചഞ്ചലമായ പിന്തുണയില്ലായിരുന്നെങ്കിൽ ഈ യാത്ര സാഫല്യമണിയാത്ത സ്വപ്നമായി അവശേഷിക്കുമായിരുന്നു. എന്റെ ജീവിതപങ്കാളിയുടെ സ്നേഹവും പ്രോത്സാഹനവുമാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ എന്നെ ശക്തിപ്പെടുത്തിയത്.

2000 ത്തിൽ, ഇന്ന് നാം കാരിത്താസ് കാമ്പസിൽ കാണുന്ന ബൃഹത്തായ കെട്ടിടങ്ങൾ ഒരു വിദൂരസ്വപ്നമായിരുന്നു. ഇപ്പോൾ കാരിത്താസിന്റെ ഭാഗമായ ബിഷപ്പ് തറയിൽ മെമ്മോറിയൽ ബിൽഡിംഗിന്റെ രണ്ടു നിലകൾ മാത്രമേ അന്ന് പ്രവർത്തനസജ്ജമായിരുന്നുള്ളൂ. കുറെ ഓടിട്ട ഒറ്റനില കെട്ടിടങ്ങളും പിന്നെ ഇപ്പോൾ കാണുന്ന ഡയമണ്ട് ജുബിലീഹാളിനു പിന്നിലെ നഴ്സിംഗ് സ്കൂളും മാത്രമായിരിന്നു കാരിത്താസ്. കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആരംഭത്തോടെടെയാണ് ഇപ്പോൾ കാണുന്ന കാരിത്താസിന്റെ വളർച്ചയുടെ തുടക്കം.

ജനുവരി 2 എന്നെ സംബന്ധിച്ചിടത്തോളം കലണ്ടറിലെ ഒരു തീയതി മാത്രമല്ല. സ്വപ്നങ്ങളുടെ ശക്തിയിലും, സഹകരണത്തിന്റെ പൂർണ്ണതയിലും, ദൈവവിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റെ അതിരുകളില്ലാത്ത സാധ്യതകളിലും ഞാൻ മുന്നേറിയതിന്റെ തുടക്കം കൂടിയാണ്. ഞാൻ എഴുതുന്ന ഈ ഓർമക്കുറിപ്പ് ദൈവകൃപയുടെ സാക്ഷ്യം മാത്രമാണ്.

കോട്ടയം അതിരൂപതയുടെ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ അഗാധമായ ദീർഘവീക്ഷണത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായിരുന്നു കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്. വെല്ലുവിളികൾ നിറഞ്ഞ ആ കാലത്ത്, അഭിവന്ദ്യ കുന്നശേരി പിതാവ് കാരിത്താസിന്റെ മാർഗദീപമായി തിളങ്ങിനിന്നിരുന്നു.

‘മാർഗദീപം’ എന്ന വാക്കല്ല അദ്ദേഹത്തെക്കുറിച്ചു പറയുമ്പോൾ ഉപയോഗിക്കേണ്ടത്. കാരണം അത് ഒരു കുറവായി പോകും എന്നതാണ് സത്യം. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിൽ നിന്ന് ജനിച്ച ഈ സ്ഥാപനം കേവലം ഒരു ആതുരാലയമല്ല – ഇതൊരു വികാരമാണ്. ഓരോ ഇഷ്ടികയും ഓരോ ഇടനാഴിയും പരിചരണത്താൽ സ്പർശിക്കപ്പെട്ട ഓരോ ജീവിതവും തന്റെ സ്ഥാനത്തിന്റെ പരിമിതികൾക്കപ്പുറം സ്വപ്നം കാണാൻ ധൈര്യപ്പെട്ട ഒരു ആത്മീയനേതാവിന്റെ ഇച്ഛാശക്തിയെ പ്രതിധ്വനിപ്പിക്കുന്നു. അതിനാൽ, ഈ 25 വർഷങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുമ്പോൾ കാരിത്താസിന്റെ വികസനത്തെപ്പറ്റി മാത്രമല്ല, അതിനെ ചരിത്രമാക്കി മാറ്റിയ കുന്നശ്ശേരി പിതാവിന്റെ ദർശനത്തെയും ആദരിക്കുന്നു.

