
‘ഒരിടം തരണേ’, ‘കണ്ണിമ ചിമ്മാതെ ക്രൂശിതനിലേക്ക്’, ‘നെഞ്ചില്‍ തറഞ്ഞ ക്രൂശിതമുഖം’, ‘ക്രൂശിതാ നിന്നെ എനിക്കെന്തൊരിഷ്ടം’ എന്നീ നോമ്പുകാല സ്റ്റാറ്റസ് വീഡിയോ ഗാനങ്ങള്‍ക്കു ശേഷം 2023 -ല്‍ ‘ക്രൂശിതകരങ്ങളാൽ താലോലം’ എന്ന അതിമനോഹര ഗാനവുമായി ലൈഫ് ഡേയും ഫാ. മാത്യൂസ് പയ്യപ്പിള്ളിയും. അനുദിനം ഈ സ്റ്റാറ്റസ് വീഡിയോ ലഭിക്കാന്‍ ലൈഫ് യുടെ വാട്സ് ആപ് ഗ്രൂപ്പില്‍ ചേരുക.
https://chat.whatsapp.com/GJZT3TnLmC53qqoItDRskr
2019 -ല്‍ ‘ഒരിടം തരണേ’, 2020 -ല്‍ ‘കണ്ണിമ ചിമ്മാതെ ക്രൂശിതനിലേക്ക്’, 2021 -ല്‍ ‘നെഞ്ചില്‍ തറഞ്ഞ ക്രൂശിതമുഖം’, 2022 -ൽ ‘ക്രൂശിതാ, നിന്നെ എനിക്കെന്തൊരിഷ്ടം’ എന്നീ പേരുകളിലുള്ള ആത്മീയവിരുന്നുകളാണ് ഫാ. മാത്യൂസ് പയ്യപ്പിള്ളിയും ലൈഫ് ഡേയും വായനക്കാർക്കായി ഒരുക്കിയത്. നോമ്പുകാലത്തിലെ ഓരോ ദിനവും ദൈവികചിന്തകളാൽ നിറയാനും ക്രൂശിതനിലേക്ക് സർവ്വം സമർപ്പിക്കാനും അന്യന്റെ വേദനകളെ ഏറ്റെടുക്കാനുമൊക്കെ പ്രേരിപ്പിക്കുന്ന ചിന്തകളും, ഉണർവ്വും സാന്ത്വനവും പകരുന്ന സംഗീതവും ചേര്‍ത്തിണക്കിയ ആ വിരുന്നുകള്‍ ഏറെ ആസ്വാദ്യവും ആശ്വാസവുമായിരുന്നു എന്ന് അനേകർ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു.
അവയുടെ തുടർച്ചയായി ഈ വർഷം അമ്പതുനോമ്പിന് ‘ക്രൂശിതകരങ്ങളാൽ താലോലം’ എന്ന വിരുന്നാണ് ലൈഫ് ഡേ ഒരുക്കിയിരിക്കുന്നത്. പതിവുപോലെ, ഉള്ളിൽ തൊടുന്ന ആത്മീയചിന്തകളും ഹൃദയസ്പര്‍ശിയായ ഈരടികളും ചേര്‍ത്തിണക്കിയ ഈ വിരുന്ന് വായനക്കാർക്കായി തയ്യാറാക്കുന്നത് തുടര്‍ച്ചയായി നാലാം വര്‍ഷവും ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസ് ആണ്.
‘ക്രൂശിതാ, നിന്നിലേക്ക് എപ്പോഴും നോക്കിയിരിക്കാൻ കൃപ തരണേ’ എന്ന ആശയമാണ് ഈ ഗാനത്തിലുള്ളത്. പ്രയാസങ്ങളും ദുഃഖങ്ങളും വരുമ്പോൾ ക്രൂശിതനിലേക്കു നോക്കി ആശ്വാസം കണ്ടെത്താനുള്ള അനുഗ്രഹം! അതുമായി ബന്ധപ്പെട്ടാണ് ഈ പാട്ടിന്റെ വരികൾ. ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഫാ. മാത്യൂസ് പയ്യപ്പിള്ളിതന്നെയാണ്. ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് റോസീന പീറ്റിയാണ്.
‘ക്രൂശിതകരങ്ങളാൽ താലോലം’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് എവുജിൻ എമ്മാനുവേൽ ആണ്. ചലച്ചിത്ര പിന്നണിഗാന രംഗത്തും നിരവധി സ്റ്റേജ് ഷോകളിലും സജീവസാന്നിധ്യമാണ് ഇപ്പോൾ എവുജിൻ. പള്ളിയിലെ ക്വയറിലൂടെ വളർന്ന് ഗാനരംഗത്ത് ചുവടുറപ്പിച്ച ആളാണ് നെയ്യാറ്റിൻകര രൂപതാംഗമായ ഈ യുവഗായകൻ.
ഈ സ്റ്റാറ്റസ് വീഡിയോയുടെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ഫാ. ബിബിൻ ഏഴുപ്ലാക്കൽ എംസിബിഎസ് ആണ്. ‘കടലാസ് അച്ചൻ’ എന്ന പേരിൽ അറിയപ്പെടുന്ന ബിബിനച്ചന്‍ നിരവധി എഴുത്തുകളും വീഡിയോകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പ്രായശ്ചിത്ത പ്രവൃത്തികളുടേയും ഈ കാലയലവില്‍ ഈ ഗാനം നമ്മെ ആത്മീയമായി ഏറെ വളര്‍ത്തും എന്നത് തീര്‍ച്ചയാണ്. ദൈവകരുണയാല്‍ നവീകരിക്കപ്പെടുന്നതിനും ദൈവകരുണയുടെ നേര്സാക്ഷ്യങ്ങളാകാനും ഈ ഗാനം ഏവരെയും സഹായിക്കുകയും ചെയ്യും.
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