

ലെയോ പതിമൂന്നാമൻ മാർപാപ്പാ പരിശുദ്ധ മറിയത്തെ വിളിക്കുന്നത് ‘Agustissimae Virginis Mariae’ മഹാപ്രതാപവതിയായ കന്യകാമറിയം എന്നാണ്. മനുഷ്യാവതാരംചെയ്‌ത വചനത്തിൻ്റെ അമ്മയായി ദൈവം അവളെ അനാദിമുതലേ നിശ്ചയിച്ചു എന്നതുകൊണ്ടാണ് അവൾ മഹാപ്രതാപവതിയാകുന്നത്. ആദി മാതാപിതാക്കൾ പാപത്തിൽ വീണപ്പോൾ, തങ്ങളുടെ പിൻതലമുറയെ അതേ നാശത്തിൽപ്പെടുത്തിയപ്പോൾ, പരിശുദ്ധ അമ്മയെ സമാധാനത്തിൻ്റെയും രക്ഷയുടെയും അച്ചാരമായി സ്ഥാപിച്ചു. അപ്പോഴൊക്കെ പരിശുദ്ധ മറിയത്തിന്റെ മഹാ പ്രതാപമാണല്ലോ സൂചിപ്പിക്കുന്നത്.
തന്റെ ഏറ്റവും സുന്ദരമായ സൃഷ്‌ടികളിൽ ഒന്നായി ദൈവം അവളെ പ്രതിഷ്ഠിച്ചു. അതിനാൽ തിരുവചനം അവളെപ്പറ്റി പറയുന്നു: ‘ഞാൻ അത്യുന്നതൻ്റെ അധരങ്ങളിൽ നിന്നു പുറത്തു വന്നു, എല്ലാ സൃഷ്‌ടികളെക്കാളും മുമ്പേ ജനിച്ചു’. പ്രകൃതി, കൃപ, മഹത്ത്വം എന്നീ മൂന്നു കാരണങ്ങൾക്കൊണ്ടാണ് അവൾ അതിവിശിഷ്‌ടയായത്.
ദൈവത്തിന്റെ ഏകജാതൻ ഏറ്റവും പരിശുദ്ധയായ തന്റെ അമ്മയെ ബഹുമാനിച്ചതിന്റെ സംശയാതീതമായ തെളിവുകളുണ്ട്. അവിടത്തെ ഭൗമിക ജീവിതത്തിൽ തൻറെ ആദ്യത്തെ രണ്ട് അദ്ഭുതകൃത്യങ്ങളിൽ ഈശോ അവളെ തന്നോടു ബന്ധിപ്പിച്ചു. ഒന്നാമത്തേത്, കൃപാവര സംബന്ധമായ അദ്ഭുതകൃത്യമാണ്. മറിയം എലിസബത്തിനെ അഭിവാദനം ചെയ്‌തപ്പോൾ എലിസബത്തിൻ്റെ ഉദരത്തിലുള്ള ശിശു കുതിച്ചുചാടി. രണ്ടാമത്തേത്, പ്രകൃതിയുടെ മണ്‌ഡലത്തിലുള്ളതാണ്. കാനായിലെ കല്യാണവിരുന്നിൽ അവിടുന്ന് വെള്ളം വീഞ്ഞാക്കിയപ്പോൾ മറിയം അവിടെ ഉണ്ടായിരുന്നു. മൂന്നാമതായി, തന്റെ പരസ്യജീവിതത്തിന്റെ പരമോന്നത നിമിഷത്തിൽ, തന്റെ മഹത്വം വെളിപ്പെടുത്തുന്ന – തന്റെ അമൂല്യരക്തം കൊണ്ട് പുതിയ ഉടമ്പടിക്കു മുദ്ര വച്ചപ്പോൾ – ‘ഇതാ നിന്റെ അമ്മ’ (യോഹ 19:27) എന്ന മാധുര്യമുള്ള വചസ്സുകൾകൊണ്ട് അവളെ തന്റെ പ്രിയശിഷ്യന്, ലോകത്തിന് ഏല്‌പിച്ചു കൊടുത്തു.
എളിമനിറഞ്ഞ പരിശുദ്ധ കന്യകാമറിയത്തെ മഹാപ്രതാപവതിയാക്കി പരിശുദ്ധത്രിത്വം മാറ്റുന്നു. ദൈവപുത്രൻ്റെ മനുഷ്യവതാരത്തോട് ‘ആമ്മേൻ’ പറഞ്ഞതുവഴി മറിയം സ്വർഗ്ഗത്തിലും ഭൂമിയിലും പ്രതാപവതിയായി തീർന്നു. ആ അമ്മയുടെ പക്കൽ നമുക്കും അഭയം ഗമിക്കാം
സി. റെറ്റി ജോസ് FCC