കേരളത്തിലെ സർക്കാരിതര മേഖലയിലെ ഒരു ആശുപത്രിയും ഇത്തരമൊരു ധീരമായ ഉദ്യമത്തിൽ ഏർപ്പെടാൻ ധൈര്യപ്പെടാത്ത കാലത്ത് കാൻസർ പരിചരണത്തിനുള്ള സമർപ്പിതകേന്ദ്രം നിർമിക്കുകയെന്നത് വെല്ലുവിളികൾ നിറഞ്ഞ കാര്യമായിരുന്നു. വലിയ സാമ്പത്തികനിക്ഷേപം ആവശ്യമായതിനാൽ ഈ സംരംഭം സാക്ഷാത്ക്കരിക്കാൻ കഴിയില്ലെന്ന് പലരും കരുതി.

അനിശ്ചിതത്വത്തിലും കുന്നശ്ശേരി പിതാവ് പതറാതെനിന്നു. അചഞ്ചലമായ ധൈര്യത്തോടും ദൃഢനിശ്ചയത്തോടും കൂടി അദ്ദേഹം ഈ ദൗത്യം സ്വീകരിച്ചു. ആ ധൈര്യമാണ് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്വപ്നത്തെ യാഥാർഥ്യമാക്കിമാറ്റിയത്. കേരളത്തിലെ കാൻസർ ചികിത്സയിൽ ഈ മുന്നേറ്റം ഒരു പുതിയ ചുവടുവയ്പ്പായി.

കോട്ടയം നിവാസികൾ കാൻസർ ചികിത്സ ലഭ്യമാകാതെ മരണമടയരുത് എന്നത് അഭിവന്ദ്യനായ കുന്നശ്ശേരി പിതാവിന്റെ സ്വപ്നമായിരുന്നു. രണ്ടായിരമാണ്ട് കാൻസർ രോഗികൾക്ക് നൽകിയിരുന്നത് വളരെ ദുരിതപൂർണ്ണമായ അവസ്ഥയായിരുന്നു. റേഡിയേഷനായി കാത്തിരുന്ന് സ്റ്റേജ് ഒന്നിലുള്ള കാൻസർ രോഗികൾ സ്റ്റേജ് നാലിൽ വരെ എത്തി അവസാനം ജീവൻ വെടിയുന്ന വളരെ വേദനാജനകമായ അന്തരീക്ഷമായിരുന്നു അത്. അതിനൊരു മാറ്റം അനിവാര്യമായിരുന്നു. പിതാവ് അതിനായി മുന്നിട്ടിറങ്ങി.

അന്ന് ഈ തീരുമാനങ്ങളെടുത്തപ്പോൾ ബഹുമാന്യനായ കുന്നശ്ശേരി പിതാവിന് നിരവധി വിമർശനങ്ങൾ സഹിക്കേണ്ടിവന്നു. സ്വന്തം കമ്മ്യൂണിറ്റിയിലുള്ളവരും ഈ ആതുരാലായവുമായി ബന്ധമുള്ളവരുമൊക്കെ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ മുമ്പന്തിയിലുണ്ടായിരുന്നു. നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോസ്പിറ്റലിനെ നശിപ്പിക്കാനുള്ള നടപടിയാണിതെന്നും വലിയൊരു സംഖ്യ കണ്ടെത്തുകയെന്നത് അസാധ്യമാണെന്നും ദോഷൈകദൃക്കുകൾ പറഞ്ഞുകൊണ്ടിരുന്നു.

വിവിധ ക്യാമ്പുകൾക്കും മറ്റുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമ്പോൾ ഞാനാണ് പിതാവിനെ പ്രേരിപ്പിക്കുന്നതെന്ന ചിന്തയിൽ എന്നെ പലരും സംശയദൃഷ്ടിയോടുകൂടി നോക്കുമായിരുന്നു. ഇത്രയും വലിയൊരു തുക ലഭിച്ചത് കുന്നശ്ശേരി പിതാവ് ലോകമാസകലം യാത്ര ചെയ്ത് ഓരോ വ്യക്തിയോടും യാചനയുടെ സ്വരത്തിൽ അഭ്യർഥിച്ച് പണം സമാഹരിച്ചതുകൊണ്ടാണ്.

അക്കാലത്ത് വൻ തുകയായ എട്ടുകോടിയോളം വില വരുന്ന ഒരു മെഷീൻ ചികിത്സയ്ക്കായി വാങ്ങിച്ചു. മൊത്തം ചിലവ് 11 കോടിയോളം വരുമായിരുന്നു. 25 വർഷങ്ങൾക്കുമുമ്പ് ഇത്രയും വലിയൊരു തുക ഭാവനയിൽപോലും കാണാൻ സാധിക്കാത്തതായിരുന്നു. അതുകൊണ്ടുതന്നെ കുന്നശ്ശേരി പിതാവിനെ സ്മരിക്കാതെ ഈ 25 വർഷങ്ങളെപ്പറ്റി സംസാരിക്കുകയെന്നത് എനിക്ക് ചിന്തിക്കാൻപോലും കഴിയില്ല.

കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാത പിന്തുടർന്നുകൊണ്ടാണ് ഇന്ന് എല്ലാ ജില്ലകളിലും വിവിധ ആശുപത്രികൾ കാൻസർ ചികിത്സാസൗകര്യം ഏർപ്പെടുത്താൻ നിർബന്ധിതമായത്. കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആണ് സ്വകാര്യ മേഖലയിലും വളരെ കാര്യക്ഷമമായ രീതിയിൽ കാൻസർ ചികിത്സ നടത്താൻ കഴിയുമെന്ന് മറ്റുള്ളവർക്ക് വെളിപ്പെടുത്തിക്കൊടുത്തത്. കുന്നശേരി പിതാവിനോടൊപ്പം ഇതിനുപിന്നിൽ പ്രവർത്തിക്കുകയും അതിനുശേഷം അതിരൂപതാധ്യക്ഷൻ ആയി സ്ഥാനമേൽക്കുകയും ചെയ്ത മാർ മാത്യു മൂലക്കാട്ട് പിതാവാണ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഇന്നത്തെ നിലയിലേക്ക് ഉയർത്തി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും അഡ്വാൻസ്ഡ് റേഡിയേഷൻ ഉപകരണം കാരിത്താസിൽ എത്തിച്ചത്. ഈ അവസരത്തിൽ മറ്റൊരു മഹദ് വ്യക്തിത്വത്തെ അനുസ്മരിക്കാതിരിക്കാൻ കഴിയില്ല. കുന്നശ്ശേരി പിതാവിനോടൊപ്പം പ്രവർത്തിച്ചിരുന്ന ജേക്കബ് കൊല്ലാപറമ്പിൽ എന്ന വൈദികൻ!

അതുപോലെതന്നെ എന്നെ കാരിത്താസ് ഹോസ്പിറ്റലിൽ നിയമിച്ച ഫാ. സൈമൺ പഴുക്കായിൽ ഈ അവസരത്തിൽ പ്രത്യേകമായി സ്മരിക്കപ്പെടേണ്ട ഒരു വ്യക്തിത്വമാണ്. വളരെ സൗമ്യഭാഷിയും എന്റെ ബുദ്ധിമുട്ടേറിയ അവസ്ഥകളിലെല്ലാം താങ്ങും തണലുമായിരുന്ന സൈമണച്ചൻ എനിക്ക് നൽകിയ പിന്തുണയ്ക്ക് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. പിന്നീട് വന്ന ഡയറക്ടർമാരും ജോയിന്റ് ഡയറക്ടറുമാരും തീർച്ചയായും എനിക്ക് അതിശക്തമായ പിന്തുണ നൽകി. അവർക്കെല്ലാം നന്ദിപറയാനായി ഈ അവസരം ഞാൻ വിനിയോഗിക്കുകയാണ്.

അതുപോലെതന്നെ ആദ്യമായി ഒരു വർഷം ആയിരം കാൻസർ സർജറികൾ ചെയ്ത് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ പ്രശസ്തി ഉയർത്തിയ സമയത്ത് ഡയറക്ടർ ആയിരുന്ന അനിമൂട്ടിലച്ചൻ, ജോയിന്റ് ഡയറക്ടർ ആയിരുന്ന ബോബനച്ചൻ എന്നിവർ എന്റെ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകി എന്റെ വളർച്ചയിൽ എന്നെ മുന്നോട്ടുപോകാൻ നൽകിയ പ്രചോദനം ഞാൻ പ്രത്യേകം ഓർക്കുന്നു.

പിന്നീട് ഏകദേശം 20 മാസത്തോളം ചില പ്രത്യേക ദൗത്യങ്ങളുമായി ഞാൻ കാരിത്താസിൽനിന്നും ബ്രേക്ക് എടുത്ത് ധാക്ക അപ്പോളോ ഹോസ്പിറ്റലിൽ പ്രവർത്തിക്കുകയുണ്ടായി. ശരിയായ കോർപ്പറേറ്റ് ആശുപത്രി എന്താണെന്നും എങ്ങനെയാണ് അവ പ്രവർത്തിക്കുന്നതെന്നും മനസ്സിലാക്കാൻ ധാക്കായിലെ അപ്പോളോ ആശുപത്രിജീവിതം എന്നെ സഹായിച്ചു. ഹെൽത്ത്‌ കെയറിന്റെ ബിസ്സിനസ്സ് മുഖം എന്താണ് എന്ന് അടുത്തറിയാൻ സാധിച്ച ആ കാലഘട്ടം, കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന സേവനം എത്ര വലുതാണ് എന്ന് എനിക്ക് മനസ്സിലാക്കിത്തന്നു.

അതിനുശേഷം എന്നെ വീണ്ടും കാരിത്താസിൽ സ്വീകരിച്ചത് റവ. ഫാദർ ഡോ. ബിനു കുന്നത്താണ്. കുന്നശ്ശേരി പിതാവിനെപ്പോലെ ക്രാന്തദർശിയായ ബിനു അച്ചനും കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വളർച്ചയിൽ കാണിക്കുന്ന പ്രത്യേക ശ്രദ്ധക്ക് നന്ദിപറയാതിരുന്നാൽ ഈ കുറിപ്പ് പൂർണ്ണമാവില്ല. ബിനു അച്ചനെ കൂടാതെ ജോയിന്റ് ഡയറക്ടർ അച്ചന്മാരും അഡ്മിനിസ്ട്രേഷൻ രംഗങ്ങളിലും അനുബന്ധമേഖലകളിലും പ്രവർത്തിക്കുന്ന നിരവധി ആളുകളും ഇവിടെയുണ്ട്. അവരുടെയെല്ലാം പേരുകൾ ഇവിടെ പറഞ്ഞാൽ ഈ കുറിപ്പ് വളരെ നീണ്ടുപോകുമെന്നതുകൊണ്ട് എല്ലാവരെയും ഞാൻ ആദരവോടുകൂടി സ്മരിക്കുന്നു.

ഏറ്റവും അധികം നന്ദിപറയേണ്ടത് എന്നോടൊപ്പം സർജറി അസ്സിറ്റ് ചെയ്യുകയും സർജറിക്കുശേഷം രോഗികളെ പരിചരിക്കുകയും ചെയ്യുന്ന നഴ്സുമാരോടാണ്. അവരുടെ നിസ്വാർഥമായ സേവനമാണ് ഇന്ന് ഞാൻ നേടിയ എല്ലാ വിജയങ്ങൾക്കും കാരണം.

കാൻസർ സർജറി അത്യധികം സങ്കീർണ്ണതകൾ നിറഞ്ഞ പ്രക്രിയയാണ്. എപ്പോൾ വേണമെങ്കിലും അപ്രതീക്ഷിതമായിഎന്തും സംഭവിക്കാം. ഇത്തരം സാഹചര്യങ്ങളിൽ എന്നോടൊപ്പം ആത്മാർഥമായി കൂടെനിന്ന അനസ്തീഷ്യ ഡിപ്പാർട്ട്മെൻറ് ഇല്ലായിരുന്നുവെങ്കിൽ ഈ കുറിപ്പ് എഴുതാൻതന്നെ പറ്റുമായിരുന്നില്ല.

25 വർഷങ്ങൾക്കുമുൻപ് ശൈശവദശയിലായിരുന്ന ഈ വിഭാഗം ലോകോത്തര നിലവാരത്തിലേക്ക് എത്തിച്ചതിന് തുടക്കം കുറിച്ച ഡോ. അരുണ, ഡോ. ജോജി, ഡോ. ശ്രീരാജ്, ഇപ്പോഴും ഡിപ്പാർട്ട്മെന്റിന്റെ ഹെഡ് ആയി തുടരുന്ന ഡോ. സദാശിവൻ എന്നിവരോട് ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ നന്ദി പ്രകടിപ്പിക്കേണ്ടത് തീർച്ചയായും എന്റെ കർത്തവ്യമാണ്. അത്യധികം കാര്യക്ഷമതയോടും ആത്മാർഥതയോടും കൂടി പ്രവർത്തിക്കുന്ന ഈ ഡിപ്പാർട്ട്മെന്റിലെ എല്ലാവർക്കും നന്ദിപറയാനായി ഞാൻ ഈ അവസരം വിനിയോഗിക്കുകയാണ്.

അടുത്തതായി നന്ദി പ്രകാശിപ്പിക്കേണ്ട ചില പ്രമുഖ വ്യക്തിത്വങ്ങളുണ്ട്. അതിൽ എടുത്തുപറയേണ്ടത് ഡോ. ഗംഗാധരൻ സാറാണ്. ആദ്യകാലത്ത്, എല്ലാവരും സംശയത്തോടെ എന്നെ നോക്കിയിരുന്ന കാലത്ത് എന്നെ സപ്പോർട്ട് ചെയ്ത് ഉയർത്തിക്കൊണ്ടുവന്നത് സാറാണ്. സാറിന്റെ ആ സപ്പോർട്ട് ഇല്ലാതെ ഒരിക്കലും ഇപ്പോഴത്തെ അവസ്ഥയിലെത്താൻ എനിക്ക് കഴിയുമായിരുന്നില്ല.

കാൻസർ ഇൻസ്റ്റിട്യൂട്ടിന്റെ തുടക്കത്തിൽ എന്നോടൊപ്പം പ്രവർത്തിച്ച ഡോ. ജോസഫ് എഡിസൺ, ഡോ. സഞ്ജു, ഇപ്പോഴും എന്നോടൊപ്പം പ്രവർത്തിക്കുന്ന ജോസ് ടോം സർ, ഡോ. ജെന്നി, ഡോ. ജോണി, ഡോ. ജൂഡിത്, ഡോ. ഉണ്ണി, ഡോ. ബോബൻ, ഡോ. തോമസ് അതുപോലെ ആദ്യം മുതൽ ഒരു നിശ്ശബ്ദങ്കാളിയായി എന്നോടൊപ്പം ഉണ്ടായിരുന്ന ഡോ. മേരി കളപ്പുരക്കൽ, അവരുടെ ആശയങ്ങൾ പിന്തുടരുന്ന ഡോ. മനു ജോൺ, ഡോ. ഷാരോൺ എന്നിവരെയെല്ലാം സ്മരിക്കാതെ എന്റെ ഓർമകൾ ഒരിക്കലും പൂർണ്ണമാകുകയില്ല. പ്രത്യേകമായി ഇവിടെ എടുത്തുപറയാത്ത നിരവധി പേർ എന്നോടൊപ്പം സഹകരിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. അവർക്കൊരോരുത്തർക്കും ഞാൻ നന്ദി പ്രകാശിപ്പിച്ചുകൊള്ളട്ടെ.

ഞാൻ തിരിഞ്ഞുനോക്കുമ്പോൾ എന്റെ ഏറ്റവും വലിയ സമ്പത്ത് കാൻസർ സർജറിക്ക്ക്കുശേഷം ജീവിതം തിരികെപ്പിടിച്ച് സാധാരണ ജീവിതം നയിക്കുന്ന അനേകായിരങ്ങളാണ്. ഒരുപക്ഷേ അവരാണ് എന്റെ ബ്രാൻഡ് അംബാസിഡർമാർ! പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാനാവാത്ത അവസ്ഥയിൽ എത്തിയിരുന്ന രോഗികൾ മരണമടഞ്ഞിട്ടുണ്ട്. അവർക്കുവേണ്ടിയും ഞാൻ പ്രാർഥനകൾ അർപ്പിച്ചുകൊള്ളട്ടെ.

25 വർഷങ്ങൾക്കുമുമ്പ് എന്താണ് സർജിക്കൽ ഓങ്കോളജിയുടെ പ്രാധാന്യം എന്ന് നല്ലൊരു ശതമാനം ഡോക്ടർമാർക്കുപോലും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ സർജിക്കൽ ഓങ്കോളജിയുടെ പ്രസക്തിയെക്കുറിച്ച് സംശയങ്ങൾ ഒരുപാടുണ്ടായിരുന്നു. അത്തരം സന്ദർഭങ്ങളിൽ രോഗികളെ ബോധവൽക്കരിക്കുകയും അവരെ എന്റെ അടുത്തേക്ക് റഫർ ചെയ്യുകയും ചെയ്ത മെഡിക്കൽ കോളേജിലെ പ്രൊഫസറായിരുന്ന ഡോ. കുട്ടപ്പൻ സാറിന് ഞാൻ നന്ദിപറയുന്നു. അതുപോലെ അന്നും ഇപ്പോഴും എന്നോടൊപ്പമുള്ള ജോസ് ടോം സാർ, ദിവംഗതനായ റേഡിയേഷൻ ഓങ്കോളജി പ്രൊഫസർ ഡോ. മഹാദേവൻ എന്നിവരുടെ പിന്തുണയും എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കുകയില്ല. സർജിക്കൽ ഓങ്കോളജി എന്ന സ്പെഷ്യാലിറ്റി മേഖലയെ കോട്ടയത്ത് മാത്രമല്ല, കേരളം മുഴുവൻ വളർത്തിയെടുത്തതിൽ ഇവരുടെ പങ്ക് നിസ്തുലമാണ്.

വളരെ അനായാസകരമായ ഒരു യാത്രയായിരുന്നു ഇതെന്ന് ആരും വിചാരിക്കരുത്. കാലാകാലങ്ങളിൽ ഈഗോ മൂലം ഈയൊരു സ്പെഷ്യാലിറ്റി ആവശ്യമില്ലായെന്ന് പ്രചരിപ്പിക്കുകയും ഇതിനെതിരെ പല രീതിയിലും തെറ്റിധാരണാജനകമായ വിമർശനങ്ങൾ അഴിച്ചുവിടുകയും വ്യക്തിപരമായി എന്നെ തകർക്കാൻ ശ്രമിക്കുകയും ചെയ്തവരുമുണ്ട്. വാസ്തവത്തിൽ അത്തരമുള്ള സമീപനങ്ങൾ ഈ സ്പെഷ്യാലിറ്റിയെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള എന്റെ പരിശ്രമങ്ങൾക്ക് കൂടുതൽ കരുത്ത് പകരുകയാണ് ചെയ്തത്. അതുപോലെ ഒരു സർജിക്കൽ ഓങ്കോളജിസ്റ്റ് ആണ് കാൻസർ സർജറി ചെയ്യേണ്ടത് എന്ന യാഥാർഥ്യം ജനങ്ങളിലേക്ക് എത്തിക്കാനും എനിക്ക് ഇതുമൂലം സാധ്യമായി. കൂടാതെ, അന്ന് റീജിയണൽ കാൻസർ സെന്ററിൽപോലും ഇല്ലാതിരുന്ന M.Ch ക്വാളിഫൈഡ് ആയ കാൻസർ സർജന്മാർ ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഉണ്ടാകാനുള്ള ഒരു കാരണമായി മാറാനും എനിക്കു സാധിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു.

ചില വ്യക്തിപരമായ പദവികൾ നേടുന്നതിനുവേണ്ടി യൂദാസിനെപ്പോലെ പ്രവർത്തിച്ചവരെയും ഞാൻ ഈ അവസരത്തിൽ ഒട്ടും വിദ്വേഷമില്ലാതെ തന്നെ ഓർമിക്കുകയാണ്. അവരുടെ ഇത്തരം പ്രവർത്തനങ്ങളൊക്കെ എനിക്ക് ജീവിതത്തിൽ നന്മകളാണ് കൊണ്ടുവന്നത്. അതുകൊണ്ട് എന്നെ തകർക്കാൻ പിന്നിൽനിന്നു കുത്തിയവർക്കും കൂടി നന്ദിപറയാൻ ഞാൻ ഈ അവസരം വിനിയോഗിക്കുകയാണ്.

എന്റെ സന്തോഷങ്ങളിൽ മാത്രമല്ല, പ്രതിസന്ധികളിലും പരാജയങ്ങളിലും ഒപ്പം നിന്ന എന്റെ എല്ലാ നല്ലവരായ മെഡിക്കൽ & നോൺ മെഡിക്കൽ സുഹൃത്തുക്കളെയും നന്ദിയോടെ സ്നേഹത്തോടെ സ്മരിച്ചുകൊണ്ട് നിർത്തട്ടെ.

ഡോ. ജോജോ വി. ജോസഫ്
കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.